Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 23

3341

1445 ശഅ്ബാൻ 13

വിശ്വാസികൾ ദുർബലരാവുകയില്ല

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

عَنْ أَبِي هُرَيْرَةَ  رضي الله عنه قَالَ: قَالَ رَسُولُ اللَّهِ ﷺ: المُؤْمِنُ الْقَوِيُّ خَيْرٌ  وأَحَبُّ إِلَى اللَّهِ مِنَ الْمُؤْمِنِ الضَّعِيفِ، وفِي كُلٍّ خَيْرٌ، احْرِصْ عَلَى مَا يَنْفَعُكَ، واسْتَعِنْ بِاللَّهِ، ولَا تَعْجَزْ، وإِنْ أَصَابَكَ شَيْءٌ فَلَا تَقُلْ: لَوْ أَنِّي فَعَلْتُ كَذَا كَانَ كَذَا وكَذَا، ولَكِنْ قُلْ: قَدَّرَ  اللَّهُ، ومَا شَاءَ الله فَعَلَ؛ فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ (مُسلِم)

 

അബൂഹുറയ്റ(റ)യിൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "പ്രബലനായ വിശ്വാസി ദുർബലനായ വിശ്വാസിയെക്കാൾ ശ്രേഷ്ഠനും അല്ലാഹുവിന്  ഏറെ ഇഷ്ടപ്പെട്ടവനുമാണ്. എല്ലാവരിലും നന്മയുണ്ട്. നിനക്ക് ഉപകാരപ്പെടുന്നതിനെ കൊതിക്കുക. അത് പ്രവർത്തിക്കാൻ അല്ലാഹുവിനോട് സഹായം തേടുക. ദുർബലനാവരുത്. നിനക്ക് ബാധിച്ച ഒരു കാര്യത്തെക്കുറിച്ച്, 'ഞാൻ അപ്രകാരം പ്രവർത്തിച്ചിരുന്നുവെങ്കിൽ ഇപ്രകാരം സംഭവിക്കുമായിരുന്നു' എന്ന് ഒരിക്കലും പറയരുത്. പകരം ഇങ്ങനെ പറയുക: 'അല്ലാഹു കണക്കാക്കി. അവനുദ്ദേശിച്ചത് പ്രവർത്തിച്ചു.'  തീർച്ചയായും 'ലൗ' (അപ്രകാരം ചെയ്താൽ മതിയായിരുന്നു) എന്ന വാക്ക് പിശാചിന്റെ പ്രവൃത്തിയെ തുറന്നു വിടലാണ്" (മുസ്‌ലിം).

 

വിശ്വാസികൾക്ക് പ്രത്യാശയും ആവേശവും പകരുന്ന ഹദീസാണിത്. 'പ്രബലനായ സത്യവിശ്വാസി' എന്നാൽ മാനസികമായും ശാരീരികമായും ശക്തനായവൻ എന്നാണർഥം. മനസ്സിനെയും ശരീരത്തെയും ആരോഗ്യമുള്ളവയാക്കി നിലനിർത്താൻ മുസ്‌ലിം സദാ ജാഗ്രത കാണിക്കണം. മനസ്സിന് കരുത്തുള്ളവർക്കേ പ്രതിസന്ധികളെ നേരിടാനാവൂ. ശരീരത്തിന് ശക്തിയും ആരോഗ്യവും ഉണ്ടെങ്കിലേ കൂടുതൽ പുണ്യങ്ങൾ ചെയ്യാനാവൂ. നന്മ കൽപ്പിക്കാനും തിന്മ തടയാനും ജിഹാദ് ചെയ്യാനും പ്രാപ്തിയുണ്ടാവണമെങ്കിൽ മനസ്സിനും ശരീരത്തിനും ശക്തിയുണ്ടാവണം. സാമ്പത്തിക ശേഷിയും 
ശക്തിയിൽ ഉൾപ്പെടും. പണമില്ലാത്തവരുടെ ജീവിതം ക്ലേശങ്ങൾ നിറഞ്ഞതാവും. സത്കർമങ്ങൾ പ്രവർത്തിക്കാനിത് തടസ്സമാവും. 

