Prabodhanm Weekly

Pages

Search

2024 മെയ് 03

3350

1445 ശവ്വാൽ 24

കുറ്റവും ശിക്ഷയും ഇസ്ലാമിേന്റത് മധ്യമ സമീപനം

ടി. മുഹമ്മദ് വേളം

അബ്ദുർറഹീമിന്റെ മോചനത്തിനായി മലയാളി സമാഹരിച്ച 36 കോടി മലയാളിയുടെ മാനവികതയുടെ വിലമതിക്കാനാവാത്ത മൂല്യത്തിന്റെ അടയാളമാണ്. ഒപ്പം ഇസ്‌ലാമിക ശരീഅത്തിനെ കുറിച്ച സംവാദങ്ങള്‍ക്കും ഈ സംഭവം കാരണമായി. വിദ്വേഷപ്രചാരണത്തിലേക്ക് അധഃപതിക്കാത്ത ആശയ സംവാദങ്ങളും ഒരു ജനതയുടെ കരുത്തിന്റെ നിദര്‍ശനം തന്നെയാണ്. ഇസ്‌ലാം പല കാലങ്ങളെക്കാള്‍ ആശയമണ്ഡലത്തില്‍ സജീവമായ സന്ദര്‍ഭം കൂടിയാണിത്. വ്യത്യസ്ത മുസ്‌ലിം വിഭാഗങ്ങള്‍ ഇതില്‍ ഇടപെടുകയും ഇതിനെ സജീവമായി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്.

ഇസ്‌ലാമിക നിയമവ്യവസ്ഥയില്‍ മനപ്പൂർവമുള്ള കൊലപാതകത്തിന് അടിസ്ഥാനപരമായ ശിക്ഷ വധമാണ്. പ്രതിക്രിയ നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു എന്ന് ഖുര്‍ആന്‍ പറയുന്നത് കാണാം. ഇത് സാധാരണ വിശ്വാസികളോടോ വിശ്വാസികളുടെ പൗരസംഘങ്ങളോടോ ഉള്ള ആഹ്വാനമല്ല. ഇസ്‌ലാമിക ഭരണകൂടത്തോടുള്ള ആഹ്വാനമാണ്. ഘാതകന്‍ സ്വതന്ത്രനാണെങ്കില്‍ ആ സ്വതന്ത്രനായ ഘാതകനെ തന്നെ വേണം വധിക്കാന്‍. സ്ത്രീയാണെങ്കില്‍ ആ സ്ത്രീയെ തന്നെ, അടിമയാണെങ്കില്‍ ആ അടിമയെ തന്നെ (സൂറ അല്‍ ബഖറ 178).

ഘാതകനെ വധിക്കുന്നതിന് പകരം ഗോത്രത്തിലെ ആളുകളെ വധിക്കുക എന്ന രീതി പണ്ടുണ്ടായിരുന്നു. അല്ലെങ്കില്‍ ഒരാള്‍ക്ക് പകരം ഒന്നിലധികം പേരെ വധിക്കുക മുതലായ രീതികളുമുണ്ടായിരുന്നു. ഇത് ആധുനികപൂർവമായ രീതി മാത്രമല്ല; വളരെ പരിഷ്‌കൃതമെന്നവകാശപ്പെടുന്ന സമകാലിക ജനാധിപത്യ സമൂഹത്തിലും, അതിലെ പരിഷ്‌കൃത സാമൂഹികതയുടെ സംഘടിത രൂപമായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും ഈ രീതി കാണാം. തട്ടിയവനു പകരം കിട്ടിയവനെ തട്ടുക, ഒരു പാര്‍ട്ടിയുടെ  ഭാരവാഹി കൊല്ലപ്പെട്ടാല്‍ കൊന്നവന്റെ പാര്‍ട്ടിയുടെ അതേ സ്ഥാനമുള്ള ഭാരവാഹിയെ കൊല്ലുക എന്നതൊക്കെ ആധുനിക ജനാധിപത്യ സമൂഹത്തിലെ അംഗീകൃത നാട്ടുനടപ്പുകളാണ്. വ്യക്തികള്‍ക്ക് അധികാരമില്ലാത്ത പ്രതിക്രിയാ അവകാശം അന്യായമായി കൈയേല്‍ക്കുക എന്ന തിന്മയുടെ ഒപ്പമാണ് ഘാതകരല്ലാത്തവരെ വധിക്കുന്ന ഈ ഗോത്ര രീതി. ഭരണകൂടത്തിനു പകരം വ്യക്തികളും കുടുംബങ്ങളും പാര്‍ട്ടികളും നിയമം നടപ്പാക്കുന്നതിന്റെ അനിവാര്യ ദുരന്തം കൂടിയാണിത്.

