പുല്ലുപോലെ വലിച്ചെറിയാനുള്ളതോ ജീവിതം
ദുബൈയില്‍ ആത്മഹത്യക്കെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്ന മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട് സ്വദേശിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതിനെത്തുടര്‍ന്ന് പഠനം മുടങ്ങിയ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. നവവധു ഭര്‍തൃ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍. ദിവസങ്ങള്‍ക്ക് മുമ്പ് ഒമാനില്‍ ദുരൂഹ സാഹചര്യത്തില്‍ കൊലചെയ്യപ്പെട്ട മലയാളി വ്യവസായിയുടെ വിശ്വസ്ത ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങള്‍ക്കകം മലയാള പത്രങ്ങളില്‍ വന്ന നിരവധി ആത്മഹത്യാ വാര്‍ത്തകളില്‍ ചിലതിന്റെ തലക്കെട്ടുകളാണിവ. മലയാളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത ഭീതിപ്പെടുത്തുമാറ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് എല്ലാ കണക്കുകളും പറയുന്നു. പ്രവാസികള്‍ക്കിടയിലും ഇതിന്റെ തോത് ഞെട്ടിക്കുന്നതാണ്.
ജീവിത വിഭവങ്ങളും ഭൗതിക സാഹചര്യങ്ങളും മുമ്പത്തേക്കാളേറെ നമുക്കിന്ന് ലഭ്യമാണ്. പരസ്പര ബന്ധങ്ങളും പങ്കുവെക്കലുകളും കൊള്ളകൊടുക്കകളും നിഷ്പ്രയാസം സാധ്യമാക്കുന്ന സംവിധാനങ്ങള്‍ കൊണ്ട് സമൃദ്ധമാണ് നമ്മുടെ പരിസരം. എന്നിട്ടും ദൈവം കനിഞ്ഞേകിയ ജീവിതം പുല്ലു വില പോലും നല്‍കാതെ വലിച്ചെറിയുന്നവരുടെ എണ്ണം പെരുകുക തന്നെയാണ്.കുറെ കാലം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് ജോലി രാജിവെക്കുന്ന മനോഭാവമോ മുഷിഞ്ഞ വസ്ത്രം ഊരി വലിച്ചെറിയുന്ന ലാഘവമോ ആണ് ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണങ്ങള്‍ തേടുമ്പോള്‍ പലപ്പോഴും കണ്ടെത്താനാവുക. നിമിഷ നേരത്തെ ബുദ്ധിഭ്രമമോ ആധിയോ അവിവേകമോ ആയിരിക്കും അവരെ സ്വയമൊടുങ്ങാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക. സ്വന്തം ജീവന്‍ തന്നെ ബലികൊടുക്കാന്‍ മാത്രമുള്ള പ്രശ്‌നങ്ങളും പ്രയാസങ്ങളുമായിരിക്കില്ല ഇത്തരം സ്വയമൊടുങ്ങലിന് നിമിത്തമായി മാറാറുള്ളത്. പക്ഷേ, അതവര്‍ക്ക് ബോധ്യപ്പെടുന്നത് ഒരുമുഴം കയറില്‍ തൂങ്ങിയാടുമ്പോഴോ വിഷം അകത്ത് ചെന്ന് ജീവന്‍മരണ പോരാട്ടം നടത്തുമ്പോഴോ മുറിച്ച ഞരമ്പിലൂടെ രക്തം വാര്‍ന്നൊഴുകി കണ്ണുകള്‍ മേല്‍പോട്ടുയരുമ്പോഴോ മണ്ണെണ്ണയുടെ രൂക്ഷഗന്ധത്തില്‍ സ്വന്തം ജീവന്‍ തീജ്വാലകളായി എരിഞ്ഞൊടുങ്ങുമ്പോഴോ മാത്രമായിരിക്കും. നാം ഉള്‍പ്പെട്ട സമൂഹത്തിന്റെ ചെറിയ ശ്രദ്ധയുണ്ടായിരുന്നെങ്കില്‍ അവരെ അതില്‍നിന്ന് രക്ഷപ്പെടുത്താനാകുമായിരുന്നെന്ന് ഈയിടെ നടന്ന പല ആത്മഹത്യകളുടെയും കാരണമേന്വേഷിക്കുമ്പോള്‍ മനസ്സിലാവും.
വിവരസാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ ലോകത്തുണ്ടായ ഇഴയടുപ്പം കേവലം സാങ്കേതികം മാത്രമാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും മറ്റും വളരുന്ന ബന്ധങ്ങള്‍ ഉള്ളറിയുന്നതല്ലെന്ന് വ്യക്തം. മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകേണ്ട സ്വതന്ത്രവും തനിമയുള്ളതുമായ ബന്ധങ്ങള്‍ ഇന്ന് അപൂര്‍വ കാഴ്ചയാണ്. സാങ്കേതിക സംവിധാനങ്ങളുടെ ഗരിമയില്‍ ലോകത്തിന്റെ ഏത് കോണിലുള്ളവരുമായും തത്സമയം ബന്ധപ്പെടാനും ഇടപാട് നടത്താനും നിഷ്പ്രയാസം നമുക്കിന്ന് സാധിക്കും. എന്നാല്‍ അയല്‍പക്കത്തുള്ളവന്റെ ഊരും പേരും ചോദിച്ചാല്‍ അവര്‍ കൈമലര്‍ത്തും. മാതാപിതാക്കളെ മക്കള്‍ വൃദ്ധസദനങ്ങളില്‍ തള്ളിവിടുന്നു. വിവാഹ ജീവിതം തുടക്കത്തില്‍ തന്നെ താളം തെറ്റുന്നു. അയല്‍വാസിയെ കുറിച്ചറിയുന്നതും അവനുമായി ബന്ധപ്പെടുന്നതും കുറച്ചിലായി കരുതുന്നു. കൂട്ടുകെട്ടുകള്‍ അടിച്ചുപൊളിയുടെ ലോകത്ത് മാത്രം ചുരുങ്ങുന്നു. ജീവിതം പങ്കുവെക്കുന്ന കൂട്ടുകെട്ടുകള്‍ ഇന്ന് വിരളമാണ്. ഇത്തരം ഒരു ലോകത്ത് സംഭവിക്കേണ്ട ദുരന്തങ്ങള്‍ തന്നെയാണ് ആത്മഹത്യകളായും കൊലപാതകങ്ങളായും നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്.
ബന്ധങ്ങള്‍ ഇന്ന് ശിഥിലമാവുകയല്ല, ബന്ധങ്ങള്‍ തന്നെ ഉണ്ടാകുന്നില്ലെന്നതാണ് നേര്. മക്കളും മാതാപിതാക്കളും തമ്മില്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍, അല്‍വാസികള്‍ തമ്മില്‍, മുതലാളി തൊഴിലാളികള്‍ തമ്മില്‍, മാനുഷികമായ ഒത്തുചേരലുകള്‍ ഉണ്ടാവുന്നില്ല. സ്വന്തത്തിലേക്ക് ചുരുങ്ങുകയും അവനവനിസത്തില്‍ സുഖം കണ്ടെത്തുകയും ചെയ്യുകയാണ്. ജനിച്ച് ഇരുപത്തൊന്നു വര്‍ഷമായി സ്വന്തം നാട് കാണാത്ത ഒരു പ്രവാസി മലയാളി വിദ്യാര്‍ഥിയോട് അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിലൊന്നും വലിയ കാര്യമില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് കിട്ടിയത്. നാട്ടിലുള്ള മുത്തഛനെ കുറിച്ചും മുത്തശ്ശിയെക്കുറിച്ചും മറ്റു ബന്ധുക്കളെ കുറിച്ചുമുള്ള ചിന്തകള്‍ അവന്റെ മനസ്സിനെ തെല്ലും സ്വാധീനിച്ചിട്ട് പോലുമില്ല. തന്റെ ഭാവിജീവിതത്തില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ അതിനെ നേരിടാന്‍ അവനല്ലാതെ മറ്റാരുമില്ലെന്ന് ചുരുക്കം. ആത്മഹത്യകള്‍ ഉണ്ടാകുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ അതുകൊണ്ടുതന്നെ എളുപ്പമാണ്.
മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. സഹസൃഷ്ടികളുമായി ഇടകലര്‍ന്നും പങ്കുവെച്ചും ജീവിക്കേണ്ടവന്‍. ഒറ്റപ്പെടലുകള്‍ അവന്റെ ജീവിതത്തെ ദുരിതപൂര്‍ണവും പ്രയാസകരവുമാക്കും. സമൂഹത്തില്‍ നിന്നുള്ള ഒളിച്ചോട്ടം ഒടുവില്‍ ജീവിതത്തില്‍ നിന്ന് തന്നെയുള്ള ഒളിച്ചോട്ടമായി മാറുന്നു. ജീവിതത്തില്‍ എത്ര വലിയ ഭൗതിക സൗകര്യങ്ങള്‍ അനുഭവിക്കുന്നവരാണെങ്കിലും ഇത് ഒരു യാഥാര്‍ഥ്യമായി അവശേഷിക്കും. അത്യന്താധുനിക സംവിധാനങ്ങള്‍ തലങ്ങും വിലങ്ങും സംവിധാനിച്ച കൊട്ടാരത്തിലിരുന്ന് തെരുവോരത്ത് മൂടിപ്പുതച്ചുറങ്ങുന്നവനെ കണ്ട് അസൂയപ്പെടുന്നവനെ കാണേണ്ടിവരുന്നത് അതുകൊണ്ടാണ്. വലിയ സമ്പത്തിന്റെയും അധികാരത്തിന്റെയും പിന്‍ബലമുള്ളവര്‍ സ്വസ്ഥതയില്ലാതെ അലയുന്ന കാഴ്ചകളും വിരളമല്ല. മാനസികമായ പിരിമുറുക്കങ്ങളുടെ തടവറയിലാണ് ആധുനിക മനുഷ്യന്‍. ഒരു തുണ്ടം കയറിലോ വിഷക്കുപ്പിയിലോ റെയില്‍പാളത്തിലോ ജീവിതത്തിന്റെ കണക്ക് പുസ്തകം ക്ലോസ് ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഈ മാനിസക നിലയെ ചികിത്സിക്കാന്‍ സാധിക്കാത്തേടത്തോളം കാര്യങ്ങള്‍ ഇങ്ങനെതന്നെ തുടര്‍ന്നുകൊണ്ടിരിക്കും.
എന്തുകൊണ്ട് ആത്മഹത്യ?
