Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 07

3297

1444 റമദാൻ 16

ഈജാസും ഇത്വ്്നാബും വിശുദ്ധ ഖുർആനിൽ

ഡോ. മുഹമ്മദ് പാണ്ടിക്കാട്

വിശുദ്ധ ഖുർആന്റെ അമാനുഷികത അതിന്റെ ഭാഷയിലും ശൈലിയിലും കൂടിയാണ്. അക്ഷരങ്ങളെയും വാചകങ്ങളെയും അതീവ ജാഗ്രതയോടെയാണ് അത് പ്രയോഗിച്ചിരിക്കുന്നത്. വെട്ടേണ്ടതിനെ വെട്ടിയും കൂട്ടേണ്ടതിനെ കൂട്ടിയുമുള്ള അതിന്റെ അവതരണം അറബികളെ അത്യധികം അൽഭുതപ്പെടുത്തി. അറബി ഭാഷയിൽ അറിയപ്പെട്ടതും അല്ലാത്തതുമായ എല്ലാ സാഹിത്യ ശൈലികളെയും വിശുദ്ധ ഖുർആൻ ഇതിനായി പ്രയോജനപ്പെടുത്തി.
അറബി സാഹിത്യത്തിലെ രണ്ട് സുന്ദര ശൈലികളാണ് ഈജാസും ഇത്വ്്നാബും. അനുവാചകരുടെ അകവും പുറവും പരിഗണിച്ചുകൊണ്ടുള്ള ഭാഷാ പ്രയോഗമാണിത്.

ഈജാസ്
അർഥത്തെക്കാൾ കുറച്ച് അക്ഷരങ്ങൾ പ്രയോഗിക്കുന്നതാണ് അൽ ഈജാസ് (الإيجاز) അഥവാ സംഗ്രഹം. അർഥത്തെക്കാൾ കൂടുതൽ അക്ഷരങ്ങൾ പ്രയോഗിക്കുന്നതാണ് അൽ ഇത്വ്്നാബ് (الإطناب) അഥവാ  വിവരണാത്മകം. വാക്കുകൾ കുറക്കുമ്പോൾ അർഥത്തിനും ആശയത്തിനും ഭംഗം വരുന്നുണ്ടെങ്കിൽ അത് ഈജാസ് അല്ല. മറിച്ച്, ഇഖ്ലാൽ (إخْلَال)  ആണ്.  ആശയച്ചോർച്ച എന്നർഥം. വിശുദ്ധ ഖുർആനിൽ എവിടെയും 'ഇഖ്ലാൽ' ഇല്ല. സാധ്യവും സാധുവുമായ രീതിയിൽ ഏറ്റവും കുറച്ച് പദങ്ങൾ പ്രയോഗിച്ചുള്ള അവതരണ ശൈലിയാണ് ഈജാസ്.

ഇത്വ്്നാബ്
ആശയങ്ങളെക്കാൾ കൂടുതൽ അക്ഷരങ്ങളുപയോഗിച്ച് നീട്ടിപ്പറയുന്നതാണ് ഇത്വ്്നാബ് . أطنب في الشيءഎന്നാൽ ഒരു കാര്യത്തിൽ ധാരാളമാക്കി എന്നാണർഥം.  أطنبت الريح എന്നാൽ കാറ്റ് ശക്തമായി എന്നാണ്. أطنب في السير എന്നാൽ നടത്തം വേഗത്തിലാക്കി എന്നും. ഈ അർഥത്തിലാണ്, ഏതെങ്കിലും കാര്യത്തിനായി പദങ്ങൾ വർധിപ്പിക്കുന്നതിനെ ഇത്വ്്നാബ് എന്ന് വിളിച്ചത്.
പക്ഷേ, അനാവശ്യവും അനർഥകരവുമായ ഒരക്ഷരം പോലും ഇല്ലാതിരിക്കണം. ചുരുക്കിപ്പറയാവുന്ന ഒരു ആശയത്തെ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾക്കായി പരത്തിപ്പറയുന്ന ശൈലിയാണിത്. അലക്ഷ്യമായി വാക്കുകൾ കൂട്ടിച്ചേർത്ത് പറയുന്നതും എഴുതുന്നതും ഇത്വ്്നാബ് അല്ല.
