Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 07

3297

1444 റമദാൻ 16

ഇന്ത്യൻ യൂനിയൻ മുസ്്ലിം ലീഗ് എഴുപത്തിയഞ്ച് വർഷം പിന്നിടുമ്പോൾ - 2 - മലബാറിൽ ലീഗ് എന്തുകൊണ്ട് ശക്തിപ്പെട്ടു?

കെ.ടി ഹുസൈൻ

മുസ്്ലിം ലീഗിനെ സംബന്ധിച്ചേടത്താളം മലബാർ അടങ്ങുന്ന മദ്രാസ് പ്രവിശ്യ തന്നെയായിരുന്നു തുടക്കത്തിൽ ലീഗിന്റെ ശക്തി കേന്ദ്രം. മലബാറിൽ ലീഗ് ശക്തിപ്പെടാൻ  രണ്ട് പ്രധാന കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്: ഒന്ന്,  മുഹമ്മദ് അബ്ദുർറഹ്്മാൻ സാഹിബിന്റെ മരണം. അബ്ദുർറഹ്്മാൻ സാഹിബിന്റെ രാഷ്ട്രീയം കോൺഗ്രസ്സുമായി ചേർന്നതായിരുന്നുവെങ്കിലും മുസ്്ലിംകളുടെ ന്യായമായ ഒരവകാശത്തിന് വേണ്ടിയും അദ്ദേഹം ശബ്ദിക്കാതിരുന്നിട്ടില്ല. അക്ഷരാർഥത്തിൽ പോരാട്ടം തന്നെയായിരുന്നുവല്ലോ അദ്ദേഹത്തിന്റെ ജീവിതം. ദേശീയ ബോധത്തോട് ചേർന്നുകൊണ്ടുള്ള മുസ്്ലിം രാഷ്ട്രീയം തന്നെയായിരുന്നു പ്രയോഗ തലത്തിൽ അദ്ദേഹത്തിന്റെത്. അതുകൊണ്ടാണല്ലോ കോൺഗ്രസ്സിലെ സവർണ ലോബിയായ ചാലപ്പുറം ഗാംഗിന് അബ്ദുർറഹ്്മാൻ സാഹിബ് വർഗീയ വാദിയായത്. എന്നാൽ, അബ്ദുർറഹ്്മാൻ സാഹിബിന്റെ പൊടുന്നനേയുള്ള മരണത്തോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയം ഏറ്റെടുക്കാൻ കോൺഗ്രസ്സിൽ ആളില്ലാതെ പോയത് മലബാറിൽ ലീഗിന് അതിന്റെ  സ്വാധീനം വർധിപ്പിക്കാനുള്ള സുവർണാവസരമായി തീരുകയായിരുന്നു. അബ്ദുർറഹ്്മാൻ സാഹിബിന് ശേഷമുള്ള കോൺഗ്രസ്സിലെ മുസ്്ലിം നേതാക്കൾ പൊതുവിൽ കോൺഗ്രസ്സിലെ സവർണ ലോബിയുടെ ഇഷ്ട തോഴൻമാരായി മാറുകയാണ് ചെയ്തത്.
