Prabodhanm Weekly

Pages

Search

2024 മാർച്ച് 01

3342

1445 ശഅ്ബാൻ 20

പ്രതീക്ഷയോടെ മുന്നേറുക, ഇരുട്ടുകൾക്ക് ശേഷം വെളിച്ചമുണ്ട്….

സയ്യിദ് സആദത്തുല്ലാ ഹുസൈനി

ഹിന്ദുത്വ വംശീയതക്കെതിരെ, വർഗീയതക്കും വിദ്വേഷത്തിനുമെതിരെ സംഘടിപ്പിക്കുന്ന അതിമഹത്തായ സമ്മേളനമാണിത്. ഫാഷിസത്തിന്റെ വഴിയിൽ ഈ രാജ്യത്തെ വഴിനടത്താൻ അനുവദിക്കുകയില്ലെന്ന പ്രഖ്യാപനമാണ് ഇവിടെ നടന്ന ബഹുജന റാലിയും സാഹോദര്യ സമ്മേളനവും ഉറക്കെപ്പറയുന്നത്. അതിക്രമത്തിന്റെയും അനീതിയുടെയും ഭിന്നിപ്പിന്റെയും വിവേചനത്തിന്റെയും അസമത്വത്തിന്റെയും വർഗീയതയുടെയും വംശീയതയുടെയും വഴിയേ നമ്മുടെ രാജ്യത്തെ തിരിച്ചുവിടുകയില്ലെന്ന ആഹ്വാനം കൂടിയാണ് ഈ സമ്മേളനം.

പ്രശസ്ത ചിന്തകൻ ആർനോൾഡ് ടോയൻബിയുടെ പ്രസിദ്ധമായ പ്രഖ്യാപനമുണ്ട്: Civilizations die from suicide, not by murder (ഒരു നാഗരികതയും കൊലപാതകത്തിലൂടെ മരണപ്പെടുന്നില്ല; ആത്മഹത്യയിലൂടെയാണ് മരണമടയുക). ഏതൊരു നാഗരിക സമൂഹത്തിന്റെയും ആത്മഹത്യയുടെ ഏറ്റവും പ്രകടമായ പ്രവണത അവർക്കിടയിൽ ഒരു വിഭാഗം മറ്റേ വിഭാഗവുമായി സംഘട്ടനത്തിലേർപ്പെടുക എന്നതാണ്. ഒരു വിഭാഗം ഇതര വിഭാഗത്തിനെതിരെ വെറുപ്പ് പ്രചരിപ്പിക്കുക എന്നതാണ്.  രാജ്യത്തിന് വികസനവും പുരോഗതിയും നേടിക്കൊടുക്കുന്നതിനല്ല, പരസ്പരം വെറുപ്പ് പ്രചരിപ്പിക്കുന്നതിനാവും അവർ പ്രാധാന്യം നൽകുക. ഒരു രാജ്യവും സമ്പത്തുകൊണ്ട് മാത്രം ശക്തിപ്രാപിക്കുകയില്ല. കേവലം ഡിപ്ലോമസി വഴി ലോകത്ത് സ്വാധീനം ചെലുത്താനും സാധിക്കുകയില്ല. ഏതൊരു രാജ്യത്തിന്റെയും വികസനവും പുരോഗതിയും ഉറപ്പുവരുത്തുന്നതിന് രാജ്യ നിവാസികൾക്കിടയിൽ ഐക്യവും കെട്ടുറപ്പും ഉണ്ടായിരിക്കുക എന്നത് മറ്റെന്തിനെക്കാളും മർമ പ്രധാനമാണ്.

രാജ്യ നിവാസികൾക്കിടയിൽ സുരക്ഷിതത്വ ബോധം, നിയമവാഴ്ച, നീതി, സമത്വം എന്നിവ ഉറപ്പുവരുത്തുക വഴിയാണ് രാജ്യം ശക്തിപ്പെടുകയും പ്രശസ്തി നേടുകയും ചെയ്യുന്നത്. ഏതൊരു രാജ്യത്തിന്റെയും യഥാർഥ കരുത്ത് ഇതുതന്നെയാണ്. ഒരു വിഭാഗം രാജ്യത്ത് നിലനിൽക്കുന്ന നീതിവ്യവസ്ഥ തകർക്കുമ്പോൾ സ്വാഭാവികമായും ആ രാജ്യ നിവാസികൾക്കിടയിൽ സംഘർഷം രൂപപ്പെടും. വിദ്വേഷം ശക്തിപ്പെടും. ഇത്തരക്കാരാണ് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ. അഥവാ, നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന വർഗീയ വാദികളും ഫാഷിസ്റ്റ് ശക്തികളും വിദ്വേഷ പ്രചാരകരുമാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ.

