മസ്ജിദ് കൈയേറ്റങ്ങളും ഹിന്ദുത്വയുടെ ചരിത്രാഖ്യാനങ്ങളും
ഉത്തർ പ്രദേശിലെ ഫൈസാബാദ് ജില്ലയിലെ അയോധ്യയിൽ സി.ഇ 1528 മുതൽ നാലര പതിറ്റാണ്ട് മുസ്‌ലിംകൾ നമസ്കാരം നിർവഹിച്ചിരുന്ന ബാബരി മസ്ജിദ് പൊളിച്ച്, തൽസ്ഥാനത്ത് രാമക്ഷേത്രം നിർമിച്ച് അതിൽ പ്രാണപ്രതിഷ്ഠ നടത്തുകയുണ്ടായി. വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ മേലുള്ള ഹിന്ദുത്വ അവകാശവാദങ്ങളും നിയമ പോരാട്ടങ്ങളും നടക്കുന്നതിനിടയിലാണ് മസ്ജിദിലെ ഭൂഗർഭ അറകളിലൊന്നിൽ പൂജ അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് വന്നത്. മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും കൈയേറ്റ ശ്രമങ്ങളും നിയമപോരാട്ടങ്ങളും വേറൊരു ഭാഗത്ത് സജീവമായി നടക്കുന്നുണ്ട്. ഇത്തരം ചരിത്ര സ്മാരകങ്ങളെ കുറിച്ച സംഘ് പരിവാറിന്റെ വാദങ്ങളും ആക്രോശങ്ങളും, അതേ തുടർന്ന് നടക്കുന്ന കൈയേറ്റങ്ങളും കേവലം രണ്ടോ മൂന്നോ മസ്ജിദുകളിൽ മാത്രം പരിമിതമായ ഒന്നല്ല. ഇന്ത്യാ ചരിത്രത്തെ കുറിച്ച ഹിന്ദുത്വ വീക്ഷണങ്ങളും, ചരിത്രത്തെയും ഐതിഹ്യങ്ങളെയും സമകാലികതയിലേക്കുള്ള ഇന്ധനമായി പരിവർത്തിപ്പിക്കാനുള്ള അവരുടെ സാമർഥ്യവും അതിന് മതിയായ തെളിവാണ്. അതോടൊപ്പം, ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പുകളിലൂടെയോ അഡ്ജസ്റ്റ്മെന്റുകളിലൂടെയോ പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത് എന്നുകൂടി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. മുകളിൽ പരാമർശിച്ച മൂന്ന് മസ്ജിദുകളുടെ ചരിത്രവും വർത്തമാനവും അതിന് സാക്ഷിയാണ്.
ഹിന്ദുത്വയുടെ ചരിത്രവീക്ഷണം
ഇന്ത്യാ ചരിത്രത്തെ കുറിച്ച ഹിന്ദുത്വ വീക്ഷണങ്ങൾ രൂപപ്പെടുന്നത് രണ്ട് സുപ്രധാന അടിസ്ഥാനങ്ങളിലാണ്: മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒഴികെയുള്ള എല്ലാ ഇന്ത്യക്കാരും സാംസ്കാരികവും ചരിത്രപരവുമായ ഒരു പൊതു പൈതൃകം ഉള്ളവരാണെന്നും, വേദകാലം വരെ വ്യാപിച്ചുകിടക്കുന്ന ഹിന്ദു സംസ്കാരത്തിന്റെ 'സുവർണ കാലഘട്ട'ത്തിലെ ഇവിടത്തെ യഥാർഥ നിവാസികളായ ആര്യന്മാരുടെ പിൻമുറക്കാരാണ് അവരെന്നുമുള്ള ചരിത്രാഖ്യാനമാണ് അതിലൊന്ന്. പിന്നീട് ഇവിടേക്ക് അതിക്രമത്തിലൂടെ പുറത്തുനിന്ന് കടന്നുവന്ന