Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 23

3341

1445 ശഅ്ബാൻ 13

ഫെമിനിസ്റ്റ്, ജെൻഡർ വാദങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ

വർദ അൻവർ കുവൈത്ത്

ആധുനിക ലോകത്ത് രൂപപ്പെട്ടു വന്നിട്ടുള്ള ഫെമിനിസം പ്രത്യക്ഷത്തിൽ കാണുന്ന നിരുപദ്രവകരമായതും ഒരു വേള സ്ത്രീ വിമോചനപരമായതുമായ ആശയങ്ങൾ മാത്രമല്ല ഉൾക്കൊള്ളുന്നത്. ഇവയെ മുന്നിൽ നിർത്തി മറയ്ക്കു പിന്നിൽ നിൽക്കുന്ന, നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരുപാട് അപകടകരമായ ആശയങ്ങൾ ഈ ആശയധാരയുടെ പിന്നിലുണ്ട്. അവ എന്തൊക്കെയാണെന്നും, അവ സമൂഹത്തെ എങ്ങനെയൊക്കെ സ്വാധീനിക്കും എന്നുമുള്ള പഠനവും അന്വേഷണവും ഫെമിനിസവുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിൽ വളരെ സുപ്രധാനമാണ്.
മനുഷ്യർ കാലാകാലങ്ങളായി സൂക്ഷിച്ചുപോരുന്ന ഒരുപാട് മൂല്യങ്ങളുണ്ട്.  നമ്മുടെ ജീവിതത്തിൽ വിശുദ്ധമായി നമ്മൾ കരുതിപ്പോരുന്ന, കൊണ്ടുനടക്കുന്ന ഒരുപാട് ബന്ധങ്ങളുണ്ട്. ഇത്തരത്തിലുള്ള മൂല്യ സങ്കല്പങ്ങളെയും ധാർമിക കാഴ്ചപ്പാടുകളെയും നിരാകരിച്ചുകൊണ്ട് കൂടിയാണ്  ആധുനിക ഫെമിനിസത്തിന്റെ ആശയ വളർച്ച ഉണ്ടായിട്ടുള്ളത്. ധാർമികതയെയും കുടുംബ സങ്കല്പങ്ങളെയും മനുഷ്യ സമൂഹം നാളിതു വരെ കൊണ്ടുനടന്ന മഹിത മൂല്യങ്ങളെയും നശിപ്പിച്ചു കളയുന്ന ആശയങ്ങളാണ് ഇവർ ഒളിച്ചു കടത്താൻ  ശ്രമിച്ചിട്ടുള്ളതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും. ഈ ഒളിച്ചുകടത്തലിനു വേണ്ടി പ്രഥമ ദൃഷ്ട്യാ സ്വീകാര്യമെന്ന് തോന്നാവുന്ന തത്ത്വങ്ങളെയും ആശയങ്ങളെയും മുന്നിൽ നിർത്തുന്നു. ഐക്യരാഷ്ട്രസഭയെയും അതുപോലുള്ള അന്താരാഷ്ട്ര ഏജൻസികളെയും ഉപയോഗപ്പെടുത്തി ലോകരാജ്യങ്ങളിൽ ഇത് വ്യാപകമായി പ്രചരിപ്പിക്കുക കൂടിയാണ് അവർ ചെയ്തത്. സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങളുടെ മൂല കാരണം മതങ്ങളും അവ ഉയർത്തിപ്പിടിക്കുന്ന ധാർമിക മൂല്യങ്ങളുമാണെന്നും, അതിനാൽ അടിസ്ഥാനപരമായി അവയെ ചോദ്യം ചെയ്തുകൊണ്ടും തള്ളിക്കളഞ്ഞുകൊണ്ടും മാത്രമേ സ്ത്രീ വിമോചനം സാധ്യമാവൂ എന്നും പ്രത്യക്ഷമായും പരോക്ഷമായും അവർ വാദിക്കുകയാണുണ്ടായത്. 

