Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 07

3297

1444 റമദാൻ 16

പടച്ചവന്റെ റെയ്ഞ്ചിലേക്ക് മടങ്ങാനുള്ള പുണ്യമാസം

ഡോ. ബിനോജ് നായർ

പാശ്ചാത്യ രാജ്യങ്ങൾ ഊതിക്കത്തിച്ച ഇസ്്ലാമോഫോബിയ ഇപ്പോൾ ലോകമെമ്പാടും പടർന്നുകത്തി നിരപരാധികളായ മുസ്്ലിംകളെ ജീവനോടെ ചുട്ടെരിക്കുമ്പോൾ, ഏറ്റവും സമർഥമായി ആ വെണ്ണീറിൽ അധികാര രാഷ്ട്രീയത്തിന്റെ വിത്ത് വിതക്കുകയും വിളവെടുപ്പ് നടത്തുകയും ചെയ്യുന്നത് ഇന്ത്യയാണ് എന്നതാണ് രാജ്യത്തെ ഇരുപത് കോടി മുസ്്ലിംകൾ തിരിച്ചറിയുന്ന ഇന്നിന്റെ ദുഃഖസത്യം. ആയിരത്തോളം വർഷങ്ങൾ ഭാരതത്തിൽ ഭരണയന്ത്രം തിരിച്ച മുസ്്ലിം ഭരണകർത്താക്കൾ ഖുർആൻ മുന്നോട്ടു വെക്കുന്ന മാനവികതയുടെയും മതസാഹോദര്യത്തിന്റെയും പാതയിൽ ഭൂരിപക്ഷ സമൂഹത്തെ ചേർത്തുപിടിച്ചതിന് പകരമായി ഇന്നത്തെ ഭൂരിപക്ഷ ഭരണസംവിധാനം തങ്ങളോട് കാട്ടുന്ന കൊടിയ നന്ദികേടും ക്രൂരതയും സമ്മാനിക്കുന്ന ചെറുതല്ലാത്ത ഞെട്ടലിലാണ് അവർ.
ഏകോദര സഹോദരങ്ങളായി നൂറ്റാണ്ടുകൾ ജീവിച്ച മുസ്്ലിംകളെ ചതുർഥിയായി കാണാൻ പാകത്തിൽ കോടിക്കണക്കിന് ഇന്ത്യക്കാരെ മസ്തിഷ്കപ്രക്ഷാളനം നടത്തിയത് 2014-ൽ അധികാരമേറിയ ഹിന്ദുത്വ ഭരണകൂടമാണ്.  എന്തിനും ഏതിനും മുസ്്ലിംകളെ പഴിക്കുകയും, ചരിത്രത്തെ വക്രീകരിച്ച് മുസ്്ലിം ഭരണാധികാരികളെ ഹിന്ദുവിരുദ്ധരായി മാറ്റിവരക്കുകയും, ഇസ്്ലാമിനെ ഹിന്ദു ഉന്മൂലന പ്രത്യയശാസ്ത്രമായി ചിത്രീകരിക്കുകയും, പ്രപഞ്ചനന്മയുടെ പ്രോജ്ജ്വല സ്തംഭമായ ഖുർആനിനെ ഭീകരന്മാരുടെ കൈപ്പുസ്തകമായി  അധിക്ഷേപിക്കുകയും ചെയ്യുമ്പോൾ ചെയ്യാത്ത തെറ്റിനുള്ള ശിക്ഷ ദിവസവും ഏറ്റുവാങ്ങേണ്ടി വരുന്ന ഇന്ത്യൻ മുസ്്ലിംകൾ വല്ലാത്തൊരു ധർമ സങ്കടത്തിൽ തന്നെയെന്ന് പറയാതെ വയ്യ.
