Prabodhanm Weekly

Pages

Search

2024 മാർച്ച് 15

3344

1445 റമദാൻ 05

റയ്യാനില്‍ ഒത്തുചേരാന്‍ റമദാനിനെ സാര്‍ഥകമാക്കുക

പി. മുജീബുർറഹ്മാന്‍ (അമീര്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, കേരള)

"സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയ പോലെ നിങ്ങൾക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു; നിങ്ങള്‍ തഖ് വയുള്ളവരായേക്കാം."

റമദാന്‍ സമാഗതമായി. ആത്മീയതയുടെ നിറവ് ഹൃദയത്തിനും കര്‍മത്തിനും പുതുജീവന്‍ നല്‍കുന്ന കാലം. പാപത്തിന്റെ കറകള്‍ കഴുകി വൃത്തിയാക്കി, ജീര്‍ണതകളെ കരിച്ചുകളഞ്ഞ്, നന്മകളെ വെള്ളം തേവി നനച്ച് പുതിയൊരു മനുഷ്യന്‍ നാമ്പെടുക്കുന്നു -അതാണ് റമദാന്‍. വരും കാലങ്ങളില്‍ അത് കരുത്താര്‍ജിക്കുന്നു.

അല്ലാഹു ഒന്നാം ആകാശത്തേക്കിറങ്ങിവരുന്നു, മാലാഖമാര്‍ ചിറക് വിടര്‍ത്തിപ്പറക്കുന്നു, നോമ്പുകാരന്റെ വായ കസ്തൂരി ഗന്ധത്താല്‍ നിറയുന്നു, പിശാചുക്കള്‍ ചങ്ങലക്കിടപ്പെടുന്നു- ഇത്രമേല്‍ തികവോടെ ഒരു മാസത്തെയും പ്രവാചകന്‍ വര്‍ണിച്ചിട്ടില്ല. വെന്തുരുകുന്ന മനസ്സിലേക്ക്  കുളിരു പെയ്യുന്ന പെരുമഴക്കാലമാണ് റമദാന്‍. ആത്മീയതയാണ് അതിന്റെ ഊടും പാവും. അല്ലാഹുവുമായുള്ള ആത്മബന്ധമാണ് അതിന്റെ അകവും പൊരുളും.

താന്‍ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു തന്നെ കാണുന്നുവെന്ന ബോധ്യമാണ്  വിശ്വാസിയുടെ ജീവിതത്തിന്റെ പൂര്‍ണത. അല്ലാഹുവോടൊത്തുള്ള ഈ വാസത്തിന്റെ പാരമ്യമാണ് റമദാനിലെ ഉപവാസം. ആ വിശുദ്ധിയിലേക്കുള്ള വിളിയാണ് ഒരു മാസക്കാലം. അതിനുത്തരം നല്‍കുന്നതില്‍ നമുക്കെന്താണോ തടസ്സമാകുന്നത്,  സഹോദരങ്ങളേ, ആ വിലങ്ങുകളെ തട്ടിമാറ്റുക. അനര്‍ഘമായ ഈ രാപ്പകലുകളെ ഉപയോഗിച്ചില്ലെങ്കില്‍ പിന്നെന്ത്?

