ശിക്ഷാ നിയമങ്ങൾ ഇസ്ലാമിന്റെ മാനവികത
വ്യക്തി, സമൂഹം തുടങ്ങിയ അമൂര്‍ത്ത സങ്കല്‍പങ്ങളെ ഇസ്‌ലാം നോക്കിക്കാണുന്നത് ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ വീക്ഷണങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ്. അത് അതിന്റെ ശിക്ഷാ നിയമങ്ങളിലും പ്രകടമാണ്. ജനിച്ചുവളര്‍ന്ന പ്രത്യേക ചുറ്റുപാടുകളുടെയും സാഹചര്യങ്ങളുടെയും സ്വാധീനവലയത്തില്‍നിന്ന് ഒരിക്കലും മോചിതനാകാന്‍ കഴിയാത്ത ഒരു കളിപ്പാവ മാത്രമായി മനുഷ്യനെ കാണുന്ന ഫ്രോയിഡിയന്‍ ചിന്താ രീതിയുമായി ഇസ്‌ലാം പൊരുത്തപ്പെടുന്നില്ല. സമൂഹത്തിലെ സാമ്പത്തിക മാറ്റങ്ങള്‍ മാത്രമാണ് വ്യക്തിയിലെ അഹംബോധത്തെയും മൂല്യങ്ങളെയുമെല്ലാം നിശ്ചയിക്കുന്നത് എന്ന മാര്‍ക്‌സിയന്‍ വീക്ഷണവും ഇസ്‌ലാമിന് അന്യമാണ്. സ്വതന്ത്രരായി ജനിച്ചവരെ സ്വതന്ത്രമായിത്തന്നെ ജീവിക്കാന്‍ അനുവദിക്കുന്നതിലൂടെയാണ് അവരുടെ വ്യക്തിത്വത്തിന്റെ പൂര്‍ണമായ പ്രകാശനം സാധ്യമാവുകയെന്ന മുതലാളിത്തത്തിന്റെയും അതിന്റെ ഉപോല്പന്നമായ ലിബറലിസത്തിന്റെയും കാഴ്ചപ്പാടിനെയും ഇസ്‌ലാം നിരാകരിക്കുന്നു.
സമ്പത്തും സാഹചര്യങ്ങളും ചുറ്റുപാടുകളുമെല്ലാം മനുഷ്യരുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുവെന്ന വസ്തുത ഇസ്‌ലാം അംഗീകരിക്കുന്നുവെങ്കിലും വ്യക്തിയെ സൃഷ്ടിക്കുന്നത് അതൊന്നുമല്ലെന്നാണ് ഇസ്ലാമിന്റെ നിലപാട്. വ്യക്തിയിലെ അഹംബോധത്തെ സൃഷ്ടിക്കുന്നതും, സാഹചര്യങ്ങള്‍ക്കൊത്ത് തന്റെ നിലപാട് എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും തീരുമാനിക്കാന്‍ അവനെ പര്യാപ്തനാക്കുന്നതും അവന്റെ സവിശേഷതയായ ആത്മാവാണ്; ദൈവദത്തമാണ് മനുഷ്യാത്മാവ്. നന്മയെയും തിന്മയെയും തെരഞ്ഞെടുക്കാൻ അവനെ പ്രാപ്തനാക്കുന്നത് അവനിൽ സവിശേഷമായ ഈ അസ്തിത്വമുള്ളതു കൊണ്ടാണ്.
വ്യക്തികളാണ് സമൂഹത്തെ സൃഷ്ടിക്കുന്നത്. വ്യക്തിയെ വിമലീകരിക്കുന്നത് ദൈവിക നിയമങ്ങളാണ്. ധാര്‍മിക നിയമങ്ങള്‍ അനുസരിക്കുന്ന വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന സമൂഹം സമാധാനപൂര്‍ണവും നന്മ ഉള്‍ക്കൊള്ളുന്നതുമായിരിക്കുമെന്ന് ഉറപ്പാണ്. ഈ നിയമങ്ങള്‍ സ്വമേധയാ അനുസരിക്കുകയാണ് വ്യക്തി ചെയ്യേണ്ടത്. അതുവഴി മാത്രമേ ആത്മസംസ്‌കരണം സാധ്യമാകൂ. എന്നാല്‍, ഏതൊരു സമൂഹത്തിലും ധാര്‍മിക നിയമങ്ങളില്‍നിന്ന് വ്യതിചലിക്കാന്‍ ശ്രമിക്കുന്ന ചിലരെങ്കിലുമുണ്ടാവും. അവരെ തടഞ്ഞുനിര്‍ത്തിയില്ലെങ്കില്‍ സമൂഹത്തില്‍ തിന്മകളും അരാജകത്വവും പടരുന്നതിന് അത് നിമിത്തമാവും. ഇങ്ങനെ തിന്മകള്‍ വ്യാപിക്കുന്നത് തടഞ്ഞുനിര്‍ത്തുന്നതിനായുള്ളതാണ് ശിക്ഷാ നിയമങ്ങള്‍.
