Prabodhanm Weekly

Pages

Search

2024 മാർച്ച് 15

3344

1445 റമദാൻ 05

ഖുർആൻ എന്റെ ഹൃദയ ചൈതന്യം

ബശീർ മുഹ്്യിദ്ദീൻ

ഖുര്‍ആന്‍ എവിടെയാണ് പെയ്തിറങ്ങിയത്? ചരിത്രപരമായി മക്കയിലും മദീനയിലുമെന്ന് നാം ഉത്തരം പറയും. ഖുര്‍ആന്‍ പെയ്തിറങ്ങിയത് അവിടുത്തെ ഹൃദയത്തിലേക്കെന്ന് ഖുര്‍ആന്‍. "നിന്റെ ഹൃദയത്തിലേക്കാണ് ഇത് ഇറക്കിത്തന്നത്. നീ താക്കീതുകാരില്‍ ഉള്‍പ്പെടാന്‍" (അശ്ശുഅറാഅ്  194).
നന്മമഴയായി പെയ്തിറങ്ങിയ വചനങ്ങളെ ഏറ്റുവാങ്ങിയ ഹൃദയ ഭൂമിയെ ഖുര്‍ആന്‍ മൂന്ന് പേരുകളില്‍ വിളിച്ചു.

ഒന്ന്: ഖല്‍ബ്
ഇളകിമറിയുന്നതാണ് ഖല്‍ബ്. പലതരം ചിന്തകള്‍ മാറി മറിയുന്നിടം. മിടിച്ചുകൊണ്ടിരിക്കുന്നിടം. രക്തത്തെ ശരീരത്തിലേക്ക് പ്രവഹിപ്പിച്ചും തിരിച്ചെത്തിച്ചും ശുദ്ധി വരുത്തുന്നിടം.
ദുനിയാവിലെ ഒടുങ്ങാത്ത ആശകളുടെ കടലിരമ്പങ്ങള്‍ക്കിടയില്‍ ഖുര്‍ആനിന്റെ വഞ്ചി തുഴഞ്ഞ് എങ്ങനെ അക്കരെയെത്തും? കടുത്ത വെല്ലുവിളിയാണത്.

എന്നാല്‍, അതിനൊരു മറുവശമുണ്ട്. ചലിച്ചുകൊണ്ടിരിക്കുന്നതിലേ മാറ്റങ്ങള്‍ ഉണ്ടാകൂ. കെട്ടിനില്ക്കുന്ന ജലാശയത്തില്‍ പൂപ്പലുകള്‍ നിറയും. ഏറ്റവും നല്ലതിനെ സ്വീകരിച്ചും ദുഷിച്ചതിനെ പുറന്തള്ളിയും ഹൃദയം നിരന്തരം നവീകരിക്കപ്പെടുന്നു; കടല്‍ പോലെ.

രണ്ട്: സ്വദ് ര്‍
കഴുത്തിനും വയറിനും ഇടയിലുള്ളത്. നെഞ്ചകത്തുള്ള ഹൃദയത്തിലെ പല അറകള്‍ ഉള്ളിടം. ഹൃദയ രഹസ്യങ്ങളും  അടിയൊഴുക്കുകളും ഊറിക്കൂടുന്നയിടം. ഹൃദയത്തിന്റെ കേന്ദ്ര സ്ഥാനമാണ് സ്വദ് ര്‍. "സ്വദ് റുകളിലുള്ളവ വെളിവാക്കപ്പെടും" (അല്‍ ആദിയാത്ത്  10). "നെഞ്ചകത്തെ വിങ്ങലുകള്‍ക്ക് ശമനമാണ് ഈ ഖുര്‍ആന്‍" (യൂനുസ്  57). ഖുര്‍ആനിനെ രഹസ്യങ്ങളുടെ കലവറയായ സ്വദ് റിലേക്ക് എടുത്തുവെക്കണം.

