Prabodhanm Weekly

Pages

Search

2012 ജൂണ്‍ 30

കാലുഷ്യം നിറഞ്ഞതാകുമോ ഈജിപ്തിന്റെ വരും നേരങ്ങള്‍ ?

കെ.എച്ച് റഹീം മസ്കത്ത്

ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അറുതിനല്‍കാതെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പട്ടാള കൌണ്‍സില്‍ തടഞ്ഞുവെച്ചിരിക്കുകയാണ് ഇതെഴുതുമ്പോള്‍. പ്രതീക്ഷിച്ചതു പോലെ ഇഖ്വാന്റെ(ബ്രദര്‍ഹുഡ്) രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡോ. മുഹമ്മദ് മുര്‍സി വിജയപീഠത്തിലേറിയതായി ഓരോ ബൂത്തിലെയും കണക്കുകള്‍ വെച്ച് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്യ്രത്തിന്റെ ആറു പതിറ്റാണ്ടുകള്‍ക്കു ശേഷം ജനഹിതാനുസാരം അധികാരത്തിലെത്തുന്ന ആദ്യ പ്രസിഡന്റ് എന്ന ഖ്യാതിയാണ് ഡോ. മുര്‍സിയെ കാത്തിരുന്നത്.
അനൌദ്യോഗിക ഫലം പുറത്തു വന്ന ശേഷം ഇരു വിഭാഗവും വിജയം അവകാശപ്പെട്ടത് ജനങ്ങള്‍ക്കിടയിലും മാധ്യമ ലോകത്തും ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. കണക്കുകള്‍ നിരത്തി മുര്‍സി വിഭാഗം വിജയം അവകാശപ്പെട്ടപ്പോള്‍ പരാജയം സമ്മതിക്കാതെ മറുഭാഗവും രംഗത്തെത്തി. ഔദ്യോഗിക ഫലം പുറത്തുവരുമ്പോള്‍ വിജയം അട്ടിമറിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് പത്രസമ്മേളനം വിളിച്ചു ഏരിയ തിരിച്ചുള്ള കണക്കുകള്‍ പുറത്തു വിട്ടും രാജ്യവ്യാപകമായി വിജയാഹ്ളാദങ്ങള്‍ സംഘടിപ്പിച്ചും ഇഖ്വാന്‍ സത്യാവസ്ഥ ലോകത്തെ ബോധ്യപ്പെടുത്തിയെങ്കിലും ഏതു വിധേനയും ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമമാണ് പട്ടാള കൌണ്‍സില്‍ നടത്തുന്നത്.

ഇലക്ഷന്‍ റിസള്‍ട്ട്
മുന്‍ പ്രധാനമന്ത്രിയും ഹുസ്നി മുബാറകിന്റെ വിശ്വസ്ത അനുയായിയുമായ അഹ്മദ് ശഫീക്കിനെയാണ് ഡോ. മുര്‍സി 8,87,114 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്. മുര്‍സിക്ക് 1,32,38,298 (51.7 ശതമാനം) വോട്ടു ലഭിച്ചപ്പോള്‍ ശഫീക്കിന് കിട്ടിയത് 1,23,51,184 (48.3 ശതമാനം) വോട്ടുകള്‍.
മൊത്തം 27 പ്രവിശ്യകളില്‍ 17 എണ്ണത്തില്‍ ഡോ. മുര്‍സി മുന്നിലെത്തിയപ്പോള്‍ പത്തിടങ്ങളില്‍ ശഫീക്കിനാണ് മുന്‍തൂക്കം ലഭിച്ചത്. ജനസംഖ്യയില്‍ ഒന്നാമത് നില്‍ക്കുന്ന കയ്റോവിലും ദാഖലിയ പ്രവിശ്യയിലും ശഫീക്ക് വന്‍ ലീഡ് നേടിയപ്പോള്‍ ഇഖ്വാന്റെ ശക്തി കേന്ദ്രങ്ങളായ ഇസ്മാഈലിയ, ഫയൂം, അലക്സാണ്ട്രിയ, ജീസ, ബനി സുവൈഫ് എന്നിവിടങ്ങളില്‍ മുര്‍സിയാണ് മുന്നില്‍. പക്ഷേ, മുര്‍സിയുടെ ജന്മനാടായ ശര്‍ക്കിയ ശഫീക്കിനോടൊപ്പം നിന്നു. വികസിത നഗരങ്ങളില്‍ ഭൂരിഭാഗവും ശഫീക്കിന് അനുകൂലമായിട്ടാണ് വിധി എഴുതിയത്.
പ്രവാസികളുടെ വോട്ടിംഗ് റിസള്‍ട്ട് തെരഞ്ഞെടുപ്പ് തുടങ്ങുന്നതിനു മുമ്പ് തന്നെ പുറത്തു വന്നിരുന്നു. അതില്‍ 74.8 ശതമാനം വോട്ടു നേടിയ മുര്‍സിക്കായിരുന്നു മുന്‍തൂക്കം. കൂടുതല്‍ പ്രവാസികളുള്ള സുഊദിയില്‍ നിന്നു 90.5 ശതമാനം വോട്ടും ആറു ഏഇഇ രാഷ്ട്രങ്ങളില്‍ നിന്ന് 86 ശതമാനം വോട്ടും മുര്‍സിക്ക് അനുകൂലമായപ്പോള്‍ അനറബ് നാടുകളില്‍ നിന്നുള്ള ഫലം ശഫീക്കിനെ പിന്തുണച്ചു.
വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ശക്തമായ മത്സരം കാഴ്ച വെച്ചതും ഫലം നൂല്‍പാലത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതും ശഫീക്കിന് അഭിമാനിക്കാമെങ്കിലും ശഫീക്ക് നേടിയ വോട്ടിംഗ് ശതമാനത്തില്‍ ഇപ്പോഴും ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന വേളയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കോടതി ശഫീക്കിന് മത്സരാനുമതി നല്‍കിയതും സൈന്യം പാര്‍ലമെന്റ് പിരിച്ചു വിട്ടതും അടിയന്തരാവസ്ഥക്ക് തുല്യമായ കരിനിയമം പാസ്സാക്കിയതും ഇലക്ഷന് തൊട്ടു മുമ്പായിരുന്നു. സാഹചര്യത്തിന്റെ ആനുകൂല്യം മുര്‍സിക്ക് ഗുണം ചെയ്യുമെന്ന് പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും ഫലം പുറത്തു വന്നപ്പോള്‍ അത് വേണ്ടവിധം പ്രതിഫലിച്ചു കണ്ടില്ല.
പോളിംഗ് ശതമാനം ആദ്യ റൌണ്ടില്‍ (46.2 ശതമാനം) ഉണ്ടായതിനേക്കാള്‍ 51.07 ശതമാനം ആയി ഉയര്‍ന്നുവെങ്കിലും ആ വോട്ടുകള്‍ മുര്‍സിയുടെ കണക്കില്‍ പെടാതെ പോവുകയോ അതല്ലാത്ത വോട്ടുകള്‍ വഴി അവയുടെ കനം കുറഞ്ഞു പോവുകയോ ചെയ്തിരിക്കുന്നു. പൊതുവെ രണ്ടാം റൌണ്ടില്‍ പോളിംഗ് താഴുകയാണ് പതിവ്. കാരണം, ഒന്നാം റൌണ്ടില്‍ പുറത്താകുന്ന സ്ഥാനാര്‍ഥികളുടെ അനുയായികള്‍ രണ്ടാം റൌണ്ടില്‍ വോട്ടു ചെയ്യാറില്ല. ഇവിടെ പോളിംഗ് ഉയര്‍ന്നിട്ടും ശഫീക്കിന് സാധ്യത വര്‍ധിക്കുകയാണ് ചെയ്തത്.
രണ്ടാം ഘട്ട പ്രചാരണം പുരോഗമിച്ചപ്പോള്‍ മുര്‍സിക്ക് അനുകൂലമായ ഒട്ടേറെ ഘടകങ്ങള്‍ ഒത്തുവന്നിരുന്നു. വിപ്ളവ ചേരിയില്‍ നിന്നുള്ള ഏക സ്ഥാനാര്‍ഥിയായിരുന്നു ഡോ. മുര്‍സി. വിവിധ വിപ്ളവ പാര്‍ട്ടികളുടെ പിന്തുണയും മുര്‍സിക്ക് ലഭിച്ചിരുന്നു. ആ നിലക്ക് വിജയം അനായാസകരമായിരുന്നു.
മുര്‍സിക്കൊപ്പം വിപ്ളവ ചേരിയിലുണ്ടായിരുന്ന അബുല്‍ ഫതൂഹും ഹംദീന്‍ സബാഹിയും അടക്കം ഒമ്പതു സ്ഥാനാര്‍ഥികള്‍ ഒന്നാം റൌണ്ടില്‍ നേടിയത് ആകെ 15 മില്യന്‍ (64 ശതമാനം) വോട്ടുകള്‍. ഇവരുടെ വോട്ടുകള്‍ വിപ്ളവ ചേരിയുടെ സ്ഥാനാര്‍ഥിക്ക് വീണാല്‍ കുറഞ്ഞത് 60 ശതമാനം വോട്ടുകള്‍ കിട്ടേണ്ടതാണ്.
അതുപോലെതന്നെ, മുബാറക് അനുകൂല ഭാഗത്ത് നിന്നുള്ള അഹ്മദ് ശഫീക്കും അംറ് മൂസയും അടക്കം നാല് സ്ഥാനാര്‍ഥികള്‍ ഒന്നാം റൌണ്ടില്‍ നേടിയതു ഒമ്പത് മില്യന്‍ (36 ശതമാനം) വോട്ടുകള്‍. മുബാറക് അനുകൂല വോട്ടുകളെല്ലാം ഒന്നാം റൌണ്ടില്‍ തന്നെ പോള്‍ ചെയ്തിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനുമപ്പുറം വോട്ടുകള്‍ ലഭിക്കാന്‍ സാധ്യതകള്‍ കുറവാണ് താനും. എന്നിട്ടും നാലു മില്യനിലധികം വോട്ടുകള്‍ മുബാറക് അനുകൂല ചേരിക്ക് വേണ്ടി സംഘടിപ്പിച്ചു ശഫീക്ക് ഒപ്പത്തിനൊപ്പം എത്തിയത് ചില അട്ടിമറികളുടെ പിന്തുണയോടെയാണെന്നു വിലയിരുത്തപ്പെടുന്നു.

