Prabodhanm Weekly

Pages

Search

2012 ജൂണ്‍ 30

യുഗപ്പിറവി ഭീകരതയുടെ ആറു പതിറ്റാണ്ടിനു ശേഷം

ടി.കെ നിയാസ്‌

അള്‍ട്രാ സെക്യുലറിസ്റുകള്‍ക്കും അറബ് ലോകത്തെ ജനാധിപത്യ വിരുദ്ധ ഭരണകൂടങ്ങള്‍ക്കും ഒരുപോലെ അങ്കലാപ്പ് സൃഷ്ടിച്ച് ഇഖ്വാനുല്‍ മുസ്ലിമൂനും (മുസ്ലിം ബ്രദര്‍ഹുഡ്) അതിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടിയും (എഫ്.ജെ.പി) ഈജിപ്ഷ്യന്‍ പാര്‍ലമെന്റ്-പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ നടത്തിയ മുന്നേറ്റം പുതിയൊരു യുഗപ്പിറവിക്ക് തുടക്കമിട്ടിരിക്കുന്നു. ഭരണകൂട ഭീകരതയുടെയും അടിച്ചമര്‍ത്തലുകളുടെയും ആറു പതിറ്റാണ്ടുകള്‍ക്കു ശേഷം അറബ് ലോകത്തിന്റെ നെടുംതൂണായ ഈജിപ്തിന്റെ ഭരണച്ചെങ്കോല്‍ ഇഖ്വാന്റെ കൈകളില്‍ എത്തുമെന്ന പ്രതീക്ഷ നിലനില്‍ക്കുമ്പോഴും പക്ഷേ, ആശങ്കകള്‍ അവസാനിക്കുന്നില്ല. ജനകീയ പ്രക്ഷോഭത്തിലൂടെ ഈജിപ്ഷ്യന്‍ ജനത വീണ്ടെടുത്ത സ്വാതന്ത്യ്രവും ജനാധിപത്യവും പെട്ടെന്നങ്ങ് അനുവദിച്ചു തരാന്‍ മടിക്കുന്ന പട്ടാള കൌണ്‍സിലിന്റെ നടപടികള്‍ മറ്റൊരു ജനകീയ മുന്നേറ്റത്തിന് വഴിവെക്കുമോ? അള്‍ജീരിയയില്‍ എണ്‍പതുകളുടെ ഒടുവില്‍ ഇസ്ലാമിസ്റുകളുടെ തെരഞ്ഞെടുപ്പു വിജയം അട്ടിമറിച്ചവരുടെയും 2005ലെ തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടിയ ഫലസ്ത്വീനിലെ ഇസ്ലാമിക ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസിന്റെ ഭരണം ഗസ്സയില്‍ ഒതുക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചവരുടെയും പിന്‍ഗാമികള്‍ കയ്റോയില്‍ സജീവമായി രംഗത്തുണ്ട് എന്നതാണ് ആശങ്കക്ക് കാരണം.