ലോക ഇസ്്ലാമോഫോബിയയുടെ തലസ്ഥാനമായി ഇന്ത്യ മാറിയിരിക്കുന്നതിന് തെളിവായി ഒരു ഉദാഹരണം മാത്രം ചൂണ്ടിക്കാട്ടാം. ഇസ്്ലാമിനെതിരെ കള്ളങ്ങളും അധിക്ഷേപങ്ങളും കുത്തിനിറച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്ന ട്വീറ്റുകളിൽ അമ്പത്തിയഞ്ചു ശതമാനവും ഉടലെടുക്കുന്നത് ഇന്ത്യയിൽനിന്നാണ് എന്ന് കണ്ടെത്തിയത് ആസ്ത്രേലിയയിലെ വിക്ടോറിയ ആസ്ഥാനമായിട്ടുള്ള The Islamic Council of Victoria നടത്തിയ പഠനത്തിലാണ്. അതിന് വഴിയൊരുക്കുന്നത് രാജ്യത്തെ ഭരണയന്ത്രം തിരിക്കുന്ന ഹിന്ദുത്വ ഭരണകൂടവും, വളമിടുന്നത് സർക്കാരിന്റെ പാദസേവകരായ മാധ്യമങ്ങളും, ഭരണഘടന അടച്ചുവെച്ച് മനുസ്മൃതിയിൽ നോക്കി സവർണനീതി ഉറപ്പാക്കാൻ ശ്രമിക്കുന്ന നീതിന്യായ മേഖലയിലെ ഒരു വിഭാഗവുമാണ് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ.  
തങ്ങൾ തെരഞ്ഞെടുത്ത സർക്കാരും തുല്യനീതി ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട നിയമ സംവിധാനങ്ങളും  തങ്ങളുടെ ഉന്മൂലനമെന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക് പ്രത്യക്ഷത്തിലും പരോക്ഷത്തിലും കാര്യങ്ങൾ കൊണ്ടെത്തിക്കുമ്പോൾ ഇന്ത്യൻ മുസ്്ലിംകൾ ആരെ ആശ്രയിക്കും? സ്വത്വവും മതവിശ്വാസവും അനുഷ്‌ഠാന വിധികളും സ്വന്തം നിലനിൽപിനും ജീവനു പോലും ഭീഷണിയായി മാറിയിട്ടുള്ള ഇന്ത്യൻ മുസ്്ലിംകൾക്ക് തങ്ങളുടെ ആദർശത്തെ മുറുകെപ്പിടിക്കുക എന്ന ഒരൊറ്റ വഴിയേ മുന്നിലുള്ളൂ എന്നതാണ് എന്റെ വിശ്വാസം. ഖുർആനിന്റെ കൈത്തിരിയുമായി കടന്നുവരുന്ന റമദാൻ മാസത്തിന്റെ പ്രസക്തി എന്നത്തെക്കാളുമേറെ മുസ്്ലിംകൾ തിരിച്ചറിയേണ്ടതും ഇതേ കാരണത്താലാണ്.
ലോക മുസ്്ലിംകൾ തങ്ങളുടെ ജീവിതവും ആരാധനാ രീതികളുമെല്ലാം ക്രമീകരിച്ചിട്ടുള്ളത് പ്രവാചകചര്യകളുടെ മാതൃകയിലാണല്ലോ. സംഘടനാ ഉൾപ്പിരിവുകളുടെയും തമ്മിലടികളുടെയുമെല്ലാം ഫലമായി ചില വ്യതിയാനങ്ങൾ ഗ്രൂപ്പുകൾ തമ്മിലുണ്ടെങ്കിൽ പോലും പൊതുവെ പ്രവാചകചര്യകളെ നിശ്ചയമായും പാലിക്കപ്പെടേണ്ട സുന്നത്തുകളായിത്തന്നെ ആണ് മുസ്്ലിംകൾ കാണുന്നത്. അങ്ങനെ വരുമ്പോൾ, പ്രവാചകന്റെ  ജീവിത ശൈലിയും അധ്യാപനങ്ങളും ലോകവീക്ഷണവും അപരനോടുള്ള സമീപനവും പ്രകൃതിയോടും മൃഗങ്ങളോടുമുള്ള സഹാനുഭൂതിയും സമൂഹം പുറത്തുനിർത്തിയവരെ അകത്താക്കുന്ന മാസ്മരിക കാരുണ്യവുമെല്ലാം ഇരുപതു കോടി മുസ്്ലിംകൾക്കും സുന്നത്താണ്.
