ഉള്ളിൽ ചേക്കേറാനുള്ള വസന്തം
ചില നിർബന്ധിക്കലുകൾക്കകത്ത് സ്നേഹവും വാത്സല്യവും ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകും. കയ്പുള്ള കല്പനയാണെന്ന് പുറമേക്ക് തോന്നുമെങ്കിലും, അനുസരിക്കുമ്പോൾ ആനന്ദകരമായി അതനുഭവപ്പെടും; മരുന്ന് കഴിക്കാത്ത കുഞ്ഞിനോടുള്ള ഉമ്മയുടെ നിർബന്ധം പിടിക്കൽ പോലെ.
''സത്യവിശ്വാസികളേ, നിങ്ങൾക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു.'' സത്യത്തിൽ നോമ്പെടുക്കണമെന്ന അനിവാര്യതയുള്ളത് അടിമകളായ നമുക്കാണ്. നമുക്ക് വേണ്ടിയാണ് അല്ലാഹു നിർബന്ധിക്കുന്നത്. ആ നിർബന്ധമില്ലെങ്കിൽ നമ്മളത് നഷ്ടപ്പെടുത്തിയെങ്കിലോ! ദുർബലമായ നമ്മുടെ സത്യവിശ്വാസം നോമ്പിന്റെ അനിവാര്യത തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു പോയാലോ! അതിനാൽ, നിങ്ങൾ നോമ്പെടുത്തേ തീരൂ. ഒാപ്‌ഷൻ തരാൻ കഴിയാത്ത വിധം നിങ്ങൾക്കത് ആവശ്യമുണ്ട്.
ദൈവ കല്പനപ്രകാരമുള്ള വിശപ്പുകൊണ്ട് വിസ്മയം സൃഷ്ടിക്കുന്ന മാസമാണ് റമദാൻ. ആമാശയത്തിന്റെ പരിമിതിയിൽനിന്ന് നമ്മളെയത് ആശയത്തിന്റെ വിശാലതയിലേക്ക് നയിക്കും. ഭൂമിയോടൊട്ടി നിൽക്കുന്ന ദേഹേച്ഛകളിൽനിന്ന് ജീവിത സൂക്ഷ്മതയുടെ ആകാശങ്ങളിലേക്കത് വഴിനടത്തും. തീറ്റയും കുടിയും ലൈംഗികതയും നിറഞ്ഞ ധാരാളിത്തത്തിൽ നിന്ന് ആത്മനിയന്ത്രണത്തിന്റെ തിരിച്ചറിവിലേക്കത് നമ്മളെ കൊണ്ടുപോകും. അഹങ്കാരങ്ങളോട് വിട പറഞ്ഞ് അടിമയാണെന്ന് അംഗീകരിച്ച് അനുസരണം പ്രഖ്യാപിക്കലാണ് നോമ്പ്.
ഒറ്റക്ക് നോമ്പെടുക്കാൻ എളുപ്പമല്ല. പക്ഷേ, റമദാനിൽ നമ്മളൊറ്റക്കല്ല. മനുഷ്യർക്ക് മുഴുവൻ ഒരേ കാലത്ത് തന്നെ നോമ്പ് നിർബന്ധമാക്കുക വഴി അല്ലാഹു നോമ്പെടുക്കൽ എളുപ്പമാക്കിത്തന്നിരിക്കുന്നു. നോമ്പുകാലത്തിന് സാമൂഹികമായൊരു താളമുണ്ട്. ഹൃദ്യമായൊരു അനുഭൂതിയുണ്ട്. ചുറ്റിലും ആത്മീയമായൊരു കവചമുണ്ട്. മുസ്‌ലിം സമൂഹങ്ങളിൽ ജീവിക്കുമ്പോൾ നമുക്കത് അനുഭവിക്കാനാവും. റമദാനിൽ നോമ്പെടുക്കാതിരിക്കാനാണ് പ്രയാസം.
കാരണങ്ങളുണ്ടെങ്കിൽ പോലും മാറിനിൽക്കലാണ് സങ്കടം. നോമ്പ് നോറ്റിരിക്കുന്ന പള്ളികളും നോമ്പ്തുറ ആഘോഷിക്കുന്ന തെരുവുകളും എന്തു മനോഹരമായ കാഴ്ചയാണ്!