നടന്നും ഓടിയും കിതച്ചും കുതിച്ചും പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കൂ. നമ്മുടെ നേട്ടങ്ങളുടെയും ആഹ്ലാദങ്ങളുടെയും പിറകില്‍ നമ്മെ അസ്വസ്ഥമാക്കുന്ന കളങ്കങ്ങളില്ലേ? നിങ്ങളുടെ വ്യക്തിജീവിതത്തെ, സ്വഭാവത്തെ, പെരുമാറ്റത്തെ, മനോഭാവത്തെ ഒന്ന് തട്ടി നോക്കൂ. കുടുംബ, സാമൂഹിക, സംഘടനാ ജീവിതത്തെ ഒന്ന് തുറന്നുനോക്കൂ. ക്രയവിക്രയങ്ങളെ ഒന്ന് ഓഡിറ്റ് ചെയ്യൂ. കുറവുകളും പോരായ്മകളും തെളിഞ്ഞുവരുന്നില്ലേ? ഒന്നായി, പിന്നെ പലതായി അവ പാരാവാരത്തെയും കവിഞ്ഞുനില്‍ക്കുന്നില്ലേ? ഈ പാപഭാരങ്ങൾ ചുമന്ന് നാമിനിയും യാത്ര തുടരണോ? അവ പൂര്‍ണമായും മായ്‌ച്ചേക്കാമെന്ന് മുഹമ്മദ് നബി (സ) ഉറപ്പുനല്‍കിയ നോമ്പിന്റെയും നമസ്‌കാര നിര്‍ഭരമായ രാപ്പകലുകളുടെയും ഒരു മാസക്കാലമാണിത്. അനന്ത വിശാലമായ മറുലോക ജീവിതത്തെ സുന്ദരമാക്കാന്‍ ഇതില്‍പരം മികച്ച സന്ദര്‍ഭമില്ല; വിശ്വാസവും ആത്മവിമര്‍ശനവും അല്ലാഹുവില്‍നിന്നുള്ള പ്രതിഫലേഛയും നമുക്ക് വേണമെന്ന് മാത്രം.

നമ്മുടെ സ്വന്തം ജീവിതത്തില്‍ അത്തരമൊരു സാധ്യത തെളിയാനായി റമദാനില്‍ നാം പൊരുതുക. ഇവിടെ ഭാരങ്ങൾ ഇറക്കിവെച്ചാല്‍ നാളെ കാര്യങ്ങൾ അനായാസമാവും. 'നിങ്ങള്‍ ആത്മവിചാരണ ചെയ്യുക, നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പേ. കര്‍മങ്ങളെ സ്വയം തൂക്കിനോക്കുക, തൂക്കി കണക്കാക്കപ്പെടും മുമ്പേ. തീര്‍ച്ചയായും ഇന്ന് നിങ്ങള്‍ ചെയ്യുന്ന ആത്മ വിചാരണ നാളെയുടെ കണക്കെടുപ്പിനെ എളുപ്പമാക്കും.'

ഖുര്‍ആനിന്റെ മാസമാണ് റമദാന്‍. സ്വഛതയിലും കലങ്ങിമറിയുമ്പോഴും നമുക്ക് വഴികാട്ടിയാണ് ഖുര്‍ആന്‍. അല്ലാഹു കനിഞ്ഞനുഗ്രഹിച്ച നേര്‍വഴി. റമദാനില്‍ കൂടുതല്‍ ശ്രദ്ധയോടെ ഖുര്‍ആനെ സമീപിക്കുക. അതിന്റെ ആഴങ്ങളിലേക്ക് ഓരോരുത്തരും കഴിവിന്റെ പരമാവധി ഊളിയിടുക. ജീവിതത്തെ കരുത്തുറ്റതാക്കുന്ന  സന്ദേശങ്ങള്‍ അതില്‍നിന്ന് വീണ്ടും വീണ്ടും ഓരോരുത്തരും കണ്ടെത്തിക്കൊണ്ടേയിരിക്കുക. എങ്കിൽ അല്ലാഹുവിനെ അടുത്തറിയാനാവും.  പാരായണം മാത്രമായി അതൊതുങ്ങരുത്. പഠിക്കണം, ഗ്രഹിക്കണം, ആലോചിക്കണം. ജീവിതത്തില്‍ പകര്‍ത്തണം.
ഖുര്‍ആന്‍ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയാണ് അവതരിച്ചത്. അതിന്റെ അവതരണ മാസത്തിലൂടെ കടന്നുപോകുമ്പോള്‍ ചുറ്റുപാടുകള്‍ അതറിയണം. ഖുര്‍ആനിന്റെ സന്ദേശം മറ്റുള്ളവര്‍ക്കും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ റമദാനില്‍ നമുക്കാവണം. അതിന്റെ സാക്ഷികളാവണം. 'റസൂലിന്റെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു' എന്നാണല്ലോ. അതുതന്നെയാവണം നമ്മുടെ  പ്രചോദനവും.