കൊയിലാണ്ടിയിൽ കച്ചവടം ചെയ്തിരുന്ന, കോൺഗ്രസ് അനുഭാവം ഉണ്ടായിരുന്ന സയ്യിദ് അബ്ദുർറഹ്്മാൻ ബാഫഖി തങ്ങളെ ലീഗ് നേതൃത്വത്തിലേക്ക് കൊണ്ടുവന്നതാണ് മലബാറിൽ ലീഗ് സ്വാധീനം വർധിക്കാൻ കാരണമായ രണ്ടാമത്തെ ഘടകം. പുരോഗമന ചിന്തയുണ്ടായിരുന്ന കെ.എം സീതി സാഹിബായിരുന്നു അതിനു പിന്നിലെ ബുദ്ധി കേന്ദ്രം. ബാഫഖി തങ്ങളുടെ സയ്യിദ് പാരമ്പര്യം തെല്ലൊന്നുമല്ല പാരമ്പര്യ സുന്നീ സമൂഹത്തിൽ ലീഗിന് സ്വാധീനം നേടിക്കൊടുത്തത്. എന്നാൽ, കേവലം ആത്മീയ പരിവേഷത്തിനപ്പുറം അക്ഷരാർഥത്തിൽ ഒരു ലീഡർ തന്നെയായിരുന്നു ബാഫഖി തങ്ങൾ. മുസ്്ലിം ലീഗിന്റെ ഏറ്റവും സുവർണ കാലമെന്ന് പറയുന്നത് മുഹമ്മദ് ഇസ്്മാഈൽ സാഹിബ് അഖിലേന്ത്യാ പ്രസിഡന്റും ബാഫഖി തങ്ങൾ  സംസ്ഥാന പ്രസിഡന്റുമായ കാലമാണ്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ കോൺഗ്രസ്സുമായും പിന്നീട് കോൺഗ്രസ് അവഗണനയെ തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിയുമായും, വീണ്ടും കോൺഗ്രസ്സുമായും സഖ്യം ചേർന്ന് മൽസരിക്കാനും ഒടുവിൽ കോൺഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ അവിഭാജ്യ ഘടകമായി മാറാനും മുസ്്ലിം ലീഗിനെ പ്രാപ്തമാക്കിയത് ബാഫഖി തങ്ങളുടെ നേതൃത്വമാണ്. തുടക്കത്തിൽ സീതി സാഹിബും പിന്നീട് സി.എച്ച് മുഹമ്മദ് കോയ, ചെറിയ മമ്മുക്കേയി, എം.കെ ഹാജി  തുടങ്ങിയ നേതാക്കളും നിയമസഭക്കുള്ളിലും പുറത്ത് ബഹുജനങ്ങൾക്കിടയിലും ലീഗിന് ശക്തി പകരാൻ ബാഫഖി തങ്ങൾക്ക് കൂട്ടാവുകയും ചെയ്തു. അതിനിടയിൽ സ്പീക്കർ, മന്ത്രി, ഉപ മുഖ്യമന്ത്രി, മുഖ്യമന്ത്രി വരെയുള്ള പദവികൾ ലീഗ് പ്രതിനിധികൾ കൈകാര്യം ചെയ്തുകൊണ്ട് കേരള മുസ്്ലിംകളുടെ ശാക്തീകരണത്തിൽ സവിശേഷമായും, കേരളത്തിന്റെ പുനർ നിർമാണത്തിൽ പൊതുവിലും മുസ്്ലിം ലീഗ് പങ്ക് വഹിച്ചുവെന്നത് അനിഷേധ്യമാണ്. മലപ്പുറം ജില്ലയുടെ രൂപവത്കരണവും  കോഴിക്കോട് സർവകലാശാലയും സ്വാശ്രയ കോളേജുകളുമെല്ലാം അതിന്റെ ജീവിക്കുന്ന സാക്ഷ്യങ്ങളാണ്.
മുഹമ്മദ് ഇസ്്മാഈൽ സാഹിബിന്റെ മരണ ശേഷം മുസ്്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റ് പദവിയും ബാഫഖി തങ്ങളുടെ ചുമലിലായി.
ബാഫഖി തങ്ങൾ മുസ്്ലിം ലീഗിന്റെ മാത്രമല്ല, മുശാവറ അംഗമെന്ന നിലയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെയും നേതാവായിരുന്നു. പക്ഷേ, ഒരു പദവിയും അദ്ദേഹത്തിന് അലങ്കാരമായിരുന്നില്ല. സമസ്തയുടെ ചരിത്രത്തിൽ ഏറ്റവും പുരോഗമനപരം എന്ന് വിശേഷിപ്പിക്കപ്പെടുകയും ദൂരവ്യാപകമായ സൽഫലമുണ്ടാക്കുകയും ചെയ്ത അവരുടെ രണ്ട് ഇടപെടലായിരുന്നു മദ്്റസാ പ്രസ്ഥാനവും അറബിക്കോളേജിന്റെ രൂപവത്കരണവും. ഇത് രണ്ടിന്റെയും പിന്നിലെ പ്രേരണാ ശക്തി ബാഫഖി തങ്ങളായിരുന്നു. മദ്്റസാ പ്രസ്ഥാനത്തെ ശക്തമായി എതിർത്ത പാരമ്പര്യമായിരുന്നുവല്ലോ സമസ്തയുടേത്. ആചാരപരമായി സമസ്ത സുന്നീ പക്ഷത്ത് ഉറച്ച് നിന്നുകൊണ്ടുതന്നെ മുസ്്ലിം ലീഗിലെ തന്റെ സഹപ്രവർത്തകരായ  പുരോഗമന വാദികളുടെ പല നല്ല  സംരംഭങ്ങളെയും ബാഫഖി തങ്ങൾ പിന്തുണച്ചു. മുജാഹിദുകാരനായ എം.കെ ഹാജി നേതൃത്വം നൽകിയിരുന്ന തിരൂരങ്ങാടി യതീം ഖാനാ പള്ളിക്ക് തറക്കല്ലിട്ടത് ബാഫഖി തങ്ങളാണ്. അതുപോലെ ജമാഅത്തെ ഇസ്്ലാമിക്ക്  സ്വാധീനമുള്ള ശാന്തപുരം മഹല്ലിന്റെ തൊട്ടടുത്ത് സ്ഥിതിചെയ്യന്ന പട്ടിക്കാട് ജാമിഅ നൂരിയ വാർഷിക സമ്മേളനത്തിൽ പരിധി വിട്ട രീതിയിൽ ജമാഅത്തെ ഇസ്്ലാമി വിമർശനം നടത്തിയിരുന്ന ചില സമസ്ത പണ്ഡിതൻമാരെ ബാഫഖി തങ്ങൾ ഇടപെട്ട് തടഞ്ഞതും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.
