Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 07

3297

1444 റമദാൻ 16

കാര്‍ഷികോല്‍പന്നങ്ങളുടെ സകാത്ത്

വി.കെ അലി

സമൂഹത്തിലെ കഷ്ടപ്പെടുന്നവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും അവരെ സ്വയം പര്യാപ്തിയിലേക്ക് ഉയര്‍ത്തുകയും ചെയ്യുകയെന്നത് ഇസ്്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ പെട്ടതാണ്. സമ്പന്നന്‍ അവന്റെ വരുമാനത്തിന്റെ രണ്ടര ശതമാനം മുതല്‍ പത്ത് ശതമാനം വരെ പാവപ്പെട്ടവര്‍ക്കും നിര്‍ധനര്‍ക്കും നല്‍കണമെന്നാണ് ഇസ്്‌ലാമിന്റെ ശാസന. എല്ലാതരം സമ്പത്തുകള്‍ക്കും ഇസ്്‌ലാം സകാത്ത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്വര്‍ണം, വെള്ളി, കന്നുകാലികള്‍, കാര്‍ഷികോല്‍പന്നങ്ങള്‍ തുടങ്ങി അക്കാലത്ത് മുഖ്യ സമ്പത്തുകളായി ഗണിച്ചിരുന്നവയില്‍നിന്നെല്ലാം പ്രവാചകന്‍ സകാത്ത് ഈടാക്കിയിരുന്നു. ഇത് ദൈവിക കല്‍പനയുടെ അടിസ്ഥാനത്തിലായിരുന്നു വാങ്ങിയിരുന്നത്. ''അവരുടെ എല്ലാ സമ്പത്തുകളില്‍നിന്നും നീ നിര്‍ബന്ധ ദാനം ഏറ്റെടുക്കുക. അതുമൂലം അവര്‍ക്ക് വിശുദ്ധിയും വളര്‍ച്ചയും ഉണ്ടാകും'' (അത്തൗബ 103). വിവിധ പ്രദേശങ്ങളിലേക്ക് ഭരണകര്‍ത്താക്കളെ നിയോഗിക്കുമ്പോള്‍ നബി (സ) അവരോട് ആജ്ഞാപിച്ചിരുന്നത്, നിങ്ങള്‍ അവിടത്തെ ജനങ്ങളോട് ഇപ്രകാരം പറയണമെന്നായിരുന്നു: ''അല്ലാഹു അവർക്ക് സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു. അത് അവരുടെ സമ്പന്നരില്‍നിന്ന് കൈപ്പറ്റി അവരിലെ ദരിദ്രരില്‍ വിതരണം ചെയ്യുക.'' 
ഇവിടെയെല്ലാം ജനങ്ങളോട് സ്വയം സകാത്ത് നല്‍കാനല്ല, അവരില്‍നിന്ന് അത് ഏറ്റുവാങ്ങാനാണ് കൽപിക്കുന്നത്. അതിനാല്‍, സകാത്ത് സ്വന്തം സ്വന്തമായി നിര്‍വഹിക്കേണ്ട കര്‍മമല്ല. സാമൂഹികമായി സംഭരിച്ച് വിതരണം ചെയ്യേണ്ടതാണ്. ഏതെങ്കിലും ചില പ്രത്യേക ഇനങ്ങളില്‍ മാത്രമല്ല സകാത്ത് നിര്‍ബന്ധമാക്കിയത് എന്നതാണ് ശ്രദ്ധാർഹമായ മറ്റൊരു വസ്തുത. എല്ലാതരം സമ്പത്തുകള്‍ക്കും (അംവാല്‍) എല്ലാതരം സമ്പന്നര്‍ക്കും (അഗ്നിയാഅ്) അത് നിര്‍ബന്ധമാകും. 