ആശയാവിഷ്കാരത്തിനായി വിശുദ്ധ ഖുർആൻ ഈ രണ്ട് ശൈലികളെയും നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എവിടെയാണോ  ചുരുക്കിപ്പറയേണ്ടത് അവിടെ ചുരുക്കിയും എവിടെയാണോ വിപുലമാക്കേണ്ടത് അവിടെ വിപുലമാക്കിയും അതിന്റെ അധ്യാപനങ്ങൾ അവതരിപ്പിക്കുന്നു. ആശയങ്ങളെ മനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കാൻ വേണ്ടിയാണിത്.

ഉദാഹരണങ്ങൾ
ഈജാസിന്  ഉദാഹരണമാണ് അല്ലാഹുവിന്റെ ഈ വാക്യം:
  وَلَكُمْ فِى ٱلْقِصَاصِ حَيَوٰةٌۭ (ബുദ്ധിശാലികളേ, പ്രതിക്രിയയില്‍ നിങ്ങള്‍ക്കു ജീവിതമുണ്ട് - 2: 179). പ്രതിക്രിയാ ശിക്ഷാ നടപടികളുടെ മുഴുവൻ നേട്ടങ്ങളും حَيَوٰةٌۭ  (ജീവിതം) എന്ന നാമത്തിൽ അല്ലാഹു സംഗ്രഹിച്ചിരിക്കുന്നു.
ഇത്വ്്നാബിന് ഉദാഹരണമായി ഈ വാക്യത്തെ ഉദ്ധരിക്കാറുണ്ട്:
فَوَسْوَسَ إِلَيْهِ ٱلشَّيْطَـٰنُ قَالَ يَـٰٓـَٔادَمُ هَلْ أَدُلُّكَ عَلَىٰ شَجَرَةِ ٱلْخُلْدِ وَمُلْكٍۢ لَّا يَبْلَىٰ
(എന്നാല്‍ പിശാച് അദ്ദേഹത്തിന് ഇങ്ങനെ ദുര്‍ബോധനം നല്‍കി: ആദമേ, താങ്കള്‍ക്ക് നിത്യജീവിതവും അന്യൂനമായ ആധിപത്യവും നല്‍കുന്ന ഒരു വൃക്ഷം കാണിച്ചുതരട്ടെയോ?- 20:120). ഇവിടെ പിശാചിന്റെ ദുർബോധനത്തിന്റെ വിശദീകരണമായാണ് قَالَ ക്ക് ശേഷമുള്ള വാക്കുകൾ.

ഈജാസിന്റെ ഇനങ്ങൾ
വാക്കുകളെ ഒതുക്കുന്നതിനായി പല രീതികൾ അറബികൾ സ്വീകരിക്കാറുണ്ടായിരുന്നു. വിശുദ്ധ ഖുർആനിലും ഇപ്രകാരം കാണാം. പ്രധാനമായും രണ്ട് തരത്തിലുള്ള ഈജാസുകളാണുള്ളത്.
ഒന്ന്: വാക്കുകളെ ഒതുക്കിയുള്ള ഈജാസ്‌ (إيجَازُ قَصْر).
രണ്ട് : വാക്കുകളെയും വചനങ്ങങ്ങളെയും ഒഴിവാക്കിയുള്ള ഈജാസ് (إيجَازُ حَذْف).
ഒരു വാക്ക് പോലും ഒഴിവാക്കാതെ എല്ലാ ആശയങ്ങളും ചുരുങ്ങിയ പദങ്ങളിൽ ഒതുക്കുന്ന രീതിയാണ് إيجاز قصر . കൊച്ചു വാക്കുകളിൽ ആശയ പ്രപഞ്ചം തന്നെ ഉൾക്കൊള്ളിക്കുന്ന ഈ ശൈലിയെ സാഹിത്യ സംക്ഷിപ്തം (إيجَازُ البَلَاغَة) എന്നും വിളിക്കാറുണ്ട്.