നമ്മുടെ രാജ്യത്തിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണ്. വർഗീയതയും വിദ്വേഷവും വിവേചനവും തെരഞ്ഞെടുപ്പ് വിജയത്തിനുള്ള എളുപ്പ വഴികളായി മാറിക്കഴിഞ്ഞിരിക്കുന്നു. വിദ്വേഷ പ്രചാരകർ രാജ്യത്തെ ഏറ്റവും വലിയ ഹീറോകളായി മാറിക്കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ പല മുഖ്യമന്ത്രിമാരും വിദ്വേഷ പ്രഭാഷണ മത്സരം (Hate Speech Competition) നടത്തുകയാണ്. വിദ്വേഷത്തിന്റെ ഈ കനലുകൾ മുസ്‌ലിം സമൂഹത്തെ മാത്രമാണ് ബാധിക്കുക എന്ന് നിങ്ങളാരെങ്കിലും കരുതുന്നുണ്ടോ? ഒരിക്കലുമല്ല. ഇത് ഭയാനകമായ തീക്കളിയാണ്. ഈ തീക്കളിയിൽ എല്ലാവരുടെയും കൈകൾ പൊള്ളും. നമ്മുടെ രാജ്യം വിദ്വേഷവും വംശീയതയും പ്രകോപനങ്ങളുമുണ്ടാക്കുന്ന ഈ തീക്കളിയിൽ ഭയാനകമായ അവസ്ഥയിലേക്ക് അതിവേഗം നടന്നടുക്കുകയാണ്. ജനസംഖ്യയുടെ പകുതിയും യുവാക്കളായ ഒരു രാജ്യത്ത് ഈ തീക്കളി ഒരിക്കലും സാധാരണ കളിയാവുകയില്ല. ഇത് ഭയാനക രൂപം പ്രാപിക്കാൻ പോവുകയാണ്. ഇത് മുസ്‌ലിംകൾക്ക് മാത്രമല്ല, രാജ്യത്താകമാനം വലിയ പരിക്കും നാശനഷ്ടങ്ങളും ഉണ്ടാക്കും.