സഹാനുഭൂതിയുടെ മാസമാണ് റമദാന്‍. മറ്റുള്ളവന്റെ വിഷമങ്ങളും സങ്കടങ്ങളും സന്താപങ്ങളും തന്റേതായി അനുഭവപ്പെടുന്നതാണ് സഹാനുഭൂതി. മനുഷ്യത്വത്തിന്റെ വളരെ ഉയര്‍ന്ന തലമാണത്. ആരെയും ചേര്‍ത്തുപിടിക്കാന്‍ കഴിയണം. ചേര്‍ത്തുപിടിക്കാനാവാത്തവരായി ആരുമില്ല. വംശ, ഭാഷാ, ജാതി, ദേശ, മത വൈജാത്യങ്ങളൊന്നുമില്ല. നമ്മുടെ വ്രതം അവര്‍ക്കാശ്വാസമാവണം. നോമ്പ് അവരുടേതുമാണ്. ദാനധര്‍മങ്ങളായി, നല്ല വാക്കുകളായി, മികച്ച പരിചരണമായി നാം ആവശ്യക്കാരന്റെ താങ്ങാവുക. എല്ലാറ്റിനും പ്രതിഫലം പല മടങ്ങായി നിശ്ചയിച്ചതും അതുകൊണ്ടു തന്നെ.

പോരാട്ടവീര്യം പകര്‍ന്നുനല്‍കാത്ത റമദാന്‍ നമുക്ക് അചിന്ത്യമാണ്. ഭൗതിക സുഖസൗകര്യങ്ങള്‍ നമ്മെ ആലസ്യത്തിലേക്ക് തള്ളിവിടാന്‍ നോക്കും.  ഇസ്ലാമിന്റെ ആദ്യ നൂറ്റാണ്ടിന്റെ സ്മരണകള്‍ നമ്മുടെ ശരീരകോശങ്ങളെയും മാനസിക ആവേഗങ്ങളെയും ത്രസിപ്പിച്ചുകൊണ്ടിരിക്കണം. വിശുദ്ധ പോരാട്ടങ്ങളുടെ തുടക്കവും വിജയ പ്രഖ്യാപനവും റമദാനിലായിരുന്നല്ലോ; ബദ്റും മക്കാ വിജയവും. ആത്മീയ വസന്തത്തിന്റെ മധ്യത്തില്‍ തന്നെ യുദ്ധവും ഉണ്ടാവട്ടെ എന്നത് അല്ലാഹുവിന്റെ നിശ്ചയമാണ്. ധ്യാനാത്മകതയെയും സമൂഹത്തിന്റെ അതിജീവനത്തെയും ഇവിടെ കണ്ണിചേര്‍ത്തിരിക്കുന്നു. അതുകൊണ്ട് നന്മക്കായുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാന്‍ റമദാന്‍ നമ്മെ സഹായിക്കണം.

ഈജിപ്തിലും സിറിയയിലും ബംഗ്ലാദേശിലും തുടങ്ങി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നമ്മുടെ ദീനീ സഹോദരന്‍മാരുടെ ജീവിതങ്ങളെ നാം മറന്നിട്ടില്ല. അതിനെക്കാള്‍ കനത്ത തോതില്‍ ഫലസ്ത്വീന്‍ നൊമ്പരമായി നമ്മുടെ മുന്നിലുണ്ട്. അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തില്‍ സ്ഥൈര്യത്തോടെ ഉറച്ചുനില്‍ക്കുന്നു എന്നതാണവര്‍ ചെയ്ത 'തെറ്റ്.' സ്ത്രീകളും കുഞ്ഞുങ്ങളും കൂട്ടക്കൊലക്കിരയാകുന്നു. പട്ടിണിക്കിട്ട് കൊല്ലുകയെന്ന അവസാന അടവും അവര്‍ പ്രയോഗിക്കുന്നു. ഇവയൊന്നും തിരിച്ചടിയായിട്ടല്ല നാം മനസ്സിലാക്കുന്നത്. വരാനിരിക്കുന്ന വിജയത്തിന്റെ ശുഭസൂചനകളാണവ. എത്ര മണ്ണിട്ട് മൂടാന്‍ ശ്രമിച്ചാലും  മുളച്ചുവരുന്നതാണ് ഈ ആദര്‍ശവും അതിന്റെ വാഹകരും. "ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്തു കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താർജിച്ചു. എന്നിട്ടത് കര്‍ഷകര്‍ക്ക് കൗതുകം ജനിപ്പിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്ന് നിന്നു. അവരുടെ സമൃദ്ധിയില്‍ സത്യനിഷേധികള്‍ രോഷം കൊള്ളുന്നതിന്..."

