Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 23

3341

1445 ശഅ്ബാൻ 13

കൂരിരുട്ടിലും വെളിച്ചം നല്‍കുന്ന  മിന്നാമിനുങ്ങുകള്‍

സഹ്്ല അബ്ദുൽ ഖാദർ ഒമാൻ

ഹിന്ദുത്വ രാഷ്ട്രീയം സര്‍വ മേഖലയിലും ഇരച്ചുകയറി ന്യൂനപക്ഷങ്ങളെ അരക്ഷിതരാക്കുമ്പോഴും, അവര്‍ക്ക് ആശ്വാസം പകരുന്ന ചില മുഖങ്ങൾ നമുക്ക് മറക്കാന്‍ കഴിയില്ല. മത സൗഹാർദവും സർവോപരി ഇന്ത്യ പ്രതിനിധാനം ചെയ്യുന്ന ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാന്‍ സദാ ജാഗരൂകരായവര്‍, ഹിന്ദുത്വ ഉയര്‍ത്തുന്ന ഭീഷണികളെ വകവെക്കാതെ രാജ്യ നന്മക്കായി വര്‍ത്തിക്കുന്ന ചില നന്മ മരങ്ങള്‍...

 പ്രഫ. (ഡോ). രാം പുനിയാനി: ഐ.ഐ.ടി മുംബൈയിലെ മുന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറും സീനിയര്‍ മെഡിക്കല്‍ ഓഫീസറുമായിരുന്ന അദ്ദേഹം പൊതു സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ജോലി ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്യുലറിസ(CSSS)ത്തിന്റെ എക്സിക്യൂട്ടീവ്‌ കമ്മിറ്റി പ്രസിഡന്റും മൈനോറിറ്റി മീഡിയാ ഫൗണ്ടേഷന്റെ കീഴിലുള്ള മുസ്ലിം മിറര്‍ വെബ്‌ സൈറ്റിന്റെ അഡ്വൈസറി ബോര്‍ഡംഗവുമാണ്. ഹിന്ദുത്വ ഫാഷിസത്തിനെതിരെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അദ്ദേഹം. ചില ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്; ദൈവ രാഷ്ട്രീയം, ദലിതരും സാമൂഹിക നീതിയും, സംഘ് പരിവാറിന്റെ ഫാഷിസം, മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങളും യാഥാർഥ്യവും എന്നിവ.

 അരുന്ധതി റോയ്:  പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയ്, ഹിന്ദുത്വ ഫാഷിസത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. സോഷ്യല്‍ മീഡിയയിലൂടെയും പ്രഭാഷണങ്ങളിലൂടെയും അവര്‍ നീതിക്ക് വേണ്ടി പൊരുതുന്നു. ഫാഷിസ്റ്റ് ഭരണകാലത്ത് സത്യം തുറന്നുപറയുക എന്നത് ശ്രമകരമായ ദൗത്യം തന്നെ. സമകാലിക സംഭവങ്ങളില്‍ അവര്‍ നന്മയുടെ ഭാഗം ചേരുന്നു.

 പ്രഫ. രൂപ്‌ രേഖ വര്‍മ: ലഖ്നൗ യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാൻസലറും, ഫിലോസഫി ഡിപ്പാർട്ട്മെന്റ്  േധാവിയും ആയിരുന്ന ഈ വനിത, രാജ്യത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന മത സൗഹാർദത്തിനു വേണ്ടി 79-ാം വയസ്സിലും പോരാടുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ മത സൗഹാർദത്തെക്കുറിച്ച അവബോധം സൃഷ്ടിക്കാന്‍ അവര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നു. സിദ്ദീഖ് കാപ്പന് ജാമ്യാപേക്ഷയില്‍ ഷുഅര്‍ട്ടി ആയി ഒപ്പുവെക്കാന്‍ തയാറായത് പ്രഫ. രൂപ് രേഖാ വർമ ആയിരുന്നു. ബിൽക്കീസ് ബാനു കേസിലെ പ്രതികള്‍ വീണ്ടും ജയില്‍ കയറാന്‍ കാരണമായ വനിതകളില്‍ ഒരാളും പ്രഫ. രൂപ് രേഖ വർമ ആയിരുന്നു. 

