ആശങ്കയോടെ റഫ
ഗസ്സയിലെ ഇസ്രയേല്‍ നരനായാട്ട് പരിസമാപ്തിയിലാണ്. അധിനിവേശ മുഷ്‌കിനെതിരെ പോരാടുന്ന ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസിനെ ഉന്മൂലനം ചെയ്യാനിറങ്ങിയവര്‍ ലക്ഷ്യം കാണുന്നതില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും ആ നാടിനെയും ജനങ്ങളെയും തുടച്ചുനീക്കുന്നതിന്റെ അവസാന ലാപ്പില്‍ അവര്‍ എത്തിയിരിക്കുന്നു. അവശേഷിക്കുന്ന തുരുത്തായ റഫയെ നിലംപരിശാക്കാനും അവിടെ തിങ്ങിനിറഞ്ഞ ലക്ഷക്കണക്കിന് ജനങ്ങളെ ഹമാസ് വേട്ടയുടെ പേരില്‍ കൊല്ലാനുമുള്ള കരയുദ്ധത്തിന് തയാറെടുത്തിരിക്കുകയാണ് സയണിസ്റ്റ് സൈന്യം.
മുപ്പതിനായിരത്തോളം നിരപരാധികളെ കൂട്ടക്കൊല ചെയ്തിട്ടും വംശഹത്യ തുടരാന്‍ സയണിസ്റ്റ് ഭീകര രാജ്യത്തിന് മൗനാനുവാദം നല്‍കുന്ന ലോക രാഷ്ട്രങ്ങളും, അതിനോട് തികഞ്ഞ നിസ്സംഗത പുലര്‍ത്തുന്ന മുസ്‌ലിം രാജ്യങ്ങളും ഒരുപോലെ പ്രതിക്കൂട്ടിലാണ്. ബോസ്‌നിയയിലെ സെബ്രനീസയില്‍ കണ്ടതിനു സമാനമായ മുസ്‌ലിം ഉന്മൂലനം ഇവര്‍ക്കൊന്നും വിഷയം പോലുമാകുന്നില്ല. ഹമാസിനെ തുടച്ചുനീക്കാനെന്ന പേരില്‍ ഗസ്സയെ ശ്മശാനഭൂമിയാക്കി മാറ്റാനും തുടര്‍ന്നത് ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കാനുമുള്ള ഗൂഢ പദ്ധതിയാണ് അരങ്ങേറുന്നത്.
ഗസ്സയില്‍ ഏറ്റവുമധികം ജനവാസമുള്ള പ്രദേശങ്ങളിലൊന്നാണ് റഫ. ഒക്ടോബര്‍ ഏഴിനു മുമ്പു തന്നെ അവിടത്തെ 23 ചതുരശ്ര മൈല്‍ പ്രദേശത്ത് 2,75,000 ജനങ്ങള്‍ വസിച്ചിരുന്നു. ഇന്നവിടെ 14 ലക്ഷം ജനങ്ങളാണ് മരണത്തെ മുഖാമുഖം കണ്ട് കഴിയുന്നത്. ഇസ്രയേലിന്റെ അധിനിവേശത്തില്‍ അമര്‍ന്ന ഗസ്സയുടെ മറ്റു ഭാഗങ്ങളില്‍നിന്ന് അഭയാര്‍ഥികളായി എത്തിയതാണവര്‍. റഫയില്‍ മനുഷ്യരില്ലാത്ത നാലു ചതുരശ്ര മീറ്റര്‍ പോലുമില്ലെന്നാണ് നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സിലിന്റെ ഗസ്സ ഓഫീസ് മേധാവി യൂസുഫ് ഹമ്മാശ് പറയുന്നത്. തെരുവുകളിലാണ് താല്‍ക്കാലിക ഷെല്‍ട്ടറില്‍ പതിനായിരങ്ങള്‍ കഴിയുന്നത്. പകര്‍ച്ച വ്യാധികളും മറ്റു രോഗങ്ങളും വ്യാപകമായിരിക്കുന്നു. ശുദ്ധ ജലവും മരുന്നുകളും ദുര്‍ലഭം. സയണിസറ്റ് സേന റഫയില്‍ നടത്തുന്ന ബോംബിംഗ് സ്ഥിതി രൂക്ഷമാക്കും.
