Prabodhanm Weekly

Pages

Search

2012 ജൂണ്‍ 30

ഗുജറാത്ത് കലാപാനന്തര കാലത്തെ നിയമ പോരാട്ടങ്ങള്‍

അഡ്വ. മുകുള്‍ സിന്‍ഹ

ഫിസിക്കല്‍ റിസര്‍ച്ച് സെന്ററില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന താങ്കള്‍ തികച്ചും വ്യത്യസ്തമായ നിയമപോരാട്ട മേഖലയിലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണ്?
ഐ.ഐ.ടിയിലെ പഠനത്തിനുശേഷം ഗവേഷണത്തിന് വേണ്ടിയാണ് ഞാന്‍ ഫിസിക്കല്‍ റിസര്‍ച്ച് സെന്ററില്‍ എത്തിയത്. തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി ട്രേഡ് യൂനിയനുകളെ ശക്തിപ്പെടുത്തുന്നതിലായിരുന്നു ഞാന്‍ ആദ്യം ശ്രദ്ധയൂന്നിയത്. ഞാനൊരിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ കോമ്പൌണ്ടിലേക്ക് കടക്കുമ്പോള്‍ വിശ്രമസമയത്ത് ഗേറ്റിനടുത്ത് കിടന്നിരുന്ന ഒരു തൊഴിലാളിയെ ഒരു സൂപ്പര്‍വൈസര്‍ ചവിട്ടി എഴുന്നേല്‍പ്പിക്കുന്നത് കണ്ടു. ഞാനയാളെ ചോദ്യം ചെയ്തപ്പോള്‍, നീയൊരു വിദ്യാര്‍ഥിയാണ്; സെന്ററിന്റെ ഭരണ കാര്യങ്ങളില്‍ ഇടപെടേണ്ട എന്ന താക്കീതായിരുന്നു അയാളില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും എനിക്ക് കിട്ടിയത്. തൊഴില്‍ ഇടവേളയില്‍ വിശ്രമിക്കുന്നയാളെ ഉപദ്രവിക്കുന്നത് എന്ത് ഭരണനിര്‍വഹണമാണെന്ന എന്റെ ചോദ്യത്തിന് മറുപടി ഇല്ലായിരുന്നു. ഇത്രയും ഉന്നതമായ ഒരു സ്ഥാപനം ഒരു പൌരനോട് പെരുമാറുന്ന രീതി എന്നെ വേദനിപ്പിച്ചു. ശക്തമായ എതിര്‍പ്പിനിടയിലും ആയിടെ അവിടെ രൂപീകരിക്കപ്പെട്ട ട്രേഡ് യൂനിയനെ ശക്തിപ്പെടുത്തുന്നതിന് അതെനിക്ക് പ്രേരണയായി.

'ജനസംഘര്‍ഷ് മഞ്ചി'നെ കുറിച്ച് വിശദീകരിക്കാമോ?
1990-ലാണ് ജനസംഘര്‍ഷ് മഞ്ച് രൂപവത്കരിച്ചത്. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനവും പരിസ്ഥിതി-പൌരാവകാശ പ്രശ്നങ്ങളുമായിരുന്നു തുടക്കത്തില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ച വിഷയങ്ങള്‍. 2002-ലെ ഗുജറാത്ത് കലാപത്തിന് ശേഷം ഇരകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളില്‍ ശ്രദ്ധയൂന്നി. ഭൂരിപക്ഷം സംഘടനകളും പകച്ചുനില്‍ക്കുകയോ സര്‍ക്കാര്‍ നിയോഗിച്ച നാനാവതി കമീഷന്‍ അടക്കമുള്ള അന്വേഷണ ഏജന്‍സികളില്‍ പ്രതീക്ഷയില്ലാതിരുന്നതിനാല്‍ നിസ്സഹകരിക്കുകയോ ചെയ്ത സാഹചര്യത്തില്‍ ഇരകളെ ഇത്തരം ഏജന്‍സികള്‍ക്കു മുമ്പില്‍ സാക്ഷികളായി എത്തിക്കാനും അവരുടെ വിശദീകരണങ്ങളും തെളിവുകളും വെളിച്ചത്തു കൊണ്ടുവരാനും 'ജനസംഘര്‍ഷ് മഞ്ച്' മാത്രമേ ആദ്യ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നുള്ളൂ. മറ്റു സംഘടനകള്‍ പിന്നീടാണ് ഇതിന്റെ പ്രാധാന്യം തിരിച്ചറിയുകയും രംഗത്തുവരികയും ചെയ്തത്. 11 നിയമപോരാളികളുള്ള ഞങ്ങളുടെ സംഘത്തില്‍ ഒരാള്‍ മാത്രമാണ് മുസ്ലിം. നാനാവതി കമീഷനു മുന്നില്‍ 60ഓളം സാക്ഷികളെ ഹാജരാക്കി ക്രോസ് വിസ്താരത്തിലൂടെ സര്‍ക്കാറിന്റെ വ്യാജസാക്ഷികളുടെ കള്ളത്തരങ്ങള്‍ പുറത്ത് കൊണ്ടുവരാനും സാധിച്ചത് മികച്ച നേട്ടമായി കരുതുന്നു.

