Prabodhanm Weekly

Pages

Search

2024 മാർച്ച് 01

3342

1445 ശഅ്ബാൻ 20

ഇരുൾ മുറ്റിയ ലോകത്ത് വെളിച്ചത്തിന്റെ തുരുത്ത്

പി. മുജീബുർറഹ്മാൻ (അമീർ, ജമാഅത്തെ ഇസ്്ലാമി കേരള)

ഹിന്ദുത്വ വംശീയ ഭീകരത അതിന്റെ എല്ലാ സീമകളും ലംഘിച്ച് ഇന്ത്യാ രാജ്യത്ത്  വലിയ ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു കാലയളവിലാണ് നാം ജീവിക്കുന്നത്. പ്രാണപ്രതിഷ്ഠാ ദിനത്തിനുശേഷം ഒരു മാസത്തിനകം നമ്മുടെ രാജ്യത്ത് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് നമ്മളെല്ലാവരും ബോധവാന്മാരാണ്. അഥവാ ബാബരി മസ്ജിദിന്റെ തകർച്ച ഈ രാജ്യത്ത് സംഘ് പരിവാറിന് അധികാരാരോഹണത്തിലേക്കുള്ള വഴിയായിരുന്നുവെങ്കിൽ പ്രാണപ്രതിഷ്ഠാദിനം  തങ്ങളുടെ ഫൈനൽ റൗണ്ടായിട്ടാണ് അവർ കാണുന്നത്.  അത് കേവലം രാമക്ഷേത്രത്തിന്റെ നിർമിതിയുമായി ബന്ധപ്പെട്ട കാര്യമല്ല. അതിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് ഒരു പ്രധാനമന്ത്രിയാണ്.  ഒരു ദേശീയോത്സവം പോലെയാണ് പ്രാണപ്രതിഷ്ഠ നടന്നത്. ഇത് മതമോ വിശ്വാസമോ അല്ല. നമുക്ക് അറിയാവുന്നതുപോലെ, ഇത് രാഷ്ട്രീയമാണ്. ഇത് കേവല രാഷ്ട്രീയമല്ല, വൃത്തികെട്ട രാഷ്ട്രീയമാണ് എന്ന് പറയാതിരിക്കാൻ നിർവാഹമില്ല. അതാണ് ഇന്ന് നമ്മുടെ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ പാരമ്പര്യത്തെ, രാജ്യത്തിന്റെ ചരിത്രത്തെ, ഭരണഘടനയെ, നിയമസംഹിതയെ പൂർണമായും അവഗണിച്ചുകൊണ്ടാണ് ഇന്ന് വംശീയ ഭരണകൂടം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.  ആ അർഥത്തിൽ അവരുടെ മുന്നിൽ ഒരുപാട് ജനവിഭാഗങ്ങളുണ്ട്. മുസ്‌ലിം വിഭാഗമാണ് അവരുടെ പ്രഥമ പരിഗണനയെങ്കിൽ ക്രൈസ്തവ വിഭാഗത്തെക്കുറിച്ചും കമ്യൂണിസ്റ്റുകളെ കുറിച്ചും ഈ രാജ്യത്തെ ദലിതുകളെ കുറിച്ചും  വളരെ കൃത്യമായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് സംഘ് പരിവാറിന്റെ  ഈ നീക്കം നടന്നുകൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഇത് ഒരു വിഭാഗവുമായി ബന്ധപ്പെട്ട വിഷയം മാത്രമല്ല, രാജ്യത്തെ തന്നെ നാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന നീക്കമാണ്  എന്ന് പറയേണ്ടിവരും. ഈ പ്രബുദ്ധ ജനത ഇതിനെ ഗൗരവത്തോടുകൂടി നിരീക്ഷിക്കണം എന്നാണ് ഈ സന്ദർഭത്തിൽ ഉണർത്താനുള്ളത്. ഇത് ഒരു തിരിച്ചുപോക്കാണ്. എങ്ങോട്ടേക്കുള്ള തിരിച്ചുപോക്കാണ് എന്ന്,  ഹിന്ദുത്വ ആശയം മുന്നോട്ടുവെക്കുന്ന സംഘ് പരിവാർ രാഷ്ട്രീയത്തെ പരിശോധിച്ചാൽ വ്യക്തമാവും. ഇത് മനുസ്മൃതിയിലേക്കുള്ള തിരിച്ചുപോക്കാണ്. വേദം കേൾക്കുന്നവന്റെ കാതിൽ ഈയം ഉരുക്കി ഒഴിക്കണമെന്ന് പറഞ്ഞ ആ പഴയ കാലത്തേക്കുള്ള തിരിച്ചുപോക്ക്. വഴി നടക്കാൻ സ്വാതന്ത്ര്യമില്ലാത്ത  കാലത്തിലേക്കുള്ള, ക്ഷേത്രപ്രവേശനത്തിന് പ്രതിബന്ധം നിന്ന  കാലത്തിലേക്കുള്ള, മാറുമറയ്ക്കാൻ അനുവാദമില്ലാത്ത, കാലത്തിലേക്കുള്ള തിരിച്ചുപോക്കാണ്. അഥവാ ശുദ്ധ വംശീയഭ്രാന്തിലേക്കാണ് ഇന്ത്യാ മഹാരാജ്യത്തെ പ്രധാനമന്ത്രി കൂട്ടിക്കൊണ്ടുപോകുന്നത്.  അതിനെക്കുറിച്ചാണ് പ്രാണപ്രതിഷ്ഠാ ദിനത്തിൽ പ്രധാനമന്ത്രി ഇതൊരു 'പുതുയുഗപ്പിറവിയുടെ നാന്ദി' എന്നു പറഞ്ഞത്. ഇത് പുതുയുഗപ്പിറവിയുടെ നാന്ദിയല്ല. ഇത് പഴയ ജാതി വ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കിന്റെ നാന്ദിയാണെന്ന് നാം മാലോകരോട് പറയേണ്ട കാലമാണിത്.