ശിക്ഷാ നിയമങ്ങളുടെ ലക്ഷ്യം
വ്യക്തിയെയും സമൂഹത്തെയും പരിശുദ്ധമായി നിലനിര്‍ത്തുകയാണ് ഖുര്‍ആനിലെ ശിക്ഷാ നിയമങ്ങളുടെ ലക്ഷ്യം. വ്യക്തിയെ സമൂഹത്തിനു വേണ്ടിയോ സമൂഹത്തെ വ്യക്തിക്കു വേണ്ടിയോ ബലികൊടുക്കണമെന്ന വീക്ഷണത്തെ ഇസ്‌ലാം പിന്തുണക്കുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തിനു മേല്‍ സമൂഹത്തിന്റെ നേരിയ കൈകടത്തല്‍പോലും അക്ഷന്തവ്യമായിക്കരുതുന്ന ലിബറൽ വീക്ഷണവും, സമൂഹത്തിനുവേണ്ടി വ്യക്തിയുടെ സഹജവികാരങ്ങളെപ്പോലും ബലികൊടുക്കേണ്ടതുണ്ടെന്ന കമ്യൂണിസ്റ്റ് വീക്ഷണവും ഇസ്‌ലാമിന് അന്യമാണ്. വ്യക്തിയും സമൂഹവും തമ്മില്‍ നിലനില്‍ക്കേണ്ടത് സംഘട്ടനാത്മകമായ ബന്ധമല്ലെന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. അവയെ ഉദ്ഗ്രഥിതമാക്കുന്നത് മൂല്യങ്ങളാണ്. ഈ മൂല്യങ്ങളെ സംരക്ഷിക്കുന്നതു വഴി വ്യക്തിയെയും സമൂഹത്തെയും വിമലീകരിക്കുകയാണ് ഖുര്‍ആനിലെ ശിക്ഷാ നിയമങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവ വ്യക്തികേന്ദ്രീകൃതമോ സമൂഹകേന്ദ്രീകൃതമോ അല്ല, പ്രത്യുത മൂല്യകേന്ദ്രീകൃതമാണ് എന്നു പറയുന്നതാവും ശരി.
വ്യക്തിക്കും സമൂഹത്തിനും സമാധാനം പ്രദാനം ചെയ്യുകയാണ് ഇസ്ലാമിക നിയമങ്ങളുടെ ലക്ഷ്യം. വ്യക്തികള്‍ക്ക് ചില അവകാശങ്ങളുണ്ട്. ഈ അവകാശങ്ങള്‍ അന്യോന്യം അനുവദിച്ചുകൊടുക്കുക വഴിയാണ് സാമൂഹികമായ ഉദ്ഗ്രഥനം സാധ്യമാകുന്നത്. ഒരാളുടെയും അവകാശങ്ങള്‍ ഹനിക്കാന്‍ മറ്റൊരാളെയും അനുവദിച്ചുകൂടാ. ആരുടെയെങ്കിലും അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതും, ഉണ്ടെങ്കില്‍ അത് ഇല്ലാതെയാക്കേണ്ടതും രാഷ്ട്രത്തിന്റെ ബാധ്യതയാണ്. ഇതിനു വേണ്ടിയാണ് ശിക്ഷാ നിയമങ്ങള്‍ നടപ്പാക്കുന്നത്. നേരായ മാര്‍ഗത്തിലൂടെ ചലിക്കാന്‍ വ്യക്തിയെ പ്രചോദിപ്പിക്കുകയാണ് ഇസ്ലാമിലെ ശിക്ഷാ നിയമങ്ങളുടെ ലക്ഷ്യം.
സംരക്ഷിക്കപ്പെടേണ്ട മൂല്യങ്ങൾ
സംരക്ഷിക്കപ്പെടേണ്ട വളരെ പ്രധാനപ്പെട്ട ചില മൂല്യങ്ങളുണ്ടെന്നാണ് ഇസ്‌ലാമിക വീക്ഷണം. വിശ്വാസം, യുക്തിയും ബുദ്ധിയും, അഭിമാനം, ജീവന്‍, സ്വത്ത്, കുടുംബത്തിന്റെ കെട്ടുറപ്പ്, സദാചാര മൂല്യങ്ങള്‍, സമൂഹത്തിന്റെ ഭദ്രത ഇവയെല്ലാം സംരക്ഷിക്കപ്പെടേണ്ടവയാണ്. ഇവ തകര്‍ക്കാന്‍ ആരെയും അനുവദിച്ചുകൂടാ. ആരെയും എന്നതുകൊണ്ട് അന്യനെ മാത്രമല്ല അര്‍ഥമാക്കുന്നത്; സ്വന്തത്തെ കൂടിയാണ്. സ്വന്തം ജീവന്‍ വെടിയാനാഗ്രഹിച്ചുകൊണ്ട് ആത്മഹത്യക്കു ശ്രമിച്ചവനും, സ്വന്തം മാനം തകര്‍ത്തുകൊണ്ട് വ്യഭിചാരവൃത്തിയിലേര്‍പ്പെട്ടവനും, സ്വന്തം ബുദ്ധിയെ നശിപ്പിച്ചുകൊണ്ട് മദ്യപിക്കുന്നവനുമെല്ലാം കുറ്റവാളിയാകുന്നത് ഇതുകൊണ്ടാണ്.
സർവ ശക്തനെയും അവന്റെ വിധിവിലക്കുകളെയുമല്ലാതെ ആർക്കും ആരെയും ഭയപ്പെടേണ്ടതില്ലാത്ത, എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുന്ന ഒരു സമൂഹമാണ് ഇസ്‌ലാമിക ശിക്ഷാനിയമങ്ങളുടെ ഉദ്ദേശ്യം. അത്തരമൊരു സമൂഹത്തില്‍ മാത്രമേ ശാന്തിയും സമാധാനവും നിലനില്‍ക്കൂ. യാതൊരു രീതിയിലുമുള്ള ഉച്ചനീചത്വങ്ങളില്ലാതെ എല്ലാവര്‍ക്കും വളരാനും വികസിക്കാനും സാധിക്കുന്ന, മാനവികതയില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് ഇസ്ലാമിലെ ശിക്ഷാ നിയമങ്ങള്‍ ലക്ഷ്യമാക്കുന്നത്.
പ്രായോഗികത
ഗോത്രവർഗ ശിക്ഷാ നിയമങ്ങളാണ് ഇസ്‌ലാമിലേതെന്നും ആധുനിക ജനാധിപത്യത്തിന് ഉൾക്കൊള്ളാനാകാത്തതാണ് അവയെന്നുമുള്ള വാദം അടിസ്ഥാനരഹിതമാണ്. ശിക്ഷാ നിയമങ്ങളുടെ ലക്ഷ്യം കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാക്കുകയാണെങ്കില്‍ ഇസ്‌ലാം നിര്‍ദേശിച്ച ശിക്ഷാ നിയമങ്ങള്‍ ഗോത്രവർഗങ്ങളിലെന്ന പോലെ ജനാധിപത്യ ലോകക്രമത്തിലും പ്രസക്തമാണ്; ഏത് സമൂഹത്തിലും കാലത്തും അവ പ്രസക്തമായിരിക്കുകയും ചെയ്യും.