ഹിജ്‌റ രണ്ടാം വര്‍ഷം മദീനയിലാണ് പ്രവാചകന്‍ സകാത്ത് വ്യവസ്ഥ നടപ്പാക്കിയത്. മദീനയിലെ മുഖ്യ വരുമാനമാര്‍ഗം കൃഷിയാണ്. കാരക്ക, മുന്തിരി, ഗോതമ്പ്, ബാര്‍ലി എന്നിവയായിരുന്നു മുഖ്യ കാര്‍ഷിക ഇനങ്ങള്‍. എന്നാല്‍ ഇവക്ക് മാത്രമല്ല, ഇതര വരുമാനങ്ങള്‍ക്കും സകാത്ത് നല്‍കണമെന്നതില്‍ പൊതുവെ പണ്ഡിതന്മാര്‍ യോജിച്ചിരിക്കുന്നു. സൂക്ഷിച്ചുവെക്കാന്‍ കഴിയുന്നതും മുഖ്യാഹാരമായി ഉപയോഗിക്കുന്നതുമായ ധാന്യങ്ങള്‍ക്കെല്ലാം സകാത്ത് വേണമെന്നാണ് ശാഫിഈ മദ്ഹബുകാരുടെ നിലപാട്. ഇമാം അഹ്്മദുബ്‌നു ഹമ്പല്‍ പറയുന്നത്, ഉണക്കാനും അളക്കാനും സൂക്ഷിച്ചുവെക്കാനും സാധിക്കുന്ന ഇനങ്ങള്‍ക്കാണ് സകാത്ത് എന്നത്രെ. എന്നാല്‍ ഇമാം അബൂ ഹനീഫയുടെ അഭിപ്രായം, മനുഷ്യര്‍ അവരുടെ ഉപയോഗത്തിനായി കൃഷി ചെയ്തുണ്ടാക്കുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും സകാത്ത് വേണമെന്നാണ്. അബൂ ഹനീഫയുടെ അഭിപ്രായത്തെ ബലപ്പെടുത്തുന്ന ഖുര്‍ആനിക സൂക്തങ്ങളും നബിവചനങ്ങളും സുലഭമാണ്. എന്നാല്‍, മറ്റു മദ്ഹബുകളുടെ അഭിപ്രായത്തിന് പിന്‍ബലമായി പ്രമാണങ്ങളൊന്നും കാണുന്നില്ല. ഉദാഹരണം: ''വിശ്വസിച്ചവരേ, നിങ്ങള്‍ സമ്പാദിച്ച നല്ല വിഭവങ്ങളില്‍നിന്നും നാം നിങ്ങള്‍ക്ക് ഭൂമിയില്‍ നിന്ന് ഉല്‍പാദിപ്പിച്ചു തന്നതില്‍നിന്നും നിങ്ങള്‍ വിനിയോഗിക്കുക'' (അല്‍ബഖറ 267). ഇവിടെ 'ഇന്‍ഫാഖ്' (ചെലവഴിക്കുക) എന്നതുകൊണ്ടുദ്ദേശ്യം സകാത്ത് ആണെന്നും കച്ചവടത്തിന്റെയും കൃഷിയുടെയും സകാത്ത് നല്‍കാനാണ് കല്‍പിച്ചിരിക്കുന്നത് എന്നും വിശദീകരിക്കപ്പെട്ടിരിക്കുന്നു.. സൂറഃ  അൽ അന്‍ആമിലെ 141-ാം സൂക്തത്തില്‍ وَاٰتُوۡا حَقَّهٗ يَوۡمَ حَصَادِهٖ​  (അവയിലെ അവകാശങ്ങൾ വിളവെടുപ്പ് നാളില്‍ തന്നെ നിങ്ങള്‍ കൊടുത്തു വീട്ടുക) എന്നു പറഞ്ഞത്, തൊട്ടു മുമ്പ് പറഞ്ഞ എല്ലാതരം ഉല്‍പന്നങ്ങള്‍ക്കും സകാത്ത് നല്‍കണമെന്നാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു. യൂനുസുബ്‌നു ഉബൈദില്‍നിന്ന് അബൂ ഉബൈദ് നിവേദനം ചെയ്യുന്നു: 'ഉമറുബ്‌നു അബ്ദില്‍ അസീസ് ഒമാനിലെ തന്റെ ഗവര്‍ണര്‍ക്കെഴുതിയത്, ഇറുനൂറ് ദിര്‍ഹം വിലയുള്ള മത്സ്യത്തിനേ സകാത്ത് ചുമത്താവൂ എന്നായിരുന്നു. ഇരുനൂറ് ദിര്‍ഹമിന് തുല്യമായാല്‍ അതില്‍നിന്ന് സകാത്ത് വാങ്ങുക. ഇമാം അഹ്്മദും ഇതുപോലെ പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്' (അല്‍ മുഗ്നി, വാ: 3, പേജ് 28).
