Prabodhanm Weekly

Pages

Search

2012 ജൂണ്‍ 30

റജാ ഗരോഡി 'ധിക്കാരി'യായ തത്ത്വചിന്തകന്‍

മൂസക്കുട്ടി വെട്ടിക്കാട്ടിരി

അതുല്യ ചിന്തകനെന്ന് ലോകത്തെ പ്രമുഖ ബുദ്ധിജീവികളും സയണിസ്റ്റ് വിരുദ്ധനെന്ന് ഇസ്രയേല്‍ അനുകൂലികളും വിശേഷിപ്പിച്ചിരുന്ന ഫ്രഞ്ച് മുസ്‌ലിം ദാര്‍ശനികന്‍ റജാ ഗരോഡി കഴിഞ്ഞ ജൂണ്‍ 13 ന് പാരീസില്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. ഇസ്‌ലാമിനെക്കുറിച്ച് പതിറ്റാണ്ടിലേറെ നീണ്ട ആഴത്തിലുള്ള പഠന ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഗരോഡി ഇസ്‌ലാം സ്വീകരിച്ചത്. റോജര്‍ എന്ന തന്റെ പേര് ഇസ്‌ലാം ആശ്ലേഷിച്ച ശേഷം“'പ്രതീക്ഷ'’ എന്നര്‍ഥം വരുന്ന റജാ എന്നാക്കി മാറ്റിയിരുന്നു.
രണ്ടാം ലോക യുദ്ധത്തിനുശേഷം ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം അതിവേഗം നേതൃപദവിയിലെത്തി. രണ്ടാം ലോക യുദ്ധത്തില്‍ പിടിക്കപ്പെട്ട് അള്‍ജീരിയയില്‍ 30 മാസത്തോളം ജയില്‍ വാസമനുഭവിച്ചു. അതോടെയാണ് കമ്യൂണിസത്തില്‍ ആകൃഷ്ടനാവുന്നത്. ഗരോഡി പാര്‍ട്ടിക്ക് വേണ്ടി നിരവധി രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്. 50 ലേറെ കനപ്പെട്ട പുസ്തകങ്ങള്‍ തത്ത്വശാസ്ത്രവും മാര്‍ക്‌സിസവും വിഷയമാക്കി അദ്ദേഹം എഴുതിയിട്ടുണ്ട്. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നശേഷം ദേശീയ അസംബ്ലി അംഗം, ഡെപ്യൂട്ടി സ്പീക്കര്‍, സെനറ്റര്‍ തുടങ്ങിയ നിലകളില്‍ തിളങ്ങിയെങ്കിലും 1970ല്‍ ചെക്കോസ്ലോവാക്യയിലെ സോവിയറ്റ് അധിനിവേശത്തെ നിശിതമായി വിമര്‍ശിച്ചത് പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കുള്ള വഴിയൊരുക്കി. തുടര്‍ന്നുളള അന്വേഷണങ്ങളിലാണ് കാത്തലിക് കുടുംബത്തില്‍ ജനിച്ച ഗരോഡി പ്രൊട്ടസ്റ്റന്റായും തിരിച്ചുമുള്ള യാത്രക്കൊടുവില്‍ 1982ല്‍ ഇസ്‌ലാമില്‍ അഭയം കണ്ടെത്തുന്നത്. 1982 ജൂലൈ 2 ന് ജനീവയിലെ ഇസ്‌ലാമിക് സെന്ററില്‍വെച്ചായിരുന്നു ഇസ്ലാമാശ്ലേഷണം.
ഫ്രഞ്ച് മാധ്യങ്ങള്‍ വിശേഷിപ്പിച്ചിരുന്നതുപോലെ റജാ ഗരോഡി എപ്പോഴും 'വയലന്റാ'യിരുന്നു. വായനയും പഠനവും ചിന്തയുമെല്ലാം അദ്ദേഹത്തെ ആ തലത്തിലെത്തിച്ചുവെന്നു പറയാം. ചില ദിവസങ്ങളില്‍ 10 പുസ്തകങ്ങള്‍ വരെ ഗരോഡി വായിക്കുമായിരുന്നത്രെ. ഇസ്‌ലാം സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ എന്തെല്ലാം ബഹുമതികളും അവാര്‍ഡുകളും ഈ മനുഷ്യനെ തേടിയെത്തുമായിരുന്നുവെന്ന് പറയാനാവില്ലെന്നാണ് ഒരു അറബ് പത്ര പ്രവര്‍ത്തകന്‍ നിരീക്ഷിച്ചത്. പക്ഷെ എല്ലാ ഭൗതിക പ്രലോഭനങ്ങളെയും അതിജീവിച്ച് താന്‍ സത്യമെന്നു തിരിച്ചറിഞ്ഞ സരണിയില്‍ സായൂജ്യം കണ്ടെത്തുകയായിരുന്നു അദ്ദേഹം. ചിന്തയുടെയും ഗവേഷണത്തിന്റെയും ലോകത്ത് തന്റേതായ പാത വെട്ടിത്തെളിച്ച് ഏകനായി നടന്നുപോയ ഗരോഡിയെ 'ധിക്കാരി'യായ ചിന്തകനെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശത്രുക്കളും ഒരുപോലെ വിശേഷിപ്പിക്കുന്നത്. മൂര്‍ച്ചയേറിയ തന്റെ തൂലിക കൊണ്ട് ഇരു വിഭാഗത്തെയും അദ്ദേഹം പ്രകോപിപ്പിച്ചു കൊണ്ടേയിരുന്നു.