أَلَا لَهُ ٱلْخَلْقُ وَٱلْأَمْرُ ۗ
(അറിയുക: സൃഷ്ടിക്കാനും കല്‍പിക്കാനും അവന്നു മാത്രമാണ് അധികാരം - 7: 54) എന്ന വാക്യം ഇതിനുദാഹരണമാണ്.
വാക്കുകളെയും വാക്യങ്ങളെയും ഒഴിവാക്കിയുള്ളതാണ് ഈജാസ് ഹദ്ഫ് (إيجَازُ حَذْف). ഇതിന് പല രൂപങ്ങളുണ്ട്:
1) ഏതെങ്കിലും ഒരക്ഷരം കളഞ്ഞുകൊണ്ടുള്ളത്: 
ഉദാഹരണം, تَنَزَّلُ ٱلْمَلَـٰٓئِكَةُ وَٱلرُّوحُ فِيهَا
(ആ രാവില്‍ മലക്കുകളും ജിബ്‌രീലും ഇറങ്ങി വരുന്നു- 97:4).
ഇവിടെ  تَتَنَزَّلُ എന്നതിലെ ആദ്യത്തെ താഇനെ കളഞ്ഞു കൊണ്ടാണ് تَنَزَّلُ എന്നു പറഞ്ഞത്.
2) ചേർക്കപ്പെട്ട (مُضَاف ) നാമത്തെ കളയുക:
وَجَـٰهِدُوا۟ فِى ٱللَّهِ حَقَّ جِهَادِهِۦ ۚ (അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ടവിധം സമരം ചെയ്യുക- 22:78).
ഇവിടെ في سبيل الله   (അല്ലാഹുവിന്റെ മാർഗത്തിൽ) എന്ന് പറയേണ്ടിടത്താണ് فِي اللهِ (അല്ലാഹുവിൽ) എന്ന് മാത്രം പ്രയോഗിച്ചത്.
3) മുദാഫ് ഇലൈഹി (ചേർത്ത നാമം) ആയ നാമത്തെ ഒഴിവാക്കുക:
وَوَٰعَدْنَا مُوسَىٰ ثَلَـٰثِينَ لَيْلَةًۭ وَأَتْمَمْنَـٰهَا بِعَشْرٍۢ
(മൂസാക്ക് നാം മുപ്പത് രാവുകള്‍ നിശ്ചയിച്ചുകൊടുത്തു. പിന്നീട് പത്തുകൂടി ചേര്‍ത്ത് അത് പൂര്‍ത്തിയാക്കി- 7:142).
ഇവിടെ അവസാനത്തിൽ പത്ത് രാത്രി (بِعَشْرِ لَيَالٍ) എന്നതിനെയാണ്  بِعَشْرٍ എന്ന് മാത്രം പറഞ്ഞത്.
4) വിശേഷ്യത്തെ (مَنْعُوت) ഒഴിവാക്കുക:
وَمَن تَابَ وَعَمِلَ صَـٰلِحًۭا   (ആരെങ്കിലും പശ്ചാത്തപിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ - 25:71).
ഇവിടെ സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തു  (وَعَمِلَ عَمَلًا صَالِحًا) എന്നിടത്താണ്  وَعَمِلَ صَالِحًا എന്ന് പറഞ്ഞത്.
5) വിശേഷണ (نَعْت) ത്തെ ഒഴിവാക്കുക:
 وَأَمَّا ٱلَّذِينَ فِى قُلُوبِهِم مَّرَضٌۭ فَزَادَتْهُمْ رِجْسًا إِلَىٰ رِجْسِهِمْ
(എന്നാല്‍ ദീനം പിടിച്ച മനസ്സിന്റെ ഉടമകള്‍ക്ക് അത് തങ്ങളുടെ മാലിന്യത്തിലേക്ക് കൂടുതല്‍ മാലിന്യം കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത് - 9:125).
ഇവിടെ رِجْسًا مُضَافًا إِلَى رِجْسِهِمْ എന്നതാണ് പൂർണ വാക്യം.
6) ശർത്വിനെ അഥവാ നിബന്ധനാ വാക്യത്തെ കളഞ്ഞുകൊണ്ട്:
 قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ (പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. അല്ലാഹു നിങ്ങളെ സ്‌നേഹിക്കും - 3:31).
