Prabodhanm Weekly

Pages

Search

2024 മെയ് 03

3350

1445 ശവ്വാൽ 24

ലോക ജനത  ഫലസ്ത്വീനൊപ്പമെന്ന് ആ സംഭവം തെളിയിച്ചു

എം.എ.എ കരീം എടവനക്കാട്

ടൂറിസ്റ്റ് കേന്ദ്രമായ ഫോർട്ട് കൊച്ചിയിൽ 2023 നവംബറിൽ ജമാഅത്തെ ഇസ് ലാമിയുടെ വിദ്യാർഥി വിഭാഗമായ എസ്.ഐ. ഒ സ്ഥാപിച്ച ഫലസ്ത്വീൻ ഐക്യദാർഢ്യ ബോർഡ് ആസ്ത്രേലിയൻ ജൂത വംശജ സാറ ഷിലൻസ്കി മൈക്കിൾ എന്ന യുവതിയും കൂട്ടുകാരിയും ചേർന്ന് തകർത്ത സംഭവം വലിയ വിവാദമാവുകയുണ്ടായി. നാട്ടുകാർ ഇടപെട്ട് തടയാൻ ശ്രമിച്ചെങ്കിലും യുവതി അവരോട് തട്ടിക്കയറുകയും രണ്ട് ബോർഡുകളും ഒരു കൂറ്റൻ ബാനറും പൂർണമായും നശിപ്പിക്കുകയുമായിരുന്നു. വിവരമറിഞ്ഞ എസ്.ഐ.ഒ  നേതൃത്വം ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി. പരാതി സ്വീകരിക്കാൻ പോലും തയാറാകാതെ പോലീസ് എസ്.ഐ.ഒ പ്രവർത്തകരെ തള്ളിമാറ്റുകയായിരുന്നു.  സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ കൂടുതൽ പ്രവർത്തകർ പോലീസ് സ്റ്റേഷനിലെത്തി.  പ്രതിഷേധം കനത്തപ്പോൾ പോലീസ് പരാതി സ്വീകരിക്കാൻ തയാറായി. അപ്പോഴും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലീസ് ഒരുക്കമായിരുന്നില്ല.  എഫ്.ഐ.ആർ ഇടേണ്ട ആവശ്യമില്ലെന്നും പ്രതി മാപ്പ് പറയാനും നഷ്ടപരിഹാരം നൽകാനും സന്നദ്ധയാണെന്നും അറിയിക്കുകയാണ് പോലീസ് ചെയ്തത്. മാപ്പും നഷ്ടപരിഹാരവും അല്ല വേണ്ടതെന്നും, രാജ്യത്ത് അക്രമം അഴിച്ചുവിടുന്നതിനും, ജൂത വംശജർ ഉൾപ്പെടെ അറുപതോളം മതവിഭാഗങ്ങൾ സൗഹാർദത്തോടെ ജീവിക്കുന്ന ചരിത്ര നഗരിയായ ഫോർട്ട് കൊച്ചിയിൽ കലാപം സൃഷ്ടിക്കുന്നതിനും ശ്രമിച്ച പ്രതിയെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന നിലപാടിൽ എസ്.ഐ.ഒ നേതൃത്വം ഉറച്ചുനിന്നു.

ഇതിന് സന്നദ്ധമാകാതിരുന്ന എസ്.എച്ച്.ഒയും സംഘവും ഓട്ടോറിക്ഷ വിളിച്ചുവരുത്തി പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പിന്നീട് നടത്തിയത്. പുറത്തുവന്ന പ്രതിയെയും ഓട്ടോറിക്ഷയെയും വലയം ചെയ്ത് എസ്.ഐ.ഒ പ്രവർത്തകർ മുദ്രാവാക്യം വിളിയോടെ പ്രതിഷേധം വീണ്ടും ശക്തമാക്കി. അതോടെ പ്രതിയെ വീണ്ടും സ്റ്റേഷനിലേക്ക് തന്നെ കയറ്റുകയായിരുന്നു പോലീസ്.
രാത്രി പത്ത് മണിയോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലീസ് സന്നദ്ധമായി.

എഫ്.ഐ.ആറിന്റെ കോപ്പി തങ്ങൾക്ക് ലഭിച്ചാൽ മാത്രമേ പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞു പോവുകയുള്ളൂ എന്ന് എസ്.ഐ.ഒ നേതൃത്വം എസ്എ.ച്ച്.ഒയെ അറിയിച്ചു. പതിനഞ്ചാം തീയതി രാവിലെ പത്ത് മണിയോടെ കസ്റ്റഡിയിൽ ലഭിച്ച പ്രതിക്കെതിരെ എഫ്.ഐ.ആർ തയാറാക്കി കഴിഞ്ഞപ്പോൾ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. എന്നാൽ, തങ്ങളുടെ കസ്റ്റഡിയിലുള്ള പ്രതിയുടെ പേര് ചേർക്കാതെ അൺനോൺ എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് എഫ്.ഐ.ആർ തയാറാക്കിയത്.