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീനിനു വേണ്ടി പോരടിക്കുന്ന സഹോദരങ്ങളോട് ഐക്യപ്പെട്ടു നില്‍ക്കണം. വിശ്വാസികള്‍ ഒരു ശരീരം പോലെയാണെന്ന നബി(സ)യുടെ അധ്യാപനം ഓര്‍ക്കുക. റമദാനിന്റെ നിദ്രാവിഹീനമായ രാത്രികളില്‍ നെറ്റി സുജൂദിലമരുമ്പോഴും കൈകള്‍ മേലോട്ട് തേടുമ്പോഴും പട്ടിണി കാര്‍ന്നുതിന്നുന്ന ഗസ്സയിലെ കുഞ്ഞുങ്ങളും അവരുടെ ആവേശമായ തുരങ്കങ്ങളും നമ്മുടെ കണ്‍കോണുകളിലുണ്ടായിരിക്കണം.

നമ്മുടെ രാജ്യത്തിന്റെ അവസ്ഥയും വല്ലാതെയൊന്നും ഭിന്നമല്ല. വംശീയതയും വര്‍ഗീയതയും ആളിക്കത്തിച്ച് വീണ്ടും അധികാരത്തിലേക്കത്താനുള്ള ശ്രമമാണ് ഫാഷിസ്റ്റ് ശക്തികൾ നടത്തുന്നത്. ബാബരി മസ്ജിദും ഗ്യാന്‍വാപിയും ഏക സിവിൽ കോഡും പൗരത്വ നിയമവും ആള്‍ക്കൂട്ട കൊലകളും കലാപങ്ങളുമെല്ലാം നമ്മുടെ മുന്നിലുണ്ട്. ഭരണകൂടവും ഉദ്യോഗസ്ഥരും കോര്‍പ്പറേറ്റുകളും മാധ്യമങ്ങളുമെല്ലാം ചേർന്ന സഖ്യസേന സജ്ജമാണ്. മുസ്ലിം സമുദായത്തെ അവര്‍ സവിശേഷമായി ടാര്‍ഗറ്റ് ചെയ്തിരിക്കുന്നു. എന്നാല്‍, മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമായിട്ടല്ല നാമിതിനെ കാണുന്നത്. ഈ രാജ്യത്തിന്റെ ഭാവിയെ തന്നെ സംഘ് പരിവാര്‍ അപകടപ്പെടുത്തുകയാണ്. അധഃസ്ഥിത, പീഡിത, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളടങ്ങുന്ന ഭൂരിഭാഗം ജനങ്ങളും ഒരു വിമോചനം തേടുന്നുണ്ട്.

