Prabodhanm Weekly

Pages

Search

2024 മാർച്ച് 01

3342

1445 ശഅ്ബാൻ 20

പ്രസ്ഥാനവീഥിയിൽ ഓടിത്തീർത്ത വഴിദൂരങ്ങൾ

വി. മൂസ മൗലവി/ സദ്റുദ്ദീൻ വാഴക്കാട്

ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ മനസ്സിൽ നിറച്ചും പ്രവർത്തനങ്ങൾ ആരംഭിച്ചുമാണ് ഞാൻ പള്ളിദർസ് പഠനം പൂർത്തീകരിച്ചത്. പക്ഷേ, പിന്നീട് അധ്യാപന ജീവിതത്തിന്റെ ഒരു പ്രധാന ഘട്ടം മുജാഹിദ് പ്രവർത്തകർ  നടത്തുന്ന കോളേജുകളിലായിരുന്നു. മുജാഹിദ് പ്രസ്ഥാനവുമായി സംഘടനാ ബന്ധമൊന്നും എനിക്കുണ്ടായിരുന്നില്ല. കുമരനെല്ലൂരിലെ ഇസ്ലാഹിയ കോളേജിലാണ് ആദ്യം അധ്യാപകനായിരുന്നത്. കുമരനെല്ലൂർ അറക്കൽ പള്ളിയുടെ അടുത്തായിരുന്നു ഇസ്ലാഹിയ. മുസ്ലിം ലീഗ് അനുഭാവിയായ എം.കെ കുമരനെല്ലൂർ ഉൾപ്പെടെയുള്ളവരായിരുന്നു അതിന് നേതൃത്വം നൽകിയിരുന്നത്. ആദ്യഘട്ടത്തിൽ ഇത് പരിഷ്കരണ - പുരോഗമന മനസ്കരുടെ കൂട്ടായ്മയായിരുന്നു;

കൃത്യമായി മുജാഹിദ് സംഘടനയുടേതായിരുന്നില്ല. പിന്നീട് മുജാഹിദ് പ്രവർത്തകരുടെ പൂർണ നേതൃത്വത്തിലേക്ക് സ്ഥാപനം മാറുകയായിരുന്നു. പെൺകുട്ടികൾക്ക് മാത്രമായുള്ള അറബിക് കോളേജായിരുന്നു ആദ്യം ഇസ്ലാഹിയ. രണ്ട് ക്ലാസ് റൂമുകൾ മാത്രമുള്ള ചെറിയൊരു സ്ഥാപനമായിരുന്നു അത്. പിന്നീട് ഓർഫനേജും സ്കൂളും മറ്റും ഉൾക്കൊള്ളുന്ന വലിയ കാമ്പസായി ഇസ്ലാഹിയ വളർന്നു. ഇവിടത്തെ അധ്യാപന ജീവിതത്തിനിടയിലാണ്, പാവിട്ടപ്പുറത്തെ അസ്സബാഹ് കോളേജിൽ പ്രിൻസിപ്പലായി എന്നെ ക്ഷണിച്ചത്. ഇതും മുജാഹിദിന്റെ സ്ഥാപനമാണ്. പാവിട്ടപ്പുറത്ത് ഒരു ഓലഷെഡിലാണ് കോളേജ് പ്രവർത്തിച്ചിരുന്നത്. നടത്തിപ്പുകാരിൽ മുജാഹിദ്, ജമാഅത്ത് പ്രവർത്തകർ ഉണ്ടായിരുന്നു. അന്ന്, പരിഷ്കരണ പ്രവർത്തകർ എന്ന രീതിയിൽ ഇങ്ങനെ പരസ്പരം സഹകരിക്കുന്നതിൽ ഇരു വിഭാഗത്തിനും വലിയ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല.