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ഗരിമക്ക് മേൽ ഒരു തരി മണ്ണോ പൊടിയോ വീണാൽ അസ്വസ്ഥരും ആകുലരുമാവുന്ന മുസ്്ലിംകൾ പക്ഷേ, മേൽ പറഞ്ഞ സുന്നത്തുകളെ എത്രമാത്രം തങ്ങളുടെ ജീവിതത്തിൽ സ്വാംശീകരിച്ചിട്ടുണ്ട് എന്നത് ചിന്തിക്കേണ്ട വിഷയമാണ്. സാങ്കേതിക വിദ്യയുടെ കടന്നുവരവിൽ മനുഷ്യ ജീവിതത്തിന്റെ ഗതിവേഗങ്ങളിൽ വന്ന വ്യത്യാസങ്ങൾകൊണ്ട് നീതീകരിക്കാനാവാത്ത നിരവധി പതനങ്ങളും വീഴ്ചകളും അപ്പോൾ നമുക്ക്  തിരിച്ചറിയാൻ സാധിക്കും. ഈ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിനുള്ള അന്വേഷണം ചെന്നുനിൽക്കുക പ്രവാചകചര്യകൾ എന്ന വിശ്വാസത്തിന്റെ കാതലിന് സമക്ഷമായിരിക്കും എന്ന് തോന്നുന്നു.
ഇന്നത്തെ മുസ്്ലിംകളുടെ ഈമാൻ പ്രവാചകവിധികളുടെ പാതയിൽ എത്ര മാത്രം ഉറച്ചുനിൽക്കുന്നു? കൗശലക്കാരുടെ ആധുനിക ലോകം പതിയിരുന്ന് നീട്ടുന്ന പ്രലോഭനങ്ങളിൽ പെട്ട് അതിന് എത്രമാത്രം ഇളക്കം തട്ടിയിരിക്കുന്നു? ഇതെല്ലം പരിശോധിക്കപ്പെടേണ്ടതാണ്. കാലത്തിന്റെ കുത്തൊഴുക്കിൽനിന്ന് മറ്റേതിനുമെന്ന പോലെ മുസ്്ലിംകൾക്കും പൂർണമായും ഒഴിഞ്ഞുനിൽക്കാനാവില്ലെന്ന യാഥാർഥ്യം അംഗീകരിക്കുമ്പോഴും, വേരുകളിൽനിന്ന് വേർപെട്ട് ഏത് വന്മരത്തിനും നിലനിൽപില്ലെന്ന വസ്തുത കൂടി അവർ തിരിച്ചറിയേണ്ടിയിരിക്കുന്നു. പ്രവാചക പാതയിൽ നിന്ന് അകന്നകന്നു പോകുന്ന ആധുനിക മുസ്്ലിംകളുടെ ദുരന്തയാത്ര റമദാൻ മാസത്തിനോളം ദർശനീയത നേടുന്ന മറ്റൊരു സമയമില്ല. അതിനാൽ തന്നെ ദീനിയെന്ന് സ്വയം അവകാശപ്പെടുന്ന ശരാശരി മുസ്്ലിമിന്റെ ഇഖ്‌ലാസ്വിലും ഈമാനിലും വന്നിട്ടുള്ള ശോഷണത്തെപ്പറ്റിയുള്ള അന്വേഷണം ആരംഭിക്കാൻ വിശുദ്ധ റമദാനെക്കാൾ പറ്റിയ സമയമില്ലെന്ന് തോന്നുന്നു.