റഫയില്‍ മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ ഈജിപ്ഷ്യന്‍ അതിര്‍ത്തിയും ഇസ്രയേലിനോട് ചേര്‍ന്നുള്ള ശാലോം അതിര്‍ത്തിയും മാത്രമേയുള്ളൂ. അവ അടച്ചിട്ടതിനാല്‍ ലക്ഷക്കണക്കിനാളുകള്‍ ശ്വാസം മുട്ടും. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന ഫലസ്ത്വീനികള്‍ ഇസ്രയേല്‍ ബോംബിംഗില്‍, അല്ലെങ്കില്‍ പട്ടിണിയും രോഗവും കാരണം കൊല്ലപ്പെടുന്ന സാഹചര്യമാണെന്ന് ഇന്റര്‍നാഷ്നല്‍ റെസ്‌ക്യൂ കമ്മിറ്റി ഉദ്യോഗസ്ഥന്‍ ബോബ് കിച്ചന്‍ മുന്നറിയിപ്പ് നല്‍കുന്നു.
വംശഹത്യക്ക് ഒത്താശ ചെയ്തുകൊടുത്തവരുടെ സമാധാന പ്രഭാഷണമാണ് ഏറ്റവും വലിയ അശ്ലീലം. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനോട് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രോഷം പ്രകടിപ്പിച്ചുവെന്നും ഗസ്സയിലെ സ്ഥിതിഗതികളില്‍ അദ്ദേഹം അസ്വസ്ഥനാണെന്നും തുടങ്ങിയ ക്ലീഷേകള്‍ ഇക്കൂട്ടത്തിൽ പെടുന്നു. 'ഗസ്സയില്‍ ബോംബിട്ടോളൂ, എന്നാല്‍ സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കണ'മെന്ന് മാത്രമാണ് റഫയിലെ ലക്ഷക്കണക്കിന് മനുഷ്യര്‍ മരണമുഖത്തുള്ളപ്പോഴും നെതന്യാഹുവെന്ന ഭീകരനെ ബൈഡന്‍ എന്ന ക്രിസ്ത്യന്‍ സയണിസ്റ്റ് ഉപദേശിക്കുന്നത്.
'റഫയിലെ നമ്മുടെ സൈനിക ഓപറേഷന്‍...' എന്നു പറയാന്‍ മാത്രം അദ്ദേഹത്തിന് 'നാക്കുപിഴ' സംഭവിക്കുന്നു. ഇസ്രയേലി വംശഹത്യക്ക് കൂട്ടുനിന്ന ഏറ്റവും മോശപ്പെട്ട പ്രസിഡന്റെന്ന ഇമേജാണ് ബൈഡന്‍ പേറുന്നത്. ഓര്‍മശക്തിയും നഷ്ടപ്പെട്ടിരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ട്രംപ് വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനകള്‍ വന്നുതുടങ്ങിയിരിക്കുന്നു. കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ബൈഡന്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്ന വാര്‍ത്തകളും പരക്കുന്നു. പ്രസിഡന്റ് പദവി ഏറ്റെടുക്കാന്‍ തയാറാണെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് തുറന്നുപറഞ്ഞത് കഴിഞ്ഞ ദിവസമാണ്.
ബൈഡന്‍ തല്‍സ്ഥാനത്ത് തുടര്‍ന്നാലും ഇല്ലെങ്കിലും വെറുക്കപ്പെട്ട രാജ്യമായി അമേരിക്ക മാറിയിരിക്കുന്നു. ഇസ്രയേലിന് 'പ്രതിരോധിക്കാന്‍' അവകാശമുണ്ടെന്ന പഴകിപ്പുളിച്ച വാക്കുകളാണ് യു.എസ് നേതൃത്വം ഇപ്പോഴും വിളമ്പിക്കൊണ്ടിരിക്കുന്നത്. ഇസ്രയേലിന്റെ വംശഹത്യ തടയണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ) കേസ് കൊടുത്ത ദക്ഷിണാഫ്രിക്കയെ ശിക്ഷിക്കാനുള്ള പദ്ധതികള്‍ പോലും അവര്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു.