ജമാഅത്തെ ഇസ്ലാമിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ ഈ രണ്ട് സ്ഥാപനങ്ങളിലും ഞാൻ സേവനം ചെയ്യുന്നത് അതുകൊണ്ടാണല്ലോ. അവർ എന്റെ ജമാഅത്ത് ബന്ധം അറിഞ്ഞുകൊണ്ടു തന്നെയാണ് എന്നെ അവിടെ നിയമിച്ചത്. അസ്സബാഹ് സ്ഥാപനങ്ങൾ പിന്നീട് നല്ല വളർച്ച കൈവരിക്കുകയുണ്ടായി. എം.ബി.എം എന്ന പേരിൽ വളയംകുളത്ത് വലിയ കാമ്പസ് തന്നെ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഈ കോളേജുകളിൽ വർഷങ്ങൾക്ക് മുമ്പ് ഞാൻ പഠിപ്പിച്ച വിദ്യാർഥികളിൽ പലരും ഇപ്പോഴും ഗുരു-ശിഷ്യബന്ധം നിലനിർത്തുന്നു. അധ്യാപന ജീവിതത്തിലെ വലിയ നേട്ടമാണ് ആ കാലങ്ങളിലേക്ക് നീളുന്ന ഈ ബന്ധം.

കോലളമ്പിലും എടപ്പാൾ അൽനൂർ മസ്ജിദിലും ഖത്വീബായി സേവനം ചെയ്തത് ഇതിനു മുമ്പായിരുന്നു. 1971-ലാണ് തിരൂർ വിട്ട് നാട്ടിലേക്ക് മടങ്ങിയത്. എടപ്പാളും കോലളമ്പുമായിരുന്നു പിന്നീട് ഇടത്താവളങ്ങൾ. എടപ്പാളിൽനിന്ന് പൊന്നാനിയിലേക്കുള്ള വഴിയിൽ, ഹംസക്കച്ചേരിയിലെ അൽനൂർ മസ്ജിദിൽ ഖത്വീബായിരുന്നു കുറച്ചു കാലം. അവിടെനിന്നാണ് കോലളമ്പിലേക്ക് ക്ഷണം ലഭിക്കുന്നത്. തൃശൂർ അതിർത്തിയോട് അടുത്ത് കിടക്കുന്ന ഗ്രാമമാണ് കോലളമ്പ്. ധാരാളം മുസ്ലിംകളുള്ള കോലളമ്പ് മഹല്ലിലെ ജനങ്ങൾ അൽപ്പം വിഘടിച്ചു നിൽക്കുകയായിരുന്നു അന്ന്. ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തകരും അനുഭാവികളും പരിഷ്കരണ മനസ്സുള്ള മറ്റു ചിലരും ഒരു ഭാഗത്ത്. പാരമ്പര്യ സുന്നി സഹോദരങ്ങൾ മറുഭാഗത്തും. വലിയ ബഹളങ്ങളും വഴക്കുകളും ഇല്ലെങ്കിലും, രണ്ട് തരം ചിന്താഗതികളോടെ സംഘബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു നാട്. അപ്പോഴാണ് മഹല്ല് പള്ളിയിലെ ഖത്വീബായി ഞാൻ ക്ഷണിക്കപ്പെടുന്നത്.

മഹല്ല് നിവാസികൾക്കിടയിലെ അസ്വാരസ്യങ്ങൾ ഏറക്കുറെ പരിഹരിക്കാനും അഭിപ്രായ സമന്വയത്തിലേക്ക് കൊണ്ടുവരാനും എനിക്ക് സാധിച്ചു. ജമാഅത്ത് അനുഭാവികൾക്കും പരിഷ്കരണ മനസ്കർക്കും അപ്പോൾ മേൽക്കൈ ഉണ്ടായിരുന്നതിനാൽ ജുമുഅ ഖുത്വ്്ബ മലയാള ഭാഷയിൽ നിശ്ചയിക്കപ്പെട്ടു. നേരത്തെ കുറേയൊക്കെ സ്വതന്ത്ര സ്വഭാവത്തിലാണ് പള്ളി നടന്നുവന്നിരുന്നത്.

