Prabodhanm Weekly

Pages

Search

2023 മാർച്ച് 31

3295

1444 റമദാൻ 09

എ. ഹുസൈൻ മൗലവി ശാന്തപുരം

എ.കെ ഖാലിദ് ശാന്തപുരം

ശാന്തപുരം മഹല്ലിലെ പ്രമുഖ പണ്ഡിതൻമാരിലൊരാളും വാഗ്മിയും ഇസ്്ലാമിക പ്രബോധകനും അധ്യാപകനുമായിരുന്നു കഴിഞ്ഞ മാർച്ച് രണ്ടിന് നിര്യാതനായ എ. ഹുസൈൻ മൗലവി (82). ആര്യാട്ടിൻ മൊയ്തീൻ - കളത്തുംപടിയൻ ആമിന ദമ്പതികളുടെ മകനാണ് അദ്ദേഹം. മൗലവിയുടെ ഒമ്പതാം വയസ്സിൽ പിതാവ് ഇഹലോകവാസം വെടിഞ്ഞതിനാൽ കാര്യമായ വരുമാനം ഒന്നുമില്ലാതിരുന്ന കുടുംബം കടുത്ത ദാരിദ്ര്യത്തിലൂടെയാണ് ജീവിതം തള്ളിനീക്കിക്കൊണ്ടിരുന്നത്. മൗലവിയുടെ പ്രാഥമിക വിദ്യാഭ്യാസം പള്ളിക്കുത്ത് ജി.എൽ.പി സ്കൂളിൽ ആയിരുന്നു. പിന്നീട് ശാന്തപുരം ജുമുഅ മസ്ജിദിൽ അമാനത്ത് കോയണ്ണി മുസ്‌ലിയാരുടെ നേതൃത്വത്തിൽ 'മദ്റസത്തു റൗദത്തിൽ മുതഅല്ലിമീൻ' എന്ന പേരിൽ നടന്നിരുന്ന ദർസിൽ ചേർന്നു. ശാന്തപുരം മഹല്ല് ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ നേതൃത്വം സ്വീകരിക്കുന്നതിനു മുമ്പ് നടന്നിരുന്ന പ്രസ്തുത ദർസിൽ ടി. ജമാലുദ്ദീൻ മൗലവി (ചെറുകുളമ്പ്), ടി.പി ശംസുദ്ദീൻ മൗലവി (ഇരിമ്പിളിയം), വി.കെ അബ്ദു റഷീദ് മൗലവി (പടിഞ്ഞാറ്റുമുറി) തുടങ്ങിയവർ സഹപാഠികൾ ആയിരുന്നു.
1953-ൽ ശാന്തപുരം അൽമദ്റസത്തുൽ ഇസ്്ലാമിയ സ്ഥാപിതമായപ്പോൾ പള്ളിദർസിലെ വിദ്യാർഥികൾ ഇതിൽ ചേർന്നു. മൂന്ന് ക്ലാസാണ് മദ്റസയിൽ ഉണ്ടായിരുന്നത്. പള്ളി ദർസിലെ ഉയർന്ന ക്ലാസ്സുകളിൽ ഉണ്ടായിരുന്നവരെ മൂന്നാം ക്ലാസ്സിലും അതിന് താഴെയുള്ളവരെ രണ്ടാം ക്ലാസ്സിലും പുതുതായി ചേർന്നവരെ ഒന്നാം ക്ലാസ്സിലുമാണ് ചേർത്തത്. അങ്ങനെ ഹുസൈൻ മൗലവിയും സഹപാഠികളും മൂന്നാം ക്ലാസ്സിലും ഹൈദരലി ശാന്തപുരം, കെ.കെ മമ്മുണ്ണി മൗലവി തുടങ്ങിയവർ ഒന്നാം ക്ലാസ്സിലുമായി. 1955-ൽ അൽമദ്റസത്തുൽ ഇസ്്ലാമിയയെ ഇസ്്ലാമിയാ കോളേജ് ആയി ഉയർത്തിയപ്പോൾ ഹുസൈൻ മൗലവിയും കൂട്ടുകാരും കോളേജിലെ പ്രഥമ ബാച്ച് ആയി. ഹുസൈൻ മൗലവി കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകൾ കാരണം 
1960-ൽ എട്ടാം ക്ലാസ്സിൽ പഠനം അവസാനിപ്പിക്കുകയായിരുന്നു.
അനന്തരം കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ മദ്റസാ അധ്യാപകനും ഇസ്്ലാമിക പ്രവർത്തകനുമായും സേവനമനുഷ്ഠിച്ചു. കൊച്ചന്നൂർ, കീഴുപറമ്പ്, റയോൺപുരം (വല്ലം), കൊയിലാണ്ടിക്കടുത്ത ഊരള്ളൂർ, കൈതപ്പൊയിൽ, പുതുപ്പാടി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നിട്ടുണ്ട്. കോയമ്പത്തൂരിലെ കാമരാജപുരത്തും മദ്റസാ അധ്യാപകനായി ജോലി ചെയ്തു. 1961-62 കാലത്ത് തിരൂർക്കാട് ഇലാഹിയാ കോളേജിൽ അധ്യാപകനും വൈസ് പ്രിൻസിപ്പലുമായിരുന്നു.
