Prabodhanm Weekly

Pages

Search

2024 മാർച്ച് 01

3342

1445 ശഅ്ബാൻ 20

ചോദിക്കാനുള്ളത് സുജൂദിൽ ചോദിക്കുക

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

 عَنْ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَ سَلَّمَ : ألَا وَإنِّي نُهِيتُ أنْ أقْرَأَ القُرْآنَ رَاكِعًا، أوْ سَاجِدًا، فَأمَّا الرُّكُوعُ فَعَظِّمُوا فِيهِ الرَّبَّ وَأَمَّا السُّجُودُ فَاجْتَهِدُوا فِي الدُّعَاءِ، فَقَمِنٌ أنْ يُسْتَجَابَ لَكُمْ  (مسلم)

ഇബ്നു അബ്ബാസി(റ)ൽനിന്ന്.  അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "അറിയുക: റുകൂഇലും സുജൂദിലും ഖുർആൻ പാരായണം ചെയ്യുന്നതിന് എന്നെ വിലക്കിയിരിക്കുന്നു. റുകൂഇൽ നിങ്ങൾ റബ്ബിനെ മഹത്വപ്പെടുത്തുക.  സുജൂദിൽ നിങ്ങൾ പ്രാർഥന വർധിപ്പിക്കുക.
സുജൂദിലുള്ള നിങ്ങളുടെ പ്രാർഥന സ്വീകരിക്കപ്പെടാൻ ഏറെ അർഹമാണ്" (മുസ്ലിം).

 

നബി(സ)യുടെ വഫാത്തിനിടയാക്കിയ രോഗം മൂർഛിച്ച സന്ദർഭം.
നമസ്്കാരത്തിന് ഇമാം നിൽക്കാൻ പോലും വയ്യാതായപ്പോൾ പകരം അബൂബക്റി(റ)നെ നിശ്ചയിച്ചു. അദ്ദേഹത്തിന്റെ പിന്നിൽ ആളുകൾ നമസ്കരിക്കാനായി  അണിനിരന്നു. ഈ സന്ദർഭത്തിൽ, നബി (സ) റൂമിന്റെ വിരിനീക്കി സ്വഹാബികളോട്  വിളിച്ചുപറഞ്ഞ കാര്യമാണ് മുകളിലെ ഹദീസിൽ.
നമസ്കാരത്തിലെ നിർത്തത്തിലാണ് ഖുർആൻ പാരായണം ചെയ്യേണ്ടത്. റുകൂഇൽ തസ്ബീഹാണ്. സുജൂദിൽ പ്രാർഥനയും. സുജൂദിലെ ദുആ സ്വീകരിക്കപ്പെടാൻ ഏറെ സാധ്യതയുണ്ട്. ഇതാണ് ഹദീസിലെ അധ്യാപനം.

സുജൂദിൽ തസ്ബീഹ് മാത്രം പോരാ. ഓരോ അടിമക്കും അല്ലാഹുവിനോട് തന്റെ ആവശ്യങ്ങൾ പറയാനുള്ള അവസരം കൂടിയാണത്. പറയാനുള്ള കാര്യങ്ങൾ മനസ്സ് തുറന്ന് അല്ലാഹുവിനോട് പറയണം. എന്തുകൊണ്ടാണ് സുജൂദിലും റുകൂഇലും ഖുർആൻ പാരായണത്തെ വിലക്കിയത്? ഇമാം അൽ ഖത്ത്വാബി (റ) യുടെ മറുപടി ഇങ്ങനെ:

"റുകൂഉം സുജൂദും അത്യധികം വിനയവും താഴ്മയും പ്രകടിപ്പിക്കേണ്ട ഇടങ്ങളാണ്. അവിടങ്ങളിൽ സംസാരിക്കേണ്ടത് അടിമയാണ്. അല്ലാഹുവിന്റെ സംസാരവും അടിമയുടെ സംസാരവും ഒരുമിക്കുന്നത് റസൂൽ ഇഷ്ടപ്പെട്ടില്ല." അടിമ ഉടമയോട് ഏറ്റവും കൂടുതൽ അടുക്കുന്ന നേരമാണ് സുജൂദ്. വിശ്വാസി കൂടുതൽ വിനയാന്വിതനാവുന്നതും തന്റെ പവിത്രമായ നെറ്റിത്തടം അല്ലാഹുവിനായി നിലം തൊടുമ്പോഴാണ്.

