സാഹചര്യത്തിന്റെ ഇരകളെ നന്മയുടെ പച്ചപ്പിലേക്ക് പറിച്ചുനടുക
മനുഷ്യന്‍ സാഹചര്യത്തിന്റെ സന്തതിയാണ്. സാഹചര്യമാണ് മനുഷ്യനെ ഉത്തമനോ അധമനോ ആക്കുന്നത്. നന്മയും വിശുദ്ധിയും നിറഞ്ഞു നില്‍ക്കുന്ന ഒരു സാമൂഹ്യ ചുറ്റുപാടില്‍ വളര്‍ന്നവര്‍ സല്‍ക്കര്‍മികളായി മാറുമ്പോള്‍ ചീഞ്ഞുനാറിയ ചുറ്റുപാടില്‍ ജീവിച്ചവര്‍ തികഞ്ഞ അധര്‍മകാരികളായി തീരുന്നു. ഇവ രണ്ടിനും ജീവിക്കുന്ന ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നമ്മുടെ മുമ്പിലുണ്ട്.
സാഹചര്യത്തിന്റെ അടിമയായി തീരുകയും തുടര്‍ന്ന് ധര്‍മച്യുതിയില്‍ അകപ്പെടുകയും ചെയ്യുന്നവരെ എല്ലാം വിധിയെന്നു പറഞ്ഞ് എഴുതി തള്ളുന്ന നിഷേധാത്മക നിലപാടിനോട് ഇസ്ലാം തീരെ യോജിക്കുന്നില്ല. ഇത്തരക്കാരെ കൈപിടിച്ചുയര്‍ത്തുന്നതിനും വീണ്ടെടുക്കുന്നതിനും പല കര്‍മമാര്‍ഗങ്ങളും ഇസ്ലാം മുന്നോട്ട് വെക്കുന്നു. അതിലൊന്നാണ് ജീവിക്കുന്ന ചുറ്റുപാടില്‍ മാറ്റം വരുത്തുകയെന്നത്. അഥവാ ദുഷിച്ച് നാറിയ ജീവിത ചുറ്റുപാടില്‍ നിന്നും മാറി നില്‍ക്കുകയും കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു പ്രദേശത്ത് ജീവിതം തുടരുകയും ചെയ്യുക എന്നര്‍ഥം. സദ്വൃത്തര്‍ക്കും ധര്‍മബോധമുള്ളവര്‍ക്കും ഗുണകാംക്ഷികള്‍ക്കും മേധാവിത്വമുള്ള അത്തരം പ്രദേശങ്ങളിലെ ജീവിതം ആരോഗ്യകരമായ പരിവര്‍ത്തനത്തിന് സന്ദര്‍ഭമൊരുക്കും. വഴികേടിലകപ്പെട്ടവരെ സത്യത്തിന്റെ ഖാഫിലയിലെത്തി ചേരാന്‍ തീര്‍ച്ചയായും അത് സഹായിക്കും.
ജീവിക്കുന്ന പരിതസ്ഥിതിയില്‍ മാറ്റം വരുത്തിക്കൊണ്ട് സംശുദ്ധമായ ജീവിത രീതി കെട്ടിപ്പടുക്കാമെന്നതിന് ധാരാളം തെളിവുകളുണ്ട്. ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ നൂറ് പേരെ കൊല ചെയ്ത ഒരാളെ സംബന്ധിച്ച പരാമര്‍ശം കാണാം. അന്നത്തെ ഏറ്റവും വലിയ പണ്ഡിതനെ കണ്ട് തനിക്ക് പശ്ചാത്താപമുണ്ടോ എന്നന്വേഷിച്ച കൊലപാതകിയോട് പണ്ഡിതന്‍ പറഞ്ഞ് - അതെ നിങ്ങള്‍ക്ക് പശ്ചാത്താപത്തിന്നവസരമുണ്ടെന്നായിരുന്നു. ദീര്‍ഘദൃഷ്ടിയുള്ള ആ മഹാപണ്ഡിതന്‍ ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ ഇന്ന ഒരു സ്ഥലത്ത് പോകണം. അവിടെ ദൈവദാസന്മാരായ കുറെ ആളുകള്‍ താമസിക്കുന്നുണ്ട്. നിങ്ങള്‍ അവരോടൊപ്പം അല്ലാഹുവിനെ ആരാധിച്ചും അനുസരിച്ചും കീഴ്വണങ്ങിയും കഴിഞ്ഞ് കൂടുക. നിങ്ങള്‍ ഒരിക്കലും സ്വന്തം ദേശത്തേക്ക് മടങ്ങാതിരിക്കുക. അതൊരു ദുഷിച്ച പ്രദേശമാണ്.