പന്തലില്‍ വളര്‍ത്തുന്നതും അല്ലാത്തതുമായ തോട്ടങ്ങള്‍, ഈത്തപ്പനകള്‍, പലതരം കായ്കനികളുള്ള കൃഷികള്‍, പരസ്പരം സാദൃശ്യം തോന്നുന്നതും എന്നാല്‍ വ്യത്യസ്തങ്ങളുമായ ഒലീവും റുമ്മാനും- ഇവയെല്ലാമാണ് തൊട്ടു മുമ്പ് എണ്ണിപ്പറഞ്ഞ കൃഷിയിനങ്ങള്‍. അവയുടെയെല്ലാം حَقّ (നിര്‍ബന്ധ വിഹിതം) നല്‍കണമെന്ന് പറയുന്നു; സകാത്ത് കൊടുക്കണമെന്നാണ് തിരുമേനിയുടെ വചനത്തിലും പ്രസ്താവിക്കുന്നത്. ആകാശത്ത് നിന്നുള്ള മഴവെള്ളം ഉപയോഗപ്പെടുത്തുന്ന ഉല്‍പന്നങ്ങള്‍ക്കെല്ലാം പത്തിലൊന്നും സ്വന്തം ജലസേചനം വഴി ഉണ്ടാക്കുന്നതിന് ഇരുപതിലൊന്നും, കൊടുക്കണമെന്നാണ് നബി(സ)യുടെ കല്‍പന. ഇത്തരം തെളിവുകളുടെ പിന്‍ബലത്തിലാണ് ഇമാം ഇബ്‌നുല്‍ അറബി തന്റെ മദ്‌ഹബി(മാലികീ മദ്ഹബ്)ന് വിപരീതമായി ഇമാം അബൂ ഹനീഫയെ പിന്തുണച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്: ഈ വിഷയത്തില്‍ പ്രമാണം കൊണ്ട് ഏറ്റവും ശക്തം അബൂ ഹനീഫയുടെ മദ്ഹബാണ്. പാവങ്ങള്‍ക്ക് ഏറ്റവും പ്രയോജനകരവും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞത കാണിക്കുക എന്നതിന് ഏറ്റവും ഉത്തമവും അതാണ്. ഖുര്‍ആനിക സൂക്തത്തിന്റെയും ഹദീസിന്റെയും പൊതുവായ ആശയം അതിനെയാണ് ശരിവെക്കുന്നത് (ശറഹുത്തിര്‍മിദി 3/135).

പച്ചക്കറികളും പഴവര്‍ഗങ്ങളും
മനുഷ്യര്‍ ധാരാളമായി ഉപയോഗിക്കുന്ന വിഭവങ്ങളാണ് പച്ചക്കറികളും പഴങ്ങളും. അതുകൊണ്ടുതന്നെ വലിയ തോതില്‍ കൃഷി ചെയ്തുണ്ടാക്കുന്ന ഉപഭോഗ വസ്തുക്കളാണവ. ആയിരക്കണക്കില്‍ ഏക്കറുകളില്‍ ഇവ കൃഷി ചെയ്തുണ്ടാക്കുകയും നാട്ടിലും മറുനാട്ടിലും കയറ്റി അയക്കുകയും ചെയ്യുന്നു. വരുമാനത്തിന്റെ മുഖ്യ സ്രോതസ്സുകളിലൊന്നാണിത്. എന്നാല്‍, ഇവയുടെ സകാത്തിനെ സംബന്ധിച്ചേടത്തോളം പണ്ഡിതന്മാര്‍ക്ക് ഭിന്നാഭിപ്രായമുണ്ട്. ഈത്തപ്പഴവും മുന്തിരിയുമൊഴികെയുള്ള പഴങ്ങള്‍ക്കൊന്നും സകാത്തില്ല എന്നാണ് ശാഫിഈയുടെ നിലപാട്. അതുപോലെ പച്ചക്കറികളെയും സകാത്തില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. എന്നാല്‍, ഇതു സംബന്ധമായി ഉന്നയിക്കപ്പെടുന്ന റിപ്പോര്‍ട്ടുകളെല്ലാം നിവേദക പരമ്പര പ്രവാചകനിലേക്കെത്താത്ത 'മുര്‍സലുകൾ' ആണ്. 'പച്ചക്കറികളില്‍ സകാത്തില്ല' എന്ന രിവായത്ത് പ്രബലമല്ലെന്ന് ഇമാം തിര്‍മിദി പറയുന്നു. മാത്രമല്ല, ' ഈ വിഷയകമായി നബിയില്‍നിന്ന് പ്രബലമായ ഒരു നിവേദനവുമില്ലെന്ന് കൂടി അദ്ദേഹം പറഞ്ഞിട്ടുണ്ട്' (ഫിഖ്ഹുസ്സകാത്ത്  - ഡോ. യൂസുഫുല്‍ ഖറദാവി, വാള്യം 1, പേജ് 358).