ശഫീക്ക് നേടിയ വോട്ടുകള്‍
ഇസ്ലാമിക ചേരിയില്‍ നിന്ന് പ്രസിഡന്റ് ഉണ്ടാകുന്നത് താല്‍ക്കാലിക ഭരണകൂടവും സര്‍ക്കാര്‍ അനുകൂല ഏജന്‍സികളും സൈന്യവും വലിയ ഭയത്തോടെയാണ് കാണുന്നത്. ഇഖ്വാനെ പീഡിപ്പിച്ചതു പോലെ തിരിച്ചും ഇഖ്വാന്‍ പ്രതികാരത്തിന്റെ വഴി തെരഞ്ഞെടുത്താലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അവര്‍ ആലോചിക്കുക സ്വാഭാവികം. അതിനാല്‍, ബന്ധപ്പെട്ട കക്ഷികള്‍ വ്യക്തമായ ശഫീക്ക് അനുകൂല നിലപാടെടുത്തിട്ടുണ്ട്. ഒന്നാം റൌണ്ടിലേതുപോലെ ഇലക്ഷന്‍ സുതാര്യമായിട്ടാണ് നടന്നതെന്ന് ആരും പറഞ്ഞുകേള്‍ക്കുന്നില്ല. ഇലക്ഷന് രണ്ടു ദിവസം മുമ്പ് നടപ്പിലാക്കിയ കരിനിയമം അടിയന്തരാവസ്ഥയേക്കാള്‍ ഭയാനകമാണ്. മൂന്നു പതിറ്റാണ്ടായി തുടരുന്ന അടിയന്തരാവസ്ഥ നിയമപരമായി അവസാനിച്ചിട്ടു ഒരുമാസം ആകുന്നതിനു മുമ്പാണ് സൈന്യത്തിന്റെ വക പുതിയ നിയമം. കൂടാതെ, ഇലക്ഷന്‍ നടപടികള്‍ക്കായി നാലു ലക്ഷം സൈനികരെ നിയോഗിച്ചതും സംശയാസ്പദമാണ്.
ദരിദ്ര മേഖലകള്‍ കേന്ദ്രീകരിച്ച് നടന്ന വോട്ടു കച്ചവടവും ശഫീക്കിന്റെ വോട്ടില്‍ കാര്യമായ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. ഒന്നാം റൌണ്ടില്‍ ബൂത്തിലെത്താതിരുന്ന പകുതിയിലധികം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അകത്തും പുറത്തുനിന്നുമുള്ള ശക്തികള്‍ ശഫീക്കിനോടൊപ്പമുണ്ടായിരുന്നു.
ദേശീയ മീഡിയയും ശഫീക്കിനെ നന്നായി സഹായിച്ചു. ഒന്നാം റൌണ്ടില്‍ ദിവസംതോറും അഭിപ്രായ വോട്ടെടുപ്പ് പുറത്തു വിട്ടിരുന്ന മീഡിയ, രണ്ടാം റൌണ്ടില്‍ നിശബ്ദമായിരുന്നു. അല്‍ജസീറ ചാനല്‍ ജൂണ്‍ 9-ന് ഒരു സര്‍വേ ഫലം പുറത്തുവിട്ടിരുന്നു. അതുപ്രകാരം 81.49 ശതമാനം പേരും മുര്‍സിയെ അനുകൂലിക്കുന്നവരായിരുന്നു.
മുര്‍സിക്ക് മുന്‍തൂക്കം കിട്ടാതിരിക്കാന്‍ ഇലക്ഷന്‍ കമീഷനും പരമാവധി ശ്രമിച്ചു. പ്രവാസികളുടെ വോട്ടിംഗ് റിസള്‍ട്ട് തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് പുറത്തുവന്നപ്പോള്‍ അതില്‍ മുര്‍സിക്കായിരുന്നു വിജയം. 41 രാഷ്ട്രങ്ങളിലെ ഫലം പുറത്തു വിട്ടതിനു ശേഷം കാറ്റ് തങ്ങള്‍ക്കു അനുകൂലമല്ലെന്ന് മനസിലാക്കി ബാക്കിയുള്ള ഫലം രഹസ്യമാക്കി വെച്ചു. ജൂണ്‍ 18-നാണ് അത് പുറത്തു വിട്ടത്.
വിപ്ളവാനുകൂല പാര്‍ട്ടികളുടെ വോട്ടുകള്‍ പൂര്‍ണമായും മുര്‍സിക്ക് വീണിട്ടില്ല. ചിലരെങ്കിലും പരസ്യമായി നിലപാട് വ്യക്തമാക്കിയില്ലെങ്കിലും രഹസ്യമായി ശഫീക്ക് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. നാലാം സ്ഥാനത്ത് നിന്ന ഫതൂഹ്, മുര്‍സിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഇടതു സ്ഥാനാര്‍ഥി ഹംദീന്‍ പ്രതികരിച്ചിരുന്നില്ല. രണ്ടുപേരെയും മുര്‍സി വ്യക്തിപരമായി കണ്ടിരുന്നുവെങ്കിലും ഹംദീന്‍ നിശ്ശബ്ദനായിരുന്നു. മന്ത്രിസഭ രൂപീകരണ ചുമതല പ്രസിഡന്റിനാണ്. ശഫീക്ക് പ്രസിഡന്റായാല്‍ പ്രധാന മന്ത്രി സ്ഥാനമടക്കം പല പ്രധാന തസ്തികകളും ദേശീയ ലിബറല്‍ പാര്‍ട്ടികള്‍ക്ക് വാഗ്ദാനം ചെയ്ത വാര്‍ത്തയും പുറത്തുവരുന്നുണ്ട്. അങ്ങനെയെങ്കില്‍, വിപ്ളവം പ്രസംഗിക്കുന്നതോടൊപ്പം സമയോചിതം പാലം വലിക്കുന്ന 'രാഷ്ട്രീയ'വും ചില കക്ഷികള്‍ ഭംഗിയായി നടപ്പില്‍ വരുത്തിയെന്നു വിശ്വസിക്കുന്നതില്‍ തെറ്റ് കാണുന്നില്ല.

