Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 07

3297

1444 റമദാൻ 16

പുനർനാമകരണവും സംഘ് പരിവാർ അജണ്ടകളും

ഡോ. ഹിശാമുൽ വഹാബ്

സമകാലിക ഇന്ത്യയിൽ മാറ്റങ്ങൾ വരുന്നത് പലപ്പോഴും അപ്രതീക്ഷിതമായാണ്. അത്തരം മാറ്റങ്ങളോട്  ഭിന്ന നിലപാടെടുക്കാൻ പോലും പലർക്കും കഴിയാതെ പോകുന്നു. അധികാര സ്ഥാനങ്ങളിൽനിന്ന് വരുന്ന ഉത്തരവുകളും വാറോലകളും എതിരു പറയാതെ അനുസരിക്കുന്ന  ഘട്ടത്തിലേക്ക് നമ്മെ എത്തിച്ചിരിക്കുന്നു. ഉത്തരവുകൾക്കു പിറകിലെ അജണ്ടകൾ വിശകലനം ചെയ്യുമ്പോൾ അവയൊന്നും  യാദൃഛികമല്ല എന്ന് സുതരാം വ്യക്തമാകും. ഒരു ബൃഹത് പദ്ധതിക്കു വേണ്ടിയുള്ള ആസൂത്രിത നീക്കങ്ങളാണവ. ഈയടുത്ത്, സുപ്രീം കോടതിയിൽ സ്ഥലങ്ങളുടെ പുനർനാമകരണവുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ട വാദങ്ങൾ ഇതിനു തെളിവാണ്.
അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹരജി മുന്നോട്ടു വെച്ചത് പ്രധാനമായും മൂന്ന് ആവശ്യങ്ങളായിരുന്നു:
1. പ്രാകൃത വിദേശ ആക്രമണകാരികളുടെ പേരിലുള്ള പുരാതനമായ ചരിത്ര-സാംസ്കാരിക-മത സ്ഥലങ്ങളുടെ യഥാർഥ പേരുകൾ കണ്ടെത്തുന്നതിന് 'പുനർനാമകരണ കമീഷൻ' രൂപവത്കരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകുക. ഇതുവഴി, പരമാധികാരം നിലനിർത്താനും ഭരണഘടനയുടെ ആർട്ടിക്കിൾ 21, 25, 29 എന്നിവ പ്രകാരം ഉറപ്പുനൽകിയിരിക്കുന്ന  'അന്തസ്സിനുള്ള അവകാശം', 'മതത്തിനുള്ള അവകാശം', 'സംസ്‌കാരത്തിനുള്ള അവകാശം' എന്നിവ സുരക്ഷിതമാക്കാനും സാധിക്കുന്നതാണ്.
2. അതിനൊപ്പം, ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരമുള്ള 'അറിയാനുള്ള അവകാശം' ഉറപ്പാക്കുന്നതിനായി, പ്രാകൃത വിദേശ ആക്രമണകാരികൾ പുനർനാമകരണം ചെയ്ത പുരാതന ചരിത്ര-സാംസ്കാരിക-മത സ്ഥലങ്ങളുടെ പ്രാരംഭ പേരുകൾ ഗവേഷണം ചെയ്യാനും പ്രസിദ്ധീകരിക്കാനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തുക.
3. തങ്ങളുടെ വെബ്‌സൈറ്റുകളും രേഖകളും അപ്‌ഡേറ്റ് ചെയ്യാനും പ്രാകൃത വിദേശ ആക്രമണകാരികളുടെ പേരിലുള്ള പുരാതന ചരിത്ര സാംസ്കാരിക മത സ്ഥലങ്ങളുടെ യഥാർഥ പേരുകൾ പരാമർശിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നിർദേശിക്കുക.
നിയമപരമായി സാധുതയില്ലാത്ത ഈ ഹരജി തള്ളിയ ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ഇന്ത്യൻ മതനിരപേക്ഷത, സാഹോദര്യം, സഹവർത്തിത്വം എന്നിവ ഊന്നിപ്പറഞ്ഞു. ജസ്റ്റിസ് കെ.എം ജോസഫ് ഹരജിക്കാരനോട് ചോദിച്ചത് ഇങ്ങനെ: "ഇത് ഒരു തത്സമയ വിഷയമായി നിലനിർത്താനും രാജ്യം തിളച്ചുമറിയാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഒരു പ്രത്യേക സമൂഹത്തിന് നേരെ വിരലുകൾ ചൂണ്ടപ്പെടുന്നു. നിങ്ങൾ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ ഇകഴ്ത്തുന്നു. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്, ഇതൊരു മതനിരപേക്ഷ വേദിയാണ്."
