സമൂഹം-ജനനം-വളര്‍ച്ച-പതനം മാലിക് ബിന്നബിയുടെ നിരീക്ഷണങ്ങള്‍
ഏറെ നൂറ്റാണ്ടുകളിലെ മാന്ദ്യത്തിനു ശേഷം ഉയര്‍ത്തെഴുന്നേറ്റ ഇസ്‌ലാമിക ചിന്ത സമകാലിക ലോകത്ത് സജീവ ചര്‍ച്ചാവിഷയമായതിന് പിന്നില്‍ അനേകം ധിഷണാശാലികളുടെ കഠിനാധ്വാനത്തിന്റെ കഥകളുണ്ട്. മനുഷ്യ സ്‌നേഹത്തിലധിഷ്ഠിതമായ മഹോന്നതമായൊരു നാഗരികതയുടെ നായകന്മാരായിരുന്ന അവരുടെ മുന്‍ഗാമികളുടെ മഹദ്പാരമ്പര്യം ചരിത്രത്തിന്റെ അരങ്ങില്‍ പുനരവതരിപ്പിക്കാനുള്ള തീക്ഷ്ണമായ ശ്രമത്തിന്റെ ഭാഗമായിരുന്നു ആ അധ്വാനങ്ങളത്രയും. അക്കൂട്ടത്തില്‍ സുപ്രധാനമായ പങ്കുവഹിക്കുന്ന വ്യക്തിയാണ്, 1905-ല്‍ കിഴക്കന്‍ അള്‍ജീരിയയിലെ ഖുസ്തന്‍തീനില്‍ ജനിച്ച മാലിക് ബിന്നബി.
മലയാളക്കരയില്‍ ബിന്നബിയുടെ ചിന്തയും ദര്‍ശനവും നിരീക്ഷണങ്ങളും പരിചയപ്പെടുത്തുന്ന കുറിപ്പുകള്‍ തുലോം വിരളമാണ്. ആ കുറവ് ഏറെക്കുറെ പരിഹരിക്കുന്നുണ്ട് 'സമൂഹം: ജനനം, വളര്‍ച്ച, പതനം' എന്ന ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ലഘുകൃതി.
പരിഭാഷക്കുറിപ്പും ആമുഖവും ചേര്‍ത്ത് എഴുപത്തിയെട്ടു പേജുകളുള്ള ഈ കൃതി, പതിനാറ് ഉപശീര്‍ഷകങ്ങളിലായി വിലപ്പെട്ടതും ചിന്തോദ്ദീപകവും പഠനാര്‍ഹവുമായ ധാരാളം നിരീക്ഷണങ്ങള്‍ നിരത്തുന്നുണ്ട്. സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും ഉത്ഥാനപതനങ്ങള്‍ കണ്ടുശീലിച്ച ലോകജനതകളില്‍ പലരും അവയുടെ കാരണങ്ങള്‍ വിശകലനം ചെയ്ത് ഉപന്യസിച്ചിട്ടുണ്ട്. താല്‍പര്യങ്ങളുടെ തടവറകളില്‍ സ്വയം പൂട്ടിയിടപ്പെട്ടതിനാല്‍ അധിക പേരും അതില്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. അവിടെയാണ് മാലിക് ബിന്നബിയുടെ നിരീക്ഷണങ്ങളുടെ പ്രാധാന്യം പ്രസക്തമാകുന്നത്.