ഒരു ശിക്ഷാനിയമം പ്രായോഗികമാണെന്ന് പറയാൻ കഴിയണമെങ്കിൽ അതിനുണ്ടാകേണ്ട സവിശേഷതകളെല്ലാം ഇസ്ലാമിക നിയമങ്ങളിൽ കാണാനാവും. ചെയ്ത തെറ്റിനുള്ള പ്രതികാരമാവുക, തെറ്റുകളെ തടയാന്‍ കഴിയുക, കുറ്റുവാളികളെ ഭയപ്പെടുത്താനാവുക, കുറ്റം വഴി പ്രയാസമനുഭവിക്കേണ്ടിവന്നവര്‍ക്ക് സങ്കടനിവൃത്തി വരുത്തുന്നതാവുക, കുറ്റവാളിയെ സംസ്‌കരിക്കുന്നതാവുക, കുറ്റം വഴി നഷ്ടം നേരിട്ടവര്‍ക്ക് പരിഹാരം നല്‍കുന്നതാവുക, കുറ്റവാളിയെ പശ്ചാത്താപ വിവശനാക്കുന്നതാവുക, സമൂഹത്തെ കുറ്റങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതാവുക എന്നിവയാണ് പ്രായോഗികമായി ശിക്ഷാ നിയമങ്ങൾ വഴി ഉണ്ടായിത്തീരേണ്ടത്. ഇസ്‌ലാമിലെ ഏതു ശിക്ഷാ നിയമമെടുത്താലും ഈ ധര്‍മങ്ങള്‍ അവ നിര്‍വഹിക്കുന്നതായി കാണാന്‍ കഴിയും. അതുകൊണ്ടാണ് ഗോത്രവർഗങ്ങളിലേത് പോലെത്തന്നെ ജനാധിപത്യലോകത്തും അവ പ്രായോഗികമാണെന്ന് പറയുന്നത്.
വ്യക്തികൾക്ക് തങ്ങളുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കലാണ് ജനാധിപത്യം എന്ന് കരുതുന്നവർക്ക് ഇസ്ലാമിക നിയമങ്ങൾ അപ്രായോഗികമായി അനുഭവപ്പെടുക സ്വാഭാവികമാണ്. ആസ്വദിക്കാൻ കഴിയുന്നതെല്ലാം മൂല്യമാണെന്ന് കരുതുന്ന സമൂഹങ്ങളില്‍ ജീവിക്കുന്നവർക്ക് ഖുര്‍ആനിക നിയമങ്ങള്‍ അപ്രായോഗികമാണെന്ന് തോന്നും. എന്നാല്‍, പൗരന്മാര്‍ക്ക് സൃഷ്ടിപരമായി പുരോഗമിക്കാനുള്ള സകല സ്വാതന്ത്ര്യവും നല്‍കുകയും പ്രസ്തുത സ്വാതന്ത്ര്യത്തെ സമൂഹത്തിന് ദോഷകരമായ രീതിയില്‍ വിനിയോഗിക്കുന്നത് തടയുകയും ചെയ്യുകയാണ് ജനാധിപത്യ സമൂഹത്തിലെ നിയമങ്ങളുടെ ലക്ഷ്യമെങ്കില്‍ അവിടെ ഇസ്‌ലാം പ്രദാനം ചെയ്യുന്ന ശിക്ഷാ നിയമങ്ങളെപ്പോലെ പ്രസക്തവും പ്രായോഗികവുമായ മറ്റൊന്നുമില്ലെന്നതാണ് വസ്തുത.
സമൂഹത്തിന്റെ നേരെ വ്യക്തി നടത്തുന്ന ആക്രമണത്തെയാണ് കുറ്റം എന്നു പറയുന്നത്. കുറ്റങ്ങള്‍ ഇല്ലാതാകുന്നതിലൂടെ മാത്രമേ സമൂഹത്തിന്റെ സ്വച്ഛന്ദമായ ഒഴുക്ക് സാധ്യമാകൂ. കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുകയെന്നതിലുപരിയായി കുറ്റങ്ങള്‍ ഇല്ലാതാക്കാന്‍ പരിശ്രമിച്ചുകൊണ്ട് സമാധാനപരമായ സാമൂഹിക ജീവിതം സാധ്യമാക്കുകയെന്നതാണ് ശിക്ഷാ നിയമങ്ങളുടെ ആത്യന്തിക ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിക്കുന്ന ശിക്ഷാ നിയമങ്ങള്‍ നിര്‍ദേശിക്കുന്നുവെന്നുള്ളതാണ് ഇസ്ലാമിന്റെ സവിശേഷത. ഇസ്ലാമിക നിയമങ്ങളെ മാനവികവും പ്രായോഗികവുമാക്കുന്നത് അവയുടെ ഈ സവിശേഷതയാണ്.
സഹതാപം വേണ്ടത് ആരോട് ?