സ്കൂള്‍ അധ്യാപകനായ ഹസനുല്‍ ബന്ന 1928ല്‍ ഈജിപ്തിലെ ഇസ്മാഈലിയയില്‍ രൂപം നല്‍കിയ ഇഖ്വാന്‍ എണ്‍പത്തിനാലു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമായി ആഗോള തലത്തിലെ ഏറ്റവും പഴക്കം ചെന്ന ഇസ്ലാമിക പ്രസ്ഥാനവും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ സമാനസ്വഭാവമുള്ള ഇസ്ലാമിസ്റ് കൂട്ടായ്മകളുടെ മാര്‍ഗദര്‍ശിയുമായി തീക്ഷ്ണമായ വെല്ലുവിളികള്‍ അതിജീവിച്ച് പ്രയാണം തുടരുകയാണ്. 1928ല്‍ നിലവില്‍ വന്നെങ്കിലും 1936ല്‍ ഈജിപ്തിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടങ്ങളിലൂടെയാണ്് ഇഖ്വാന്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. ബ്രിട്ടീഷ്, സയണിസ്റ് താല്‍പര്യങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടുവെന്ന് ആരോപിച്ച് 1948ല്‍ സംഘടന നിരോധിക്കപ്പെട്ടു. തൊട്ടുപിന്നാലെ പ്രധാനമന്ത്രി മഹ്മൂദ് അല്‍ നുഖ്റശിയുടെ വധത്തില്‍ ഇഖ്വാന് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നു. വധത്തെ ഹസനുല്‍ ബന്ന ശക്തിയായി അപലപിച്ചെങ്കിലും ഭരണകൂടം അദ്ദേഹത്തെ ലക്ഷ്യമിട്ടിരുന്നു. ബന്നയുടെ സംഘാടക മികവ് വിളിച്ചോതി ഇഖ്വാന്റെ അനുയായിവൃന്ദം 20 ലക്ഷത്തോളമായി ഉയര്‍ന്നതാണ് അവരെ അലോസരപ്പെടുത്തിയത്. അതിനാല്‍ ആ വിപ്ളവകാരിയെ ഇല്ലാതാക്കിയാല്‍ ഇഖ്വാന്റെ വളര്‍ച്ച തടയാമെന്ന് അവര്‍ കണക്കുകൂട്ടി. 1949 ഫെബ്രുവരി 12ന് ഭരണകൂടത്തിന്റെ ഏജന്റുമാര്‍ ഹസനുല്‍ ബന്നയുടെ ജീവന്‍ കവര്‍ന്നെടുത്തു.
ജീവിച്ചിരുന്ന ബന്നയേക്കാള്‍ ഭരണകൂടത്തെ വേട്ടയാടിയത് രക്തസാക്ഷിയായ ബന്നയായിരുന്നു. കൊളോണിയല്‍ ഭരണത്തിനെതിരെ അരങ്ങേറിയ 1952ലെ ഈജിപ്ഷ്യന്‍ വിപ്ളവത്തില്‍ സജീവ പങ്കാളിത്തം വഹിച്ചതോടെ രാഷ്ട്രീയമേഖലയിലും ഇഖ്വാന്റെ സാന്നിധ്യം ശക്തമായി. ഫാറൂഖ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയ പട്ടാള വിപ്ളവം പുതിയ റിപ്പബ്ളിക്കിന്റെ പിറവിക്കും ബ്രിട്ടീഷ് ആധിപത്യത്തിന്റെ സമ്പൂര്‍ണ പരിസമാപ്തിക്കും ഇടയാക്കിയെങ്കിലും ഇഖ്വാനെ സംബന്ധിച്ചേടത്തോളം പരീക്ഷണ ഘട്ടത്തിന്റെ ആരംഭമായിരുന്നു അത്. സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ഫ്രീ ഓഫീസേഴ്സ് എന്ന സംഘത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന ജമാല്‍ അബ്ദുന്നാസിറുമായി തുടക്കത്തില്‍ നല്ല ബന്ധത്തിലായിരുന്നു ഇഖ്വാന്‍. ഹസനുല്‍ ബന്നക്കുശേഷം ഇഖ്വാന്റെ നേതൃത്വം ഏറ്റെടുത്തത് പ്രമുഖ അഭിഭാഷകനും എഴുത്തുകാരനുമായ ഹസനുല്‍ ഹുദൈബി ആയിരുന്നെങ്കിലും ബുദ്ധികേന്ദ്രമായി അറിയപ്പെട്ടത് സയ്യിദ് ഖുത്വ്ബായിരുന്നു. ഖുത്വ്ബുമായി നാസിര്‍ അടുത്ത ബന്ധം പുലര്‍ത്തി. വിപ്ളവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പലപ്പോഴും ഖുത്വ്ബിന്റെ വീട്ടിലെത്തിയിരുന്ന നാസിര്‍ ചിലപ്പോള്‍ 12 മണിക്കൂര്‍ വരെ അവിടെ ചെലവഴിച്ചിരുന്നു. പ്രസിഡന്റ് പദവി ഏറ്റെടുത്തതോടെ നാസിറിന്റെ ഇഖ്വാന്‍ ബന്ധത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടു. അധികാരത്തിലേറിയാല്‍ നാസിര്‍ ഇസ്ലാമിക ഗവണ്‍മെന്റ് രൂപീകരിക്കുമെന്നാണ് ഇഖ്വാനികള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നാസിറിന്റെ ലൈന്‍ മറ്റൊന്നായിരുന്നു. ഇഖ്വാന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളാണ് സംഘടനക്ക് ശക്തമായ ജനകീയാടിത്തറ നല്‍കുന്നതെന്ന് കണ്ടെത്തിയ ജമാല്‍ അബ്ദുന്നാസിര്‍ ഇഖ്വാന് ബദലായി തഹ്രീര്‍ (സ്വാതന്ത്യ്രം) എന്ന പേരില്‍ രഹസ്യ സംഘടനക്കും രൂപം നല്‍കി. ഇഖ്വാനും ഫ്രീ ഓഫീസേഴ്സും തമ്മിലുള്ള ബന്ധം നാസിര്‍ മുതലെടുക്കുന്നുവെന്ന് ബോധ്യപ്പെട്ട ഖുത്വ്ബ് അദ്ദേഹവുമായി അകന്നെങ്കിലും മന്ത്രി പദവി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പദവികള്‍ വാഗ്ദാനം ചെയ്ത് അദ്ദേഹത്തെ പാട്ടിലാക്കാനാണ് നാസിര്‍ ശ്രമിച്ചത്. എന്നാല്‍ ആദര്‍ശ ധീരനായ സയ്യിദ് ഖുത്വ്ബ് അതില്‍ വീണില്ലെന്ന് മാത്രമല്ല, ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങളെയും പാശ്ചാത്യ അനുകൂല കാഴ്ചപ്പാടുകളെയും ശക്തിയായി എതിര്‍ക്കുകയാണ് ചെയ്തത്. 1954ല്‍ അബ്ദുന്നാസിറിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സയ്യിദ് ഖുത്വ്ബ് ഉള്‍പ്പെടെ നിരവധി ഇഖ്വാന്‍ പ്രവര്‍ത്തകരെ ജയിലില്‍ അടക്കുകയും സംഘടനയെ നിരോധിക്കുകയും ചെയ്തു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ജയിലുകളിലും രഹസ്യ കേന്ദ്രങ്ങളിലും പീഡനങ്ങള്‍ക്ക് ഇരയായത്. ആദ്യ മൂന്നു വര്‍ഷം ഖുത്വ്ബും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. നിരോധിത ഇഖ്വാന്‍ പക്ഷേ തളര്‍ന്നില്ലെന്നു മാത്രമല്ല, അടിത്തറ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി തുടരുകയായിരുന്നു.
ഇറാഖ് പ്രധാനമന്ത്രി അബ്ദുസ്സലാം ആരിഫിന്റെ ഇടപെടലിലൂടെ 1964ല്‍ ഖുത്വ്ബ് ജയില്‍മോചിതനായെങ്കിലും എട്ടു മാസത്തിനുശേഷം വീണ്ടും ജയിലിലടച്ചു. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി എന്നതായിരുന്നു കുറ്റം. ഖുത്വ്ബിന്റെ മാസ്റര്‍ പീസുകളായ ഫീ ളിലാലില്‍ ഖുര്‍ആന്‍ (ഖുര്‍ആന്റെ തണലില്‍) മആലിം ഫിത്ത്വരീഖ് (വഴിയടയാളങ്ങള്‍) എന്നിവ ആയിരങ്ങളെ സംഘടനയിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരുന്ന ഘട്ടത്തിലായിരുന്നു അറസ്റ്. കോടതിയില്‍ ഖുത്വ്ബിനെതിരെ ഉന്നയിച്ച തെളിവുകളില്‍ പലതും വഴിയടയാളങ്ങള്‍ എന്ന ഗ്രന്ഥത്തിലെ ഉദ്ധരണികളായിരുന്നു. വിചാരണ പ്രഹസനത്തിനുശേഷം ഖുത്വ്ബിനെയും അബ്ദുല്‍ ഖാദിര്‍ ഔദ ഉള്‍പ്പെടെ ആറു സഹപ്രവര്‍ത്തകരെയും വധശിക്ഷക്കു വിധിച്ചു. 1966 ആഗസ്റ് 29ന് നാസിറിന്റെ കിങ്കരന്മാര്‍ ഖുത്വ്ബിനെയും കൂട്ടുകാരെയും തൂക്കിലേറ്റി.