നാമകരണം എന്നത് അറിവിന്റെ ആദ്യപടിയാണ്. ആദമിന് ദൈവം നൽകിയ അറിവിന്റെ പ്രാധാന്യം മാലാഖമാരെ ബോധ്യപ്പെടുത്താൻ ദൈവം അവരോട് ആവശ്യപ്പെടുന്നത് വസ്തുക്കളുടെ നാമങ്ങൾ പറയുവാനാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും പുതു അറിവുകൾ നാം നേടുന്നതും അവ വിനിമയം ചെയ്യുന്നതും നാമങ്ങളിലൂടെയാണ്.  മനുഷ്യ ചരിത്രത്തിൽ നാം ഓരോന്നും അടയാളപ്പെടുത്തുന്നതും ഓരോ നാമങ്ങളിലേക്ക് ബന്ധിപ്പിച്ചാണ്. ദീർഘമായ കാലഘട്ടങ്ങളെ ചില പ്രമുഖ നാമങ്ങളിലേക്ക് ചുരുക്കി നിർണയിക്കുന്നതും മനുഷ്യ പ്രകൃതമാണ്. അത്തരം നാമങ്ങൾ കാലാന്തരേണ ചരിത്ര-നിർമിതിയുടെ അടിക്കല്ലുകളായി മാറും. ഒരു കാലഘട്ടത്തിലെ നാമകരണങ്ങളെ തിരസ്കരിച്ചുകൊണ്ട് മറ്റൊരു കാലത്തെ പുനർനാമകരണ ശ്രമങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. ഇവിടെ നാമകരണത്തിനും പുനർനാമകരണത്തിനുമുള്ള അധികാരം എന്നത് ജ്ഞാനോൽപാദനവുമായി ഇഴുകിച്ചേരുന്നു. ചുരുക്കത്തിൽ, അധികാരത്തിന്റെ തണലിലെ പുനർനാമകരണം എന്നത് പുനർനിർവചനത്തിന്റെ തന്നെ സുപ്രധാന ഘട്ടമാണ്.
ഈയൊരു പശ്ചാത്തലത്തിൽ, നിലവിലെ സംഘ്  പരിവാറിന്റെ പുനർനാമകരണ യജ്ഞത്തെ വിലയിരുത്തുമ്പോൾ, അവർ മുന്നോട്ടുവെക്കുന്ന പുനർനിർവചനത്തിന്റെ സാംസ്‌കാരിക അടിത്തറ വിശകലനം ചെയ്യേണ്ടതുണ്ട്. അഖണ്ഡ ഭാരതം എന്ന മാതൃ-പിതൃ-പുണ്യ ഭൂമി എന്ന ആത്യന്തിക ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സംഘ് പരിവാർ ഹൈന്ദവ ഏകീകരണത്തിലൂടെ ഒരു ഹിന്ദു രാഷ്ട്രത്തിന്റെ സംസ്ഥാപനമാണ് പ്രാഥമികമായി ഉന്നം വെക്കുന്നത്. ഏകതാനമായ ഒരു സംസ്കാരത്തിലൂടെ ഭാവിയിൽ  സമ്പൂർണ ദേശീയ ഉദ്ഗ്രഥനം സങ്കൽപിക്കുന്ന ഇവർക്ക് മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി, ചരിത്രത്തിൽ അങ്ങനെയൊരു സുവർണ കാലഘട്ടം ഉണ്ടായിരുന്നില്ല എന്നതാണ്. സമകാലിക ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയ സങ്കൽപം പോലും മുഗൾ സാമ്രാജ്യത്വത്തിന്റെയും കൊളോണിയൽ ഭരണകൂടത്തിന്റെയും ഭൗമ വ്യാപനങ്ങളിൽനിന്ന് കടമെടുത്തതാണ്. അവരുടെ മുന്നിലുള്ള ഒരേയൊരു വഴി, ഇതിഹാസ തുല്യമായ ഒരു പൗരാണിക ഭാരതത്തിന്റെ സങ്കൽപമാണ്. ബ്രിട്ടീഷ് ഓറിയന്റലിസ്റ്റ് ജെ.