Prabodhanm Weekly

Pages

Search

2024 മെയ് 03

3350

1445 ശവ്വാൽ 24

വിദ്വേഷ പ്രചാരണങ്ങളെ എന്തുകൊണ്ട് തടയുന്നില്ല?

എഡിറ്റർ

നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പോളിംഗ് വിശദാംശങ്ങള്‍ പുറത്തു വന്നപ്പോള്‍, 2019-നെ അപേക്ഷിച്ച് പോള്‍ ചെയ്ത വോട്ടുകള്‍ നാല് ശതമാനം കുറവാണ്. ഇത് ഏതൊക്കെ പാര്‍ട്ടികളെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ഭരണകക്ഷി പുറത്തെടുക്കുന്ന വിഭാഗീയ രാഷ്ട്രീയത്തോടുള്ള മടുപ്പാണ് പോളിംഗ് ശതമാനം കുറയാന്‍ കാരണമായതെന്ന വിലയിരുത്തലുണ്ട്. ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ഭരണകക്ഷിയായ ബി.ജെ.പി ഒരു സത്യം മനസ്സിലാക്കി.

തങ്ങള്‍ വീമ്പിളക്കിയതു പോലെ, എന്‍.ഡി.എ സഖ്യത്തിന് നാനൂറും അതിലധികവും സീറ്റുകള്‍ കിട്ടാന്‍ യാതൊരു സാധ്യതയുമില്ല. ഭരണവിരുദ്ധ വികാരം ശക്തമായി നിലനില്‍ക്കുന്നു. ദുസ്സഹമായ ജീവിത സാഹചര്യങ്ങളും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും ഭരണകക്ഷിക്ക് തിരിച്ചടിയാവും. പ്രതിപക്ഷം ഐക്യത്തോടെ നിന്നില്ലെങ്കില്‍ പോലും ജനം അവരെ പിന്തുണക്കുന്ന സാഹചര്യമുണ്ട്. ഇത് മറികടക്കാന്‍ സംഘ് പരിവാറിന്റെ കൈയില്‍ ഒരൊറ്റ ആയുധമേയുള്ളൂ- മുസ്്‌ലിംകള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണം. ഏത് നട്ടാല്‍ മുളക്കാത്ത നുണകളും അതിനു വേണ്ടി പുറത്തെടുക്കാം. തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ജലോറിലും ബൻസ് വാഡയിലും നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ അതിന്റെ ലക്ഷണമൊത്ത ഉദാഹരണങ്ങളാണ്. പറഞ്ഞതിലൊന്നും അശേഷം ഖേദമോ തിരുത്തോ ഇല്ലാതെ റാലികളില്‍ ആ നുണകള്‍ തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തെ ഇരുപത് കോടിയിലധികം വരുന്ന ഒരു ജനവിഭാഗത്തെയാണ് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തി 'നുഴഞ്ഞു കയറ്റക്കാര്‍'  എന്ന് വിശേഷിപ്പിച്ചത്. അവര്‍ പൗരന്മാരേ അല്ല എന്നര്‍ഥം. കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രികയില്‍നിന്നും യു.പി.എ സഖ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന്റെ പ്രസംഗത്തില്‍നിന്നും ചില വാക്യങ്ങള്‍ വാലും തലയും മുറിച്ചുമാറ്റി, 'കുട്ടികളെ കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യ സമ്പത്തിന്റെ ആദ്യ അവകാശം പതിച്ചുനല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ആരോപിക്കുന്നു. 2006 ഡിസംബര്‍ ഒമ്പതിന് 'സാമൂഹിക മുന്‍ഗണനകളെ'പ്പറ്റി മന്‍മോഹന്‍ സിംഗ് ചെയ്ത പ്രസംഗത്തില്‍, എസ്.സി, എസ്.ടി, ബി.സി, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയ വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പ്രത്യേക പദ്ധതികള്‍ ഉണ്ടാവണമെന്ന് ഉണര്‍ത്തിയിരുന്നു. ഇത് മുസ്്‌ലിംകള്‍ക്ക് മാത്രമുള്ള പദ്ധതിയായി ദുര്‍വ്യാഖ്യാനിക്കുകയാണ് സംഘ് പരിവാര്‍.

തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഭരണകക്ഷി എന്തടവും പുറത്തെടുക്കുമെന്ന് തന്നെയാണ് കരുതേണ്ടത്. ജമാഅത്തെ ഇസ്്‌ലാമി അഖിലേന്ത്യാ കൂടിയാലോചനാ സമിതി ചൂണ്ടിക്കാട്ടിയതു പോലെ, രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യം അതീവ ഗുരുതരമായ സ്ഥിതിവിശേഷങ്ങളിലൂടെ കടന്നുപോകുന്നതിന്റെ സൂചനകളാണിതെല്ലാം. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മത സ്വാതന്ത്ര്യം വളരെയേറെ ഇടുങ്ങിക്കൊണ്ടിരിക്കുന്നു. ഇതിന്റെയൊക്കെ സ്വാഭാവിക ഫലമാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് മുസ്്‌ലിംകള്‍ക്കെതിരെ നടന്നുവരുന്ന വെറുപ്പുല്‍പാദനവും അതിക്രമങ്ങളും. ഇതെല്ലാം ന്യൂനപക്ഷങ്ങളെ കടുത്ത അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നു. മോദി സര്‍ക്കാറിന്റെ പത്തു വര്‍ഷത്തെ ഭരണ പരാജയം മറച്ചുവെക്കാനാണ് വര്‍ഗീയതയെയും വിഭാഗീയതയെയും പ്രചാരണ വേദികളില്‍ മുഖ്യ വിഷയമാക്കുന്നത്. ഭരണഘടന പ്രകാരവും രാജ്യനിയമങ്ങള്‍ പ്രകാരവും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷനിലേക്ക് പരാതികളുടെ പ്രവാഹമുണ്ടായിട്ടും ഒരു നടപടിയും എടുക്കുന്നില്ല. തെരഞ്ഞെടുപ്പിന്റെ സുതാര്യതയെക്കുറിച്ചു തന്നെ സംശയങ്ങളുയര്‍ത്തുന്നുണ്ട് കമീഷന്റെ അനക്കമില്ലായ്മ. l

Comments