Prabodhanm Weekly

Pages

Search

2024 മാർച്ച് 15

3344

1445 റമദാൻ 05

വി.എച്ച് മുഹമ്മദ് മുസ് ലിയാർ

കെ.പി യൂസുഫ് പെരിങ്ങാല

എറണാകുളം പള്ളിക്കരയിൽ ഖത്വീബുസ്താദ് എന്ന പേരിൽ അറിയപ്പെട്ട വ്യക്തിത്വമാണ് വി.എച്ച് മുഹമ്മദ് മുസ്‌ലിയാർ. 21-ാം വയസ്സിൽ പള്ളിക്കര ജുമുഅ മസ്ജിദിൽ ഖത്വീബായി തുടങ്ങിയ സേവനം, അഞ്ചര പതിറ്റാണ്ട് തുടർന്നു. ഇടക്ക് ഏതാനും മാസങ്ങൾ എറണാകുളം ബ്രോഡ് വേയിൽ റഫീഖ് മൗലവിയോടൊപ്പം ജോലി ചെയ്്തു. അങ്ങനെ, ജന്മനാട്ടിൽ തലമുറകൾക്ക് ഉസ്താദായും ഖത്വീബായും പ്രഭാഷകനായും മികച്ച ഖാരിആയും അദ്ദേഹം വെളിച്ചം പകർന്നു.

പെരിങ്ങാല ജങ്ഷനിൽ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിൽ ആരംഭിച്ച അൽമദ്റസത്തുൽ ഇസ്‌ലാമിയയിലെ ആദ്യ സദ്ർ മുദർരിസുകളിൽ ഒരാളായിരുന്നു 19- കാരനായ വള്ളോപ്പിള്ളി ഹസൻ മുഹമ്മദ് മുസ്‌ല്യാർ എന്ന ഖത്വീബുസ്താദ്. ജങ്ഷനിൽ പ്രവർത്തനമാരംഭിക്കും മു് ഓലഷെഡ്ഡിൽ തുടങ്ങിയ മദ്റസയിൽ ഖത്വീബുസ്താദിന്റെ മുൻഗാമിയായിരുന്നു തിരൂർക്കാട് ശരീഫ് മൗലവി.

'എൻ.എം ശരീഫ് മൗലവി തലമുറകളുടെ രാജശിൽപി' എന്ന സ്മരണികയിലേക്ക്  ഒരു ലേഖനം തയാറാക്കുന്നതിന് അന്ന് ഖത്വീബുസ്താദിനെ സന്ദർശിച്ചപ്പോൾ ശരീഫ് മൗലവിയെ ഓർമയുണ്ടോ എന്ന ചോദ്യത്തിന് 'തിരൂർക്കാടല്ലേ' എന്ന് തിരിച്ച് ചോദിച്ചു. ശരീഫ് മൗലവിക്ക് അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു.

എല്ലാ കാലത്തും സ്നേഹത്തിന്റെയും സംയമനത്തിന്റെയും സൗഹാർദബന്ധങ്ങൾ കാത്തുസൂക്ഷിച്ച മാതൃകാപണ്ഡിതനായിരുന്നു ഖത്വീബുസ്താദ്. എസ്.ഐ.ഒ സംഘടിപ്പിച്ച അവാർഡ് ദാനച്ചടങ്ങുകളിൽ മുഖ്യാതിഥിയായും മുഖ്യ പ്രഭാഷകനായും ഉസ്താദ് പങ്കെടുത്തിട്ടുണ്ട്.

1979 സെപ്റ്റംബർ 28 വെള്ളിയാഴ്ച മഹല്ല് ജുമുഅ മസ്ജിദിൽ നമസ്കാര ശേഷം ഖത്വീബുസ്താദിന്റെ അനൗൺസ്മെന്റ്: "ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി സ്ഥാപക നേതാവുമായ മൗലാനാ അബുൽ അഅ്ലാ മൗദൂദി അന്തരിച്ചു. അദ്ദേഹത്തിനു വേണ്ടി നമുക്ക് ജനാസ നമസ്കരിക്കാം. ഗാഇബായ മയ്യിത്തിനു വേണ്ടി എന്ന് പ്രത്യേകം നിയ്യത്ത് ചെയ്യണം" - അദ്ദേഹത്തിന്റെ നിലപാടിന് ഒരു ഉദാഹരണമാണിത്.

തന്റെ ഒപ്പം താമസിക്കുന്ന ഇളയ മകൻ ശിഹാബുദ്ദീൻ സഖാഫി വൃക്കരോഗിയായി ചികിത്സയിലാണ്.
 