1956 മുതല്‍ 1970 വരെ മൂന്ന് തവണകളായി പ്രസിഡന്റ് പദവിയിലിരുന്ന ജമാല്‍ അബ്ദുന്നാസിറിന്റെയും എണ്‍പതുകളുടെ തുടക്കം മുതല്‍ 2011 വരെ മൂന്നു പതിറ്റാണ്ട് ഉരുക്കുമുഷ്ടിയോടെ നാടു ഭരിച്ച ഹുസ്നി മുബാറകിന്റെയും കാലഘട്ടങ്ങളിലാണ് ഇഖ്വാന്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയത്. നാസിറിനുശേഷം അധികാരമേറ്റ അന്‍വര്‍ സാദാത്തുമായി തുടക്കത്തില്‍ ഇഖ്വാന്‍ നല്ല ബന്ധത്തിലായിരുന്നെങ്കിലും അത് അധികകാലം നീണ്ടുനിന്നില്ല. 1967 മുതല്‍ അടിയന്തരാവസ്ഥ നിലനിന്നിരുന്ന ഈജിപ്തില്‍ ഇഖ്വാനുല്‍ മുസ്ലിമൂന് പരസ്യപ്രവര്‍ത്തനം നിഷേധിക്കപ്പെട്ടിരുന്നു. 1984ല്‍ വഫ്ദ് പാര്‍ട്ടിയുമായും 1987ല്‍ ലേബര്‍, ലിബറല്‍ പാര്‍ട്ടികളുമായും സഖ്യം ചേര്‍ന്ന് മത്സരിച്ച ഇഖ്വാന്‍ 2000ത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടി.
2005-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏവരെയും അമ്പരപ്പിച്ച് 88 സീറ്റുകളുമായി ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായതു മുതല്‍ ഭരണകൂടം അതിന്റെ എല്ലാ ഉപകരണങ്ങളും ഇഖ്വാനുനേരെ തിരിച്ചുവെച്ചു. അംഗീകൃത പ്രതിപക്ഷ പാര്‍ട്ടികള്‍ കേവലം 14 സീറ്റുകളില്‍ ഒതുങ്ങിയപ്പോഴാണ് ഇഖ്വാന്റെ ഉജ്ജ്വല പ്രകടനമെന്നതിനാല്‍ പാര്‍ട്ടിക്കുമേലുള്ള നിരോധനം നീക്കണമെന്ന ചര്‍ച്ചകള്‍ ഈജിപ്ഷ്യന്‍ രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ ആരംഭിച്ച ഘട്ടത്തിലാണ് അടിച്ചമര്‍ത്തല്‍ നടപടികള്‍ ആരംഭിച്ചത്. കമ്യൂണിസ്റുകളും ദേശീയവാദികളും കോപ്റ്റിക് ക്രിസ്ത്യാനികളും ഉള്‍പ്പെടെ വ്യത്യസ്ത വിഭാഗങ്ങളെ അണിനിരത്തി കിഫായ (മതിയായി) എന്ന ജനകീയ പ്രക്ഷോഭം നയിച്ച ഇഖ്വാനെ ഒറ്റപ്പെടുത്തുന്ന വിഷയത്തില്‍ എതിരാളികളില്‍ ചിലരെങ്കിലും മുബാറകിനോടൊപ്പം ചേരുകയുമുണ്ടായി.
