ആള്‍പ്പാര്‍പ്പില്ലാത്ത ആകാശങ്ങളിലേക്ക്
സലാം കരുവമ്പൊയില്‍
ചില സഞ്ചാരങ്ങളുണ്ട്;
ഘടികാര സൂചിയും,
സിഗ്നല്‍ ചിട്ടവട്ടവും,
വിസില്‍ മുഴക്കങ്ങളും
നോക്കുകുത്തികളാകുമാറ്.
ചാഞ്ഞും ചരിഞ്ഞും ചാഞ്ചകം കളിച്ചും,
ദിശാ ബോധ്യങ്ങളെ കൊഞ്ഞനം കുത്തിയും,
മൈല്‍ കുറ്റികളുടെ മുതുകിലേക്ക്
കാര്‍ക്കിച്ചു തുപ്പിയും
മിനു മിനുത്ത സില്‍ക്ക് ജുബ്ബയിലെ
നിര്‍ധാരണങ്ങള്‍ക്ക്
വേഗമരുളുന്ന,
അനിയന്ത്രിത തരംഗ പ്രളയം പോലെ....
ചിലപ്പോള്‍
ഈ സഞ്ചാരം,
സ്തബ്ധമായിപ്പോവുന്ന
ചമ്മട്ടി പ്രഹരം പോലെ,
അതി തീക്ഷ്ണ കൊള്ളല്‍-കൊടുക്കലായി.
ചിലപ്പോള്‍ നേര്‍ഭാഷയില്‍
ഒരേ ചൂണ്ടാണി വിരലിന്റെ നിഴല്‍പറ്റി
ഒടുവില്‍,
ഇളകി മറിയുന്ന ശൂന്യതയുടെ
ആള്‍പ്പാര്‍പ്പില്ലാത്ത
ആകാശങ്ങളിലേക്കുള്ള
നീറിപ്പടര്‍ച്ചയായി.
ഇനിയൊരേയൊരു ട്രാക്ക്
ബാക്കി;
വണ്‍വേ.
ഇടം വലം നോക്കാനോ,
കുതറിപ്പറക്കാനോ
നിനക്കാവില്ല സഞ്ചാരീ...
മറന്നേക്കുക,
തിമര്‍ത്താടിയ മുഴുവന്‍
സഞ്ചാരപഥങ്ങളുടെയും
ചുഴികളും ചുരങ്ങളും..
Comments