സബര്‍മതി എക്സ്പ്രസ് സംഭവത്തെ എങ്ങനെ വിലയിരുത്തുന്നു?
അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന 1700-ഓളം കര്‍സേവകരുമായി സബര്‍മതി എകസ്പ്രസ് ഗോധ്ര എന്ന ചെറിയ സ്റേഷനില്‍ എത്തി. കുറേ കര്‍സേവകര്‍ ചായ കുടിക്കാനും മറ്റുമായി സ്റേഷനില്‍ ഇറങ്ങി. ചായ വില്‍പനക്കാരനായിരുന്ന ഒരു മുസ്ലിം പയ്യനെ കര്‍സേവകരില്‍ ഒരാള്‍ മര്‍ദിച്ചു. കൂടുതല്‍ മര്‍ദനത്തില്‍ നിന്നു രക്ഷപ്പെടാനായി ബച്ചാവോ ബച്ചാവോ (എന്നെ രക്ഷിക്കൂ) എന്ന് വിളിച്ചുപറഞ്ഞു കൊണ്ട് ഓടുന്ന കുട്ടിയെ കണ്ട് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഗോധ്രയിലെ കുറേ ആളുകള്‍ ഒരുമിച്ച് കൂടി. ഈ സമയം 'ട6' കോച്ചിനടുത്തുകൂടി നടന്നുപോയ മുംതാസ് എന്ന മുസ്ലിം വനിതയെ കര്‍സേവകര്‍ കോച്ചിനകത്തേക്ക് പിടിച്ചു കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ കുതറി മാറിയ മുംതാസ് രക്ഷപ്പെട്ടോടി. ഇതിനിടെ ട്രെയിനിളകി തുടങ്ങി. കുറേ കര്‍സേവകര്‍ പുറത്തായിരുന്നതിനാല്‍ പല ബോഗികളിലേയും കര്‍സേവകര്‍ ചെയിന്‍ വലിച്ചു. നീങ്ങിത്തുടങ്ങിയ ട്രെയിന്‍ സ്റേഷനില്‍ നിന്ന് അല്‍പം അകലെയായി ഒറ്റപ്പെട്ട പ്രദേശത്തു നിന്നു. പല ബോഗികളില്‍ നിന്ന് ചെയിന്‍ വലിച്ചതിനാല്‍ ഒരു ബോഗിയിലെ ഢമരരൌാ ശരിയാകാതെ വന്നതാണ് ട്രെയിന്‍ പിന്നീട് നീങ്ങാതിരിക്കാന്‍ കാരണമായത്. ട6 ബോഗിയിലെ കര്‍സേവകരില്‍ നിന്ന് മുംതാസ് രക്ഷപ്പെട്ടെങ്കിലും ദൂരെ നിന്ന ജനക്കൂട്ടം മുംതാസിനെ കര്‍സേവകര്‍ അകത്തേക്കു വലിച്ചു കയറ്റി എന്ന തെറ്റിദ്ധാരണയാല്‍ ട6 ബോഗിക്കുനേരെ കല്ലെറിയാന്‍ തുടങ്ങി. 'ഞങ്ങളുടെ സഹോദരിയെ വിട്ടുതരൂ' എന്ന് പറഞ്ഞുകൊണ്ടാണ് ജനം കല്ലെറിഞ്ഞതെന്ന് ദൃക്സാക്ഷിയായ ഒരമുസ്ലിം യുവതി നാനാവതി കമീഷനു മുന്നിലും കോടതികളിലും മൊഴി നല്‍കിയിരുന്നു. പുറത്തുനിന്നുള്ള കല്ലേറിനിടയില്‍ ട6 ബോഗിക്കകത്തു നിന്ന് തീയും പുകയും കണ്ട് കല്ലെറിഞ്ഞ ജനക്കൂട്ടം ഓടി രക്ഷപ്പെട്ടു. ദൃക്സാക്ഷിയായ ഹിന്ദുയുവതിയെ അടക്കം പല സാക്ഷികളെയും വിസ്തരിച്ചതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത് മുംതാസിനെ കര്‍സേവകര്‍ പിടിച്ചു കൊണ്ടുപോയി എന്ന തെറ്റിദ്ധാരണയില്‍ അവര്‍ക്കെതിരില്‍ കല്ലെറിഞ്ഞു എന്നതിനപ്പുറം അവരെ കൊല്ലണമെന്ന ലക്ഷ്യം കല്ലെറിഞ്ഞ ജനക്കൂട്ടത്തിനുണ്ടായിരുന്നില്ല. എങ്ങനെയാണ് അകത്തു നിന്ന് തീ പടര്‍ന്നത് എന്ന് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല.

