ലാഭകരമീ രാമരാജ്യ നിര്‍മിതി
ഭാരതത്തിന്റെ പുതിയ യാത്രയുടെ തുടക്കമാണ് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിലൂടെ സംഭവിച്ചതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 'ഭഗവാന്‍ രാമനെ ഒഴിച്ചുനിര്‍ത്തി ഇന്ത്യയെക്കുറിച്ച് സങ്കല്‍പിക്കാനാവില്ല. അങ്ങനെ സങ്കല്‍പിക്കുന്നവര്‍ നമ്മുടെ രാജ്യത്തെ ശരിക്കും മനസ്സിലാക്കാത്തവരാണ്. സ്വന്തം ചരിത്രത്തെ തിരിച്ചറിയാത്തവര്‍ സ്വന്തം അസ്തിത്വത്തെയാണ് നശിപ്പിക്കുന്നത്. ശ്രീരാമ ഭക്തരുടെ ആശകളും അഭിലാഷങ്ങളും സാക്ഷാത്കരിച്ച ദിവസമാണ് ജനുവരി 22' (മാതൃഭൂമി, 2024 ഫെബ്രുവരി 11). പതിനേഴാം ലോക്‌സഭയുടെ അവസാന സമ്മേളനം സമാപിക്കാനിരിക്കെ, അജണ്ടയൊന്നും മുന്‍കൂട്ടി അംഗങ്ങളെ അറിയിക്കാതെ ഒരു ദിവസം കൂടി നീട്ടി, അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കിയ നരേന്ദ്ര മോദിയെ അനുമോദിച്ചുകൊണ്ട് സ്പീക്കര്‍ ഓം ബിര്‍ള അവതരിപ്പിച്ച പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ടാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഉപര്യുക്ത പ്രസ്താവന നടത്തിയത്. മാസങ്ങള്‍ക്കകം നടക്കാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ മുഖ്യ ഇഷ്യൂ ശ്രീരാമനും രാമക്ഷേത്രവുമായിരിക്കുമെന്ന ഹിന്ദുത്വ ബ്രിഗേഡിന്റെ ദൃഢനിശ്ചയത്തിന്റെയും ആസൂത്രിത നീക്കങ്ങളുടെയും ഭാഗം തന്നെയാണ് മതേതര ഇന്ത്യയില്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ മുന്‍ മാതൃകയില്ലാത്ത നീട്ടിവെക്കലും പ്രതിപക്ഷ അന്തക്കേടിനിടയിലെ ഭരണപക്ഷ വിജയഭേരിയുമെല്ലാം. ദശവത്സരക്കാലത്തെ മോദി വാഴ്ചക്ക് രൂക്ഷമായ തൊഴിലില്ലായ്മാ പ്രശ്‌നത്തിന് പരിഹാരം കാണാനോ, സാധാരണ ജനത്തിന്റെ നടുവൊടിക്കുന്ന വിലക്കയറ്റത്തിന് തടയിടാനോ, ആശങ്കാജനകമായി ഉയരുന്ന കുറ്റകൃത്യ ഗ്രാഫിന് ദൈര്‍ഘ്യം കുറക്കാനോ, കോർപ്പറേറ്റുകളുടെ സാമ്പത്തിക തേര്‍വാഴ്ച നിയന്ത്രിക്കാനോ സാധിച്ചിട്ടില്ലെന്നിരിക്കെ 97 കോടി വരുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മതിദായക സമൂഹത്തെ പോളിംഗ് ബൂത്തുകളിലെത്തിച്ച് താമര വിരിയിക്കാന്‍, വെറും ഇതിഹാസ കഥാപാത്രമായ രാമന്റെ പേരിലെ ആഘോഷ പ്രഘോഷങ്ങള്‍ മതി എന്ന് മോദി-അമിത് ഷാ ടീം തിരിച്ചറിഞ്ഞതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ് രാജ്യമിപ്പോള്‍ കാണുന്നതെല്ലാം. പോളിംഗ് തീയതിയായി ഏപ്രില്‍ ഒന്ന് പ്രഖ്യാപിച്ചാല്‍ ചിത്രം പൂര്‍ണമായേനെ. അമ്പേ പാളിപ്പോയ കറന്‍സി റദ്ദാക്കലോ, നടുവൊടിക്കുന്ന ജി.എസ്.ടിയോ, സംസ്ഥാനങ്ങളുടെ സമസ്താധികാരങ്ങളും കവര്‍ന്ന് ഫെഡറലിസത്തിന്റെ അകക്കാമ്പില്‍ കത്തിവെക്കുന്നതോ തെരഞ്ഞെടുപ്പ് വിഷയങ്ങളാക്കാതെ രാമക്ഷേത്ര നിര്‍മിതിയാണ് ചരിത്രത്തിന്റെ ഗതിമാറ്റുന്നതെന്ന് വിശ്വസിപ്പിക്കാന്‍ കാവിപ്പടക്ക് സാധിക്കുന്നുവെന്നാണ് പ്രശ്‌നത്തിന്റെ പരിഹാസ്യ മുഖം. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ത്രേതാ യുഗത്തില്‍ ജീവിച്ചിരുന്നതായി കഥാകാരന്മാരുടെ ഭാവനയില്‍ വിരിഞ്ഞ ശ്രീരാമന് ജയ് വിളിച്ചും വിളിപ്പിച്ചും ഭരണാധികാരികളും പാര്‍ലമെന്റും നിയമസഭകളും വിദ്യാലയങ്ങളും കലാശാലകളും കൂട്ടയോട്ടം നടത്തുമ്പോള്‍ ബൗദ്ധിക ലോകം മൂക്കത്ത് വിരല്‍ വെക്കുകയല്ലാതെ എന്തു ചെയ്യും?
