പുതു ചരിത്രം രചിക്കുന്ന മൂന്നാം തലമുറ
ഈ വർഷത്തെ റമദാൻ, അഥവാ ഹിജ്റ വർഷം 1444-ലെ റമദാൻ പാശ്ചാത്യ ദേശങ്ങളിൽ പല വിധത്തിൽ ദൃശ്യത നേടിക്കൊണ്ടിരിക്കുന്നതിന്റെ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. മുൻ കാലങ്ങളിലൊന്നും റമദാൻ അമേരിക്കയിലെയോ യൂറോപ്പിലെയോ പൊതുമണ്ഡലങ്ങളിൽ ചർച്ചയാകാറുണ്ടായിരുന്നില്ല. ഇത്തവണ ചില യൂറോപ്യൻ രാജ്യങ്ങളിലെ ക്ലബ്ബുകൾ ഔദ്യോഗികമായി തന്നെ തങ്ങളുടെ കളിക്കാർക്കും കാണികൾക്കും റമദാൻ ആശംസകൾ നേരുന്ന പ്രകാശ ഫലകങ്ങൾ സ്ഥാപിച്ചിരുന്നു. ലണ്ടൻ നഗരത്തിൽ റമദാനോടനുബന്ധിച്ച് വിസ്മയക്കാഴ്ചകൾ തന്നെയാണ് ഒരുക്കിയത്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ സൂചിപ്പിക്കുന്ന വിവിധ ചാന്ദ്ര മാതൃകകൾ വെളിച്ചത്തിൽ കുളിപ്പിച്ച് വിവിധ നഗര കോണുകളിൽ തൂക്കിയിട്ടുണ്ട്. ലണ്ടൻ മേയറായ സാദിഖ് ഖാൻ രണ്ടാം തവണയാണ് ആ പദവിയിലിരിക്കുന്നതെങ്കിലും മുൻ വർഷങ്ങളിലൊന്നും ഇതുപോലെ റമദാൻ ആശംസകൾ നൽകുന്ന പതിവുണ്ടായിരുന്നില്ല. പാശ്ചാത്യ നാടുകളിൽ ഇസ്്ലാമോഫോബിയ പടരുമ്പോഴും ഇങ്ങനെയൊരു മറുവശമുണ്ടെന്നതും കാണാതെ പോകരുത്.
റമദാനുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെങ്കിലും, ഒരു യൂറോപ്യൻ ഭൂപ്രദേശത്ത് ഈ റമദാനിൽ നടന്ന ഭരണമാറ്റവും ഇതോടൊപ്പം ചേർത്തുവെക്കാം. സ്കോട്ട്ലന്റിലെ ഭരണകക്ഷി സ്കോട്ടിഷ് നാഷ്നൽ പാർട്ടി (എസ്.എൻ.പി) പാക് വംശജനായ ഹംസ യൂസുഫിനെയാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്. തീർത്തും സ്വതന്ത്ര രാജ്യമല്ലാത്തതുകൊണ്ട് 'ഫസ്റ്റ് മിനിസ്റ്റർ' എന്ന സ്ഥാനപ്പേരിലാണ് അദ്ദേഹം അറിയപ്പെടുക. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടത് പോലുള്ള രാഷ്ട്രീയ പ്രാധാന്യം ഇതിന് കൽപ്പിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. 37 വയസ്സ് മാത്രമാണ് ഹംസ യൂസുഫിന് പ്രായം. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾ. പശ്ചിമ യൂറോപ്പിൽ ഭരണം കൈയേൽക്കുന്ന ആദ്യ മുസ്്ലിം എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. സ്കോട്ടിഷ് നാഷ്നൽ പാർട്ടിയുടെ നേതാവ് നിക്കളോ സ്റ്റർജിയൻ രാജിവെച്ചതിനെ തുടർന്നാണ് പുതിയ നേതാവിനെ കണ്ടെത്തേണ്ടി വന്നത്. കടുത്ത മത്സരത്തിൽ എതിരാളികളെ പിന്തള്ളി നേതൃ സ്ഥാനമേറ്റെടുത്ത ഹംസ യൂസുഫ് പറഞ്ഞ ഒരു വാക്യം യൂറോപ്പിന്റെ മറുവശവും നമുക്ക് കാണിച്ചു തരുന്നു. 'നിങ്ങളുടെ തൊലിയുടെ നിറമോ മത വിശ്വാസമോ ഒന്നും നിങ്ങൾ ജന്മഭൂമിയായി കാണുന്ന രാഷ്ട്രത്തെ സേവിക്കുന്നതിന് തടസ്സമല്ല എന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്നത്' എന്നായിരുന്നു ആ വാക്യം. യു.കെയിൽനിന്ന് സ്കോട്ട്ലന്റിന് പൂർണ സ്വാതന്ത്ര്യം നേടിയെടുക്കുന്നത് തന്റെ തലമുറയായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞു. വെള്ളക്കാരനും തദ്ദേശവാസിയുമായ മറ്റേതൊരു സ്കോട്ട്ലന്റുകാരനെക്കാളും വലിയ ദേശീയവാദിയായി ഒരു പാക് വംശജൻ മാറിക്കഴിഞ്ഞു എന്നതാണ് ഇതിലെ രാഷ്ട്രീയ കൗതുകം.
കൗതുകം അവിടെത്തീരുന്നില്ല. സ്കോട്ട്‌ലന്റിലെ മുഖ്യ പ്രതിപക്ഷം സ്കോട്ടിഷ് ലേബർ പാർട്ടിയാണ്. 2021 മുതൽ ആ പാർട്ടിയെ നയിക്കുന്നത് ആരാണെന്നറിയേണ്ടേ; അനസ് സർവർ! മറ്റൊരു പാക് പഞ്ചാബി വംശജൻ. 2016 മുതൽ ഗ്ലാസ്ഗോ മേഖലയിൽനിന്നുള്ള പാർലമെന്റ് അംഗമാണ്. നാൽപതിൽ താഴെ പ്രായം. അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് സർവർ ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ മുസ്്ലിം അംഗമാണ്. മറ്റൊരു വാക്കിൽ പറഞ്ഞാൽ, അടുത്ത സ്കോട്ടിഷ് തെരഞ്ഞെടുപ്പിൽ ഹംസ യൂസുഫും അനസ് സർവറുമായിരിക്കും നേർക്ക് നേരെ ഏറ്റുമുട്ടുക. ഇങ്ങനെ, ഇന്ത്യയിൽനിന്നും പാകിസ്താനിൽനിന്നും ആഫ്രിക്കയിൽ നിന്നുമൊക്കെയെത്തിയ കുടിയേറ്റക്കാരുടെ മൂന്നാം തലമുറ പാശ്ചാത്യ രാജ്യങ്ങളിൽ പുതു ചരിത്രം രചിക്കുകയാണ്. സാമൂഹിക ശാസ്ത്ര പഠിതാക്കൾ ആ വലിയ മാറ്റം ഇസ്്ലാമോഫോബിയാ ബഹളങ്ങൾക്കിടയിൽ കാണാതെ പോകരുത്. l
Comments