എന്നാല്‍ അരി, ഗോതമ്പ് എന്നിവ 653 കിലോ ഗ്രാം ഉല്‍പാദിപ്പിക്കുന്നവർ അഞ്ചു ശതമാനമോ പത്തു ശതമാനമോ സകാത്ത് കൊടുക്കണമെന്നും ആപ്പിള്‍, ഓറഞ്ച്, മാങ്ങ, പൈനാപ്പിള്‍, ബത്തക്ക എന്നിവയിലൂടെ ലക്ഷക്കണക്കിന് ‍രൂപ ലാഭം കൊയ്യുന്നവര്‍ ഒന്നും കൊടുക്കേണ്ടെന്നും പറയുന്നത് ബുദ്ധിക്ക് നിരക്കുന്നതല്ല. അതുപോലെ റബര്‍, തേയില, ഏലം, തേങ്ങ, ഒലീവ്, പരുത്തി തുടങ്ങിയവയുടെ വിപണനത്തിലൂടെ കോടികള്‍ സമ്പാദിക്കുന്നവര്‍ക്ക് സകാത്തില്ല എന്ന് പറയുന്നതും എത്രമാത്രം മൗഢ്യമാണ്. ഇസ്്‌ലാമിന്റെ നീതിബോധത്തിന് നിരക്കുന്നതുമല്ല അത്.
അതുകൊണ്ട് ഈ വിഷയകമായി ഇമാം അബൂഹനീഫയുടെ വീക്ഷണമാണ് ഖുര്‍ആനിക ശാസനകളോടും മനുഷ്യബുദ്ധിയോടും യോജിക്കുന്നത്. ആരെല്ലാമാണോ ധനികന്‍ അവരെല്ലാം സകാത്ത് കൊടുക്കണം. ആരുടെ കൈയിലെല്ലാം സമ്പത്തുണ്ടോ ആ സമ്പത്തുകള്‍ക്കെല്ലാം സകാത്ത് കൊടുക്കണം. ചില പ്രത്യേക ഉല്‍പന്നങ്ങള്‍ക്കേ സകാത്തുള്ളൂ എന്ന വാദം കര്‍ഷകരോടും കൃഷിസംബന്ധമായ സന്തുലിത നിലപാടിനോടുമുള്ള അതിക്രമമാണ്.

നിസ്വാബുകളില്‍ പുനരാലോചന
തിരുമേനിയുടെ കാലത്ത് സകാത്ത് ചുമത്തിയിരുന്ന വസ്തുക്കള്‍ക്കെല്ലാം നിസ്വാബ് (ഏറ്റവും ചുരുങ്ങിയ ക്വാണ്ടിറ്റി) നിശ്ചയിച്ചിരുന്നു. ധാന്യങ്ങള്‍ 300 സ്വാഅ് (653 കിലോ), സ്വര്‍ണം 85 ഗ്രാമം (20 ദീനാര്‍), വെള്ളി ഇരുനൂറ് ദിര്‍ഹം (595 ഗ്രാം), ആട് നാല്‍പത് എണ്ണം, ഒട്ടകം 5 എന്നിവയായിരുന്നു നിസ്വാബ്. ഇവ തമ്മില്‍ അക്കാലത്ത് ഏറക്കുറെ മൂല്യപ്പൊരുത്തം ഉണ്ടായിരുന്നു. 200 ദിര്‍ഹമും 20 ദീനാറും തുല്യ മൂല്യങ്ങളാണ്. 40 ആടുകളും ഇരുനൂറ് ദിര്‍ഹമും തഥൈവ. എന്നാല്‍, വസ്തുക്കളുടെ മൂല്യത്തില്‍ ഗണ്യമായ അന്തരം സംഭവിച്ച ഇക്കാലത്ത് പഴയ അതേ നിസ്വാബുകള്‍ തുടരണമോ എന്ന് ചിന്തിക്കണം. ഇന്ന് 85 ഗ്രാം സ്വർണത്തിന്റെ വില നാലര ലക്ഷം രൂപയാണെങ്കില്‍ 595 ഗ്രാം വെള്ളിയുടെ വില അര ലക്ഷം മാത്രമാണ്. നിസ്വാബുകള്‍ തമ്മിലുള്ള വ്യത്യാസം ഭീമമാണ്. എന്നാൽ, നബിയില്‍നിന്ന് നസ്സ്വ് (വ്യക്തമായ കല്‍പന) ആയി വന്ന ഇനങ്ങളില്‍ മാറ്റം വരുത്താന്‍ പൊതുവെ മതപണ്ഡിതന്മാര്‍ വിമുഖരാണ്. അവയെ മാറ്റിനിര്‍ത്തിക്കൊണ്ടുതന്നെ, വ്യക്തമായ നിര്‍ദേശങ്ങള്‍ വന്നിട്ടില്ലാത്തതും ഇക്കാലത്ത് പ്രധാന വരുമാനങ്ങളായി ഗണിക്കുന്നവയുമായ ഇനങ്ങളുടെ നിസ്വാബുകളില്‍ പുനര്‍ വിചിന്തനം ആകാമോ എന്ന് ചിന്തിക്കാവുന്നതാണ്. ഈ വിഷയകമായി പൂര്‍വികരില്‍തന്നെ ചില മാതൃകകള്‍ കണ്ടെത്താമെന്നത് ഈ ദിശയിലുള്ള ആലോചനക്ക് കരുത്ത് പകരുന്നു. ഇമാം സുഹ്്രി, അത്വാഅ്, ശഅ്ബി, മൈമൂനുബ്‌നു മഹ്‌റാന്‍, ഔസാഈ എന്നിവരെല്ലാം പറയുന്നത്, പച്ചക്കറികളും പഴങ്ങളും വിറ്റുകിട്ടുന്ന കാശില്‍നിന്ന് രണ്ടര ശതമാനം വീതം സകാത്ത് കൊടുക്കണമെന്നാണ്. കെട്ടിടങ്ങളുടെ വാടക ലഭിക്കുന്ന ഒരാള്‍ അവ നാണയത്തിന്റെ നിസ്വാബെത്തുമെങ്കില്‍ രണ്ടര ശതമാനം സകാത്ത് കൊടുക്കണമെന്ന് ഇമാം അഹ്്മദുബ്‌നു ഹമ്പലും പറഞ്ഞിട്ടുണ്ട്. അനസുബ്‌നു മാലിക്, ഇബ്‌നു അബ്ബാസ്, ജാബിറുബ്‌നു സൈദ്, അല്‍ ഹസന്‍, സഈദുബ്‌നുല്‍ മുസയ്യബ്, മുഹമ്മദുബ്്നുല്‍ ഹനഫിയ്യ, ത്വാഊസ്, ഖതാദ, ദഹ്ഹാക്, ഇബ്‌നു വഹബ്, ഇബ്‌നുല്‍ ഖാസിം തുടങ്ങിയ സ്വഹാബികളും താബിഉകളും ഇതേ അഭിപ്രായക്കാരണ്.
നാണ്യ വിളകളെല്ലാം മുഖ്യമായും കച്ചവടാവശ്യാര്‍ഥമാണ് കൃഷി ചെയ്യപ്പെടുന്നതെന്നതിനാലും അവ വിറ്റ് കാശാക്കുകയാണ് കര്‍ഷകരുടെ ലക്ഷ്യമെന്നതിനാലും നാണയത്തിന്റെ സകാത്ത് അവക്ക് ബാധകമാക്കുന്നത് കൂടുതല്‍ സംഗതമാകും. സ്വര്‍ണത്തിന്റെ വില പരിഗണിച്ചാല്‍ ഇക്കാലത്ത് നാലര ലക്ഷം രൂപ കൈവശമുള്ള വ്യക്തിയെ ധനികനായി കണക്കാക്കുന്നത് ഏറക്കുറെ ന്യായമാണ്. 'ഗനിയ്യ്' ആണ് സകാത്ത് നല്‍കേണ്ടത് എന്ന അടിസ്ഥാന തത്ത്വം അപ്പോള്‍ പ്രാവര്‍ത്തികമാവുകയും ചെയ്യും. അല്ലാതെ, പതിനായിരവും പതിനയ്യായിരവും ലഭിക്കുന്ന പാവപ്പെട്ടവന്‍ സകാത്ത് കൊടുക്കണമെന്നും, കൃഷിയിലൂടെയും കയറ്റുമതിയിലൂടെയും കോടികള്‍ കൊയ്യുന്നവന് സകാത്ത് ബാധകമല്ലെന്നും പറയുന്നത് പരിഹാസ്യമാണ്. ഈ വിഷയത്തില്‍ ഇമാം മാലികിന്റെയും അഹ്്മദുബ്‌നു ഹമ്പലിന്റെയും അഭിപ്രായങ്ങള്‍ വളരെയേറെ പ്രസക്തമാണ്; ഉമറുബ്‌നു അബ്ദില്‍ അസീസ് മാതൃകയുമാണ്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ - സൂക്തം 10-16
ടി.കെ ഉബൈദ്‌