ഇത്തരം മതവിരുദ്ധ ചിന്തകളിലേക്ക് ഫെമിനിസ്റ്റ് മൂവ്മെന്റുകൾ എത്തിച്ചേരുന്നതിന്, മുൻകാലങ്ങളിൽ അവർ അനുഭവിച്ച അസമത്വത്തിന്റെ തീവ്രത ഒരു പ്രധാന കാരണമായിരുന്നു. പാശ്ചാത്യ ലോകത്ത് അവർ കണ്ടു പരിചയിച്ച പുരോഹിത മതങ്ങളുടെ വികല തത്ത്വങ്ങൾക്കും സമ്പ്രദായങ്ങൾക്കും ഇതിൽ വലിയ പങ്കുണ്ടായിരുന്നു എന്ന യാഥാർഥ്യവും നാം അംഗീകരിക്കേണ്ടതുണ്ട്. ഒന്ന്, രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് വരെ യൂറോപ്പ് സാമൂഹികമായി പൂർണമായും ഇരുട്ടിലായിരുന്നു എന്നതാണ് യാഥാർഥ്യം.

സ്ത്രീകൾക്ക് വിദ്യാഭ്യാസം, സ്വത്തവകാശം, സ്വയം നിർണയാവകാശം തുടങ്ങിയ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്നു അവിടെ. ഇത്തരം കാര്യങ്ങളിലെല്ലാം എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് മുതലേ ഇസ്ലാം  ലോകത്തിന് വെളിച്ചം കാണിച്ചിരുന്നുവെന്നും, ലോകത്തിന് മുന്നിൽ നടന്നിരുന്നുവെന്നതും ചരിത്രമാണ്. യൂറോപ്പ് പക്ഷേ, ഇരുണ്ട യുഗത്തിലായിരുന്നു എന്ന് മാത്രമല്ല, ഇസ്ലാമിന്റെ വിമോചന വെളിച്ചത്തെ അറിയാനും മനസ്സിലാക്കാനും അവർക്കൊട്ട് അവസരം ലഭിച്ചതുമില്ല.  തങ്ങൾക്ക് പരിചയമുള്ള ക്രിസ്തീയ  പുരോഹിത മത സംഹിതകളെ മാത്രമാണ് അവർ മതം എന്ന രീതിയിൽ അനുഭവിച്ചതും മനസ്സിലാക്കിയതും. വിമോചന സങ്കൽപ്പങ്ങളോടൊപ്പം മതങ്ങളോടുള്ള വെറുപ്പും മതനിരാസവും വളർന്നുവന്നതിൽ ഇതിനും വലിയ പങ്കുണ്ട്. നീതി നിഷേധത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന സമൂഹങ്ങളിൽനിന്ന് ഉയർന്നുവരുന്ന ആശയങ്ങൾ  ആത്യന്തിക സമീപനങ്ങളിലേക്ക് വഴുതി മാറാനുള്ള പ്രവണത കൂടുതലാണ്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്.

സ്ത്രീകളെ പ്രസവിക്കാനുള്ള യന്ത്രങ്ങളായി മാത്രം കണക്കാക്കുന്നു എന്നുള്ളത്  ഫെമിനിസത്തിന്റെ രണ്ടാം തരംഗത്തിൽ  ഉന്നയിക്കപ്പെട്ട ഒരു പ്രധാന പ്രശ്നമായിരുന്നു. അതിനെതിരായി രംഗത്തുവന്ന  വിമൻസ് ലിബറേഷൻ മൂവ്മെന്റ് മറുഭാഗത്ത് ആത്യന്തിക നിലപാടുകൾ സ്വീകരിക്കുന്നതാണ് പിന്നീട് നാം കണ്ടത്. സ്ത്രീകൾ പ്രസവം എന്ന ഉത്തരവാദിത്വത്തിൽനിന്ന് തന്നെ  സ്വതന്ത്രമാകേണ്ടതുണ്ട് എന്ന രീതിയിൽ, പ്രസവവും വേണ്ട കുഞ്ഞുങ്ങളും വേണ്ട തുടങ്ങിയ അതിവാദങ്ങളാണ് അവർ ഉന്നയിച്ചത്.
അതുതന്നെയാണ് ലിംഗ നീതി നിഷേധത്തിനെതിരെ അവസരസമത്വം വാദിച്ച് മുന്നോട്ടുവന്നവർക്ക് സംഭവിച്ചതും. അവർ പിന്നീട് സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ജൈവശാസ്ത്ര വ്യത്യാസങ്ങളെ പോലും വിസ്മരിച്ച് പ്രകൃതി വിരുദ്ധ സമത്വവാദങ്ങൾക്കും പുരുഷ വിരോധത്തിനും അടിപ്പെട്ട് പോവുകയും അതിനനുസരിച്ച് ആശയങ്ങളും നിലപാടുകളും നിർമിക്കുകയുമാണ് ചെയ്തത്.

പിൽക്കാലത്ത് ഇത്തരം അതിവാദങ്ങളെ യാഥാർഥ്യബോധത്തോടു കൂടി തിരിച്ചറിയാനും തിരുത്താനും ഫെമിനിസ്റ്റ് മൂവ്മെന്റുകൾക്കിടയിൽ നിന്നുതന്നെ പലരും മുന്നോട്ടു വന്നിട്ടുണ്ട്. പക്ഷേ, അപ്പോഴേക്കും അത്തരം ആശയങ്ങൾ സമൂഹത്തിൽ ഉണ്ടാക്കിയ പരിക്കുകൾ വളരെ വലുതായിരുന്നു.

1960-കളിൽ, സ്ത്രീകൾ ഗർഭം ധരിക്കുന്നതിനെയും പ്രസവിക്കുന്നതിനെയും നിരാകരിച്ചു കുട്ടികൾ തന്നെ വേണ്ടതില്ല എന്ന് വാദിച്ച് രംഗത്തുവന്ന അന്താരാഷ്ട്ര പ്രശസ്തരായ പല ഫെമിനിസ്റ്റ് പോരാളികളുമുണ്ട്. പിൽക്കാലത്ത് അവരിൽ പലരും  തങ്ങളുടെ പഴയ കാല തീവ്ര നിലപാടിൽ പശ്ചാത്തപിക്കുകയും അതിനെ പരസ്യമായി തിരുത്തുകയും ചെയ്തിട്ടുണ്ട്. നമ്മുടെ നാട്ടിലും ഇത്തരം സോ കോൾഡ് വിമോചനങ്ങളും അസന്തുലിതമായ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളും മുന്നോട്ടു വെച്ചിരുന്ന പലരും പിൽക്കാലത്ത് അവ തെറ്റായിരുന്നുവെന്ന് ഏറ്റുപറയുകയും തിരുത്തുകയും ചെയ്തിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരിയും വനിതാ ആക്ടിവിസ്റ്റുമായ  സാറാ ജോസഫിനെ പോലുള്ളവർ പിൽക്കാലത്ത് 'അടുക്കളകൾ തിരിച്ചുപിടിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ അവതരിപ്പിച്ചത് നമുക്കോർമയുണ്ടല്ലോ.

ജെൻഡർ

ഈയടുത്ത കാലം വരെ ജെൻഡർ എന്നുള്ളത് മനുഷ്യ സമൂഹത്തിലെ ലിംഗ വൈജാത്യങ്ങളെ കുറിക്കുന്ന ഒരു ഭാഗം എന്നതിനപ്പുറം ഒരു വലിയ ചർച്ചാവിഷയം പോലും അല്ലായിരുന്നു. ആ ഒരു അവസ്ഥയിൽനിന്ന് ഇന്ന് നമ്മുടെ ദൈനം ദിന ചർച്ചകളിലും സംവാദങ്ങളിലും ലേഖനങ്ങളിലും പുസ്തകങ്ങളിലും സിനിമകളിലും മറ്റു  ആവിഷ്കാരങ്ങളിലുമൊക്കെ വലിയ പ്രാധാന്യം ലഭിക്കുന്ന വിധത്തിൽ ജെൻഡർ എന്ന വ്യവഹാരം എങ്ങനെ എത്തി എന്നുള്ളത് ഏറെ ആലോചിക്കേണ്ട വിഷയമാണ്. ഇതിന്റെ ഉത്ഭവവും വികാസവും മനസ്സിലാക്കണമെങ്കിൽ നമ്മൾ ആദ്യം 1960-കളിൽ ഉടലെടുത്ത 'ലൈംഗിക വിപ്ലവ'(Sexual Revolution)ത്തെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്.