ഇസ്‌ലാം ആശ്ലേഷിച്ചശേഷം ഫ്രഞ്ച് സമൂഹത്തില്‍ ഒറ്റപ്പെട്ട റജാ ഗരോഡിക്ക് കൂട്ടായത് അറബ് മുസ്‌ലിം ലോകത്തെ പ്രമുഖരുമായുള്ള ബന്ധമായിരുന്നു. ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് ഫ്രഞ്ച് ജനത അഭിമാന ചിഹ്നമായി കണ്ടിരുന്ന ഗരോഡിയുടെ മരണവാര്‍ത്ത പ്രമുഖ ഫ്രഞ്ച് പത്രങ്ങളായ Le Monde, Le Figaro, Liberation, La Croix തുടങ്ങിയവ പോലും വളരെ അപ്രധാനമായാണ് പ്രസിദ്ധീകരിച്ചത്. മിക്ക പത്രങ്ങളും അദ്ദേഹത്തെ അനുസ്മരിച്ചത് 'ഹോളോകോസ്റ്റി'നെ നിഷേധിച്ച വ്യക്തി എന്ന നിലക്കായിരുന്നു. ഏതു മഹാനായ വ്യക്തിയെയും എത്ര കൊച്ചാക്കാനും കെല്‍പ്പുള്ളതാണ് ലോക മാധ്യമ രംഗത്തെ ജൂത സ്വാധീനമെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതായിരുന്നു ഈ സംഭവം. ഗരോഡിയുടെ അവസാന കാലത്തെ പല വിലപ്പെട്ട ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കാന്‍ ഫ്രഞ്ച് പ്രസിദ്ധീകരണാലയങ്ങള്‍ വിമുഖത കാണിച്ചതായി അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പില്‍ പറയുന്നുണ്ട്. പ്രസാധകര്‍ മാത്രമല്ല വിതരണക്കാരും ഭ്രഷ്ട് കല്‍പിച്ചിരുന്നു. ഇസ്രയേലിന്റെ ക്രൂരതകളെ വരച്ചുകാട്ടുന്ന പുസ്തകം പാരീസില്‍ ചുറ്റിക്കറങ്ങി സ്വയം വില്‍പന നടത്തിയതായി അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം ഇസ്രയേല്‍ ഫലസ്ത്വീന്‍ ജനതയോട് കാണിക്കുന്ന ക്രൂരതകള്‍ക്കെതിരെ തൂലികയേന്തിയതും ഹോളോകോസ്റ്റ് മിഥ്യയാണെന്ന് തുറന്നടിച്ചതും ഗരോഡിയെ ശത്രുപക്ഷത്ത് നിറുത്താന്‍ ഇസ്രയേലിനും അനുകൂലികള്‍ക്കും മതിയായ കാരണങ്ങളായിരുന്നു.
1996ല്‍ രചിച്ച 'The Founding Myths of Israeli Politics' എന്ന പുസ്തകമാണ് ഇസ്രയേലിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ജൂതന്‍മാരെ നാസികള്‍ കൊന്നൊടുക്കിയതായി പറയപ്പെടുന്ന ഹോളോകാസ്റ്റിനെ ഇതില്‍ അദ്ദേഹം ശക്തിയായി ചോദ്യം ചെയ്യുന്നു. പ്രചരിപ്പിക്കപ്പെടുന്നപോലെ അത്രയധികം ലക്ഷങ്ങള്‍ അതില്‍ വധിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം സമര്‍ഥിച്ചു. ഇതിനെതിരെ കേസും കോടതിയുമായി ഏറെ നാളുകള്‍ അദ്ദേഹത്തിനെതിരെയുള്ള ജൂതവേട്ട തുടര്‍ന്നു. ചരിത്ര സത്യങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന പ്രസ്തുത ഗ്രന്ഥം ഇംഗ്ലീഷ്, ഇറ്റാലിയന്‍, തുര്‍ക്കി, അറബിക്, ജര്‍മന്‍, റഷ്യന്‍ തുടങ്ങി വിവിധ ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ലബനാനിലെ ഫലസ്ത്വീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേലിന്റെ 'ശബ്‌റ ശത്തീല' കൂട്ടക്കൊലക്ക് ശേഷം പ്രസിദ്ധ ഫ്രഞ്ച് പത്രമായ ലേ മോന്‍ദില്‍ ഗരോഡി 'ലബനാന്‍ കൂട്ടക്കൊലയോടെ വെളിവായ ഇസ്രലേല്‍ ക്രൂരത' എന്ന പേരില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതോടെയാണ് ജൂതലോബി അദ്ദേഹത്തെ മുഖ്യ ശത്രുക്കളുടെ ഗണത്തില്‍പ്പെടുത്തിയത്. യൂറോപ്പിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച ഗീര്‍വാണങ്ങള്‍ക്ക് റജാ ഗരോഡി തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ മറുപടി പറയുന്നുണ്ട്. 'ആവിഷ്‌കാര സ്വാതന്ത്ര്യം ചില മിത്തുകളുടെ തമസ്‌കരണത്തിന് തയാറായെങ്കില്‍ മാത്രമാണെന്നും ചിലരെ അസ്വസ്ഥമാക്കുന്ന തുറന്നു പറച്ചില്‍ അസഹനീയമായിക്കാണുന്ന സാഹചര്യം യൂറോപ്പിലെ ബുദ്ധിജീവികളില്‍പോലും നിലനില്‍ക്കുന്നുവെന്നും' അദ്ദേഹം തുറന്നെഴുതി.