ആത്മഹത്യാ പ്രവണത സാധാരണക്കാരില്‍ മാത്രമുള്ള പ്രതിഭാസമല്ല. സമൂഹത്തിലെ പല തലങ്ങളിലുമുള്ളവരില്‍ ആത്മഹത്യ സംഭവിക്കുന്നുണ്ട്. ലോകത്ത് അറിയപ്പെട്ട പലരും ഇങ്ങനെ ജീവിതം അവസാനിപ്പിച്ചവരാണ്. എഴുത്തുകാരായ ഏണസ്റ്റ് ഹെമിംഗ്‌വേ മുതല്‍ സില്‍വിയാ പ്ലാത്ത് വരെ. വ്‌ളാദ്മിന്‍ മയക്കോവിസ്‌ക്കി മുതല്‍ വിര്‍ജീനിയാ വുള്‍ഫ് വരെ. ആത്മഹത്യ ചെയ്യുന്നവരെ പഠിച്ചാല്‍ അവരില്‍ അധികപേരും ജീവിത സുഖങ്ങള്‍ വലിയ അളവില്‍ അനുഭവിച്ചവരാണെന്ന് കാണാം. തന്റെ സുഖജീവിതത്തിന് കോട്ടമുണ്ടാകുന്ന എന്തെങ്കിലും സംഭവിക്കുമ്പോള്‍ അവന്‍ നിരാശനാവുകയും ജീവിതം അവസാനിപ്പിക്കുകയും ചെയ്യുന്നു. ആത്മഹത്യ ചെയ്ത പ്രമുഖരുടെ പട്ടിക ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയില്‍ കാണാം. 170 പേരാണ് പട്ടികയിലുള്ളത്. അതില്‍ 98 ശതമാനവും സിനിമാ സംഗീത രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരും മറ്റുള്ളവര്‍ കലാ കായിക സാഹിത്യ മേഖലകളില്‍ നിറഞ്ഞുനിന്നവരുമായിരുന്നു. രാഷ്ട്രീയ രംഗത്തുള്ളവര്‍ അവരില്‍ വളരെ കുറച്ചു മാത്രമേ ഉള്ളൂ. ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ (1945), മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ഗെറ്റുലിയോ വര്‍ഗാസ് (1854), മുന്‍ ചിലി പ്രസിഡന്റ് സാല്‍വദോര്‍ അലന്‍ഡെ (1973) തുടങ്ങിയ ചുരുക്കം ചിലര്‍. നുണകളുടെ തമ്പുരാന്‍ ഗീബല്‍സും ആത്മഹത്യ ചെയ്തവരുടെ കൂട്ടത്തിലാണുള്ളത്. വേലുത്തമ്പി ദളവയും സനു കന്യാലും ഇടപ്പള്ളി രാഘവന്‍ പിള്ളയും ടി.എ രാജലക്ഷ്മിയും ജീവിതം ആത്മഹത്യയിലൂടെ പറിച്ചെറിഞ്ഞവരാണ്.
ആത്മഹത്യ പെരുകാന്‍ പല കാരണങ്ങളും ചൂണ്ടിക്കാണിക്കാനുണ്ടാകും. കടുത്ത വിഷാദം, മിഥ്യാ ധാരണകള്‍, തെറ്റിദ്ധാരണകള്‍, കുടുംബത്തില്‍ നിന്നുള്ള സ്‌നേഹക്കുറവ്, കുടുംബ കലഹങ്ങള്‍, അഛനമ്മമാരുടെ ദാമ്പത്യ പ്രശ്‌നങ്ങള്‍, ജീവിതത്തില്‍ വിനോദങ്ങള്‍ക്കും തുറസ്സായ ഇടപെടലുകള്‍ക്കും സാഹചര്യമില്ലാതിരിക്കല്‍, സാമൂഹിക ബന്ധങ്ങളില്ലാതിരിക്കല്‍ തുടങ്ങി പലതും. നമ്മുടെ കൗമാരാക്കാര്‍ ജീവിത പ്രതിസന്ധികളെ തരണംചെയ്യാന്‍ മാത്രം കരുത്തുള്ളവരല്ല. ഫോണ്‍ റീ ചാര്‍ജ് ചെയ്യാന്‍ വൈകിയതിനും പരീക്ഷയില്‍ തോറ്റതിനും മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനും ടി.വി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലും ജീവിതം ഒടുക്കുന്ന സംഭവങ്ങള്‍ വിരളമല്ല. ആരെങ്കിലും ഒന്ന് കളിയാക്കുകയോ ചീത്ത പറയുകയോ ശകാരിക്കുകയോ ചെയ്താല്‍ പോലും തളരുന്ന നമ്മുടെ ചെറുപ്പക്കാര്‍. ഭര്‍ത്താവ് വീട്ടില്‍ എ.സി വാങ്ങാന്‍ സമ്മതിക്കാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത യുവതിയെ പറ്റി ദിവസങ്ങള്‍ക്ക് മുമ്പാണ് പത്രത്തില്‍ വായിച്ചത്.