വംശീയതയെ ചെറുക്കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച വളരെ കൃത്യമായ കാഴ്ചപ്പാട് ഇസ്‌ലാമിക ദർശനത്തിൽ നിന്നുകൊണ്ട് പറയാൻ സാധിക്കും. 'എല്ലാവരും ആദമിൽ നിന്നാണ്, ആദം മണ്ണിൽ നിന്നാണ്' എന്ന് പറയുന്ന, വംശമാഹാത്മ്യത്തെ അടിയോടെ തള്ളിക്കളയുന്ന ഒരു ദർശനത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ടാണ് ഞാൻ സംസാരിക്കുന്നത്. “തീർച്ചയായും നിങ്ങളുടെ ഈശ്വരൻ ഒന്നാണ്, നിങ്ങളുടെ പിതാവ് ഒന്നാണ്” എന്ന് പറയുന്ന ഉജ്ജ്വലമായ സാഹോദര്യത്തിന്റെ ദർശനം കൊണ്ടാണ് ഈ കാലഘട്ടത്തിലെ വംശീയഭ്രാന്തിനെ ആശയപരമായി നേരിടേണ്ടത് എന്ന്  ജമാഅത്തെ ഇസ്‌ലാമി മനസ്സിലാക്കുന്നു. ഒപ്പം അധികാരരൂപം പൂണ്ട ഈ വംശീയതയെ കൂടി അഭിമുഖീകരിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. 'വിചാരധാര'യാണ് ഈ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ഇത്തരമൊരു ഘട്ടത്തിൽ നമ്മുടെ രാജ്യത്തെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികൾ എന്ത് സമീപനമാണ് സ്വീകരിക്കുന്നത് എന്ന വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം നമ്മുടെ മുന്നിൽ ഉയരുന്നുണ്ട്. നമ്മുടെ മുന്നിൽ ഒരു മൗനം നിലനിൽക്കുന്നുണ്ട്. ആ ഭീകരമായ മൗനത്തെ ഭേദിക്കാൻ വേണ്ടി തന്നെയാണ് ജമാഅത്തെ ഇസ്‌ലാമി ഈ ബഹുജന റാലി നടത്തിയത്. ചിലർ മിണ്ടരുതെന്ന് തീരുമാനിച്ചാൽ, ലോകം മൊത്തം മൗനം പാലിക്കണമെന്ന് തീരുമാനിച്ചാൽ അത് നടപ്പില്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ കൂടിയാണ്, ഭരണകൂടത്തെ ഓർമപ്പെടുത്താൻ കൂടിയാണ് ജമാഅത്തെ ഇസ്‌ലാമി ഭീകരമായ മൗനത്തെ ഭേദിച്ചുകൊണ്ട് ഒരു പടുകൂറ്റൻ റാലി മലബാറിന്റെ മധ്യത്തിൽ നടത്തിയത്. ഭരണകൂടത്തിന്റെ നീക്കങ്ങളോട് രാഷ്ട്രീയ പാർട്ടികളുടെ സമീപനമെന്താണ്? രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പലരും സംസാരിച്ചല്ലോ. രാമക്ഷേത്രമല്ല പ്രശ്നം, മറിച്ച് ബി.ജെ.പി അത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഞങ്ങളുടെ പ്രശ്നം എന്ന് ചിലർ പറയുകയുണ്ടായി. എന്താണ് തങ്ങളുടെ നീതിബോധമെന്ന് മതേതര രാഷ്ട്രീയ പാർട്ടികൾ വ്യക്തമാക്കേണ്ടതുണ്ട്. ബി.ജെ.പി ഇതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയിട്ടില്ലായെങ്കിൽ എന്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സി.പി.ഐഎമ്മിന്റെ നിലപാട്?  നീതിപൂർവമായ നിലപാട് സ്വീകരിക്കാൻ ഈ രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. ശിലാന്യാസവും, ഏകതാ യാത്രയും രഥയാത്രയും, 1992 ഡിസംബർ 6-ന് ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങൾ കർസേവകർ പട്ടാപ്പകൽ തകർത്തെറിഞ്ഞതും, രഥയാത്രയുടെ രഥമുരുണ്ടു തുടങ്ങിയപ്പോൾ അതിനടിയിൽ എരിഞ്ഞമർന്ന ഒരു ജനതയുടെ ജീവിതവും, രാജ്യത്തിന്റെ  തെരുവോരങ്ങളെ വർഗീയാഗ്നി വിഴുങ്ങിയപ്പോൾ അതിൽ പൊലിഞ്ഞുപോയ ഒരുപാട് മനുഷ്യ ജീവിതങ്ങളും നിങ്ങൾ മറന്നോ? ബാബരി മസ്ജിദ് എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നെ തർക്കമന്ദിരം എന്ന് പറഞ്ഞു. പലരുടെയും ഇപ്പോഴത്തെ ആഗ്രഹം അതിനെ രാമക്ഷേത്രം എന്ന് പറയാനാണ്. ഗ്യാൻവാപി മസ്ജിദിനെ കുറിച്ച് കേരളത്തിലെ ഒരു പ്രധാന പത്രം പറഞ്ഞത് സമുച്ചയത്തിൽ പൂജക്ക് അനുമതി എന്നാണ്. കേരളം എങ്ങോട്ടാണ് മാറുന്നത്? പ്രബുദ്ധം എന്ന് പറയുന്ന കേരളത്തിന്റെ പ്രബുദ്ധത ഏതർഥത്തിലാണ് നമ്മൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്? മതേതര രാഷ്ട്രീയ പാർട്ടികൾ ഹിന്ദുത്വ അജണ്ടയെ അഥവാ വംശീയ അജണ്ടയെ ഈ രാജ്യത്ത് നോർമലൈസ് ചെയ്യുന്നു എന്നത് അത്യന്തം അപകടം നിറഞ്ഞതാണ്. നെഹ്റുവിന്റെ ഒരു പരാമർശമുണ്ട്. പതിറ്റാണ്ടുകൾക്കു മുമ്പ് അദ്ദേഹം പറഞ്ഞു:

''ഇന്ത്യൻ ദേശീയതയുടെ ഒരു പ്രശ്നം ഇന്ത്യൻ ദേശീയതക്കകത്ത് പൊതുവായ ഒരു കാര്യം ഒരു മുസൽമാൻ പറഞ്ഞാൽ അത് വർഗീയമായാണ് സ്വീകരിക്കപ്പെടുക. നേരെ മറിച്ച്, മുസ്ലിമേതര  ജനവിഭാഗം വർഗീയത പറഞ്ഞാൽ അത് പൊതുവായാണ് മനസ്സിലാക്കപ്പെടുക.” അതാണിന്ന് നമ്മുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആ അർഥത്തിൽ വംശീയത വിവേചന ഭീകരത സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.  500 കൊല്ലം ആരാധന നടത്തിയ ബാബരി മസ്ജിദ് തകർക്കപ്പെട്ടു. 600 വർഷം ആരാധന നടത്തിയ ഗ്യാൻവാപി മസ്ജിദ് പൂജക്ക് അനുവദിക്കപ്പെട്ടു. 800 വർഷം ആരാധന നടത്തിയ മെഹ്റോളി പള്ളി തകർക്കപ്പെട്ടു. അതിലുപരി ഏക സിവിൽ കോഡ് നടപ്പാക്കുന്ന സാഹചര്യമുണ്ടായി. ഉത്തരാഖണ്ഡിൽ പള്ളിയും മദ്റസയും നശിപ്പിച്ചു. ഒരു മാസത്തിനകമാണ് ഇതെല്ലാം നടന്നത്. ഇവിടെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് നാവില്ലേ? എന്തുകൊണ്ടാണ് അവരുടെ ശബ്ദം ഇല്ലാതായത്? നിലപാട് സത്യസന്ധവും രാഷ്ട്രീയവുമായിരിക്കണം. ഈ രാജ്യത്ത് തെരഞ്ഞെടുപ്പ് വരുന്നു എന്നുള്ളതുകൊണ്ട് ഭൂരിപക്ഷ മൃദു ഹിന്ദുത്വ സമീപനത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ തൂക്കം കണക്കാക്കിയിട്ടാണ് നിലപാട് സ്വീകരിക്കുന്നതെങ്കിൽ കാലം നിങ്ങൾക്ക് മാപ്പ് തരില്ല.  ആരും മിണ്ടുന്നില്ല. മുസ്‌ലിം സമൂഹത്തിന് നേരെയുള്ള ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞു. തീവ്ര ഹിന്ദുത്വത്തിന്റെ അങ്ങാടിയിൽ മൃദു ഹിന്ദുത്വത്തിന്റെ കട തുറക്കുന്നവരോട് പറയട്ടെ, ആ കട നിങ്ങൾ അടയ്ക്കേണ്ടി വരും.  