ഹുസൈന്‍ തോരക്കോട്, വളാഞ്ചേരി

ഞങ്ങളുടെ പിതാവ് വളാഞ്ചേരി മൂച്ചിക്കലിലെ സല്‍മ മന്‍സിലില്‍ ഹുസൈൻ തോരക്കോട് 2024 ജനുവരി 15-ന് അല്ലാഹുവിലേക്ക് യാത്രയായി. റെയില്‍വെ ജോലിക്കാരനായിരുന്ന ഉപ്പയുടെ ജീവിതം വൈകിയോടുന്ന തീവണ്ടി ആയിരുന്നില്ല; കൂടുതല്‍ ആസൂത്രണത്തോടെ അല്‍പം മുമ്പേ ഓടുന്ന, കൃത്യതയോടെ ലക്ഷ്യത്തിലെത്തിച്ചേരുന്ന തീവണ്ടിയായിരുന്നു. ആ ജീവിത വണ്ടിയില്‍ കയറുന്ന പലതരം മനുഷ്യരോട് വലുപ്പ-ചെറുപ്പ വ്യത്യാസമില്ലാതെ വേണ്ട രീതിയില്‍ ഇടപെടാന്‍ ഉപ്പാക്ക് കഴിയുമായിരുന്നു. കാര്‍ക്കശ്യക്കാരനായിരുന്നു. ആരുടെ മുമ്പിലും അഭിപ്രായങ്ങള്‍ തുറന്നു പറയും. ഒന്നില്‍നിന്ന് വിരമിച്ചാല്‍ മറ്റൊന്നിലേക്ക് എന്നതായിരുന്നു ശൈലി.

'ദുനിയാവില്‍ ഇനി ശമ്പളം വാങ്ങുന്ന ജോലിയില്ല' - റിട്ടയേഡ് ആയ ശേഷം ഉപ്പ പറഞ്ഞ വാക്കുകള്‍. ശേഷം ഉപ്പയുടെ ജീവിതം മുഴുവന്‍ പള്ളി പരിപാലനം, മദ്‌റസ, മറ്റു പ്രാസ്ഥാനിക- സാമൂഹിക സംരംഭങ്ങള്‍, സകാത്ത് കമ്മിറ്റി തുടങ്ങിയവക്ക് വേണ്ടിയായിരുന്നു.  യുവാവിന്റെ ചുറുചുറുക്കോടെ ഏറെ മാനസിക സംതൃപ്തിയോടെ അതൊക്കെയും ഏറ്റെടുത്തു ചെയ്തു. ഏറ്റവും നൂതനമായ ആശയങ്ങള്‍, സംവിധാനങ്ങള്‍ വീട്ടിലും സ്ഥാപനങ്ങളിലും ഒക്കെ സൗകര്യപ്പെടുത്തി കൊടുക്കുമായിരുന്നു. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഏറെ താല്‍പര്യമായിരുന്നു. ഏറ്റെടുക്കുന്ന ഏതൊരു കാര്യവും അതിന്റെ ഉയര്‍ന്ന നിലവാരത്തില്‍ പൂര്‍ത്തീകരിച്ചു കൊടുക്കും.

സമ്പത്ത് ചെലവഴിക്കുന്നതില്‍ 'അത്യാവശ്യം, ആവശ്യം, അനാവശ്യം' എന്ന രീതിയിൽ തരം തിരിക്കണമെന്ന് പറയും. വസ്ത്രധാരണത്തിലെ ലാളിത്യമായിരുന്നു ഉപ്പയുടെ വെള്ള ഷര്‍ട്ട്; അതാകുമ്പോള്‍ അധികം വസ്ത്രം വേണ്ടല്ലോ എന്നാണ് പറയാറുള്ളത്. കുടംബബന്ധം ചേര്‍ക്കല്‍ ഉപ്പയുടെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു.  അസുഖബാധിതരെ സന്ദര്‍ശിക്കല്‍  ഉപ്പയുടെയും പ്രാസ്ഥാനിക കൂട്ടുകാരുടെയും ദിനചര്യയില്‍ പെട്ടതാണ്. 

എല്ലാ പേരമക്കളോടും ഏറ്റവും നല്ല രീതിയില്‍ സംവദിക്കാനും, കളിക്കാനും തമാശകള്‍ പറയാനും സംസാരിക്കാനും ഉപ്പാക്ക് കഴിയുമായിരുന്നു. ഒന്നിച്ചിരിക്കുമ്പോള്‍ എല്ലാ വിഷയങ്ങളും ചര്‍ച്ചയ്ക്ക് വരും. മക്കള്‍ നാലുപേരും എവിടെയായിരുന്നാലും ഞങ്ങളുടെ ജീവിതത്തെ നിയന്ത്രിച്ചുകൊണ്ടിരുന്നത് ഉപ്പയുടെ കരുതലും ശ്രദ്ധയുമായിരുന്നു. ഇണയോടുള്ള സ്‌നേഹവും കരുതലും മാതൃകാപരമാണ്. നാട്ടിലെ പല സാമൂഹിക സംരംഭങ്ങളുടെയും അമരക്കാരനായും കുടുംബത്തിലെ മുഴുവന്‍ കാര്യങ്ങളിലും സജീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന കുടുംബനാഥനായും ഉപ്പയെ ഞങ്ങള്‍ അനുഭവിച്ചു. 
മക്കള്‍: അര്‍ഷാദ്, റഹ്മത്ത്, മുബീന, ജസീല.

റഹ്്മത്ത് ശമീം 

Comments