കുറ്റവാളികളോട് സഹതാപ പൂര്‍ണമായ സമീപനമാണ് വേണ്ടതെന്ന് വാദിക്കുന്നവർ, കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കി സമാധാന പൂര്‍ണമായ സാമൂഹിക ജീവിതം സാധ്യമാക്കുന്നതിന് പ്രായോഗികമായി ചെയ്യേണ്ടതെന്താണെന്ന് വിശദീകരിക്കുന്നതില്‍ പരാജയപ്പെടുകയാണ് പതിവ്. കുറ്റവാളികളോട് സഹതാപം കാണിക്കണമെന്ന് പറയുന്നവര്‍, പ്രസ്തുത കുറ്റങ്ങള്‍ വഴി നഷ്ടങ്ങള്‍ സഹിക്കേണ്ടിവരുന്നവരുടെ സങ്കടനിവൃത്തിയെക്കുറിച്ച് ഒന്നും ഉരിയാടാറില്ല. യാതൊരു കുറ്റവും ചെയ്യാതെ ഓര്‍ക്കാപ്പുറത്ത് ജീവന്‍ നഷ്ടപ്പെടുന്ന നിരപരാധികള്‍. കഷ്ടപ്പെട്ട് സമ്പാദിച്ച ധനം കൊള്ളയടിക്കപ്പെട്ട് വഴിയാധാരമാകുന്ന മനുഷ്യര്‍. ഇണയുടെ അപഥ സഞ്ചാരത്തില്‍ തകര്‍ന്നു തരിപ്പണമാകുന്ന കുടുംബബന്ധങ്ങള്‍. ആരും നോക്കാനില്ലാതെ തെരുവ് തെണ്ടുന്ന ജാരസന്തതികള്‍. കുടുംബനാഥന്റെ മദ്യപാനം വഴി തകരുന്ന കുടുംബങ്ങള്‍. ഈ സങ്കടങ്ങളോടാണോ, അതല്ല ഇവക്കു ഉത്തരവാദികളായ ക്രൂരരും നിഷ്ഠുരരും ഭോഗാലസരുമായ കുറ്റവാളികളോടാണോ സഹതാപ പൂര്‍ണമായ സമീപനമുണ്ടാകേണ്ടത്?
ഒന്നുകിൽ കുറ്റകൃത്യം വഴി പ്രയാസമനുഭവിക്കുന്നവർക്ക് നീതി. അല്ലെങ്കിൽ ദുരിതങ്ങൾ സൃഷ്ടിച്ച കുറ്റവാളികളോട് കാരുണ്യം! രണ്ടും കൂടി ഒരേസമയം അസാധ്യമാണ്. കുറ്റവാളിയോടല്ല, പ്രയാസമനുഭവിച്ചവനോടാണ് സഹാനുഭൂതി വേണ്ടതെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. പ്രസ്തുത വീക്ഷണമാണ് മാനവികമെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങള്‍ക്ക് മാത്രമേ മനുഷ്യരെ കുറ്റകൃത്യങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും ഇസ്‌ലാം കരുതുന്നു.
ഇപ്പോൾ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വധശിക്ഷയുടെ കാര്യം തന്നെയെടുക്കുക. അകാരണമായി കൊല്ലപ്പെടുന്നവന്റെ പ്രയാസങ്ങളോ, പ്രസ്തുത കൊല മൂലം അനാഥമാകുന്ന കുടുംബത്തിന്റെ പ്രശ്‌നങ്ങളോ, സമൂഹത്തിലുണ്ടാവുന്ന വിടവോ ഒന്നും പരിഗണിക്കാതെയാണ് പലരും ഇത്തരം ചർച്ചകളിൽ കൊലയാളിയില്‍ കാരുണ്യവര്‍ഷം നടത്തുന്നത്. ജയിൽശിക്ഷ വഴി കൊലയാളിയെ സംസ്‌കരിക്കാന്‍ സാധിക്കുമെന്ന മിഥ്യാബോധത്തിന്റെ അടിത്തറയില്‍ നിർമിക്കപ്പെട്ടതാണ് അവർ മുന്നോട്ടു വെക്കുന്ന സിദ്ധാന്തങ്ങള്‍. അത്തരക്കാർക്ക് ഖുര്‍ആനിലെ ശിക്ഷാ നിയമങ്ങള്‍ അപ്രായോഗികവും അപരിഷ്‌കൃതവുമായി തോന്നുക സ്വാഭാവികമാണ്. എന്നാല്‍, അവർ പറയുന്നതല്ല ശരിയെന്നാണ് അനുഭവങ്ങൾ കാണിക്കുന്നത്.
കൊലക്കുറ്റം: ശിക്ഷ എന്താകണം?
കൊലക്കുറ്റത്തിന് ആധുനിക കോടതികള്‍ വിധിക്കുന്നത് ജീവപര്യന്തം തടവാണ്. ഏതാനും വര്‍ഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ജയില്‍വാസമായിട്ടാണ് ജീവപര്യന്ത തടവ് മാറാറുള്ളത്. ഇതുതന്നെ ശിക്ഷിക്കപ്പെടാറുള്ളവര്‍ക്കു മാത്രം. പണവും സ്വാധീനവുമുള്ളവര്‍ എത്ര പേരെ കൊന്നാലും എളുപ്പത്തിൽ രക്ഷപ്പെട്ടുപോരുന്നത് നാം കാണുന്നുണ്ടല്ലോ. ആരെ കൊന്നാലും ഒന്നുമുണ്ടാകാന്‍ പോകുന്നില്ലെന്ന സ്ഥിതിയുടെ പരിണത ഫലമെന്താണ്? കൊലപാതകക്കുറ്റങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ച! കൊലപാതകക്കുറ്റങ്ങള്‍ ചെയ്യാന്‍ യുവാക്കള്‍ കൂടുതല്‍ കൂടുതല്‍ തയാറാകുന്ന അവസ്ഥ! നമ്മുടെ നാട്ടിൽ നടക്കുന്ന പൈശാചിക കൊലപാതകങ്ങളില്‍ തൊണ്ണൂറ്റിമൂന്ന് ശതമാനവും ഈ രംഗത്തെ പുതുമുഖങ്ങളായ യുവാക്കള്‍ ചെയ്യുന്നതാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പണത്തിനും സുഖസൗകര്യങ്ങള്‍ക്കും വേണ്ടി ആരെയും കൊല്ലാന്‍ മടിയില്ലാത്ത ഒരു തലമുറ വളര്‍ന്നുവരുന്നു.
കുറ്റവാളികളെ ജയിലിലടച്ച് സംസ്‌കരിച്ചു കളയാമെന്ന ലിബറൽ വാദത്തിനെതിരെയുള്ള ജീവിക്കുന്ന തെളിവുകളാണ് നമ്മുടെ ചുറ്റും നടക്കുന്ന കൊലപാതകങ്ങൾ. രാഷ്ട്രീയത്തിനും മതത്തിനും പണത്തിനും വേണ്ടി ആരെയും എങ്ങനെയും കൊല്ലാൻ സന്നദ്ധരാകുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത് ശിക്ഷാനിയമങ്ങളുടെ അപര്യാപ്തത മൂലവും, ഉള്ളവ തന്നെ നടപ്പാക്കുന്നതിലുള്ള അലംഭാവം മൂലവുമാണ്.