എന്റേത് മാത്രമായി ഞാന്‍ അകത്ത് സൂക്ഷിക്കുന്ന, എന്നോട് നിരന്തരം സല്ലപിക്കുന്ന, എന്നെ അസ്വസ്ഥപ്പെടുത്തുന്ന, എന്നെ പുലരുമെന്നുറപ്പുള്ള സ്വപ്നങ്ങളിലേക്ക് നയിക്കുന്ന ഹൃദയരഹസ്യമായി ഖുര്‍ആന്‍ മാറുകയാണ്. അകത്തിരുന്ന് ആ ഖുര്‍ആന്‍ ശബ്ദിച്ചുകൊണ്ടിരിക്കുന്നു. ആത്മഗതങ്ങളില്‍ ഖുര്‍ആന്‍ കൂട്ടാവുന്നു.

മൂന്ന്: ഫുആദ്
തീയില്‍ ജ്വലിച്ച് നീറിയെന്ന പോലെ കനലെരിയുന്ന ഇടമാണ് ഫുആദ്. ചിന്തകളും വികാരങ്ങളും ഉണരുന്നിടം. ചിന്തയെ ജ്വലിപ്പിച്ച് പാകമായ തീരുമാനങ്ങളില്‍ എത്തിക്കുന്നിടം. വികാരങ്ങളെ ആളിക്കത്തിക്കുന്നിടം. വചനങ്ങളെ ഒറ്റത്തവണയായി ഇറക്കാതെ അല്പാല്പമായി അവതരിപ്പിക്കുന്നത് നിന്റെ ഹൃദയത്തില്‍ വചനം ആഞ്ഞുതറയ്ക്കാനാണ് (അല്‍ ഫുര്‍ഖാന്‍ 32) എന്ന് ഖുർആൻ.
എരിതീയില്‍ എണ്ണയൊഴിക്കുമ്പോലെ ഒരു അനുഭവം. സത്യമാര്‍ഗത്തില്‍ ഉഴറിനടക്കുന്ന മനസ്സില്‍ ഭാരിച്ച വചനങ്ങള്‍ മലവെള്ളം പോലെ പെയ്തിറങ്ങിയാല്‍ ചിറ കെട്ടി നിര്‍ത്താനാവില്ല.

അതിനാല്‍ കല്പനകളെ ഒാരോന്നായി ദഹിപ്പിച്ചെടുക്കാനുള്ള സാവകാശം നല്കുകയാണ് കരുണാമയന്‍.
അല്‍ ഖസ്വസ്വില്‍ ഒരു ഉമ്മക്കഥയുണ്ട്. സ്വന്തം കുഞ്ഞിനെ പെട്ടിയിലാക്കി നീറ്റിലൊഴുക്കിയ ഒരുമ്മ. വെളിപാടിന്റെ കരുത്തില്‍ തന്റെ പൈതലിനെ മാറിടത്തില്‍ നിന്ന് പറിച്ചെടുത്ത് നൈലിന്റെ മടിത്തട്ടില്‍ കിടത്തിയ ഉമ്മ.

ഒരു ഉമ്മമനസ്സിന് അത് താങ്ങാവുന്നതിലപ്പുറമല്ലേ!
ഖുര്‍ആന്‍ ആ മനസ്സിനെ ആവിഷ്കരിക്കുന്നത് നോക്കൂ: "മൂസാ(അ)യുടെ മാതാവിന്റെ ഫുആദ് പിടപിടച്ചു" (അല്‍ ഖസ്വസ്വ്്  10).

അവിടെ ഫുആദ് എന്ന വാക്കില്‍ ബുദ്ധിയും വിചാര വികാരങ്ങളും കത്തിപ്പടരുകയാണ്. മനസ്സില്‍ ഒരേയൊരു വിഷയത്തിലുള്ള ഉത്കണ്ഠ നിറയുകയും മറ്റെല്ലാ വിചാരങ്ങളില്‍നിന്നും അകം മുക്തമാവുകയുമാണ്.