മുഹമ്മദ് നബി (സ)യുടെ അനുയായികളെ വിശുദ്ധ ഖുർആൻ വർണിച്ചതിങ്ങനെ: "അല്ലാഹുവിന്റെ അനുഗ്രഹവും പ്രീതിയും പ്രതീക്ഷിച്ച് അവര്‍ നമിക്കുന്നതും സുജൂദ് ചെയ്യുന്നതും നിനക്കു കാണാം. സുജൂദിന്റെ പാടുകള്‍ അവരുടെ മുഖങ്ങളിലുണ്ട്" (47/29).

അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന ഇബാദത്താണ് സുജൂദ്.
സുജൂദിലൂടെ അല്ലാഹുവിലേക്കടുക്കാൻ വിശുദ്ധ ഖുർആൻ ആവശ്യപ്പെടുന്നുണ്ട്.(96/19). സകല ഇബാദത്തുകളുടെയും കാമ്പും കാതലും ഉൾച്ചേർന്ന ആരാധനയാണത് (53/62).
"പ്രപഞ്ചം മുഴുവനും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു" (16: 49).

ശത്രുക്കളുടെ ആക്രമണം അസഹ്യമാവുമ്പോഴും സുജൂദിൽ വീണ് അല്ലാഹുവിനോട് കേഴാൻ വിശുദ്ധ ഖുർആൻ നിർദേശിക്കുന്നു (15: 97, 98).

അല്ലാഹുവിനുള്ള സുജൂദ് വിശ്വാസികളുടെ നന്മകൾ വർധിപ്പിക്കുകയും തിന്മകൾ മായ്ക്കുകയും പദവികൾ ഉയർത്തുകയും ചെയ്യുമെന്ന് തിരുദൂതർ ഉറപ്പ് നൽകിയിട്ടുണ്ട്. സ്വർഗത്തിലും റസൂലിന്റെ സാമീപ്യം ആഗ്രഹിച്ച മൗലാ റുബൈഅഃ (റ)യോട് അതിനായി സുജൂദ് അധികരിപ്പിക്കാനാണ് തിരുമേനി (സ) ആവശ്യപ്പെട്ടത്.

പിശാചിനെ കരയിപ്പിക്കാൻ ശക്തിയുള്ള വജ്രായുധമാണ് സുജൂദ്. കറുത്തിരുണ്ട കുതിരകൾക്കിടയിൽനിന്ന് വെളുത്ത് മുഖം തിളങ്ങുന്ന കുതിരകളെ തിരിച്ചറിയുന്നതു പോലെ സുജൂദ് അധികരിപ്പിക്കുന്നവരെ പരലോകത്ത് വെച്ച് ഞാൻ തിരിച്ചറിയുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.
പ്രത്യേക ആവശ്യങ്ങളുണ്ടെങ്കിൽ ഒരു വിശ്വാസിക്ക്  നമസ്കാരത്തിലല്ലാതെ തന്നെ സുജൂദ് മാത്രം ചെയ്ത് പ്രാർഥിക്കാം. ശുക്റിന്റെയും തിലാവത്തിന്റെയും  സുജൂദ് പോലെ.

ഇബ്നു തൈമിയ (റ) പറഞ്ഞു: "ഒരാൾ പ്രാർഥിക്കാൻ ഉദ്ദേശിച്ച് മുഖം മണ്ണിലമർത്തി സുജൂദ് ചെയ്താൽ അത് ദുആഇന്റെ സുജൂദാണ്. അതിൽ അപാകതയൊന്നുമില്ല"
(https://al-maktaba.org/book/31621/15375#p12)
സുജൂദിൽ അറബിയല്ലാത്ത ഭാഷകളിലും ദുആ ചെയ്യാമെന്ന് പറഞ്ഞ പണ്ഡിതരുണ്ട്. ഖുർആൻ-ഹദീസുകളിലെ പ്രാർഥനകൾ തെരഞ്ഞെടുക്കലാണുത്തമം. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 08-10
ടി.കെ ഉബൈദ്

ഹദീസ്‌

ചോദിക്കാനുള്ളത് സുജൂദിൽ ചോദിക്കുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്