രാത്രി നമസ്കാരങ്ങളിലെ അഭിമുഖ ഭാഷണങ്ങൾ
സന്തോഷം, സംതൃപ്തി തുടങ്ങിയ വികാരങ്ങളെല്ലാം ആത്മീയമാണ്. ആ ആത്മീയാനുഭൂതി ശാരീരിക അനുഭവങ്ങളെക്കാൾ എത്രയോ ശക്തവും തീക്ഷ്ണവുമാണ്. അതിനു വേണ്ടി എത്ര വലിയ ശാരീരിക പ്രയാസങ്ങളും ത്യാഗങ്ങളും സഹിക്കാൻ ഏറെപ്പേരും സന്നദ്ധമാകുന്നത് അതിനാലാണ്. രോഗിയായ കുഞ്ഞിനെ ഊണും ഉറക്കവും ഉപേക്ഷിച്ച് പരിചരിക്കുന്ന മാതാവ് കുട്ടിയുടെ രോഗം സുഖപ്പെടുമ്പോൾ അനുഭവിക്കുന്ന അനുഭൂതി അവാച്യമാണല്ലോ. മാതാവ് അനുഭവിക്കുന്ന തീക്ഷ്ണമായ പ്രസവ വേദന കുഞ്ഞിന്റെ പിറവിയോടെ മറക്കുന്നു.
ഏതൊരു വിശ്വാസിയും ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്, സ്നേഹിക്കേണ്ടത് തന്റെ നാഥനെയാണ്. അവനോടുള്ള സ്നേഹത്തിന് മുന്നിൽ മറ്റെല്ലാം നന്നെ നിസ്സാരങ്ങളും അവഗണിക്കാവുന്നവയുമാണ്. സ്നേഹിക്കപ്പെടുന്നതിനുവേണ്ടി എത്ര കഷ്ടപ്പെടാനും ത്യാഗം സഹിക്കാനും ഏവരും സന്നദ്ധരായിരിക്കും. അപ്പോൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന തന്റെ നാഥനുവേണ്ടി അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടുകളും പ്രയാസങ്ങളും ത്യാഗങ്ങളും അത്യധികം അനുഭൂതിദായകമായിരിക്കും. അതിനാൽ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ തന്റെ നാഥനുമായി സ്വകാര്യ ഭാഷണം നടത്താൻ ഉണർന്ന് എഴുന്നേൽക്കുന്നത് പ്രയാസമല്ല, വിവരണാതീതമായ സന്തോഷമാണ് നൽകുക.
തന്റെ പ്രിയപ്പെട്ടവരുമായി സ്വകാര്യ ഭാഷണം നടത്തുന്നത് ആർക്കാണ് അതിരുകളില്ലാത്ത ആനന്ദം നൽകാത്തത്! നമസ്കാരം അല്ലാഹുവുമായുള്ള ആത്മഭാഷണമാണല്ലോ. ലോകം മുഴുവൻ ഗാഢ നിദ്രയിലായിരിക്കെ, എങ്ങും ശാന്തതയും നിശ്ശബ്ദതയും തളം കെട്ടി നിൽക്കെ ഉണർന്നെഴുന്നേറ്റ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനുമായി ആത്മഭാഷണം നടത്തുന്നത് എത്രമേൽ ആസ്വാദ്യകരമായിരിക്കും! ആനന്ദ ദായകമായിരിക്കും!
അപ്പോൾ അല്ലാഹുവിന്റെ സാന്നിധ്യം അനുഭവിച്ചറിയുന്നു. താൻ അല്ലാഹുവിന്റെ മുന്നിലാണ് നിൽക്കുന്നതെന്നും അവനോടാണ് വർത്തമാനം പറയുന്നതെന്നും മനസ്സിലാക്കുന്നു. തന്റെ കണ്ഠ നാഡിയെക്കാൾ തന്നോട് അടുത്ത് നിൽക്കുന്ന, തന്റെ മനോമന്ത്രങ്ങളും വികാരവിചാരങ്ങളും നന്നായി അറിയുന്ന അല്ലാഹുവിന്റെ അദൃശ്യ സാന്നിധ്യം അനുഭവിച്ചറിയുന്ന സമാനതകളില്ലാത്ത സന്ദർഭമാണ് രാത്രിയുടെ അന്ത്യയാമങ്ങളിലെ നമസ്കാരം. തന്റെ എല്ലാ ആവശ്യങ്ങളും അല്ലാഹുവിന്റെ മുമ്പിൽ സമർപ്പിക്കുമ്പോൾ അതെല്ലാം നന്നായി കേട്ടും ശ്രദ്ധിച്ചും തനിക്ക് ഉത്തരം നൽകുമെന്ന പ്രതീക്ഷ വിശ്വാസിക്ക് എത്രമേൽ ആശ്വാസവും ആനന്ദവും നൽകുമെന്ന് വാക്കുകളിൽ വിവരിക്കാനാവില്ല. അത് വിശ്വാസിയെ അങ്ങേയറ്റം പ്രത്യാശാനിർഭരനാക്കുന്നു.
രാത്രി നമസ്കാരങ്ങളിൽ നടത്തുന്ന ഖുർആൻ പാരായണവും പ്രാർഥനകളും വിശ്വാസിയെ അഭൗതികമായ ലോകത്തേക്ക് നയിക്കുന്നു. മൂന്നാം കണ്ണുകൊണ്ട് തന്നെ കാത്തിരിക്കുന്ന സ്വർഗ പൂങ്കാവനത്തിന്റെ സുഖവും സൗന്ദര്യവും കണ്ടാസ്വദിക്കുന്നു. അതിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. അപ്പോൾ കണ്ണിൽനിന്ന് കവിളിലൂടെ ഒലിച്ചിറങ്ങുന്ന ഓരോ തുള്ളി കണ്ണുനീരും മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിക്കുന്നു. ആ ബാഷ്പ കണങ്ങൾ തന്റെ പാപങ്ങൾ ആവിയാക്കി മാറ്റി പുണ്യമായി വർഷിക്കുന്നത് അനുഭവിച്ചറിയുന്നു. അകക്കാത് കൊണ്ട് തന്റെ ഓരോ പ്രാർഥനക്കും വിശുദ്ധ വാക്യങ്ങളുടെ പാരായണത്തിനും തന്റെ പ്രിയപ്പെട്ട നാഥൻ നൽകുന്ന സ്നേഹപൂർവമായ മറുപടി കേൾക്കുന്നു. അത് മനസ്സിനെ കോരിത്തരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ വിശ്വാസിയെ സംബന്ധിച്ചേടത്തോളം രാത്രിയുടെ നിശ്ശബ്ദ യാമങ്ങളിലെ നമസ്കാരം സമാനതകളില്ലാത്ത അനുഭൂതിയേകുന്നു. l
Comments