Prabodhanm Weekly

Pages

Search

2024 മാർച്ച് 01

3342

1445 ശഅ്ബാൻ 20

ശഅ്ബാൻ, റമദാൻ വരവേൽക്കാനായി ഒരുങ്ങാം

ഡോ. കെ. ഇൽയാസ് മൗലവി

റജബ് മാസത്തിന്റെ ആഗമനം മുതൽ വിശ്വാസിലോകം വിശുദ്ധ റമദാനിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ഇമാം ഇബ്‌നു റജബ് പറഞ്ഞു: ‘'ശഅ്ബാൻ റമദാനിനൊരു മുഖവുര പോലെയാണ്. റമദാനിൽ ശറആക്കപ്പെടുന്ന (നിയമമാക്കപ്പെട്ട) നോമ്പ്, ഖുർആൻ പാരായണം തുടങ്ങിയ ഇബാദത്തുകൾ ശഅ്ബാനിലും ശറആക്കപ്പെട്ടിരിക്കുന്നു. റമദാനിനെ വരവേൽക്കാനൊരുങ്ങാനും മനസ്സുകൾ ആ ഇബാദത്തുകളാൽ റഹ്‌മാനായ റബ്ബിലേക്ക് സർവാത്മനാ കീഴൊതുങ്ങാനും വേണ്ടിയാണത്'' (ലത്വാഇഫുൽ മആരിഫ് 135).

നബി തിരുമേനി  (സ) പ്രത്യേകം പരിഗണിച്ചിരുന്ന മാസമാണ് ശഅ്ബാൻ മാസമെന്ന് പ്രബലമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. ശഅ്ബാനിൽ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും അവിടുന്ന് സുന്നത്ത് നോമ്പനുഷ്ഠിക്കുകയുണ്ടായിട്ടില്ല. അതേപ്പറ്റി ചോദിച്ച സന്ദർഭത്തിൽ, പൊതുവെ ആളുകൾ അശ്രദ്ധ വരുത്താൻ സാധ്യതയുള്ള മാസമാണതെന്നും, യഥാർഥത്തിൽ കർമങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന മാസമാണതെന്നും, അതിനാൽ എന്റെ കർമങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുമ്പോൾ നോമ്പ് നോറ്റ ഏറ്റവും പരിശുദ്ധമായ അവസ്ഥയിലാകണമെന്ന് എനിക്കാഗ്രഹമുണ്ടെന്നും അതിനാലാണ് താൻ അത്രയധികം ദിവസം ശഅ്ബാനിൽ നോമ്പനുഷ്ഠിക്കുന്നതെന്നും തിരുമേനി (സ) വ്യക്തമാക്കുകയുണ്ടായി.

ആഇശയില്‍(റ)നിന്ന് നിവേദനം. അവർ പറഞ്ഞു: ''നബി (സ) ചിലപ്പോൾ തുടർച്ചയായി നോമ്പ് നോൽക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാൽ അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങൾ പറയുമായിരുന്നു. അതുപോലെ അദ്ദേഹം നോമ്പ് നോൽക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാൽ  ഇനി അദ്ദേഹം നോമ്പ് എടുക്കില്ല എന്ന് ഞങ്ങൾ പറയുമാറ് അത് തുടരുമായിരുന്നു. റമദാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്റെ റസൂൽ പരിപൂർണമായി നോമ്പെടുത്തത് ഞാൻ കണ്ടിട്ടേയില്ല.  (അതു കഴിഞ്ഞാൽ പിന്നെ) ശഅ്ബാൻ മാസത്തെക്കാൾ കൂടുതൽ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാൻ കണ്ടിട്ടില്ല'' (മുസ്ലിം 1156).

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) പറയുന്നു: ശഅ്ബാന്‍ മാസത്തില്‍ വ്രതമെടുക്കുന്നത് പ്രത്യേകം ശ്രേഷ്ഠകരമാണെന്ന് ഈ ഹദീസില്‍നിന്ന് മനസ്സിലാക്കാം (ഫത്ഹുല്‍ ബാരി, വാ: 4 പേജ് 253).
ശഅ്ബാന്‍ മാസത്തില്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ നബി (സ) നോമ്പ് ഒഴിവാക്കാറുണ്ടായിരുന്നുള്ളൂ.