ലോകത്തെവിടെ ചെന്നാലും 'ഹീറോ'യുടെ വരവേല്‍പ്പാണ് ഈ ചിന്തയുടെ സൂര്യനക്ഷത്രത്തിന് ലഭിച്ചിരുന്നത്. ഇസ്‌ലാം ആശ്ലേഷിച്ച ശേഷം മിക്കവാറും എല്ലാ അറബ് മുസ്‌ലിം രാജ്യങ്ങളും ഗരോഡി സന്ദര്‍ശിച്ചു. കയ്‌റോവില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തുകയും 'അല്‍ അഹ്‌റാം' പത്രത്തില്‍ ലേഖനങ്ങള്‍ എഴുതുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഏതാനും പുസ്തകങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഫലസ്ത്വീന്‍ അധിനിവേശത്തി നെതിരെ അദ്ദേഹം നടത്തിയ അക്കാദമിക പഠനങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇസ്‌ലാമിന്റെ വാഗ്ദാനങ്ങള്‍, ഇസ്‌ലാം ഭാവിയുടെ ദര്‍ശനം, പള്ളി ഇസ്‌ലാമിന്റെ കണ്ണാടി, ഇസ്‌ലാമും പാശ്ചാത്യ സംഘര്‍ഷവും, സംസ്‌കാരങ്ങളുടെ സംവാദം, എങ്ങനെ യഥാര്‍ഥ മനുഷ്യനാകാം, ഫലസ്ത്വീന്‍ ദൈവിക സന്ദേശങ്ങളുടെ സംഗമ സ്ഥാനം, സ്ത്രീയുടെ ഭാവി തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിനെയും സംസ്‌കാരങ്ങളെയും കുറിച്ച് ഗരോഡി നടത്തിയ രചനകളാണ്. അദ്ദേഹത്തിന്റെ 'സിയോണിസ'വും 'മാര്‍ക്‌സിസവും കലയും' മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിനെയും അതിന്റെ ചിഹ്നങ്ങളെയും യൂറോപ്പ് തെറ്റായി ചിത്രീകരിക്കുന്നതായി റജാ ഗരോഡി തന്റെ പ്രഭാഷണങ്ങളിലും എഴുത്തിലും പരാതിപ്പെട്ടിരുന്നു. സുഡാനിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതാവ് ഡോ. ഹസന്‍ അല്‍തുറാബിയെ സന്ദര്‍ശിച്ച ശേഷം യൂറോപ്യന്‍ മാധ്യമങ്ങള്‍ വരച്ചുകാട്ടിയതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ വ്യക്തിത്വമാണ് അദ്ദേഹമെന്ന് ഗരോഡി എഴുതി.
ഒന്നാം ലോക യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു റജാ ഗരോഡിയുടെ ജനനം. അതിനു ശേഷം നടന്ന ലോകത്തെ അതിപ്രധാനങ്ങളായ സംഭവ വികാസങ്ങള്‍ക്ക് സാക്ഷികളായ യൂറോപ്യന്‍ ചിന്തകരില്‍ പ്രധാനിയായിരുന്നു റജാ ഗരോഡി. റഷ്യയിലെ കമ്യൂണിസ്റ്റ് വിപ്ലവം, ജര്‍മന്‍ നാസിസത്തിന്റെ വളര്‍ച്ച, രണ്ടാം ലോക യുദ്ധം തുടങ്ങി രക്തരൂഷിതവും വിപ്ലവകരവുമായ മാറ്റങ്ങള്‍ കണ്ടും അറിഞ്ഞും ചിന്തകളെ മൂര്‍ച്ച കൂട്ടിയ ഗരോഡി അന്വേഷണങ്ങളുടെ ലോകത്താണ് കഴിഞ്ഞു കൂടിയത്. 'ഇസ്‌ലാം റോജര്‍ ഗരോഡിയുടെ അവസാനത്തെ അത്താണിയാകാനിടയില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ ഇസ്‌ലാം ആശ്ലേഷത്തെക്കുറിച്ച് ഫ്രഞ്ച് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇസ്‌ലാമില്‍ 'അടങ്ങിയിരിക്കാന്‍' ഗരോഡിക്കായില്ല എന്നത് നേരാണ്. ഗരോഡി യാദൃഛികമായി ഇസ്‌ലാമില്‍ എത്തിപ്പെട്ടതുമല്ല. ചിന്തകളുടെ ലോകത്ത് വിഹരിച്ച് ആശയങ്ങളില്‍നിന്നും ആശയങ്ങളിലേക്കുള്ള തീര്‍ഥയാത്രക്കൊടുവില്‍ താന്‍ തേടിക്കൊണ്ടിരിക്കുന്നത് ഇസ്‌ലാമിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