ഇഖ്വാനെതിരെ കടുത്ത ആരോപണങ്ങള്‍
മുര്‍സിയെ വിപ്ളവ ചേരിയുടെ സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിയതിനു മറുപടിയായി ശഫീക്ക് ലക്ഷ്യമാക്കിയത് ഇഖ്വാനെയാണ്. ഇഖ്വാന്‍ തിയോക്രാറ്റിക് സ്റേറ്റിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അത് ആധുനിക സമൂഹത്തിനു യോജിക്കാത്തതാണെന്നും അദ്ദേഹം പ്രചരിപ്പിച്ചു. ഇഖ്വാന്‍ ഈജിപ്തിന്റെ ബഹുസ്വരത തകര്‍ക്കുമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. 'ഈജിപ്ത് എല്ലാവരുടെയും' എന്നായിരുന്നു ശഫീക്കിന്റെ പ്രചാരണ മുദ്രാവാക്യം.
ജൂണ്‍ മൂന്നിനു ശഫീക്ക് നടത്തിയ പത്ര സമ്മേളനത്തില്‍, മുര്‍സി ഇഖ്വാന്‍ കാര്യദര്‍ശിയുടെ റബര്‍ സ്റാമ്പ് ആയിരിക്കുമെന്ന് ആരോപിച്ചു. 'മുഹമ്മദ് ബദീഇനും (കാര്യദര്‍ശി) ഖൈറാത്ത് ശ്വാതിറിനും (ഉപകാര്യദര്‍ശി) മുന്നില്‍ മുര്‍സി ഒന്നുമല്ല. അവരുടെ പാവ മാത്രം. അവരുടെ ചരിത്രം ഈജിപ്തിലും പുറത്തും എല്ലാവര്‍ക്കും അറിയാം' ശഫീക്ക് പറഞ്ഞു.
'ഈജിപ്തിനെ ഇവര്‍ അന്ധകാര യുഗത്തിലേക്ക് തിരിച്ചുകൊണ്ടു പോവുകയാണ്. തികഞ്ഞ വിഭാഗീയതയും മത പക്ഷപാതിത്വവുമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ ഇല്ലാതാകുന്ന, ദീര്‍ഘ കാലത്തെ കലാ സാംസ്കാരിക ചരിത്രം അറംപറ്റിപ്പോകുന്ന, ആഗോള രാഷ്ട്രങ്ങളില്‍ ഒറ്റപ്പെടുന്ന ഒരു ഈജിപ്തിനെ നാം കാണേണ്ടിവരും. രാഷ്ട്രീയ പരിചയം ഇല്ലാത്ത, സാമ്പത്തിക ആസൂത്രണം അറിയാത്ത, നയതന്ത്ര ബന്ധങ്ങള്‍ അറിയാത്ത ഇവര്‍ ഈജിപ്തിനെ എവിടെ കൊണ്ടെത്തിക്കുമെന്നു പ്രവചിക്കാനാകുന്നില്ല'- ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍.
ദേശീയ മാധ്യമങ്ങള്‍ ഈ ആരോപണങ്ങള്‍ക്ക് ആവശ്യത്തിലധികം കവറേജു നല്‍കുകയും ഇസ്ലാംപേടിയുടെ പഴയ അച്ചുകള്‍ എടുത്തു നിരത്തുകയും ചെയ്തപ്പോള്‍ അന്തരീക്ഷം ഏറെ മലീമസമായി. ശഫീക്കിന്റെ പത്രസമ്മേളനത്തിന് ശേഷം ദേശീയ മാധ്യമങ്ങള്‍ നിരന്തരമായി ഇഖ്വാനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ് കണ്ടത്. ആദ്യ റൌണ്ടില്‍ പെയ്ഡ് ന്യൂസുകള്‍ പടച്ചവര്‍ പിന്നീട് പെയ്ഡ് കാമ്പയിന്‍ നടത്തുകയായിരുന്നു.
ദേശീയ ഇടതു ലിബറല്‍ ബുദ്ധി ജീവികള്‍ മതരാഷ്ട്ര വാദത്തിന്റെ പഴകിപ്പുളിച്ച ചേരുവകളുമായി രംഗത്ത് വന്നപ്പോള്‍ അന്തരീക്ഷം കൂടുതല്‍ കലുഷിതമായി. മത്സര രംഗത്ത് വിപ്ളവ ചേരിയില്‍ നിന്നുള്ള ഏക സ്ഥാനാര്‍ഥി മുര്‍സിയാണെന്ന കാര്യം അവര്‍ മറന്നു. മുര്‍സിയുടെ പരാജയം വിപ്ളവത്തിന്റെ പരാജയമാണെന്ന് ഒരു വേള അവര്‍ മറന്നുപോയി. മുന്‍ കാലത്ത് ദഹിക്കാതെ കിടന്നിരുന്ന പലതും അസമയത്ത് പുറത്തേക്കു വരികയായിരുന്നു.
ശഫീക്കിന്റെ ആരോപണങ്ങള്‍ക്ക് അക്കമിട്ടു മറുപടിയുമായി ഇഖ്വാന്‍ രംഗത്ത് വന്നു. രൂക്ഷമായ ആരോപണങ്ങള്‍ക്ക് സുചിന്തിതവും ചരിത്ര പിന്‍ബലവുമുള്ള മറുപടി ഇഖ്വാന്‍ നല്‍കി. പക്ഷേ അത് ജനങ്ങളില്‍ എത്തിക്കാന്‍ ആവശ്യമായ മാധ്യമങ്ങള്‍ ഇല്ലാതെ പോയത് മുര്‍സിക്ക് വിനയായി. മാധ്യമങ്ങളുടെ സ്വാധീനമുള്ള പട്ടണ പ്രദേശങ്ങളില്‍ മുര്‍സിക്ക് പിന്തുണ കുറഞ്ഞുപോയത് അതുകൊണ്ടാണ്.