ഖുര്‍ആനിലെ രണ്ടാം അധ്യായത്തിലെ 178-ാം സൂക്തത്തിലാണ് പ്രതിക്രിയ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു എന്നും, ഘാതകരുടെ മേലാണ് അത് നടപ്പാക്കേണ്ടത് എന്നും അല്ലാഹു പറയുന്നത്. തുടര്‍ന്നു പറയുന്നത് വധിച്ചവന് വധിക്കപ്പെട്ടവരുടെ കുടുംബം വിട്ടുവീഴ്ച നല്‍കുന്നതിനെ കുറിച്ചാണ്.  വിട്ടുവീഴ്ച രണ്ടു തരത്തിലാവാം: ഒന്ന് നിരുപാധികമായ വിട്ടുവീഴ്ചയാണ്. രണ്ടാമത്തേത് പണം വാങ്ങി നല്‍കുന്ന വിട്ടുവീഴ്ചയാണ്.  വിട്ടുവീഴ്ചയെ അല്ലാഹുവും  പ്രവാചകനും പ്രോല്‍സാഹിപ്പിച്ചു. അവിടെ മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യത്തെ ഓർമപ്പെടുത്തുകയും ഇത് ദൈവത്തിന്റെ  ഭാഗത്തുനിന്നുള്ള ലഘൂകരണവും കാരുണ്യവുമാണെന്ന് പറയുകയും ചെയ്യുന്നു. ഇതിലെ വ്യവസ്ഥകള്‍ ഏറ്റവും സുന്ദരമായ നിലയില്‍ പാലിക്കണമെന്നും അതിനു ശേഷം അതിക്രമങ്ങള്‍ കാണിക്കരുതെന്നും ഓർമപ്പെടുത്തുന്നു.

വധശിക്ഷാ ചര്‍ച്ചയില്‍ പരിഗണിക്കേണ്ട രണ്ട് തലങ്ങളുണ്ട്. ഒന്ന്, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ഹൃദയവികാരങ്ങളാണ്. രണ്ട്, ഘാതകന്റെ  ജീവിതവുമായി ബന്ധപ്പെട്ട മാനുഷിക തലമാണ്. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന അക്രമ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ - പ്രത്യേകിച്ച് കൊലപാതകങ്ങള്‍ - സാമാന്യ മനുഷ്യരുടെ പ്രതികരണം കൊന്നവനെ ഏതു വിധേനയും കൊല്ലണം എന്നായിരിക്കും. അവന് അല്ലെങ്കില്‍ അവള്‍ക്ക് ഒരു മാപ്പും നല്‍കരുത് എന്ന് പൊതുജനമനസ്സുകള്‍ വിളിച്ചുപറയുന്നതിന് നാം എത്രയോ സാക്ഷിയായിട്ടുണ്ട്. മറുഭാഗത്ത് ആധുനിക ബൗദ്ധികത, ഘാതകന്റെ ജീവിക്കാനുള്ള അവകാശത്തിനൊപ്പം നിന്ന് സംസാരിക്കുന്നതും കാണാം. വിഷയത്തിന്റെ ഈ രണ്ടു തലങ്ങളെയും ഇസ്‌ലാം ഇസ്‌ലാമിന്റെതായ രീതിയില്‍ സമന്വയിപ്പിക്കുകയാണ് ചെയ്യുന്നത്.