ആ കട നിങ്ങൾക്ക് ഒഴിഞ്ഞുകൊടുക്കേണ്ടി വരുമെന്നത് ചരിത്രം നിങ്ങൾക്ക് നൽകുന്ന പാഠമാണ്.
നിങ്ങൾ ഈ വിഷയത്തിൽ ബഹുസ്വരമായിട്ടാണ് ഇടപെടേണ്ടത് എന്ന് ഇസ്‌ലാമിക പ്രസ്ഥാനത്തെയും മുസ്‌ലിം സമൂഹത്തെയും ചിലർ ഉപദേശിക്കുന്നുണ്ട്. ബഹുസ്വര ജീവിതത്തിന്റെ ബാലപാഠം പ്രവാചകനിൽനിന്ന് സ്വീകരിച്ച ഒരു ജനതയാണ് മുസ്‌ലിം സമൂഹം. ഇസ്‌ലാമിന്റെ ഉള്ളടക്കം ബഹുസ്വരമാണ്. അത് അധിനിവേശവിരുദ്ധ പോരാട്ടത്തിൽ നിങ്ങൾക്ക് കാണാൻ കഴിയും. അധിനിവേശകരിൽനിന്ന് ചാലിയം കോട്ട പിടിച്ചടക്കാൻ ബന്ധപ്പെട്ടവർ ആലോചന  നടത്തിയ കോഴിക്കോട്ടെ മിശ്കാൽ പള്ളിയുടെ അടിത്തറയിൽ വരെ സംഘ് പരിവാർ കണ്ണുവെച്ചു എന്നത് അത്യന്തം അപകടകരമായ വെല്ലുവിളിയാണ്.  സാമൂതിരിയോടൊപ്പം പടപൊരുതിയ കുഞ്ഞാലി മരക്കാരെ കുറിച്ച് തുഹ്ഫത്തുൽ മുജാഹിദീൻ പറയുന്നത് അത് ജിഹാദ് ആണെന്നാണ്.

അഥവാ അധിനിവേശവിരുദ്ധ പോരാട്ടം ജിഹാദ് ആണെന്ന് പ്രഖ്യാപിച്ച ഒരു ജനതയെ നിങ്ങൾ ബഹുസ്വരതയുടെ ബാലപാഠം പഠിപ്പിക്കേണ്ട കാര്യമില്ല.  ബഹുസ്വരതയെക്കുറിച്ച് ഇങ്ങോട്ട് ക്ലാസ് എടുക്കുന്നവരോട് ചോദിക്കട്ടെ, രാജ്യത്തിന്റെ മതേതര പൊതുബോധത്തിനകത്ത് മുസ്‌ലിം  എത്രമാത്രമാണ് സ്വീകരിക്കപ്പെട്ടത്? മുസ്‌ലിം രാഷ്ട്രീയത്തെയും, അവർ ഉന്നയിക്കുന്ന ചോദ്യങ്ങളെയും മതേതര പൊതുബോധത്തിന് സ്വീകരിക്കാൻ ഏതളവിൽ സാധിച്ചിട്ടുണ്ട്? സാധിച്ചിരുന്നുവെങ്കിൽ മലപ്പുറവും  മലബാറും അഞ്ചാം മന്ത്രിയും വിവാദമാകുമായിരുന്നില്ല.