ഖുര്‍ആന്‍ അകത്ത് പ്രവേശിക്കുമ്പോള്‍ ഇങ്ങനെയാണത്രെ സംഭവിക്കുന്നത്!
ഖല്‍ബില്‍ തട്ടിയ വാക്കുകള്‍ സ്വദ് റിന്റെ ഉള്ളറകള്‍ ഏറ്റുവാങ്ങി പിന്നെ ഫുആദില്‍ കടന്നെരിഞ്ഞ് മെല്ലെ മെല്ലെ ആള്‍രൂപമണിഞ്ഞ് ജീവിതവഴികളില്‍ നടന്നുതുടങ്ങുകയാണ്. അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും ജീവന്‍ വെക്കുകയാണ്!

ഖുര്‍ആന്‍ വചനം അവതീർണമാവുന്നതോടെ അത് നബി(സ)യുടെ വ്യക്തിത്വവും സ്വഭാവവുമായിത്തീര്‍ന്നത് അങ്ങനെയാണ്.
'അവിടുത്തെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു' എന്ന് പ്രിയതമ സാക്ഷ്യപ്പെടുത്തിയിരുന്നുവല്ലോ. വചനങ്ങള്‍ ഈ മൂന്ന് ഹൃദയ ഭൂമികയിലൂടെ കടന്നു പോകുമ്പോഴാണ് ജീവനുള്ള ഖുര്‍ആന്‍ രൂപപ്പെടുന്നത്. 
 *  *  *

ഖുര്‍ആനിലെ ചരിത്ര ആഖ്യാനങ്ങള്‍ക്ക് എത്ര ഭാവങ്ങളാണ്! കാല-ദേശങ്ങളുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചുള്ള ആ കഥപറച്ചില്‍ ഓരോ മനസ്സിനെയും പല തലത്തില്‍ വന്ന് തൊടുന്നുണ്ട്.
അല്‍ ഖസ്വസ്വിലെ ആ ഉമ്മക്കഥയിലേക്ക് തന്നെ വരാം. കുഞ്ഞിനെ നൈലില്‍ ഇറക്കിവെക്കാന്‍ പറഞ്ഞ് ഉമ്മയോട് അല്ലാഹു മനസ്സകത്ത് കയറി ചിലത് മന്ത്രിക്കുന്നുണ്ട്; പേടിക്കണ്ടാട്ടോ, സങ്കടപ്പെടണ്ടാട്ടോ എന്ന്.

പിന്നെയും മൊഴിഞ്ഞ വാക്കുകളിലൂടെയാണ് അല്ലാഹു എന്നെ വന്ന് തൊട്ടത്.
''ഇന്നാ റാദ്ദൂഹു ഇലൈക്ക്'' - അവനെ നാം നിനക്ക് തിരിച്ചു തരും, ഉറപ്പ്.
കുഞ്ഞുനാളില്‍ ഉപ്പയിലൂടെയാണ് ആദ്യം ഈ കഥ കേട്ടത്. ഉമ്മ കൈവിട്ടു പോയ കുഞ്ഞായ എനിക്ക് പ്രതീക്ഷകളുടെ ചിറക് നല്കിയ വാചകം. ആ വാചകം ചൊല്ലിത്തരുമ്പോള്‍ ഉപ്പയുടെ കണ്ണിലെ തിളക്കം കാണേണ്ടതായിരുന്നു.

പത്തു മാസം ചുമന്ന കുഞ്ഞിനെ ഇമ വെട്ടാതെ നോക്കിനില്ക്കെ, അല്ലാഹു തിരികെ വിളിച്ച എന്റെ ഉമ്മയോടും അവന്‍ ഇങ്ങനെ പറഞ്ഞിരിക്കില്ലേ...

'ഇന്നാ റാദ്ദൂഹു ഇലൈക്ക്'- അവനെ നാം നിനക്ക് തിരിച്ചു തരും...
ആ സമാഗമ വേളക്കായുള്ള കാത്തിരിപ്പാണെന്റെ സ്വർഗം. l

Comments