ഫെമിനിസത്തിന്റെ രണ്ടാം തരംഗവും ലൈംഗിക വിപ്ലവവും  നടക്കുന്നത് ഏറക്കുറെ ഒരേ സമയത്താണ്. 19-ാം നൂറ്റാണ്ടിന്റെ  അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ലിബറലിസത്തിന്റെ ഭാഗമായി പല പല പുതിയ ആശയഗതികളും പിറവിയെടുത്തു. അവയുടെ പൊതുവായ സ്വഭാവം അവ അടിസ്ഥാനപരമായി മതവിരുദ്ധമായിരുന്നു എന്നതാണ്. അതുവരെ ഓരോരുത്തരും തങ്ങളുടെ ശരീരവും വ്യക്തിത്വവും ദൈവത്തിന്റെ സൃഷ്ടിയാണെന്നും, അതുകൊണ്ട് ദൈവത്തിന് ഇഷ്ടമുള്ളതു പോലെ ജീവിക്കണമെന്നുമാണ് കരുതിയിരുന്നത്. അങ്ങനെ വിശ്വസിച്ചു മുന്നോട്ടു പോയ സമൂഹത്തെ ഈ പ്രത്യയശാസ്ത്രങ്ങൾ വെല്ലുവിളിക്കുകയും, ഓരോരുത്തരുടെയും ശരീരം അവനവന്റെ സ്വത്താണെന്നും തനിക്കിഷ്ടമുള്ളതു പോലെ അതിനെ കൈകാര്യം ചെയ്യാമെന്നുമൊക്കെ വാദിക്കാൻ തുടങ്ങുകയും ചെയ്തു. ധാർമികതയിൽ മതത്തിനും ദൈവത്തിനും ഒരു പങ്കുമില്ലെന്നും അതൊക്കെ മനുഷ്യരുടെ ഇച്ഛക്കനുസരിച്ച് സ്വീകരിക്കാവുന്നതും തള്ളിക്കളയാവുന്നതുമാണെന്നും ഈ  പ്രത്യയശാസ്ത്രങ്ങൾ  പ്രചരിപ്പിച്ചു.

ധാർമികതയെ മനുഷ്യന്റെ ഇച്ഛക്ക് വിട്ടുകൊടുത്തപ്പോൾ, ജീവിതം മതത്തിന്റെ വേരുകളിൽനിന്ന് വേർപ്പെട്ടു. സ്വാഭാവികമായും ലൈംഗിക ബന്ധങ്ങളെ, പ്രത്യേകിച്ച് ഭാര്യ -ഭർതൃ ബന്ധങ്ങളെ അത് അപകടകരമായി ബാധിച്ചു. ലൈംഗിക ബന്ധങ്ങൾ  വിവാഹിതരായ ദമ്പതികളിൽ മാത്രം അനുവദനീയമായ ഒന്നാണ് എന്ന തത്ത്വത്തെ ഈ ആശയ സംഹിതകൾ വെല്ലുവിളിച്ചു. വിവാഹം, ലൈംഗിക ബന്ധം, പ്രജനനം, ധാർമികത ഇവയെല്ലാം ഒരു നൂലിൽ ബന്ധിതമായി കണ്ടിരുന്ന സമൂഹത്തിൽ, ഇവയെയെല്ലാം വേർതിരിക്കാനും വേർപ്പെടുത്താനും അവർ ശ്രമിച്ചു. ഈ ആശയങ്ങൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാൻ വേണ്ട സൗകര്യങ്ങളും വികസിച്ചുവന്നു. അതിന്റെ ഭാഗമായാണ്  ഗർഭ നിരോധന മാർഗങ്ങളുടെ (contraceptives ) ഉത്ഭവവും പ്രചാരവും. 1900-ന്റെ തുടക്കത്തിൽ കണ്ടുപിടിച്ച ഗർഭ നിരോധന ഗുളികകൾ (Birth Control Pills) 1950-കൾ ആയപ്പോഴേക്കും വലിയ ജനപ്രീതി നേടി. ഇതുവഴി കുടുംബത്തെയും ലൈംഗിക ബന്ധങ്ങളെയും  എളുപ്പത്തിൽ വേർതിരിക്കാനായി. യഥേഷ്ടം സ്വതന്ത്രമായി തങ്ങളുടെ ആഗ്രഹപൂർത്തീകരണങ്ങൾ സാധിച്ചെടുക്കാനും വഴിയൊരുങ്ങി.

ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാൻ വിവാഹത്തിന്റെ ആവശ്യമില്ല എന്നു വന്നപ്പോൾ കുടുംബം എന്ന സംവിധാനം പതുക്കെ തകരാനാരംഭിച്ചു. ഇതിന്റെ ഭാഗമായി പല സാമൂഹിക വ്യതിയാനങ്ങളും പ്രത്യക്ഷപ്പെട്ടു. അച്ഛനില്ലാത്ത കുട്ടികൾ, മാതാവിൽ മാത്രം ബന്ധിതമായ സിംഗിൾ പാരൻഷിപ്പ്, ഒരു പരിധിയും ഇല്ലാത്ത അധാർമിക ലൈംഗിക വൃത്തികൾ, ദമ്പതികളുടെ പരസ്പര വിശ്വാസത്തിലുണ്ടായ  വിള്ളലുകൾ എന്നിങ്ങനെ വ്യതിയാനങ്ങൾ സമൂഹത്തെ സാരമായി ബാധിച്ചു. കുടുംബത്തെ  ഇല്ലാതാക്കാൻ നോക്കിയപ്പോൾ അത് സമൂഹത്തിന്റെ ധാർമിക ബോധത്തെ തന്നെയാണ് ഇല്ലാതാക്കിയത്.

മറുഭാഗത്ത്, ഒരു കാരണവശാലും സംയോജിപ്പിക്കാൻ പാടില്ലാത്ത മൂന്നു കാര്യങ്ങളെ, അഥവാ ആഗ്രഹങ്ങൾ (desires), പ്രവൃത്തികൾ (actions), സ്വത്വം (identity) എന്നിവയെ പരസ്പരം സംയോജിപ്പിക്കുകയും ചെയ്തു. അതായത്,  ഒരാളുടെ പ്രവൃത്തികൾ അയാളുടെ ആഗ്രഹങ്ങളിൽനിന്ന് ഭിന്നമോ സ്വതന്ത്രമോ ആയിരിക്കണം. അപ്പോഴേ അയാൾക്ക് അയാളുടെ ആഗ്രഹങ്ങളെയും പ്രവൃത്തികളെയും നിയന്ത്രിക്കാൻ കഴിയൂ. ആഗ്രഹങ്ങൾക്കനുസരിച്ച് അന്ധമായല്ല മനുഷ്യൻ പ്രവർത്തിക്കേണ്ടത്.  ഒരാളുടെ ആഗ്രഹങ്ങളോ അതിനനുസരിച്ചുള്ള അയാളുടെ പ്രവൃത്തികളോ അല്ല അയാളുടെ സ്വത്വം നിർണയിക്കേണ്ടതും.  ഇതെല്ലാം ഒന്നാണെന്നും ഒന്നാകണമെന്നുമാണ് ഇവർ വാദിച്ചത്. അതായത്, ഒരാൾക്ക്  എന്താണോ ഇഷ്ടമുള്ളത് അതാണ് അയാൾ ചെയ്യേണ്ടത്. ഒരാളുടെ കേവല ഇഷ്ടവും അതിനനുസരിച്ച് അയാൾ ചെയ്യുന്ന പ്രവൃത്തികളുമാണ് അയാളുടെ സ്വത്വത്തെ  നിർണയിക്കേണ്ടത് എന്നും  വാദിച്ചു. 

അങ്ങനെയാണ് ഒരു മനുഷ്യന്റെ ജെൻഡറും  സെക്‌സും വെവ്വേറെയാണ് എന്നുള്ള ആഖ്യാനത്തിലേക്ക് അവർ എത്തിയത്.  സെക്സ് എന്നുള്ളത് ഒരു മനുഷ്യൻ താൻ ജനിക്കുമ്പോൾ തന്റെ ശരീര ഘടന അനുസരിച്ചു നിർണയിക്കപ്പെടേണ്ടതാണെന്നും, ജെൻഡർ എന്നുള്ളത് വെറും ഒരു സാമൂഹിക നിർമിതി (social construct) മാത്രമാണെന്നും അവർ പറയുന്നു. ഓരോരുത്തരുടെയും ലൈംഗിക ആഗ്രഹങ്ങൾക്കും ഇച്ഛകൾക്കും ഒരു ധാർമിക പരിധിയും ഇല്ലെന്നു മാത്രമല്ല, ആ ആഗ്രഹങ്ങൾക്കും ഇച്ഛകൾക്കും അനുസരിച്ചാണ് ഓരോരുത്തരുടെയും ലൈംഗിക സ്വത്വം തീരുമാനിക്കേണ്ടത് എന്നും അവർ വാദിച്ചു.  ഈ ഓരോ ഇച്ഛകൾക്കും ഓരോ സ്വത്വ കൂട്ടായ്മ രൂപീകരിച്ചും അവയെയെല്ലാം ക്രോഡീകരിച്ചുമാണ് LGBTQ മൂവ്മെന്റ് ഉടലെടുക്കുന്നത്.