നിയമ സംവിധാനങ്ങൾ വിവേചനത്തിന്റെയും വെറുപ്പിന്റെയും ഉപകരണങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. ബുൾഡോസർ പൊളിറ്റിക്സ് എന്ന പുതിയ സാങ്കേതിക പ്രയോഗം തന്നെ ഇക്കാലത്ത് രൂപപ്പെട്ടിരിക്കുന്നു. ഇത് ലോക സമക്ഷം നമ്മുടെ രാജ്യത്തെ അപഹാസ്യമാക്കി മാറ്റുകയാണ്. നിയമങ്ങൾ ചില പ്രത്യേക ജനതക്ക് മേൽ  മാത്രം നടപ്പാക്കുന്ന പ്രവണത (Selective Application) രാജ്യത്താകമാനം വ്യാപകമാവുകയാണ്. ഒരു കോളനി മുഴുവനും നിയമ വിരുദ്ധ കെട്ടിട നിർമാണം വഴി രൂപപ്പെട്ടതാണെങ്കിലും ആ കോളനിയിൽനിന്ന് പ്രത്യേകം തെരഞ്ഞെടുത്ത ഒരു വീട്ടിലേക്ക് മാത്രം ബുൾഡോസർ ഇടിച്ച് കയറുകയാണ്. കേവല അക്രമത്തിന് മാത്രമല്ല, വംശഹത്യക്ക് വരെ ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രഭാഷകൻ സ്വതന്ത്രമായി വിഹരിക്കുമ്പോൾ, ഒരു ചെറിയ വാചകത്തെ ദുർവ്യാഖ്യാനിച്ച് മുഫ്തി സൽമാൻ അസ്ഹരി എന്ന മുസ്‌ലിം പണ്ഡിതനെ ഗുരുതരമായ പല വകുപ്പുകളും ചാർത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് നമുക്ക് കാണേണ്ടി വരുന്നു. ദൽഹിയിൽ നൂറുകണക്കിന് ഹെക്ടർ വനഭൂമിയാണ് കൈയേറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ദൽഹി ഡെവലപ്മെന്റ് അതോറിറ്റിയും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും നിലവിൽ വരുന്നതിനും നൂറ്റാണ്ടുകൾ പഴക്കമുള്ള അഥവാ തൊള്ളായിരം വർഷം പുരാതനമായ ഒരു മസ്ജിദ് മാത്രം ബുൾഡോസർ ഇടിച്ച് തകർക്കുകയാണ്. ഇതുതന്നെയാണ് ഉത്തരാഖണ്ഡിലും നടന്നത്. 12,000 ഹെക്ടർ ഭൂമി കൈയേറ്റം ചെയ്യപ്പെട്ടതാണെന്നാണ് സർക്കാർ രേഖകൾ പറയുന്നത്. ഇതിൽ ഓരോ നാൾ പിന്നിടുമ്പോഴും കൂടുതൽ കൈയേറ്റങ്ങൾ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, അതിൽനിന്ന് ഒരു മദ്റസയും പള്ളിയും മാത്രം തെരഞ്ഞെടുത്ത് തകർത്തുകളയുന്നു.

ഗ്യാൻവാപി മസ്ജിദിൽ നടന്നത് മറ്റൊരു അതിക്രമമാണ്. നമ്മുടെ രാജ്യത്ത് ആരാധനാലയ നിയമം (Places of Worship Act) നിലവിലുണ്ട്. എന്നിട്ടും മസ്ജിദുകളുമായി ബന്ധപ്പെട്ട്  ഇത്തരം അതിക്രമങ്ങൾ നടക്കുന്നത് ഏറെ ആശങ്കാജനകമാണ്. ഈ പ്രവണത രാജ്യത്തിന്റെ നിയമ സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുകയും സുതാര്യത നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, രാജ്യത്ത് നിയമവാഴ്ച തന്നെ തകരുന്ന സാഹചര്യം സംജാതമാവുകയാണ്.

വിദ്യാഭ്യാസം, സാമ്പത്തിക വളർച്ച, ദാരിദ്ര്യ നിർമാർജനം, അസമത്വം ഇല്ലാതാക്കൽ, സമൂഹത്തിലെ അധഃസ്ഥിത ജനങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തൽ തുടങ്ങി പല വഴികളിലൂടെയും നമ്മുടെ രാജ്യത്തിന് പുരോഗതിയിലേക്ക് കുതിച്ചുയരാൻ ആവശ്യമായ എല്ലാ സാഹചര്യങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈ സുവർണാവസരം ഉപയോഗപ്പെടുത്തുന്നതിന് പകരം വെറുപ്പും വിദ്വേഷവും ആളിക്കത്തിക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിക്കുന്നത്.  നമ്മുടെ രാജ്യത്ത് ഏറ്റവും വലിയ യുവജന ശക്തി നിലവിലുണ്ട്. ഇതിനെ നമുക്ക് ഏറ്റവും ശക്തമായ ഡിമോഗ്രാഫിക് അസ്സെറ്റ് അല്ലെങ്കിൽ ഡിവിഡന്റ് ആയി ഉപയോഗിക്കാൻ സാധിക്കും.

