ജനം ഒഴുകിയെത്തിയ മലപ്പുറം മെഗാ പുസ്തക മേള
കഴിഞ്ഞ ഏഴര പതിറ്റാണ്ടായി ലോക മലയാളി സമൂഹത്തിന് ഉന്നത ഇസ്ലാമിക വിദ്യാഭ്യാസം നൽകിവരുന്ന 'യൂനിവേഴ്സിറ്റി'യാണ് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് എന്ന് പറയുന്നത് അതിശയോക്തിയല്ല. കോളേജുകളിലും മറ്റു കലാലയങ്ങളിലും പോയി പഠിക്കാൻ ഭാഗ്യമില്ലാത്ത ധാരാളം പേർ ഐ.പി.എച്ച് ഗ്രന്ഥങ്ങൾ വായിച്ച് ഇസ്ലാമിക പാണ്ഡിത്യം നേടിയിട്ടുണ്ട്. ടി.കെ അബ്ദുല്ല സാഹിബ് അങ്ങനെയുള്ള ഒരു പ്രസ്ഥാന പ്രവർത്തകയെ, തന്റെ സ്വതസിദ്ധമായ ഭാഷയിൽ 'ഐ.പി.എച്ചിൽ നിന്ന് പി.എച്ച്.ഡി നേടിയ മഹതി' എന്ന് വിശേഷിപ്പിച്ചത് ഓർക്കുന്നു. പ്രമുഖ ഇസ് ലാമിക ചിന്തകൻ മർഹൂം ടി. മുഹമ്മദ് സാഹിബിന്റെ മകളും എന്റെ സഹധർമിണിയുമായ റഹ്്മത്താണ് ഈ വനിത.
ഇങ്ങനെ ഇസ്ലാമിന്റെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, കർമശാസ്ത്ര വശങ്ങൾ വിവരിക്കുന്ന ഐ.പി.എച്ച് സാഹിത്യങ്ങൾ മലയാളികളെ പലവിധത്തിൽ ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ബഹിർസ്ഫുരണമായിരുന്നു ഏതാനും ദിവസങ്ങൾക്ക് മുമ്പ് മലപ്പുറം ടൗൺ ഹാൾ അങ്കണത്തിൽ നടന്ന ഐ.പി.എച്ച് വിജ്ഞാനോത്സവത്തിലേക്കുള്ള പുസ്തക പ്രേമികളുടെ അനിതരസാധാരണമായ കുത്തൊഴുക്ക്. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികൾക്കെതിരെ പോരാടി വീരമൃത്യു വരിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്മരണകൾ ജ്വലിച്ചുനിൽക്കുന്ന മലപ്പുറം ടൗൺ ഹാളിലായിരുന്നു നാലു ദിവസം നീണ്ട പുസ്തകോത്സവം.
മലപ്പുറം ടൗൺ ഹാൾ ഇതുവരെ കണ്ടിട്ടില്ലാത്ത വിജ്ഞാന വിരുന്നാണ് ഐ.പി.എച്ച് ഒരുക്കിയത്. ഉദ്ഘാടന ദിവസമായ ഫെബ്രുവരി 8 മുതൽ പുസ്തക സ്നേഹികളുടെ നിലക്കാത്ത പ്രവാഹമായിരുന്നു. വായന മരിച്ചിട്ടില്ലെന്നും മലപ്പുറത്തുകാർ വായനാ പ്രിയരാണെന്നും വിളിച്ചോതുന്നതായിരുന്നു ആ രംഗങ്ങൾ.
പതിനായിരത്തിലധികം പുസ്തകങ്ങൾ പ്രദർശിപ്പിച്ച് മലപ്പുറത്തിന്റെ സാംസ്കാരിക നവോത്ഥാന ചരിത്രത്തിൽ ഒരു പുതിയ അധ്യായം രചിക്കുകയായിരുന്നു ഐ.പി. എച്ച്. കേരളത്തിനകത്തും പുറത്തുമുള്ള നാല്പതോളം പ്രസാധനാലയങ്ങളുടെ പുസ്തകങ്ങളുമായാണ് പുസ്തക മേള അരങ്ങേറിയത്. സ്ഥലം എം.എൽ.എ പി. ഉബൈദുള്ള മേള ഉദ്ഘാടനം ചെയ്തു. മലയാളികളുടെ വായനാ സംസ്കാരം വളർത്തുന്നതിൽ ഐ.പി.എച്ച് വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെ അദ്ദേഹം ശ്ലാഘിച്ചു. ശരിയായ വിജ്ഞാനം കരസ്ഥമാക്കാൻ സോഷ്യൽ മീഡിയയെയല്ല, നല്ല പുസ്തകങ്ങളെയാണ് ആശ്രയിക്കേണ്ടതെന്നും അദ്ദേഹം ഉണർത്തി. ഇസ് ലാമിനെയും മുസ് ലിംകളെയും സംബന്ധിച്ച് നുണകൾ പ്രചരിപ്പിച്ച് ഭീതിപരത്തുന്ന കാലത്ത് ഐ.പി.എച്ച് നിർവഹിക്കുന്ന ദൗത്യം മഹത്തരമാണെന്ന് മേളയിൽ മുഖ്യപ്രഭാഷണം നടത്തിയ ജ.ഇ കേരള അമീർ പി. മുജീബുർറഹ് മാൻ പറഞ്ഞു.