സബര്‍മതി സംഭവശേഷമുണ്ടായ ഗോധ്ര കലാപത്തില്‍ മോഡിയുടെ പങ്ക്?
സ്ത്രീകളും കുട്ടികളുമടക്കം 58 പേരുടെ ദാരുണ മരണത്തിനിടയാക്കിയ സംഭവത്തിനുടനെ തന്നെ നരേന്ദ്ര മോഡി 'ഹിന്ദു സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള പാകിസ്താന്റെയും ഐ.എസ്.ഐയുടേയും, ഗൂഢാലോചനയുടെ ഫലമായാണ് ആ ബോഗി കത്തിക്കപ്പെട്ടത്' എന്ന് പ്രസ്താവനയിറക്കി. എല്ലാ മൃതദേഹങ്ങളും ഹിന്ദു ഭൂരിപക്ഷ മേഖലയായ അഹ്മദാബാദിലേക്ക് കൊണ്ടുപോയി. മൃതദേഹങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഹിന്ദു വര്‍ഗീയ വികാരം ഇളക്കി വിടാന്‍ ശ്രമിച്ചു. ശവസംസ്കാരം കഴിഞ്ഞതോടെ ആര്‍.എസ്.എസ്, ബി.ജെ.പി, ബജ്റംഗ്ദള്‍ നേതാക്കളുടെ നേതൃത്വത്തില്‍ സായുധരായ അക്രമികള്‍ നാടിനെ കത്തിച്ചാമ്പലാക്കുന്നതാണ് പിന്നെ കണ്ടത്. പോലീസിനെയും സര്‍ക്കാര്‍ മെഷിനറിയെയും നിര്‍വീര്യമാക്കുക മാത്രമല്ല, കലാപകാരികളോടൊപ്പം മുസ്ലിംകള്‍ക്കെതിരെ ഇറങ്ങിക്കളിക്കാന്‍ അവരെ അനുവദിക്കുക കൂടിയായിരുന്നു മോഡി സര്‍ക്കാര്‍. മോഡി സര്‍ക്കാറിനോളം തന്നെ കുറ്റവാളികളാണ് കലാപം ആളിക്കത്തിക്കും വിധം വര്‍ഗീയ വിഷം ചീറ്റുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മീഡിയയും.