 ഡോ. പരകാല പ്രഭാകര്‍: ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും ആയ ഇദ്ദേഹം, ഫാഷിസ്റ്റ് ഗവൺമെന്റിന്റെ അപകടകരമായ നീക്കങ്ങളുടെയും നിലപാടുകളുടെയും കടുത്ത വിമര്‍ശകനാണ്. രാജ്യത്തിന്റെ യഥാർഥ പ്രശ്നങ്ങള്‍ അവഗണിച്ചു, സാമ്പത്തിക നില ഏറ്റവും അപകടകരമായ നിലയില്‍ കൊണ്ടെത്തിച്ച ഫാഷിസ്റ്റ്‌ ഗവൺമെന്റിന്റെ നിലപാടുകളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു. പരകാല പ്രഭാകരിന്റെ പുസ്തകമായ 'ദി ക്രൂക്കഡ് ടിമ്പര്‍ ഓഫ് ന്യൂ ഇന്ത്യ' നമ്മുടെ രാജ്യം എത്തിനിൽക്കുന്ന പ്രതിസന്ധി അനാവരണം ചെയ്യുന്നു. കേന്ദ്ര ധനകാര്യ മന്ത്രി ഡോ. നിര്‍മല സീതാരാമന്റെ ഭര്‍ത്താവാണ് ഇദ്ദേഹം.

 

രാമക്ഷേത്രത്തിന്റെ "കുറ്റിപൂജ'

വീട് പണി പൂര്‍ത്തിയായി ഗൃഹ പ്രവേശം നടത്തിയ ശേഷം, വീടു നിര്‍മാണത്തില്‍ സഹായികളായിരുന്ന കാരണവന്മാരെയും, മുന്നോട്ടു പോകുമ്പോള്‍ സഹായികളാവേണ്ടവരെയും വിളിച്ചു സല്‍ക്കരിക്കുന്ന ചടങ്ങാണ് 'കുറ്റിപൂജ.' രാമക്ഷേത്ര ഉദ്ഘാടനം കഴിഞ്ഞ ഈ അവസരത്തില്‍ നല്‍കപ്പെടുന്ന ഇപ്രാവശ്യത്തെ ഭാരതരത്‌ന പുരസ്‌കാരം രാമക്ഷേത്രത്തിന്റെ 'കുറ്റിപൂജ'യായി തന്നെ കാണാനാവും (രാമക്ഷേത്ര 'യജമാനന്‍' തന്നെയാണല്ലോ പുരസ്‌കാരം പ്രഖ്യാപിച്ചത്!).
എല്‍.കെ അദ്വാനി നാടുനീളെ രഥയാത്ര നടത്തി വംശീയത ആളിക്കത്തിച്ച് കര്‍സേവകരുമായെത്തി ബാബരി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ്. സംഘ് പരിവാര്‍ സര്‍വത്ര സന്നാഹങ്ങളുമായി മസ്ജിദ് പൊളിക്കാന്‍ വരുന്നതറിഞ്ഞിട്ടും അത് തടയാന്‍ ഒന്നും ചെയ്യാതെ മൗനാനുവാദം നല്‍കിയ അന്നത്തെ പ്രധാനമന്ത്രിയാണ് നരസിംഹ റാവു.
ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിയാന്‍ കളമൊരുക്കിയതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചവര്‍ ഈ രണ്ട് വ്യക്തികളും തന്നെ. അതിനാല്‍, രാമക്ഷേത്രത്തിന്റെ 'കുറ്റിപൂജ'യില്‍ ഒന്നാമതായി ആദരിക്കേണ്ടവര്‍ ഇവര്‍ തന്നെ. പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവരെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ഭാവിയില്‍ തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും എന്ന് സംഘ് പരിവാര്‍ കണക്കു കൂട്ടുന്നവരും.