മുസ്‌ലിംകൾ മേൽ പറഞ്ഞ തദ്ദേശീയരെ ആക്രമിക്കുകയും കാലങ്ങളായി ഇവിടെ നിലനിന്നിരുന്ന ആ മഹത്തായ നാഗരികതയെ തകർക്കുകയും 'ഇരുണ്ട യുഗ'ത്തിന് തുടക്കം കുറിക്കുകയും ചെയ്തു എന്നതാണ് രണ്ടാമത്തെ അടിസ്ഥാനം. ഈ രണ്ട് അടിത്തറകളിലാണ് ഇന്ത്യാ ചരിത്രത്തെ കുറിച്ച ഹിന്ദുത്വ വീക്ഷണം അതിന്റെ കാലുകൾ ഉറപ്പിച്ചിരിക്കുന്നത്. മസ്ജിദുകൾക്ക് മേലുള്ള കൈയേറ്റങ്ങൾ ഉൾപ്പെടെയുള്ള സകല അതിക്രമങ്ങളും ഈ വീക്ഷണത്തിന്റെ സമർഥമായ പ്രയോഗവൽക്കരണങ്ങളാണ്. ഹിന്ദുത്വ സൈദ്ധാന്തികർ പല സന്ദർഭങ്ങളിലായി രചിച്ച പുസ്തകങ്ങളും ചരിത്രാഖ്യാനങ്ങളും ഇക്കാര്യം അടിവരയിടുന്നുണ്ട്.
ആർ.എസ്.എസ് സൈദ്ധാന്തികനായ എം.എസ് ഗോൾവാൾക്കറിന്റെ 1939-ൽ പ്രസിദ്ധീകൃതമായ 'We and Our Nationhood Defined' എന്ന പുസ്തകം യഥാർഥ ഇന്ത്യക്കാരായ ആര്യന്മാരെ കുറിച്ചും, പൊതുവായ ചരിത്ര-സാംസ്കാരിക പൈതൃക പാരമ്പര്യമുള്ള അവരുടെ പിന്മുറക്കാരെ കുറിച്ചും, വൈദേശിക അധിനിവേശത്തിന് മുമ്പുള്ള സുവർണ കാലത്തെ കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മുസ്‌ലിംകളും യൂറോപ്യന്മാരുമായ അവരല്ലാത്തവരെ, അപരിചിതരും (Strangers) പുറത്തുനിന്ന് വന്നവരും (Foreigners) ആയാണ് ഗോൾവാൾക്കർ പരിചയപ്പെടുത്തുന്നത്. കാലങ്ങളായി ഇവിടെ നിലനിന്നിരുന്ന സുവർണ കാലഘട്ടത്തെ തകർത്ത മുസ്‌ലിം അധിനിവേശത്തെ കുറിച്ചും അതിനെ തുടർന്നുണ്ടായ 'ഇരുണ്ട കാല'ത്തെ കുറിച്ചുമുള്ള നിരവധി രചനകൾ ഹിന്ദുത്വ സൈദ്ധാന്തികരുടേതായിട്ടുണ്ട്. ഇന്ത്യാ ചരിത്രത്തിലെ മധ്യ കാലഘട്ടത്തെ വക്രീകരിക്കുകയും, മുഗൾ ഭരണത്തെയും ഭരണാധികാരികളെയും പൈശാചികവൽക്കരിക്കുകയും ചെയ്യുന്ന ഉദ്യമങ്ങളാണ് അതിലധികവും. ഹിന്ദുത്വ സൈദ്ധാന്തികൻ വി.ഡി സവർക്കറാണ് ഇതിൽ പ്രഥമ സ്ഥാനീയനായ ഒരാൾ. മധ്യകാലഘട്ടത്തിലെ മുസ്‌ലിം ഭരണം വിശകലനം ചെയ്യുന്ന 'ഇന്ത്യാ ചരിത്രത്തിലെ ആറ് മഹത്തായ യുഗങ്ങൾ' (Six Glorious Epochs of Indian History) എന്ന രചന ഇതിന്റെ മികച്ച ഉദാഹരണമാണ്. മുസ്‌ലിം അധിനിവേശകർ തദ്ദേശീയരായ സ്തീകളോടുൾപ്പെടെ ചെയ്ത ക്രൂരതകളും പ്രാദേശിക ഹിന്ദുക്കൾ നടത്തിയ ചെറുത്തുനിൽപ്പുകളും യാതൊരു വിധ തെളിവുകളും നൽകാതെ എഴുതി നിറച്ചിട്ടുണ്ട് സവർക്കർ ഈ രചനയിൽ.