ജനപക്ഷ പ്രചാരണവുമായി മുര്‍സി
പ്രതിയോഗിയുടെ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനോടൊപ്പം വോട്ടര്‍മാരെ സ്വാധീനിക്കുന്ന ജനപക്ഷ പ്രചാരണ പരിപാടികളും മുര്‍സി മുന്നോട്ടു വെച്ചിരുന്നു. അതില്‍ പ്രധാനം മുര്‍സി പൊതുജനങ്ങളെ അഭിമുഖീകരിച്ചു നല്‍കിയ കരാര്‍ പത്രികയായിരുന്നു. ദൈവത്തിനെയും ജനങ്ങളെയും മുന്‍നിര്‍ത്തി നടത്തുന്ന, 15 ഇനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രതിജ്ഞയില്‍ താന്‍ എന്നും ഒരു ജനസേവകനായിരിക്കുമെന്നു ഉറപ്പു നല്‍കുന്നു.
ക്രമസമാധാനം, ട്രാഫിക്ക്, ഇന്ധന ക്ഷാമം, മാലിന്യ പ്രശ്നം, ജീവിത നിലവാരം എന്നിവയായിരിക്കും അടിസ്ഥാന പ്രാധാന്യമുള്ള പ്രശ്നങ്ങള്‍. പ്രസിഡന്റ് എന്ന നിലയില്‍ ഏകാധിപത്യ പ്രവണതക്ക് പകരം യുവാക്കള്‍, കോപ്റ്റിക്കുകള്‍, സലഫികള്‍, സ്ത്രീകള്‍ തുടങ്ങിയ എല്ലാവരും ഉള്‍ക്കൊള്ളുന്ന വലിയൊരു ഉപദേശക വൃന്ദം ഓഫീസില്‍ നിലനിര്‍ത്തും. തന്റെ മന്ത്രിസഭ സ്വന്തം പാര്‍ട്ടിക്കാര്‍ക്കല്ല, യോഗ്യരായ ദേശീയ വ്യക്തിത്വങ്ങള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. ജനങ്ങളുടെ നികുതി ഭാരം കുറക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനായിരിക്കും.
സോഷ്യല്‍ ഇന്‍ഷുറന്‍സ്, തൊഴില്‍ ലഭ്യത, കാര്‍ഷിക കടം എഴുതി തള്ളുക, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസ ചികിത്സ ചെലവുകള്‍ കുറക്കുന്നതടക്കം ക്ഷേമ രാഷ്ട്ര നിര്‍മിതിക്കു വേണ്ട അടിസ്ഥാന ഘടകങ്ങള്‍ സ്വന്തം പ്രതിജ്ഞയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.
പുതിയ ഈജിപ്തിന്റെ നിര്‍മാണത്തിന് അടിസ്ഥാനമാകുന്ന നവോത്ഥാന പദ്ധതി(ൃലിമശമിൈരല ുൃീഷലര)ക്കു വേണ്ടി താന്‍ എന്നും സമര്‍പ്പിതനാണെന്നും ഡോ. മുര്‍സി ജനങ്ങളുടെ മുന്നില്‍ സത്യം ചെയ്തു പറയുന്നുണ്ട്.

മുബാറകിന് എതിരെ
വന്ന കോടതി വിധി
ഈജിപ്തിനെ അടക്കിഭരിച്ച മുബാറകിന്റെ 'നൂറ്റാണ്ടിന്റെ വിചാരണ' പൂര്‍ത്തിയാക്കി കയ്റോ ക്രിമിനല്‍ കോടതി വിധി പറയുമ്പോള്‍ പതിനായിരങ്ങളാണ് കോടതിക്ക് പുറത്തു കാത്തുനിന്നിരുന്നത്. അവരെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല കോടതിവിധി. മുബാറകിന് വധ ശിക്ഷയില്‍ കുറഞ്ഞൊന്നും അവര്‍ പ്രതീക്ഷിച്ചിരുന്നില്ല.
പ്രക്ഷോഭകാരികളെ വധിച്ച കുറ്റത്തിന് മുബാറകിനെയും ആഭ്യന്തര മന്ത്രി ഹബീബ് ആദിലിയെയും കോടതി ആജീവനാന്തം തടവിനു ശിക്ഷിച്ചപ്പോള്‍ ഹബീബിന്റെ കീഴില്‍ മേജര്‍ ജനറല്‍ പദവിയിലുള്ള അഞ്ചു സൈനിക ഉദ്യോഗസ്ഥരെ കോടതി വെറുതെ വിട്ടു. അവര്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്നായിരുന്നു കോടതി വാദം.
വളരെ തന്ത്രപരമായിട്ടാണ് കോടതി വിധി പറഞ്ഞതെന്നാണ് നിയമ വിശാരദന്മാരുടെ അഭിപ്രായം. ഓര്‍ഡര്‍ നടപ്പാക്കിയവര്‍ തെളിവുകളില്ലാതെ രക്ഷപ്പെട്ട നിലക്ക് കേസ് അപ്പീല്‍ കോടതിയിലെത്തുമ്പോള്‍ ഓര്‍ഡര്‍ നല്‍കിയവരും രക്ഷപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്നു മാസത്തിനകം അപ്പീല്‍ കോടതിയുടെ വിധി വരുമ്പോള്‍ മുബാറകും ജയിലില്‍ നിന്ന് പുറത്തുവരുമെന്ന് ചുരുക്കം. മുബാറകിനെ ശിക്ഷിക്കാതെ വിട്ടാല്‍ ജനങ്ങള്‍ ഇളകി വശാകും. പകരം, അപ്പീലില്‍ രക്ഷപ്പെടാവുന്ന വിധത്തില്‍ ശിക്ഷ നല്‍കുന്ന തന്ത്രമാണ് കോടതി പയറ്റിയത്.