ടൗൺ ഹാളിനകത്ത് സമാന്തരമായി കലാ-വൈജ്ഞാനിക-സാംസ്കാരിക പരിപാടികളും അരങ്ങേറി. 'ഖിലാഫത്താനന്തര മുസ്ലിം ലോകം: നൂറു വർഷങ്ങൾ' എന്ന വിഷയത്തെ അധികരിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാൻ ധാരാളം പേർ എത്തി. മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഒ. അബ്ദുർറഹ്്മാൻ ചർച്ചക്ക് നേതൃത്വം നൽകി. ഇസ്ലാമിക ഗാനങ്ങളും യു.കെ അബൂ സഹ്‌ലയുടെ രചനാ ലോകവും, മുസ്ലിം സ്ത്രീ പൊതുഭാവനയും വൈവിധ്യങ്ങളും, സുന്നത്തിനോടുള്ള സമീപനവും ഹദീസ് നിഷേധ പ്രവണതകളും, മലപ്പുറം: ആഖ്യാനങ്ങളുടെ ഭിന്നമുഖങ്ങൾ എന്നീ വിഷയങ്ങളും ധാരാളം പേരെ ആകർഷിച്ചു.
മിക്ക വിഷയങ്ങളും പുതുതായി പ്രകാശനം ചെയ്യപ്പെട്ട പുസ്തകങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ടതായിരുന്നു. ഉസ്മാനി ഖിലാഫത്ത് ചരിത്രം സംസ്കാരം, യു.കെ അബൂ സഹ് ലയുടെ ജീവിത യാത്ര, പ്രവാചകൻ പ്രവാചകത്വം ഹദീസ് നിഷേധം എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെട്ട ശേഷമാണ് ബന്ധപ്പെട്ട ചർച്ചകൾ നടന്നത്.
കെ.ഇ.എന്നിന്റെ ഇന്ത്യയുടെ വർത്തമാനം പറഞ്ഞുകൊണ്ടുള്ള ശാന്തഗംഭീരമായ പ്രഭാഷണവും അൽ ജാമിഅ വിദ്യാർഥികൾ അവതരിപ്പിച്ച നാടകവും, കോൽക്കളിയും ദഫ് മുട്ടും, യു.കെ ഗാനങ്ങളുടെ അവതരണവും, കലാസന്ധ്യയും ജില്ലയുടെ വിവിധ കോണുകളിലുള്ള ജനങ്ങളെ പുസ്തക മേളയിലേക്ക് ആകർഷിച്ചു.
ഐ.പി.എച്ചും ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ സമിതിയും ചേർന്നു നടത്തിയ മുന്നേറ്റമായിരുന്നു മേളയെ വൻ വിജയമാക്കിയത്. മേള തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഐ.പി.എച്ച് അസിസ്റ്റന്റ് ഡയറക്ടർ കെ.ടി ഹുസൈന്റെ നേതൃത്വത്തിൽ സമീപ പ്രദേശങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ചിരുന്നു. ധാരാളം വിദ്യാർഥികളും അധ്യാപകരും മേള കാണാനെത്തി.
ഐ.പി.എച്ച് ഡയറക്ടർ ഡോ. കൂട്ടിൽ മുഹമ്മദലിയുടെ അഭിപ്രായത്തിൽ, പുസ്തക മേള പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നു. കേവലം നാലു ദിവസംകൊണ്ട് ഇരുപത്തേഴ് ലക്ഷം രൂപയുടെ പുസ്തകങ്ങൾ വില്പനയായെന്നത് ഒരു വലിയ നേട്ടമാണ്. വായനയിലും മലപ്പുറം തന്നെ മുന്നിൽ എന്ന് തെളിയിക്കുന്നതായിരുന്നു പുസ്തകപ്പന്തലിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം.
സമൂഹത്തിന്റെ എല്ലാ തുറകളിലും പെട്ടവർ പ്രദർശനം കാണാനെത്തി. അവരിൽ കുട്ടികളും സ്ത്രീകളും യുവാക്കളും അധ്യാപകരും ഗവണ്മെന്റ് ജീവനക്കാരുമെല്ലാം ഉണ്ടായിരുന്നു. പുസ്തകങ്ങൾ മറിച്ചു നോക്കിയും വായിച്ചും ചോദിച്ച് മനസ്സിലാക്കിയും അവർ തെരഞ്ഞെടുത്തു. പലരും വലിയ സഞ്ചികളിൽ ധാരാളം പുസ്തകങ്ങൾ വാങ്ങി തിരിച്ചുപോകുന്ന കാഴ്ച ചേതോഹരമായിരുന്നു.
വായനയുടെ വീണ്ടെടുപ്പായി ഇതിനെ കാണാം.
ജമാത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് ഡോ. നഹാസ് മാള, സെക്രട്ടറി അബൂബക്കർ വളപുരം, ഐ.പി.എച്ച് കോർഡിനേറ്റർ അബ്ബാസ് വി. കൂട്ടിൽ, പുസ്തക മേള ജനറൽ കൺവീനർ ഹബീബ് ജഹാൻ എന്നിവരുടെ നേതൃത്വത്തിൽ ചിട്ടയോടും ആസൂത്രണത്തോടും കൂടി നടന്ന പ്രവർത്തനങ്ങളാണ് മേളയെ വൻ വിജയമാക്കിയത്. l
Comments