ഈ മാതൃക അതേപടി പിന്തുടർന്ന് മധ്യ കാലഘട്ടത്തിലെ മുസ്‌ലിം ഭരണത്തെ ബോധപൂർവം പൈശാചികവൽക്കരിക്കുന്ന നിരവധി ഉദ്യമങ്ങൾ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷവും ഹിന്ദുത്വ പക്ഷത്തു നിന്ന് ധാരാളമായി ഉണ്ടായിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റിന്റെ കീഴിലുള്ള ഭാരതീയ വിദ്യാഭവന്റെ പിന്തുണയോടെ 'ഇന്ത്യൻ ജനതയുടെ ചരിത്രവും സംസ്കാരവും' (History and Culture of Indian People) എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട സമാഹാരം ഇതിൽ പ്രധാനമാണ്. ചരിത്രകാരൻ ആർ.സി മജുംദാറിന്റെ മേൽനോട്ടത്തിൽ പതിനൊന്ന് വാള്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട ഈ സമാഹാരം, മധ്യ കാലഘട്ടത്തെ സവിശേഷമായ ഒരു വീക്ഷണകോണിലൂടെയാണ് നോക്കിക്കാണുന്നത്. ക്രൂരവും ഭയാനകവുമായ മുസ്‌ലിം ഭരണകാലത്തെ കുറിച്ച ആഖ്യാനങ്ങളാൽ നിറഞ്ഞ ഈ സമാഹാരം, 'മ്ലേഛന്മാരി'ൽ നിന്ന് രാജ്യത്തെ ശുദ്ധീകരിക്കാനും നഷ്ടപ്പെട്ട 'സുവർണ കാല'ത്തെ തിരിച്ചുപിടിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. ഹിന്ദുത്വ ചരിത്ര വീക്ഷണത്തിലൂടെ മധ്യ കാലഘട്ടത്തെ പൈശാചികവൽക്കരിക്കുന്നതിൽ സവിശേഷ പരാമർശമർഹിക്കുന്ന മറ്റൊരാൾ വാജ്പേയി സർക്കാറിന്റെ കാലത്ത് ഐ.സി.എച്ച്.ആർ (Indian Council for Historical Research) ചെയർമാനായിരുന്ന കിഷോരി ശരൺ ലാൽ ആണ്. ദൽഹി സുൽത്താനേറ്റ്, മുഗൾ രാജവംശം തുടങ്ങിയ കാലഘട്ടങ്ങളെ ഹിന്ദു വംശഹത്യ, ബലാത്സംഗം, ക്ഷേത്ര വിഭവങ്ങളുടെ കൊള്ള, നിർബന്ധിത മത പരിവർത്തനം, കുത്തഴിഞ്ഞ ആഡംബര ജീവിതം പോലുള്ള പൈശാചികതയുടെ കാലമായാണ് ഇയാൾ അവതരിപ്പിക്കുന്നത്. കെ.എസ് ലാൽ രചിച്ച Growth of Muslim Population in Medieval India (1973), The Mughal Harem (1993), The Legacy of Muslim Rule in India (1993) തുടങ്ങിയ പുസ്തകങ്ങളിലും അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങൾ ധാരാളമുണ്ട്. ഈ വിധം ഇന്ത്യാ ചരിത്രത്തെ സമീപിക്കുന്ന വേറെയും നിരവധി രചനകളെ 'മോദി ഇന്ത്യ'യെ കുറിച്ച തന്റെ പുസ്തകത്തിൽ ക്രിസ്റ്റോഫ് ജഫ്രെലോട്ട് പരിചയപ്പെടുത്തുന്നുണ്ട്.