കൂടുതല്‍ പേരെ കുറ്റവാളികളാക്കാന്‍ മാത്രമേ കുറ്റവാളികളോടുള്ള ദാക്ഷിണ്യ പൂർണമായ പെരുമാറ്റം നിമിത്തമാവുകയുള്ളൂ. കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനാവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും എന്നിട്ടും കുറ്റ വാസന പ്രകടിപ്പിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്താലേ സമാധാന പൂര്‍ണമായ സാമൂഹിക ജീവിതം സാധ്യമാകൂ. ഈ വസ്തുത കണക്കിലെടുത്തുകൊണ്ടാണ് കൊലക്കുറ്റത്തിന് കൊലയെന്ന ശിക്ഷ ഇസ്‌ലാം നിര്‍ദേശിക്കുന്നത്. ''സത്യവിശ്വാസികളേ, വധിക്കപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യ ശിക്ഷ നടപ്പാക്കുകയെന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു; സ്വതന്ത്രനു പകരം സ്വതന്ത്രനും അടിമക്കു പകരം അടിമയും സ്ത്രീക്കു പകരം സ്ത്രീയും'' (ഖുര്‍ആന്‍ 2:178).
ഗോത്ര വഴക്കുകള്‍ കാരണം പരസ്പരം രക്തം ചിന്തിക്കൊണ്ടിരുന്ന അറേബ്യന്‍ സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന അതിക്രൂരമായ പ്രതികാര നടപടികളുടെ കടയ്ക്ക് കത്തിവെച്ചുകൊണ്ടാണ് ഈ സൂക്തം അവതരിപ്പിക്കപ്പെട്ടത്. ഒരു ഗോത്രത്തില്‍നിന്ന് ആരെങ്കിലും വധിക്കപ്പെട്ടാല്‍ പകരം കൊന്നവനെ കൊല്ലുകയെന്ന സമ്പ്രദായമായിരുന്നില്ല അവിടെ നിലനിന്നിരുന്നത്. പ്രത്യുത, കൊല്ലപ്പെട്ട വ്യക്തിക്ക് എത്ര വിലമതിച്ചിരുന്നുവോ അതു കണക്കാക്കി അതിനു പകരമായി ഘാതകന്റെ ഗോത്രത്തില്‍നിന്ന് ആളുകളെ കൊന്നൊടുക്കുകയായിരുന്നു അവരുടെ രീതി. ഒരാള്‍ക്കു പകരം പത്തും നൂറും ആളുകളെ കൊന്നൊടുക്കാന്‍ അവര്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. തിരിച്ചും ഇതുതന്നെയായിരുന്നു അവസ്ഥ. ഒരു ഉന്നതന്‍ മറ്റൊരു ഗോത്രത്തിലെ നിസ്സാരനെ വധിച്ചാല്‍ കൊന്നവനെ കൊല്ലുകയെന്ന നിയമം നടപ്പാക്കാന്‍ അവര്‍ക്ക് വൈമനസ്യമായിരുന്നു. ‘പാവപ്പെട്ടവനു പകരം ഉന്നതനോ?’ എന്നായിരുന്നു അവരുടെ ചോദ്യം. ഈ സമ്പ്രദായങ്ങള്‍ക്ക് അറുതിവരുത്തിയ ഖുര്‍ആന്‍ പ്രതിക്രിയ നടപ്പാക്കേണ്ടത് പ്രതിയുടെ മേല്‍ മാത്രമാണെന്നു വ്യക്തമാക്കുകയാണ് മേൽ ഉദ്ധരിച്ച ഖുർആൻ സൂക്തത്തില്‍.
കൊലക്കുറ്റം രണ്ടു തരം
മനുഷ്യജീവന് വലിയ വിലയാണ് ഇസ്‌ലാം കല്‍പിക്കുന്നത്. ഗോത്ര വഴക്കിന്റെയോ വിരോധത്തിന്റെയോ പ്രതികാരത്തിന്റെയോ പേരില്‍ നശിപ്പിക്കപ്പെടാനുള്ളതല്ല ഒരാളുടെ ജീവന്‍. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ”മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു” (5:32).
കൊലക്കുറ്റം രണ്ട് തരമാണ്; ബോധപൂർവമുള്ള കൊലയും അല്ലാത്ത കൊലയും. ബോധപൂർവമായ കൊലക്കുറ്റത്തിന് ഖുർആൻ വിധിക്കുന്നത് വധശിക്ഷയാണ്.
വധശിക്ഷ പ്രാകൃതമാണെന്ന വാദം ഇസ്ലാമിനില്ല. കൊലക്കുറ്റത്തിന് പ്രതികാരം ചെയ്യാന്‍ നിയമമില്ലാത്ത സമൂഹങ്ങളില്‍ കൊലപാതകങ്ങളുടെ പരമ്പരകളുണ്ടാകുമെന്ന് തന്നെയാണ് അനുഭവങ്ങൾ കാണിക്കുന്നത്. ഭയരഹിതമായി ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് വധശിക്ഷയില്ലെങ്കിൽ സംഭവിക്കുക. ‘സത്യവിശ്വാസികളേ, വധിക്കപ്പെടുന്നവർക്കായി പ്രതിക്രിയ നിങ്ങൾക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു’ എന്നു തുടങ്ങുന്ന, വധശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന സൂറത്തുൽ ബഖറയിലെ 178, 179 വചനങ്ങൾ അവസാനിക്കുന്നത് ‘തുല്യ ശിക്ഷ നൽകുന്നതിലാണ് ജീവൻ; നിങ്ങൾ സൂക്ഷ്മാലുക്കളാണെങ്കിൽ’ എന്നു പറഞ്ഞുകൊണ്ടാണ്. സമൂഹത്തിന് ജീവനുണ്ടാകണമെങ്കിൽ കൊലപാതകങ്ങൾക്ക് പ്രതിക്രിയ നടപ്പാക്കുന്ന സ്ഥിതിയുണ്ടാവണം എന്നു തന്നെയാണ് ഇസ്ലാമിന്റെ പക്ഷം. അതുകൊണ്ടു തന്നെ കൊലപാതകം ബോധപൂർവമാണെന്ന് തെളിഞ്ഞാൽ കുറ്റവാളിയെ വധിക്കാനാണ് ഇസ്‌ലാമിക കോടതി വിധിക്കുക.