എസ് മില്ലിന്റെ ചരിത്ര വർഗീകരണത്തെ അടിസ്ഥാനമാക്കി, ഒരു ഹൈന്ദവ പൗരാണിക ഭാരതത്തെ മുസ്്ലിം മധ്യകാല ഇന്ത്യയുടെ അപരമാക്കി ചരിത്രത്തെ നിർമിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സംഘ് പരിവാറിന്റെ ബുദ്ധി കേന്ദ്രങ്ങൾ. അതുപോലെ, ഒരു ഇൻഡിക്- നോൺ ഇൻഡിക് (ഭാരതീയം-ഭാരതീയമല്ലാത്തവ) ദ്വൈതം ഭാഷകളെയും മതങ്ങളെയും വേർതിരിക്കാൻ ഉപയോഗിക്കപ്പെടുന്നു. വർത്തമാന കാലത്ത് അധികാരമുള്ളവർ ചരിത്രത്തെ തങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കുകയും തങ്ങളുടെ എതിരാളികളെ അദൃശ്യരാക്കുകയും ചെയ്യുമെന്നതിന്റെ സമകാലിക നേർക്കാഴ്ചയാണ് പുനർനാമകരണത്തിലൂടെ സംഭവിക്കുന്നത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഭരണം കൈയാളിയ വിവിധ രാജകുടുംബങ്ങളുടെ നേർക്കാണ് സംഘ് പരിവാറിന്റെ പ്രത്യക്ഷാക്രമണം എന്ന് തോന്നുമെങ്കിലും, അവരുടെ യഥാർഥ ഉന്നം ഇന്ത്യയിൽ നിലവിൽ വസിച്ചുകൊണ്ടിരിക്കുന്ന മുസ്്ലിം ജനതയാണ്.  ബഹുസ്വരത, മതനിരപേക്ഷത, ജനായത്തം, സാംസ്്കാരിക വൈവിധ്യം എന്നിവയുടെ നിലനിൽപ്പ് സമകാലിക ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അപരവൽക്കരണത്തിന്റെ ഇരകളായവരാണ്. അതിൽ പ്രധാന വിഭാഗം  മുസ്്ലിം ജനതയാണ്. കൊളോണിയൽ ഭരണകാലം മുതലേ ദേശക്കൂറ് ചോദ്യം ചെയ്യപ്പെടുന്ന, സംശയമുനയിൽ ജീവിക്കുന്ന, ഭീകരത-ഹിംസ ആരോപണങ്ങൾ നേരിടുന്ന, പൗരത്വം നിഷേധിക്കപ്പെടുന്ന ഒരു ജനതയുടെ അതിജീവനത്തെ ദുഷ്കരമാക്കുക എന്നതാണ് സംഘ് പരിവാർ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. മുസ്്ലിം ആരാധനാലയങ്ങൾക്കു മേൽ നിയമവ്യവസ്ഥയുടെ കൈയൊപ്പോടുകൂടി അധികാരം സ്ഥാപിക്കുകയും  അവയെ ഹൈന്ദവ ഏകീകരണത്തിന്റെ പ്രതീകമാക്കി  മാറ്റുകയും വഴി ഒരു 'പുനരധിനിവേശ'ത്തിന്റെ വീരപരിവേഷമാണ് അവർ പ്രചരിപ്പിക്കുന്നത്.
പുനർനാമകരണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്, ഈ വർഷം ജനുവരി 28-ന് രാഷ്ട്രപതി ഭവനിലെ ഐതിഹാസികമായ മുഗൾ ഉദ്യാനത്തിന്റെ പേര് കേന്ദ്രസർക്കാർ 'അമൃത് ഉദ്യാൻ' എന്നാക്കി മാറ്റിയത്. ഇതിനു മുമ്പ്,  കർത്തവ്യപഥ് (രാജ്പഥ്), പ്രയാഗ്‌രാജ് (അലഹബാദ്), അയോധ്യ ജില്ല (ഫൈസാബാദ്), ദീൻ ദയാൽ ഉപാധ്യായ റെയിൽവേ സ്റ്റേഷൻ (മുഗൾ സരായ്), ഗുരുഗ്രാം (ഗുർഗാവ്) എന്നിങ്ങനെ പുതുനാമങ്ങൾ നൽകപ്പെടുകയുണ്ടായി. ദൽഹിയിലെ നാൽപത് ഗ്രാമങ്ങൾ പുനർനാമകരണം ചെയ്യണം എന്ന വാദം ബി.