ഇവിടെ "എന്നെ പിന്തുടരുക, നിങ്ങൾ എന്നെ പിന്തുടരുന്നുവെങ്കിൽ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും.' فَاتَّبِعُونِي فَإنْ تَتَّبِعُونِي يُحْبِبْكُمُ اللهُ എന്നതാണ് പൂർണരൂപം.  فَإنْ تَتَّبِعُونِي (നിങ്ങൾ എന്നെ അനുഗമിക്കുന്നുവെങ്കിൽ) എന്ന ശർത്വിനെ കളഞ്ഞു.
7) ശർത്വിന്റെ ജവാബ് /മറുപടി കളയുക:
 وَلَوْ تَرَىٰٓ إِذْ وُقِفُوا۟ عَلَى ٱلنَّارِ .... (അവരെ നരകത്തിനു മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തുന്നത് നീ കണ്ടിരുന്നെങ്കില്‍...- 6 : 27).
ഇവിടെ അവസാനം  لَرَأَيْتَ أَمْرًا فَظِيعًا (താങ്കൾ അതി ദാരുണമായ കാര്യമാണ് കാണുക) എന്ന വാചകം കളഞ്ഞു.
8) ബന്ധപ്പെട്ട ക്രിയകളെ (مُسْنَد) ഒഴിവാക്കുക:
وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ ٱللَّهُ (ആകാശഭൂമികളെ പടച്ചതാരെന്നു ചോദിച്ചാല്‍ അവര്‍ പറയും: 'അല്ലാഹു' - 31: 25).
ഈ വാക്യത്തിലെ അവസാന ഭാഗത്തിന്റെ പൂർണ രൂപം: لَيَقُولُنَّ  خَلَقَهُنَّ اللهُ... (അവര്‍ പറയും: അവയെ സൃഷ്ടിച്ചത്  'അല്ലാഹു') എന്നാണ്.
9 ) ബന്ധപ്പെട്ട വാക്യങ്ങളെ (متعلق) കളയുക:
لَا يُسْـَٔلُ عَمَّا يَفْعَلُ وَهُمْ يُسْـَٔلُونَ (അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ആരും ചോദ്യംചെയ്യുകയില്ല. എന്നാല്‍, ഉറപ്പായും അവര്‍ ചോദ്യം ചെയ്യപ്പെടും - 21: 23).
ഇവിടെ അവസാനത്തിൽ وَهُمْ يُسْأَلُونَ عَمَّا يَفْعَلُونَ (അവർ പ്രവർത്തിക്കുന്നതിനെക്കുറിച്ച് അവര്‍ ചോദ്യം ചെയ്യപ്പെടും) എന്നതാണ് സാധാരണ ശൈലി.
10) ഒരു വാക്യത്തെ ഉപേക്ഷിക്കുക:
كَانَ ٱلنَّاسُ أُمَّةًۭ وَٰحِدَةًۭ فَبَعَثَ ٱللَّهُ ٱلنَّبِيِّـۧنَ مُبَشِّرِينَ وَمُنذِرِينَ (മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു- 2: 213).
ഈ വാക്യത്തിൽ وَاحِدَةً എന്നതിന് ശേഷം فَاخْتَلَفُوا (അങ്ങനെയവർ ഭിന്നിച്ചു) എന്ന ക്രിയയെ ഒഴിവാക്കി.
11) ധാരാളം വാക്യങ്ങളെ ഉപേക്ഷിക്കുക:
  فَأَرْسِلُونِ.. يُوسُفُ أَيُّهَا ٱلصِّدِّيقُ  (നിങ്ങള്‍ എന്നെ ചുമതലപ്പെടുത്തി അയച്ചാലും. അയാള്‍ പറഞ്ഞു: സത്യസന്ധനായ യൂസുഫേ... - 12:45.46).