നമ്മുടെ രാജ്യത്ത് പ്രാപ്തിയും ദീർഘവീക്ഷണവുമുള്ള ഭരണാധികാരികളും നേതാക്കളും ഉണ്ടായിരുന്നെങ്കിൽ ഇത് ഉപയോഗപ്പെടുത്തി രാജ്യത്തെ പുരോഗതിയുടെ കൊടുമുടിയിലേക്ക് എത്തിക്കാൻ സാധിക്കുമായിരുന്നു. പക്ഷേ, നമ്മുടെ ഭരണാധികാരികളുടെ കാര്യം ഏറെ പരിതാപകരമാണ്. ചരിത്രപരമായി ഈ മഹാ ദൗത്യം നിർവഹിക്കേണ്ടതിന് പകരം ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പണിയാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങളുടെ സ്വന്തം പൗരന്മാർക്കിടയിൽ വീവേചനത്തിന്റെ മതിലുകൾ പണിതുയർത്തുകയാണ്. മതത്തിന്റെയും വംശീയതയുടെയും അടിസ്ഥാനത്തിൽ വെറുപ്പിന്റെ വലിയ കിടങ്ങുകൾ നിർമിക്കാനാണ് അവർ ശ്രമിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ അസെറ്റായ യൗവനത്തെ ദുരുപയോഗം ചെയ്യുക വഴി നമ്മുടെ യുവാക്കളെ 'ജനസംഖ്യാ ദുരന്തം' (demographic disaster) ആക്കി മാറ്റുകയാണ് ചെയ്യുന്നത്.

അക്രമം, അനീതി, വെറുപ്പ്, വിവേചനം തുടങ്ങി എല്ലാ സാമൂഹിക അപരാധങ്ങളുടെയും ഇരുട്ട് മൂടിയ ഒരു സാഹചര്യത്തിൽ ഇവിടെ നടന്ന കരുത്തുറ്റ റാലിയും മഹാ സമ്മേളനവും ഉയർത്തുന്ന സന്ദേശം വളരെ പ്രസക്തവും ഗൗരവമർഹിക്കുന്നതുമാണ്. ഏറെ സങ്കീർണമായ ഈ സാഹചര്യത്തെ ധീരമായി നേരിടുമെന്ന സന്ദേശമാണ് ഇവിടെ പകർന്നുനൽകുന്നത്. ഞങ്ങൾ ഒരിക്കലും തലകുനിക്കുകയില്ല, ഭയപ്പെടുകയുമില്ല, ഈ രാജ്യത്തെ സംഹാരാത്മക വഴികളിലൂടെ ഇനിയും കൊണ്ടുപോകാൻ ഞങ്ങൾ അനുവദിക്കുകയില്ല എന്ന ഉജ്ജ്വലമായ പ്രഖ്യാപനമാണ് ഈ സംഗമം പകർന്നുനൽകുന്നത്.

ഈ രാജ്യം അകപ്പെട്ട നാശ ഗർത്തത്തിൽനിന്ന് അതിനെ രക്ഷപ്പെടുത്തുക എന്ന ദൗത്യം കൂടി നിർവഹിക്കേണ്ടവരാണ് നാം. നാം ഏറ്റവും ഉത്തമമായ സമൂഹമാണ്. ജങ്ങൾക്ക് വേണ്ടി നിയുക്തരാണ് നാം. മുഴുവൻ ജനങ്ങളിലേക്കുമാണ് നാം നിയോഗിതരായത്. ആയതിനാൽ ഈ രാജ്യത്തെ നാശ വഴിയിൽ സഞ്ചരിക്കാൻ നാം അനുവദിക്കുകയില്ല. റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ അടിമകളാണ് നാം. റഹ്‌മത്തിന്റെ ദീനിനെയാണ് നാം പിന്തുടരുന്നത്. റഹ്‌മത്തുൻ ലിൽ ആലമീനായ റസൂലിന്റെ ഉമ്മത്താണ് നാം. ആയതിനാൽ ഈ രാജ്യത്ത് ഇന്നലെയും ഇന്നും നാളെയും റഹ്മത്തായി നാം നിലകൊള്ളും. നാം ത്യാഗ സമർപ്പിതരായി ഈ രാജ്യത്തെ മുഴുവൻ ജനങ്ങളെയും രക്ഷപ്പെടുത്തും. ഈ രാജ്യത്തോടും രാജ്യനിവാസികളോടുമുള്ള സദ്‌വിചാരവും ഗുണകാംക്ഷയും നമ്മുടെ ലക്ഷ്യമാണ്.