ബോധപൂർവമല്ലാതെ നടക്കുന്ന കൊലപാതകത്തിന് വധശിക്ഷ നൽകണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. അബദ്ധത്തിൽ സംഭവിക്കുന്ന കൊലപാതകത്തിന് ഇസ്ലാമിക കോടതി വിധിക്കുക അതു മൂലം ദുരിതവും ദുഃഖവുമുണ്ടായ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ്. ഇക്കാര്യം വിവരിക്കുന്ന ഖുർആൻ വചനത്തിൽ (4: 92) അങ്ങനെ വിധിക്കുന്ന നഷ്ടപരിഹാരം കൊടുത്തുവീട്ടുന്നതോടൊപ്പം ഒരു അടിമയെ മോചിപ്പിക്കുകയോ അതിന് കഴിയില്ലെങ്കിൽ തുടർച്ചയായി രണ്ടു മാസം നോമ്പനുഷ്ഠിക്കുകയോ വേണമെന്നുള്ള കല്പനയും, നഷ്ടപരിഹാരത്തുകയിൽ വിട്ടുവീഴ്ച നൽകാനുള്ള പ്രചോദനവുമുണ്ട്. അബദ്ധത്തിൽ സംഭവിക്കുന്ന കൊലപാതകങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക അഥവാ ദിയ ( دية ) നൂറ് ഒട്ടകത്തിന്റെ മൂല്യത്തെക്കാൾ കൂടരുതെന്ന് കർമശാസ്ത്ര പണ്ഡിതന്മാർ വിധിച്ചിട്ടുണ്ട്. അതിന്റെ വെളിച്ചത്തിൽ, അത്തരം കൊലപാതകങ്ങൾക്ക് സുഊദി അറേബ്യയിൽ വിധിക്കുന്ന പരമാവധി നഷ്ടപരിഹാരത്തുക മൂന്ന് ലക്ഷം റിയാലാണ്.
കൊല്ലപ്പെട്ടയാളുടെ മരണം മൂലമുണ്ടായ നഷ്ടവും പ്രതിയുടെ സാമ്പത്തിക സ്ഥിതിയുമെല്ലാം പരിഗണിച്ച് കോടതിയാണ്, ബോധപൂർവമല്ലാതെ നടന്ന കൊലപാതകത്തിനുള്ള ദിയ നിശ്ചയിക്കുക. കോടതി നിശ്ചയിച്ച ദിയ നൽകിക്കഴിഞ്ഞാൽ പ്രതി കുറ്റമുക്തനാക്കപ്പെടും; പിന്നെ അയാൾക്കെതിരിൽ ശിക്ഷാ നടപടികളൊന്നുമുണ്ടാവുകയില്ല; ദിയ നൽകാൻ കഴിയാത്തവിധം ദരിദ്രനാണ് പ്രതിയെങ്കിൽ അയാളെ സർക്കാർ സഹായിക്കാറുണ്ട്. സുഊദി അറേബ്യയിൽനിന്നു തന്നെ സർക്കാരും ഉദാര വ്യക്തിത്വങ്ങളും ദിയ നൽകി കൊലയാളികളെ മോചിപ്പിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒമ്പത് പേരുടെ മരണത്തിന് കാരണമായ 2006 ഫെബ്രുവരി 11-ന് നടന്ന ഒരു കാർ ആക്സിഡന്റിലെ പ്രതി ബാംഗ്ലൂർ സ്വദേശിയായ സലീം ബാഷക്ക് വിധിച്ച 6,53,000 സുഊദി രിയാൽ ദിയാപണം നൽകി മോചിപ്പിച്ചത് അന്നത്തെ ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവായിരുന്നു.
ശിക്ഷ തീരുമാനിക്കുന്നത് കുടുംബം
ബോധപൂർവമുള്ള കൊലപാതകത്തിൽ കൊലയാളിക്ക് ശിക്ഷ വിധിക്കാൻ മാത്രമേ ഇസ്ലാമിക ശരീഅത്ത് കോടതിയെ അനുവദിക്കുന്നുള്ളൂ. അയാളെ ശിക്ഷിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണമായ അവകാശം കൊല്ലപ്പെട്ടയാളുടെ മരണം മൂലം നഷ്ടമനുഭവിക്കുന്ന അടുത്ത ബന്ധുക്കൾക്കാണ്. അവർക്ക് വേണമെങ്കിൽ കൊലയാളിക്ക് മാപ്പ് നൽകി വെറുതെ വിടാം. അല്ലെങ്കിൽ വധശിക്ഷ നടപ്പാക്കാൻ കോടതിയോട് ആവശ്യപ്പെടാം. മാപ്പ് നൽകി വെറുതെ വിടാൻ കോടതിയോട് അഭ്യർഥിച്ചാൽ നടപടികൾ പൂർത്തിയാക്കി അവരെ വെറുതെ വിടുക മാത്രമാണ് പിന്നെ കോടതിക്ക് ചെയ്യാനുള്ളത്.