ഖുത്വ്്ബയുടെ ഭാഷയിൽ നിഷ്കർഷ ഉണ്ടായിരുന്നില്ല. അറബിയിലോ മലയാളത്തിലോ ഖുത്വ്്ബ നടത്താമായിരുന്നു. എനിക്ക് മുമ്പ് കോലളമ്പ് പള്ളിയിൽ ഖത്വീബായിരുന്ന സൈനുദ്ദീൻ മുസ്ലിയാർക്ക് മലയാളത്തിൽ ഖുത്വ്്ബ നടത്താൻ താൽപര്യമായിരുന്നു. മലയാളത്തിൽ ഖുത്വ്്ബ നടത്തിയിരുന്ന സുന്നി പള്ളികൾ പലതും മുമ്പ് കേരളത്തിൽ ഉണ്ടായിരുന്നല്ലോ. ഞാൻ ചെല്ലുന്നതിന് മുമ്പ് മർഹൂം വി.പി മൊയ്തീൻ കുട്ടി മൗലവി, വി.കെ അലി തുടങ്ങിയവർ അവിടെ ഖുത്വ്്ബക്ക് പോയിരുന്നു. ഞാൻ എത്തിയതോടെ മലയാള ഖുത്വ്്ബയും വ്യവസ്ഥാപിതമായ മറ്റു പ്രവർത്തനങ്ങളുമായി മഹല്ല്  മുന്നോട്ട് പോയി.

കുറച്ചു കാലം അവിടെ നിന്ന ശേഷം ഞാൻ, അനുജൻ കുഞ്ഞിമരക്കാറിന് ഉത്തരവാദിത്വം ഏൽപ്പിച്ചുകൊടുത്തു. അപ്പോഴും ഖുത്വ്്ബ മലയാളത്തിൽ തന്നെയായിരുന്നു. ജമാഅത്ത് പ്രവർത്തകർക്കായിരുന്നു പള്ളിയുടെ മേൽനോട്ടം. മുജാഹിദുകാരും ഉണ്ടായിരുന്നു. ഞാൻ ഇല്ലാത്ത സന്ദർഭത്തിൽ ഖുത്വ്്ബക്ക് മുജാഹിദ് പ്രഭാഷകരെയും ക്ഷണിക്കുമായിരുന്നു. മലയാളം ഖുത്വ്്ബ ഇഷ്ടപ്പെടാത്ത കുറച്ചു പേർ അവിടെ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഒരു സന്ദർഭത്തിൽ, പ്രദേശത്തെ സുന്നികൾ രംഗത്ത് വരികയും, ഇനി ഇവിടെ ജമാഅത്തെ ഇസ്ലാമി വേണ്ടെന്നു പ്രഖ്യാപിച്ച് പള്ളി പൂർണമായും തങ്ങളുടെ വരുതിയിലാക്കുകയും ചെയ്തു. പിന്നീട് ജമാഅത്ത് പ്രവർത്തകർ അവിടെ സ്വന്തമായി പള്ളിയും അൻസാർ എന്ന പേരിൽ സ്കൂളുമൊക്കെ സ്ഥാപിക്കുകയുണ്ടായി.

കോലളമ്പിൽനിന്നാണ് ഞാൻ കൊടുങ്ങല്ലൂർ അഴീക്കോട് വനിതാ കോളേജിൽ അധ്യാപകനായി പോകുന്നത്. ഇസ്ലാമിക വിഷയങ്ങളോടൊപ്പം, പ്രിലിമിനറി എൻട്രൻസ് പരീക്ഷക്ക് കുട്ടികളെ തയാറാക്കുകയും വേണം. അറബിക് മുൻഷിയാകാൻ ഡിപ്ലോമ കോഴ്സുള്ള കാലമാണത്. ഭാര്യ ഫാത്വിമയും ഈ കോഴ്സിൽ ചേരുകയും പരീക്ഷ പാസ്സാവുകയും ചെയ്തിരുന്നു. കൊടുങ്ങല്ലൂരിൽനിന്ന് തിരിച്ചുവന്ന ശേഷമാണ് കുമരനെല്ലൂരിലും പടിഞ്ഞാറങ്ങാടിയിലും അധ്യാപകനാകുന്നത്. തുടർന്ന് എന്റെ തട്ടകം പൊന്നാനിയിലേക്ക് മാറി. 1978-84 കാലത്ത് പൊന്നാനി ഐ.എസ്.എസിൽ പ്രിൻസിപ്പലായി.

