Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 23

3341

1445 ശഅ്ബാൻ 13

ജനവിധിയെ കൊള്ളയടിച്ച "തെരഞ്ഞെടുപ്പ്'

എഡിറ്റർ

നവാസ് ശരീഫ് വിഭാഗം മുസ്്‌ലിം ലീഗും പീപ്പ്ള്‍സ് പാര്‍ട്ടിയും മുത്തഹിദ ഖൗമീ മൂവ്‌മെന്റും (എം.ക്യു.എം) ചേര്‍ന്ന് പുതിയ ഗവണ്‍മെന്റ് രൂപവത്കരിക്കുമെന്നാണ് പാകിസ്താനില്‍നിന്ന് ഇതെഴുതുമ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. മറ്റൊരു വാക്കില്‍, അവര്‍ക്കേ അതിനു കഴിയൂ എന്നും പറയാം. കാരണം, ഈ തെരഞ്ഞെടുപ്പില്‍ (അതിനെ തെരഞ്ഞെടുപ്പ് എന്നു പറയാമെങ്കില്‍) ഈ മൂന്ന് കക്ഷികള്‍ക്കുമായിരുന്നു സൈന്യത്തിന്റെ പിന്തുണ. തങ്ങള്‍ക്ക് അനഭിമതനായിത്തീര്‍ന്ന ഇംറാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് തെറിപ്പിക്കാന്‍ സൈനിക നേതൃത്വത്തിന് തുണയായത് ഈ മൂന്ന് കക്ഷികളുമാണല്ലോ. ഈ മൂന്ന് കക്ഷികളില്‍ മുസ്്‌ലിം ലീഗിലെ നവാസ് ശരീഫ് പ്രധാനമന്ത്രിയാകണം എന്ന് സൈന്യം നേരത്തെ തീരുമാനിച്ചതാണ്. അതിനാദ്യം ഇംറാന്‍ ഖാനെയും അദ്ദേഹത്തിന്റെ പാകിസ്താന്‍ തഹ് രീകെ ഇന്‍സാഫ് പാര്‍ട്ടിയെയും ഒതുക്കണം. പരമാവധി ഒതുക്കി. ഇംറാനെതിരെ നൂറ് കണക്കിന് കേസുകള്‍ ചാര്‍ജ് ചെയ്ത് അദ്ദേഹത്തെ ജയിലിലിട്ടു. പത്തും പതിനഞ്ചും കൊല്ലം ശിക്ഷയനുഭവിക്കേണ്ട കേസുകള്‍. ഇംറാന്‍ അകത്തായതോടെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് മുന്നില്‍ പ്രലോഭനങ്ങള്‍ വെച്ചുനീട്ടി. അതിന് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി. ഇങ്ങനെ ഇന്‍സാഫിൽനിന്ന് അടര്‍ത്തിയവരെ ചേര്‍ത്ത് ഒരു പാര്‍ട്ടിതന്നെ തട്ടിക്കൂട്ടി. ഇംറാന്‍ ഖാനെ മാത്രമല്ല, ഇന്‍സാഫിന്റെ സമുന്നത നേതാക്കളില്‍ ഒരാളെപ്പോലും മത്സരിക്കാന്‍ സൈന്യം അനുവദിച്ചില്ല. പാര്‍ട്ടി ചിഹ്നമായി ക്രിക്കറ്റ് ബാറ്റും നല്‍കിയില്ല. പാര്‍ട്ടിയും പാര്‍ട്ടി ചിഹ്നവും പുറത്തായതോടെ സ്വതന്ത്രരായി മത്സരിക്കുകയേ ഇന്‍സാഫ് പാര്‍ട്ടിക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ. തെരഞ്ഞെടുപ്പ് ദിവസം മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ അധികൃതര്‍ വിഛേദിച്ചതോടെ ഏത് ചിഹ്നങ്ങളിലാണ് ഇന്‍സാഫ് സ്വതന്ത്രര്‍ മത്സരിക്കുന്നത് എന്നു പോലും സാധാരണക്കാര്‍ക്ക് അറിയാന്‍ മാര്‍ഗമില്ലാതായി.