ഇതിനെതിരെ എന്തെല്ലാം നിയമ നടപടികളാണ് സ്വീകരിക്കുന്നത്?
രാജ്യവ്യാപകമായി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മുറവിളി മൂലം ജസ്റിസ് നാനാവതി കമീഷനെ കലാപം അന്വേഷിക്കാനായി ഗുജറാത്ത് സര്‍ക്കാര്‍ നിയമിച്ചു. സര്‍ക്കാര്‍ നിയമിച്ച കമീഷനില്‍ നിന്ന് നീതി ലഭിക്കില്ലെന്ന നിരാശയോടെ ഭൂരിപക്ഷം എന്‍.ജി.ഒകളും ജംഇയ്യത്തും ജമാഅത്തെ ഇസ്ലാമിയുമൊക്കെ നാനാവതി കമീഷനെ ബഹിഷ്കരിച്ചു. ജനസംഘര്‍ഷ് മഞ്ച് സാധ്യമാകുന്നത്ര തെളിവുകള്‍ ശേഖരിച്ച് സാക്ഷികള്‍ക്ക് ധൈര്യം നല്‍കി കമീഷന്‍ മുമ്പാകെ ഹാജരാകാന്‍ തീരുമാനിച്ചു. 38 ഇരകളെ കമീഷനു മുമ്പാകെ കൊണ്ടുവരികയും ആഭ്യന്തര സെക്രട്ടറിയും പോലീസ് സൂപ്രണ്ടും അടങ്ങുന്ന സര്‍ക്കാര്‍ സാക്ഷികളെ ക്രോസ് വിസ്താരം നടത്തി സുപ്രധാനമായ പല തെളിവുകള്‍ പുറത്തുകൊണ്ടു വരികയും ചെയ്തു.

പ്രധാനപ്പെട്ട എന്തെങ്കിലും
അനുഭവം?
സര്‍ക്കാര്‍ സാക്ഷികളെ ക്രോസ് വിസ്താരം നടത്തുന്നതിനിടെ രാഹുല്‍ ശര്‍മ എന്ന ഭാവ്നഗര്‍ പോലീസ് സൂപ്രണ്ട് ഹാജരാക്കിയ ഒരു സി.ഡി വളരെ പ്രധാന തെളിവായിരുന്നു. കലാപാനന്തരം താങ്കള്‍ കുറ്റവാളികളെ കണ്ടെത്താന്‍ എന്താണ് ചെയ്തത് എന്ന് ഞാന്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ആ സി.ഡി നല്‍കിയത്. കലാപം നടന്ന ആദ്യ 8 ദിവസങ്ങളിലെ മുഴുവന്‍ ടെലിഫോണ്‍ സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്ത്, ഒറിജിനല്‍ കോപ്പി 2002 ല്‍ തന്നെ സര്‍ക്കാറിനു നല്‍കിയെന്നും താന്‍ സൂക്ഷിച്ച അതിന്റെ പകര്‍പ്പാണിതെന്നും രാഹുല്‍ ശര്‍മ പറഞ്ഞു. സര്‍ക്കാറിനു നല്‍കിയ കോപ്പി നശിപ്പിക്കപ്പെട്ടിരുന്നു. സൂക്ഷ്മ പരിശോധനയില്‍ മന്ത്രിമാരും പോലീസുദ്യോഗസ്ഥരും ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്റംഗ്ദള്‍ നേതാക്കളുമായി നടത്തിയ സംഭാഷണങ്ങളുടെ വിശദ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിച്ചു. ഇത് മോഡി സര്‍ക്കാറിന്റെ കലാപത്തിലെ പങ്ക് വ്യക്തമാക്കുന്ന വലിയ തെളിവായിരുന്നു. ഏറ്റവും കൂടുതല്‍ അക്രമം നടന്ന മേഖലകളിലൊന്നായ ബറോഡയില്‍ നിന്നുള്ള ബി.ജെ.പി നേതാവും മോഡി മന്ത്രിസഭാംഗവുമായിരുന്ന മായ സെന്‍കോഥ് നാഥ് അടക്കമുള്ളവര്‍ കലാപകാരികളെ നിരന്തരം ദീര്‍ഘസമയം വിളിച്ചുസംസാരിച്ചതിന്റെ തെളിവുകളുടെ ബലത്തില്‍ മാത്രം പല മന്ത്രിമാരും അറസ്റു ചെയ്യപ്പെടുകയുണ്ടായി. ജഗദീഷ് പട്ടേലിന്റെ അറസ്റിലേക്കു നയിച്ചതും ഈ സി.ഡിയായിരുന്നു.