1962-ൽ ഉമറാബാദിലെ ദാറുസ്സലാം അറബിക് കോളേജിൽ വിദ്യാർഥിയായി ചേർന്നെങ്കിലും അസുഖം കാരണം ഫൈനൽ പരീക്ഷ എഴുതാതെ നാട്ടിലേക്ക് തിരിച്ചുപോരേണ്ടി വന്നു.
1963-ൽ ഒരു മാസം കുറ്റ്യാടി ഇസ്്ലാമിയാ കോളേജിൽ അധ്യാപകനായി ജോലി ചെയ്തു. 1967-ൽ മുള്ള്യാകുർശി എ.എം.എൽ.പി സ്കൂളിൽ അറബിക് അധ്യാപകനായി നിയമനം ലഭിച്ചു. 1979-ൽ സ്കൂളിൽനിന്ന് ലീവെടുത്ത്  ദുബായിലെത്തി. യു.എ.ഇ വഖ്ഫ് മന്ത്രാലയത്തിന്റെ കീഴിൽ റാസൽ ഖൈമയിൽ പള്ളി ഇമാമായി ജോലി ലഭിച്ചു. 28 വർഷത്തെ പ്രവാസത്തിനു ശേഷം 2007-ൽ  നാട്ടിൽ തിരിച്ചെത്തി. റാസൽ ഖൈമയിൽ ഇമാമത്തായിരുന്നു ഔദ്യോഗിക ജോലിയെങ്കിലും പള്ളിയെ കേന്ദ്രീകരിച്ച് ഖുർആൻ പഠന ക്ലാസ്സുകളും ഇസ്്ലാമിക് കൾച്ചറൽ സെന്ററിൽ പ്രാസ്ഥാനിക ക്ലാസ്സുകളും നടത്തിപ്പോന്നു.
ഉർദു ഹൽഖയിലേക്കും മൗലവിയെ ക്ലാസ്സിനും പ്രഭാഷണത്തിനും ക്ഷണിക്കാറുണ്ടായിരുന്നു. ഉർദുവിൽ സ്ഫുടമായി പ്രഭാഷണം നടത്താൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.
മൗലവിയുടെ മാതൃകാപരമായ ജിവിതവിശുദ്ധിയും ആദർശ പ്രതിബദ്ധതയും എടുത്തുപറയേണ്ടതാണ്. സമയനിഷ്ഠയാണ് അതിലൊന്ന്. സാമ്പത്തിക രംഗത്തെ സൂക്ഷ്മതയും അച്ചടക്കവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. ഒരിക്കലും കടം വാങ്ങരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.
പള്ളി ഇമാമായിരുന്ന ഹുസൈൻ മൗലവി റാസൽ ഖൈമയിലെ ഗ്രാമീണ മേഖലയിലാണ് അധിക കാലവും കഴിച്ചുകൂട്ടിയത്. തദ്ദേശീയരായ ഗ്രാമീണ അറബികളുടെ പ്രിയങ്കരനാവാൻ മൗലവിയുടെ സ്വഭാവ മഹിമ കാരണമായി. ജുമുഅ ഖുത്വ്്ബ നിർവഹിച്ചിരുന്ന, മൗലവിയുടെ ഇഷ്ടക്കാരായ തദ്ദേശീയർ എഴുതിയുണ്ടാക്കിയ ഖുത്വ്്ബകൾക്ക് അക്ഷരസ്ഫുടതയും ഭാഷാ ശുദ്ധിയും വരുത്തുന്നതിന് മൗലവിയെ സമീപിക്കാറുണ്ടായിരുന്നു. മൗലവിയും അറബിയിൽ ഖുത്വ്്ബ നിർവഹിച്ചിരുന്നു.  പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയ ശേഷം ശാന്തപുരം മഹല്ലിലെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 
ശാന്തപുരം മഹല്ലിന്റെ പൂർവകാല ചരിത്ര സൂക്ഷിപ്പുകാരിൽ ഒരാളെയാണ് അദ്ദേഹത്തിന്റെ മരണം മൂലം നഷ്ടമായത്. മഹല്ലിൽ മുൻകാലങ്ങളിൽ നടന്ന പ്രസംഗങ്ങളുടേയും സുന്നി-മുജാഹിദ്-ജമാഅത്ത് ഖണ്ഡന പ്രസംഗങ്ങളുടേയും നോട്ടീസുകൾ കൂടി അദ്ദേഹം സൂക്ഷിച്ചുവെച്ചിരുന്നു.
ഭാര്യ: ടി.കെ ആയിശ. മക്കൾ: അത്ഹർ ഹുസൈൻ, അത്വിയ്യ, ആത്തിഖ. ഹൈദരലി ശാന്തപുരം സഹോദരനാണ്.
 