തൊഴിലാളികള്‍ മുതല്‍ പ്രൊഫഷനലുകള്‍ വരെയുള്ളവര്‍ക്കിടയില്‍ ഒരുപോലെ വേരോട്ടമുള്ള ഇസ്ലാമിക പ്രസ്ഥാനം രാജ്യത്തെ ഡോക്ടര്‍, എഞ്ചിനീയര്‍, അഭിഭാഷകര്‍ എന്നിവരുടെ കൂട്ടായ്മകളിലും സിന്റിക്കേറ്റുകളിലും അവഗണിക്കാനാവാത്ത ശക്തിയായി വളര്‍ന്നു. സര്‍വകലാശാലകളിലെ വിദ്യാര്‍ഥി കൌണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇഖ്വാന്റെ മുന്നേറ്റം തടയാന്‍ സൈനികര്‍ പരസ്യമായി ഇടപെടുന്നതില്‍ പ്രതിഷേധിച്ച് കാമ്പസുകളില്‍ സമാന്തര വിദ്യാര്‍ഥി യൂനിയനുകള്‍ ഇഖ്വാന്‍ രൂപീകരിക്കുകയുണ്ടായി. ഇതിന്റെ പേരില്‍ ചിലയിടങ്ങളില്‍ വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത് സ്ഥിതി രൂക്ഷമാക്കി. ഇതിനെതിരെ ഏറ്റവും വലിയ സര്‍വകലാശാലയായ അല്‍ അസ്ഹറിലെ മേധാവിയുടെ ഓഫീസിനു മുന്നില്‍ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് സമാന്തര മിലീഷ്യയെ അവരോധിക്കാനുള്ള ഇഖ്വാന്റെ ഗൂഢാലോചനയാണെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നമാണിതെന്നും ഗവണ്‍മെന്റ് പ്രചരിപ്പിച്ചു.
തലസ്ഥാനമായ കയ്റോയില്‍ 270 ഇഖ്വാന്‍ പ്രവര്‍ത്തകരെ അറസ്റ് ചെയ്ത് ജയിലിലടച്ചാണ് അസ്ഹറിലെ പ്രതിഷേധത്തോട് ഭരണകൂടം പ്രതികരിച്ചത്. അറസ്റിലായവരില്‍ ഇഖ്വാന്റെ പ്രമുഖ സാമ്പത്തിക സ്രോതസ്സായ ഖൈറാത്ത് ശാത്വിര്‍ ഉള്‍പ്പെടെ 28 പേരുടെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചു. ശാത്വിറിനെയും മറ്റു 15 പേരെയും കസ്റഡിയില്‍ വെക്കാന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയ കോടതി ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. സംശയമുള്ളവരെ അറസ്റ് ചെയ്ത് തടവിലിടാന്‍ പോലീസിന് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന അടിയന്തരാവസ്ഥയുടെ ബലത്തില്‍ ശാത്വിറിനെ ജയിലില്‍ തന്നെ പാര്‍പ്പിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിടുകയായിരുന്നു. 1981-ല്‍ പ്രസിഡന്റ് അന്‍വര്‍ സാദാത്ത് വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയുടെ ഭാഗമായി നടപ്പാക്കിയ ഏറ്റവും പിന്തിരിപ്പന്‍ നിയമമാണ് സിവിലിയന്മാരെ സൈനിക കോടതി മുമ്പാകെ വിചാരണ ചെയ്ത് ശിക്ഷിക്കാമെന്നത്.
