ഖുര്‍ആന്‍ എന്ന മധുരാനുഭൂതി
'എന്റെ റമദാന്‍ അനുഭൂതികള്‍' എന്ന വിഷയത്തെക്കുറിച്ച് ഒരു കുറിപ്പെഴുതുക എന്നത് ക്ഷിപ്രസാധ്യമായ കാര്യമല്ല. കാരണം, ഒരു യഥാര്‍ഥ മുസ് ലിമിനെ സംബന്ധിച്ചേടത്തോളം റമദാന്‍ വ്രതവും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മഹത്തായ ആത്മീയാനുഭൂതികളാണ്. നോമ്പിന്റെ ആരംഭം കുറിച്ചുകൊണ്ട് 'അത്താഴം' കഴിക്കുന്നത് മുതല്‍ നോമ്പ് തുറക്കുന്നത് വരെയും അതിനു ശേഷം രാത്രിയുടെ യാമങ്ങളിലും ഒരു മുസ് ലിം നിര്‍വഹിക്കുന്ന ആരാധനകളും പ്രാര്‍ഥനകളും സല്‍ക്കര്‍മങ്ങളുമെല്ലാം അവന്/അവള്‍ക്ക് ആത്മീയ നിര്‍വൃതി നല്‍കുന്ന അനുഭൂതികളാണ്. അതുകൊണ്ട് അവയില്‍നിന്ന് ഒന്നോ ഒന്നിലധികമോ എണ്ണം തെരഞ്ഞെടുത്ത് പറയുകയെന്നത് എളുപ്പമല്ല.
'നോമ്പുകാരന് രണ്ട് സന്തോഷ മുഹൂര്‍ത്തങ്ങളുണ്ട്, ഒന്ന് നോമ്പ് തുറക്കുമ്പോഴും മറ്റേത് പരലോകത്ത് അവന്‍ തന്റെ റബ്ബിനെ കണ്ടുമുട്ടുമ്പോഴും' എന്ന അര്‍ഥത്തില്‍ ഒരു പ്രവാചക വചന (ഹദീസ്) മുണ്ടല്ലോ. അതില്‍ പറഞ്ഞ ഒന്നാമത്തെ സന്തോഷം അതായത്, നോമ്പ് അവസാനിപ്പിക്കുമ്പോഴുള്ള ചാരിതാര്‍ഥ്യവും സംതൃപ്തിയും അനിര്‍വചനീയമായ ഒരു ആത്മീയ അനുഭൂതി തന്നെയാണ്. അത് നമ്മളെല്ലാം റമദാന്‍ മാസത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്. രണ്ടാമത്തെ സന്തോഷം, ഇപ്പോള്‍ നമുക്ക് ഗ്രഹിക്കാന്‍ കഴിയാത്ത, നമ്മുടെ ഭാവനക്കും ധാരണക്കും അതീതമായ മറ്റൊരു ലോകത്ത് സംഭവിക്കുന്ന കാര്യമായതു കൊണ്ട് നമുക്ക് അതിനെ കുറിച്ച് ഒന്നും പറയാന്‍ സാധ്യമല്ല.
ഈ പറഞ്ഞ എല്ലാ റമദാന്‍ അനുഭൂതികളും എല്ലാ മുസ് ലിംകളെയും പോലെ തന്നെ എന്റെയും അനുഭവമാണ്. എന്നാല്‍, അവയിലേതെങ്കിലുമൊന്ന് തെരഞ്ഞെടുത്ത് പറയാന്‍ എന്നോടാവശ്യപ്പെട്ടാല്‍ ഞാന്‍ ഒരു കാര്യം പറയും: റമദാന്‍ മാസത്തില്‍ 'മനുഷ്യരാശിക്ക് മാര്‍ഗദര്‍ശകമായി ഏതൊരു ദൈവിക ഗ്രന്ഥത്തിന്റെ അവതരണാരംഭമാണോ നടന്നത് (ഖുര്‍ആന്‍ 2:185), ആ വിശുദ്ധ ഖുര്‍ആനുമായുള്ള ഗാഢവും തീവ്രവുമായ ബന്ധത്തില്‍നിന്നുളവാകുന്ന ആത്മീയ നിര്‍വൃതിയാണത്. ഒരു മുസ് ലിം തന്റെ ജീവിതം മുഴുവന്‍ വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെടാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍, ഈ ബന്ധം കൂടുതല്‍ ദൃഢവും അര്‍ഥപൂര്‍ണവുമാകുന്നത്, ഖുര്‍ആന്‍ അവതരണ ആഘോഷ വേളയായ റമദാന്‍ മാസത്തിലാണ്. അതില്‍നിന്ന് നോമ്പുകാരന് ലഭിക്കുന്ന ആത്മീയാനുഭൂതി വിവരണാതീതമാണ്.