ശ്രീരാമന്റെ കാലം ത്രേതാ യുഗത്തിന്റെ അവസാനമായിരുന്നു. (ത്രേതാ യുഗം 3600 ദിവ്യ വര്‍ഷം [12,96000 മനുഷ്യവര്‍ഷം] - ആര്യ ഭാരതം, പേജ് 29, by എം. രാമകൃഷ്ണന്‍ നായര്‍). 13 ലക്ഷം സംവത്സരങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ മനുഷ്യവാസം ഉണ്ടായിരുന്നോ എന്ന് ചോദിക്കരുത്. കഥയില്‍ ചോദ്യമില്ല. 'രാമ-രാവണ യുദ്ധത്തെക്കുറിച്ച് രേഖകളുടെയോ പൗരാണികാവശിഷ്ടങ്ങളുടെയോ രൂപത്തിലുള്ള യാതൊരു തെളിവും ഇന്ന് നമുക്ക് ലഭ്യമല്ല. അതുകൊണ്ടുതന്നെ രാമന്‍ ഒരു കല്‍പിത കഥാപാത്രമാണെന്നും, രാമ-രാവണ യുദ്ധം ഭാവനാസൃഷ്ടിയാണെന്നും വിശ്വസിക്കുന്ന ചരിത്രകാരന്മാര്‍ ധാരാളമുണ്ട്. എന്നാല്‍, ചില ചരിത്രകാരന്മാര്‍ രാമന്‍ ഒരു യാഥാര്‍ഥ്യമായിരുന്നു എന്നുതന്നെ വിശ്വസിക്കുന്നവരാണ്. അവരുടെ അഭിപ്രായത്തില്‍, ബി.സി 2500-നടുത്ത കാലഘട്ടത്തിലാണ് രാമന്‍ ജീവിച്ചിരുന്നത്. ഈ അഭിപ്രായം നാം സ്വീകരിക്കുകയാണെങ്കില്‍ ബ ി.സി 2500 കാലഘട്ടത്തിലുള്ള മനുഷ്യവാസത്തിന്റെ അവശിഷ്ടങ്ങള്‍ രാമന്റെ കര്‍മഭൂമിയായി കരുതപ്പെട്ടുവരുന്ന ഭൂപ്രദേശങ്ങളില്‍നിന്നും കണ്ടെത്താന്‍ കഴിയേണ്ടതാണ്. ഈ ലക്ഷ്യത്തോടു കൂടി മൂന്ന് പ്രദേശങ്ങളില്‍ ഭൂഗര്‍ഭ പരിശോധനകള്‍ നടത്തപ്പെടുകയുണ്ടായി. ഫൈസാബാദ് ജില്ലയിലെ അയോധ്യ, ഹൈദരാബാദില്‍നിന്ന് 35 കി.മീ വടക്ക് സ്ഥിതിചെയ്യുന്ന ശ്രാംഗ് വാര്‍പൂര്‍, അലഹബാദ് പട്ടണത്തിലെ ഭരദ്വാജ് ആശ്രമം പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ലഭിച്ച മനുഷ്യവാസത്തിന്റെ അവശിഷ്ടങ്ങളൊന്നും തന്നെ ബി.സി 600-ലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ളതായിരുന്നില്ല. പത്തു വര്‍ഷം മുമ്പ് അയോധ്യയില്‍ വീണ്ടും നടത്തിയ ഭൂഗര്‍ഭ പരിശോധനയും ആദ്യ നിഗമനത്തെ ശരിവെക്കുകയാണ് ചെയ്തത്. ബി.സി ഏഴാം നൂറ്റാണ്ടിനിപ്പുറമുള്ള മനുഷ്യവാസത്തിന്റെ ഒരു സൂചന പോലും അവിടെ നിന്നും ലഭിക്കുകയുണ്ടായില്ല (ഡോ. ആര്‍.എന്‍ ശുക്ല- ദല്‍ഹി യൂനിവേഴ്‌സിറ്റി/ Indian Archiology 1976-77).
