Prabodhanm Weekly

Pages

Search

2024 മാർച്ച് 15

3344

1445 റമദാൻ 05

രണ്ട് തുള്ളികള്‍, രണ്ട് അടയാളങ്ങള്‍

അലവി ചെറുവാടി

عَنْ  أَبِي أُمَامَةَ البَاهِلِي عَنِ النَّبِيّ صَلَّى اللَّهُ عَلَيْهِ وَسَلَّم قَال: لَيْسَ شَيْءٌ أَحَبَّ إِلَى اللهِ مِنْ قَطْرَتَيْنِ وَأَثَرَيْن : قَطْرَةُ دُمُوعٍ مِن خَشْيَةِ اللهِ ، وَقَطْرَةُ دَمٍ تُهْرَاقُ فِي سَبِيلِ اللهِ ، وَأَمَّا الْأَثَرَانِ فَأَثَرٌ  فِي سَبِيلِ اللهِ ، وَأَثَرٌ  فِي فَرِيضَةٍ مِنْ فَرَائِضِ اللهِ عَزَّ وَجَلَّ (ترمذي)

അബൂ ഉമാമ അല്‍ ബാഹിലിയില്‍നിന്ന്. നബി(സ) പറഞ്ഞു: ''രണ്ടു തുള്ളികളെക്കാളും രണ്ട് അടയാളങ്ങളെക്കാളും അല്ലാഹുവിന് ഇഷ്ടപ്പെട്ട ഒന്നുമില്ല. അല്ലാഹുവിനെ ഭയന്നുകൊണ്ടുള്ള ഒരു തുള്ളി കണ്ണുനീര്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചിന്തപ്പെടുന്ന ഒരു തുള്ളി രക്തം. അടയാളങ്ങളാവട്ടെ, അല്ലാഹുവിന്റെ മാര്‍ഗത്തിലെ ഒരടയാളം. മറ്റൊന്ന് അല്ലാഹുവിന്റെ ഫര്‍ദുകളില്‍ ഒരു ഫര്‍ദ് നിര്‍വഹിച്ചതിന്റെ അടയാളം'' (തിര്‍മിദി).

സര്‍വശക്തനായ അല്ലാഹുവിനെ ഭയന്ന് അടിമയുടെ കണ്ണുകളില്‍നിന്ന് ഉതിര്‍ന്നുവരുന്ന ബാഷ്പകണങ്ങളെ കുറിച്ചാണ് ഈ ഹദീസില്‍ ഒന്നാമതായി പറയുന്നത്. ഹൃദയധമനികളില്‍നിന്ന് നിര്‍ഗമിക്കുന്നതാണത്. ഭയംകൊണ്ട് ഉദ്ദേശിക്കുന്നത്, അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ചും തെറ്റുകുറ്റങ്ങളുടെ അന്തിമ ഫലത്തെക്കുറിച്ചുമുള്ള ഭയം, അല്ലാഹുവിനെ കണ്ടുമുട്ടാനുള്ള ഉല്‍ക്കടമായ ആഗ്രഹം, സ്വര്‍ഗീയാനന്ദത്തെക്കുറിച്ച പ്രതീക്ഷ, നരക ദണ്ഡനത്തിന്റെ കാഠിന്യത്തെക്കുറിച്ച വിഭ്രാന്തി, ഭയഭക്തി എന്നിവയാണ്.

ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ വചനങ്ങളുടെ സാരാര്‍ഥ ഗാംഭീര്യം ഹൃദയത്തില്‍ ആവാഹിച്ച് കണ്ണുകള്‍ ഈറനണിഞ്ഞ സ്വഹാബാ കിറാമിന്റെ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നബി(സ) രോഗം ഗുരുതരമായ സന്ദര്‍ഭത്തില്‍ അബൂബക്‌റി(റ)നെ ഇമാമായി നിശ്ചയിച്ചപ്പോള്‍, സ്വപുത്രിയും നബിയുടെ പത്‌നിയുമായ ആഇശ(റ)യുടെ പ്രതികരണം, നമസ്‌കാരത്തില്‍ അബൂബക്‌റി(റ)ന്റെ ഖുര്‍ആന്‍ പാരായണത്തെ കരച്ചില്‍ അതിജയിക്കും എന്നായിരുന്നു.

സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ട പത്ത് സ്വഹാബികളില്‍ ഒരാളായ അബ്ദുര്‍റഹ്്മാനിബ്‌നു ഔഫ് നോമ്പുകാരനായിരിക്കെ, തന്റെ മുന്നില്‍ കൊണ്ടുവരപ്പെട്ട നോമ്പുതുറ വിഭവങ്ങള്‍ കണ്ടപ്പോള്‍, ഉഹുദില്‍ രക്തസാക്ഷിത്വം വരിച്ച മിസ്വ്അബുബ്‌നു ഉമൈറിന്റെ ജനാസ കഫന്‍ ചെയ്യാന്‍ വസ്ത്രം നീളം തികയാതെ അവസാനം കാലിന്റെ ഭാഗം പുല്ലുകൊണ്ട് മറച്ചതിനെ അനുസ്മരിച്ചുകൊണ്ട് വിതുമ്പുകയുണ്ടായി. ഇതൊക്കെയും ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട 'അല്ലാഹുവിനെ ഭയന്നതു മൂലമുണ്ടാകുന്ന തുള്ളി'ക്ക് ഉദാഹരണങ്ങളാണ്.

രണ്ടാമത്തേത്, ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോള്‍ പരിക്കുപറ്റി ശരീരത്തില്‍നിന്നുതിരുന്ന രക്തത്തുള്ളിയാണ്. ദീനിന്റെ ഇസ്സത്ത് ഉയര്‍ത്തിപ്പിടിക്കാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവന്‍ നല്‍കാന്‍ സന്നദ്ധമാവുക എന്നത് മഹത്തായ പുണ്യകര്‍മമാണ്. ദീനീ പ്രബോധന മാര്‍ഗത്തില്‍ ഏല്‍ക്കേണ്ടി വരുന്ന പരിക്കുകളും ഈ ഗണത്തില്‍ ഉള്‍പ്പെടും.

പിന്നീട് പറയുന്ന രണ്ട് അടയാളങ്ങളില്‍ ഒന്നാമത്തേത്, ഇഖാമത്തുദ്ദീനിന്റെ മാര്‍ഗത്തില്‍ ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ ശരീരത്തിനേല്‍ക്കുന്ന പരിക്കുകളുടെ അടയാളങ്ങളാവാം, അല്ലെങ്കില്‍ ജീവിതാന്ത്യം വരെ നിലനില്‍ക്കുന്ന വൈകല്യത്തിന്റെതാകാം, അതുമല്ലെങ്കില്‍ അവയവങ്ങള്‍ ഛേദിക്കപ്പെട്ടതിന്റെതാകാം.

രണ്ടാമത്തെ അടയാളമായി പറയുന്നത്, ഫര്‍ദ് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനാല്‍ വന്നുഭവിക്കുന്ന അടയാളങ്ങളാണ്. വുദൂ നിര്‍വഹിച്ചതിനാല്‍ ശരീരാവയവങ്ങളില്‍ ബാക്കിയാവുന്ന അടയാളം, നമസ്‌കാരത്തിനായി പുറപ്പെട്ടതിന്റെയും നമസ്‌കാരം നിര്‍വഹിച്ചതിന്റെയും പേരില്‍ അവയവങ്ങളില്‍ അവശേഷിക്കുന്ന അടയാളങ്ങള്‍, നോമ്പനുഷ്ഠിക്കുക വഴി ഉണ്ടായിത്തീരുന്ന ശാരീരിക പ്രയാസങ്ങള്‍, ദീര്‍ഘനേരം നിന്നു നമസ്‌കരിക്കുന്നത് മൂലം കാലുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ഹജ്ജ് നിര്‍വഹണത്തില്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ എന്നിവ മേല്‍ സൂചിപ്പിച്ച അടയാളത്തിന് ഉദാഹരണങ്ങളാണ്. l

Comments