 

അല്ലാ ബഖ്ഷ് ഹാജി
നഷ്ടമായത് ധീരനായ വിപ്ലവകാരിയെ
പറവൂർ ചേന്ദമംഗലം അഞ്ചാംപരുത്തി തറവാട്ടിൽ സമ്പന്ന കർഷക കുടുംബത്തിലായിരുന്നു ഈയിടെ നമ്മോട് വിടപറഞ്ഞ അല്ലാ ബഖ്ഷ് ഹാജിയുടെ ജനനം. വിദ്യാഭ്യാസ കാലം മുതൽ സാമൂഹിക സേവന പ്രവർത്തനം ചര്യയാക്കിയിരുന്നു അദ്ദേഹം. സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിൽ എന്നും മുൻപന്തിയിൽ നിന്നു. കോട്ടയിൽ കോവിലകം പ്രദേശത്ത് ജന്മിമാർ സാധാരണക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചപ്പോൾ, തന്നെ ബാധിക്കാത്ത കാര്യമായിട്ടും നാട്ടുകാർക്കു വേണ്ടി സമരം നയിച്ച ധീര നായകനായിരുന്നു.
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന പാലിയം സത്യഗ്രഹത്തിന് പിന്തുണയർപ്പിച്ച് പഠിപ്പ്മുടക്ക് സമരത്തിനിറങ്ങിയ ബഖ്ഷ് ഹാജിക്കും കൂട്ടുകാരായ രാഘവൻ, പ്രഭാകരൻ എന്നിവർക്കും നേരെ സമരവിരോധികൾ സായുധാക്രമണം അഴിച്ചുവിട്ടു. ഇതിൽ കുത്തേറ്റ് വീണ രാഘവനെ  അല്ലാ ബഖ്ഷും  പ്രഭാകരനും ചേർന്നാണ്  കൊടുങ്ങല്ലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജാതി-മത ഭേദമന്യേ നിരാലംബരുടെ അഭയകേന്ദ്രവുമായിരുന്നു ജൈവ കർഷകൻ കൂടിയായിരുന്ന അദ്ദേഹം.
സ്വാതന്ത്ര്യ സമര വിപ്ലവ ചിന്തകളുമായി പ്രവർത്തിക്കുന്നതിനിടെ കെമിക്കൽ ബിരുദം നേടിയ അദ്ദേഹം ചേരാനെല്ലൂർ സ്ക്കൂളിൽ അധ്യാപകനായിരിക്കെ എം.ഇ. എസ് പ്രസിഡന്റായിരുന്ന മർഹൂം ഇ.കെ അബ്ദുൽ ഖാദർ സാഹിബുമായുള്ള സഹവാസത്തിലൂടെയാണ് ജമാഅത്തെ ഇസ്‌ലാമിയെ അറിയുന്നത്. പിന്നീട് ആലുവ  ടി.കെ. മൊയ്തു സാഹിബ്, എം.എം ബാവ സാഹിബ്, ചാലക്കൽ അബ്ദുർറഹ്്മാൻ സാഹിബ് എന്നിവരുമായുള്ള ബന്ധത്തിലൂടെ ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ ആശയാദർശങ്ങൾ അടുത്തറിഞ്ഞു. 