നായിഫ് ബിന്‍ അബ്ദില്‍ അസീസ്
നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത്‌

റജലുല്‍ മുഹിമ്മാത്ത് അസ്സ്വഅ്ബ - പ്രയാസകരമായ ദൌത്യങ്ങള്‍ കൈയേല്‍ക്കുന്നവന്‍. അങ്ങനെയാണ് നാട്ടുകാരും പ്രാദേശിക മാധ്യമങ്ങളും നായിഫ് ബിന്‍ അബ്ദില്‍ അസീസ് രാജകുമാരനെ വിളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ നായിഫ് രാജകുമാരന്റെ ആകസ്മിക നിര്യാണം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അത്തരം പദപ്രയോഗങ്ങള്‍ നിരത്തിയായിരുന്നു. കാരുണ്യത്തിന്റെ നനവും കാര്‍ക്കശ്യത്തിന്റെ പരുഷതയും വിവേകത്തിന്റെ ശക്തിയും നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്തും സാധാരണക്കാരോടുള്ള മമതയും എല്ലാം സമ്മിശ്രമായി സമ്മേളിച്ച വ്യതിരിക്ത വ്യക്തിത്വത്തിന്റെ ഉടമ. അതായിരുന്നു സുഊദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന നായിഫ് ബിന്‍ അബ്ദില്‍ അസീസ് രാജകുമാരന്‍. ജൂണ്‍ 16-ന് ശനിയാഴ്ച രാവിലെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഏറെ നാളുകളായി രോഗ ബാധിതനായിരുന്നുവെങ്കിലും 78 ാം വയസ്സിലും ചുറുചുറുക്കോടെ കര്‍മനിരതനായിരുന്നു അദ്ദേഹം. ചികിത്സക്കിടെ ജനീവയില്‍ വെച്ചുണ്ടായ അപ്രതീക്ഷിത അന്ത്യം സുഊദി അറേബ്യയെപോലെ ലോകവും ഞെട്ടലോടെയാണ് ശ്രവിച്ചത്. വിവിധങ്ങളായ നിയോഗങ്ങളേറ്റെടുത്ത് നീണ്ട 60 വര്‍ഷം സുഊദി അറേബ്യയുടെ ഭരണരംഗത്ത് കരുത്തുറ്റ സാന്നിധ്യമായിരുന്നു അമീര്‍ നായിഫ്. ഏറെ പ്രാധാന്യമര്‍ഹിക്കുന്ന രിയാദ് ഗവര്‍ണര്‍ പദവിയില്‍ നിയമിതനായതു മുതല്‍ നിരവധി ഔദ്യോഗിക ചുമതലകള്‍ വഹിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ സുല്‍ത്താന്‍ ബിന്‍ അബ്ദില്‍ അസീസ് രാജകുമാരന്റെ വിയോഗത്തോടെ കിരീടാവകാശിയും ഉപപ്രധാന മന്ത്രിയുമായി. അവസാന നിമിഷംവരെയും സുഊദി അറേബ്യയുടെ രാഷ്ട്രീയ ഭരണ തലങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. മറ്റെന്തിനെക്കാളും ഒരുപക്ഷേ നായിഫ് രാജകുമാരന്റെ സുഊദി ആഭ്യന്തര മന്ത്രി എന്ന നിലക്കുള്ള 37 വര്‍ഷം നീണ്ട സേവനമായിരിക്കും ഏറെ ശ്രദ്ധിക്കപ്പെടുക. ആഭ്യന്തര മന്ത്രിയെന്ന പദവി ഒരാള്‍ 37 വര്‍ഷം കൈയാളുകയെന്നത് ലോകത്ത് തന്നെ അപൂര്‍വമാണ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഇക്കാലത്ത് നായിഫ് രാജകുമാന്‍ സ്വീകരിച്ച കൃത്യവും കര്‍ക്കശവുമായ നിലപാടുകള്‍ ലോകശ്രദ്ധ പിടിച്ചുപറ്റി.
തീവ്രവാദത്തോട് സന്ധിയില്ലാ സമരം നടത്തി രാഷ്ട്ര ശരീരത്തില്‍നിന്ന് അതിന്റെ വേരുകള്‍ പിഴുതെറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 2003-ലും 2006-ലും രാജ്യത്തെ നടുക്കിയ ഭീകരാക്രമണങ്ങളെത്തുടര്‍ന്ന് അത്തരം പ്രവണതകളെ നേരിടുന്നതില്‍ ഫലപ്രദമായ നടപടി സ്വീകരിച്ചു. നായിഫ് രാജകുമാരന്റെ പഴുതടച്ച സുരക്ഷാ നടപടികള്‍ക്ക് ശേഷം രാജ്യത്ത് പ്രതിലോമകാരികള്‍ക്ക് തലപൊക്കാനായില്ല. രാജ്യനിവാസികളും സുരക്ഷാ സ്ഥാപനങ്ങളും തമ്മില്‍ ദൃഢമായൊരു ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത് തീവ്രവാദം അതിന്റെ സ്രോതസ്സില്‍നിന്നുതന്നെ ഉന്മൂലനം ചെയ്യുന്നതിന് സഹായകമായി. ശത്രുതയുടെ ഭാഷക്ക് പകരം സൌഹാര്‍ദത്തിന്റെ ഭാഷയിലൂടെ തീവ്രവാദ ചിന്താഗതികളിലെത്തിപ്പെട്ട പല യുവാക്കളുടെയും മനസ്സ് മാറ്റിയെടുക്കാന്‍ നായിഫ് രാജകുമാരന്റെ സ്ട്രാറ്റജിക്ക് കഴിഞ്ഞു. മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് നായിഫ് രാജകുമാരന്‍ പ്രത്യേക പദ്ധതികള്‍ തന്നെ ആസൂത്രണം ചെയ്തു നടപ്പാക്കിയിരുന്നു. അന്താരാഷ്ട്ര തലത്തിലും നായിഫ് രാജകുമാരന്‍ തന്റെ ആഭ്യന്തര മന്ത്രാലയ മികവില്‍ ഏറെ പ്രശസ്തനായിരുന്നു. ലോക മാധ്യമങ്ങളില്‍ നായിഫ് രാജകുമാരന്റെ ഭരണപാടവം ചര്‍ച്ച ചെയ്യപ്പെട്ടു. സുഊദി അറേബ്യയുടെ ഇന്നത്തെ ശാന്തി പൂര്‍ണമായ അന്തരീക്ഷത്തിന് അമീര്‍ നായിഫിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. സാധാരണ കേട്ടുവരാറുള്ള രാജ്യ സുരക്ഷയെക്കുറിച്ച പഠന ഗവേഷണങ്ങള്‍ക്കപ്പുറം അത് പ്രായോഗികമായി നടപ്പാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അതോടൊപ്പം കാര്യങ്ങള്‍ ശാന്തമായി കേള്‍ക്കാനും അദ്ദേഹം സന്നദ്ധനായി. ആഭ്യന്തര മന്ത്രാലയത്തിലെ അദ്ദേഹത്തിന്റെ ഓഫീസ് വാതിലുകള്‍ എപ്പോഴും തുറന്നിട്ടു. മാധ്യമങ്ങളുമായി അടുപ്പം പുലര്‍ത്തുകയും ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് സ്വദേശികള്‍ക്കും രാജ്യത്ത് തൊഴിലെടുക്കുന്നവര്‍ക്കും വിവര സുതാര്യത ഉറപ്പുവരുത്തകയും ചെയ്തു.
സുരക്ഷാ പഠനങ്ങള്‍ക്ക് പ്രത്യേകം സര്‍വകലാശാല തന്നെ സ്ഥാപിച്ചു. വിവിധ സര്‍വകലാശാലകളില്‍ ഗവേഷണ പഠന ചെയറുകള്‍ സ്ഥാപിച്ചും ഖുര്‍ആന്‍-ഹദീസ് പഠനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ സഹായകമായ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയും വൈജ്ഞാനിക രംഗത്തും വിലപ്പെട്ട സംഭാവനകള്‍ നല്‍കി.
അല്ലാഹുവിന്റെ അതിഥികളായെത്തുന്ന ഹജ്ജ്-ഉംറ തീര്‍ഥാടകരുടെ സുരക്ഷാകാര്യങ്ങളില്‍ നായിഫ് രാജകുമാരന്‍ അതീവ തല്‍പരനായിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്ന് ലക്ഷങ്ങള്‍ ഒഴുകിയെത്തുന്ന ഹജ്ജ് വേളകളില്‍ സുരക്ഷാ കാര്യങ്ങള്‍ക്ക് അദ്ദേഹം തന്നെ നേരിട്ട് നേതൃത്വം നല്‍കി. ഹജ്ജ് ഉന്നതാധികാര സമിതി അധ്യക്ഷന്‍ എന്ന നിലക്ക് ഹജ്ജ് വേളകളില്‍ പുണ്യഭൂമിയില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തുകയും മനുഷ്യസാധ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്തു.
ഭരണപരമായ പദവികള്‍ക്കപ്പുറം നിരവധി സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗങ്ങളില്‍ നേതൃപരമായ പദവി അമീര്‍ നായിഫ് അലങ്കരിച്ചിരുന്നു. വിവിധ ജീവകാരുണ്യ സംരംഭങ്ങള്‍ സ്ഥാപിക്കാനും അവക്ക് സാരഥ്യം വഹിക്കാനും അദ്ദേഹം മുന്നോട്ടുവന്നു. ഫലസ്ത്വീന്‍ ജനതയെയും യുദ്ധക്കെടുതി അനുഭവിക്കുന്നവരെയും സഹായിച്ചു. ദാരിദ്യ്ര നിര്‍മാര്‍ജനം, വികലാംഗരുടെയും ദരിദ്രരുടെയും രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരുടെയും കുടുംബങ്ങളുടെ പുനരധിവാസം, യതീം സംരക്ഷണം, ഉന്നത വിദ്യാഭ്യാസ സഹായം, ദരിദ്രര്‍ക്കുള്ള പാര്‍പ്പിട പദ്ധതി, ചികിത്സാ പദ്ധതി, കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി ജനകീയ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായിരുന്നു. അതോടൊപ്പം അന്താരാഷ്ട്ര തലങ്ങളില്‍ അഫ്ഗാനിലെയും കൊസോവൊ-ശീശാന്‍ തുടങ്ങിയ രാജ്യങ്ങളിലെയും ജനതക്ക് സഹായമെത്തിച്ചും ഇന്തോനേഷ്യയിലും മറ്റുമുണ്ടായ സുനാമി ദുരന്ത ബാധിതരെ പുനരധിവസിപ്പിച്ചും ഭൂകമ്പം തകര്‍ത്ത രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സഹായമെത്തിച്ചും അമീര്‍ നായിഫ് തന്റെ പ്രതിബദ്ധത നിറവേറ്റി.
1934-ല്‍ ത്വായിഫിലാണ് ജനനം. സുഊദി സ്ഥാപകനായ പിതാവ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുര്‍റഹ്മാന്റെ പ്രത്യേക പരിചരണത്തില്‍ പ്രഗത്ഭ പണ്ഡിതന്മാരുടെ കീഴില്‍ മതവിദ്യാഭ്യാസം. അറബ് സാഹിത്യത്തിലും കവിത, രാഷ്ട്രമീമാംസ, ഭരണ കാര്യങ്ങള്‍ തുടങ്ങി വിവിധ വിജ്ഞാന ശാഖകളിലും നൈപുണ്യം നേടി. അതുകൊണ്ടുതന്നെ വിവിധ വിഭാഗങ്ങളില്‍ പെട്ടവരോട് ഇടപഴകാനും അവരുടെ മനസ്സില്‍ സ്ഥാനം നേടാനും അദ്ദേഹത്തിനു കഴിഞ്ഞു. മരണ വാര്‍ത്ത പുറത്തുവന്ന ഉടനെ ഒഴുകിയെത്തിയ ലോക രാഷ്ട്ര നേതാക്കളുടെ ഹൃദയം തൊട്ടുള്ള അനുശോചന പ്രവാഹം അമീര്‍ നായിഫിനോട് അവര്‍ക്കുള്ള ബഹുമാനവും ആദരവും വ്യക്തമാക്കുന്നതായിരുന്നു. ജൂണ്‍ 17-ന് ഞായറാഴ്ച മഗ്രിബ് നമസ്കാരാനന്തരം മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിനുശേഷം നായിഫ് രാജകുമാരന്റെ മയ്യിത്ത് മക്കയിലെ 'അല്‍അദ്ല്‍' മഖ്ബറയില്‍ ഖബറടക്കി.