2014-ൽ മോദി ഗവണ്‍മെന്റ് അധികാരത്തിൽ വന്നതിന് ശേഷം ഐ.സി.എച്ച്.ആർ (Indian Council for Historical Research) ചെയർമാനായി നിയമിതനായ വൈ. സുദർശൻ റാവുവിനെ കുറിച്ച ക്രിസ്റ്റോഫ് ജഫ്രെലോട്ടിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. ചരിത്രത്തെയും (History) ഐതിഹ്യത്തെയും (Mythology) ഒന്നായി മനസ്സിലാക്കുന്ന ഇയാൾ, ചരിത്ര ഗവേഷണങ്ങൾ ഇതിഹാസങ്ങളിൽ പരാമർശിക്കപ്പെട്ട സംഭവങ്ങളുടെ പ്രദേശങ്ങൾ കണ്ടെത്തുന്നതിൽ ശ്രദ്ധചെലുത്തണമെന്ന് വിശ്വസിക്കുന്നു.
ഒത്തുതീർപ്പുകൾ പരിഹാരമല്ല
സമകാലിക ഇന്ത്യയിൽ മസ്ജിദുകൾക്ക് നേരെയുള്ള സംഘ് പരിവാർ ശക്തികളുടെ കൈയേറ്റങ്ങളിൽ ഇന്ത്യാ ചരിത്രത്തെ കുറിച്ച ഹിന്ദുത്വ വീക്ഷണങ്ങളുടെ ആശയപരമായ വേരുകളുണ്ട്. ബാബരി, ഗ്യാൻവാപി, മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദുകളുമായി ബന്ധപ്പെട്ട ഹിന്ദുത്വ അവകാശവാദങ്ങളും അതിന്റെ നാൾവഴികളും അനിഷേധ്യമായ ഈ വസ്തുതയെ അടിവരയിടുന്നു. ഈ മൂന്ന് മസ്ജിദുകളുടെയും നിർമാണ ചരിത്രത്തെ സംബന്ധിച്ച് ഹിന്ദുത്വ ശക്തികൾ ഉയർത്തുന്ന വാദങ്ങൾ നോക്കുക. ബാബരി മസ്ജിദിന്റെ കാര്യത്തിൽ മുഗൾ ഭരണാധികാരിയായ ബാബറോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ കമാൻഡറായ മീർ ബാഖിയോ ആണ് ക്ഷേത്രം തകർത്ത് പള്ളി പണിഞ്ഞത് എന്നാണ് ഹിന്ദുത്വ വാദം. മറ്റു രണ്ട് പള്ളികളുടെയും കാര്യത്തിൽ മറ്റൊരു മുഗൾ ഭരണാധികാരിയായ ഔറംഗസീബ് ആണ് ക്ഷേത്രം തകർത്ത് പള്ളി പണിതു എന്ന് ആരോപിക്കപ്പെടുന്നത്. റൊമില ഥാപ്പർ ചൂണ്ടിക്കാണിക്കുന്നതു പോലെ രാഷ്ട്രീയ മേധാവിത്വം, സാമ്പത്തിക നേട്ടങ്ങൾ തുടങ്ങി പല കാരണങ്ങളാൽ നിരവധി ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ഇന്ത്യാ ചരിത്രത്തിൽ ഹിന്ദു രാജാക്കന്മാരാൽ തന്നെ തകർക്കപ്പെട്ടിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ, മസ്ജിദുകൾക്കു മേലുള്ള യാതൊരടിസ്ഥാനവുമില്ലാത്ത അവകാശവാദങ്ങളിൽ മുസ്ലിം ഭരണാധികാരികൾ പ്രതികളാകുന്നത് യാദൃഛികമല്ല. കേരളത്തിലെ തകർക്കപ്പെട്ട ക്ഷേത്രങ്ങളെ കുറിച്ച സംഘ് പരിവാർ ആഖ്യാനങ്ങളിൽ ടിപ്പു സുൽത്താനും ഹൈദറും പ്രതികളാവുന്നതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല.