വിശ്വാസികൾ ദുർബലരാണെങ്കിലും അവരിലും ഏറെ നൻമകളുണ്ട്. കേവലം വിശ്വാസം തന്നെ ഒരു സുകൃതവും പുണ്യവുമാണല്ലോ. ഉപകാരപ്പെടുന്നതിനെ കൊതിക്കുക എന്നാൽ ഇരു ലോകത്തും പ്രയോജനപ്പെടുന്ന കാര്യങ്ങൾ നിരന്തരം പ്രവർത്തിക്കുക എന്നാണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. അതിനാൽ, സമയം പാഴാക്കാതെ നന്മകൾ വർധിപ്പിക്കുക. ഏത് കർമം ചെയ്യാനും അല്ലാഹുവിന്റെ സഹായവും അനുഗ്രഹവും വേണം. അതുകൊണ്ട് നന്മ ചെയ്യാനുള്ള അവസരം ലഭിക്കാനായി അല്ലാഹുവിനോട്  സഹായം തേടണം. വീഴ്ചയും പരാജയവും സംഭവിക്കുമ്പോഴേക്ക് നിരാശനാവരുത്. ദൗർബല്യം പ്രകടിപ്പിക്കരുത്. കരുത്തോടെ മുന്നോട്ട് കുതിക്കുക.
അലി(റ)യുടെ വാക്കുകൾ ഇങ്ങനെ:

 إِذَا اشْتَمَلَتْ عَلَى الْيَأسِ القُلُوبُ
وَضاقَ لِمَا بِهِ الصَدْرُ الرَحِيبُ    
وَكُلُّ الحَادِثاتِ إِذَا تَناهَتْ
 فَمَوْصُولٌ بِها فَرَجٌ قَريبُ    

"ഹൃദയങ്ങളിൽ നിരാശ പടർന്നാൽ, വിശാല മനസ്സ് ഇടുങ്ങിപ്പോവുകയും ചെയ്താൽ...  എല്ലാ അവിചാരിതങ്ങൾക്ക് ശേഷവും അടുത്തു തന്നെ ആശ്വാസം വരാനിരിക്കുന്നു." 

സംഭവിച്ചു കഴിഞ്ഞ ഒരു കാര്യത്തെക്കുറിച്ച് അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇങ്ങനെയാവുമായിരുന്നു എന്നൊന്നും ചിന്തിക്കരുത്. കാരണം, ശക്തനും യുക്തിമാനുമായ അല്ലാഹുവാണ് ഈ പ്രപഞ്ചത്തെ ഭരിക്കുന്നത്. അവന്റെ നേരത്തെയുള്ള തീരുമാനത്തിന്റെയും പദ്ധതിയുടെയും അടിസ്ഥാനത്തിലാണ്  ഇവിടെ കാര്യങ്ങൾ നടക്കുന്നത്. നടന്നതിനെ നടത്താതിരിക്കാനോ നടക്കാത്തതിനെ നടത്താനോ അല്ലാഹുവല്ലാത്ത ഒരാൾക്കും സാധ്യമല്ല. ഏത് കാര്യവും സംഭവിച്ച ശേഷം അതിൽ തൃപ്തിയടയുകയാണ് വേണ്ടത്. അക്കാര്യത്തെക്കുറിച്ച് കൂടുതൽ ആലോചിക്കുകയോ ദുഃഖിതനാവുകയോ അരുത്.
അതേസമയം സാധ്യമാവുന്നത്ര ഭംഗിയായി, ഇഹ്സാനോടു കൂടി വിശ്വാസികൾ കർമങ്ങൾ ചെയ്യുകയും വേണം. 'അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല', 'ഇങ്ങനെ ചെയ്താൽ മതിയായിരുന്നു' തുടങ്ങിയ ശൈലികൾ വിശ്വാസികളുടെ മനസ്സുകളിലേക്ക് കയറാൻ പിശാചിന് വാതിൽ തുറന്നുകൊടുക്കുകയാണ് ചെയ്യുക. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 04-07
ടി.കെ ഉബൈദ്

ഹദീസ്‌

വിശ്വാസികൾ ദുർബലരാവുകയില്ല
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്