സത്യമാർഗത്തിന്റെ വെള്ളി വെളിച്ചത്താൽ ഈ ജനതക്ക് നാം പ്രകാശം ചൊരിയും. ഇവിടത്തെ എല്ലാ പ്രശ്നങ്ങൾക്കും നമ്മുടെ ജീവിതംകൊണ്ട് പരിഹാരം കാണും. ഈ രാജ്യത്തിന്റെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരമായി നിലകൊള്ളുകയും അസ്സെറ്റായി മാറുകയും ചെയ്യും. ഇവിടെ കനലെരിയുന്ന പരീക്ഷണങ്ങളുടെ തീച്ചൂളയിൽനിന്നും നാം പുറത്തുകടക്കുകയും കാലഘട്ടത്തിന്റെ ദൗത്യ നിർവഹണത്തിൽ നമ്മുടെ പങ്ക് നിറവേറ്റുകയും ചെയ്യും.

ഈ സാഹചര്യത്തിൽ നമ്മിൽ ഭയം ജനിപ്പിക്കാനുള്ള ആസൂത്രിത ശ്രമം പല കോണുകളിൽ നിന്നും നടന്നുകൊണ്ടിരിക്കുന്നുണ്ട്. നിരാശയിൽ അകപ്പെടുത്താനുള്ള ശ്രമവും കൊണ്ടുപിടിച്ചു നടക്കുന്നു. ഫാഷിസത്തിന്റെയും വർഗീയതയുടെയും ഏറ്റവും വലിയ ഉപകരണം ഭയപ്പെടുത്തലും നിരാശയിലകപ്പെടുത്തലുമാണെന്ന് നാം തിരിച്ചറിയണം. വിശുദ്ധ ഖുർആനിൽ അല്ലാഹു ഇപ്രകാരം പറയുന്നുണ്ടല്ലോ: “അതു വാസ്തവത്തില്‍ സാത്താനായിരുന്നുവെന്ന് ഇപ്പോള്‍ നിങ്ങള്‍ക്കറിവായി. അവന്‍ തന്റെ മിത്രങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതിനാല്‍, ഭാവിയില്‍ മനുഷ്യരെ ഭയപ്പെടാതിരിക്കുവിന്‍. നിങ്ങള്‍ വിശ്വാസികളെങ്കില്‍ എന്നെ ഭയപ്പെടുവിന്‍” (ആലു ഇംറാൻ 175). ഈ സാഹചര്യത്തിൽ മുസ്‌ലിം സമൂഹത്തിന് ഉത്കണ്ഠയും ആലോചനകളുമുണ്ടാകണം. പക്ഷേ, ഒരിക്കലും ഭയത്തിലും ദുഃഖത്തിലും അകപ്പെടരുത്. പരീക്ഷണങ്ങളും പ്രതിസന്ധികളും ഈ ഉമ്മത്തിന് എക്കാലത്തും കരുത്തും ആവേശവുമാണ് നൽകിയതെന്ന് ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. പ്രതിസന്ധികളിൽനിന്ന് ഊർജം സമ്പാദിച്ച ചരിത്രമാണ് ഈ സമൂഹത്തിന്റേത്.  “ഓരോ കർബലകൾക്ക് ശേഷവും ഇസ്‌ലാം പുതുജീവൻ നേടുകയാണ്.”

അതുകൊണ്ട് ഈ പ്രതിസന്ധി നാളിൽ നാം ഒരിക്കലും വെപ്രാളപ്പെടരുത്. ഭയപ്പെടുകയും ചെയ്യരുത്. ദുഃഖത്തിലും നിരാശയിലും അകപ്പെടുകയും ചെയ്യരുത്. ഈ സാഹചര്യങ്ങളെ കണ്ണടച്ച് അംഗീകരിക്കുകയും ചെയ്യരുത്. ഈ രാജ്യത്തെ  ഓരോ മനുഷ്യരുടെയും ഹൃദയ കവാടങ്ങളിൽ ചെന്ന് നാം മുട്ടിവിളിക്കും. രാജ്യത്തിന്റെ മനഃസാക്ഷിയെ തൊട്ടുണർത്തും. പോസിറ്റീവായ മാറ്റത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും.