വിധിക്കെതിരെ മുര്‍സി ശക്തമായി പ്രതികരിച്ചു. മുബാറകിനെതിരെയുള്ള വിചാരണ നീതിപൂര്‍വകമായിരുന്നില്ല എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. താന്‍ അധികാരത്തില്‍ വന്നാല്‍ പുനരന്വേഷണവും വിചാരണയും നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇഖ്വാനു നേരെ മാധ്യമങ്ങള്‍ ഉയര്‍ത്തിവിട്ട പുകമറ കാരണം ഈ അനുകൂല സാഹചര്യവും വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ മുര്‍സിക്ക് കഴിഞ്ഞില്ല.

വിപ്ളവ പാര്‍ലമെന്റ് പിരിച്ചു വിടുന്നു
തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുണ്ടായ അപ്രതീക്ഷിത നീക്കത്തിലൂടെ സൈന്യം പാര്‍ലമെന്റ് പിരിച്ചുവിട്ടത് വോട്ടര്‍മാരില്‍ കടുത്ത നിരാശയും പ്രതികാര ചിന്തയുമുണ്ടാക്കിയിരുന്നു. ഇലക്ഷന്‍ പ്രചാരണം തീരുന്ന ദിവസമായിരുന്നു സൈന്യത്തിന്റെ ഓര്‍ഡര്‍ പുറത്തു വന്നത്. ഇതോടെ ഒന്നര വര്‍ഷത്തിനിടയില്‍ വിപ്ളവം കൊണ്ടുണ്ടായ സര്‍വ നേട്ടങ്ങളും നഷ്ടപ്പെട്ടുപോകുന്നുവെന്ന ആശങ്ക ജനങ്ങളില്‍ വ്യാപകമായി. പ്രതിഷേധവുമായി അവര്‍ ബൂത്തുകളിലേക്ക് നീങ്ങി. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ വിവിധ സംഘടനകള്‍ നടത്തിയ ആഹ്വാനം ഇതോടെ വൃഥാവിലായി. ഇത് മുര്‍സിക്ക് അനുകൂലമായ സുപ്രധാന ഘടകമായിരുന്നു.
സൈന്യം പാര്‍ലമെന്റ് പിരിച്ചു വിട്ടത് ഒരു വിധത്തിലും അംഗീകരിക്കാന്‍ പറ്റാത്തതാണെങ്കിലും അങ്ങനെ ഒന്ന് സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, മുര്‍സി പരാജയപ്പെടാന്‍ പോലും സാധ്യതയുണ്ടായിരുന്നു. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനം നിരവധി ഗൂഢലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ആസൂത്രിത നീക്കമായിരുന്നു. അതിനു കണ്ടെത്തിയ കാരണം വളരെ നിസാരവും. മുബാറക് ഭരണത്തിന്റെ അവസാന പത്തുവര്‍ഷക്കാലം ഉന്നതാധികാരങ്ങളിലുണ്ടായിരുന്നവരുടെ രാഷ്ട്രീയ സ്വാതന്ത്യ്രം മരവിപ്പിക്കുന്ന ഒരു ബില്‍ പാര്‍ലമെന്റ് 2012 ഫെബ്രുവരി 11-ന് പാസ്സാക്കുകയുണ്ടായി. അതുപ്രകാരം ശഫീക്കിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഇലക്ഷന്‍ കമീഷന്‍ അസാധുവാക്കി. ബില്ല് ഭരണഘടന വിരുദ്ധമാണെന്ന് വാദിച്ച് തീരുമാനത്തിനെതിരെ ശഫീക്ക് അപ്പീല്‍ നല്‍കി. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കമീഷന്‍ ശഫീക്കിന് മത്സരാനുമതി തിരിച്ചുനല്‍കുകയും വിഷയം ഭരണഘടന കോടതിക്ക് വിടുകയും ചെയ്തു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശഫീക്ക് യോഗ്യനാണെന്ന് സ്ഥാപിക്കുന്നതിന് വേണ്ടി നിയമം പാസാക്കിയ പാര്‍ലമെന്റ് തന്നെ നിയമ വിരുദ്ധമാണെന്ന് സ്ഥാപിക്കുകയാണ് കോടതി ചെയ്തത്. അതിനു കോടതി കണ്ട ന്യായം തുലോം നിസ്സാരമായിരുന്നു.
നിയമ പ്രകാരം പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് അംഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായി ജയിച്ചുവരുമ്പോള്‍ ബാക്കി മൂന്നില്‍ ഒരു ഭാഗം സ്വതന്ത്ര സ്ഥാനാര്‍ഥികളായിരിക്കണം. പക്ഷേ, ഈ ഭാഗം കൂടി പാര്‍ട്ടി പ്രതിനിധികള്‍ ജയിച്ചു വന്നതിനാല്‍ പാര്‍ലമെന്റിന്റെ മൂന്നില്‍ ഒരു ഭാഗം മെമ്പര്‍മാര്‍ അയോഗ്യരാണ് എന്ന് കോടതി കണ്ടെത്തി. അതുകൊണ്ട് തന്നെ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലും സാധുതയില്ല എന്നായിരുന്നു കോടതിയുടെ നിഗമനം.
