മൗനം വെടിയണമെന്ന ആഹ്വാനവുമായി സാഹോദര്യ സമ്മേളനം
കഴിഞ്ഞ ഫെബ്രുവരി പതിനാലിന് ജമാഅത്തെ ഇസ്്‌ലാമി കേരള ഘടകം കോഴിക്കോട് നഗരത്തില്‍ സംഘടിപ്പിച്ച ബഹുജന റാലിയും ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ നടത്തിയ സാഹോദര്യ സമ്മേളനവും ജനശ്രദ്ധയാകര്‍ഷിച്ചത് അതുയര്‍ത്തിപ്പിടിച്ച പ്രമേയത്തിന് അത്രക്കും അടിയന്തര പ്രാധാന്യമുള്ളതുകൊണ്ടാണ്. ജനമനസ്സുകളിലേക്ക് വിഷം കുത്തിവെക്കുന്ന, ജനാധിപത്യ സ്ഥാപനങ്ങളെ തികച്ചും ജനാധിപത്യവിരുദ്ധമായി നിശ്ശബ്ദമാക്കുന്ന ഹിന്ദുത്വ വംശീയ തേരോട്ടത്തിനെതിരെ ഉറക്കെ സംസാരിക്കണമെന്ന ആഹ്വാനമായിരുന്നു ബഹുജന റാലിയും തുടര്‍ന്നു നടന്ന സാഹോദര്യ സമ്മേളനവും ഉയര്‍ത്തിയത്. സാഹോദര്യ സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനിയും മുഖ്യാതിഥിയായി പങ്കെടുത്ത ഗ്യാന്‍വാപി മസ്ജിദ് ഇമാം അബ്ദുല്‍ ബാത്വിന്‍ നുഅ്മാനിയും മറ്റു പ്രഭാഷകരും ഇക്കാര്യം അടിവരയിട്ട് പറയുകയുണ്ടായി. നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന്, ഫാഷിസ്റ്റ് കിരാത വാഴ്ചക്കെതിരെ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക കൂട്ടായ്മകളും മുഖ്യധാരാ മാധ്യമങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും തുടരുന്ന മൗനമാണ്. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച ക്ഷേത്രം ആരാധനക്കായി തുറന്നുകൊടുത്തതിനു ശേഷമുണ്ടായ അതിഗുരുതരമായ ഭരണകൂട കൈയേറ്റങ്ങളില്‍ ഇവയൊക്കെയും പുലര്‍ത്തുന്ന മൗനവും നിസ്സംഗതയും അമ്പരപ്പിക്കുന്നതാണ്. സകല നീതിന്യായ സങ്കല്‍പ്പങ്ങളെയും കാറ്റില്‍ പറത്തി വാരണസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെ നിലവറ പൂജകള്‍ക്കായി തുറന്നുകൊടുത്തപ്പോള്‍, മതേതരത്വത്തിന്റെ ദീര്‍ഘകാല പാരമ്പര്യം അവകാശപ്പെടുന്ന പത്രങ്ങള്‍ വരെ വാര്‍ത്ത ഉള്‍പ്പേജിലെവിടെയോ കൊടുത്തെന്ന് വരുത്തി. കേട്ടുകേള്‍വിയില്ലാത്ത ഈ അനീതിക്കെതിരെ ലേഖനങ്ങളില്ല, എഡിറ്റോറിയലുകളില്ല. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ദിവസങ്ങളോളം ഫുള്‍ കളര്‍ പേജ് പരസ്യങ്ങള്‍ നല്‍കിയതിനുള്ള പ്രത്യുപകാരം. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ അനധികൃത കുടിയേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍ സംസ്ഥാനത്തെ ബി.ജെ.പി ഭരണകൂടം അവിടെയുള്ള ഒരു പള്ളിയും മദ്‌റസയും പൊളിച്ചുകളഞ്ഞു. മറ്റുള്ള അനധികൃത കുടിയേറ്റങ്ങള്‍ക്കോ കുടിയേറ്റക്കാര്‍ക്കോ യാതൊരു പ്രശ്‌നവുമില്ല. മുസ്ലിം സ്ഥാപനങ്ങളെ തെരഞ്ഞു പിടിച്ച് നശിപ്പിക്കുകയാണ്. പള്ളിയും മദ്‌റസയും പൊളിച്ചതിനെത്തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ഔദ്യോഗിക കണക്ക് പ്രകാരം തന്നെ അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ചട്ടങ്ങളൊന്നും പാലിക്കാതെ പോലീസ് വെടിവെക്കുകയായിരുന്നുവെന്ന് സ്ഥലവാസികള്‍ പറയുന്നു. അനധികൃത കുടിയേറ്റക്കാര്‍ പോലീസിനെതിരെ കലാപമുണ്ടാക്കി എന്ന രീതിയിലാണ് ദേശീയ മാധ്യമങ്ങളില്‍ മിക്കതും സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ഇത് ഒരു മാസത്തിനിടക്കുണ്ടായ ഏതാനും സംഭവങ്ങള്‍ മാത്രം. ഈ കുറ്റകരമായ മൗനം അവസാനിപ്പിക്കണമെന്ന തുറന്ന ആഹ്വാനമാണ് കോഴിക്കോട്ടെ ബഹുജന റാലിയിലും സാഹോദര്യ സമ്മേളനത്തിലും ഉയര്‍ന്നു കേട്ടത്. ആ അര്‍ഥത്തില്‍ അത് ചരിത്ര പ്രധാനവുമാണ്. പ്രബോധനം വാരിക ഈ ലക്കത്തില്‍ സാഹോദര്യ സമ്മേളനത്തിലെ ശ്രദ്ധേയമായ നാല് പ്രഭാഷണങ്ങള്‍ ഡോക്യുമെന്റ് ചെയ്യാനുള്ള കാരണവും അതാണ്. l
Comments