''നിങ്ങളുടെ മുമ്പുള്ളവർക്ക് നിർബന്ധമാക്കപ്പെട്ടതു പോലെ.'' മുമ്പുള്ളവർക്കും ഉണ്ടായിരുന്നു നോമ്പ്. നിങ്ങളെ മാത്രം നോമ്പെടുക്കാൻ നിർബന്ധിച്ച് പ്രയാസപ്പെടുത്തുകയല്ല. പട്ടിണിക്കിട്ട് കഷ്ടപ്പെടുത്തുകയല്ല. സത്യവിശ്വാസം അവകാശപ്പെട്ട എല്ലാ സമൂഹങ്ങൾക്കും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഈ പരിശീലനം നിർബന്ധമായിരുന്നു. നോമ്പിന്റെ കാര്യത്തിൽ നിങ്ങളൊരിക്കലും ഒറ്റക്കല്ല. കാലത്തിലൂടെ ധാര മുറിയാതെ നടന്നെത്തിയ വിശ്വാസി സമൂഹത്തിന്റെ ഭാഗമാണ് നിങ്ങൾ. അവർക്കുള്ള പ്രയാസങ്ങളൊക്കെയേ നിങ്ങൾക്കുമുള്ളൂ. അവരൊക്കെ നോമ്പെടുത്ത പോലെ നിങ്ങളും നോമ്പെടുക്കുന്നു. ആശ്വാസം നൽകുന്ന ഒരറിവാണത്.
എന്തിനാണെന്നല്ലേ, 'ലഅല്ലകും തത്തഖൂൻ!' അതാണതിന്റെ രഹസ്യം. സൂക്ഷ്മതയുള്ള ജീവിതം നയിക്കാൻ ചില സഹനങ്ങൾ അനിവാര്യമാണ്. സത്യവിശ്വാസിയാണെന്ന് അവകാശപ്പെടാൻ ദൈവ ബോധമില്ലാതെ കഴിയില്ലല്ലോ. തിന്മയുടെ പ്രളയങ്ങളിൽ പിടിച്ചുനിൽക്കാൻ തഖ്‌വ കൂടാതെ സാധ്യമല്ല. നന്മയിൽ ഉറച്ചുനിൽക്കാനും, നരക പാതയിൽനിന്ന് അകന്നുനിൽക്കാനും സ്വർഗ പാതയിലേക്ക് നടന്നടുക്കാനും നിങ്ങൾക്കൊരു വഴിയേ ഉള്ളൂ, തഖ്‌വയുടെ വഴി. ആ വഴിയിലെത്താൻ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ വിശപ്പുകൊണ്ടൊന്ന് പൊരുതി നോക്കൂ. ക്ഷമ കൊണ്ടൊന്ന് പിടിച്ചുനിൽക്കൂ. നിങ്ങൾക്കത് സാധ്യമായേക്കാം. തഖ്‌വ കൈവന്നേക്കാം എന്ന പ്രതീക്ഷയാണ്, വരുമെന്ന ഉറപ്പല്ല. ദൈവാനുഗ്രഹംകൊണ്ട് മാത്രമേ ആ പ്രതീക്ഷ ഉറപ്പിലെത്തൂ; നിങ്ങൾ എത്ര വലിയ നോമ്പാണ് നോറ്റതെങ്കിലും.
'അയ്യാമുൻ മഅ്ദൂദാത്ത്', എണ്ണം പറഞ്ഞ ദിവസങ്ങൾ മാത്രം. നോമ്പ് കാലം അങ്ങനെയാണ്. നോക്കി നോക്കി നിൽക്കെ തീർന്നുപോവും. ആസ്വദിച്ചു മതിയാവും മുമ്പ് അകന്നു പോവും. ആലിംഗനം ചെയ്തു നിൽക്കെ വിടപറയും. സൽക്കരിച്ചു തീരും മുമ്പ് യാത്ര പറഞ്ഞു പൊയ്ക്കളയും. അത്രയൊക്കെ വിലപ്പെട്ടതാണെങ്കിലും രോഗികൾ ബുദ്ധിമുട്ടി നോമ്പെടുക്കേണ്ടതില്ല. യാത്രക്കാരൻ വിശപ്പ് സഹിച്ച് ക്ഷീണിക്കേണ്ടതില്ല. നിങ്ങളെ പ്രയാസപ്പെടുത്തൽ റബ്ബിന്റെ ഉദ്ദേശ്യമേയല്ല. എത്ര എളുപ്പമാക്കാമോ അത്ര എളുപ്പത്തിൽ തഖ്‌വയെന്ന ലക്ഷ്യം നിറവേറണം... നോമ്പിന്റെ സമയമെത്തും മുമ്പ് എന്തെങ്കിലും കഴിക്കലാണ് പടച്ചവനിഷ്ടം. സമയമായാൽ ആർത്തിയോടെ നോമ്പ് മുറിക്കലാണ് അവന് ഇമ്പം. നോമ്പെടുത്ത അടിമയോടുള്ള കാരുണ്യമാണ് അവനിൽ നിറയെ.