തെളിവുകള്‍ പുറത്തുവന്നു കൊണ്ടിരുന്നപ്പോള്‍ മോഡി ഭരണകൂടത്തിന്റെ നിലപാടെന്തായിരുന്നു?
ഒരുവശത്ത് പോലീസിനെയും വര്‍ഗീയവാദികളെയും ഉപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തി ഭീതിയുടെ നിഴലില്‍ നിര്‍ത്തുകയായിരുന്നു. പോട്ട പ്രയോഗിച്ച് 500-ഓളം പേരെ അറസ്റു ചെയ്തു. പോട്ടക്കു കീഴില്‍ അറസ്റുചെയ്താല്‍ ജാമ്യം പോലും ലഭിക്കില്ലല്ലോ. മോഡി അവിടെയും നിറുത്താതെ വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തുന്ന മഹാരാഷ്ട്ര പോലീസിന്റെ പാത പിന്തുടര്‍ന്നു അത്തരം കൊലപാതകങ്ങളും നടത്തുകയുണ്ടായി.

താങ്കളുടെ അറിവില്‍ ഗോധ്ര സംഭവത്തിന് ശേഷം എത്ര വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഗുജറാത്തില്‍ ഉണ്ടായിട്ടുണ്ട്?
ഏകദേശം 26-ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ വധിക്കപ്പെട്ടവരില്‍ ഇശ്റത്ത് ജഹാന്‍, കൌസര്‍ബി എന്നീ വനിതകളും പെടും.

ഇതില്‍ എത്ര കേസുകളില്‍ താങ്കള്‍ ഇടപെടുന്നുണ്ട്?
ഞങ്ങളൊരു ചെറിയ സംഘം മാത്രമായതിനാല്‍ ഇപ്പോള്‍ 5 ഏറ്റുമുട്ടല്‍ കൊലപാതക കേസുകള്‍ മാത്രമാണ് ഏറ്റെടുത്തിരിക്കുന്നത്. സാദിഖ് ജമാല്‍, സെഹ്റാബുദ്ദീന്‍ ശൈഖ്, ഇശ്റത്ത് ജഹാന്‍, കൌസര്‍ബി, കുല്‍സി പ്രജാപതി എന്നിവരുടെ കേസുകള്‍. ഇവയൊക്കെ വ്യാജ ഏറ്റുമുട്ടലുകളാണെന്നു തെളിഞ്ഞിട്ടുണ്ട്. എല്ലാ കേസുകളും ഗുജറാത്ത് പോലീസില്‍ നിന്ന് സി.ബി.ഐയിലേക്ക് മാറ്റാന്‍ സാധിച്ചു. ഇതില്‍ ആദ്യത്തെ സംഭവം സാദിഖ് ജമാലിന്റെതായിരുന്നു. ദുബൈയിലെ ഒരു വീട്ടുവേലക്കാരനായിരുന്ന സാദിഖിനെ അവധിയില്‍ നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്ന് അറസ്റ് ചെയ്ത് കൊണ്ടുപോയി. മഹാരാഷ്ട്രയിലെ 'ഏറ്റുമുട്ടല്‍ കൊല'യിലെ വിദഗ്ധനായ ദയാ നായികായിരുന്നു അഹ്മദാബാദില്‍ സാദിഖിനെ വെടിവെച്ചു കൊന്നത്. മോഡിയെയും പ്രവീണ്‍ തൊഗാഡിയയേയും വധിക്കാന്‍ വന്ന ലശ്കര്‍ സംഘാംഗമാണ് എന്ന ആരോപണമാണ് സാദിഖ് ജമാലിനെതിരെയും തുടര്‍ന്ന് നടന്ന മുഴുവന്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലെ ഇരകള്‍ക്കുനേരെയും ഉയര്‍ത്തിയത്.