ഖുര്‍ആന്റെ നിരന്തരമായ പാരായണം, ശ്രവണം, പഠനം, മനനം, വിചിന്തനം തുടങ്ങി വിവിധ രീതികളില്‍ നോമ്പുകാരന്‍ ആ വിശുദ്ധ ഗ്രന്ഥവുമായി ബന്ധം പുലര്‍ത്തുന്നു. ഈ കുറിപ്പുകാരനും കഴിവനുസരിച്ച് അതൊക്കെ ചെയ്യുന്നുണ്ട്. ശ്രവണമധുരമായ ശബ്ദത്തില്‍ ഖുര്‍ആന്‍ ഓതിക്കേൾക്കുന്നത് തന്നെ ഒരു മധുരാനുഭൂതിയായി കുട്ടിക്കാലത്ത് എനിക്കനുഭവപ്പെട്ടിട്ടുണ്ട്. ഞാന്‍ ജനിച്ചുവളര്‍ന്ന കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍ എന്ന ഗ്രാമത്തിലെ 'എരഞ്ഞിന്‍ കീഴില്‍' എന്ന പ്രദേശത്തെ പള്ളിയില്‍ അവിടുത്തെ ഇമാമും ഖത്വീബുമായിരുന്ന, മഹാ സാത്വികനും പരമ ഭക്തനും സര്‍വാദരണീയനുമായ മര്‍ഹൂം എടപ്പാറ കുഞ്ഞഹമ്മദ് മൗലവി, തറാവീഹ് നമസ്‌കാരങ്ങളില്‍ തന്റെ മധുരമായ സ്വരത്തിലും ഭക്തിനിർഭരമായ രീതിയിലും ഖുര്‍ആന്‍ ഓതിയിരുന്നത്, ആ ദൈവ വചനങ്ങളുടെ അര്‍ഥം അന്ന് അറിയുമായിരുന്നില്ലെങ്കിലും കുട്ടിയായിരുന്ന എന്റെ മനസ്സില്‍ അഗാധമായ സ്വാധീനം ചെലുത്തിയിരുന്നു. പിന്നീട്, ഞാന്‍ വലുതായപ്പോള്‍, എന്റെ മനസ്സിനെ ഏറ്റവുമധികം സ്പര്‍ശിക്കുകയും ആകര്‍ഷിക്കുകയും ചെയ്ത മറ്റൊരു ഖുര്‍ആന്‍ പാരായണം കേട്ടത്, ഞാന്‍ അലീഗഢ് മുസ് ലിം യൂനിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിച്ചുകൊണ്ടിരുന്ന കാലത്തായിരുന്നു.
യൂനിവേഴ്‌സിറ്റി മസ്ജിദിലെ ഇമാം (പേര് ഇപ്പോള്‍ ഓര്‍ക്കുന്നില്ല) റമദാനിലെ തറാവീഹ് നമസ്‌കാരങ്ങളില്‍ അത്യന്തം ഹൃദ്യവും ശ്രവണമധുരവുമായി ഖുര്‍ആന്‍ ഓതിയിരുന്നത് എനിക്കൊരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവവും അനുഭൂതിയുമായിരുന്നു. അവിടെ തറാവീഹ് ഇരുപത് റക്അത്തും ഓതുന്ന ഖുര്‍ആന്‍ ഭാഗങ്ങള്‍ സുദീര്‍ഘവും ആയിരുന്നുവെങ്കിലും ആ ഖുര്‍ആന്‍ പാരായണം കാരണം ഒരു മടുപ്പും അനുഭവപ്പെട്ടിരുന്നില്ല. ഈ രണ്ട് ഇമാമുമാരുടെ -എടപ്പാറ ഉസ്താദിന്റെയും അലീഗഢ് ഇമാമിന്റെയും- ഖുര്‍ആന്‍ പാരായണം മാത്രമല്ല, മറ്റു ചിലരുടെയും പാരായണവും എന്നെ ഹഠാദാകര്‍ഷിച്ചിരുന്നു. വിസ്താര ഭയത്താൽ അതിനെക്കുറിച്ചൊന്നും എഴുതുന്നില്ല.
എന്നാല്‍, ഖുര്‍ആനിനോടുള്ള ഒരു മുസ് ലിമിന്റെ ഉത്തരവാദിത്വങ്ങള്‍ അതിന്റെ പാരായണത്തിലും ശ്രവണത്തിലും ഒതുങ്ങുന്നതല്ല; അത് ഒരു ചെറിയ ഭാഗം മാത്രം. ഖുര്‍ആനിലെ ആശയങ്ങളും അര്‍ഥവും അധ്യാപനങ്ങളും തത്ത്വങ്ങളും ഗ്രഹിക്കുകയും അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും അതിന്റെ വെളിച്ചം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം.
നമ്മുടെ ജീവിതത്തിലുടനീളം നാം അത് ചെയ്യേണ്ടതാണെങ്കിലും വിശുദ്ധ ഖുര്‍ആന്‍ അവതരണമാസമായ റമദാനിലാണ് നാം അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളും നിരതരുമാകുന്നത്. വിശുദ്ധ ഗ്രന്ഥത്തിന്റെ ഉള്ളിലേക്കിറങ്ങി അത് പഠിക്കുകയും ചിന്തിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നതാണ്, അത് ഭംഗിയായി ഓതുകയും ഓതിക്കേൾക്കുകയും ചെയ്യുന്നതിനെക്കാള്‍ എത്രയോ അധികം തീവ്രവും ആത്മീയനിര്‍വൃതി ദായകവുമായ അനുഭവം. അതു തന്നെയാണ് എന്റെ ഏറ്റവും മഹത്തായ റമദാന്‍ അനുഭൂതി. ഇത് എന്റെ മാത്രം അനുഭൂതിയാണെന്ന് അവകാശപ്പെടുന്നില്ല. കഴിയുന്നതും അറബി ഭാഷയില്‍തന്നെ, അര്‍ഥവും ആശയങ്ങളും ഗ്രഹിച്ചുകൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ കഴിയുന്ന എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് അത്.
അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ യഥാര്‍ഥ പഠിതാക്കളും പ്രയോക്താക്കളും പ്രബോധകരും പ്രചാരകരുമായിത്തീരാന്‍ അവന്‍ നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ! ആമീന്‍. l
Comments