റമദാനിൽ ആവര്‍ത്തിക്കപ്പെടുന്ന ചോദ്യങ്ങള്‍
എത്രയാണ് ഫിദ്്യ?
റമദാനില്‍ നോമ്പെടുക്കാനോ പിന്നീടത് നോറ്റുവീട്ടാനോ കഴിയാത്തവര്‍ ഫിദ് യ (പ്രായശ്ചിത്തം) നല്‍കണമെന്നാണല്ലോ വിധി. എന്താണ് ഫിദ് യ നല്‍കേണ്ടത്?
നോമ്പെടുക്കാന്‍ കഴിയാത്തവരും പിന്നീടത് നോറ്റുവീട്ടാന്‍ നിര്‍വാഹമില്ലാത്തവരും തങ്ങൾ ഒഴിവാക്കുന്ന ഓരോ നോമ്പിനും പകരമായി ഫിദ്്യ നല്‍കണമെന്നാണ് ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നത്. ഒരു അഗതിയുടെ ആഹാരം എന്ന് പറയുകയല്ലാതെ അതിന്റെ തോതോ, അളവോ, ഇനമോ വ്യക്തമായി പരാമര്‍ശിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അതില്‍ സ്വഹാബിമാര്‍ മുതലിങ്ങോട്ട് ഭിന്ന വീക്ഷണങ്ങള്‍ കാണാം.
ഇങ്ങനെ നൽകുന്ന ഭക്ഷണം എന്തായിരിക്കണമെന്നോ, എത്രയായിരിക്കണമെന്നോ വ്യക്തമാക്കുന്ന പ്രമാണങ്ങളൊന്നും തന്നെയില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പല അഭിപ്രായങ്ങളുമുണ്ട്. ഒരു മുദ്ദ് (രണ്ടു കൈകളും ചേർത്തു പിടിച്ചാല്‍ കൊള്ളുന്ന അളവ് അഥവാ 543 ഗ്രാം), രണ്ട് മുദ്ദ് അഥവാ അര സ്വാഅ് (1.100 കിലോ ഗ്രാം), ഇങ്ങനെയൊക്കെ പറഞ്ഞുവരുന്നതായി കാണാം.
ഇതെല്ലാം പണ്ഡിതന്മാരുടെ അഭിപ്രായങ്ങളാണെന്നല്ലാതെ ഖുർആനിലോ സുന്നത്തിലോ വ്യക്തമായി വന്നിട്ടുള്ളതല്ല. അങ്ങനെ വരാത്തതിനാലാണീ അഭിപ്രായാന്തരവും. എന്തായാലും നോമ്പിന് പ്രായശ്ചിത്തമായി ഒരാൾക്ക് മാന്യമായി ഭക്ഷണം കഴിക്കാനുള്ള വക നല്കണം. അത് ഭക്ഷണമായി നൽകാം. ലഭിക്കുന്നവർക്ക് സൗകര്യം അതിന്റെ വിലയാണെങ്കില്‍ വിലയായി നല്കിയാലും മതിയാകും. കാല-ദേശങ്ങൾക്കനുസരിച്ച് അതിന്റെ തോത് വ്യത്യസ്തമായിരിക്കും.
കേരളത്തിലിന്ന് ഇരുനൂറ് രൂപ കണക്കാക്കിയാല്‍ രണ്ടുനേരം ഭക്ഷണം വാങ്ങാനുള്ള കാശായി. ഹോട്ടലില്‍ കയറി ഇടത്തരം ഭക്ഷണം കഴിക്കാനും ഏതാണ്ടിത് മതിയാകും. അങ്ങനെ വരുമ്പോള്‍ ഒരു മാസത്തെ റമദാന് 6000 രൂപ കൊടുക്കാം. നമ്മുടെ രാജ്യത്തുതന്നെ പല ഇടങ്ങളിലും അന്നത്തിനു വകയില്ലാതെ കഷ്ടപ്പെടുന്ന ധാരാളമാളുകളുണ്ട്. അങ്ങനെയുള്ളവർക്ക് ശരിയാംവണ്ണം അത് എത്തിച്ചുകൊടുക്കാനുള്ള സംവിധാനങ്ങള്‍ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. ഫിദ്്യ നൽകുന്നതിന് അത് ഉപയോഗപ്പെടുത്തുന്നതാവും ഏറെ ഉചിതം. സ്വന്തം പ്രദേശത്തും അറിവിലും അങ്ങനെ വല്ലവരും ഉണ്ടെങ്കില്‍ അവർക്കാണ് മുൻഗണന. ഫിദ്്യയെ പറ്റി പറഞ്ഞപ്പോൾ, നോമ്പുതുറക്കും അത്താഴത്തിനുമുള്ള ഭക്ഷണം എന്നു കൂടി വിശദീകരിച്ചിട്ടുണ്ടല്ലോ. ഒരു അഗതിക്ക് ഒരു ദിവസം അത്താഴത്തിനും നോമ്പുതുറക്കാനും ഉതകുന്ന തരത്തില്‍ ഭക്ഷണമോ, ഭക്ഷണം വാങ്ങിച്ചു കഴിക്കാനുള്ള തുകയോ, ഏതാണോ അവര്‍ക്ക് ഗുണകരം അതു ചെയ്തുകൊടുക്കാം.