എതിരാളിയെ പിടയാന്‍ പോലും അനുവദിക്കാതെ  ഈവിധം ഒതുക്കിയ ഈ 'തെരഞ്ഞെടുപ്പി'ല്‍ സൈന്യത്തിന്റെ മുഴുവന്‍ കണക്കുകൂട്ടലുകളും കാറ്റില്‍ പറത്തി ഇന്‍സാഫ് സ്വതന്ത്രര്‍ 101 സീറ്റ് കരസ്ഥമാക്കുന്നതാണ് കണ്ടത്. 'ബാറ്റ് വീശാതെ തന്നെ സെഞ്ച്വറി കടന്ന' ഈ പ്രകടനത്തിലൂടെ ജനം ഇന്‍സാഫിനോടൊപ്പമാണെന്ന് അസന്ദിഗ്ധമായി തെളിഞ്ഞു. ബൂത്ത് പിടിത്തവും കള്ളവോട്ടും ഇല്ലായിരുന്നെങ്കില്‍ ഇന്‍സാഫ് 170 സീറ്റ് നേടുമായിരുന്നു എന്ന് അതിന്റെ വക്താക്കള്‍ പറയുന്നതില്‍ ഒരു തെറ്റുമില്ല. ഉദാഹരണത്തിന്, വ്യവസായ - വ്യാപാര നഗരമായ കറാച്ചിയില്‍ ഇന്‍സാഫ് പാര്‍ട്ടിയും ജമാഅത്തെ ഇസ്്‌ലാമിയും ലബ്ബൈക് പാര്‍ട്ടിയും മാത്രമാണ് വോട്ടെണ്ണി പകുതി ആകുമ്പോള്‍ വരെ ചിത്രത്തിലുണ്ടായിരുന്നത്. എം.ക്യു.എം ആവട്ടെ അഞ്ച് ശതമാനത്തില്‍ താഴെ വോട്ടോടെ വളരെ പിറകില്‍. രാത്രി അസാധാരണമാംവിധം വൈകി റിസള്‍ട്ട് പ്രഖ്യാപിച്ചപ്പോഴോ, കറാച്ചി മേഖലയിലെ 18 സീറ്റില്‍ 17-ഉം എം.ക്യു.എമ്മിന്!! 'ദ ഡോണ്‍' പത്രത്തിന്റെ കോളമിസ്റ്റ് എഴുതിയ പോലെ, ജനവിധിയെ സൈന്യം എന്ന 'എസ്റ്റാബ്ലിഷ്‌മെന്റ് ' കൊള്ളയടിക്കുകയായിരുന്നു. വ്യാപകമായ പരാതികളാണ് നാനാ ഭാഗത്തുനിന്നും ഉയരുന്നത്. ജനവിധി കൊള്ളയടിച്ചവര്‍ക്ക് എങ്ങനെയാണ് സ്ഥിരതയുള്ള ഗവണ്‍മെന്റ് ഉണ്ടാക്കാന്‍ കഴിയുക എന്നാണ് രോഷാകുലരായി ജനം ചോദിക്കുന്നത്. പാകിസ്താനില്‍ ജനകീയ പ്രക്ഷോഭത്തിന്റെ നാളുകളാണ് വരാനിരിക്കുന്നത്. ഏറ്റവും കൂടുതല്‍ അനീതിക്കിരകളായ ലബ്ബൈക്, ജമാഅത്തെ ഇസ്്‌ലാമി (ജമാഅത്തിന് ദേശീയ അസംബ്ലിയില്‍ ഇത്തവണ സീറ്റൊന്നും ലഭിച്ചില്ല. നാല് പ്രവിശ്യാ അസംബ്ലികളിലായി 11 സീറ്റുണ്ട്) തുടങ്ങിയ സംഘടനകളുമായി ചേര്‍ന്ന് വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഇംറാന്‍ ഖാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഖൈബര്‍ പക്്തൂണ്‍ഖ്വാ പ്രവിശ്യയില്‍ ജമാഅത്തുമായി ചേര്‍ന്നാണ് ഇന്‍സാഫ് മന്ത്രിസഭയുണ്ടാക്കാന്‍ പോകുന്നത്. സൈന്യവും അതിനൊപ്പമുള്ള ശിങ്കിടി പാര്‍ട്ടികളും വരാന്‍ പോകുന്ന ജനകീയ പ്രക്ഷോഭത്തെ എങ്ങനെ നേരിടുമെന്ന് കാത്തിരുന്നു കാണാം. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 04-07
ടി.കെ ഉബൈദ്

ഹദീസ്‌

വിശ്വാസികൾ ദുർബലരാവുകയില്ല
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്