പുതിയ സാഹചര്യത്തിൽ നമുക്ക് ഏറ്റവുമധികം ആവശ്യമുള്ളത് ഇസ്തിഖാമത്താണ്. സാഹചര്യം എന്തുതന്നെയായാലും നാം ഈമാനിന്റെയും ദീനിന്റെയും അടിത്തറകളിൽ മല പോലെ ഉറച്ചുനിൽക്കണം. ഇതുതന്നെയാണ് ഏറ്റവും വലിയ പ്രതിരോധം. Perseverance is the most powerful form of resistance എന്നുണ്ടല്ലോ. രണ്ടാമതായി, ഹൃദയങ്ങളെയും മസ്തിഷ്കങ്ങളെയും കീഴടക്കുക എന്ന ദൗത്യമാണ് നമുക്ക് നിർവഹിക്കാനുള്ളത്. സ്നേഹത്തിലൂടെയും സേവനങ്ങൾ വഴിയും മനുഷ്യ മനസ്സുകളെ കീഴടക്കാൻ നമുക്ക് സാധിക്കണം. വെറുപ്പും വിദ്വേഷവും പരത്തുന്നതിനുള്ള പരിഹാരം ഇതാണ്.

അല്ലാഹു പറയുന്നു: “അല്ലാഹു നിങ്ങള്‍ക്കും, ഇന്ന് നിങ്ങള്‍ വിരോധം പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ ഒരിക്കല്‍ മൈത്രിയുണ്ടാക്കിക്കൂടെന്നില്ല. അല്ലാഹുവിന് അളവറ്റ കഴിവുണ്ട്. അവന്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ” (അൽ മുംതഹിന 7). സത്യം ജനങ്ങളിലെത്തുന്നതിലൂടെയാണ് ഹൃദയം കീഴടക്കാൻ സാധിക്കുക. ജനങ്ങളോട് ഗൗരവപ്പെട്ട വിഷയങ്ങൾ സംസാരിക്കുന്നതിലൂടെയും ജനമനസ്സുകളെ സ്വാധീനിക്കാൻ സാധിക്കും. നിങ്ങൾ എല്ലാവരുമായും സംസാരിക്കുക. ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും ഇതര മത വിഭാഗങ്ങളോടും തുടർച്ചയായി സംസാരിച്ചുകൊണ്ടിരിക്കുക. രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എത്രമാത്രം ഭയാനകമാണെന്നും ആശങ്കപ്പെടുത്തുന്നതാണെന്നും ഈ സംസാരം വഴി അവരെ ബോധ്യപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കണം.

മൂന്നാമതായി, എല്ലാ കാര്യങ്ങളിലും മാതൃകയായി മാറുക എന്നതാണ്. നമ്മുടെ സ്വഭാവം, കുടുംബ ജീവിതം, കച്ചവടം, ഇടപാടുകൾ തുടങ്ങി എല്ലാ രംഗത്തും നാം മറ്റുള്ളർക്ക് മാതൃകയാകണം. വിജ്ഞാന സമ്പാദനത്തിൽ നാം മറ്റുള്ളവരെ മറികടക്കണം. കഴിവുകളും യോഗ്യതകളും നേടിയെടുക്കുന്നതിലും നാം മുന്നേറണം. മറ്റുള്ളവരെ അകമഴിഞ്ഞ് സഹായിക്കുന്നവരുമാകണം. കേരളത്തിലെ മുസ്‌ലിം സുഹൃത്തുക്കൾ ഇക്കാര്യങ്ങളിലെല്ലാം മുന്നേ നടക്കുന്നവരാണ്. ഇതേ അവസ്ഥ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വളർത്തിയെടുക്കാൻ സാധിക്കണം. ഉത്തരേന്ത്യയിലെ ദുർബലരായ മുസ്‌ലിം സമൂഹത്തെ ഉയർത്തിക്കൊണ്ടു വരണം. വിദ്യാഭ്യാസം നേടുന്നതിലും സമ്പാദിക്കുന്നതിലും ഇനിയും ഒരുപാട് ദൂരം അവർക്ക് സഞ്ചരിക്കാനുണ്ട്. രാജ്യത്ത് വിവിധ രംഗങ്ങളിൽ സേവനം ചെയ്യാൻ പ്രാപ്തമായ സമൂഹമായി അവരെ വാർത്തെടുക്കണം. അങ്ങനെ വന്നാൽ അവർക്കെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾ അത്രവേഗം സാധ്യമാവുകയില്ല. ഈ ഭാരിച്ച ഉത്തരവാദിത്വം നാം ഏറ്റെടുക്കണം. പൊതു സമൂഹത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കും വിധം അവരുടെ ഹൃദയങ്ങൾ കീഴടക്കുകയും മുസ്‌ലിം ഉമ്മത്തിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയും ചെയ്യുക എന്ന രണ്ട് സുപ്രധാന ദൗത്യം വീഴ്ചകൾ കൂടാതെ നിർവഹിക്കാൻ നമുക്ക് സാധിക്കണം. അതുവഴി ധാരാളം പ്രതിസന്ധികൾ നമുക്ക് മറികടക്കാൻ സാധിക്കും.