നിയമപോരാട്ടങ്ങളില്‍ ഒട്ടനവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ടാവുമല്ലോ?
കലാപാനന്തര കാലത്ത് ഞങ്ങള്‍ കുറെ ഭീഷണികള്‍ നേരിട്ടു. അന്ന് മീഡിയയും അധികാരി വര്‍ഗവും വര്‍ഗീയവാദികളോടൊപ്പം ഞങ്ങള്‍ക്കെതിരെ നില്‍ക്കുകയായിരുന്നു. ഇന്ന് ചില മീഡിയയും സിബിഐ പോലുള്ള ഏജന്‍സികളും സഹായകരമായ നിലപാട് സ്വീകരിക്കുന്നുണ്ട്. ഒരു മുസ്ലിമിനു അഡ്വക്കേറ്റായി തുടരാന്‍ ഏറെ പ്രയാസകരമായിട്ടും, ഷംശാദ് എന്ന ഞങ്ങളുടെ 11 അംഗ പാനലിലെ അഡ്വക്കേറ്റിനു നല്ല രീതിയില്‍ നരോദപാട്ടിയ അടക്കമുള്ള കേസുകള്‍ നടത്താന്‍ കഴിയുന്നു.

മോഡിയെ 'വികസനത്തിന്റെ മിശിഹ'യെന്നു ഉയര്‍ത്തിക്കാട്ടുന്നു. ഗുജറാത്തിലെ വ്യാവസായിക സാമ്പത്തിക പുരോഗതി മുന്നില്‍ വച്ച് ഈ വാദത്തെ എങ്ങനെ വിലയിരുത്തുന്നു?
സ്വാതന്ത്യ്രത്തിനു മുമ്പ് തന്നെ സാമ്പത്തികമായി ഇതര സംസ്ഥാനങ്ങളെക്കാള്‍ മുന്നില്‍നിന്ന സംസ്ഥാനമാണ് ഗുജറാത്ത്. 1890കള്‍ മുതല്‍ തന്നെ വ്യാവസായിക വളര്‍ച്ചയുണ്ടായിരുന്ന ഗുജറാത്തില്‍, അഹ്മദാബാദില്‍ മാത്രം 110ഓളം ടെക്സ്റയില്‍ മില്ലുകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് പറയുമ്പോള്‍ മോഡി എന്തു വികസനമാണുണ്ടാക്കിയതെന്നു നിങ്ങള്‍ക്കൂഹിക്കാമല്ലോ. ഈ പ്രദേശത്തെ ഉന്നത ജാതിവിഭാഗത്തെ പ്രതിനിധീകരിച്ചു കൊണ്ടായിരുന്നു ഗാന്ധിയും വല്ലഭായ് പട്ടേലുമൊക്കെ ഉയര്‍ന്നുവന്നത്. യഥാര്‍ഥ വിലയിരുത്തലില്‍ വികസന ഗ്രാഫില്‍ 3-ാം സ്ഥാനത്തുനിന്ന് 6-ാം സ്ഥാനത്തേക്ക് ഗുജറാത്ത് വീണിരിക്കുകയാണ്. കോടികള്‍ നല്‍കി മീഡിയയെ വിലക്കെടുത്തു കൊണ്ടുള്ള നുണപ്രചാരണം മാത്രമാണ് മോഡി നടത്തുന്നത്.