ന്യായം ഇങ്ങനെയാണെങ്കിലും അതിനു പിന്നിലെ ഉദ്ദേശ്യം സുവ്യക്തമാണ്. ഇസ്ലാമിസ്റുകള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള ഒരു പാര്‍ലമെന്റിനെ ഈ വിധം മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്ന ശാഠ്യമാണ് വിധിക്ക് പിന്നില്‍. മുബാറക് അധികാരത്തില്‍ നിന്ന് മാറിയെങ്കിലും ജുഡീഷ്യറിക്ക് യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു കോടതി വിധി.
മൂന്നിലൊരു ഭാഗം അംഗങ്ങളെ കോടതി അയോഗ്യരാക്കിയപ്പോള്‍ മറുഭാഗത്ത് സൈന്യം ഓര്‍ഡിനന്‍സിലൂടെ പാര്‍ലമെന്റിനെത്തന്നെ അസാധുവാക്കി. പാര്‍ലമെന്റില്‍ നിക്ഷിപ്തമായിരുന്ന നിയമ നിര്‍മാണാധികാരം സൈന്യം തിരിച്ചു പിടിക്കുകയും ചെയ്തു. കോടതി വിധി തികച്ചും അപ്രതീക്ഷിതവും അനവസരത്തിലുള്ളതും ആണെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിച്ചു. നിശ്ശബ്ദ പട്ടാള അട്ടിമറിയെന്നാണ് അവര്‍ പറഞ്ഞത്. ഭരണഘടനയില്ലാത്ത, പാര്‍ലമെന്റ് ഇല്ലാത്ത അവസ്ഥയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ വിധി വന്നയുടന്‍ ഇഖ്വാന്റെ മേല്‍ കടുത്ത സമ്മര്‍ദവുമുണ്ടായി.
സാഹചര്യത്തിന്റെ ഗൌരവം മനസിലാക്കി ഇഖ്വാന്‍ തികച്ചും കരുതലോടെയാണ് പ്രതികരിച്ചത്. അടിയന്തര ശൂറ ചേര്‍ന്ന് മത്സരത്തില്‍ നിന്ന് പിന്മാറാനുള്ള ആവശ്യത്തെ നിരാകരിക്കുകയും വിപ്ളവത്തെ രക്ഷിക്കാന്‍ വോട്ടെടുപ്പിലൂടെ തിരിച്ചടിക്കണമെന്ന് പൊതുജനത്തോടു അഭ്യര്‍ഥിക്കുകയും ചെയ്തു. ജനങ്ങള്‍ ആഹ്വാനം സര്‍വാത്മനാ ഏറ്റെടുത്തു.
പിന്മാറിയിരുന്നുവെങ്കില്‍ വിപ്ളവ വഴിയിലെ കടുത്ത അപരാധമായി ചരിത്രമത് വിലയിരുത്തുമായിരുന്നു. അതോടെ ശഫീക്ക് നിയമ സാധുതയുള്ള പ്രസിഡന്റായി അധികാരത്തില്‍ വരികയും ചെയ്യും. പാര്‍ലമെന്റ് പിരിച്ചുവിട്ടതായി പ്രചരിപ്പിച്ചു പ്രകോപനത്തിലൂടെ മത്സരത്തില്‍ നിന്ന് മുര്‍സിയെ പിന്തിരിപ്പിക്കാനുള്ള സൈനിക തന്ത്രമായും ഇതിനെ വിലയിരുത്തുന്നവരുണ്ട്.
മുര്‍സി അധികാരത്തിലെത്തിയാല്‍ പിരിച്ചുവിടപ്പെട്ട പാര്‍ലമെന്റ് പുനഃസ്ഥാപിക്കാന്‍ സാധിച്ചേക്കുമെന്നത് ആശാവഹമാണ്. കോടതി പാര്‍ലമെന്റിനെ പിരിച്ചു വിട്ടിട്ടില്ല. സൈന്യമാണ് എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച് പിരിച്ചു വിട്ടത്. ആ അധികാരം തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റില്‍ നിക്ഷിപ്തമാണ്. സൈന്യത്തിനെ പ്രകോപിപ്പിക്കാതെ, കോടതി വിധിയെ മറികടക്കാതെ പ്രസിഡന്റ് പാര്‍ലമെന്റിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്നു കാണണം.

ഭരണഘടനാ സമിതി പിരിച്ചു വിട്ടു
1971-ല്‍ നിലവില്‍ വന്ന ഭരണഘടന വിപ്ളവാനന്തരം മാറ്റിയെഴുതാന്‍ സൈനിക കൌണ്‍സിലിനു മേല്‍ സമ്മര്‍ദം വന്നപ്പോള്‍ 2011 മാര്‍ച്ച് 19-ന് നടത്തിയ ദേശീയ റഫറണ്ടപ്രകാരം പാര്‍ലമെന്റ് ഇലക്ഷന്‍ കഴിഞ്ഞാലുടനെ ഭരണഘടന കമ്മിറ്റി രൂപീകരിക്കേണ്ടതായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പായി ഭരണഘടനയുടെ കരട് രൂപം തയാറാകണം.