ജനങ്ങൾ ഒരു നന്മയെ കുറിച്ച് അശ്രദ്ധയിലായിരിക്കെ ആ കാര്യം ചെയ്യുക എന്നത് നല്ല കാര്യമാണ്. മറ്റൊന്ന് മനുഷ്യരുടെ പ്രവർത്തനങ്ങൾ വർഷത്തിൽ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നത് ശഅ്ബാനിലാണ്. അത് എന്നാണെന്ന് നമുക്കറിയില്ല. പ്രവർത്തനങ്ങൾ ഉയർത്തപ്പെടുന്ന ദിനങ്ങളിൽ നോമ്പുകാരനാവുക എന്നത് നല്ല കാര്യമാണല്ലോ.

ഇതിന്റെ രഹസ്യത്തെപ്പറ്റി സ്വഹാബിവര്യൻ ഉസാമ (റ) റസൂലിനോട് അന്വേഷിക്കുകയുണ്ടായി. അല്ലാഹുവിന്റെ റസൂലേ, ശഅ്ബാനിൽ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു  മാസത്തിലും താങ്കൾ നോമ്പനുഷ്ഠിക്കുന്നത് ഞാൻ  കണ്ടിട്ടില്ലല്ലോ? തിരുമേനി പറഞ്ഞു: റജബിന്റേയും റമദാനിന്റേയും ഇടയിൽ ആളുകൾ ശ്രദ്ധിക്കാതെ പോവുന്ന മാസമാണത്. യഥാർഥത്തിൽ ലോകരക്ഷിതാവായ അല്ലാഹുവിങ്കലേക്ക് കർമങ്ങൾ ഉയർത്തപ്പെടുന്ന മാസമാണത്. അതിനാൽ, ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമങ്ങൾ ഉയർത്തപ്പെടുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത് (നസാഈ 2369).

ശഅ്ബാൻ മാസം പാതി പിന്നിട്ടാൽ പിന്നെ നോമ്പ്  നോൽക്കരുത് എന്ന് സൂചിപ്പിക്കുന്ന ഒരു ഹദീസും നബി(സ)യിൽനിന്ന് വന്നിട്ടുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്:  അബൂ ഹുറയ്റ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " ശഅ്ബാനിലെ പകുതി മാത്രം ബാക്കിയായാല്‍ നിങ്ങള്‍ നോമ്പ് പിടിക്കരുത്" (തിർമിദി 749). 
അഥവാ ശഅ്ബാന്‍ പാതിക്ക് വെച്ച് നോമ്പ് നോറ്റു തുടങ്ങരുത്. എന്നാല്‍, ശഅ്ബാന്‍ ഏറക്കുറെ പൂർണമായും നോമ്പെടുക്കണം എന്ന ഉദ്ദേശ്യത്തോടെ നേരത്തെ നോമ്പ് നോറ്റു തുടങ്ങിയവർക്ക് പാതി പിന്നിട്ട ശേഷവും നോമ്പ് തുടരുന്നതിൽ കുഴപ്പമില്ല. ആ നിലക്ക് തന്നെ മറ്റു ഹദീസുകളുമായി ഈ ഹദീസിന് യാതൊരു വൈരുധ്യവുമില്ല എന്ന് മനസ്സിലാക്കാം. അതുപോലെ ശഅ്ബാന്‍ മാസത്തിന്റെ അവസാനത്തില്‍ റമദാന് ഒന്നോ രണ്ടോ ദിവസം മുമ്പായി നിങ്ങള്‍ നോമ്പ് നോൽക്കരുത്. എന്നാല്‍, ആരെങ്കിലും സാധാരണയായി നോമ്പ് നോറ്റുവരുന്ന ആളാണെങ്കില്‍ ആ നോമ്പുമായി പൊരുത്തപ്പെട്ടു വന്നാല്‍ (ഉദാ: തിങ്കള്‍, വ്യാഴം സ്ഥിരമായി നോൽക്കുന്നവരെപ്പോലെ) അവർക്ക്  നോൽക്കാവുന്നതാണ് എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.

ഇമാം മുസ്‌ലിം ഉദ്ധരിച്ച ഒരു ഹദീസ് ഇപ്രകാരമാണ്. റസൂൽ (സ) പറഞ്ഞു: “റമദാനിന്റെ തലേന്നോ അതിന്റെ തൊട്ട് രണ്ട് ദിവസം മുമ്പോ നിങ്ങൾ നോമ്പെടുക്കരുത്. എന്നാൽ, നേരത്തെതന്നെ നോമ്പെടുത്തു വരുന്ന ഒരാൾക്ക് അങ്ങനെ ആകാവുന്നതാണ്'' (മുസ് ലിം 2570).