അതിനനുയോജ്യമായ ആദര്‍ശവും ആശയവും നമ്മുടെ കൈയിലുണ്ട് എന്ന ഉറച്ച ബോധ്യം നമുക്കുണ്ട്.
അതിന്റെ അടിസ്ഥാനത്തിലാണ് ഈ കാലയളവിലെ പ്രവര്‍ത്തന പദ്ധതി നാം തയാറാക്കിയിരിക്കുന്നത്. ഈ പ്രവർത്തന കാലയളവിലെ ആദ്യ റമദാനാണിത്. സംഘടിതവും വ്യക്തിപരവുമായ ടാര്‍ഗറ്റുകള്‍ നമുക്ക് നല്‍കിയിട്ടുണ്ട്. അവ നേടിയെടുക്കല്‍ എത്രയും അനിവാര്യമാണ്. ഇസ്ലാമിന്റെ വിജയവും മനുഷ്യരാശിയുടെ വിമോചനവും ദൈവികമായ ഒരു പ്രൊജക്ടാണ്. അതിനകത്ത് കാലവും ദേശവും നമ്മെ ഏല്‍പിച്ച ദൗത്യമാണിത്. അകലെ താഴ്വരയില്‍ സ്വര്‍ണക്കൂമ്പാരങ്ങള്‍ മാടി വിളിച്ചാലും, മലമുകളില്‍ കഴുകന്‍മാര്‍ ശവങ്ങള്‍ കൊത്തിവലിച്ചാലും നമ്മുടെ 'മൻസ്വൂബ'യില്‍നിന്ന് നാം പിന്മാറരുത്. അതിന് സ്ഥൈര്യം (സ്വബ്‌ർ) വേണം. അത് നേടിയെടുക്കാന്‍ ഏറ്റവും പറ്റിയ സന്ദര്‍ഭമാണ് റമദാന്‍. മേല്‍ പറഞ്ഞ അര്‍ഥങ്ങളില്‍, റമദാനിനെ കുറിച്ച സമഗ്രമായ ഒരാശയം നമ്മുടെ മനസ്സിലുണ്ടാവണം. എങ്കിലേ അത് നമുക്ക് കരുത്തുപകരുന്ന  ആരാധനാകര്‍മമായി പരിവര്‍ത്തിക്കപ്പെടുകയുള്ളൂ.

നമ്മുടെ പ്രവര്‍ത്തനപഥത്തില്‍ നമ്മെ സഹായിക്കുന്ന പല തലങ്ങളിലും തരത്തിലുമുള്ള  സ്ഥാപനങ്ങള്‍ നമുക്കുണ്ട്. വലിയ പ്രതിസന്ധി അവ അഭിമുഖീകരിക്കുന്നുണ്ട്. കഴിവിന്റെ പരമാവധി നാമവയെ സഹായിക്കണം. അധ്വാനിച്ചുണ്ടാക്കിയതില്‍നിന്ന് മുറിച്ചെടുത്ത് തന്നെ കൊടുക്കണം. റമദാനിലെ അത്തരം ധര്‍മങ്ങളുടെ പ്രതിഫലം സീമകളെ ലംഘിക്കുമല്ലോ. ആ സ്ഥാപനങ്ങൾ നിലനിൽക്കാൻ വേണ്ടിയും നമ്മുടെ പ്രാര്‍ഥനകൾ ഉണ്ടാവണം. അവന്‍ നല്‍കാനുദ്ദേശിച്ചാല്‍ തടയാനാരുമില്ല. തടഞ്ഞാലോ, നല്‍കാന്‍ ആര്‍ക്കുമാവില്ല.

നമ്മില്‍നിന്ന് അല്ലാഹുവിലേക്ക് യാത്രയായവരും അല്ലാത്തവരുമായ നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കളും കുഞ്ഞുങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും, നമ്മുടെ നാടും നാട്ടുകാരും ലോകത്തെല്ലായിടത്തുമുള്ള ആദര്‍ശ സഹോദരന്‍മാരും പലവിധത്തില്‍ പ്രയാസങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവരും -  എല്ലാവരോടും നമുക്ക് ബാധ്യതകളും കടപ്പാടുകളുമുണ്ട്. പ്രാര്‍ഥനകള്‍ക്ക് ഏറെ ഉത്തരം കിട്ടുന്ന റമദാനില്‍ അവരെയും നാം ഓര്‍മിക്കണം.

നോമ്പുകാര്‍ക്കു വേണ്ടി അല്ലാഹു കരുതിവെച്ച റയ്യാന്‍ കവാടത്തിന് മുന്നില്‍ ആവേശത്തോടെ ഒത്തുകൂടാനാവുമെന്നാണ് നമ്മുടെ പ്രതീക്ഷ; പ്രാര്‍ഥനയും. l

Comments