  എന്നാൽ, പുരോഗമന ചിന്ത എല്ലാ പരിധിയും വിട്ട് ഇസ്്ലാമിക ശരീഅത്തിനെ തന്നെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്ക് മുസ്്ലിം എജുക്കേഷൻ സൊസൈറ്റി(എം.ഇ.എസ്)യെ എത്തിച്ചപ്പോൾ  അവരുമായുള്ള എല്ലാ ബന്ധവും മുസ്്ലിം ലീഗിനെക്കൊണ്ട് വിഛേദിപ്പിച്ചതും ഇതേ ബാഫഖി തങ്ങളാണ്.
അതിനാൽ, ബാഫഖി തങ്ങളുടെ മരണം മുസ്്ലിം ലീഗിൽ ചില പ്രതിസന്ധികൾ ഉണ്ടാക്കിയത് സ്വാഭാവികമാണ്. ലീഗിൽ ഒരു പിളർപ്പിലേക്ക് തന്നെ അത് വഴിവെച്ചു. 1975-ൽ മുസ്്ലിം ലീഗ് പിളർന്ന് അഖിലേന്ത്യാ ലീഗ് ഉണ്ടാകുന്നത് പ്രത്യക്ഷത്തിൽ  കോൺഗ്രസ് വിധേയത്വത്തെ  ചൊല്ലിയാണെങ്കിലും,  ബാഫഖി തങ്ങളുടെ സന്തത സഹചാരികളായ ചില നേതാക്കൾക്കിടയിൽ   അദ്ദേഹത്തിന്റെ അഭാവത്തിൽ ശക്തിപ്പെട്ട പടല പിണക്കമോ സൗന്ദര്യ പിണക്കമോ   അതിൽ പ്രധാന പങ്ക് വഹിച്ചതായി  നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ബാഫഖി തങ്ങളുടെ വിയോഗത്തെ തുടർന്ന് പാണക്കാട് പൂക്കോയ തങ്ങൾ  പ്രസിഡന്റായത്  ലീഗിൽ സി.എച്ച് മുഹമ്മദ് കോയയുടെ അപ്രമാദിത്വം ഉറപ്പിക്കാനാണെന്ന് മറു വിഭാഗം കരുതി. സി.എച്ച് ഒഴികെയുള്ള മുസ്്ലിം ലീഗിലെ പ്രധാന നേതാക്കളെല്ലാം അഖിലേന്ത്യാ ലീഗിലായിരുന്നു. എന്നിട്ടും പിളർപ്പ് കാരണം ലീഗിന്റെ സ്വാധീനത്തിൽ വലിയ ഇടിവ് സംഭവിക്കാതിരിക്കാൻ കാരണം പൂക്കോയ തങ്ങളുടെ ആത്മീയ പരിവേഷവും സി. എച്ച് മുഹമ്മദ് കോയയുടെ നർമത്തിൽ ചാലിച്ച പ്രസംഗങ്ങളുമായിരുന്നു. 
ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും മുസ്്ലിം ലീഗിന് അനുകൂല ഘടകമായി. കാരണം, അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ്സിന്റെ  കൂടെ മുസ്്ലിം ലീഗ് ഭരണത്തിലായിരുന്നു. ചെറിയ മമ്മുക്കേയി, എം.കെ ഹാജി, ഉമർ ബാഫഖി തങ്ങൾ, പി. എം അബൂബക്കർ തുടങ്ങിയ അഖിലേന്ത്യാ മുസ്്ലിം ലീഗ് നേതാക്കളെല്ലാം അന്ന് പ്രതിപക്ഷ നേതാക്കളോടൊപ്പം ജയിലിലടക്കപ്പെട്ടു. വിമത ലീഗ് എന്ന മതച്ചുവയുള്ള ബ്രാന്റ് അഖിലേന്ത്യാ ലീഗിന് ചാർത്തി നൽകി അതിനെതിരെ പടനയിക്കാൻ സി. എച്ചിനും കൂട്ടർക്കും അടിയന്തരാവസ്ഥ സുവർണാവസരമാവുകയായിരുന്നു. നേതാക്കൾ ജയിലിലായതിനാൽ പ്രതിരോധം തീർക്കാൻ അഖിലേന്ത്യാ ലീഗിന് സാധിച്ചതുമില്ല. അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ ഇന്ത്യയിലാകെ തകർന്നടിഞ്ഞിട്ടും ലീഗ് കൂടിയുള്ള കോൺഗ്രസ് മുന്നണി കേരളത്തിൽ മൃഗീയ ഭൂരിപക്ഷം നേടി. ഇടതുപക്ഷത്തോടൊപ്പം മൽസരിച്ച അഖിലേന്ത്യാ ലീഗിന്റെ മൂന്ന് പേർ മാത്രമാണ് ആ തെരഞ്ഞെടുപ്പിൽ ജയിച്ചത്. രണ്ട് മാസം മാത്രമാണെങ്കിലും സി.എച്ച് മുഹമ്മദ് കോയ കേരളത്തിന്റെ മുഖ്യമന്ത്രിയായത് അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിലൂടെ നിലവിൽ വന്ന നിയമസഭയുടെ കാലത്താണ്. പക്ഷേ, സി. എച്ചിന്റെ മുഖ്യമന്ത്രി പദവി കൊണ്ട് ലീഗിനോ സമുദായത്തിനോ പ്രസ്താവ്യമായ ഒരു നേട്ടവും ഉണ്ടായില്ല  എന്നതാണ് നേര്. മാത്രമല്ല, കോൺഗ്രസ്സിൽനിന്ന് ആന്റണിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ഇടതുപക്ഷത്തേക്ക് മാറിയതോടെ സി. എച്ച് മുഹമ്മദ് കോയക്ക് രാജിവെക്കേണ്ടിവരികയും പിന്നീടുള്ള തെരഞ്ഞെടുപ്പിൽ ഇ.കെ നായനാരുടെ നേതൃത്വത്തിൽ ഇടതുപക്ഷം അധികാരത്തിൽ വരികയും ചെയ്തു. അതിൽ അഖിലേന്ത്യാ  ലീഗും ഒരു ഘടക കക്ഷിയായിരുന്നു. പി.എം അബൂബക്കർ പൊതുമരാമത്ത് മന്ത്രിയാവുകയും ചെയ്തു.