ഈ വാക്യത്തിൽ فَأَرْسِلُونِ എന്നതിന് ശേഷം ധാരാളം വാചകങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. "സ്വപ്ന വ്യാഖ്യാനത്തിനായി നിങ്ങളെന്നെ യൂസുഫിന്റെ അടുത്തേക്ക് അയക്കുക. അങ്ങനെ അവർ അദ്ദേഹത്തെ അങ്ങോട്ടയച്ചു. അദ്ദേഹം യൂസുഫിന്റെ അടുക്കൽ ചെന്ന് ചോദിച്ചു: "അല്ലയോ സത്യസന്ധനായ യൂസുഫേ...".
ഇപ്രകാരമതിനെ സങ്കൽപിക്കാം.

ഇത്വ്്നാബിന്റെ ഇനങ്ങൾ     
ഏതൊരു ലക്ഷ്യത്തിനാണോ വിഷയങ്ങൾ വിപുലമായി അവതരിപ്പിക്കുന്നത് അതിനനുയോജ്യമായ രൂപങ്ങളാണ് പ്രയോഗിക്കേണ്ടത്. അവ പ്രധാനമായും ഇവയാണ്:
1) ആദ്യം പൊതുവായതിനെയും പിന്നീട്  പ്രത്യേകമായതിനെയും പറയുക:
ഉദാഹരണം: حَـٰفِظُوا۟ عَلَى ٱلصَّلَوَٰتِ وَٱلصَّلَوٰةِ ٱلْوُسْطَىٰ (നിങ്ങള്‍ നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുക. വിശേഷിച്ചും നടുവിലുള്ള നമസ്‌കാരത്തില്‍..- 2:238).
നമസ്കാരങ്ങളെ പൊതുവെ പറഞ്ഞ ശേഷം സ്വലാതുൽ വുസ്ത്വായെ പ്രത്യേകം പറഞ്ഞു.
2) ആദ്യം പ്രത്യേകമായതിനെയും പിന്നീട് പൊതുവായതിനെയും പറയുക:
ഉദാഹരണം:
 رَّبِّ ٱغْفِرْ لِى وَلِوَٰلِدَىَّ وَلِمَن دَخَلَ بَيْتِىَ مُؤْمِنًۭا وَلِلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ....
(നാഥാ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും വിശ്വാസികളായി എന്റെ ഭവനത്തില്‍ കടന്നുവരുന്നവര്‍ക്കും സത്യവിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും നീ പൊറുത്തു തരേണമേ!- 71: 28).
ആദ്യം സ്വന്തം മാതാപിതാക്കളെ പ്രത്യേകമായും പിന്നീട് മുഴുവൻ സത്യവിശ്വാസികളെ പൊതുവായും പറഞ്ഞു.
3) ഒരു കാര്യം അവ്യക്തമാക്കിയ ശേഷം വ്യക്തമാക്കുക:
وَقَضَيْنَآ إِلَيْهِ ذَٰلِكَ ٱلْأَمْرَ أَنَّ دَابِرَ هَـٰٓؤُلَآءِ مَقْطُوعٌۭ مُّصْبِحِينَ
(അദ്ദേഹത്തെ ഖണ്ഡിതമായി ഒരു കാര്യം അറിയിച്ചു. അഥവാ, അടുത്ത പ്രഭാതത്തോടെ ഇക്കൂട്ടരുടെ മുരടു മുറിച്ചുമാറ്റുമെന്ന് - 15: 66).
ആദ്യം 'ഒരു കാര്യം' എന്ന് അവ്യക്തമായി പറഞ്ഞു; പിന്നീട് ആ കാര്യമെന്താണെന്ന് വ്യക്തമാക്കുകയും ചെയ്തു.
4) ആശയം കൂടുതൽ  വ്യക്തമാവുന്നതിനായി ഇടവാക്യങ്ങൾ ചേർക്കുക:
إِذَا جَآءَكَ ٱلْمُنَـٰفِقُونَ قَالُوا۟ نَشْهَدُ إِنَّكَ لَرَسُولُ ٱللَّهِ ۗ وَٱللَّهُ يَعْلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشْهَدُ إِنَّ ٱلْمُنَـٰفِقِينَ لَكَـٰذِبُونَ
(കപടവിശ്വാസികള്‍ നിന്റെ അടുത്തുവന്നാല്‍ പറയും: തീര്‍ച്ചയായും അങ്ങ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.  അല്ലാഹുവിനറിയാം, നിശ്ചയമായും നീ അവന്റെ ദൂതനാണെന്ന്.  കപടവിശ്വാസികള്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹുവും സാക്ഷ്യം വഹിക്കുന്നു - 63:1).