അക്രമങ്ങൾ തലപൊക്കുമ്പോൾ അതിനെതിരെ ശബ്ദമുയർത്തുകയും പ്രതിരോധം തീർക്കുകയും ചെയ്യുക എന്നത് നമ്മുടെ കേവല ചുമതല എന്നതിൽ കവിഞ്ഞ് ഇസ്‌ലാമികമായ ഉത്തരവാദിത്വമാണെന്ന് കൂടി നാം മനസ്സിലാക്കണം. വിശ്വാസി സമൂഹത്തിന്റെ വിശേഷണങ്ങൾ പ്രതിപാദിക്കുന്ന സന്ദർഭത്തിൽ വിശുദ്ധ ഖുർആൻ ഇപ്രകാരം പറയുന്നത് കാണാം: "തങ്ങള്‍ക്കുനേരെ അതിക്രമങ്ങളുണ്ടായാല്‍ ചെറുക്കുന്നവരുമാകുന്നു” (അശ്ശൂറാ 39). നബി (സ) ഇപ്രകാരം പറയുന്നു: “ഒരു അക്രമകാരിയെ ജനങ്ങൾ കണ്ടാൽ അവനെ അതിൽനിന്ന് തടയാതിരുന്നാൽ അല്ലാഹു അവന്റെ ശിക്ഷ പൊതുവായി എല്ലാവരുടെയും മേൽ നടപ്പാക്കിയേക്കാം”. ആയതിനാൽ അക്രമത്തോട് മൗനം പാലിക്കാൻ നമുക്കാവില്ല. അക്രമകാരികളെ അവരുടെ പാട്ടിന് വിടാനും നമുക്ക് കഴിയുകയില്ല. അവരെ അതിൽനിന്ന് പിന്തിരിപ്പിക്കുകയും മർദിതരെ സഹായിക്കുകയും ചെയ്യുക എന്നത് ഇസ്‌ലാമികമായ നമ്മുടെ ബാധ്യതയാണ്. അതിക്രമങ്ങൾ ആർക്കുനേരെ നടന്നാലും അതിനെ നാം ചെറുക്കണം. ദലിതർ, ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, നിങ്ങളുടെ എതിർപക്ഷത്ത് നിലകൊള്ളുന്നവർ തുടങ്ങി ആര് ആക്രമിക്കപ്പെട്ടാലും അവർക്ക് സഹായ ഹസ്തം നാം നീട്ടിക്കൊടുക്കണം. അക്രമങ്ങൾക്ക് വിരാമമിടാൻ സമാധാനത്തിന്റെയും നിയമവാഴ്ചയുടെയും അകത്തുനിന്ന് സാധ്യമായ എല്ലാ ശ്രമങ്ങളും നാം നടത്തിക്കൊണ്ടരിക്കണം.

നാം പ്രതീക്ഷയോടെ മുന്നേറുക. എല്ലാ ഇരുട്ടുകൾക്കും ശേഷം വെളിച്ചം പ്രഭ ചൊരിയുക തന്നെ ചെയ്യും. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 08-10
ടി.കെ ഉബൈദ്

ഹദീസ്‌

ചോദിക്കാനുള്ളത് സുജൂദിൽ ചോദിക്കുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്