സംഘാടനമായിരുന്നു എന്റെ പ്രധാന മേഖല. എല്ലാവരെയും സഹകരിപ്പിച്ച് സ്ഥാപനത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനും വളർച്ചക്കും മേൽനോട്ടം വഹിക്കാനായി. അധ്യാപനവും ഉണ്ടായിരുന്നു. കെ.എൻ അബ്ദുല്ല മൗലവിയും മൊയ്തീൻ കുട്ടി മൗലവിയുമൊക്കെ ആദ്യഘട്ടത്തിൽ സ്ഥാപനത്തിൽ ഉണ്ടായിരുന്നു. ആദ്യം അറബിക് കോളേജാണ് ഐ.എസ്.എസ്സിൽ ആരംഭിച്ചത്. പിന്നീട്, നഴ്സറി ക്ലാസ്സുകളും ഹൈസ്കൂളുമായി സ്ഥാപനം വളർന്നു. പിന്നീട് ഞാൻ സ്ഥാപനത്തിലെ അധ്യാപന ചുമതല ഒഴിയുകയും ജമാഅത്തിന്റെ മുഴുസമയ പ്രവർത്തകനായി നിയമിക്കപ്പെടുകയും ചെയ്തു. അതിനു ശേഷം ഐ.എസ്.എസ് ട്രസ്റ്റിൽ അംഗമാവുകയുമുണ്ടായി. സമ്പന്നമായ ആ ഐ.എസ്.എസ് അനുഭവങ്ങൾ മറ്റൊരിക്കൽ പറയാം. കഴിഞ്ഞ വർഷം ഐ.എസ്.എസിലെ പൂർവ വിദ്യാർഥികളും അധ്യാപകരും മാനേജ്മെന്റും ചേർന്ന് എന്നോടൊപ്പം ഓർമകൾ പങ്കുവെക്കുന്ന  പരിപാടി സംഘടിപ്പിച്ചത് നന്ദിയോടെ ഓർക്കുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ നേതൃതലത്തിൽ മുഴുസമയ പ്രവർത്തകനാവുക എന്നത് വലിയ ഉത്തരവാദിത്വമാണ്, മഹാ സൗഭാഗ്യവും. അല്ലാഹുവിന്റെ ദീനിന്റെ മാർഗത്തിൽ ജീവിതം പൂർണമായി അർപ്പിക്കാൻ കഴിയുക എന്നതിൽപ്പരം വലിയ ഭാഗ്യം എന്തുണ്ട്! എന്റെ ഉമ്മ ആഗ്രഹിച്ചതും പ്രാർഥിച്ചതും എന്തിനു വേണ്ടിയായിരുന്നോ, അത് സഫലമായി കണ്ട കാലമാണ് പിന്നീട് എന്റെ ജീവിതത്തിൽ. അധ്യാപന ജീവിതത്തിൽനിന്ന് പൂർണമായും പ്രവർത്തന രംഗത്തേക്കുള്ള മാറ്റമാണ് സംഭവിച്ചത്. മലപ്പുറം ജില്ലാ നാസിമായിട്ടാണ് തുടക്കം. കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്..... ഏതാണ്ട് എല്ലാ ജില്ലകളിലും ഞാൻ നാസിമായിരുന്നിട്ടുണ്ട്.  ഏത് സമയത്തും ഏത് ചുമതലകളും ഏൽപ്പിക്കാവുന്നതായിരുന്നു അന്ന് ജമാഅത്തിന്റെ അവസ്ഥ. അത്തരമൊരു ത്യാഗത്തിന് തയാറായാണല്ലോ ജമാഅത്തിൽ അംഗത്വം സ്വീകരിക്കുന്നത്.