ഇതോടെ പ്രതിയുടെ പേര് ചേർത്ത എഫ്.ഐ.ആർ ലഭിക്കാതെ പിരിഞ്ഞു പോവുകയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധം വീണ്ടും ശക്തമാക്കി. രാത്രി 12 മണിക്ക് ശേഷവും കുട്ടികളും വനിതകളും കുടുംബസമേതം സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരുന്നു. ഇതോടെ കൂടുതൽ പോലീസ് വാഹനങ്ങളും പോലീസ് സന്നാഹങ്ങളും സ്റ്റേഷൻ പരിസരത്ത് എത്തിച്ചേർന്നു. പ്രതിഷേധത്തിന്റെ കാഠിന്യം അറിഞ്ഞ് സ്ഥലത്തെത്തിയ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമീഷണർ പ്രതിഷേധക്കാരുമായി സംസാരിക്കുകയും, തയാറാക്കിയ എഫ്.ഐ.ആർ തിരുത്താൻ നിയമപരമായി കഴിയില്ലെന്നും രാവിലെ മഹസർ തയാറാക്കുമ്പോൾ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തി മറ്റ് വകുപ്പുകൾ കൂടി ചേർത്ത് കേസ് ബലപ്പെടുത്തുകയും ചെയ്യാം എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അർധ രാത്രി രണ്ടു മണിയോടെ പ്രതിഷേധക്കാർ പിരിയുകയായിരുന്നു.

യൂനിവേഴ്സിറ്റി ഓഫ് ഹവായിയിൽ അസോസിയേറ്റ് പ്രഫസറായി സേവനമനുഷ്ഠിക്കുന്ന അമേരിക്കൻ സ്വദേശി നെഡ് ബെർഡ്സ് കഴിഞ്ഞ ഡിസംബറിൽ തന്റെ പഠന ഗവേഷണത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ എത്തിയപ്പോൾ ശ്രദ്ധയിൽപെട്ട എസ്.ഐ.ഒ സ്ഥാപിച്ച ഫലസ്ത്വീൻ ബോർഡിന്  ഐക്യദാർഢ്യം പ്രഖ്യാപിച്ചു തന്റെ ഫേസ്ബുക്കിൽ കമന്റോടു കൂടി ചിത്രം പോസ്റ്റ് ചെയ്തിരുന്നു.  ഈ ബോർഡ് യൂറോപ്യൻ ടൂറിസ്റ്റ് വനിതകൾ നശിപ്പിച്ച വിവരം  അറിഞ്ഞ ഉടനെ അദ്ദേഹം അതിൽ പ്രതിഷേധിച്ചു മറ്റൊരു പോസ്റ്റ് കൂടി ഇട്ടു.  ഇതിനകം തന്നെ അമേരിക്കൻ ചാനലുകളിലും, റഷ്യ ടുഡേ എന്ന റഷ്യൻ  ന്യൂസ് പേപ്പറിലും,  ആൾജിബ്ര, ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, കൂടാതെ  ഹിന്ദി ചാനലുകൾ തുടങ്ങിയ ദേശീയ - അന്തർദേശീയ  വാർത്താ  മാധ്യമങ്ങളിലും തുടർച്ചയായ വാർത്തകൾ വന്നതോടെ സംഭവം ലോക ശ്രദ്ധ പിടിച്ചുപറ്റി.

തകർക്കപ്പെട്ട ബോർഡുകളും ബാനറും എസ്.ഐ.ഒ ഉടൻ തന്നെ പുനഃസ്ഥാപപിച്ചു. കഴിഞ്ഞ ആറുമാസമായി ഇസ്രയേൽ ഫലസ്ത്വീന് എതിരെ നടത്തിവരുന്ന ആക്രമണത്തിൽ ലോകം ഫലസ്ത്വീൻ പക്ഷത്താണ് എന്ന് തെളിയിക്കുന്ന സംഭവവികാസങ്ങൾ കൂടിയാണ് ബോർഡ് നശിപ്പിച്ച വാർത്ത ദേശീയ - അന്തർദേശീയ മാധ്യമങ്ങളിലും ചാനലുകളിലും സോഷ്യൽ മീഡിയകളിലും വൈറലായതിൽനിന്നും ജനങ്ങളുടെ പ്രതികരണങ്ങളിൽനിന്നും മനസ്സിലാക്കാൻ കഴിയുന്നത്.