അമേരിക്ക വിചാരിച്ചാല്‍ 24 മണിക്കൂറിനകം ഇസ്രയേലിനെ നിലയ്ക്കുനിര്‍ത്താന്‍ കഴിയുമെന്നത് വെറുമൊരു പ്രസ്താവനയല്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്ന രാജ്യങ്ങള്‍ക്ക് സൈനിക സഹായം നിരോധിക്കുന്ന നിയമ(Leahy Law)മുണ്ട് അമേരിക്കയില്‍. ഏതെങ്കിലും രാജ്യത്തിനെതിരെ ഈ നിയമം പ്രയോഗിക്കുന്നുണ്ടെങ്കില്‍ അതില്‍ ഒന്നാമതായി വരുന്നത് ഇസ്രയേലായിരിക്കും. എന്നാല്‍, പച്ചയായി വംശഹത്യ നടത്തുകയും അത് ആവര്‍ത്തിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടും സയണിസ്റ്റ് ഭരണകൂടത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം കൂടുതല്‍ ആയുധങ്ങള്‍ നല്‍കുകയാണ് ബൈഡന്‍ ചെയ്തത്. പ്രതിവര്‍ഷം നല്‍കിവരാറുള്ള 380 കോടി ഡോളറിന്റെ സൈനിക സഹായത്തിന് പുറമെയാണിത്.
സമാധാനപ്രിയന്റെ വേഷത്തില്‍ അവതരിച്ച മറ്റൊരാള്‍ യൂറോപ്യന്‍ യൂനിയന്റെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ജോസഫ് ബോറലാണ്. ഗസ്സ മനുഷ്യ ദുരന്തത്തിന്റെ വക്കിലാണെന്നും, അമേരിക്കയും സഖ്യകക്ഷികളും ഇസ്രയേലിനെ ആയുധമണിയിക്കുന്നത് അടിയന്തരമായി നിര്‍ത്തണമെന്നും ആവശ്യപ്പെട്ട ബോറല്‍, ഗസ്സയിലെ ഇസ്രയേല്‍ സൈനിക നടപടി പരിധി ലംഘിക്കുന്നുവെന്ന ബൈഡന്റെ പ്രസ്താവനയോട് പ്രതികരിക്കവെ, കൂടുതല്‍ ജനങ്ങള്‍ കൊല്ലപ്പെടാതിരിക്കാന്‍ സയണിസ്റ്റ് രാജ്യത്തിന് കുറഞ്ഞ തോതിലുള്ള ആയുധങ്ങള്‍ നല്‍കിയാല്‍ മതി എന്ന ഉപദേശവും നല്‍കി. 2006-ലെ ലബനാന്‍ യുദ്ധവേളയില്‍ അമേരിക്ക ഈ നിലപാട് കൈക്കൊണ്ടിരുന്നതും യൂറോപ്യന്‍ യൂനിയന്‍ ഫോറിന്‍ പോളിസി ചീഫ് ഓര്‍മിപ്പിക്കുന്നു.
അതേസമയം, റഫ ഉള്‍പ്പെടെ ഗസ്സ മുഴുവന്‍ അധിനിവേശം നടത്തുന്നതിന്റെ ഭാഗമായി ജനങ്ങളെ അഭയാര്‍ഥികളാക്കി 15 ടെന്റ് സിറ്റികള്‍ പണിയാന്‍ അധിനിവേശ സേന പദ്ധതി തയാറാക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഗസ്സ നഗരത്തിന്റെ തെക്കെ അറ്റം മുതല്‍ റഫയുടെ വടക്ക് അല്‍ മവാസി വരെയുള്ള ഭാഗങ്ങളില്‍ 25,000 ടെന്റുകള്‍ വീതമുള്ള 15 കേന്ദ്രങ്ങള്‍ പണിയുകയാണ് പരിപാടി. പദ്ധതിയുടെ വിവരം ഈജിപ്തിന് കൈമാറിയിട്ടുമുണ്ട്. ഇസ്രയേല്‍ എന്ത് അതിക്രമം കാണിച്ചാലും അവരുമായി 1979 മുതല്‍ നിലനില്‍ക്കുന്ന സമാധാനക്കരാറില്‍നിന്ന് പിന്മാറില്ലെന്ന് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി സാമിഹ് ശുക്‌രി വ്യക്തമാക്കിയിട്ടുണ്ടല്ലോ.