ഈ രണ്ട് ഹദീസുകളും പ്രത്യക്ഷത്തിൽ വിരുദ്ധമായി തോന്നാമെങ്കിലും യഥാർഥത്തിൽ ഇവിടെ വൈരുധ്യമില്ല. പണ്ഡിതന്മാർ അത് ഇങ്ങനെ വിശദീകരിക്കുന്നു: തിങ്കൾ, വ്യാഴം തുടങ്ങിയ ദിവസങ്ങളിൽ നോമ്പെടുക്കുന്നത് സുന്നത്താണല്ലോ. അത് പതിവാക്കിയ ഒരാൾ ശഅ്ബാൻ പാതി കഴിഞ്ഞാലും നോമ്പ് എടുക്കുന്നതിന് വിരോധമില്ല. ഇവിടെ ആദ്യമായി ഒരാൾ നോമ്പെടുക്കുന്നത് പാതി കഴിഞ്ഞാവുന്നതിനാണ് വിലക്ക്. നേരത്തെ നോമ്പെടുക്കുന്ന പതിവുള്ളവർക്കിത് ബാധകമല്ല. ഈ കാര്യം ഇമാം നവവി രിയാദുസ്സ്വാലിഹീനിൽ 
(412) വ്യക്തമാക്കിയിട്ടുണ്ട്. 

ഇമാം ഇബ്നുൽ ഖയ്യിം തഹ്ദീബുസ്സുനനിലും വിശദമായി ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇടക്കിടെ സുന്നത്ത് നോമ്പെടുക്കുന്ന ശീലമുള്ളവർക്കും ശഅ്ബാൻ തുടക്കം മുതലേ സുന്നത്ത് നോമ്പെടുത്തു തുടങ്ങിയവർക്കും ഈ വിലക്ക് ബാധകമല്ല. അതുപോലെ നോറ്റുവീട്ടാനുള്ള നോമ്പുകൾ ഖദാ വീട്ടുന്നതിനും വിരോധമില്ല. തനിക്ക് നോറ്റുവീട്ടാനുള്ള നോമ്പുകൾ കടമായി ഉണ്ടാവാറുണ്ടായിരുന്നു എന്നും, അവ ഞാൻ ശഅ്ബാനിലാണ് നോറ്റുവീട്ടിയിരുന്നതെന്നും ആഇശ (റ) വ്യക്തമാക്കിയത് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട് (ബുഖാരി 1595). അതുപോലെ അയ്യാമുൽ ബീദിലും (ഹിജ്‌റ മാസത്തിലെ 13,14,15 തീയതികള്‍) തിങ്കള്‍, വ്യാഴം പോലുള്ള ദിവസങ്ങളിൽ സാധാരണയായി നോമ്പെടുക്കുന്നവർക്കും ഈ വിലക്ക് ബാധകമല്ലെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.  
ശഅ്ബാൻ 15-ന് ശേഷം പുതുതായി ഒരു സുന്നത്ത് നോമ്പ് തുടങ്ങാതിരിക്കുക എന്നതാണ് കൂടുതൽ പ്രബലമായ വീക്ഷണം. എന്നാൽ, പതിവായി സുന്നത്ത് നോമ്പുകൾ ശീലിച്ചവരും നോമ്പ് നോറ്റുവീട്ടാൻ ബാക്കിയുള്ളവരും അത് മാറ്റിവെക്കേണ്ടതുമില്ല. ശൈഖ് ഇബ്നു ബാസ് പറയുന്നു: "അതിന്റെ പൊരുള്‍ ശഅ്ബാന്‍ പാതിക്ക് വെച്ച് നോമ്പ് നോൽക്കാന്‍ തുടങ്ങരുത് എന്നതാണ്. എന്നാല്‍, ഒരാള്‍ ശഅ്ബാന്‍ പൂർണമായോ ഭൂരിഭാഗമോ നോമ്പെടുത്താല്‍ അവന് ആ സുന്നത്ത് ലഭിച്ചിരിക്കുന്നു"  (മജ്മൂഉൽ ഫതാവാ- ഇബ്നു ബാസ്). l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 08-10
ടി.കെ ഉബൈദ്

ഹദീസ്‌

ചോദിക്കാനുള്ളത് സുജൂദിൽ ചോദിക്കുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്