കൊലപാതകത്തിനുള്ള അടിസ്ഥാനപരമായ ശിക്ഷ പ്രതിവധം തന്നെയാണ്. അപ്പോള്‍ മാത്രമേ മനുഷ്യജീവന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കപ്പെടുകയും മനുഷ്യജീവന് വിലയുണ്ടാവുകയുമുള്ളൂ. എത്ര നിസ്സാരമായ കാര്യങ്ങള്‍ക്കാണ് നമ്മുടെ നാട്ടിലുള്‍പ്പെടെ മനുഷ്യരെ കൊല്ലുന്നത്. പ്രണയിച്ച പെണ്‍കുട്ടി  വിവാഹത്തിന് വിസമ്മതിച്ചാല്‍  വധിക്കപ്പെടാം. പാര്‍ട്ടി  വിട്ടവന്  പാര്‍ട്ടി വധം വിധിക്കാം. എതിർ പാര്‍ട്ടിപ്രവര്‍ത്തകന്‍ സ്വന്തം സ്ഥാനാർഥിയെ തെരഞ്ഞെടുപ്പില്‍ ന്യായമായ രീതിയില്‍ വോട്ട് സമാഹരിച്ച് വിജയിപ്പിച്ചാല്‍ അവന്‍ വധിക്കപ്പെടാം. കൊന്നാല്‍ താനും കൊല്ലപ്പെടും എന്ന സാമൂഹികാന്തരീക്ഷം ഉണ്ടെങ്കില്‍ മാത്രമേ മനുഷ്യജീവന്‍ സുരക്ഷിതമാവുകയുള്ളൂ. ജീവനു പകരം ജീവന്‍ എന്ന നിയമവ്യവസ്ഥ കൃത്യമായി നടപ്പാക്കുന്നേടങ്ങളില്‍ മറ്റുള്ള സ്ഥലങ്ങളെക്കാള്‍ കൊലപാതകങ്ങളുടെ നിരക്ക് കുറവാണ് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.

അപ്പോഴും ഘാതകന്റെ മാനുഷിക തലത്തെ ഇസ്‌ലാം സമ്പൂർണമായി അവഗണിക്കുന്നില്ല. പക്ഷേ, അത് പരിഗണിക്കാനുള്ള അവകാശം ഗവണ്‍മെന്റുകള്‍ക്കോ കോടതികള്‍ക്കോ അല്ല, കൊല്ലപ്പെട്ടവരുടെ കുടുംബത്തിനാണ് എന്ന് നിഷ്‌കര്‍ഷിക്കുകയാണ് ഇസ്‌ലാം ചെയ്തത്. നേരത്തെ സൂചിപ്പിച്ചതുപോലെ വിട്ടുവീഴ്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു; നിര്‍ബന്ധമാക്കിയില്ല. നിര്‍ബന്ധമാക്കിയാല്‍ വധശിക്ഷാ നിയമവും അതിലൂടെ സമൂഹത്തില്‍ ഉണ്ടാവേണ്ട സദ്ഫലങ്ങളും റദ്ദാക്കപ്പെടുകയാണ് ചെയ്യുക.

ആധുനിക ലിബറലുകള്‍ വധശിക്ഷ എന്ന വിഷയത്തിലെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ വികാരങ്ങളെയും, കൊലപാതകം എന്ന മനുഷ്യരാശിയോട് തന്നെയുള്ള അക്രമത്തെയും കാണാതിരിക്കുകയും ഘാതകന്റെ മനുഷ്യാവകാശത്തെ മാത്രം കാണുകയുമാണ് ചെയ്യുന്നത്. വ്യക്തിവാദം ജീവിച്ചിരിക്കുന്നവരുടെ അവകാശത്തിന്റെ മാത്രം പ്രത്യയശാസ്ത്രമായി മാറുന്നു. ജീവിച്ചിരിക്കുന്നവരുടെ ജീവിച്ചിരിക്കാനുള്ള അവകാശത്തെപ്പോലും മറന്നുകളയുന്ന സമഗ്രതയും ഉദ്ഗ്രഥനവും ഇല്ലാത്ത വ്യക്തിവാദമാണിത്.

മറുഭാഗത്ത് കമ്യൂണിസം പോലുള്ള ആധുനിക പ്രത്യയശാസ്ത്രങ്ങള്‍, സമൂഹത്തിന്റെ താല്‍പര്യത്തിനുവേണ്ടി വ്യക്തികളോട് ഏതു തരത്തിലുള്ള അതിക്രമങ്ങളും നടത്താം എന്നു സിദ്ധാന്തിക്കുന്നവരാണ്. വർഗരഹിത സമൂഹത്തിന്റെ നിർമാണത്തിനുവേണ്ടി ആരെയും വധിക്കാം എന്നതാണ് കമ്യൂണിസ്റ്റ് ധാര്‍മികത. ലിബറലുകളുടേത് വ്യക്തിവാദത്തിന്റെ അതിരുകവിച്ചിലാണെങ്കില്‍ കമ്യൂണിസ്റ്റുകളുടേത് സാമൂഹികവാദത്തിന്റെ അതിരുകവിച്ചിലാണ്.  ഇസ്‌ലാം വ്യക്തി - സമൂഹ താല്‍പര്യങ്ങളെ സമന്വയിപ്പിക്കുന്ന മധ്യ മാര്‍ഗമാണ്. അബുല്‍ അഅ്ലാ മൗദൂദി ചൂണ്ടിക്കാട്ടിയ പോലെ, ഗോത്രങ്ങള്‍ പ്രതിക്രിയയില്‍ അതിരുകവിഞ്ഞവരാണെങ്കില്‍ ആധുനികര്‍ ഘാതകനോടുള്ള വിട്ടുവീഴ്ചയില്‍ അതിരുകവിയുന്നവരാണ്. ഇതിനെ രണ്ടിനെയും ശരിയായ വിധത്തില്‍ സമതുലിതമാക്കുകയാണ് ഇസ്ലാം  ചെയ്യുന്നത്.