പക്ഷേ, ആ മന്ത്രിസഭക്കും അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ. നായനാർ മന്ത്രിസഭ രാജിവെച്ചതിനെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നപ്പോൾ കരുണാകരൻ മുഖ്യമന്ത്രിയും സി. എച്ച് മുഹമ്മദ് കോയ ഉപ മുഖ്യമന്ത്രിയും ആയി. സി. എച്ചിനെ കൂടാതെ ഇ. അഹമ്മദ് വ്യവസായ മന്ത്രിയും യു. എ ബീരാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയുമായി.  പക്ഷേ,  1983-ൽ സി. എച്ചിന്റെ ആകസ്മിക നിര്യാണത്തോടെ ലീഗിൽ ഒരു യുഗം അവസാനിച്ചുവെന്ന് പറയാം. സി.എച്ചിന്റെ സ്ഥാനത്ത് ഉപ മുഖ്യമന്ത്രി പദത്തിൽ വന്ന അവുക്കാദർ കുട്ടി നഹക്കോ '90-കളിൽ ലീഗ് നിയമസഭാ കക്ഷി നേതൃപദവിയിലേക്ക് വന്ന പി. കെ കുഞ്ഞാലിക്കുട്ടിക്കോ സി. എച്ച് മുഹമ്മദ് കോയയുടെ കരിസ്മ അവകാശപ്പെടാനുണ്ടായിരുന്നില്ലല്ലോ. അതിനിടയിൽ ശരീഅത്ത് വിവാദം ലീഗിന്റെ പുനരേകീകരണത്തിലേക്ക് വഴിതെളിച്ചത് കൂടി പറയാതിരിക്കാനാവില്ല. സി. എച്ചിന്റെയും എം. കെ ഹാജിയുടെയും ജീവിതകാലത്ത് തന്നെ ലയന ചർച്ച ആരംഭിച്ചിരുന്നെങ്കിലും ഇരുവരുടെയും മരണ ശേഷം 1985-ലാണ് ലയനം യാഥാർഥ്യമായത്. കേരളത്തിലെ ഏതാണ്ടെല്ലാ പാർട്ടികളും പിളരുകയും ലയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അതിൽനിന്നെല്ലാം ഭിന്നമായി   ഏറ്റവും മാതൃകാപരമായിരുന്നു ലീഗിന്റെ ലയനം. കാരണം, കോൺഗ്രസ്സിലെ  ഐ, എ ഗ്രൂപ്പ് പോലെയോ കേരള കോൺഗ്രസ്സിലെ   ജോസഫ്, മാണി പക്ഷത്തെ പോലെയോ വിരുദ്ധ ഗ്രൂപ്പുകളൊന്നും ലയന ശേഷം യൂനിയൻ ലീഗിലുണ്ടായിരുന്നില്ല. നിലപാടിന്റെ പേരിലായിരുന്നു ഈ ലയനം എന്നതാണ് അതിന്റെ അടിസ്ഥാന കാരണം. ശരീഅത്തിന്റെ പേരിൽ മുസ്്ലിം വിരോധം വളർത്തുന്ന സി. പി. എമ്മിനോട് കൂടെ മുന്നണിയിൽ തുടരാനാവില്ല എന്നു വന്നതോടെയാണല്ലോ അഖിലേന്ത്യാ ലീഗ് ലയനത്തിന് തയാറായത്.
സി. എച്ച് മുഹമ്മദ് കോയയുടെ മരണ ശേഷം ലീഗ് നേരിട്ടത് നേതൃ പ്രതിസന്ധി മാത്രമല്ല. മുസ്്ലിം ലീഗ് അതിന്റെ പ്രതിനിധാന രാഷ്ട്രീയം കൈയൊഴിഞ്ഞ് അധികാര  താൽപര്യം  സംരക്ഷിക്കുന്ന  ഒത്തുതീർപ്പ് രാഷ്ട്രീയത്തിലേക്ക് വഴിമാറിയെന്ന ആരോപണവും മുസ്്ലിം ലീഗിന് മേൽ വന്നുവീണു. ബാബരി മസ്ജിദ് വിഷയത്തിൽ കോൺഗ്രസ് നിരന്തരം കാണിച്ച വഞ്ചനയിൽ മുസ്്ലിം ലീഗ് ഒരു വിമർശനം പോലും  നടത്താതെ അത് മറച്ചുവെക്കാനാണ്  ശ്രമിച്ചത് എന്നതാണ് ഒരു പ്രധാന ആരോപണം. ബാബരി മസ്ജിദ്  തകർക്കാൻ കൂട്ടുനിന്ന കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് മുന്നണി വിടണം  എന്ന ആവശ്യത്തിലേക്ക് പാർട്ടി അഖിലേന്ത്യാ പ്രസിഡന്റ് ഒടുവിൽ എത്തിച്ചേരുന്നത് തന്നെ, യഥാർഥത്തിൽ നിരന്തരം തുടരുന്ന കോൺഗ്രസ് വഞ്ചനയോട്  കണ്ണടക്കുകയെന്ന കേരള  മുസ്്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാടിൽ മനസ്സ് മടുത്തതു കൊണ്ടാണ്. മുന്നണി വിടുക അന്നത്തെ പ്രതിസന്ധിക്ക്  പരിഹാരമായിരുന്നോ  എന്ന് ചോദിച്ചാൽ അതിന് യുക്തിപരമായ ഒരു മറുപടി അസാധ്യമാണ്. പക്ഷേ, ഒരു സമുദായത്തിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ നിലവിൽവന്ന ഒരു സംഘടന അതിന് യാതൊരു വിലയും കൽപിക്കാതെ അധികാര താൽപര്യത്തിന്റെ കൂടെ നിൽക്കുന്നത് ഭൂഷണമാണോ എന്ന് ചോദിച്ചാൽ അതെ എന്ന് പറയാനും  പ്രയാസമാണ്.