ജെ.പി ഉന്നയിച്ചിട്ടുണ്ട്. സമീപകാലത്തുതന്നെ അഹമ്മദാബാദിനെ 'കർണാവതി' എന്നും ഹൈദരാബാദിനെ 'ഭാഗ്യനഗർ' എന്നും വിളിക്കേണ്ടി വരുന്ന അവസ്ഥ സംജാതമാകും. മുകളിൽ സൂചിപ്പിച്ച പുതുനാമങ്ങൾ തയാറാക്കപ്പെട്ടിരിക്കുന്നത് ഹിന്ദിയിൽ ആണെന്നത് യാദൃഛികമല്ല. 'ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാൻ' എന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായുള്ള ദേശീയ ഉദ്ഗ്രഥനത്തിന്റെ പാതയിൽ മറ്റു ഭാഷ-മത-സാംസ്‌കാരിക ചിഹ്നങ്ങൾ എല്ലാം തിരസ്കരിക്കപ്പെടും. പേർഷ്യൻ-ഉർദു ഭാഷാ പാരമ്പര്യങ്ങളുടെ മുഗൾ-മധ്യേഷ്യ ബന്ധം, പുനർനിർവചിക്കപ്പെട്ട 'ഭാരതീയ' സംസ്കാരത്തിന്റെ ബാഹ്യത്തിലാണ് നിലകൊള്ളുന്നത്.  വ്യതിരിക്ത സ്വത്വങ്ങൾ ഒന്നുകിൽ ഉന്മൂലനം ചെയ്യപ്പെടുകയോ അല്ലെങ്കിൽ ലയിപ്പിക്കപ്പെടുകയോ ചെയ്യും. ബ്രാഹ്മണവാദം കേരളത്തിൽ ബുദ്ധ പാരമ്പര്യത്തോട് അനുവർത്തിച്ച നയം ഇതിനോട് ചേർത്തു വായിക്കാവുന്നതാണ്.
പുനർനാമകരണത്തിന്റെ ഒരു പ്രധാന വിഷയം ഹൈന്ദവ ഇതിഹാസങ്ങളിലെ സ്ഥലനാമങ്ങളും കഥാപാത്രങ്ങളുമാണ്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് മുന്നോട്ടുവെച്ച സംവരണത്തിലൂടെ നടന്ന, ജാതിപരമായ സ്വത്വരൂപവത്കരണങ്ങളെ അട്ടിമറിക്കാൻ ബാബരി മസ്ജിദിനെ ലക്ഷ്യം വെച്ച് നടത്തിയ രഥയാത്രയുടെ സാംസ്‌കാരിക പശ്ചാത്തലം രൂപപ്പെടുത്തിയത് ദൂരദർശനിലെ രാമായണ സീരിയൽ ആയിരുന്നു. വൈവിധ്യങ്ങളായ രാമായണ സങ്കൽപനങ്ങളെ ഒരൊറ്റ അച്ചിലേക്ക് വാർത്തെടുക്കയായിരുന്നു അവർ. പിന്നീട് അമർ ചിത്ര കഥകളിലൂടെ പ്രചാരം നേടിയ മഹാഭാരത കഥകളും ഇത്തരം ഇതിഹാസങ്ങളുടെ തന്നെ ഏകീകരണമായിരുന്നു ലക്ഷ്യം വെച്ചത്. അയോധ്യയും പുരുഷോത്തമനായ രാമനും രൗദ്രനായ ഹനുമാനും  അസുരനായ രാവണനും ഛോട്ടാ ഭീമും വിനായകനും നമ്മുടെ പൊതുബോധത്തിന്റെ ഭാഗമായി മാറി. ഇതിഹാസങ്ങളിൽ സൂചിപ്പിക്കപ്പെട്ട സ്ഥലങ്ങളും പ്രതിഭാസങ്ങളും കണ്ടെത്താനായി ശാസ്ത്രജ്ഞരെയും പുരാവസ്തു ഗവേഷകരെയും കൂട്ടുപിടിച്ച് അതിനു ശാസ്ത്രീയ മാനങ്ങൾ നൽകാനുള്ള ശ്രമങ്ങൾ ഇന്നും തുടരുന്നു.