ഘാതകനെ വധിക്കുമ്പോള്‍ ഒരാള്‍ കൂടി കൊല്ലപ്പെടുകയല്ലേ ചെയ്യുന്നത് എന്ന് വധശിക്ഷാവിരുദ്ധ ലിബറലുകള്‍ എപ്പോഴും ചോദിക്കാറുണ്ട്.  'ബുദ്ധിയുള്ളവരേ,  പ്രതിക്രിയയില്‍ നിങ്ങള്‍ക്ക് ജീവിതമുണ്ട്' എന്നാണ് ഖുര്‍ആന്‍ പറയുന്നത്.  ജീവന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന  നിയമത്തിന്റെയും സംസ്‌കാരത്തിന്റെയും അഭാവത്തില്‍ മനുഷ്യര്‍ നിര്‍ബാധം കൊല്ലപ്പെട്ടുകൊണ്ടിരിക്കും. വധശിക്ഷ നീതിപൂർവം നടപ്പാക്കിയാല്‍ അത് ജീവന് സുരക്ഷിതത്വം നല്‍കും. അവിടെ യഥാർഥത്തില്‍ പുലരുന്നത് മരണമല്ല, ജീവിതമാണ്.  ഇന്ത്യ  പോലുള്ള  രാജ്യങ്ങളില്‍ അപൂർവങ്ങളില്‍ അപൂര്‍വങ്ങളായ വധക്കേസുകളിലാണ് വധശിക്ഷ വിധിക്കുന്നത്. അങ്ങനെ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്നവരില്‍ മഹാ ഭൂരിഭാഗവും ദലിത് - പിന്നാക്ക ന്യൂനപക്ഷ സമൂഹങ്ങളില്‍ നിന്നുള്ളവരാണ് എന്ന വിമര്‍ശനം ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇത് പ്രതിക്രിയ എന്ന ശിക്ഷാരീതിയുടെ  പ്രശ്‌നമല്ല. അത് നടപ്പാക്കുന്ന സാമൂഹിക രാഷ്ട്രീയ ഘടനയുടെ പ്രശ്‌നമാണ്. ഇത്തരം സാമൂഹിക രാഷ്ട്രീയ ഘടനകളുടെ പ്രശ്‌നങ്ങളും അവയുടെ അത്യാചാരങ്ങളും തുറന്നുകാട്ടപ്പെടേണ്ടവ തന്നെയാണ്.