മഹാത്മാഗാന്ധി മൂല്യാധിഷ്ഠിതമായ രാമരാജ്യത്തെക്കുറിച്ചു പറഞ്ഞു. മൂല്യാധിഷ്ഠിതമായ ഒരു രാജ്യത്തെയും രാഷ്ട്രീയ പാര്‍ട്ടിയെയും കുറിച്ച താങ്കളുടെ കാഴ്ചപ്പാട്?
മഹാത്മാ ഗാന്ധി തന്നെ ഒരു പരാജയമായിരുന്നെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ പുരോഗതിക്കും നന്മക്കും ശാന്തിക്കും മതാധിഷ്ഠിതമായ പാര്‍ട്ടിയോ രാജ്യമോ ഗുണകരമല്ല. നമുക്ക് വേണ്ടത് മതാടിസ്ഥാനത്തിലല്ലാത്ത മതേതരമായ കൂട്ടായ്മയും രാജ്യവുമാണ്. എന്ന് മതത്തെ രാഷ്ട്രീയത്തിലേക്കു കൊണ്ടു വന്നുവോ അന്നു മുതല്‍ രാജ്യത്ത് അസ്വസ്ഥതയും ആരംഭിച്ചു. 25-30 വര്‍ഷങ്ങള്‍ക്കുമുമ്പ് ബി.ജെ.പിയോ ഫാഷിസ്റുകളോ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോരായ്മകള്‍ കണ്ടെത്തി പരിഹാരിക്കുകയാണ് വേണ്ടത്. പൂര്‍ണ മതേതര സങ്കല്‍പത്തിലൂടെ ഇന്ത്യന്‍ ഭരണകൂടങ്ങള്‍ ചലിക്കുന്നില്ല എന്നതാണ് ഇന്ത്യന്‍ അസ്വസ്ഥതയുടെ മൂലകാരണം. എല്ലാ മത-മതേതര സംഘങ്ങളും എല്ലാവരും അംഗീകരിക്കുന്ന പൊതു മൂല്യങ്ങള്‍ക്കുവേണ്ടി ഐക്യപ്പെട്ട് നിലകൊണ്ടാല്‍ വര്‍ഗീയതയെയും അഴിമതിയെയുമൊക്കെ പ്രതിരോധിക്കാനാവും. ഒരു മതവിഭാഗത്തെ വൈകാരികമായി ഇളക്കിവിട്ട് സംഘടിക്കുവാനും മുന്നോട്ട് പോകുവാനും അനുവദിച്ചതിന്റെ അനന്തരഫലമായിരുന്നു ഗോധ്രകലാപം. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ മുന്നേറ്റം ഒരിക്കലും മതാടിസ്ഥാനത്തിലുള്ള സംഘാടനമാകരുത്. അത് സമാനചിന്താഗതിക്കാരായ മുഴുവന്‍ മതേതര പിന്നാക്ക വിഭാഗങ്ങളുടെ ഐക്യമുന്നേറ്റമായിരിക്കണം.

കോര്‍പറേറ്റുകളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ കൈക്കൂലി വാങ്ങുന്ന പാര്‍ലമെന്റംഗങ്ങളുള്ള ഇക്കാലത്ത് നീണ്ട അനുഭവ പരിചയമുള്ള താങ്കള്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും നിയമവ്യവസ്ഥയെയും എങ്ങനെ നോക്കിക്കാണുന്നു?
പാര്‍ലമെന്റംഗങ്ങളും രാഷ്ട്രീയ നേതാക്കളും മൊത്തം ജനങ്ങളെയല്ല പ്രതിനിധീകരിക്കുന്നത്. ഏതെങ്കിലും കോര്‍പറേറ്റുകളാല്‍ പിന്തുണക്കപ്പെട്ടാലല്ലാതെ ഒരു സാധാരണക്കാരന് അത്തരം പദവികളിലെത്താനാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അപ്പോള്‍ കോര്‍പറേറ്റുകള്‍ ഏല്‍പിച്ച ജോലി ചെയ്യുകയാണ് പാര്‍ലമെന്റില്‍. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരനെ കൂടി പ്രതിനിധീകരിക്കുന്ന പ്രാതിനിധ്യം എന്ന് ഉണ്ടാകുന്നുവോ അന്നു മാത്രമേ യഥാര്‍ഥ ജനാധിപത്യം പുലരുകയുള്ളൂ. ഈ പാര്‍ലമെന്റോ നിയമവ്യവസ്ഥയോ സാധാരണ ജനതയുടെ നന്മക്കുവേണ്ടി കാര്യമായെന്തെങ്കിലും ചെയ്യുമെന്ന അമിത പ്രതീക്ഷയൊന്നും എനിക്കില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അന്നഹ്ല്‍
എ.വൈ.ആര്‍