ഇമാം ബുഖാരി രേഖപ്പെടുത്തുന്നു: 'പടുകിഴവനായ ആള്‍ക്ക് നോമ്പെടുക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എന്താണ് ചെയ്യേണ്ടത് എന്നതിന് മഹാനായ സ്വഹാബി അനസ് (റ) ചെയ്തതാണ് മാതൃക. അദ്ദേഹം വൃദ്ധനായപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷം ഓരോ ദിവസവും ഒരു അഗതിയെ ഇറച്ചിയും പത്തിരിയും കഴിപ്പിച്ചിരുന്നു' (ബുഖാരി). ഇതിന്റെ വിശദീകരണത്തില്‍ ഹാഫിള് ഇബ്‌നു ഹജര്‍ പറയുന്നു:
അബ്ദുബ്‌നു ഹുമൈദ് നള്‌റു ബ്‌നു അനസില്‍നിന്ന് ഉദ്ധരിക്കുന്നു: 'അനസ് (റ) ഒരു റമദാനില്‍ നോമ്പൊഴിവാക്കി. അദ്ദേഹം വാർധക്യത്തിലെത്തിയിരുന്നു. അങ്ങനെ ഓരോ ദിവസവും ഒരഗതിക്ക് ഭക്ഷണം നല്‍കുകയുണ്ടായി. .... അദ്ദേഹം മരണപ്പെട്ട വര്‍ഷം നോമ്പെടുക്കാന്‍ പറ്റാതായി. അദ്ദേഹത്തിന്റെ മകന്‍ ഉമറിനോട് ഞാന്‍ ചോദിച്ചു: അദ്ദേഹത്തിന് നോമ്പെടുക്കാന്‍ പറ്റിയോ? ഇല്ല. പിന്നീട് നോമ്പെടുത്തു വീട്ടാനും കഴിയില്ല എന്ന് ബോധ്യമായപ്പോള്‍ ഇറച്ചിയും പത്തിരിയും ഏര്‍പ്പാടാക്കാന്‍ നിർദേശിക്കുകയും എന്നിട്ട് അത്രയും എണ്ണമോ അതിലധികമോ ദിവസം അത് ഭക്ഷണമായി നൽകുകയും ചെയ്തു' (ഫത്ഹുല്‍ ബാരി).
ഉപേക്ഷിക്കുന്ന ഓരോ നോമ്പിനും പകരം ഒരു അഗതിക്ക് ആഹാരം നല്കിയാല്‍ മതിയാകും. 30 നോമ്പ് ഉപേക്ഷിക്കുന്നവര്‍ 30 അഗതികൾക്ക് ഒരു തവണയായോ, ഒരു അഗതിക്ക് 30 തവണയായോ സൗകര്യം പോലെ ആഹാരം നല്കാം. സാമ്പത്തിക ഞെരുക്കം മൂലം വല്ലവർക്കും സാധ്യമാകുന്നില്ലെങ്കില്‍ അതില്‍ ആശങ്കപ്പെടുകയോ ദുഃഖിക്കുകയോ വേണ്ടതില്ല. അല്ലാഹു പറഞ്ഞല്ലോ 'ഒരാൾക്ക് കഴിയാത്തത് അല്ലാഹു കൽപിക്കുകയില്ല...' (അല്‍ ബഖറ 286, അത്ത്വലാഖ് 7). അത്തരക്കാര്‍ ദിക്റുകളും പ്രാർഥനകളും വർധിപ്പിക്കുക, തൗബ പുതുക്കിക്കൊണ്ടിരിക്കുക, തങ്ങളാലാകുന്ന സൽക്കർമങ്ങള്‍, ഖുർആൻ പഠനം, പാരായണം, മറ്റു ഉപകാരപ്രദമായ കാര്യങ്ങള്‍ തുടങ്ങിയവ വർധിപ്പിക്കുക. മനസ്സുകൊണ്ട് നോമ്പുകാരനായിരിക്കുക. l
(തുടരും)
Comments