അതെന്തോ ആകട്ടെ പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റ് സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ ഒരു പിളർപ്പിന് വരെ കാരണമായ കോൺഗ്രസ് മുന്നണിയിൽ തുടരാൻ ലീഗ് എടുത്ത അന്നത്തെ  നിലപാടിനെ സാധൂകരിക്കാൻ, പിൽക്കാലത്ത്  മുസ്്ലിം ലീഗ് കൊണ്ടുവന്ന ഒരു  നരേറ്റീവ് കേരള മുസ്്ലിംകളെ കുറിച്ച മോശമായ പ്രതിഛായ ഉണ്ടാക്കാനാണ് വഴിവെച്ചത്  എന്ന് പറയാതിരിക്കാനാവില്ല. മുസ്്ലിം ലീഗും അതിന്റെ ആത്മീയ നേതാവ് പാണക്കാട് തങ്ങളും സ്വീകരിച്ച വിവേകപൂർണമായ നിലപാടാണ് ബാബരി മസ്ജിദ് തകർക്കപ്പെട്ട തൊട്ടുടനെ കേരളം കത്താതിരിക്കാൻ കാരണം എന്നതായിരുന്നു, മുസ്്ലിം ലീഗിന് വേണ്ടി ആരോ ഉണ്ടാക്കുകയും  പിന്നീട് മുസ്്ലിം ലീഗ് ഔദ്യോഗികമായി ഏറ്റെടുക്കുകയും ചെയ്ത ആ  നരേറ്റീവ്. ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ കാത്തിരിക്കുന്ന ഒരു വിഭാഗമാണ് കേരള മുസ്്ലിംകൾ എന്ന പ്രതിഛായയാണ് ആ നരേറ്റീവ് ഉണ്ടാക്കിയത്. കേരളം മുസ്്ലിം തീവ്രവാദത്തിന്റെ ഹബ്ബാണ് എന്ന സംഘ് പരിവാർ പ്രചാരണത്തിന് വരെ  പാണക്കാട് തങ്ങളെ  മുൻനിർത്തി ഉണ്ടാക്കിയ ഈ നരേറ്റീവ് ഇന്ധനമായിത്തീർന്നിട്ടുണ്ട്.
സേട്ട് സാഹിബിലൂടെ ഉണ്ടായ ആ പിളർപ്പിനെയും പാർട്ടി പക്ഷേ, അതിജീവിച്ചു. അതിന് മുസ്്ലിം ലീഗ് ഏറ്റവും കടപ്പെട്ടിരിക്കുന്നത് മാർക്സിസ്റ്റ് പാർട്ടിയോടാണ്. മുസ്്ലിം രാഷ്ട്രീയത്തെ തന്നെ അപ്രസക്തമാക്കാനാണ് പിളർപ്പ് മാർക്്സിസ്റ്റ് പാർട്ടി ആയുധമാക്കിയത്. ഇത് തിരിച്ചറിഞ്ഞ ഐ.എൻ.എൽ അണികളിൽ ബഹു ഭൂരിപക്ഷവും ലീഗിലേക്ക് തിരിച്ചുപോയത് സേട്ട് സാഹിബ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ മുസ്്ലിം ലീഗിനെ തെല്ലൊന്നുമല്ല സഹായിച്ചത്. എന്നാൽ ലീഗിന് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചതും ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും, കേരള മുസ്്ലിംകളിൽ ബഹു ഭൂരിപക്ഷത്തെയും പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമായിലെ പണ്ഡിതൻമാരെ  പല ഘട്ടങ്ങളിലും നയിച്ചിരുന്ന  വിവിധ തരം താൽപര്യങ്ങളാണ്. '80-കളുടെ അവസാനത്തിൽ സമസ്തയിലെ ഒരു വിഭാഗം കാന്തപുരം എ.പി അബൂബക്കർ മുസ്്ലിയാരുടെ നേതൃത്വത്തിൽ പിളർന്നതോടെ അതുവരെ ലീഗിന് വോട്ട് ചെയ്തിരുന്ന ഒരു വിഭാഗത്തെ ഇടതുപക്ഷത്തിന്റെ ഉറച്ച വോട്ട്ബാങ്കാക്കി മാറ്റി.