പരാജയഭീതി, അമിതശകാരം, രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള നിയന്ത്രണങ്ങളും നിബന്ധനകളും, കൂട്ടുകാരുടെ ദുഃസ്വാധീനങ്ങള്‍, ലൈംഗിക ചൂഷണങ്ങള്‍, പ്രേമനൈരാശ്യം, ലഹരി വസ്തുക്കളുടെ ഉപയോഗം, വാര്‍ത്താവിനിമയ മാധ്യമങ്ങളുടെ ദുഃസ്വാധീനം, ഇന്റര്‍നെറ്റ് ദുരുപയോഗങ്ങള്‍ തുടങ്ങി പലതും കുട്ടികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. യുവതീ യുവാക്കള്‍ക്കിടയിലാണെങ്കില്‍ വിവാഹേതര ബന്ധങ്ങള്‍, ഗര്‍ഭഛിദ്രം, ലക്ഷ്യബോധമില്ലായ്മ, നല്ലകൂട്ടുകെട്ടുകളുടെ അഭാവം, വിവാഹ പരാജയം തുടങ്ങിയ കാരണങ്ങളും ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. പ്രണയവും പ്രണയനിഷേധവും പ്രണയനൈരാശ്യവും ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും കൊണ്ടെത്തിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് സാധാരണമായിരിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനകം അത്തരം അഞ്ച് സംഭവങ്ങളെങ്കിലും നടന്നിട്ടുണ്ട്. ഇത്രയും കേസുകളായിരിക്കില്ല ഒരു പക്ഷേ നടന്നിട്ടുണ്ടാവുക.
ഇതുപോലെ ആത്മഹത്യക്ക് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ടാവാം. വൈദ്യശാസ്ത്രപരമായ കാരണങ്ങളും മാനസികാരോഗ്യപരമായ കാരണങ്ങളും ജൈവശാസ്ത്രപരവും പരമ്പരാഗതവും സാമൂഹികവുമായ കാരണങ്ങളും ചുറ്റുപാടുകളുടെ സ്വാധീനവും ആത്മഹത്യയുടെ പ്രേരകങ്ങളായി മാറുന്നു. ശാരീരിക രോഗങ്ങളോ സാമ്പത്തിക നഷ്ടങ്ങളോ അപ്രതീക്ഷിത വേര്‍പാടുകളോ ആയിരിക്കും ചിലപ്പോള്‍ ആത്മഹത്യയിലെത്തിക്കുക. വിഷാദരോഗങ്ങളും മനോവിഭ്രമവും മദ്യത്തോടും മയക്കുമരുന്നിനോടുമുള്ള അമിതാസക്തിയും ആത്മഹത്യക്ക് വഴിമരുന്നിടുന്നു. പലപ്പോഴും ഒരു പ്രത്യേക സന്ദര്‍ഭത്തിലുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും പ്രതിസന്ധിയും മാത്രമായിരിക്കും ആത്മഹത്യയിലേക്ക് നയിക്കുന്നത്.
വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം തകരുന്നതാണ് ആത്മഹത്യയുടെ മുഖ്യ കാരണമായി മാറുന്നത്. മറിച്ചുള്ളതെല്ലാം അതിന്റെ അനുബന്ധങ്ങള്‍ മാത്രമാണ്. വിഷാദവും വൈകാരിക സംഘര്‍ഷങ്ങളും നിറഞ്ഞ ലോകത്തേക്ക് വ്യക്തികളെ തള്ളിവിടുന്ന സാമൂഹിക ഘടനയാണ് മുഖ്യ വില്ലനായി മാറുന്നത്. വ്യക്തിയുടെ ഉള്‍വലിയലും സമൂഹത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും അവനെ അസഹനീയമായ മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്നു. അതിനേക്കാളുമപ്പുറം ജീവിതത്തിന്റെ ലക്ഷ്യമെന്ത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ മിഴിച്ചു നില്‍ക്കുന്ന പ്രത്യയശാസ്ത്രപരമായ ദൗര്‍ബല്യവും ആത്മഹത്യയിലേക്ക് തള്ളിവിടുന്നുണ്ട്. ആത്മഹത്യയില്‍ മുസ്‌ലിം സമൂഹം പൊതുവെ പിറകിലാകാന്‍ കാരണം ഈ ലക്ഷ്യബോധത്തെക്കുറിച്ച് മനസ്സില്‍ എവിടെയോ ഒരു ധാരണ തങ്ങിനില്‍ക്കുന്നതിനാലാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്ന സംസ്ഥാനം എന്ന ബഹുമതി കേരളത്തിന് സ്വന്തമാണ്. ദാരിദ്ര്യമോ തൊഴിലില്ലായ്മയോ ആണ് ഇതിന് കാരണമെങ്കില്‍ കേരളത്തിന് മുമ്പ് മറ്റു പല സംസ്ഥാനങ്ങളുടെയും പേരുകള്‍ വരുമായിരുന്നു. മുതലാളിത്ത ജീവിത ശൈലി, എന്നാല്‍ അതുകൊണ്ട് നടക്കാന്‍ ശേഷിയില്ലായ്മ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വര്‍ധിത ഉപയോഗം, സ്ത്രീ പുരുഷ ബന്ധങ്ങളിലെ അനാരോഗ്യകരമായ പ്രവണതകള്‍, സര്‍വോപരി ധാര്‍മിക സദാചാര തകര്‍ച്ച എന്നിവയെല്ലാം മലയാളി ജീവിതത്തെ പൈശാചിക ബാധകളായി പിന്തുടരുമ്പോള്‍ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടങ്ങള്‍ വര്‍ധിക്കുന്നു എന്നതാണ് സത്യസന്ധമായ വിലയിരുത്തല്‍. കടക്കെണിയും കാര്‍ഷികത്തകര്‍ച്ചയും സാമ്പത്തിക പ്രതിസന്ധിയുമൊക്കെയാണ് കേരളത്തിന്റെ ആത്മഹത്യയുടെ കാരണങ്ങളായി പൊതുവെ ചൂണ്ടിക്കാണിക്കാറുള്ളതെങ്കിലും അതിനുമപ്പുറമുള്ള പലതും അതിന്റെ കാരണമായി മാറുന്നുണ്ടെന്നാണ് നേര്.
മുതലാളിത്ത ജീവിതശൈലി മനുഷ്യനെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. ജീവിതം സുഖിക്കാനുള്ളതാണെന്നും അനുഭവിക്കാനുള്ളതാണെന്നുമുള്ള മിഥ്യാധാരണയാണ് മനുഷ്യന് മുമ്പില്‍ മുതലാളിത്തം സമര്‍പ്പിക്കുന്നത്. ധൂര്‍ത്തും ദുര്‍വ്യയവും പൊങ്ങച്ച പ്രകടനവും അതിലുപരി ഉപഭോഗ സംസ്‌കാരവും മുതലാളിത്തം സ്‌പോണ്‍സര്‍ ചെയ്യുന്ന ജീവിത രീതിയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. ഉള്ളവന്‍ കൂടുതല്‍ ഉള്ളവനാവുകയും ഇല്ലാത്തവന്‍ ഇല്ലായ്മയുടെ പാതാളക്കുഴിയിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യുന്നതാണ് മുതലാളിത്ത രീതി. ഇല്ലാത്തവന്‍ ഉള്ളവനുമായി മത്സരിക്കുകയും അവസാനം പരാജയപ്പെടുകയും ചെയ്യുക എന്നതും മുതലാളിത്തത്തിന്റെ പ്രത്യേകതയാണ്. ജീവിതം സുഖകരമാക്കാന്‍ ഏതറ്റം വരെ പോകാനും പ്രേരിപ്പിക്കുന്ന മുതലാളിത്തം ജീവിതം തന്നെ അവസാനം പിഴുതെടുക്കുന്നു.
(അടുത്ത ലക്കത്തില്‍
അവസാനിക്കും)
Comments