കെ.സി ജലീൽ പുളിക്കൽ

 

മദ്യവും പലിശയും

പലിശയെയും മദ്യത്തെയും കുറിച്ച് പ്രബോധനം ലക്കം 34-ൽ നൗഷാദ് ചേനപ്പാടി എഴുതിയ ഹദീസ് പംക്തിയിലെഴുതിയ കാര്യങ്ങൾ ചിന്തനീയമാണ്. മദ്യത്തോടുള്ള നിലപാട് പോലെ കണിശമല്ല, പലിശയോട് നമ്മുടെ സമൂഹത്തിന്റെ നിലപാട്. മദ്യം നിഷിദ്ധമാക്കിയതു പോലെ തന്നെ പലിശയും നിഷിദ്ധമാക്കിയിട്ടുണ്ടെങ്കിലും പലിശയോടുള്ള പലരുടെയും നിലപാട് പ്രവാചകന്റെ അധ്യാപനങ്ങളോട് സമരസപ്പെടുന്നതല്ല.  സാമ്പത്തിക മേഖലയിൽ ചെറുതും വലുതുമായ കാര്യങ്ങൾക്കും പലരും പലിശയെ ആശ്രയിക്കുന്നുണ്ട്; അത് നിഷിദ്ധമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ. വീട് നിർമാണത്തിന്, കച്ചവടത്തിന്, എന്തിനധികം വിവാഹങ്ങൾക്ക് ഭക്ഷണം ഒരുക്കുന്നതിനു പോലും  ലോണെടുക്കുന്നു; തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഗൗരവം അറിയാതെ. 
പലിശ തിന്നുന്നവനെയും അത് തീറ്റിക്കുന്നവനെയും അഥവാ കൊടുക്കുന്നവനെയും അതിനു സാക്ഷി നിൽക്കുന്നവനെയും അത് എഴുതിവെച്ച് അതിനു കൂട്ടുനിൽക്കുന്നവനെയും അല്ലാഹുവിന്റെ റസൂൽ ശപിച്ചിരിക്കുന്നു എന്ന കാര്യം വിസ്മരിക്കുന്നവരാണ് പലരും. വീട്ടുകാരെ ഇത്തരം ചെയ്തികളിൽനിന്ന് വിലക്കേണ്ട സ്ത്രീകൾ അത് ചെയ്യുന്നില്ലെന്ന് മാത്രമല്ല, ആഭരണങ്ങളും മറ്റും പണയം വെക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

തങ്ങൾ പട്ടിണി കിടന്നാലും വേണ്ടില്ല, ഹറാമായ ഭക്ഷ്യവസ്തുക്കളും മറ്റും വീട്ടിലേക്ക് കൊണ്ടുവരരുതെന്ന് പറഞ്ഞിരുന്ന സ്വഹാബി വനിതകളെ അവർ മറക്കുകയാണ്. 
ഉപയോഗിക്കുന്ന വാഹനങ്ങളും താമസിക്കുന്ന വീടും കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങളും പലിശയിൽ അധിഷ്ഠിതമാണെങ്കിൽ എങ്ങനെയാണ് നമ്മുടെ ജീവിതത്തിൽ ബറകത്ത് ഉണ്ടാവുക? ലോണെടുത്ത് പണിത വീട്ടിലിരുന്ന്  പ്രാർഥിക്കുന്നവരുടെ പ്രാർഥനയും പലിശയെ ഭയപ്പെട്ട് ഹലാലായ സമ്പാദ്യംകൊണ്ട് അത്യാവശ്യം പൂർത്തിയാക്കിയ വീട്ടിലിരുന്ന് പ്രാർഥിക്കുന്നവരുടെ പ്രാർഥനയും തുല്യമാകുന്നതെങ്ങനെ? ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാനുള്ള കാഴ്ചപ്പാട് വളർത്തിയെടുക്കാതെ ആഗ്രഹങ്ങൾക്ക് പിറകെ പായുന്നവർക്ക് പലിശ പ്രശ്നമായി തോന്നുകയില്ല.

എം.എം ശരീഫ് വരോട്, ഒറ്റപ്പാലം

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 04-07
ടി.കെ ഉബൈദ്

ഹദീസ്‌

വിശ്വാസികൾ ദുർബലരാവുകയില്ല
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്