പിളർപ്പിനെ തുടർന്ന്  മുസ്്ലിം ലീഗിന്റെ പിന്തുണയിൽ ശക്തി ചോരാതെ പിടിച്ചുനിന്ന ഔദ്യോഗിക വിഭാഗം സമസ്തയിലും ഇപ്പോൾ ഇടതുപക്ഷത്തിന്റെ താൽപര്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവർ ഉള്ളത് ലീഗിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ദേശീയ പാർട്ടിയെന്ന നിലയിൽ മുസ്്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിൽ  തിരിഞ്ഞു നോക്കുമ്പോൾ നേട്ടങ്ങൾ നിസ്സാരമല്ലെങ്കിലും അതിന്റെ സ്വാധീനം മലബാറിൽ മാത്രം പരിമിതമാണ് എന്ന പ്രശ്്നമുണ്ട്. നേരത്തെ എം.എൽ.എമാർ ഉണ്ടായിരുന്ന ബംഗാളിലും കർണാടകയിലും മഹാരാഷ്ട്രയിലും  ഒന്നും ഇപ്പോൾ പാർട്ടി സജീവമല്ല. മുഹമ്മദ് ഇസ്്മാഈൽ സാഹിബ്, സുലൈമാൻ സേട്ട് സാഹിബ്, ബനാത്ത് വാല തുടങ്ങിയ ലീഗ് എം. പിമാർ പാർലമെന്റിൽ മുസ്്ലിം ലീഗിന്റെ മാത്രമല്ല ഇന്ത്യൻ മുസ്്ലിംകളുടെ തന്നെ ഉറച്ച ശബ്ദമായിരുന്നു. അവർക്ക് ശേഷം ആ ശബ്ദം നേർത്ത് നേർത്ത് ഇപ്പോൾ ഒരേയൊരു  ഇ.ടി മുഹമ്മദ് ബഷീർ മാത്രമാണ്  ചില ചലനങ്ങളെങ്കിലും ഉണ്ടാക്കുന്നത്. ഇ. അഹമ്മദ് പത്ത് വർഷം കേന്ദ്ര മന്ത്രിപദം അലങ്കരിച്ചത് വിസ്മരിക്കുന്നില്ല. എങ്കിലും ഒരു മുസ്്ലിം നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന് പല പരിമിതികളും ഉണ്ടായിരുന്നു. ഇന്ത്യൻ യൂനിയൻ മുസ്്ലിം ലീഗിന്റെ  അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും എം.പിയും എന്ന നിലയിൽ പി.കെ കുഞ്ഞാലിക്കുട്ടി വലിയ പ്രതീക്ഷകളുമായി ദൽഹിയിലേക്ക് പോയെങ്കിലും പോയ വേഗത്തിൽ തന്നെ തിരിച്ചുവരുന്നതാണ് കണ്ടത്.
സ്ത്രീകളെ  അധികാര പങ്കാളിത്തത്തിലേക്ക് കൊണ്ടുവരുന്നതിൽ പുരോഗമനപരമായ നിലപാടെടുക്കുന്നതിൽ സമസ്തയുടെ സമ്മർദവും ലീഗിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത്തരം  കുറവുകൾ  ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും  മുസ്്ലിം ലീഗ് കേരളത്തിലെങ്കിലും മുസ്്ലിം രാഷ്ട്രീയത്തിലെ  വിജയിച്ച ഒരു പരീക്ഷണമാണ്. ഹിന്ദുത്വ മേൽക്കോയ്മ നേടിയ സമകാലിക ഇന്ത്യയിൽ ആ വിജയം അതുപോലെ നിലനിർത്തുക എന്നത് തന്നെ മുസ്്ലിം ലീഗിനെ സംബന്ധിച്ചേടത്തോളും വലിയൊരു  വെല്ലുവിളി തന്നെയാണ്. l
(അവസാനിച്ചു)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ - സൂക്തം 10-16
ടി.കെ ഉബൈദ്‌