അന്നാകട്ടെ, അടിയന്തരാവസ്ഥ കഴിഞ്ഞ് പത്തുവർഷം പിന്നിടുന്ന സമയമാണ്. പ്രവർത്തകരൊക്കെ ആവേശത്തോടെ കർമരംഗത്തുള്ള കാലം. പ്രസ്ഥാനം അന്ന് വളർച്ചയുടെ പടവുകൾ കയറുകയാണ്. എപ്പോഴും പരിപാടികൾ ഉണ്ടാകും. അതിനായി ധാരാളം യാത്ര ചെയ്യണം. കൊണ്ടോട്ടി അബ്ദുർറഹ്മാൻ സാഹിബിനായിരുന്നു ഓഫീസ് ചുമതല. അദ്ദേഹമാണ് ഷെഡ്യൂൾ അറിയിച്ചുതരിക. നാസിമിന്റെ സന്ദർശനം ഉൾപ്പെടെ പ്രധാന പരിപാടികൾ പ്രബോധനത്തിൽ, തീയതിയും സ്ഥലവും ഉൾപ്പെടെ പ്രസിദ്ധീകരിക്കുമായിരുന്നു. വ്യവസ്ഥ പ്രകാരം 22 ദിവസങ്ങളാണ് പരിപാടികൾ ഉണ്ടാകേണ്ടത്. പക്ഷേ, മാസത്തിൽ 28 ദിവസവും പരിപാടികൾ ഉണ്ടാകുമായിരുന്നു. ഈ പരിപാടികളെല്ലാം നാസിം യോഗത്തിൽ ലിസ്റ്റ് ചെയ്ത് റിപ്പോർട്ട് നൽകേണ്ടതുണ്ടായിരുന്നു.

1985-ൽ മലപ്പുറം ജില്ലാ നാസിമായി ചുമതലയേറ്റു. നാസിം എന്ന നിലക്ക് ഇരിമ്പിളിയത്തായിരുന്നു എന്റെ ആദ്യത്തെ പരിപാടി.

ഇതിനു ശേഷം, 1986-87 കാലത്ത് കണ്ണൂരിൽ മുഴുസമയ പ്രവർത്തകനായി ജമാഅത്ത് എന്നെ നിയമിച്ചു. അതോടെ പ്രവർത്തനകേന്ദ്രം കണ്ണൂരിലായി. മൂന്ന് ദിവസം കണ്ണൂർ സിറ്റി കേന്ദ്രീകരിച്ചും മൂന്ന് ദിവസം മാടായിയിലുമായിരുന്നു പ്രവർത്തനങ്ങൾ ക്രമീകരിച്ചിരുന്നത്. കണ്ണൂർ താണയിലെ പള്ളിയിൽ ഖുത്വ്്ബയും നിർവഹിക്കും. മാടായിയിൽ ഇന്ന് കാണുന്ന പ്രസ്ഥാന വളർച്ചയൊന്നും അന്ന് ഉണ്ടായിരുന്നില്ല. പ്രവർത്തനങ്ങൾക്കൊക്കെ ചില ഭീഷണികൾ നേരിടേണ്ടി വന്നിരുന്നു. മാടായിയിൽനിന്ന് എനിക്ക് കല്ലേറ് കിട്ടുകയൊക്കെ ചെയ്തിട്ടുണ്ട്.

ഭാര്യ ഫാത്വിമ അധ്യാപികയായിരുന്നല്ലോ. കണ്ണൂരിൽ താമസമായതോടെ ഞാൻ ഫാത്വിമയെയും കൂടെക്കൂട്ടി. അവർക്ക് സ്കൂളിൽ അധ്യാപികയായി ജോലിയും ലഭിച്ചു. നാല് ദിവസം സ്കൂളിൽ പഠിപ്പിക്കും, ബാക്കി ദിവസങ്ങൾ വിവിധ സ്ഥലങ്ങളിൽ, സ്ത്രീകൾക്ക് വേണ്ടി ക്ലാസ്സെടുക്കും- ഇതായിരുന്നു അവരുടെ ചുമതല. ഫാത്വിമ മൂസാ എന്ന പ്രഭാഷകയും നേതാവും വളർന്നു വരുന്നത് അങ്ങനെയാണ്. 'ളലാലത്തിന്റെ പാർട്ടിയിൽ ഒരു മസീഹുദ്ദജ്ജാൽ ഇറങ്ങിയിട്ടുണ്ട്, ആണും പെണ്ണുമല്ലാത്ത ഒരാൾ'! എന്നൊക്കെ വിമർശനങ്ങൾ ഉയർന്നു. തുടർച്ചയായ വഅളുകൾ പറയാൻ തുടങ്ങിയത് കണ്ണൂരിൽ ഉണ്ടായിരിക്കെയാണ്. 