ഈ വാക്യത്തിൽ وَٱللَّهُ يَعْلَمُ إِنَّكَ لَرَسُولُهُۥ (അല്ലാഹുവിനറിയാം, നിശ്ചയമായും നീ അവന്റെ ദൂതനാണെന്ന്) എന്ന ഇടവാക്യം ഇത്വ്്നാബ് ആണ്.
5) വിഷയത്തിന്റെ പ്രാധാന്യവും ഗൗരവവും കൂടുതൽ ബോധ്യപ്പെടുത്തുന്നതിനായി വാക്കുകളെയോ വാക്യങ്ങളെയോ ആവർത്തിക്കുക:
كَلَّا سَوْفَ تَعْلَمُونَ ثُمَّ كَلَّا سَوْفَ تَعْلَمُونَ (വീണ്ടും സംശയം വേണ്ട; നിങ്ങളതറിയുകതന്നെ ചെയ്യും. സംശയം വേണ്ട; നിങ്ങളതറിയുകതന്നെ ചെയ്യും - 102:3,4).
6) സംബോധിതൻ തനിക്കേറെ ഇഷ്ടപ്പെട്ടവനായതിനാൽ സംഭാഷണത്തെ കൂടുതൽ ദീർഘിപ്പിക്കുക:
وَمَا تِلْكَ بِيَمِينِكَ يَـٰمُوسَىٰ قَالَ هِىَ عَصَاىَ أَتَوَكَّؤُا۟ عَلَيْهَا وَأَهُشُّ بِهَا عَلَىٰ غَنَمِى وَلِىَ فِيهَا مَـَٔارِبُ أُخْرَىٰ   (മൂസാ, നിന്റെ വലതു കൈയിലെന്താണ്?
മൂസാ പറഞ്ഞു: ഇതെന്റെ വടിയാണ്. ഞാനിതിന്മേല്‍ ഊന്നി നടക്കുന്നു. ഞാനിതുകൊണ്ട് എന്റെ ആടുകള്‍ക്ക് ഇല വീഴ്ത്തിക്കൊടുക്കുന്നു. ഇതുകൊണ്ട് എനിക്ക് വേറെയും ചില ആവശ്യങ്ങളുണ്ട് - 20:17,18).
ഇവിടെ തന്റെ മഹ്ബൂബായ അല്ലാഹുവിനോട് കൂടുതൽ നേരം സംസാരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മൂസാ നബി (അ) വാക്യത്തെ ദീർഘിപ്പിക്കുന്നത്. ഖുർആനിക ആശയങ്ങളെ കൂടുതൽ ഗ്രഹിക്കാനും ആസ്വദിക്കാനും അൽ ഈജാസ്, അൽ ഇത്വ്്നാബ് സംബന്ധിച്ച  പഠനങ്ങൾ ഏറെ സഹായകമാവും.
ചെറുതും വലുതുമായ ധാരാളം ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും ഈ വിഷയത്തിൽ രചിക്കപ്പെട്ടിട്ടുണ്ട്.  നൂറുൽ ഹുദാ ബാരീസ് എഴുതിയ بلاغة الوفرة و بلاغة الندرة : مبحث في الإيجاز و الإطناب , അഹ്്മദ് ഹമദ് മുഹ്സിൻ രചിച്ച موسوعة أساليب الإيجاز في القرآن الكربم, ഡോ. മുഹമ്മദ് അമീൻ ഖുവൈലിദിന്റെ بلاغة الإيجاز في القرآن الكربم, ഇബ്റാഹീം ത്വാഹായുടെ   الإيجاز في الموروث البلاغي و القرآن الكريم തുടങ്ങിയവ ഇവയിൽ പ്രസിദ്ധമാണ്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ - സൂക്തം 10-16
ടി.കെ ഉബൈദ്‌