സകാത്ത്: സംശയങ്ങള്‍ക്ക് മറുപടി- അനാമത്തുകളുടെയും കടങ്ങളുടെയും സകാത്ത്
ചോദ്യം: ബാങ്കുകളിലോ മറ്റിടങ്ങളിലോ സൂക്ഷിച്ചു വെച്ചിട്ടുള്ള അനാമത്തുകൾ, കടമെടുത്ത സംഖ്യകള്‍, വായ്പാ സ്വത്തുക്കള്‍, തര്‍ക്ക വിധേയമായ സ്വത്തുക്കള്‍, തിരിച്ചുകിട്ടാന്‍ കേസ് കൊടുത്ത സ്വത്തുക്കള്‍ എന്നിവക്ക് സകാത്തുണ്ടോ?
ഉത്തരം: ബാങ്കുകളിലെ അനാമത്ത് സ്വത്തുക്കള്‍ക്ക് സകാത്ത് ബാധകമാണ്. ബാങ്കേതര സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോ, സര്‍ക്കാര്‍ കണക്ക് പരിശോധനക്ക് വിധേയമോ ആണെങ്കില്‍ ബാങ്കുകളിലെ അനാമത്തുകളുടെ അതേ വിധി തന്നെയാണ് അവയ്ക്കുമുള്ളത്. ഇനി, അവ രജിസ്റ്റര്‍ ചെയ്യപ്പെടാത്തതോ സര്‍ക്കാര്‍ പരിശോധനക്ക് വിധേയമല്ലാത്തതോ ആണെങ്കില്‍ അവിടെ സൂക്ഷിച്ചിട്ടുള്ള മുതലുകള്‍ പരോക്ഷ മുതലുകളുടെ ഗണത്തില്‍ പെട്ടതാണ്. അവയുടെ സകാത്ത് ഈടാക്കുക സര്‍ക്കാറായിരിക്കില്ല. അവയുടെ ഉടമസ്ഥര്‍ തന്നെയാണ് അവയുടെ സകാത്ത് വീട്ടേണ്ടത്.
കടം വാങ്ങിയ സംഖ്യ വ്യക്തിഗതമായ ആവശ്യങ്ങള്‍ക്ക് ചെലവായിപ്പോയാല്‍ സകാത്ത് കൊടുക്കേണ്ടതില്ല. എന്നാല്‍, കടം വാങ്ങിയ ആളുടെ വശം അത് കൊല്ലം മുഴുവന്‍ സൂക്ഷിക്കപ്പെടുകയും സകാത്ത് ബാധകമായ പരിധിയിലെത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിന് സകാത്ത് ബാധകമാകുന്നതാണ്. ഇനി അത് വ്യാപാരത്തില്‍ മുതല്‍ കൂട്ടുകയാണുണ്ടായതെങ്കില്‍ അത് വ്യാപാര മുടക്ക്മുതലില്‍ ചേര്‍ക്കപ്പെടും. സകാത്ത് ചുമത്തുന്ന സമയം അത്തരം കടങ്ങള്‍ മാറ്റി നിർത്തപ്പെടുകയില്ല.
കടം കൊടുത്ത സംഖ്യ തിരിച്ചുകിട്ടാന്‍ പ്രയാസമുള്ളതല്ലെങ്കില്‍ സകാത്ത് നിര്‍ബന്ധമാണ്. ചില നിയമജ്ഞന്മാരുടെ അഭിപ്രായത്തില്‍ കൊല്ലംതോറും അതിന്റെ സകാത്ത് കൊടുക്കണം. ഹസ്രത്ത് ഉസ്മാന്‍, ഇബ്‌നു ഉമര്‍, ജാബിറുബ്‌നു അബ്ദില്ലാ, ഇബ്‌റാഹീം നഖ്ഇ, ഹസനുല്‍ ബസ്വരി എന്നിവര്‍ ഈ അഭിപ്രായക്കാരാണ്. മറ്റു ചിലരുടെ അഭിപ്രായ പ്രകാരം, കടം തിരിച്ചുകിട്ടുമ്പോള്‍ കഴിഞ്ഞ എല്ലാ വര്‍ഷത്തെയും സകാത്ത് കൊടുക്കേണ്ടി വരും. ഹസ്രത്ത് അലി, അബൂ സൗര്‍, സുഫ്്യാനുസ്സൗരി, ഹനഫിയ എന്നിവര്‍ ഈ അഭിപ്രായക്കാരാണ്. ഇനി കടം തിരിച്ചുകിട്ടുന്നത് സംശയാസ്പദമാണെങ്കില്‍ നമ്മുടെ അടുക്കല്‍ പ്രബലമായ പക്ഷം, കടം തിരിച്ചുകിട്ടുന്ന അന്ന് ഒരു വര്‍ഷത്തെ മാത്രം സകാത്ത് കൊടുക്കുക എന്നതാണ്. ഇതാണ് ഹസ്രത്ത് ഉമര്‍ ഇബ്‌നു അബ്ദില്‍ അസീസ്, ഹസന്‍, ലൈസ്, ഔസാഇ, ഇമാം മാലിക് എന്നിവരുടെ അഭിപ്രായം, മുതലുടമയുടെയും ബൈത്തുല്‍ മാലിന്റെയും (സ്റ്റേറ്റ് ട്രഷറി) താല്‍പര്യങ്ങള്‍ നീതിപൂര്‍വം പാലിക്കുന്ന അഭിപ്രായമാണിത്.
പണയ സ്വത്ത് ആരുടെ കൈയിലാണോ അയാളില്‍നിന്നാണ് അതിന്റെ സകാത്ത് ഈടാക്കുക. ഉദാഹരണത്തിന്, പണയ ഭൂമി വായ്പ എടുത്ത ആളുടെ അധീനത്തിലാണെങ്കില്‍ വിളവിന്റെ പത്തിലൊന്ന് അവനില്‍നിന്നാണ് വസൂല്‍ ചെയ്യുക.