ഇന്ത്യയെ തകർക്കാൻ ആരെയും അനുവദിക്കരുത്

ലക്കം 46-ൽ പി.കെ നിയാസ്, എ. റശീദുദ്ദീൻ എന്നിവർ ഇന്ത്യൻ രാഷ്ട്രീയത്തെ അവലോകനം ചെയ്ത് എഴുതിയത് വായിച്ചു.  ഇന്ത്യയുടെ കഴിഞ്ഞ പത്തു വർഷത്തെ ചരിത്രം ഭയാനകമാണ്.  ഇന്ത്യയെ നാണം കെടുത്താനും നശിപ്പിക്കാനും സമ്മതിക്കില്ല എന്ന് ഉറക്കെ വിളിച്ചുപറയാൻ ഓരോ ഇന്ത്യക്കാരനും തയാറാകണം. ഓരോ വോട്ടും നീതിക്കു വേണ്ടി എന്നതായിരിക്കട്ടെ നമ്മുടെ  മുദ്രാവാക്യം. എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണെന്ന് ഈ തെരഞ്ഞെടുപ്പ് വേളയിൽ എല്ലാവരും ചേർന്ന് ഉറക്കെ വിളിച്ചു പറയണം.  ഉന്നത മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരാകണം നമ്മൾ. ക്ഷേത്രങ്ങളിലും പള്ളികളിലും സർവ മത സമ്മേളനങ്ങൾ നടക്കട്ടെ.. ഹിന്ദുവിന്റെ സന്തോഷത്തിലും ദുഃഖത്തിലും മുസ്ലിംകളും, മറിച്ചും പങ്ക് കൊള്ളുന്ന ചിത്രങ്ങൾ പ്രചരിക്കട്ടെ. ഇന്ത്യ വൈവിധ്യം നിറഞ്ഞതാണെന്ന സന്ദേശങ്ങളാൽ സോഷ്യൽ മീഡിയ നിറയട്ടെ.

ഓഫീസുകളിലും പൊതു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഹിന്ദുക്കളും മുസ്ലിംകളും സ്നേഹത്തോടെ, സഹകരണത്തോടെ ഇടപഴകുന്ന കാഴ്ചകൾ പത്രങ്ങളിൽ വാർത്തയാകട്ടെ. ഗൾഫ് നാടുകളിലെ മത സൗഹാർദത്തിന്റെയും സഹായ സഹകരണങ്ങളുടെയും ചെറുതും വലുതുമായ സംഭവങ്ങൾ വൈറൽ ആവട്ടെ. മനുഷ്യ സ്നേഹത്തിന്റെ പുതിയ ഗാഥകൾ രചിച്ച് സമൂഹം പാടിത്തിമർക്കട്ടെ.  സ്നേഹത്തിന്റെ കഥകളെഴുതി കലാകാരൻമാർ സിനിമയുണ്ടാക്കട്ടെ.

കേരളത്തിലെ പ്രഗത്ഭ സാഹിത്യകാരന്മാർ യു. ഡി. എഫ് വിജയിക്കണം എന്ന് പ്രസ്താവന നടത്തിയത് ഈ സമയത്ത് ഏറെ ശ്രദ്ധേയമായി. ഇല്ല, ഇന്ത്യയെ അങ്ങനെ തകർക്കാൻ ആരെയും സമ്മതിക്കരുത്.  മുന്നണികളിലെ കെണികളിൽ പെടാതെ സാധാരണ രാഷ്ട്രീയ പ്രവർത്തകർ ഏറ്റവും അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുന്ന വാർത്തകളും സന്തോഷം നൽകുന്നു.
ഉമർ മാറഞ്ചേരി

പി.കെ മുഹമ്മദലിയുടെ ജീവിതാനുഭവങ്ങൾ

രണ്ട് ലക്കങ്ങളിലായി (3348, 3349) വന്ന പി.കെ മുഹമ്മദലി അന്തമാന്റെ ജീവിതാനുഭവങ്ങൾ വായിച്ചു. എന്റെ  ബാല്യകാല സുഹൃത്തായ തലശ്ശേരിക്കാരൻ ഒരു അഹമദും (ഇദ്ദേഹം പരപ്പനങ്ങാടിയിലേക്ക് പിന്നീട് മാറുകയായിരുന്നു) കുടുംബവും കുറേ കാലം അന്തമാനിലുണ്ടായിരുന്നു. അദ്ദേഹത്തിന് മസ്കത്തിൽ സ്റ്റുഡിയോ ഉണ്ടായിരുന്നു. ഫീച്ചറിൽ പരാമർശിക്കപ്പെടുന്ന പലരും മസ്കത്തിൽ വന്നാൽ അഹമദിന്റെ സ്റ്റുഡിയോവിലാണുണ്ടാവുക. ഞാൻ ബന്ധുവും സുഹൃത്തുമായത് കാരണം സ്റ്റുഡിയോയിൽ നിത്യ സന്ദർശകനായിരുന്നു. ഇതിൽ പരാമർശിച്ച പലരേയും ഞാൻ നേരിൽ കാണുകയും ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. അഹമദ് മൂന്ന് കൊല്ലം മുമ്പ് മരണപ്പെട്ടു. അന്തമാനുമായി ഒരു വല്ലാത്ത ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഇതെല്ലാം കാരണം വളരെ താല്പര്യത്തോടെയാണ് ഫീച്ചർ വായിച്ചു തീർത്തത്. ഒരുപക്ഷേ, മുഹമ്മദലി സാഹിബിനും ഈ അഹമദിനെ അറിയാമായിരിക്കും.
മമ്മൂട്ടി കവിയൂർ

Comments