സാധിച്ചിരുന്നുവെങ്കിൽ പലപ്പോഴും മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട നിരപേക്ഷമായ നീക്കങ്ങൾ രാജ്യത്ത് ഇസ്‌ലാമോഫോബിയയുടെ ഭാഗമായി വിവാദത്തിന്റെ തിരികൊളുത്തുമായിരുന്നില്ല. ഇത്തരം നിലപാടുകളിൽ മാറ്റം ഉണ്ടാകണം. പരസ്പരമുള്ള വിഴുപ്പലക്കലുകൾ അവസാനിപ്പിക്കാൻ മുസ്‌ലിം സംഘടനകൾക്ക് സമയമായിട്ടുണ്ട്. തലക്കു മുകളിൽ വംശീയ ഭീകരതയുടെ കഴുകന്മാർ വട്ടമിട്ടു പറക്കുമ്പോൾ വലിയ ജനസാഗരത്തെ അഭിമുഖീകരിച്ചുകൊണ്ട് നമ്മുടെ പണ്ഡിതന്മാർ പറയുന്നു, ബിദഈ പ്രസ്ഥാനങ്ങളെ കരുതിയിരിക്കണം എന്ന്.  മസ്ജിദുകളും മിഹ്റാബുകളും തകർക്കപ്പെടുമ്പോൾ ഹിന്ദുത്വ രാഷ്ട്രീയത്തെ കരുതിയിരിക്കണം എന്ന ശക്തമായ ബോധവൽക്കരണം മുസ്‌ലിം ജനസമൂഹത്തിന് മാത്രമല്ല, ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങൾക്കും നൽകേണ്ട സന്ദർഭമാണിത്. ഇന്ത്യൻ ജനത ഒരുമിച്ചു നിൽക്കേണ്ട കാലഘട്ടം.

“അല്ലാഹുവിനെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്‌. ഭിന്നിച്ചാൽ നിങ്ങള്‍ക്ക് ധൈര്യക്ഷയം സംഭവിക്കുകയും നിങ്ങളുടെ കാറ്റ് പോവുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു” എന്ന് വിശുദ്ധ വേദഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നുണ്ട്.

അതോടൊപ്പം പുതിയ സിദ്ധാന്തവും രൂപപ്പെടുന്നുണ്ട്. മിണ്ടരുത്, മിണ്ടാതിരിക്കലാണ് യഥാർഥത്തിൽ സംഘ് പരിവാർ കാലഘട്ടത്തിൽ നമ്മൾ സ്വീകരിക്കേണ്ട നിലപാട് എന്ന് പറയുന്ന ആളുകളുണ്ട്. നാം മിണ്ടാതിരുന്നാൽ ഈ രാജ്യത്ത് വംശീയത വളരില്ല എന്നാണോ കരുതുന്നത്? നൂറു കൊല്ലത്തെ പ്രോജക്ടുമായി സംഘ് പരിവാർ അതിന്റെ ഫൈനൽ റൗണ്ടിൽ എത്തിയിരിക്കുകയാണ്. ഈ 100 കൊല്ലത്തെ പ്രോജക്ട് മുസ്‌ലിം സമുദായം മിണ്ടിയതു കൊണ്ട് ഉണ്ടായതാണോ?  സംഘ് പരിവാറിന് കൃത്യമായ അജണ്ട ഉണ്ട് എന്ന് മനസ്സിലാക്കണം. എനിക്ക് കിട്ടിയ ഒരു വാർത്ത,  രാജസ്ഥാനിലെ സ്കൂളുകളിൽ മുഴുവൻ വിദ്യാർഥികളും സൂര്യനമസ്കാരം നിർവഹിക്കണം എന്ന ഗവൺമെന്റിന്റെ ഓർഡർ വന്നിരിക്കുന്നു. വൈവിധ്യമാണ് ഈ രാജ്യത്തിന്റെ പ്രത്യേകത. ആ വൈവിധ്യം ഉയർത്തിപ്പിടിക്കേണ്ട  രാജ്യത്ത് ഒരു സംസ്ഥാനം അവിടെയുള്ള മുഴുവൻ കുട്ടികളും സൂര്യനമസ്കാരം നിർവഹിക്കണമെന്ന് ഓർഡർ കൊടുത്തിരിക്കുകയാണ്. രാജസ്ഥാനിലെ മുസ്‌ലിം സമൂഹം മിണ്ടാതിരുന്നാൽ ഈ ഓർഡർ ഇല്ലാതാകുമായിരുന്നോ?