റമദാൻ മാസത്തിന്റെ പുണ്യം വിശ്വാസികളുടെ ഹൃദയത്തിലേക്ക് സ്വാംശീകരിക്കുന്നതിനുള്ള ഒന്നാമത്തെ മാർഗമായി  സ്വലാത്തെന്ന പേരിൽ അറിയപ്പെടുന്ന നമസ്കാരം അല്ലാഹു തന്നെ നിർദേശിച്ചിട്ടുള്ളതാണ്. പ്രാർഥന എന്നത് മിക്ക മതങ്ങളുടെയും പൊതുവായ നിഷ്കർഷയാണെന്നത് സത്യം തന്നെ. പക്ഷേ, അത്രയേയുള്ളോ ഇസ്്ലാമിൽ നമസ്‌കാരത്തിനുള്ള സ്ഥാനം എന്നത് എത്ര മുസ്്ലിംകൾ അതർഹിക്കുന്ന ആഴത്തിലും ഗൗരവത്തിലും ചിന്തിക്കാറുണ്ട്? ഇതര മത പ്രമാണങ്ങളിൽ അർച്ചന, ആരാധന എന്നൊക്കെ പറയുന്നത് തങ്ങളുടെ ആരാധനാമൂർത്തികൾക്ക് കാണിക്ക സമർപ്പിക്കാനും ദൈവപ്രീതി വരുത്തി തൃപ്തരാക്കാനുമുള്ള ഒരു മാർഗമാണ്. മറ്റു ചിലർക്കാവട്ടെ പ്രാർഥന എന്നത് ദേവനോട് അനുഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റിക്കിട്ടാനുള്ള നിവേദനം സമർപ്പിക്കുന്ന ഒരു ചടങ്ങാണ്. ദൈവങ്ങൾക്ക് ഭൗതിക ദ്രവ്യങ്ങളും വസ്തുക്കളും സമർപ്പിച്ച്  തൃപ്തി വരുത്താൻ ശ്രമിക്കുകയും അതിന് ബദലായി നടത്തിക്കിട്ടേണ്ട  ആവശ്യങ്ങളുടെ ലിസ്റ്റ് സമർപ്പിക്കുകയും സാധിക്കാതെ പോയ ഡിമാൻഡുകളെപ്പറ്റി എണ്ണിയെണ്ണി പരാതി പറയുകയും ചെയ്യുന്ന എത്രയോ ‘ഭക്ത’രെ എനിക്ക് നേരിട്ടറിയാം.
എന്നാൽ, നശ്വരമായ ജീവിതത്തിൽ അതിനെക്കാൾ ക്ഷണികമായ ഭൗതിക നേട്ടങ്ങളുടെ പട്ടിക സമർപ്പിച്ചു പകരം കിട്ടുന്ന പാരിതോഷികങ്ങൾ കീശയിലാക്കാനുള്ള ഒരു കൊടുക്കൽ- വാങ്ങൽ ഇടപാടല്ല നമസ്കാരം. സൃഷ്ടികളുടെ ജീവസന്ധാരണത്തിന് വേണ്ടതെന്തെന്ന് സ്രഷ്ടാവിന് ലിസ്റ്റ് നൽകേണ്ടിവരുന്നതിലെ അയുക്തിയോ അരോചകതയോ ഇസ്്ലാമിനെ ബാധിക്കുന്നില്ല. ആവശ്യങ്ങൾ ഇല്ലാത്തവർക്ക് അസന്തുഷ്ടരാവേണ്ടി വരില്ല എന്നതിനാൽ ഒരു മുസ്്ലിമിന് അവന്റെ റബ്ബിനോട് പരാതിയോ പരിഭവമോ ഉണ്ടാവാറില്ല. ഉള്ളത് ദൈവത്തോടുള്ള സമ്പൂർണമായ സമർപ്പണം മാത്രം.