പിന്നീട്, കേരളത്തിലുടനീളം യാത്ര തന്നെയായിരുന്നു. പ്രസ്ഥാന മാർഗത്തിലുള്ള യാത്രകളിൽ, എന്റെ ജീവിതത്തിലെ ഒരുപാട് സമയം റെയിൽവെ സ്റ്റേഷനുകളിലാണ് ചെലവഴിച്ചത്. ബസ്സിനെക്കാൾ എനിക്ക് ഇഷ്ടം ട്രെയിൻ യാത്രയാണ്. വീട്ടിൽ നിന്ന് കണ്ണൂരിലേക്ക് ഒരു പരിപാടിക്ക് പോകും, അവിടെനിന്ന് കാസർകോട് യാത്ര. ശേഷം, കാസർകോട്നിന്ന് നേരെ തിരുവനന്തപുരത്തേക്ക്! ഇങ്ങനെ വിശ്രമമില്ലാതെ ഒരുപാട് ഓടിയിട്ടുണ്ട്. പരിപാടികൾക്കു നേരത്തെ എത്തുക എന്റെ ശീലമായിരുന്നു. ഒരു മണിക്കൂർ മുമ്പ് എത്തണം എന്നാണ് ആഗ്രഹിക്കുക. പരിപാടിക്ക് മുമ്പ് തന്നെ കുറേ പ്രവർത്തകരെയും പുതിയ അനുഭാവികളെയും കാണും. പുതിയ പ്രദേശമാണെങ്കിൽ മുത്തഫിഖ് ഹൽഖയുടെ ഒരുക്കം നടത്തിയ ശേഷമാണ് പ്രസംഗിക്കുക. പ്രവർത്തകരുടെ വീടുകളിലാണ് താമസിക്കുക. പ്രവർത്തകരുടെ മാത്രമല്ല, അവരുടെ തൊട്ടടുത്ത ബന്ധുവീടുകളും സന്ദർശിക്കും. അവർക്ക് പ്രസ്ഥാന ബന്ധം ഉണ്ടാകില്ല. പക്ഷേ, അവരെ സന്ദർശിക്കും, സുഖ വിവരങ്ങൾ അന്വേഷിക്കും, ദുആ ചെയ്യും, അടുത്ത തവണ വരുമ്പോഴേക്കും പ്രസ്ഥാന അനുഭാവിയായിട്ടുണ്ടാകും. ഇതിലൂടെ ഉണ്ടായിത്തീരുന്ന വ്യക്തിബന്ധങ്ങൾ വിലപ്പെട്ടതായിരുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ വനിതാ സംഘടന കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിക്കാനായതാണ് പ്രസ്ഥാന മാർഗത്തിലെ മറ്റൊരു നേട്ടം.

വനിതാ സംഘാടനത്തിൽ ജമാഅത്തിന് ആദ്യം ഉണ്ടായത് 
ജി.ഐ.ഒ ആണ്, 1986-ൽ. കൊണ്ടോട്ടി അബ്ദുർറഹ്മാൻ സാഹിബിനായിരുന്നു ഇതിന്റെ ചുമതല. തുടർന്ന് മുതിർന്ന സ്ത്രീകൾക്കു വേണ്ടി, ജമാഅത്തിന്റെ ഇന്ത്യയിലെ ആദ്യ വനിതാ വിംഗ് കേരളത്തിൽ രൂപവത്കരിക്കാൻ തീരുമാനിച്ചു. 1993 മുതൽ വനിതാ വിഭാഗം നാസിമായി എന്നെ നിശ്ചയിച്ചു.