സംസാരിച്ചുകൊണ്ടേയിരിക്കുക, ഇടപെട്ടുകൊണ്ടേയിരിക്കുക, മൗനത്തെ ഭേദിക്കുക - ഇതാണ് ഈ രാജ്യത്ത് ജനാധിപത്യവും മതേതരത്വവും ജുഡീഷ്യറിയും  നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ  ചെയ്യേണ്ടത്. നിങ്ങൾ പ്രക്ഷോഭം നടത്തുമ്പോൾ അത് സമാധാന ഭംഗമല്ലേ എന്നും ഇപ്പോഴത്തെ അവസ്ഥയിൽ അത് നമ്മൾ നിർവഹിക്കേണ്ടതുണ്ടോ എന്നും ചിലർ ചോദിക്കും. ഒരു ജനാധിപത്യ രാജ്യത്ത് ഒരു ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിരാകരിക്കപ്പെടുമ്പോൾ, ഒരു ജനതയുടെ നിയമപരമായ പരിരക്ഷ നിരാകരിക്കപ്പെടുമ്പോൾ, 1991-ലെ ആരാധനാലയ സംരക്ഷണ നിയമം ലംഘിക്കപ്പെടുമ്പോൾ ജനാധിപത്യ പോരാട്ടം നടത്തണം. ബാബരി മസ്ജിദിന്റെ ഭൂമി അന്യായമായി അവരുടെ കൈയിൽനിന്ന് തട്ടിയെടുത്ത് രാമക്ഷേത്ര നിർമാണത്തിന് നീക്കിവെക്കുമ്പോഴും ആ വിധിപ്പകർപ്പിനടിയിൽ പേരെഴുതുക പോലും ചെയ്യാതിരുന്ന നമ്മുടെ സുപ്രീം കോടതി ജഡ്ജിമാർ പറഞ്ഞ ഒരു കാര്യം, ഇനിയുള്ള കാര്യങ്ങളിൽ 1991-ലെ ആരാധനാലയ സംരക്ഷണ നിയമം പാലിക്കപ്പെടണമെന്നാണ്. ആ നിയമമല്ലേ കാറ്റിൽ പറത്തിയത്? ഗ്യാൻവാപി മസ്ജിദിന്റെ താഴെ ഭാഗത്ത് പൂജാരി മാത്രമല്ല, ഒരു മജിസ്ട്രേറ്റും കമ്മീഷണറും പോയിട്ടാണ് പൂജക്കുള്ള അനുവാദം കൊടുത്ത് വിഗ്രഹം പ്രതിഷ്ഠിക്കുന്നത്. ഇവിടെ ജനാധിപത്യവും മതേതരത്വവും ജുഡീഷ്യറിയുമാണോ പ്രവർത്തിക്കുന്നത്? ജനാധിപത്യ സംവിധാനത്തിൽ പ്രതികരിക്കുക, പ്രതിഷേധിക്കുക എന്നത് എങ്ങനെയാണ് സമാധാനഭംഗമാകുന്നത്? കർഷക റാലി നടത്തുന്നില്ലേ?  മണിപ്പൂർ വിഷയത്തിൽ നമ്മൾ പ്രതികരിച്ചില്ലേ? എൻ.ആർ.സി വിഷയത്തിൽ  പ്രതിഷേധിച്ചില്ലേ?

എന്തുകൊണ്ടാണ് എൻ.ആർ.സി വിഷയത്തിൽ ഇത്ര കാലതാമസം എടുത്തത് എന്ന് ചോദിച്ചാൽ മിണ്ടാതിരുന്നതു കൊണ്ടല്ല. തെരുവോരങ്ങളിൽനിന്ന് മുദ്രാവാക്യത്തിന്റെ അലയൊലികൾ ഉയർന്ന് വൻ പ്രതിഷേധങ്ങൾ രൂപപ്പെട്ടതു കൊണ്ടാണ്. അതുകൊണ്ട് മൗനമല്ല പരിഹാരം. ഈ രാജ്യത്തിന്റെ ജനാധിപത്യക്രമത്തിനകത്ത് വൈവിധ്യത്തെ ചേർത്തുനിർത്തി  അതിശക്തമായ പ്രക്ഷോഭമാണ് ഉണ്ടായി വരേണ്ടത്. നിങ്ങൾക്ക് തലമുറകളായി കൈമാറിക്കിട്ടിയ വീടിന്റെ മുറ്റത്ത് നാളെ ബുൾഡോസറുകൾ വന്ന് അത് പൊളിക്കുകയാണെന്ന് പറഞ്ഞാൽ മിണ്ടാതിരിക്കുകയാണ് വേണ്ടത് എന്നാണോ പറയുക? അതോ ആ ബുൾഡോസറുമായി വരുന്ന  ഉദ്യോഗസ്ഥന് നേരെ വിരൽ ചൂണ്ടുകയാണോ വേണ്ടത്? നിങ്ങൾ മിണ്ടരുത്, ആ വീട് പൊളിക്കട്ടെ, നിങ്ങൾ മിണ്ടിയാൽ ഈ ഗ്രാമത്തിന്റെ സമാധാനം നശിക്കും എന്ന് ഉപദേശിക്കുന്നവനാണോ, അതല്ല സാധ്യമാകുന്ന വിധത്തിൽ ബുൾഡോസറുകൾ നിരത്താൻ അനുവദിക്കില്ല എന്ന് പറയുന്നവന്റെ രാഷ്ട്രീയമാണോ ഈ കാലഘട്ടത്തിൽ മുന്നോട്ടുവെക്കേണ്ടത്? ഇളക്കുന്നത് മസ്ജിദിന്റെ കല്ലല്ല,  രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ അടിക്കല്ലാണ്. ഭരണഘടന മുന്നോട്ടുവെക്കുന്ന സ്വാതന്ത്ര്യവും തുല്യതയും നീതിയും സാഹോദര്യവുമാണ് കുഴിച്ചുമൂടപ്പെടുന്നത്. അതുകൊണ്ട് ഇനിയൊരു മിഹ്റാബും ഒരു മസ്ജിദും തകരാൻ പാടില്ല.  വംശീയതയെ  ജനാധിപത്യത്തിന്റെയും നിയമത്തിന്റെയും ചട്ടക്കൂടിൽ നിന്നുകൊണ്ട് ശക്തമായി പ്രതിരോധിക്കുക എന്നത് നമ്മുടെ ദൗത്യമാണ്. നാം ഒറ്റക്കല്ല,  വംശീയതക്കെതിരെ ശബ്ദിച്ച് രക്തസാക്ഷിത്വം വരിച്ച ആളുകളുണ്ട്.