തങ്ങളോട് ക്രൂരത കാണിച്ചവരോട് ക്ഷമിക്കുകയും അവർക്ക് മാപ്പ് നൽകുകയും ചെയ്യാൻ ഖുർആനും നബിവചനങ്ങളും വിശ്വാസികളോട് ആവർത്തിച്ച് അഭ്യർഥിക്കുന്നുണ്ട്. സത്കർമകാരികൾ മറ്റുള്ളവർക്ക് മാപ്പ് നൽകുന്നവരായിരിക്കുമെന്നും (3:134), മറ്റുള്ളവർക്ക് മാപ്പ് നൽകുന്നവർക്ക് അല്ലാഹുവും മാപ്പ് നൽകും (42:40) എന്നുമെല്ലാം ഖുർആൻ പഠിപ്പിക്കുന്നു. ശത്രുക്കളുമായുള്ള പോരാട്ട സന്ദർഭത്തിൽ പോലും ‘നിങ്ങള്‍ ശിക്ഷാ നടപടി സ്വീകരിക്കുകയാണെങ്കില്‍ നിങ്ങളുടെ നേരെയുണ്ടായ അതിക്രമത്തിന് തുല്യമായ നടപടി സ്വീകരിക്കുക; നിങ്ങള്‍ ക്ഷമിക്കുകയാണെങ്കിലോ അതാണ് ക്ഷമാശീലര്‍ക്ക് ഉത്തമം.’ (16:126) എന്നാണ് ഖുർആനിന്റെ നിർദേശം. മാപ്പ് നൽകുന്നവർക്ക് അല്ലാഹു ആദരവ് നൽകുമെന്നും, തന്നെ മുറിപ്പെടുത്തിയവനോട് ക്ഷമിക്കുക ധർമമാണെന്നും, അത് ചെയ്തവന്റെ പാപങ്ങൾ അല്ലാഹു പൊറുക്കുമെന്നും, കാരുണ്യം കാണിക്കുന്നവരോട് അല്ലാഹു കാരുണ്യം കാണിക്കുമെന്നും, തന്നോടുള്ള മറ്റുള്ളവരുടെ അതിക്രമങ്ങൾക്ക് മാപ്പ് നൽകുന്നവർക്ക് അല്ലാഹു മാപ്പ് നൽകുമെന്നുമെല്ലാം മുഹമ്മദ് നബി(സ)യും പഠിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും പഴുതുകളുണ്ടെങ്കിൽ കുറ്റവാളികൾക്കെതിരെയുള്ള ശിക്ഷാ വിധികൾ നടപ്പാക്കാതിരിക്കാൻ ശ്രമിക്കുന്നയാളാണ് നല്ല ഭരണാധികാരിയെന്ന് സൂചിപ്പിക്കുന്ന ഒരു നബിവചനം ആഇശ(റ)യിൽനിന്ന് സ്വീകാര്യമായ പരമ്പരയോടെ തിർമിദി നിവേദനം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ, പലപ്പോഴും വധിക്കപ്പെട്ടയാളുടെ മുസ്ലിംകളായ അനന്തരാവകാശികൾ നിരുപാധികം കൊലയാളിക്ക് മാപ്പ് നൽകുകയാണ് പതിവ്. ഇത്തരം എത്രയോ സംഭവങ്ങൾ സുഊദി അറേബ്യയിൽനിന്നു തന്നെ ഈയടുത്ത കാലത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കുറ്റവാളിയെന്ന് വിധിക്കപ്പെട്ടയാൾക്ക് വധശിക്ഷ നൽകേണ്ടതില്ലെന്ന് തീരുമാനിക്കാനോ, കോടതിയോട് അയാളെ വെറുതെ വിടണമെന്ന് അഭ്യർഥിക്കാനോ അനുവദനീയമായ എന്തെങ്കിലും നിബന്ധനകൾ വെക്കുന്നതിന് ഇസ്ലാമിക ശരീഅത്ത് കൊല്ലപ്പെട്ടവരുടെ അനന്തരാവകാശികളെ വിലക്കുന്നില്ല. വധശിക്ഷയിൽനിന്ന് ഒഴിവാക്കുന്നതിനായി നഷ്ടപരിഹാരത്തുക ആവശ്യപ്പെടുകയാണെങ്കിൽ അതിൽ കോടതി ഇടപെടാതിരിക്കുന്നത്, അങ്ങനെ ഇടപെടാൻ ഇസ്ലാമിക നിയമങ്ങൾ പ്രകാരം വകുപ്പില്ലാത്തതുകൊണ്ടാണ്. ബോധപൂർവമെന്ന് വിധിക്കപ്പെട്ട കൊലപാതകത്തിന്റെ കാര്യത്തിൽ വധശിക്ഷ നടപ്പാക്കുകയോ, വധിക്കപ്പെട്ടയാളുടെ കുടുംബത്തിന്റെ നിർദേശപ്രകാരം മാപ്പ് നൽകി വിട്ടയക്കുകയോ മാത്രമാണ് കോടതി ചെയ്യുന്നത്. അങ്ങനെ വിട്ടയക്കാൻ വെക്കുന്ന നിബന്ധനകൾ കോടതിയുടെ വരുതിയിലുള്ളതല്ല.
അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ അത് കോടതിക്ക് പുറത്ത് തീരുമാനിക്കപ്പെടുന്നതാണ്. അങ്ങനെ തീരുമാനിക്കപ്പെട്ട ദിയാ പണം നൽകാൻ കുറ്റവാളിയെന്ന് വിളിക്കപ്പെട്ടയാൾക്ക് കഴിയാത്തതിനാൽ അത് നൽകി അവരെ മോചിപ്പിക്കാൻ ചില സ്വദേശികൾ തന്നെ മുന്നോട്ടു വന്ന സന്ദർഭങ്ങൾ പല തവണ സുഊദി അറേബ്യയിലുണ്ടായിട്ടുണ്ട്. ഒരു സുഊദി പൗരനെ കുത്തിക്കൊന്ന കേസിലെ ഫിലിപ്പൈൻകാരനായ പ്രതി റോഡിലിയോ ടണ്ടൻ ലനൂസയെ വധശിക്ഷയിൽനിന്ന് ഒഴിവാക്കി മാപ്പ് നൽകാൻ കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ട മുപ്പത് ലക്ഷം രിയാലിൽ, അദ്ദേഹവുമായി ബന്ധപ്പെട്ടവർക്ക് സംഘടിപ്പിക്കാൻ കഴിഞ്ഞ ഏഴ് ലക്ഷം രിയാൽ കിഴിച്ച് ബാക്കി ഇരുപത്തി മൂന്ന് ലക്ഷം രിയാലും നൽകി അന്നത്തെ സുഊദി ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവ് സഹായിച്ച വാർത്ത വന്നത് 2013 ജൂലൈ ഇരുപതിനാണ്.