ബാബരി ഭൂമി തര്‍ക്കത്തില്‍ 2019-ലെ സുപ്രീം കോടതിവിധിയും മസ്ജിദ് നിര്‍മിച്ചേടത്ത് ഒരു വിധ ക്ഷേത്രാവശിഷ്ടവും കണ്ടെത്താന്‍ ASIക്ക് സാധിച്ചിട്ടില്ലെന്ന് അസന്ദിഗ്ധമായി ചൂണ്ടിക്കാട്ടിയത് ഓര്‍ക്കുക. അല്ലെങ്കിലും ഒരു ഇതിഹാസ കഥാപാത്രത്തിന്റെ ജനനസ്ഥലവും കാലവും അന്വേഷിച്ചുപോകുന്നതില്‍ പരം വൃഥാ വ്യായാമം വേറെയുണ്ടോ? അനേകം കോടി ചെലവിട്ടാണ് പുരാവസ്തു ഗവേഷണ വകുപ്പ് ഈ പണി ചെയ്തതെന്നോര്‍ക്കണം. ഇതിനെല്ലാം ഒറ്റവാക്കില്‍ മറുപടിയുണ്ട്: 'ഇത് ഒരു ജനതയുടെ വിശ്വാസമാണ്.വിശ്വാസത്തിന് വസ്തുതാപരമായ തെളിവുകളോ ന്യായങ്ങളോ വേണ്ട.' ശരി, സമ്മതിച്ചു. കേവലം വിശ്വാസപരം തന്നെയാവട്ടെ. അപ്പോഴും ചോദ്യമുയരുന്നു: മറ്റൊരു വിഭാഗം മതവിശ്വാസികളുടെ അനിഷേധ്യ ആരാധനാലയത്തെ തരിപ്പണമാക്കി അവിടെത്തന്നെ വേണമോ ഈ അയുക്തിക സങ്കല്‍പങ്ങളെ കെട്ടിപ്പൊക്കാന്‍? പ്രസക്തമായ മറ്റൊരു ചോദ്യം കൂടി: 1528-ൽ പണിതതെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് തന്നെയായിരുന്നു ഇതിഹാസ കഥാപാത്രമായ ശ്രീരാമന്‍ ജനിച്ചതെന്ന് ഭരണകൂടവും ഭരണപക്ഷവും ശഠിക്കുമ്പോള്‍ അതിന് കേവലം വിശ്വാസപരമായ മാനത്തെക്കാള്‍ മറ്റു ചിലതാണ് പ്രേരണയെന്ന് ന്യായമായും കരുതേണ്ടിവരില്ലേ? രണ്ടായിരമോ മൂവായിരമോ കോടി ചെലവിട്ട് അയോധ്യയിലോ, രാമജന്മഭൂമിയെന്ന് വിശ്വസിക്കപ്പെടുന്ന മറ്റിടങ്ങളിലോ ക്ഷേത്രം പണിയുന്നതിന് എന്തായിരുന്നു തടസ്സം? മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റമായി പരമോന്നത കോടതിയുടെ വിധിയില്‍ പ്രസ്താവിച്ചിരിക്കെ വിശേഷിച്ചും? അപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ മതവിഭാഗത്തെ പരമാവധി വേദനിപ്പിച്ചും മാനസികമായി തളര്‍ത്തിയും ആ ബലത്തില്‍ ഭൂരിപക്ഷ വോട്ട് നേടാനുള്ള കുത്സിത ലക്ഷ്യത്തില്‍ കുറഞ്ഞ ഒന്നുമല്ല രാമക്ഷേത്ര നിര്‍മിതി എന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല. പ്രധാനമന്ത്രി മോദി കാര്‍മികത്വം വഹിച്ച ഈ ഇലക്്ഷന്‍ സ്‌പെഷ്യല്‍ തിരക്കഥയുടെ പുതിയ പുതിയ എപ്പിസോഡുകള്‍ പുറത്തുവരുമ്പോഴൊക്കെയും ഇരകളാക്കപ്പെട്ട സമുദായത്തിലെ പ്രമുഖരായ 'സമാധാന പ്രേമികളി'ല്‍നിന്നടക്കം ജയ് ശ്രീരാം ഏറ്റുപാടാന്‍ ആളുകളെ കിട്ടുമ്പോള്‍ കാവിപ്പട ആവേശത്തിമര്‍പ്പില്‍ എന്തിന് ശക്തി കുറക്കണമെന്ന ചോദ്യമുണ്ട്. കര്‍സേവകര്‍ ബാബരി മസ്ജിദിന്റെ ഇഷ്ടികകള്‍ ഒന്നൊന്നായി തകര്‍ക്കുമ്പോള്‍ പൂജാമുറിയില്‍ ധ്യാനനിമഗ്നനായി സമയം കഴിച്ച പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന് ഭാരത രത്‌നം സമ്മാനിക്കുക വഴി ഒരു വെടിക്ക് രണ്ട് പക്ഷികളെയാണ് മോദി വീഴ്ത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ദയനീയമായ കൈയടിയോടൊപ്പം തെലങ്കാനയിലെ വോട്ട് േനട്ടവും. എന്തുകൊണ്ടും ലാഭകരമാണ് രാമരാജ്യ നിര്‍മിതി എന്ന് സമ്മതിക്കാതെ വയ്യ. l
Comments