ആധുനിക ലിബറല്‍ ഗവണ്‍മെന്റുകള്‍ ഒരിക്കലും വധശിക്ഷാ വിഷയത്തില്‍ ഇളവ് നല്‍കാനുള്ള അധികാരം കോടതികള്‍ക്കോ ഗവണ്‍മെന്റിനോ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കോ നല്‍കുന്നില്ല.  ഇസ്‌ലാമിക നിയമവും ആധുനിക ലിബറല്‍ നിയമങ്ങളും തമ്മിലുള്ള വളരെ പ്രധാനപ്പെട്ട ഒരു വ്യത്യാസമാണിത്. ബ്രിട്ടീഷ് ഇന്ത്യയില്‍ കൊളോണിയല്‍ ശക്തികളെ അത്ഭുതപ്പെടുത്തിയ ഒരു നിയമമായിരുന്നു ഇത്. മാത്രമല്ല, അത് ഒരിക്കലും വകവെച്ചു കൊടുക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അവരുടെ രാഷ്ട്രത്തെക്കുറിച്ച സങ്കല്‍പം അത് അനുവദിക്കുന്നില്ല. അവരെ സംബന്ധിച്ചേടത്തോളം പൗരന്മാരുടെ രക്തത്തിന്റെ അവകാശം സമ്പൂർണമായും സ്റ്റേറ്റില്‍ നിക്ഷിപ്തമാണ്. ശിക്ഷിക്കുന്നുണ്ടെങ്കിലും രക്ഷിക്കുന്നുണ്ടെങ്കിലും അത് സ്റ്റേറ്റിന് മാത്രമുള്ള അധികാരമാണ്. ഈ അധികാരത്തെയാണ് ഇസ്‌ലാം വികേന്ദ്രീകരിക്കുന്നത്. അടിസ്ഥാനപരമായി സ്റ്റേറ്റിന് ഘാതകനെ  വധിക്കാന്‍ അധികാരമുണ്ടെങ്കിലും കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് വിട്ടുവീഴ്ചക്കും അധികാരമുണ്ട്. ഇസ്‌ലാമിക വ്യവസ്ഥയില്‍ കൊല്ലപ്പെട്ടവന്റെ വാദി ഭരണകൂടമല്ല, കുടുംബമാണ്. പൗരന്മാരുടെ രക്തത്തിന്റെ  മുകളിലുള്ള അധികാരത്തിന്റെ പുറത്താണ്  ആധുനിക ദേശരാഷ്ട്രങ്ങള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. ഇസ്ലാം ഈ അധികാരത്തെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിലേക്ക് വികേന്ദ്രീകരിച്ചു.

ആധുനിക ഉദാര ജനാധിപത്യം  പേരില്‍ ഉദാരമാണെങ്കിലും പ്രയോഗത്തില്‍ അത്  കടുത്ത ഭരണകൂട കേന്ദ്രീകൃത സംവിധാനമാണ്. എല്ലാ പ്രധാന അധികാരങ്ങളും ഭരണകൂടത്തില്‍ നിക്ഷിപ്തമാണ്. ഇസ്‌ലാമിന്റെ സമൂഹ - ഭരണകൂട സങ്കല്പം തന്നെ ഇതില്‍നിന്ന് വ്യത്യസ്തമാണ്. ഇത്ര ഭരണകൂട കേന്ദ്രീകൃതമല്ല ഇസ്‌ലാമിന്റെ സമൂഹ സങ്കല്പം. ഭരണകൂടത്തെ എല്ലാറ്റിനും ആശ്രയിക്കേണ്ടതില്ലാത്ത വ്യക്തിയെക്കുറിച്ച സങ്കല്‍പമാണ് അതിനുള്ളത്. മാതാപിതാക്കളും മക്കളും അടങ്ങുന്ന കുടുംബം എന്നത് ഇസ്‌ലാമില്‍ വളരെ പ്രധാനപ്പെട്ട സാമൂഹിക സ്ഥാപനമാണ്.  പല അധികാരങ്ങളും ഉത്തരവാദിത്വങ്ങളും ഇസ്‌ലാം കുടുംബത്തിന് നല്‍കുന്നുണ്ട്. വിശാല കുടുംബം എന്നത് അതിനു തൊട്ടു പിറകിലുള്ള സാമൂഹിക സംവിധാനമാണ്. ലോക്കല്‍ കമ്യൂണിറ്റി എന്നതിനും ഇസ്‌ലാമില്‍ വലിയ പ്രാധാന്യമുണ്ട്. ഭരണകൂടത്തിന് പുറത്തുള്ള പൗര സമൂഹം എന്നതിനെയും ഇസ്‌ലാമിന്റെ സാമൂഹിക വിഭാവന വിലമതിക്കുന്നു. വഖ്ഫ് പോലുള്ള സംവിധാനങ്ങളിലൂടെ സമുദായം സ്വയം തന്നെ വിവിധങ്ങളായ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അതുകൊണ്ടാണ്, ചരിത്രത്തില്‍ ജനവിരുദ്ധമായ ഭരണകൂടങ്ങള്‍ നിലനിന്നിരുന്ന പല സന്ദര്‍ഭങ്ങളിലും ഇസ്‌ലാമിക സമൂഹം ജനക്ഷേമകരമായി മുന്നോട്ടുപോയത്. ലിബറല്‍ സമൂഹങ്ങളില്‍ ഭരണകൂടം ജനവിരുദ്ധമായാല്‍ ജനജീവിതത്തിന്റെ എല്ലാ അടരുകളിലും  അത്  കരിനിഴല്‍ പടര്‍ത്തും. അവിടെ ജനക്ഷേമത്തിനുള്ള ഭരണകൂടേതരമായ വഴികള്‍ വളരെ ദുര്‍ബലമായിരിക്കും.