വിജ്ഞാനകോശം 11-ാം വാള്യം പ്രകാശനം ചെയ്തു

മലപ്പുറം: ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശ പരമ്പര ഇസ്ലാമുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സത്യസന്ധമായ വിവരണമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പ്രസ്താവിച്ചു. ഇസ്ലാമിക വിജ്ഞാനകോശം 11-ാം വാള്യം മലപ്പുറത്ത് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ഹാളില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തക വായന ഇ-വായനയിലേക്ക് തിരിഞ്ഞ ഇക്കാലത്ത് ഇസ്ലാമിക രചനകളും മുസ്ലിംകളെക്കുറിച്ച ചര്‍ച്ചകളുമാണ് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നത്. ഇസ്ലാമിക വിജ്ഞാനകോശ നിര്‍മിതി വിശാലമായ ഇസ്ലാമിക സേവനമാണ്- അദ്ദേഹം അഭിപ്രായപ്പെട്ടു.
കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബി വിഭാഗം മേധാവി ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിറാണ് വിജ്ഞാനകോശം ഏറ്റുവാങ്ങിയത്. കേരളത്തിലെ ഒരു ഇസ്ലാമിക പ്രസ്ഥാനത്തിനു കീഴില്‍ പ്രസിദ്ധീകൃതമാകുന്ന വിജ്ഞാനകോശം ഇതര പ്രസ്ഥാനങ്ങളെ പരാമര്‍ശിക്കുമ്പോഴും തികഞ്ഞ പ്രതിപക്ഷ ബഹുമാനം പുലര്‍ത്തുന്നുവെന്നത് മാതൃകാപരമാണ്. അറബി അക്ഷരങ്ങള്‍ക്ക് തത്തുല്യമായി മലയാളത്തില്‍ ഒരു ലിപ്യന്തരണ ശൈലി കൊണ്ടുവന്ന് അറബി ഭാഷയോട് നീതി പുലര്‍ത്തിയതും മഹത്തായ കാര്യമാണ്- എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ ചൂണ്ടിക്കാട്ടി.
ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ അഹ്മദ് കുട്ടി, മദീനത്തുല്‍ ഉലൂം അറബി കോളേജ് പ്രിന്‍സിപ്പല്‍ സയ്യിദ് മുഹമ്മദ് ശാക്കിര്‍, ശാന്തപുരം അല്‍ ജാമിഅ ഡയറക്ടര്‍ അബ്ദുല്ലാ മന്‍ഹാം, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, ജ.ഇ മലപ്പുറം ജില്ലാ പ്രസിഡന്റ് എ. അബ്ദുല്ല ആശംസകളര്‍പ്പിച്ചു. ഇസ്ലാമിക വിജ്ഞാനകോശം എക്സിക്യൂട്ടീവ് എഡിറ്റര്‍ ഡോ. എ.എ ഹലീം സമര്‍പ്പണ പ്രസംഗം നടത്തി. ടി.കെ ഫാറൂഖ് സ്വാഗതവും കെ.ടി ഹുസൈന്‍ നന്ദിയും പറഞ്ഞു. സി.എച്ച് സാജിദ് ഖിറാഅത്ത് നടത്തി.