പ്രിയപ്പെട്ടവൾ ഫാത്വിമയും കൂടെയുണ്ടായിരുന്നു. പിന്നീട് ഞങ്ങളുടെ ശ്രദ്ധ പൂർണമായും ജമാഅത്തെ ഇസ്ലാമിയുടെ വനിതാ വിഭാഗത്തിന്  വ്യവസ്ഥാപിതമായ സംഘടനാരൂപം നൽകുന്നതിലായിരുന്നു. പ്രാദേശിക ഘടകങ്ങളും ജില്ലാ സമിതി, സംസ്ഥാന സമിതി തുടങ്ങിയവയുമൊക്കെ രൂപവത്കരിച്ച് സംഘടനാ വളർച്ചക്ക് ശക്തമായൊരു അടിത്തറയൊരുക്കാനായി. പടിപടിയായ വളർച്ചയാണ് സംഘടന നേടിയത്. പ്രാദേശിക - സംസ്ഥാന വനിതാ നേതാക്കളെ പ്രസംഗം പഠിപ്പിച്ചത് ഉൾപ്പെടെ ഒരുപാട് ഓർമകളുണ്ട്. ഒരിക്കൽ പോലും സ്റ്റേജിൽ കയറിയിട്ടില്ലാത്ത സ്ത്രീകളെ, സ്വാഗത പ്രസംഗം, ഖുർആൻ ക്ലാസ്, വിഷയാവതരണം തുടങ്ങിയവയൊക്കെ പരിശീലിപ്പിച്ചെടുത്തു. അന്ന് പഠിച്ച സ്ത്രീകളും ഇപ്പോഴും അതെല്ലാം ഓർത്ത് പറയും.

ഈ വിഷയത്തിൽ എനിക്ക് സ്വന്തം ജീവിതത്തിൽ തന്നെ മാതൃക കാണിക്കാൻ സാധിച്ചിരുന്നു. തന്റെ പതിനഞ്ചാം വയസ്സിൽ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഫാത്വിമയെ തുടർവിദ്യാഭ്യാസം നൽകി, ടീച്ചറാക്കി, പ്രഭാഷകയാക്കി, നേതാവാക്കി വളർത്തിയെടുക്കാൻ കഴിഞ്ഞു. ഞങ്ങൾ രണ്ടു പേരും മുഴുസമയ പ്രസ്ഥാന പ്രവർത്തകരായിരിക്കെത്തന്നെ ഞങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും അവരെ പ്രസ്ഥാന പ്രവർത്തകരാക്കാനും സാധിച്ചു. റുക്നുകളും കാർകുനുകളും ഉൾപ്പെടെ എല്ലാ മക്കളും പ്രസ്ഥാന പ്രവർത്തകരാണ്. എസ്.ഐ.ഒവിന്റെ നേതൃത്വത്തിൽ എത്തിയ പേരക്കുട്ടികളിലും ഈ കൺകുളിർമ ഞങ്ങൾക്കുണ്ടായി.

1985-ൽ തുടങ്ങിയ ഈ ഓട്ടം, എന്റെ അറുപതാമത്തെ വയസ്സ് വരെ മുടക്കമില്ലാതെ തുടർന്നു. അപ്പോഴേക്കും ശാരീരികമായ പ്രയാസങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഇടക്കാലത്ത് രോഗപീഡകൾ എന്നെ നന്നായി അലട്ടി. ഇത് മുഴുസമയ പ്രവർത്തകനായി തുടരാൻ തടസ്സമായി. അങ്ങനെ ആരിഫലി സാഹിബ് അമീറായിരിക്കെ ഞാൻ നാസിം ചുമതലകളിൽനിന്ന് ഒഴിവാക്കിത്തരാൻ ആവശ്യപ്പെടുകയായിരുന്നു. അമീർ നിർദേശിക്കുന്ന പരിപാടികൾ നിർവഹിക്കാം എന്ന ധാരണയോടെ നാസിം ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവായി. സംഭവബഹുലമായ ഒരു കാലഘട്ടം ഞാൻ പിന്നിടുകയായിരുന്നു. l
(അവസാനിച്ചു) 

(ലേഖകൻ തയാറാക്കുന്ന വി. മൂസ മൗലവിയുടെ ആത്മകഥാ കൃതിയിൽനിന്ന് സംഗ്രഹിച്ചത്)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 08-10
ടി.കെ ഉബൈദ്

ഹദീസ്‌

ചോദിക്കാനുള്ളത് സുജൂദിൽ ചോദിക്കുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്