വിവിധ ചരിത്ര നിർമിതികൾക്കും മസ്ജിദുകൾക്കും മേൽ ഹിന്ദുത്വ ശക്തികൾ ഉയർത്തുന്ന അവകാശവാദങ്ങളും തുടർന്നുണ്ടാവുന്ന കൈയേറ്റങ്ങളും ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പുകളോ താൽക്കാലിക വിട്ടുവീഴ്ചകളോ കൊണ്ട് ആത്യന്തികമായി പരിഹരിക്കാൻ കഴിയുന്ന പ്രശ്നമല്ല. സവിശേഷമായ ഏതെങ്കിലും നിർമിതിയോടുള്ള താൽപര്യം എന്നതിനപ്പുറം വിശാലമായ ഒരു ആശയ പരിസരത്തുനിന്ന് രൂപപ്പെടുന്ന ആസൂത്രിത പദ്ധതികളാണത് എന്നതാണ് ഒന്നാമത്തെ കാരണം. മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദുമായി ബന്ധപ്പെട്ട് 1968-ൽ രൂപപ്പെട്ട ഒത്തുതീർപ്പ് ഇതിൽ സവിശേഷ പരാമർശമർഹിക്കുന്നുണ്ട്. ഷാഹി ഈദ് ഗാഹ് മസ്ജിദുമായി ബന്ധപ്പെട്ട ഹിന്ദുത്വ അവകാശവാദങ്ങൾ മഥുരയിലെ സമാധാനാന്തരീക്ഷത്തെ ബാധിച്ചുതുടങ്ങിയപ്പോഴാണ് പ്രദേശത്തെ ഹിന്ദു-മുസ്‌ലിം പ്രതിനിധികൾ ചർച്ചകൾ നടത്തുകയും മസ്ജിദുമായി ബന്ധപ്പെട്ട അവകാശവാദങ്ങളിൽ ഒത്തുതീർപ്പിലെത്തുകയും ചെയ്തത്. മസ്ജിദ് ട്രസ്റ്റും ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാസംഘവും 1968-ൽ രൂപം നൽകിയ ഈ ഒത്തുതീർപ്പ് പ്രകാരം മസ്ജിദ് ട്രസ്റ്റിന്റെ കൈവശമുണ്ടായിരുന്ന ഏകദേശം പകുതിയിലധികം ഭൂമിയാണ് അന്ന് ഹിന്ദു കക്ഷികൾക്ക് കൈമാറിയത്. ഈ ഭൂമിയിലാണ് മസ്ജിദിനോട് ചേർന്ന് നിൽക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം പണികഴിപ്പിച്ചത്. രണ്ട് പ്രാദേശിക കക്ഷികൾ തമ്മിലുള്ള കേവല ധാരണ എന്നതിനപ്പുറം, നിയമപരമായ സാധുതയുള്ള ഈ ഒത്തുതീർപ്പ് കരാർ നിലനിൽക്കുമ്പോൾ തന്നെയാണ് മസ്ജിദുമായി ബന്ധപ്പെട്ട നിലവിലെ കോലാഹലങ്ങളും നിയമനടപടികളും മുന്നോട്ടു പോവുന്നത്. അന്ന് ആ ഒത്തുതീർപ്പിൽ മുൻപന്തിയിൽ ഉണ്ടായിരുന്നവർ തന്നെയാണ് പിന്നീട് വി.എച്ച്.പി യുടെ നേതൃത്വത്തിൽ മസ്ജിദിന് മേൽ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്.