ഗൗരി ലങ്കേഷ്, കൽബുർഗി, ജസ്റ്റിസ് ലോയ, ഹേമന്ത് കർക്കരെ  പോലുള്ളവർ രക്തസാക്ഷികളായ മണ്ണാണിത്. ജയിലിൽ അടക്കപ്പെട്ട സഞ്ജീവ് ഭട്ടിനെ പോലെയുള്ളവരുടെ മണ്ണാണിത്. എല്ലാ വൈവിധ്യത്തെയും ചേർത്തു നിർത്തിയാണ് നമുക്ക് മുന്നോട്ടു പോകേണ്ടത്.  പൊതുബോധത്തെ നമുക്ക് അഭിമുഖീകരിച്ചേ പറ്റൂ. ഇസ്‌ലാമിക പ്രസ്ഥാനം മുന്നോട്ടുവെക്കുന്നത് ഒറ്റമൂലിയല്ല, ബഹുമുഖമായ പദ്ധതികളാണ്. സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഒരു പ്രവർത്തന അജണ്ട ഇന്ത്യൻ മുസ്‌ലിം സമൂഹത്തിന്റെ മുന്നിൽ വെക്കാൻ ജമാഅത്തെ ഇസ്‌ലാമി സന്നദ്ധമാണ്. ഈ രാജ്യത്തിന്റെ പൊതുബോധത്തെ മാറ്റിയെടുക്കാൻ നമുക്ക് സാധിക്കണം. പ്രവാചകൻ തെരുവിലാണ് ജീവിച്ചത്. ഇസ്‌ലാംവിരുദ്ധ പൊതുബോധം കത്തിനിൽക്കുന്ന ഈ കാലത്ത് തെരുവിൽ പ്രകാശമാനമായ ജീവിതം നയിച്ച് ആ പൊതുബോധത്തെ തിരുത്തുക.  “നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു” എന്ന വിശുദ്ധ വേദഗ്രന്ഥവാക്യം മുറുകെ പിടിക്കുക. യോജിക്കുന്നവരോടൊപ്പം ചേർന്നുനിന്ന് മുന്നോട്ടുപോകാൻ നമുക്ക് സാധിക്കണം. ആത്യന്തികമായി രാജ്യത്തിലെ മതേതര പാർട്ടികളെ അവലംബിച്ചുകൊണ്ടല്ല ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടു പോകാൻ തീരുമാനിച്ചിട്ടുള്ളത്. ഹിന്ദുത്വ വംശീയതക്കെതിരെ യോജിക്കാവുന്ന  ഏതെല്ലാം കാര്യങ്ങളുണ്ടോ അതിനോടെല്ലാം യോജിച്ചു നിൽക്കാൻ ജമാഅത്തെ ഇസ്‌ലാമി സന്നദ്ധമാണ്.