പുനർനാമകരണത്തിന്റെ മറ്റൊരു പ്രധാന വിഷയം സ്വന്തം നേതാക്കൾക്ക് പൊതുസമ്മതി നൽകാനുള്ള നീക്കങ്ങളാണ്. സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ (സ്റ്റാച്യു ഓഫ് യൂനിറ്റി), ജവഹർലാൽ നെഹ്‌റു യൂനിവേഴ്സിറ്റിയിലെ വിവേകാനന്ദന്റെ പ്രതിമ, നാഥുറാം ഗോഡ്‌സെ സ്മാരകം,  ദീൻ ദയാൽ ഉപാധ്യായ റെയിൽവേ സ്റ്റേഷൻ, ആന്തമാൻ-നിക്കോബാറിലെ വീർ സവർക്കർ വിമാനത്താവളം എന്നിവ ഈ ഉദ്ദേശ്യത്തോടെ നിർമിക്കപ്പെട്ടതും നാമകരണം ചെയ്തതുമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോട് തങ്ങൾക്കുണ്ടായിരുന്ന വിമുഖത, മാറിയ കാലത്ത് ന്യായീകരിക്കപ്പെടില്ല എന്ന ബോധ്യമാണ്, അവരെ സവർക്കറെ വീരനായി ആനയിക്കാൻ നിർബന്ധിക്കുന്നത്. ഗാന്ധി ഘാതകനെന്നു കുപ്രസിദ്ധി നേടിയ തങ്ങളുടെ നേതാവിനെ വിശുദ്ധനാക്കാനും അവർ മറക്കുന്നില്ല. ജനസംഘിന്റെ താത്ത്വികാചാര്യനായ ദീൻ ദയാൽ ഉപാധ്യായയുടെ പേരാണ് മുഗൾ സരായ് ജംഗ്ഷന് നൽകിയത്. തങ്ങളുടെ നേതാക്കളെ ഉയർത്തിക്കാട്ടാൻ വെമ്പുന്ന സംഘ് പരിവാർ, 387 മലബാർ സമര പോരാളികളുടെ പേരുകൾ രക്തസാക്ഷികളുടെ നിഘണ്ടുവിൽനിന്ന് വെട്ടിമാറ്റാനും മുന്നിലുണ്ട്.
ഇത്തരമൊരു സാഹചര്യത്തിലാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി നാം വിശകലനം ചെയ്യേണ്ടത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ ഉപയോഗിച്ചാണ് സംഘ് പരിവാർ വേറൊരു ചരിത്രത്തെ  നിർമിച്ചെടുക്കുന്നത്. ബാബരി മസ്ജിദിന്റെ വിഷയത്തിൽ വിജയം കണ്ട തങ്ങളുടെ നീക്കങ്ങളെ കൂടുതൽ വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണവർ. അന്ന്, മലയാളിയായ പുരാവസ്തു ഗവേഷകന്റെ വാദങ്ങൾ അവരുടെ സങ്കൽപങ്ങൾക്ക് ബലം നൽകിയെങ്കിൽ, ഇന്ന് താജ്മഹലിലും കാശിയിലും മഥുരയിലും അവർ 'തെളിവുകൾ' അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.  പൊതുജനത്തെയും നിയമ വ്യവസ്ഥയെയും കബളിപ്പിച്ചുകൊണ്ട് തെളിവുകൾ കൃത്രിമമായി നിർമിക്കാനുള്ള ചെപ്പടി വിദ്യകളും അവരുടെ കൈവശമുണ്ട്. 30,000 മുസ്്ലിം പള്ളികൾ ക്ഷേത്രങ്ങളാക്കി മാറ്റുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ഈശ്വർ ലാൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ ഹരജിയിലൂടെ അവർ യഥാർഥത്തിൽ ഉദ്ദേശിച്ചത്, തങ്ങളുടെ ജൽപനങ്ങൾക്ക് നിയമസാധുത ലഭിക്കത്തക്കവണ്ണം ഒരു 'പുനർനാമകരണ കമ്മീഷൻ' രൂപവത്കരിക്കണമെന്നാണ്. അവർ കേവലം പ്രോപഗണ്ടകളിൽ തങ്ങളുടെ സങ്കൽപങ്ങളെ ഒതുക്കിനിർത്താൻ ആഗ്രഹിക്കുന്നില്ല . 'അനധികൃത കുടിയേറ്റം' എന്ന പ്രോപഗണ്ട ഒരു നിയമത്തിന്റെ രൂപത്തിലേക്ക് വന്നതാണ് എൻ.ആർ.സിയും സി.എ.എയും. ഒരു കാലത്തെ 'ലവ് ജിഹാദ്' വാചാടോപം ഇന്ന് പല സംസ്ഥാനങ്ങളിലും നിയമമാണ്. പുനർനാമകരണ ഹരജി തള്ളിപ്പോയെങ്കിലും ഇത്തരം വ്യത്യസ്ത തലത്തിലുള്ള നിയമ നീക്കങ്ങൾ സംഘ് പരിവാർ ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ - സൂക്തം 10-16
ടി.കെ ഉബൈദ്‌