രക്ഷിക്കാൻ കഴിയുക ബന്ധുക്കൾക്ക് മാത്രം
കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാളെ രക്ഷിക്കാൻ രാഷ്ട്രത്തലവൻ വിചാരിച്ചാൽ പോലും കഴിയില്ല. അതിന് വധിക്കപ്പെട്ടയാളുടെ അടുത്ത ബന്ധുക്കൾ തന്നെ തീരുമാനിക്കണം. അയാളെ വെറുതെ വിടണോ, എന്തെങ്കിലും വാങ്ങി സ്വതന്ത്രനാക്കണോ, വധിക്കണമെന്ന് തന്നെ വാശി പിടിക്കേണമോ എന്ന് തീരുമാനിക്കുന്നത് മരണം മൂലം ദുരിതവും ദുഃഖവുമുണ്ടായ അടുത്ത ബന്ധുക്കളാണ്. അവർ തീരുമാനിക്കുന്നത് വധശിക്ഷ നടപ്പാക്കാനാണെങ്കിൽ അതിൽ ഇടപെടാൻ ഭരണകൂടത്തിനോ കോടതികൾക്കോ കഴിയില്ല. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്, ഏതാനും വർഷങ്ങൾക്ക് മുമ്പ് നടപ്പാക്കിയ, രാജകുടുംബാംഗമായിരുന്ന തുർക്കി ബിൻ അൽ കബീർ രാജകുമാരന്റെ വധശിക്ഷ. സുഊദി രാജവംശത്തിന്റെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവിന്റെ പിതൃവ്യപുത്രനായ സൗദ് അൽ കബീർ ബിൻ അബ്ദുൽ അസീസിന്റെ പേരമകനാണ് തുർക്കി അൽ കബീർ. അദ്ദേഹത്തിന് വധശിക്ഷ നൽകിയത് 2016 ഒക്ടോബർ 18-നാണ്. തന്റെ സുഹൃത്തായ ആദിൽ ബിൻ സുലൈമാൻ ആലി മുഹൈമീദിനെ നാല് വർഷങ്ങൾക്ക് മുമ്പ് വെടിവെച്ചുകൊന്നുവെന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള കേസ്. എത്ര ഭീമമായ സംഖ്യ ആവശ്യപ്പെട്ടാലും അത് നഷ്ടപരിഹാരമായി നൽകി മകനെ രക്ഷപ്പെടുത്താൻ രാജകുമാരന്റെ പിതാവ് സന്നദ്ധനായിരുന്നു. പക്ഷേ, തന്റെ മകനെ കൊന്ന രാജകുമാരനെ വധിക്കുക തന്നെ വേണമെന്ന് കൊല്ലപ്പെട്ട ആദിലിന്റെ പിതാവ് ആവശ്യപ്പെട്ടതിനാൽ വധശിക്ഷ നടപ്പാക്കുകയല്ലാതെ നിർവാഹമില്ലായിരുന്നു. പല ഉന്നതന്മാരും ശിപാർശക്ക് ശ്രമിച്ചെങ്കിലും ആ പിതാവ് വഴങ്ങിയില്ല. ഇസ്ലാമിക നീതിക്ക് മുന്നിൽ രാജകുമാരനും യാചകനുമെല്ലാം സമമാണെന്ന് വ്യക്തമാക്കിക്കൊണ്ട് വധശിക്ഷ നടപ്പാക്കുകയായിരുന്നു.
കൊലയാളിക്ക് വധശിക്ഷ നൽകണമെന്ന് നിഷ്കർഷിക്കുന്നതോടൊപ്പം അത് നടപ്പാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ആത്യന്തികമായ അധികാരം, കൊല്ലപ്പെട്ടയാളുടെ വിയോഗം മൂലം ദുഃഖവും നഷ്ടവും അനുഭവിക്കുന്ന കുടുംബത്തിന് നൽകുന്നുവെന്നതാണ് വധശിക്ഷയുടെ കാര്യത്തിലുള്ള ഇസ്ലാമിക നിയമത്തിന്റെ മാനവികത. ഇസ്ലാമിക നിയമങ്ങളുടെ ഈ കാരുണ്യമാണ് അനസ് അശ്ശഹ്‌രിയെന്ന വികലാംഗനെ ബോധപൂർവം കൊന്നുവെന്ന കുറ്റത്തിന് സുഊദി അറേബ്യയിൽ ശിക്ഷ വിധിക്കപ്പെട്ട അബ്ദുർറഹീമിനെപ്പോലുള്ള പലരെയും വധശിക്ഷയിൽനിന്ന് രക്ഷപ്പെടുത്തിയിരിക്കുന്നത്. തലാല്‍ അബ്ദുൽ മഹ്ദിയെന്ന യമന്‍ സ്വദേശിയെ മയക്കുമരുന്നുകൾ കുത്തിവെച്ച് കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി വാട്ടർ ടാങ്കിൽ ഉപേക്ഷിക്കുകയും ചെയ്തുവെന്ന കുറ്റത്തിന് യമൻ കോടതി വധശിക്ഷക്ക് വിധിച്ച നിമിഷ പ്രിയയെ രക്ഷപ്പെടുത്താൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിൽ സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷൻ കൗണ്‍സിലുണ്ടാക്കി പ്രവർത്തിക്കുന്നതും മാനവികമായ ഈ ഇസ്ലാമിക നിയമത്തിന്റെ തണൽ, വധശിക്ഷ വിധിക്കപ്പെട്ടവർക്കെല്ലാം അവസാനത്തെ രക്ഷാമാർഗമായി ഉള്ളതുകൊണ്ടാണ്. l
Comments