റാശിദുല്‍ ഗനൂശി ഇസ്‌ലാമിന്റെ സാമൂഹിക രാഷ്ട്രീയ ഘടനയെകുറിച്ചെഴുതുന്നു: "സമൂഹത്തിന്റെ ചെലവില്‍ തിടംവെക്കുന്ന ഒരു സര്‍വാധിപത്യ രാഷ്ട്ര സങ്കൽപമല്ല അത്. ഇതില്‍നിന്നൊക്കെ ഭിന്നമായി ഭരണാധികാര സങ്കല്‍പം ചരിത്ര സംഭവങ്ങളുടെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ അതിന്റെ പ്രവര്‍ത്തന മണ്ഡലം പരിമിതമാണെന്ന് ബോധ്യമാകും. അതായത്, എല്ലാം രാഷ്ട്രം ചെയ്യുക എന്ന സങ്കൽപമല്ല ഉള്ളത്. വിദ്യാഭ്യാസം, നിയമാവിഷ്‌കാരം, ആരോഗ്യം, സാമൂഹിക സുരക്ഷ തുടങ്ങിയ നിരവധി മേഖലകൾ ഇസ്‌ലാമിക സമൂഹം തന്നെ നേരിട്ട് ഏറ്റെടുക്കുകയാണ് ചെയ്യുക. ഈ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ സമൂഹത്തിന് കഴിയാതെ വരുമ്പോഴാണ് രാഷ്ട്രം ഇടപെടുക. അപ്പോള്‍ ഗവണ്‍മെന്റിനെയല്ല, സമൂഹത്തെയാണ് ശക്തമാക്കുകയും പ്രാപ്തമാക്കുകയും ചെയ്യേണ്ടത്. ഈ വിധം സമൂഹം ശക്തമായി നിലകൊള്ളുമ്പോഴേ ഭരണാധികാരി അനുസരണയുള്ളവനും സഹായിയും സേവകനുമായി മാറുകയുള്ളൂ. അയാളുടെ അധികാരങ്ങള്‍ക്ക് പരിധികള്‍ ഉണ്ടാകും. ആ അധികാര ഘടന സുതാര്യമായിരിക്കും"  (ഇസ്‌ലാമിക രാഷ്ട്രത്തിലെ പൗരസ്വാതന്ത്ര്യം, പേജ് 179, 180). നിയോ ലിബറല്‍ ആഗോളവല്‍ക്കരണത്തില്‍നിന്ന് വ്യത്യസ്തമായ സമൂഹ രാഷ്ട്ര സങ്കല്‍പമാണിത്. ആഗോള വല്‍ക്കരണത്തില്‍ സംഭവിച്ചത് രാഷ്ട്രത്തിന്റെ ക്ഷേമ സംവിധാനങ്ങളെ പരമാവധി ഇല്ലാതാക്കുകയും, ശിക്ഷാധികാരങ്ങളെ കൂടുതല്‍ കടുപ്പിക്കുകയും ചെയ്യുക എന്നതാണ്. ലിബറല്‍ സമൂഹങ്ങളില്‍ സമൂഹത്തിന്റേതായ ക്ഷേമ സംവിധാനങ്ങള്‍ ശക്തമായി നിലനില്‍ക്കുകയും ചെയ്യുകയില്ല.
ആധുനിക ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് ഭരണകൂട ഭീകരതയാണ്. എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്ന ഭരണകൂട സങ്കല്‍പ്പത്തിന്റെ  സ്വാഭാവിക ഫലം കൂടിയാണിത്. ഇസ്‌ലാം അധികാരത്തിന്റെ ഈ പ്രശ്‌നത്തെ മറികടക്കുന്ന വഴികളിലൊന്ന്, അധികാരത്തെയും ഉത്തരവാദിത്വത്തെയും സമൂഹത്തിന്റെ പല വിതാനങ്ങളിലേക്ക് വികേന്ദ്രീകരിക്കുക എന്നതാണ്. അതുകൊണ്ടാണ് പൗരന്റെ രക്തത്തിന്റെ അവകാശം ഇസ്‌ലാം സമ്പൂർണമായി രാഷ്ട്രത്തിന് നല്‍കാതിരുന്നത്. l

Comments