വിശപ്പില്ലാത്ത നാഥനോടൊപ്പം അടിമയുടെ വിശന്നിരിക്കലാണ് നോമ്പ്. നോമ്പ് നോൽക്കുന്നത് റബ്ബിന്റെ ഇഷ്ടത്തിനാണ്. നോമ്പ് നോറ്റിരിക്കുന്നത് അവനെ അറിയാനും അവനിലേക്കെത്താനുമാണ്. നോമ്പ് തുറക്കുമ്പോഴുള്ള സന്തോഷത്തിലൊന്ന് അവനെ കണ്ടുമുട്ടുന്നല്ലോ എന്നതാണ്.
അടിമയെ അനുഗ്രഹിക്കാൻ കാത്തിരിക്കലാണ് റബ്ബിന്റെ നോമ്പ്. ആർക്കും വേണ്ടാത്ത അടിമയുടെ വായ് നാറ്റം പോലും റബ്ബ് വെറുതെ കളയുന്നില്ല. അമലുകളുടെ കാര്യം പിന്നെയെന്തു പറയാൻ! വെറുതെ അവനെയൊന്നോർത്താൽ അത് ദിക്റായി. പള്ളിയിൽ പോയി ഒന്നിരുന്നാൽ അത് ഇഅ്തികാഫായി. നോമ്പുകാരനായി ഉറങ്ങിപ്പോയാൽ ഉറക്കും അനുഗൃഹീതമായി. നോമ്പെടുക്കാൻ വേണ്ടി തിന്നുന്നത് പുണ്യം. നോമ്പെടുക്കുമ്പോൾ വിശക്കുന്നതിന് പ്രതിഫലം. നോമ്പ് തുറക്കുന്നതാകട്ടെ വേറെ പുണ്യം. എല്ലാറ്റിനും പ്രതിഫലം. പ്രതിഫലത്തിന് മേൽ പ്രതിഫലം. പക്ഷേ, പ്രതിഫലമല്ല മുഖ്യം. പ്രതിഫലം നൽകുന്നവനെ അറിയലാണ്. അവൻ തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം. അവനെയും അറിഞ്ഞു കൊണ്ടുള്ള ജീവിതമാണ് ശുക്ർ. അവന്റെ ദൂതനെ പിൻപറ്റലാണ് ഹിദായത്ത്. അവനെയും അവന്റെ വെളിച്ചത്തെയും അറിയാതെയുള്ള ജീവിതമാണ് കുഫ്ർ.
'ശഹ്‌റു റമദാനല്ലദീ ഉൻസില ഫീഹിൽ ഖുർആൻ.' പുണ്യ റസൂൽ കൊണ്ടുവന്ന ഖുർആനാണ് റബ്ബിലേക്കുള്ള വഴി. ഇരുട്ടു മാറി വെളിച്ചത്തിലേക്കുള്ള വഴി തെളിഞ്ഞ മാസമാണ് റമദാൻ. റസൂലിന്റെ ഹൃദയത്തിലേക്കാണതിന്റെ അവതരണമുണ്ടായത്. അവിടുത്തെ ജീവിതംകൊണ്ടാണതിന് സാക്ഷ്യമുണ്ടായത്. നമ്മുടെ ഹൃദയങ്ങളിലാണത് വെളിച്ചം നിറക്കേണ്ടത്. നമ്മുടെ ജീവിതത്തെയാണ് ഖുർആൻ മാറ്റിപ്പണിയേണ്ടത്. ഓതിത്തത്തീർക്കാനുള്ളതല്ല, ഒഴിഞ്ഞിരുന്നു ചിന്തിക്കാനുള്ളതാണ് ഖുർആൻ. ആരും കാണാതെ മൂടിവെക്കാനുള്ളതല്ല, മൂടി വീണ നെഞ്ചിനുള്ളിൽ പടർന്നുകയറാനുള്ളതാണ് ഫുർഖാൻ. ഖുർആൻ നമ്മളെ മാറ്റിമറിക്കും. അനിശ്ചിതത്വങ്ങളെ ഇല്ലാതാക്കും. സന്മാർഗത്തിന്റെ വാതിൽ തുറക്കും. ഉള്ളിലെ സങ്കടങ്ങളുടെ കണ്ണീരൊപ്പും. ആശ്വാസത്തിന്റെ തെളിനീരൊഴുക്കും. ഭീരുത്വത്തിന്റെ വേരറുക്കും. പകരം ആത്മ ധൈര്യത്തിന്റെ കനൽ നിറയ്ക്കും. ഖുർആൻ അന്ന് ബദ്റിൽ സ്വഹാബികളുടെ ധൈര്യമായിരുന്നു; ഇന്ന് ഗസ്സയിലെ മക്കളുടെ സ്ഥൈര്യവും. ഖുർആൻ മാസ്മരികമായ മുഅ്ജിസത്താകുന്നു. നമ്മൾ ജീവിതംകൊണ്ട് ഏറ്റുവാങ്ങേണ്ട മഹാത്ഭുതം.
റമദാൻ മാപ്പു നൽകലിന്റെ പൂക്കാലമാണ്. ഉപ്പുരസമുള്ള പശ്ചാത്താപത്തിന്റെയും തേങ്ങലിന്റെയും കാലം. പാപികളായ അടിമകൾക്കത് നിരാശയിൽ നിന്നുള്ള കരകയറലാണ്. "സാരമില്ല, എന്നോട് ചോദിക്കൂ " എന്ന റബ്ബിന്റെ കാരുണ്യമാണ്. അടിമക്കു വേണ്ടി പറുദീസ ഒരുക്കിവെച്ചുള്ള അവന്റെ കാത്തിരിപ്പാണ്. പകലിലും പാതിരാവിലും കനിഞ്ഞരുളുന്ന നരക മോചനമാണ്. അവന്റെ സമ്മാനങ്ങൾ നിറഞ്ഞ സ്വർഗത്തിലേക്കുള്ള തിരക്കു കൂട്ടലാണ്. പോരാടുന്നവർക്ക് ഊർജത്തിന്റെ സ്രോതസ്സാണ്. നിസ്സഹായർക്കത് ക്ഷമയുടെ കരുത്താണ്. ശൈത്വാൻ ചങ്ങലയിലാണ്. മാലാഖമാർ മനുഷ്യരുടെ ചുറ്റുമാണ്. നരകം പൂട്ടിയിട്ടാണ്. സ്വർഗം തുറന്നു കിടപ്പാണ്. തിരിച്ചു വരാൻ തയാറായ അബ്ദിനുള്ള റബ്ബിന്റെ സമ്മാനമാണ് റമദാൻ.
റമദാൻ ഒരത്ഭുതമാണ്. എത്ര എളുപ്പത്തിലാണ് ലോകം റമദാനിലേക്കലിയുന്നത്! എങ്ങനെയാണത് മനുഷ്യരുടെ ശീലങ്ങൾ പൊടുന്നനെ മാറ്റിമറിക്കുന്നത്! എങ്ങനെയാണ് പതിവില്ലാത്ത വിശ്വാസികൾ പോലും പള്ളിയിലെത്തുന്നത്! എങ്ങനെയാണ് മരുഭൂമി പോലുള്ള മനസ്സുകൾ ആർദ്രമാവുന്നത്!
എങ്ങനെയാണ് പൊടുന്നനെ ദാന ധർമങ്ങളിലൂടെ അലിവിന്റെ പുഴയൊഴുകുന്നത് ! ഒരു മറുപടിയേ ഉള്ളൂ. പടച്ചവന്റെ കൈയൊപ്പുള്ള വിസ്മയമാകുന്നു റമദാൻ. മുസ്വല്ല കണ്ണീരിൽ കുതിർത്തു പ്രാർഥിക്കുന്ന വിശ്വാസിയുടെ ഉള്ളിലുള്ള വസന്തവും. l
Comments