ഫലസ്ത്വീനികളെ പുറത്താക്കി ഗസ്സയിലെ പുനരധിനിവേശം പൂര്‍ത്തിയാക്കുമെന്നായിരുന്നു നെതന്യാഹുവിന്റെ ആദ്യ പ്രഖ്യാപനം. ഏതെങ്കിലും രാജ്യം അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറാവുകയാണെങ്കില്‍ ആവശ്യമായ പണം നല്‍കാമെന്നു വരെ ഓഫറുണ്ടായിരുന്നു. 1948-ല്‍ ഇസ്രയേല്‍ നടത്തിയ ഭീകര താണ്ഡവത്തില്‍ ജന്മനാടും ജീവിതായോധന മാര്‍ഗങ്ങളും ഉപേക്ഷിച്ച് പലായനം ചെയ്തവരെ മടങ്ങിവരാന്‍ അനുവദിക്കാത്ത സയണിസ്റ്റ് അധിനിവേശകര്‍, ലക്ഷക്കണക്കിന് ഫലസ്ത്വീനികളെ വീണ്ടും അഭയാര്‍ഥികളാക്കാനുള്ള ഗൂഢ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
1947-48-ലെ അറബ്-ഇസ്രയേല്‍ പ്രശ്‌നത്തില്‍ യു.എന്‍ രക്ഷാസമിതിയുടെ മധ്യസ്ഥനായിരുന്ന ഫോക്ക് ബര്‍ണാഡോറ്റാണ് ഫലസ്ത്വീനികള്‍ക്ക് ജന്മനാട്ടിലേക്ക് മടങ്ങിവരാനുള്ള അവകാശത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. ബര്‍ണാഡോറ്റ് 1947 ജൂണ്‍ 27-ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശകളായിരുന്നു യു.എന്നിന്റെ 194-ാം നമ്പര്‍ പ്രമേയത്തിന് വഴിയൊരുക്കിയത്. ഭാവിയിലുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ വഴിയാധാരമാകുന്ന ഫലസ്ത്വീനികളുടെ അവകാശങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു 1967-ല്‍ പാസ്സാക്കിയ രക്ഷാസമിതിയുടെ 237, യു.എന്‍ പൊതുസഭ 1974-ല്‍ പാസ്സാക്കിയ 3236 നമ്പര്‍ പ്രമേയങ്ങള്‍. എന്നാല്‍, ജന്മനാട്ടില്‍നിന്ന് പുറത്താക്കപ്പെട്ട ഫലസ്ത്വീനികളുടെ മടങ്ങിവരാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ സ്വീഡിഷ് പൗരനായ ബര്‍ണാഡോറ്റിനെ സയണിസ്റ്റ് ഭീകര സംഘടനയായ ലേഹി (സ്റ്റേണ്‍ ഗാങ്ങ്) യുടെ പ്രവര്‍ത്തകര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു.
ഗസ്സയെയും അവിടത്തെ ജനതയെയും തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്നോടിയായി ഇസ്രയേല്‍ നിര്‍മിക്കുന്ന ക്യാമ്പുകള്‍ക്ക് അമേരിക്കയും അറബ് പങ്കാളികളും ഫണ്ട് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. വെള്ളക്കൊടിയേന്തി ഗസ്സക്കകത്തെ സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യുന്നവരെപ്പോലും സ്‌നൈപറുകളെ ഉപയോഗിച്ച് നിഷ്ഠുരം കൊന്നൊടുക്കുന്ന ഇസ്രയേലി ഭീകരതയെ നേരിടാന്‍ ഹമാസും ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങളും മാത്രമേയുള്ളൂ. ഇസ്രയേല്‍ സൈനികര്‍ക്കെതിരായ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ അവര്‍ തുടരുന്നുമുണ്ട്. ഐ.സി.ജെയോട് അടിയന്തരമായി ഇടപെടണമെന്ന് ദക്ഷിണാഫ്രിക്ക വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇസ്രയേലിന്റെ ധിക്കാരം തുടരുകയാണ്. l
Comments