ഇസ്്ലാമിൽ നമസ്കാരത്തിന്റെ അസ്‌ൽ എന്ന് പറയുന്നത് അല്ലാഹുവിനോടുള്ള സർവ സമഗ്രമായ ആത്മസമർപ്പണമാണ്. ദൈവത്തിന്റെ ഇച്ഛകൾക്കും ഇംഗിതത്തിനും വഴങ്ങി ഈ നശ്വരമായ ലോകത്തിലേക്ക് വേണ്ടി യാതൊന്നും തിരികെ പ്രതീക്ഷിക്കാതെ നൽകുന്ന ആത്മബലിയാണ് ഞാൻ മനസ്സിലാക്കുന്ന സ്വലാത്ത്. നമസ്കാര കർമത്തിന്റെ സമ്പൂർണത അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു മുസൽമാനെ സംബന്ധിച്ച് അല്ലാഹുവിനോട് പരാതിയോ പരിഭവമോ ഉണ്ടാവേണ്ടതില്ല. കാരണം, സ്രഷ്ടാവിന്റെ ഇച്ഛാനുസരണം ചലിക്കുന്ന സൃഷ്ടി എന്ന നിലക്ക് അല്ലാഹുവിന്റെ പദ്ധതികൾക്ക് വഴങ്ങി ജീവിക്കാനുള്ള പ്രാപ്തിക്കും തഖ്‌വക്കുമപ്പുറം അവന് ദൈവത്തോട് മറ്റൊന്നും ആവശ്യപ്പെടാനില്ല. നശ്വരമായ ലോകത്തെ ക്ഷണിക സൗഭാഗ്യങ്ങളല്ല, അനശ്വരമായ പരലോക നിർവൃതിയാണ് ഒരു മുസൽമാന്റെ ആത്യന്തിക ലക്ഷ്യം.
സ്വലാത്തിന്റെ ശാസ്ത്രീയതക്ക് തെളിവുകളായി ലോകമെമ്പാടുമുള്ള ഗവേഷകർ നടത്തിയിട്ടുള്ള നിരവധി പഠനഫലങ്ങൾ നമുക്ക് മുന്നിലുണ്ട്. അതിലൊന്നാണ് അമേരിക്കയിലെ മെറിലാന്റിലെ National Center for Biotechnology  നടത്തിയ പഠനം. നമസ്കാരത്തിന്റെ ശാരീരികവും മാനസികവുമായ ഗുണഫലങ്ങൾ ആ പഠന റിപ്പോർട്ട് അക്കമിട്ട് നിരത്തുന്നുണ്ട്. ശരീരത്തിന്റെ പ്രധാന പേശികൾക്കെല്ലാം കൃത്യമായ ഇടവേളയിൽ നിശ്ചിത ഗതിയിലുള്ള ചലനങ്ങൾ ഉറപ്പുവരുത്തുന്നതിലൂടെ എല്ലുകൾക്കും സന്ധികൾക്കുമെല്ലാം കിട്ടുന്ന അധികബലം ഈ പഠനത്തിൽ കണ്ട ഗുണപരമായ ഒരു ഫലമാണ്. മാത്രമല്ല, പ്രാർഥനക്കിടയിൽ നിശ്ചിത നേരങ്ങളിൽ നടത്തുന്ന സുജൂദിലൂടെ കിട്ടുന്ന രക്തപ്രവാഹത്തിലൂടെ തലച്ചോറിന്റെ സെറിബെല്ലം പോലുള്ള ഭാഗങ്ങൾക്കുണ്ടാവുന്ന ഗുണഫലങ്ങളും ഈ പഠനഫലങ്ങളിൽ കാണാവുന്നതാണ്. l
(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ - സൂക്തം 10-16
ടി.കെ ഉബൈദ്‌