വേണം ഒരു പ്രതിരോധ ഭാഷ
സമകാലിക ഇന്ത്യയിൽ മുസ്‌ലിം സമുദായത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ കർമപദ്ധതിയും, ഇടപെടലുകളിൽ കൃത്യതയുള്ള ഒരു രാഷ്ട്രീയ ഭാഷയും രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. എന്നാൽ, ഹിന്ദുത്വ പദ്ധതിക്കെതിരായ പ്രതിരോധത്തിന്റെ ഭാഷ വികസിപ്പിക്കുമ്പോൾ സാമ്രാജ്യത്വ-ഹിന്ദുത്വ ആഖ്യാനങ്ങളുടെ വലയത്തിൽനിന്ന് പുറത്തുകടക്കാൻ അത്തരം മുസ്ലിം ആവിഷ്കാരങ്ങൾക്ക് സാധിക്കുന്നില്ല എന്നതാണ് വാസ്തവം.
9/11-നു ശേഷം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആഭിമുഖ്യത്തിലുള്ള 'മുസ്ലിം ഭീകരത'ക്കെതിരായ സാംസ്കാരിക പദ്ധതി മുസ്ലിം ഉമ്മത്തിനെ രണ്ടായി തരം തിരിച്ചതായി പല നരവംശ ശാസ്ത്ര പഠനങ്ങളും വിലയിരുത്തുന്നുണ്ട്. ഒന്ന്, പ്രാദേശിക (Local) ഇസ്‌ലാം. സമാധാന പ്രിയരും സഹിഷ്ണുതാ മനോഭാവവുമുള്ള 'നല്ല മുസ്ലിംകൾ.' ഇത്തരം മുസ്ലിംകൾ പല നാടുകളിലായി ജീവിക്കുന്നു. അതായത്, ഭീകരതക്കെതിരായ യുദ്ധത്തിലൂടെ സാമ്രാജ്യത്വം സൃഷ്ട്ടിക്കാൻ ആഗ്രഹിക്കുന്ന നല്ല മുസ്ലിംകളിൽ ഇവർ ഉൾപ്പെടുന്നു. പാരമ്പര്യ ഇസ്ലാം എന്നൊക്കെ ഇവരെ വിശേഷിപ്പിക്കാറുണ്ട്. മറുവശത്ത് ഒരു തരം ആഗോള (Global) ഇസ്ലാം നിലനിൽക്കുന്നുണ്ട്. അത് രാഷ്ട്രീയ ഇസ്‌ലാമാണ്, തീവ്രവാദികളുടെ ഇസ്ലാമാണ്. ഇവർ രാഷ്ട്ര സംവിധാനങ്ങൾക്കും സമാധാനത്തിനും ഭീഷണിയാണ്. ഇവരെ ദേശരാഷ്ട്ര വ്യവസ്ഥയിലേക്ക് പാകപ്പെടുത്തിയെടുക്കുക, സാംസ്കാരികവൽക്കരിക്കുക, ആധുനിക പൗരന്മാരാക്കുക എന്നതാണ് സാമ്രാജ്യത്വ പദ്ധതിയുടെ ഉന്നം. അപ്പോൾ ആഗോള ഇസ്ലാമല്ല യഥാർഥ ഇസ്ലാം, ഇസ്ലാമെന്നാൽ അത് പ്രാദേശികമായ പലതരം ആചാരാനുഷ്ഠാനങ്ങൾ നിർവഹിക്കുന്ന മുസ്ലിം ജീവിതങ്ങളാണ് എന്നാണ് ഇതിലൂടെ സ്ഥാപിച്ചെടുക്കുന്നത്. ആഗോള ഇസ്ലാം ഭീകരതയാവുന്നതിലൂടെ ഇസ്ലാമിന്റെ രാഷ്ട്രീയ കർതൃത്വത്തെയാണ് ഇവിടെ അപരവൽക്കരിക്കുന്നത്. നിലനിൽക്കുന്ന ലോകത്ത് മുസ്ലിം അനുഭവിക്കുന്ന രാഷ്ട്രീയ വിവേചനങ്ങളെ, അനീതികളെ, അവകാശ ലംഘനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളെ അവഗണിക്കാനും, പ്രതിരോധങ്ങളെ ഭീകരവൽക്കരിക്കാനും ഇതിലൂടെ സാധിക്കും.