പഠിച്ചറിഞ്ഞതിനെയും കണ്ടുശീലിച്ചതിനെയും വസ്തുനിഷ്ഠമായി അപഗ്രഥിച്ച് നിഗമനത്തിലെത്താനുള്ള ബിന്നബിയുടെ അനിതര സാധാരണമായ മികവ് ഈ കൃതി വിളിച്ചോതുന്നുണ്ട്. സമൂഹങ്ങളുടെ തരംതിരിവും സാമൂഹിക പ്രതിഭാസങ്ങളുടെ വൈവിധ്യവും ചൂണ്ടിക്കാണിച്ച് അവയുടെ സ്വഭാവഗുണങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങുന്ന പ്രഥമ പാഠങ്ങളോടെയാണ് വിഷയം ആരംഭിക്കുന്നത്. 'നാഗരികതയെ ലളിതമായി തത്ത്വവത്കരിക്കുന്ന ജീവിവര്‍ഗവും സമൂഹവും' എന്ന തലക്കെട്ടിനു ശേഷം ചരിത്രപരമായ ചലനങ്ങളുടെ ഉള്ളറകളിലേക്ക് പോകുന്നു. ചരിത്രവും സാമൂഹിക ബന്ധങ്ങളും അവയുടെ ഉത്ഭവവും സ്വഭാവവും വിശകലനം ചെയ്യപ്പെടുന്നുണ്ട്.
ഭൗതിക പദാര്‍ഥങ്ങളല്ല ആശയങ്ങളാണ് സാമൂഹിക സമ്പത്ത് എന്ന് എടുത്തോതിക്കൊണ്ട് അതെങ്ങനെ സമൂഹ ഗാത്രത്തെ രോഗാതുരമാക്കുന്നുവെന്ന വിശകലനവും ഈ കൃതിയിലുണ്ട്. സമൂഹ നിര്‍മിതിയില്‍ ധാര്‍മികമൂല്യങ്ങള്‍ക്കുള്ള പങ്ക്, മതവും സാമൂഹിക ബന്ധങ്ങളും, ഭൂമിശാസ്ത്രം, മനഃശാസ്ത്രം, സാമൂഹിക വിദ്യാഭ്യാസം തുടങ്ങിയവ വിശകലനം ചെയ്യുന്ന കൃതി ഉത്തമ സാമൂഹിക ബന്ധങ്ങളുടെ നിലനില്‍പിനും ഉദാത്തമായ നാഗരികതയുടെ സംസ്ഥാപനത്തിനും വികലമായ പടിഞ്ഞാറന്‍ ദര്‍ശനങ്ങളല്ല, പ്രപഞ്ചനാഥനായ അല്ലാഹു കാട്ടിത്തരുന്ന മാര്‍ഗദര്‍ശനമാണുത്തമം എന്ന നിഗമനത്തിലെത്തിച്ചേരുന്നു.
ദക്കാര്‍ത്തെയുടെ മനഃശാസ്ത്ര ചിന്തകളും അമീര്‍ ഖാലിന്റെ വീക്ഷണങ്ങളും അബ്ദുര്‍റഹ്മാന്‍ അല്‍ കവാകിബിയുടെയും അമീര്‍ ശക്കീബ് അര്‍സലാന്റെയും നിരീക്ഷണങ്ങളും എല്ലാറ്റിലും ഉപരിയായി പരിശുദ്ധ ഖുര്‍ആന്റെ മാര്‍ഗദര്‍ശനവും സ്വാധീനിച്ച ബിന്നബിയുടെ രചന ഉള്‍ത്തുടിപ്പുള്ളതാണ്. അദ്ദേഹത്തിന്റെ 'മീലാദ് മുജ്തമഅ' എന്ന അറബി ഗ്രന്ഥത്തിന് തുനീഷ്യന്‍ പണ്ഡിതനായ മുഹമ്മദ് താഹിര്‍ അല്‍ മസാവി നടത്തിയ ഇംഗ്ലീഷ് പരിഭാഷയുടെ ചുവടു പിടിച്ചാണ് കലീം ഈ ഗ്രന്ഥം തയാറാക്കിയത്. സാമൂഹിക ശാസ്ത്ര പഠനങ്ങള്‍ ഗൗരവമായി പരിഗണിക്കപ്പെടുന്ന ഇക്കാലത്ത് പഠനഗവേഷണത്തിന് ഉപകരിക്കുന്ന ഒരു നല്ല പുസ്തകമാണിത്.
Comments