മലീമസമായ സാമൂഹിക ചുറ്റുപാടില്‍ മനുഷ്യനിലെ പൈശാചിക ചാപല്യങ്ങളെ ഇളക്കിവിടുകയും അവനെ ക്രൂര സ്വഭാവിയാക്കി മാറ്റുകയും ചെയ്യുമെന്നും അതിന്റെ പ്രതിവിധി അവനെ നന്മയും നൈതിക മൂല്യങ്ങളും തുടിച്ച് നില്‍ക്കുന്ന കാലാവസ്ഥയില്‍ ജീവിക്കാന്‍ വിടുകയാണെന്നും ഈ സംഭവം വ്യക്തമാക്കുന്നു. അതോടൊപ്പം പാപം എത്രതന്നെ കൂടിയാലും കടുപ്പമുള്ളതായാലും പശ്ചാത്തപിച്ച് മടങ്ങാനവസരമുണ്ടെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു.
വേണ്ടത്ര പക്വതയോ മതപരമായ അവബോധമോ കൈവന്നിട്ടില്ലാത്ത ചെറുപ്പക്കാരടക്കം ധാരാളം മുസ്ലിംകള്‍ സാഹചര്യങ്ങളുടെ ഇരകളായി കഴിയുന്നുണ്ട്. പ്രതികൂല ചുറ്റുപാടുകളെ നേരിടാനുള്ള ഇഛാശക്തിയില്ലാത്തതിനാല്‍ ഒഴുക്കിനൊത്തു നീന്തുന്ന ഇവര്‍ കളവ്, വ്യഭിചാരം, മദ്യപാനം, ചൂതുകളി, പലിശ, ധൂര്‍ത്ത്, മയക്ക് മരുന്ന് തുടങ്ങിയ നിഷിദ്ധങ്ങളുടെ അടിമകളായിത്തീരുന്നു. ഒപ്പം നിര്‍ബന്ധകര്‍മങ്ങളായ നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് പോലുള്ളവയെ അവഗണിക്കുകയും ഇസ്ലാമിന്റെ സ്വഭാവ സംസ്കാര പൈതൃകങ്ങളെ പുഛിച്ച് തള്ളുകയും ചെയ്യുന്നു. മുസ്ലിംകളിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സന്മാര്‍ഗോപദേശകര്‍ അവരകപ്പെട്ട ദുഷിച്ചുനാറിയ സാമൂഹ്യ ചുറ്റുപാടില്‍നിന്ന് കരകയറാനുള്ള ആസൂത്രിതശ്രമങ്ങളാണ് നടത്തേണ്ടത്. സര്‍ഗാത്മക വിദ്യാഭ്യാസം കൊടുത്തും തൊഴില്‍ രഹിതരെ കണ്ടെത്തി പുനരധിവസിപ്പിച്ചും ജനസേവന പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തിയും സമ്പര്‍ക്ക പരിപാടികള്‍ വികസിപ്പിച്ചും ഇസ്ലാമിക ആനുകാലിക പ്രശ്നങ്ങളില്‍ ഹൃദ്യമായ സ്റഡിക്ളാസുകളും സംവാദങ്ങളും സംഘടിപ്പിച്ചുമൊക്കെ അതാവാം. ഇനിയും റൌഡികളുടെ റാക്കറ്റില്‍ പെട്ട് ജീവിതത്തെ നിലംപരിശാക്കിയ ചിലരെയെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കയച്ച് രക്ഷപ്പെടുത്തുന്ന കാര്യവും ആലോചിക്കാം. നാട്ടിലായിരുന്നപ്പോള്‍ മൂക്കറ്റം മദ്യപിക്കുകയും വീട്ടുകാരെയും നാട്ടുകാരെയും ഉപദ്രവിക്കുകയും ചെയ്തിരുന്ന എത്രയോ ആളുകള്‍ വിദേശത്ത് ജോലിക്ക് പോയി തിരിച്ചെത്തിയത് ജീവിതത്തില്‍ സമൂലമായ ഇസ്ലാമിക മാറ്റം ഉള്‍ക്കൊണ്ടാണെന്ന് ഈയിടെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ പ്രതികരിച്ചതില്‍ തീര്‍ച്ചയായും ശരിയുണ്ട്. വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്ത്-മുജാഹിദ്-സുന്നി പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ക്ക് ഈ സഹോദരങ്ങളുടെ സത്യത്തിലേക്കുള്ള തിരിച്ചുവരവില്‍ അഭിമാനിക്കാവുന്നതാണ്.
Comments