തര്‍ക്കത്തിലുള്ള സ്വത്ത് തര്‍ക്കവേളയില്‍ ആരുടെ പിടിത്തത്തിലാണോ ഉള്ളത് അയാളില്‍നിന്നായിരിക്കും അതിന്റെ സകാത്ത് ഈടാക്കുക. തീരുമാനമായിക്കഴിഞ്ഞാല്‍ തീരുമാനം ആര്‍ക്കനുകൂലമാണോ അയാള്‍ക്കായിരിക്കും സകാത്തിന്റെ ബാധ്യത.
വീണ്ടെടുക്കാന്‍ കേസ് കൊടുത്ത ബില്‍ഡിംഗിന്റെ വിധിയും മുകളില്‍ വിവരിച്ചപോലെത്തന്നെ. ഫലത്തില്‍ ആരുടെ കൈവശമാണോ അതുള്ളത്, അതയാളുടെ കൈവശത്തില്‍ നിലനില്‍ക്കുന്നതു വരെ അയാള്‍ക്കായിരിക്കും അതിന്റെ ബാധ്യത. കാരണം, വസ്തുവിന്റെ പ്രയോജകന്നായിരിക്കും, അതയാളുടെ കൈവശമിരിക്കുവോളം അതിന്റെ സകാത്ത് ബാധ്യതയും (തര്‍ജുമാനുല്‍ ഖുര്‍ആന്‍, 1950 നവംബര്‍).
ദാനവസ്തുക്കളുടെ സകാത്ത്
ചോദ്യം: ദാനം ലഭിച്ചവയ്ക്ക് സകാത്ത് നിര്‍ബന്ധമാണോ?
ഉത്തരം: ദാനം ലഭിച്ചവയുടെ മൂല്യം സകാത്ത് പരിധിയിലെത്തുകയും വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ടെങ്കില്‍ സകാത്ത് നിര്‍ബന്ധമാണ് (തര്‍ജുമാനുല്‍ ഖുര്‍ആന്‍, 1950 നവംബര്‍).
ഇന്‍ഷുറന്‍സ് പോളിസി, പ്രോവിഡന്റ് ഫണ്ട്
ചോദ്യം: ഇന്‍ഷുറന്‍സ് പോളിസി, പ്രോവിഡന്റ് ഫണ്ട് എന്നിവയുടെ തുകകള്‍ സകാത്ത് ബാധകമാകുന്ന തുകയില്‍ ഉള്‍പ്പെടുമോ?
ഉത്തരം: ഇന്‍ഷുറന്‍സ് പോളിസിയും പ്രോവിഡന്റ് ഫണ്ടും നിര്‍ബന്ധിതാവസ്ഥകളിലുള്ളതാണെങ്കില്‍ തിരിച്ചുകിട്ടല്‍ പ്രയാസമായ കടങ്ങളുടെയും അനാമത്തുകളുടെയും വിധി തന്നെയാണ് അവയ്ക്കുമുള്ളത്. അതായത്, അവ തിരിച്ചു കിട്ടിയാല്‍ ഒരു വര്‍ഷത്തെ മാത്രം സകാത്ത് കൊടുക്കുക. അവ സ്വാഭീഷ്ടപ്രകാരമുള്ളതാണെങ്കില്‍ ഓരോ വര്‍ഷാവസാനവും ഒരാളുടെ അക്കൗണ്ടില്‍ ഇന്‍ഷുറന്‍സ് കമ്പനിയിലും പ്രോവിഡന്റ് ഫണ്ടിലും എത്ര സംഖ്യയാണോ സംഭരിക്കപ്പെടുന്നത് അവയുടെ സകാത്ത് കണക്ക് കൂട്ടി നല്‍കണമെന്നാണ് നമ്മുടെ അഭിപ്രായം. എന്തുകൊണ്ടെന്നാല്‍ ഈ സംഖ്യ അയാള്‍ക്ക് നിശ്ചിത സമയത്തിന് മുമ്പു കിട്ടുകയാണെങ്കിലും അവയില്‍ അയാള്‍ അത് നിക്ഷേപിച്ചിരിക്കുന്നത് സ്വാഭീഷ്ട പ്രകാരമാണ്. അതിനാല്‍, സകാത്തില്‍നിന്ന് അവ ഒഴിവാകാന്‍ ന്യായമൊന്നുമില്ല (തര്‍ജുമാനുല്‍ ഖുര്‍ആന്‍, 1950 നവംബര്‍).
ഇറക്കുമതി-കയറ്റുമതിയുടെ സകാത്ത്
ചോദ്യം: ഇറക്കുമതി-കയറ്റുമതികളുടെ സകാത്ത് വിധി എന്താണ്?
ഉത്തരം: കയറ്റുമതിക്ക് പ്രത്യേക സകാത്തൊന്നുമില്ല. ഹസ്രത്ത് ഉമറിന്റെ കാലത്ത് ഇറക്കുമതിക്ക് ടാക്‌സ് ഈടാക്കിയിരുന്നത്, മുസ്്ലിം രാജ്യങ്ങളില്‍നിന്നുള്ള കയറ്റുമതി ചരക്കുകള്‍ക്ക് അയല്‍ രാജ്യങ്ങള്‍ ചുമത്തിയിരുന്ന ചുങ്കത്തിന് ബദലായിട്ടായിരുന്നു (തര്‍ജുമാനുല്‍ ഖുര്‍ആന്‍, 1950 നവംബര്‍). l
വിവ: വി.എ.കെ
Comments