ആരെല്ലാം പോയാലും അവശേഷിക്കുന്ന ഒരു കാര്യമുണ്ട്. അത് തകരാത്ത വിശ്വാസമാണ്. അനന്തമായി കിടക്കുന്ന കടലോളം പ്രതിസന്ധികളിലൂടെ ഈ സമുദായം കടന്നുപോകേണ്ടി വന്നാലും ആ പ്രതിസന്ധിയെ മറികടന്ന് മുന്നോട്ട് പോകാൻ ആത്മവിശ്വാസം നൽകുന്ന ഒരു ചരിത്രം പിന്നിലുണ്ട്. അത് വെറും ചരിത്രമല്ല. നമ്മുടെ മുന്നിൽ വരച്ചുവെക്കപ്പെട്ട കൃത്യമായ ചരിത്രമാണ്. നാഗരികതകളുടെ ചരിത്രമാണ്. ആദ് സമൂഹം, സമൂദ് ഗോത്രം, ഇറം ഗോത്രം, ഫറോവ ചക്രവർത്തിയുടെ ജനസമൂഹം - ഇവരെ കുറിച്ച്  വിശുദ്ധ ഖുർആനിൽ കൃത്യമായി  പറയുന്നുണ്ട്. ധിക്കാരത്തിലും അനീതിയിലും കെട്ടിപ്പൊക്കപ്പെട്ട കോട്ടകൾ ചരിത്രത്തിൽ ഒരു കാലത്തും അനന്തമായി തുടർന്നിട്ടില്ല എന്നത് തന്നെയാണ് നമ്മുടെ പ്രതീക്ഷയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഹിറ്റ്ലറും മുസോളിനിയും തകർന്നിട്ടുണ്ടെങ്കിൽ, ഏരിയൽ ഷാരോൺ ഈ ലോകത്ത് തന്നെ അനുഭവിച്ചിട്ടുണ്ടെങ്കിൽ, ആയുധപ്പുരക്ക് കാവൽ നിന്നുകൊണ്ട് തീർത്തുകളയാം എന്ന് തീരുമാനിച്ച നെതന്യാഹു വിയർക്കുന്നുണ്ടെങ്കിൽ, അമിത് ഷായും  മോദിയും വിയർക്കേണ്ട ഒരു കാലഘട്ടം വരും.
ലോകത്ത് മഹാത്ഭുതമാണ് ഗസ്സ. ആകാശത്തും കടലിലും ഈജിപ്തിന്റെ ഭാഗത്തും ഇസ്രയേലിന്റെ ഭാഗത്തും തങ്ങൾക്ക് അനുവദിക്കപ്പെട്ട 45 കിലോമീറ്റർ നീളവും 20 കിലോമീറ്റർ വീതിയുമുള്ള ഒരു തുണ്ട് ഭൂമി. ഉപരോധിക്കപ്പെട്ട, ആകാശത്തുനിന്ന് തീ മഴ വർഷിപ്പിക്കപ്പെട്ട, നൂറു ദിവസത്തിലധികം ആകാശത്തുനിന്ന് തീമഴ വർഷിച്ച്  കെട്ടിടങ്ങൾ തകർന്നു തരിപ്പണമായ യുദ്ധഭൂമി.

മുപ്പതിനായിരത്തോളം ആളുകളുടെ ഖബറടക്കം നടന്ന ജനത. എന്നിട്ടും വിയർക്കുന്നത് യഹ്്യാ സിൻവാറോ മുഹമ്മദ് ദൈഫോ അല്ല, നെതന്യാഹുവാണ്. എന്തുകൊണ്ട്  വിയർക്കുന്നു എന്നു ചോദിച്ചാൽ അവർക്ക് തകർക്കാൻ കഴിയാത്ത ഒരു വിശ്വാസമുണ്ട്. അവർക്ക് പിടികിട്ടാത്ത ഒരു ഇച്ഛാശക്തിയുണ്ട്.

വിശ്വാസത്തിന്റെ കാര്യത്തിൽ വൈവിധ്യത്തെ ചേർത്തുനിർത്തി ഈ പറയപ്പെട്ട സാമൂഹ്യ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്  അന്ധകാരം മുറ്റിയ ഈ കാലത്ത് വെളിച്ചത്തിന്റെ തുരുത്ത് സൃഷ്ടിക്കുക. ഒരു പുതിയ പ്രഭാതത്തെ സ്വപ്നം കണ്ട്, സമൂഹവുമായി ചേർന്നുനിന്ന് ഈ  പ്രതിസന്ധിയെയും നാം മറികടക്കും എന്ന ആത്മവിശ്വാസത്തോടു കൂടി മുന്നോട്ടു പോവുക. l 

('ഹിന്ദുത്വ വംശീയതക്കെതിരെ ബഹുജന റാലി'യിൽ  ജമാഅത്തെ ഇസ്ലാമി അമീർ മുജീബുറഹ്മാന്റെ പ്രഭാഷണത്തിൽനിന്ന്). 
തയാറാക്കിയത്: മുഷ്താഖ്ഫസൽ)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 08-10
ടി.കെ ഉബൈദ്

ഹദീസ്‌

ചോദിക്കാനുള്ളത് സുജൂദിൽ ചോദിക്കുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്