എസ്.ഐ.ഒ
സ്കൂള്‍ കാമ്പയിന് തുടക്കം

കാസര്‍കോട്: 'വിദ്യാര്‍ഥികള്‍ക്ക് അവരെക്കുറിച്ച് പറയാനുള്ളത് മറ്റൊന്നാണ്' എന്ന പ്രമേയത്തില്‍ എസ്.ഐ.ഒ സംഘടിപ്പിക്കുന്ന സ്കൂള്‍ കാമ്പയിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് പടന്ന ഐ.സി.ടി ഇംഗ്ളീഷ് സ്കൂളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സമീര്‍ നീര്‍ക്കുന്നം സ്കൂള്‍ വിദ്യാര്‍ഥി റംനാസിന് അംഗത്വ കാര്‍ഡ് നല്‍കി നിര്‍വഹിച്ചു. എസ്.ഐ.ഒ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വി.പി ശാക്കിര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സല്‍മാന്‍ സയ്യിദ് കാമ്പയിന്‍ വിശദീകരിച്ചു. ഐ.സി.ടി സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.എച്ച് റഫീഖ് നദ്വി, സ്കൂള്‍ മാനേജര്‍ ടി.കെ.എം അബ്ദുല്‍ ഖാദര്‍, യൂനുസ്, ജാസ്മിന്‍, അഫ്സല്‍, ജസീറ സംസാരിച്ചു. റാഷിദ് മുഹ്യിദ്ദീന്‍ സ്വാഗതവും മുനീബ് നന്ദിയും പറഞ്ഞു.

'പണിപ്പുര 2012'
സമാപിച്ചു

കോഴിക്കോട്: മലര്‍വാടി എസ്.ആര്‍.ജി അംഗങ്ങള്‍ക്കും ഏരിയാ, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും വേണ്ടി രണ്ട് മേഖലകളിലായി നാലു ദിവസത്തെ ശില്‍പശാല സംഘടിപ്പിച്ചു. അസ്ഹറുല്‍ ഉലൂം ആലുവ(എറണാകുളം), വിറാസ് വിളയന്‍കോട് (കണ്ണൂര്‍) എന്നിവിടങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പില്‍ ടി. ആരിഫലി, വി.കെ ഹംസ അബ്ബാസ്, ടി.കെ മുഹമ്മദലി സംബന്ധിച്ചു. അബ്ബാസ് വി. കൂട്ടില്‍, മുസ്ത്വഫ മങ്കട, നാസര്‍ കറുത്തേനി, മഹ്മൂദ് ശിഹാബ്, ജമീല്‍ അഹ്മദ്, പി. ഇഖ്ബാല്‍, അന്‍സാര്‍ നെടുമ്പാശ്ശേരി, എസ്. കമറുദ്ദീന്‍, മുജീബുര്‍റഹ്മാന്‍, എം.എച്ച് റഫീഖ്, പി.എ ഫൈസല്‍, ഹബീബുര്‍റഹ്മാന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം കൊടുത്തു.

ഇസ്ലാം ഓണ്‍ലൈവിന്
പ്രൌഢോജ്ജ്വല തുടക്കം

കോഴിക്കോട്: ദേശീയവും അന്തര്‍ദേശീയവുമായ ഇസ്ലാമിക ചലനങ്ങളും വിശകലനങ്ങളും തല്‍സമയം ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടി ആരംഭിച്ച ഇസ്ലാം ഓണ്‍ലൈവ് മലയാളി സമൂഹത്തിന് സമര്‍പ്പിച്ചു. കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നിര്‍വഹിക്കപ്പെട്ട ഉദ്ഘാടന പരിപാടി മുസ്ലിം സാംസ്കാരിക കൂട്ടായ്മയുടെ വിളംബരമായി. ഡി4 മീഡിയക്ക് കീഴിലാണ് മലയാളത്തിലെ സമ്പൂര്‍ണ്ണ ഇസ്ലാമിക് പോര്‍ട്ടലായ ഇസ്ലാം ഓണ്‍ലൈവ് തയാറാക്കപ്പെട്ടത്. 14 വ്യക്തികള്‍ ശഹെമാീിഹശ്ല.ശി ലെ ഓരോ അക്ഷരവും ക്ളിക്ക് ചെയ്യുകയും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി ആരിഫലി എന്റര്‍ കീ അമര്‍ത്തുകയും ചെയ്ത് കൊണ്ടായിരുന്നു സൈറ്റിന്റെ തുടക്കം.
കേരളത്തിലെ എഴുത്തുകാരുടെയും ചിന്തകരുടെയും ദിശ നിര്‍ണിയിക്കുകയാണ് ഇസ്ലാം ഓണ്‍ലൈവിന്റെ ദൌത്യമെന്ന് ടി.ആരിഫലി വ്യക്തമാക്കി. സംഘടനാ പക്ഷപാതിത്വങ്ങളില്‍ നിന്ന് കേരള മുസ്്ലിം സമൂഹം പുറത്ത് വരണമെന്നാണ് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നതെന്ന് അധ്യക്ഷ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പൊതുവേദിയാണ് ഇസ്ലാം ഓണ്‍ലൈവെന്നും അതിനാല്‍ മുഴുവന്‍ സംഘടനകളും ഇതിന്റെ ഉപഭോക്താക്കളാവണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പരിശുദ്ധ ഇസ്ലാമിനെയും അതിന്റെ മഹത്തായ മൂല്യങ്ങളെയും സമൂഹത്തിന് സമര്‍പ്പിക്കാന്‍ സൈറ്റിന് സാധിക്കട്ടെ എന്ന് ടി.പി. അബ്ദുല്ലക്കോയ മദനി ആശംസിച്ചു.
ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, നാസര്‍ ഫൈസി കൂടത്തായി, ചേറൂര്‍ അബ്ദുല്ല മുസ്ലിയാര്‍, ഡോ. ഫസല്‍ ഗഫൂര്‍, അബുല്‍ ഖൈര്‍ മൌലവി, എ.പി അബ്ദുല്‍ വഹാബ്, ഔസാഫ് അഹ്സന്‍, പി.കെ. അഹ്മദ്, നിഷാദ്, പി. മുഹമ്മദ് അശ്റഫ്, റസൂല്‍ ഗഫൂര്‍, അബ്ദുല്ല മന്‍ഹാം ആശംസകളര്‍പ്പിച്ചു. ഇസ്ലാം ഓണ്‍ലൈവ് ലോക ഇസ്ലാമിക ചലനങ്ങളിലേക്കുള്ള ഒരു വാതായനമാണെന്ന് സ്വാഗത പ്രഭാഷണത്തില്‍ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. അന്തര്‍ദേശീയ ദേശീയ വാര്‍ത്തകളോടൊപ്പം പ്രാദേശികതലങ്ങളിലെ വ്യത്യസ്ത മതസംഘടനകളുടെ ശ്രദ്ധേയമായ വാര്‍ത്തകളും സൈറ്റ് വായനക്കാരിലേക്കെത്തിക്കുന്നു. ക്രിയാത്മകമായ എല്ലാ രചനകളും സൈറ്റിലൂടെ പ്രകാശിതമാവുമെന്നും വാര്‍ത്തകള്‍ക്കു പുറമേ നിരീക്ഷണങ്ങളും പഠനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.എ അനീസ് ഖിറാഅത്ത് നടത്തി. ഡി ഫോര്‍ മീഡിയ ഡയറക്ടര്‍ വി.കെ അബ്ദു നന്ദി പറഞ്ഞു.