പാര്‍ലമെന്റ് രൂപം നല്‍കിയ കമ്മിറ്റിയെ അഡ്മിനിസ്ട്രേറ്റീവ് കോര്‍ട്ട് 2012 ഏപ്രില്‍ 9-ന് പിരിച്ചു വിട്ടു; വിവിധ പാര്‍ട്ടികളുടെയും സമുദായങ്ങളുടെയും ആനുപാതിക പ്രാതിനിധ്യം കമ്മിറ്റിയില്‍ ഉണ്ടായില്ല എന്ന കാരണം പറഞ്ഞ് സൈനിക കൌണ്‍സില്‍ വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷി യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 12-ന് സംയുക്ത പാര്‍ലമെന്റ് വിവിധ മത സമുദായ വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചു പുതിയ കമ്മിറ്റിക്ക് രൂപം കൊടുത്തു. പാര്‍ലമെന്റിനു മുന്നില്‍ വന്ന 1310 നോമിനികളില്‍ നിന്നാണ് 100 അംഗ കമ്മിറ്റി രൂപീകരിച്ചത്.
സര്‍വകക്ഷി യോഗ തീരുമാന പ്രകാരം കമ്മിറ്റിയില്‍ വരേണ്ട 100 പേരില്‍ 37 ശതമാനം പാര്‍ലമെന്റില്‍ നിന്നും ബാക്കി 16 ശതമാനം നിയമജ്ഞര്‍, 9 ശതമാനം മത കേന്ദ്രങ്ങള്‍ (അസ്ഹര്‍ 5 ശതമാനം, ചര്‍ച്ച് 4 ശതമാനം), 7 ശതമാനം തൊഴിലാളികള്‍, 10 ശതമാനം യുവാക്കള്‍-വനിതകള്‍, 10 ശതമാനം പൊതു വ്യക്തിത്വങ്ങള്‍, 8 ശതമാനം പ്രഫഷനല്‍സ്, ഒരു ശതമാനം വീതം സൈന്യവും പോലീസും. പാര്‍ലമെന്റിലെ പ്രാതിനിധ്യവും നിര്‍ണയിക്കപ്പെട്ടിരുന്നു. എഖജ (16 ശതമാനം), നൂര്‍ (7 ശതമാനം), വഫ്ദു (5 ശതമാനം), ബാക്കി പാര്‍ട്ടികള്‍ (9 ശതമാനം) എന്നി ക്രമത്തില്‍ കമ്മിറ്റിയില്‍ അംഗങ്ങള്‍ ആകാവുന്നതാണ്.
പാര്‍ലമെന്റ് പിരിച്ചു വിട്ടതോടൊപ്പം ഭരണ ഘടനാ കമ്മിറ്റിയും പിരിച്ചുവിട്ടതായി സൈന്യം പ്രഖ്യാപിച്ചിരുന്നു. പുതിയ കമ്മിറ്റിയെ സൈന്യം തന്നെ കണ്ടെത്തുമെന്നാണ് പറയുന്നത്. സൈന്യത്തിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ പറ്റുന്നവര്‍ കമ്മിറ്റിയില്‍ വേണമെന്ന ആലോചനയാകും തീരുമാനത്തിനു പിന്നില്‍.

അധികാര കൈമാറ്റം
മുര്‍സിയുടെ വിജയം വിപ്ളവത്തിന്റെ നാള്‍വഴിയില്‍ സമാനതകളില്ലാത്ത വിജയമായി വിലയിരുത്താമെങ്കിലും പുതിയ പ്രസിഡന്റിന്റെ അധികാരങ്ങള്‍ നിര്‍വചിക്കുന്ന ഭരണഘടന ഇനിയും ഉണ്ടാകാനിരിക്കെ, പാര്‍ലമെന്റിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരിക്കെ, തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കാനുള്ള സാധ്യത നിലനില്‍ക്കെ ഒന്നും പ്രവചിക്കാനാവാത്ത നിലയിലാണ്.
പ്രസിഡന്റായി മുന്‍സിയെ അംഗീകരിച്ചാല്‍ തന്നെ, അദ്ദേഹത്തിന്റെ ഓഫീസിനെ വരുതിയില്‍ വരുത്താന്‍ സൈന്യവും ബ്യൂറോക്രസിയും നന്നായി ശ്രമിക്കും. അതിന്റെ സൂചകമായിട്ടാണ് സൈനിക കൌണ്‍സില്‍ ഇറക്കിയ പുതിയ ഓര്‍ഡിനന്‍സ്. അത് പ്രകാരം പ്രസിഡന്റിന്റെ ഓഫീസ് കൈക്കൊള്ളുന്ന സുപ്രധാന തീരുമാനങ്ങളില്‍ സൈന്യവുമായി കൂടിയാലോചിക്കാന്‍ ഒരു സമിതിയെ നിശ്ചയിച്ചിരിക്കുന്നു. സൈന്യത്തിന്റെ പിടുത്തത്തില്‍ നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പ്രസിഡന്റിനെ അനുവദിക്കില്ലെന്നാണ് അത് നല്‍കുന്ന സൂചന.
ജൂണ്‍ അവസാനത്തില്‍ പുതിയ പ്രസിഡന്റിന് അധികാരം കൈമാറുമെന്നാണ് സൈന്യം പറഞ്ഞിരിക്കുന്നത്. അതെത്രത്തോളം നടപ്പിലാകുമെന്ന് കണ്ടറിയണം. അതിനു മടിച്ചുനില്‍ക്കുന്ന സൈന്യത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നല്‍കിയ മുന്നറിയിപ്പ് ഒരു നല്ല സൂചനയായി കാണാമെങ്കിലും കാര്യങ്ങള്‍ ഒട്ടും തന്നെഎളുപ്പമാകില്ല. (21-6-2012)
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അന്നഹ്ല്‍
എ.വൈ.ആര്‍