പലരും മുസ്‍ലിം സമുദായത്തെ ഉപദേശിക്കുന്നതു പോലെ കേവല ഒത്തുതീർപ്പുകൾ കൊണ്ടോ വിട്ടുകൊടുക്കലുകളിലൂടെയോ പരിഹരിക്കാവുന്നതിനപ്പുറം ആഴത്തിൽ വേരുകളുള്ള ആസൂത്രിതമായ ഒരു പദ്ധതിയുടെ ഭാഗമാണ് ആവർത്തിക്കപ്പെടുന്ന ഇത്തരം അതിക്രമങ്ങൾ. അത് കേവലം മസ്ജിദുകളിലോ, ഇന്ത്യയിലെ മസ്ജിദുകളിൽ മാത്രമോ പരിമിതമല്ല എന്നു കൂടി വ്യക്തമാക്കുന്നുണ്ട് ഹിന്ദുത്വ ചരിത്രകാരന്മാർ. 1977-ൽ സ്ഥാപിതമായ Institute for Rewriting Indian History എന്ന സ്ഥാപനത്തിന് കീഴിൽ പ്രസിദ്ധീകരിക്കപ്പെട്ട പല പുസ്തകങ്ങളും ഇത്തരം ആസൂത്രണങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. തുടക്ക കാലത്ത് സ്ഥാപനത്തിന്റെ അധ്യക്ഷനായിരുന്ന പി. എൻ ഓക്കിന്റെ Thajmahal is a temple Palace, Delhi's Redfort is Hindu Lalkot തുടങ്ങിയ പുസ്തകങ്ങൾ ഇന്ത്യയിലെ പല ചരിത്ര സ്മാരകങ്ങളെയുമാണ് ലക്ഷ്യമിടുന്നതെങ്കിൽ, Indian Kshathriyas Once Ruled from Bali to Baltic & Korea to Kaba എന്ന പുസ്തകം, മക്കയിലെ ദൈവിക ഭവനമായ കഅ്ബ വൈദിക കാലഘട്ടത്തിലെ ഒരു ശിവക്ഷേത്രമായിരുന്നു എന്ന ആരോപണം ഉന്നയിക്കുന്നുണ്ട്. യാതൊരടിസ്ഥാനവുമില്ലാത്ത ഇത്തരം ആരോപണങ്ങളും അവകാശവാദങ്ങളും പിൽക്കാലത്ത് ആധികാരിക ചരിത്രരേഖകളാക്കി മാറ്റുന്നതിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച ഇത്തരം സംവിധാനങ്ങൾ പ്രവർത്തിക്കുന്നതെങ്ങനെ എന്നതിന്റെ ചെറിയ ഉദാഹരണമാണിത്.
ആഗ്രയിലെ താജ്മഹലും ഹൈദരാബാദിലെ ചാർമിനാറും പോലെ സുപ്രധാനമായ ചരിത്ര സ്മാരകങ്ങൾ മുതൽ പല കാലങ്ങളിൽ നിർമിക്കപ്പെട്ട പ്രാദേശിക പ്രാധാന്യമുള്ള ദർഗകൾ വരെ നീളുന്നതാണ് ഹിന്ദുത്വ ശക്തികളുടെ പട്ടിക. വ്യത്യസ്ത ഹിന്ദുത്വ ഗ്രൂപ്പുകൾ താഴെ തലങ്ങളിൽ നടത്തുന്ന ഭീകരമായ അതിക്രമങ്ങളും ആക്രോശങ്ങളും ആ പദ്ധതിയുടെ പ്രയോഗ രൂപങ്ങളാണ്. സാധ്യമാവുന്ന നിയമപോരാട്ടങ്ങൾ നടത്തുന്നതോടൊപ്പം പ്രകടമായ ഇത്തരം അനീതികൾക്കെതിരെ തെരുവുകളെ പ്രക്ഷുബ്ധമാക്കുക മാത്രമാണ് പരിഹാരം. തെളിവുകളെല്ലാം ബാബരി മസ്ജിദിന് അനുകൂലമായിരുന്നിട്ടും, ഹിന്ദുത്വ അവകാശവാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അംഗീകരിച്ചിട്ടും തൽസ്ഥാനത്ത് രാമക്ഷേത്രം നിർമിക്കാൻ ഉത്തരവിടുന്ന കോടതിവിധികളുടെ കാലത്ത് പ്രക്ഷോഭങ്ങളുടെ തെരുവുകൾ വലിയൊരു സാധ്യതയാണ്. പൗരത്വ പ്രക്ഷോഭകാലം അതാണ് നമ്മെ ഓർമപ്പെടുത്തുന്നത്. l
Comments