Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 07

3297

1444 റമദാൻ 16

ക്ഷമയെക്കാൾ ഉത്തമമായി എന്തുണ്ട്!

സഈദ് മുത്തനൂർ

عَنْ أَبِي سَعِيد سَعدِ بن مَالِكِ بن سِنَان الْخُدرِي رَضِي الله عَنْهُمَا: قَالَ رَسُول الله صَلّى الله عَلَيْهِ وَسَلّم: مَنْ يَتَصَبَّرْ يُصَبّرْهُ اللهُ ، وَمَا أُعْطِيَ أَحَدٌ عَطَاءً خَيْرًا وَأَوْسَعَ مِنَ الصَّبْرِ  (مُتَّفَقٌ عليه)

അബൂസഈദിൽ ഖുദ്്രിയ്യിൽ നിന്ന്. റസൂൽ (സ) പറഞ്ഞു: ആരെങ്കിലും ക്ഷമ കൈക്കൊണ്ടാൽ അല്ലാഹു അവനെ കൂടുതൽ ക്ഷമയുള്ളവനാക്കും. ക്ഷമയെക്കാൾ ഉത്തമവും 
വിസ്തൃതവുമായി ആർക്കും ഒന്നും തന്നെ നൽകപ്പെട്ടിട്ടില്ല (ബുഖാരി, മുസ്്ലിം).

 