ഇത്തരം സ്വത്വങ്ങളും അതിനനുസരിച്ച കൂട്ടായ്മകളും മനുഷ്യന്റെ ആഗ്രഹങ്ങൾക്കും തോന്നലുകൾക്കും  ആഭിമുഖ്യങ്ങൾക്കും അനുസരിച്ചായതിനാൽ ആഗ്രഹങ്ങളെപ്പോലെ തന്നെ ഇവയും അതിവേഗം മുന്നോട്ട് കുതിക്കുകയാണ്.  ലെസ്ബിയനിലും ഗേയിലും തുടങ്ങിയ ഇത്തരം ലൈംഗിക സ്വത്വ കൂട്ടായ്മകൾ  ബൈസെക്്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്യൂർ (Queer), ഇന്റർ സെക് ഷ്വൽ (inter sexual) എന്നിവക്ക് ശേഷം LGBTQI ++ എന്നിങ്ങനെ  പ്ലസ് പ്ലസുകൾ ഇട്ടുവെച്ചിരിക്കുന്നത്, പുതുതായി വരാനിരിക്കുന്ന ആഗ്രഹാധിഷ്ഠിത സ്വത്വങ്ങൾക്ക് അനന്തമായ ഇടമൊരുക്കാനാണ്. ഇതുതന്നെയാണ് ഈ ജെൻഡർ വാദങ്ങളുടെ പ്രശ്നവും. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗപരമായ വിവേചനങ്ങളെ, യാഥാർഥ്യബോധത്തോടെ നേരിടുകയാണ് വേണ്ടിയിരുന്നത്. സന്തുലിതമായ പരിഹാരമാർഗങ്ങൾ ആയിരുന്നു മുന്നോട്ടു വെക്കേണ്ടിയിരുന്നത്. അതിനു പകരം ലിംഗ വ്യത്യാസങ്ങൾ എന്ന പ്രകൃതിപരമായ യാഥാർഥ്യത്തെ നിരാകരിക്കുകയും കണ്ണടച്ചു നിഷേധിക്കുകയും ചെയ്തുകൊണ്ട് അതിരുകളില്ലാത്ത ലൈംഗികതയും ആഗ്രഹാധിഷ്ഠിത സ്വത്വവാദങ്ങളും മുന്നോട്ടുവെക്കുകയാണ് അവർ ചെയ്തത്.

ഇത്തരം മനോവിചാരങ്ങൾ കൊണ്ടുനടക്കുന്ന ആളുകൾ സമൂഹത്തിലെ ന്യൂനപക്ഷമാണ് എന്നതുകൊണ്ട്, അവരുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളൽ നമ്മുടെ സാമൂഹിക ബാധ്യതയാണ് എന്ന മറ്റൊരു വാദവും അവർ ഇതിനോട് ചേർത്ത് ഉന്നയിക്കുന്നുണ്ട്.

ഇതുകൂടിയായപ്പോൾ ഇത്തരം ജെൻഡർ വാദങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്നതോ അവയെ വിമർശിക്കുന്നതോ ഒക്കെ പഴഞ്ചൻ കാഴ്ചപ്പാടുകളായും അവകാശ നിഷേധങ്ങളായും മുദ്രകുത്തപ്പെട്ടു. ഇത്തരം ചാപ്പകൾ ഉയർത്തി ഇവക്കെതിരെയുള്ള പരസ്യ സംവാദങ്ങളുടെ സാധ്യതകളെ പോലും ഇവർ നിഷേധിച്ചു. മലയാളത്തിൽ ഈയിടെ പുറത്തിറങ്ങിയ, ജിയോ ബേബി സംവിധാനം ചെയ്യുകയും മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്ത 'കാതൽ' എന്ന സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങൾ നോക്കൂ. ആ സിനിമ മുന്നോട്ട് വെക്കുന്ന സ്വവർഗാനുരാഗ ആശയത്തോട് പൂർണമായ എതിർപ്പുള്ളവർ ഒരുപാടുണ്ട്. പക്ഷേ, അതിനെതിരെ പരസ്യമായി അഭിപ്രായം  പറയുന്നതിൽനിന്ന് പലരെയും പിന്തിരിപ്പിക്കുന്നത് മേൽപ്പറഞ്ഞ ചാപ്പ കുത്തൽ പേടിയാണ്.

അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് രണ്ടു ലിംഗ വിഭാഗങ്ങളായിട്ടാണ്. മനുഷ്യനെ മാത്രമല്ല, പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലങ്ങളെയും ഈ സ്വഭാവത്തിലുള്ള ലിംഗ വ്യത്യാസങ്ങളോടെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ഏതെങ്കിലും അർഥത്തിലുള്ള അപവാദങ്ങൾ ഇല്ല എന്നല്ല. മറ്റു ശാരീരിക വൈകല്യങ്ങൾ  പോലെ ലിംഗ വിഷയത്തിലും ട്രാൻസ് ജെൻഡർ പോലുള്ള വൈകല്യങ്ങളും മറ്റു അപവാദങ്ങളും ഉണ്ടാവാം. അവയെ അങ്ങനെ തന്നെ, വൈകല്യങ്ങളും അപവാദങ്ങളുമായി കാണുകയാണ് വേണ്ടത്. എന്നിട്ട് അവക്ക് അനുയോജ്യമായ പരിഹാരം കണ്ടെത്തുകയും ചെയ്യണം.

അല്ലാതെ, സ്ത്രീ - പുരുഷ ലിംഗ വ്യവസ്ഥ എന്ന പ്രകൃതി യാഥാർഥ്യത്തെ തന്നെ നിഷേധിക്കാനും അതിരുകളെ ഭേദിക്കാനുമുള്ള കാരണമായി അവയെ എടുക്കുകയല്ല വേണ്ടത്. ലൈംഗിക ആകർഷണങ്ങളും ബന്ധങ്ങളും സ്നേഹബന്ധങ്ങളും ഒക്കെ രൂപപ്പെടേണ്ടതും മുന്നോട്ടു പോകേണ്ടതും പ്രകൃതിപരമായി സ്രഷ്ടാവ് നിർണയിച്ച സ്ത്രീ - പുരുഷ ലിംഗ വ്യവസ്ഥ അനുസരിച്ചാണ്. അതു നിഷേധിച്ചു തോന്നുന്നതു പോലെ ജീവിക്കാനും ഇടകലരാനും പ്രകൃതിവിരുദ്ധമായ രീതിയിൽ സ്നേഹ ലൈംഗിക ബന്ധങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുമാണ് നാം ഒരുങ്ങിപ്പുറപ്പെടുന്നതെങ്കിൽ  സമ്പൂർണ അരാജകത്വത്തിലേക്കും മനുഷ്യസമൂഹത്തിന്റെ തന്നെ നാശത്തിലേക്കുമായിരിക്കും നാം എത്തിപ്പെടുക. മഹിതമായ കുടുംബബന്ധങ്ങളെ തകർത്തു സമൂഹത്തെ ശിഥിലമാക്കുക മാത്രമല്ല, എയ്ഡ്സ് പോലുള്ള മാരക ലൈംഗിക രോഗങ്ങളെ ഭീകരമായ രൂപത്തിൽ സമൂഹത്തിൽ പടർത്തുന്നതിനും ഈ അരാജക വാദങ്ങൾ കാരണമാവുകയും ചെയ്യും. അതുകൊണ്ടു തന്നെയാണ് മനുഷ്യാരംഭ കാലം മുതലുള്ള സമൂഹങ്ങളിൽ ഇത്തരം പ്രവണതകൾ ഉണ്ടായിരുന്നപ്പോഴൊക്കെ അവക്കെതിരെ ശക്തമായി താക്കീത് ചെയ്തുകൊണ്ട് ലൂത്ത് (അ) മുതലുള്ള  പ്രവാചകന്മാർ രംഗത്തുവന്നതും. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 04-07
ടി.കെ ഉബൈദ്

ഹദീസ്‌

വിശ്വാസികൾ ദുർബലരാവുകയില്ല
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്