ഇന്ത്യൻ മുസ്ലിംകൾ അനുഭവിക്കുന്ന രാഷ്ട്രീയ പ്രതിസന്ധികൾ, ആൾക്കൂട്ട കൊലകൾ, പൗരത്വ ബില്ലിനെ തുടർന്ന് രാജ്യത്തുണ്ടായ മുസ്ലിം സമരങ്ങൾ, ബാബരി വിധിയാനന്തരമുള്ള സ്ഥിതിവിശേഷം തുടങ്ങിയ വിഷയങ്ങളിലെ വിവേചനങ്ങളെ മുൻനിർത്തിയുള്ള രാഷ്ട്രീയ ചോദ്യങ്ങളുന്നയിക്കുമ്പോൾ, അത് തീവ്രവാദവും കലാപത്തിനുള്ള ആഹ്വാനവുമായി ചിത്രീകരിക്കുന്ന ഭാഷയെ മുസ്ലിം നേതൃത്വങ്ങൾ തിരിച്ചറിയുന്നില്ലെന്ന് മാത്രമല്ല, അതേ ഭാഷ തന്നെ ഉപയോഗിച്ച് 'നല്ല മുസ്ലിം' (Good Muslim) ആവാനുള്ള തത്രപ്പാടിലാണവർ. 9/11-നു ശേഷമുള്ള മുസ്ലിം വിഷയിയെ കുറിച്ചുള്ള സുരക്ഷാ ആശങ്കകൾ (Security Discourse) മുൻനിർത്തി നല്ല മുസ്ലിം /ചീത്ത മുസ്ലിം എന്ന ദ്വന്ദ്വത്തിലൂന്നിയ ആവിഷ്കാരങ്ങൾ നിലവിൽവന്നതായി കാണാം. മതത്തെ കുറിച്ചുള്ള സെക്യുലർ /മതേതര യുക്തിക്ക് അനുയോജ്യമായ മുസ്ലിം ജീവിതങ്ങൾ നല്ല മുസ്ലിംകളും, നീതിയെ കുറിച്ചും അവകാശനിഷേധത്തെ കുറിച്ചുമുള്ള ചോദ്യങ്ങളുന്നയിക്കുന്ന രാഷ്ട്രീയ ഉള്ളടക്കമുള്ള മുസ്ലിം ആവിഷ്കാരങ്ങൾ ചീത്ത മുസ്ലിംകളും സമാധാനത്തിന് ഭീഷണിയും, അതുകൊണ്ടു തന്നെ പരിഷ്കരിക്കപ്പെടേണ്ടവരുമാണെന്നാണ് ഇതിന്റെ ചുരുക്കം. രാഷ്ട്രീയ ഉള്ളടക്കമില്ലാത്ത ഇസ്‌ലാമാണ് യഥാർഥ പാരമ്പര്യ ഇസ്ലാമെന്നും, അല്ലാത്തത് രാഷ്ട്രീയ ഇസ്ലാമും അകറ്റപ്പെടേണ്ടതുമാണെന്നുമുള്ള പൊതുബോധം ഇവിടെ മുസ്ലിം സമൂഹങ്ങളിൽ പോലും രൂപപ്പെട്ടു. ഇത്തരത്തിൽ മുസ്ലിം രാഷ്ട്രീയ ഉള്ളടക്കത്തെ തന്നെ റദ്ദ് ചെയ്യുന്ന പ്രക്രിയക്ക് ഇടത് മതേതര പൊതുമണ്ഡലവും പിന്തുണ നൽകുന്നത് കാണാം. ചരിത്രപരമായി തന്നെ ഇടത് വ്യവഹാരങ്ങൾ വെച്ചുപുലർത്തുന്ന അന്ധമായ മത വിരോധവും, മത വ്യവഹാരങ്ങളോട് സംവദിക്കാനുള്ള ആശയദാരിദ്ര്യവുമാണ് മുസ്ലിം രാഷ്ട്രീയ പ്രതിനിധാനങ്ങളോടുള്ള അവരുടെ സമീപനത്തിൽ കാണാൻ സാധിക്കുക.
അവകാശങ്ങൾക്കു വേണ്ടി ഉയർന്നു വരുന്ന മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനങ്ങളെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തോട് സമീകരിക്കുന്ന പൊതു ബോധം ഇവിടെ മതത്തെ കുറിച്ചുള്ള മതേതര യുക്തിയിൽനിന്ന് രൂപംകൊള്ളുന്നതാണ്. അതായത്, രാഷ്ട്രീയ ഉള്ളടക്കം മതങ്ങളിൽ ഒരിക്കലും സാധ്യമല്ലെന്നുള്ള ആഖ്യാനമാണ് ഇത് നിർമിക്കുന്ന പൊതുബോധം. അതുകൊണ്ടു തന്നെ നിങ്ങൾ ആചാരങ്ങൾ നിർവഹിച്ചുകൊള്ളൂ, പക്ഷേ നിങ്ങൾ നേരിടുന്ന വിവേചനങ്ങൾ മതേതര രാഷ്ട്രീയ സംവിധാനങ്ങളിലൂടെ മാത്രമേ ഉന്നയിക്കാവൂ എന്നാണവർ പറയുന്നത്.