ക്ഷമ അഥവാ സഹനം ഒരു സൽഗുണമാണ്. അത് ആർക്കെങ്കിലും ലഭ്യമായിട്ടുണ്ടെങ്കിൽ വലിയൊരു സമ്പാദ്യവും അനുഗ്രഹവുമാണെന്ന് നബി (സ) പഠിപ്പിക്കുകയാണ് ഈ തിരുവചനത്തിൽ. ഏറെ ശ്രമിച്ചാലേ അത്  സ്വായത്തമാക്കാനാവൂ. ജീവിതം താളപ്പിഴയില്ലാതെ നീങ്ങണമെങ്കിൽ ഓരോ വ്യക്തിക്കും ഈ ഗുണം അനിവാര്യമത്രെ. ഒരു പ്രത്യേക സംഭവവുമായി ബന്ധപ്പെട്ടാണ് ഇക്കാര്യം പ്രവാചകൻ പ്രസ്താവിക്കുന്നത്. അതിപ്രകാരമാണ്:
  അൻസ്വാറുകളിൽ ചിലർ നബി (സ)യോട് എന്തോ ചോദിച്ചു. നബി കൊടുത്തു. പിന്നെയും ചോദിച്ചു. പിന്നെയും കൊടുത്തു.കൈയിലുള്ളത് തീർന്നപ്പോൾ നബി പറഞ്ഞു: ''നിങ്ങൾക്കു തരാതെ ഞാനൊന്നും എടുത്തു വെക്കുകയില്ല. ആരെങ്കിലും യാചന ഉപേക്ഷിച്ചാൽ അല്ലാഹു അവനെ സ്വാശ്രയമുള്ളവനാക്കും. ഐശ്വര്യം പ്രകടിപ്പിച്ചാൽ അല്ലാഹു അവനെ ധന്യനാക്കും.'' തുടർന്നാണ് നബി(സ) മേൽ വചനം മൊഴിഞ്ഞത്. ഖുർആൻ പറയുന്നു: ''സഹനവും നമസ്കാരവും കൊണ്ട് അല്ലാഹുവിന്റെ സഹായം തേടുക'' (അൽ ബഖറ 45).
ഇമാം അഹ്്മദ് തന്റെ മുസ്്നദിൽ ഉദ്ധരിച്ച ഒരു സംഭവം: ഒരിക്കൽ നബി(സ)യുടെ സാന്നിധ്യത്തിൽ വച്ച് ഒരാൾ ഹസ്റത്ത് അബൂബക്ർ സ്വിദ്ദീഖി(റ)നെ ശക്തിയായി ഭർത്സിച്ചു. അബൂബക്ർ സാകൂതം കേട്ടിരുന്നു. ഈ ഘട്ടത്തിൽ പ്രവാചകൻ പുഞ്ചിരിക്കുകയായിരുന്നു. എന്നാൽ, ചീത്തവിളി കേട്ട് സഹികെട്ട അബൂബക്ർ സ്വിദ്ദീഖ് പ്രതികരിച്ചു. ഇതോടെ നബി തിരുമേനി എഴുന്നേറ്റ് പോയി. ഇതെന്ത് കഥ! എന്നെ ചീത്തവിളിച്ചപ്പോൾ ഞാൻ കേട്ടിരുന്നു. അപ്പോൾ നബി പുഞ്ചിരിച്ചു. ക്ഷമ കെട്ട ഞാൻ മറുത്ത് രണ്ട് പറഞ്ഞപ്പോൾ പ്രവാചകൻ എഴുന്നേറ്റു പോയി! ഇതേ കുറിച്ച് അബൂബക്ർ (റ) അന്വേഷിച്ചപ്പോൾ പ്രവാചകന്റെ  മറുമൊഴി: "താങ്കൾ നിശ്ശബ്ദം വിമർശം കേട്ടപ്പോൾ ഒരു മാലാഖ താങ്കൾക്കു വേണ്ടി മറുപടി പറയുന്നുണ്ടായിരുന്നു. താങ്കൾ മറുപടി പറഞ്ഞു തുടങ്ങിയതോടെ മലക്ക് പോയ്്മറഞ്ഞു. ചെകു ത്താൻ രംഗം കീഴടക്കി. എനിക്കാവട്ടെ ചെകുത്താന്റെ കൂടെ ഇരിക്കാനാവില്ല."
ഇസ്്ലാമിക പ്രബോധകന് ആളുകളുടെ ഉപദ്രവങ്ങൾ സഹിക്കേണ്ടിവരും. അവരുടെഭർത്സനങ്ങൾ കേൾക്കേണ്ടിവരും. അപ്പോൾ ക്ഷമയോടെ നീങ്ങാൻ കഴിയണം. റസൂൽ തിരുമേനി (സ) അരുൾ ചെയ്യുന്നു: ''ജനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുമ്പോൾ അവരിൽ നിന്നുണ്ടാകുന്ന എതിർപ്പുകൾ തരണം ചെയ്യുന്ന മുസ്്ലിമാണ് ജനങ്ങളുമായി കൂടിക്കഴിയുകയോ അവരിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ സഹിക്കുകയോ ചെയ്യാത്ത മുസ്്ലിമിനെക്കാൾ ഉത്തമൻ'' (തിർമിദി).
പ്രവാചകന്മാർ ക്ഷമയുടെ ഉജ്ജ്വല മാതൃകകളാണ്. ഇസ്്ലാമിന്റെ മാർഗത്തിൽ അവർ ഏറെ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. എല്ലാവിധ ക്ലേശങ്ങളും അവർ നേരിട്ടു. ആളുകളുടെ  പരിഹാസവും കൂക്കു വിളികളും പുഷ്പ വർഷങ്ങളായി കരുതി അവർ മുന്നോട്ട് നീങ്ങി. ക്ഷമയായിരുന്നു അവരുടെ പരിച.  ശാപ പ്രാർഥനക്ക് പകരം അവർ തങ്ങളുടെ ജനതയുടെ നന്മക്കായി പ്രാർഥിച്ചു. പ്രവാചകന്മാരുടെ വിശേഷണങ്ങൾ വിവരിക്കുമ്പോൾ അല്ലാഹു പറഞ്ഞു: ''ഇസ്മാഈലിനെയും ഇദ്‌രീസിനെയും ദുല്‍കിഫ്്ലിനെയും (ഓര്‍ക്കുക). അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു'' (അൽ അമ്പിയാഅ് 85). l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ - സൂക്തം 10-16
ടി.കെ ഉബൈദ്‌