പി.എസ്.സി
വണ്‍ടൈം രജിസ്ട്രേഷന്‍

പേരാമ്പ്ര: സോളിഡാരിറ്റി പേരാമ്പ്ര ഘടകത്തിന്റെയും സാരഥി ജനസേവന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പി.എസ്.സി വണ്‍ടൈം രജിസ്ട്രേഷന്‍ പരിശീലനവും സംശയ നിവാരണവും നടത്തി. വാര്‍ഡ് മെമ്പര്‍ രാജശ്രി ഉദ്ഘാടനം ചെയ്തു. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 9400389231 എന്ന നമ്പറില്‍ ബന്ധപ്പെടാം.

വായനാദിന മത്സരങ്ങള്‍ 

കോഴിക്കോട്: ജി.ഐ.ഒ കേരള വായനാദിനത്തോടനുബന്ധിച്ച് ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, കാമ്പസ് വിദ്യാര്‍ഥിനികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഹയര്‍സെക്കന്ററി വിദ്യാര്‍ഥിനികള്‍ക്ക് പുസ്തക നിരൂപണവും കാമ്പസ് വിദ്യാര്‍ഥിനികള്‍ക്ക് ഉപന്യാസ രചനയും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രശ്നോത്തരിയുമാണ് നടത്തുന്നത്. രചനകള്‍ ജൂലൈ 20-ന് മുമ്പ് താഴെ പറയുന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. ജൂലൈ 14-ന് ജില്ലാ ആസ്ഥാനങ്ങളിലായിരിക്കും പ്രശ്നോത്തരി മത്സരം.
വിലാസം: സെക്രട്ടറി, ജി.ഐ.ഒ കേരള, ഹിറാസെന്റര്‍, പി.ബി.നമ്പര്‍-833, മാവൂര്‍ റോഡ്, കോഴിക്കോട്- 673 004. ഫോണ്‍: 0495 2721655.mail: [email protected]

യാത്രയയപ്പ് നല്‍കി

വെള്ളിമാട്കുന്ന്: ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം പ്രബോധനം വാരികയുടെ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍നിന്ന് വിരമിക്കുന്ന എം.സി ബീരാന്‍കുട്ടിക്ക് യാത്രയയപ്പ് നല്‍കി. മലപ്പുറം ജില്ലയിലെ മോങ്ങം ചെറുപുത്തൂര്‍ സ്വദേശിയായ എം.സി 1984 ലാണ് പ്രബോധനം വാരികയിലെത്തിയത്.
പ്രബോധനം പത്രാധിപര്‍ ടി.കെ ഉബൈദ് അധ്യക്ഷത വഹിച്ചു. പ്രബോധനം മാനേജര്‍ കെ. ഹുസൈന്‍ ആമുഖം പറഞ്ഞു. വി.എ കബീര്‍, കെ.ടി ഹുസൈന്‍, പി.എ.എം ഹനീഫ്, പി.എ നാസിമുദ്ദീന്‍, സദ്റുദ്ദീന്‍ വാഴക്കാട് സംസാരിച്ചു. ഹസനുല്‍ബന്ന ഖിറാഅത്തും അശ്റഫ് കീഴുപറമ്പ് സമാപനവും നടത്തി. എം.സി ബീരാന്‍കുട്ടി മറുപടി പ്രസംഗം നിര്‍വഹിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അന്നഹ്ല്‍
എ.വൈ.ആര്‍