ഇതെല്ലാം മുസ്ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം സ്വന്തമായ രാഷ്ട്രീയ അസ്തിത്വം നിലനിർത്തിക്കൊണ്ട്, അതിനനുസൃതമായ പ്രതിരോധത്തിന്റെ ഭാഷ വികസിപ്പിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അങ്ങനെയൊരു പ്രതിരോധ ഭാഷ വികസിപ്പിക്കാൻ ഇന്ത്യൻ മുസ്‌ലിമിന് സഹായകമാവുന്ന ഒരു ആശയമാണ് ഉമ്മത്ത്. ഇസ്ലാമിക ചിന്തയിൽ വളരെ വിശാലമായ വേരുകളുള്ള ആശയമാണ് ഉമ്മത്ത്. മുസ്ലിമിന്റെ രാഷ്ട്രീയം എന്ന് പറയുന്നതിലുപരി, ഉമ്മത്തിന്റെ കർതൃത്വം എന്ന് പറയാൻ കഴിയണം. കാരണം, രാഷ്ട്രീയം/ Politics എന്ന ആശയം ഗ്രീക്ക് ചിന്തയിൽനിന്ന് ഉൽഭവിച്ചതാണ്. അത് ഒരു നഗരത്തിന്റെ രാഷ്ട്രീയ സങ്കൽപ്പത്തിൽ പരിമിതമാണ്. എന്നാൽ, ഉമ്മത്ത് എന്ന ആശയം മുസ്ലിം സമൂഹത്തിന്റെ വിശാലമായ സാമൂഹിക-രാഷ്ട്രീയ മേഖലയിലേക്ക് വ്യാപിക്കുന്ന ഒന്നാണ്. അത് Politics എന്ന ആശയത്തിൽനിന്ന് എത്രയോ വ്യത്യസ്തവും വിശാലവുമായ ആശയം ഉൾവഹിക്കുന്നതാണ്. നിരന്തരമായ അപരവൽക്കരണത്തിൽനിന്ന് ഇന്ത്യൻ മുസ്ലിമിന് രക്ഷ നൽകുന്ന ഒരു രാഷ്ട്രീയ സാധ്യതയായി ഉമ്മത്തെന്ന ആശയത്തെ മനസ്സിലാക്കണം. അഥവാ മുസ്ലിം കർതൃത്വത്തിന്റെ ആവിഷ്കാരങ്ങളും, ലോകക്രമത്തിനകത്തെ അതിന്റെ അരികു വൽക്കരണവും മുസ്ലിം സമൂഹത്തെ ഉമ്മത്തായി വിഭാവനം ചെയ്യാൻ കഴിയേണ്ട ഒരു രാഷ്ട്രീയ ഘടനയുടെ സംസ്ഥാപനത്തെ അനിവാര്യമാക്കിത്തീർക്കുന്നുണ്ട്. ഇവിടെ ഉമ്മത്ത് എന്ന ആശയം ഒരു ഭരണ സംവിധാനമായല്ല മനസ്സിലാക്കേണ്ടത്; പകരം മുസ്ലിമിന്റെ പൊതു ഇടങ്ങളെ നിഷേധിക്കുന്ന മതേതര ലിബറൽ വ്യവഹാരങ്ങളെ പ്രശ്നവൽക്കരിക്കാനും, ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയ കർതൃത്വത്തെ വികസിപ്പിച്ചെടുക്കാനും സഹായകമാവുന്ന ആശയമെന്ന നിലയ്ക്കാണ് മനസ്സിലാക്കേണ്ടത്.
ഉമ്മത്ത് എന്ന ആശയം ഇന്ത്യൻ മുസ്ലിമിന്റെ രാഷ്ട്രീയ കർതൃത്വത്തെ അടയാളപ്പെടുത്തുന്ന ഘടകമായി മാറണം. ഒരേസമയം ഇടത് മതേതര രാഷ്ട്രീയ വലയത്തെയും, തീവ്ര ഹിന്ദുത്വ വലതുപക്ഷ രാഷ്ട്രീയത്തെയും പ്രതിരോധിക്കാൻ കഴിയുന്ന രാഷ്ട്രീയ ഭാഷയായി അതിനെ വികസിപ്പിക്കാൻ കഴിയണം. അത് ദേശ രാഷ്ട്രത്തിന്റെ സാമാന്യ ധാരണകളെ അപനിർമിക്കാൻ പ്രാപ്തമാക്കുന്ന ഒന്നാകണം. ഉമ്മത്തെന്ന അവബോധത്തിൽനിന്ന് മുസ്ലിമിനെ തടയുന്ന സാമൂഹികവും രാഷ്ട്രീയവും ധാർമികവുമായ അധികാര ഘടനകളെ തിരിച്ചറിയാനും പ്രശ്നവൽക്കരിക്കാനും മുസ്ലിം നേതൃത്വങ്ങൾക്ക് കഴിയണം. l
Comments