ഇഖ്വാന്റെ ജനപിന്തുണയില്‍ വിറളിപൂണ്ട ഭരണകൂടം, അറസ്റുകള്‍ക്കും പീഡനങ്ങള്‍ക്കും പുറമെ, വ്യാപകമായ കുപ്രചരണങ്ങളും അഴിച്ചുവിട്ടു. ഇഖ്വാന്റെ കരങ്ങളില്‍ ഈജിപ്തിനെ ഏല്‍പിച്ചാല്‍ സ്ത്രീകള്‍ മുഴുവന്‍ അബായ (പര്‍ദ) ധരിക്കേണ്ടിവരുമെന്നും ന്യൂനപക്ഷമായ കോപ്റ്റിക്കുകള്‍ക്ക് മതസ്വാതന്ത്യ്രം നിഷേധിക്കപ്പെടുമെന്നും രാജ്യത്തെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുമെന്നുമൊക്കെയായിരുന്നു പ്രചാരണങ്ങള്‍. ആരോപണങ്ങളൊന്നും വിലപ്പോയില്ലെന്നു മാത്രമല്ല, കോപ്റ്റിക്കുകളില്‍ ചിലരെങ്കിലും ഇഖ്വാന് പിന്തുണയുമായി രംഗത്തുവരികയും ചെയ്തു. കോപ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ള അമുസ്ലിം സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ ബ്രദര്‍ഹുഡ് പിന്തുണച്ചിരുന്നു. ആദ്യ റൌണ്ടില്‍ മത്സരിച്ച കോപ്റ്റിക് സ്ഥാനാര്‍ഥിയും വനിതയുമായ മോന മക്റം ഉബൈദി അവരിലൊരാളാണ്. കോപ്റ്റിക്കുകള്‍ മത്സരിക്കുന്നതിനാല്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ രണ്ട് മണ്ഡലങ്ങളില്‍ ബ്രദര്‍ഹുഡ് അവരെ പിന്തുണച്ചു. ഇസ്ലാമിസ്റുകള്‍ അധികാരത്തിലേറുകയാണെങ്കില്‍ ജനാധിപത്യം, നിയമവാഴ്ച, ന്യൂനപക്ഷങ്ങളോടുള്ള സമീപനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഒരു വിധത്തിലും ആശങ്ക വേണ്ടെന്നും ഇഖ്വാന്റെ മുന്നേറ്റത്തില്‍ ബേജാറുള്ള ഭരണകൂടം നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും വിശദീകരിച്ച് ബ്രദര്‍ഹുഡ് ഉപാധ്യക്ഷന്‍ ഖൈറാത്ത് ശാത്വിര്‍ ലണ്ടനിലെ ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ ശ്രദ്ധേയമായ ഒരു ലേഖനവും എഴുതുകയുണ്ടായി.
2010ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നിഷ്പക്ഷമായാണ് നടക്കുന്നതെങ്കില്‍ ഇഖ്വാന്‍ അത്ഭുതം കാട്ടുമെന്ന് പാശ്ചാത്യ നിരീക്ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവചിച്ചിരുന്നു. മുബാറകിന്റെയും പുത്രന്‍ ജമാല്‍ മുബാറകിന്റെയും സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള നാഷ്നല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍.ഡി.പി)യുടെ മറവില്‍ ജനാധിപത്യത്തെ പരിഹസിക്കുന്ന ഏര്‍പ്പാടാണ് നിലനിന്നിരുന്നത്. സ്ഥിതി തങ്ങള്‍ക്ക് അനുകൂലമാകില്ലെന്ന് ബോധ്യപ്പെട്ട മുബാറക് അടിച്ചമര്‍ത്തല്‍ നടപടികള്‍ രൂക്ഷമാക്കുകയും കൂടുതല്‍ കരിനിയമങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തിലുള്ളതോ മതകീയ ചട്ടക്കൂടുകള്‍ ഉള്ളതോ ആയ സംഘടനകള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിരോധിക്കുകയും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്നത് തടയുകയും ചെയ്തുള്ള നിയമം കൂട്ടിച്ചേര്‍ത്ത് ഭരണഘടന മാറ്റിയെഴുതിയത് പാര്‍ലമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ ഇഖ്വാന്റെ സാന്നിധ്യം തടയുക എന്ന ഒരേയൊരു ലക്ഷ്യത്തോടെയായിരുന്നു. സംശയിക്കുന്ന ആരെയും പിടികൂടി തടങ്കലില്‍ വെക്കാനും പൊതുസമ്മേളനങ്ങള്‍ തടയാനും സുരക്ഷാ സൈനികര്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന ഭീകരവിരുദ്ധ നിയമവും പാസ്സാക്കി.
ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും നെറികെട്ട തെരഞ്ഞെടുപ്പ് നാടകമാണ് 2010 നവംബറില്‍ അരങ്ങേറിയത്. ഇലക്ഷന്‍ കലക്കാനും ബൂത്തുകള്‍ കൈയേറാനും നേരത്തെ തന്നെ സുരക്ഷാ ഏജന്‍സികള്‍ക്കും എന്‍.ഡി.പി അണികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഒന്നാം റൌണ്ടില്‍ വോട്ടെടുപ്പ് നടന്ന 508ല്‍ 420 സീറ്റുകളും ജയിച്ചടക്കി മുബാറകിന്റെ പാര്‍ട്ടി 'മൃഗീയ ഭൂരിപക്ഷം' നേടിയപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ ഇഖ്വാന് കിട്ടിയത് പൂജ്യം. 130 സീറ്റുകളിലാണ് സംഘടന മത്സരിച്ചിരുന്നത്. അവരില്‍ 28 പേര്‍ അയോഗ്യരാക്കപ്പെട്ടു. അഴിമതിയില്‍ മുങ്ങിയ ഇലക്ഷനില്‍ പങ്കാളിത്തം വഹിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ബോധ്യപ്പെട്ട ഇഖ്വാന്‍ രണ്ടാം റൌണ്ട് ബഹിഷ്കരിച്ച് മുബാറകിനും കൂട്ടര്‍ക്കും 'സമ്പൂര്‍ണ വിജയം' സമ്മാനിച്ചു.
2011ലെ ശക്തമായ ജനകീയ പ്രക്ഷോഭത്തില്‍ മുബാറകും അയാളുടെ പാര്‍ട്ടിയും ഒലിച്ചുപോയതോടെ അത് പാറപ്പുറത്ത് പറ്റിപ്പിടിച്ച മണ്ണ് മാത്രമാണെന്ന് ലോകത്തിന് ബോധ്യമായി. അധികാരത്തിന്റെ തിണ്ണ ബലത്തിലായിരുന്നു മൂന്നു പതിറ്റാണ്ടിലേറെ കാലം മുബാറകും കൂട്ടാളികളും അധികാരത്തില്‍ അമര്‍ന്നാടിയത്. തന്റെ അഞ്ചാമൂഴം അവസാനിക്കുന്നതോടെ മകന്‍ ജമാലിനെ പ്രസിഡന്റ് പദവിയില്‍ വാഴിക്കാന്‍ കാത്തിരുന്ന മുബാറകിനെ തേടിയെത്തിയത് കാരാഗൃഹമാണ്. അഴിമതിക്കാരായ മക്കളും ജയിലഴി എണ്ണുന്നു. നിരോധം നീങ്ങിയ ഇഖ്വാന്‍ ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി (എഫ്.ജെ.പി) എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ചരിത്രത്തില്‍ ആദ്യമായി സ്വതന്ത്ര തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു. 498 അംഗംപാര്‍ലമെന്റില്‍ 235 സീറ്റുകളുമായി (47.2 ശതമാനം) വന്‍ ഭൂരിപക്ഷം നേടിയ എഫ്.ജെ.പി പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പ്രസ്തുത വിജയം ആവര്‍ത്തിച്ചതോടെ ഇഖ്വാനുല്‍ മുസ്ലിമൂന്‍ അതിന്റെ ചരിത്രപരമായ ദൌത്യത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. നിരോധവും അടിച്ചമര്‍ത്തലും രക്തസാക്ഷിത്വവും അഭിമുഖീകരിച്ച ആദ്യ ഘട്ടം പക്ഷേ പൂര്‍ണമായി അവസാനിച്ചെന്ന് പറയാനാവില്ല. മുബാറകിന്റെ 'അവശിഷ്ടങ്ങള്‍' പൂര്‍ണമായും തുടച്ചുനീക്കപ്പെടുന്നതുവരെ ഇഖ്വാന് പോരാട്ടം തുടരേണ്ടിവരും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അന്നഹ്ല്‍
എ.വൈ.ആര്‍