1963-ൽ പ്രസ്ഥാന അനുഭാവിയായി. തുടർന്നങ്ങോട്ട് പ്രസ്ഥാനം തന്നെ ജീവിതമാക്കി മാറ്റുകയായിരുന്നു അല്ലാ ബഖ്‌ഷ് ഹാജി. ഏലൂർ FACT ഉദ്യോഗസ്ഥനായിരിക്കെ മൂവാറ്റുപുഴ മുതൽ വൈപ്പിൻ വരെയുള്ള വിശാലമായ ആലുവ ഫർഖയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും തന്റെ സന്തത സഹചാരിയായിരുന്ന ലാമ്പി സ്കൂട്ടറുമായി ഫർഖയുടെ എല്ലാ മുക്ക് മൂലകളിലും, കടുത്ത എതിർപ്പുകൾക്കിടയിലും പ്രസ്ഥാന വ്യാപനത്തിനായി ധീരമായി പോരാടുകയുമായിരുന്നു അദ്ദേഹം. ഇതിനിടെ മർഹൂം ആലിക്കുട്ടി മൗലവിയുടെ ഉപദേശപ്രകാരം താമസം എടവനക്കാട്ടേക്ക് മാറ്റുകയുണ്ടായി. പിന്നീട് മക്കളുടെ ഉന്നത ദീനീ വിദ്യാഭ്യാസം ലക്ഷ്യമാക്കി താമസം ചേന്ദമംഗല്ലൂരിലേക്ക് മാറ്റി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറ് കണക്കിന് ഉദ്യോഗസ്ഥരുടെ  സൗകര്യാർഥം ഏലൂർ FACT പരിസരത്ത് ജുമാ മസ്ജിദ് നിർമാണത്തിന് മുൻകൈയെടുത്തതും ഹാജിയായിരുന്നു.
എറണാകുളം ഇസ്്ലാമിക് സെന്ററിന്റെ സ്ഥാപക അംഗമായിരുന്നു. മന്ദം ഇസ്്ലാമിക് സെന്ററിന് രൂപകൽപന ചെയ്തതും അദ്ദേഹമാണ്.  1992-ൽ പ്രസ്ഥാനം രൂപംനൽകിയ ഡിസാസ്റ്റർ മാനേജുമെന്റിന്റെ എൻ.ജി.ഒ ആയ ഐഡിയൽ റിലീഫ് വിംഗ് (IRW) രൂപകൽപന ചെയ്യുന്നതിൽ നേതൃനിരയിലെ രണ്ടാമനായിരുന്നു  അല്ലാ ബഖ്ഷ് ഹാജി. നിശ്ശബ്ദ ചിന്തകനായിരുന്ന അദ്ദേഹത്തിന്റെ ആശയമാണ്,  ഇസ്്ലാമിക പ്രവർത്തകർ ഏത് ദുരന്ത മേഖലകളിലും പാഞ്ഞെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പറ്റുന്ന വിധത്തിൽ പരിശീലനം നേടിയവരാകണമെന്നത്. ആ അർഥത്തിൽ പരിശീലന പദ്ധതികൾക്ക് രൂപം നൽകി. അദ്ദേഹത്തിന്റെ സാഹസികമായ നേതൃപാടവമാണ് ഇന്നത്തെ IRW-വിന്റെ കരുത്ത്. സർക്കാർ-അർധ സർക്കാർ സംവിധാനങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന അവസാനത്തെ സാധ്യതകളും കിടപ്പിലാകുന്നതിനു മുമ്പു തന്നെ IRW-വിന് വേണ്ടി സമ്മാനിച്ചു കൊണ്ടാണ്  അദ്ദേഹം തന്റെ നാഥനിലേക്ക് യാത്രയായത്.
ചേന്ദമംഗലം മഹല്ല് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളത്തിൽ മുൻ മന്ത്രി എസ്. ശർമ, ജമാഅത്തെ ഇസ്്ലാമി കേരള അമീർ എം.ഐ അബ്്ദുൽ അസീസ്, അസി. അമീർ പി. മുജീബുർ റഹ്്മാൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അനിൽ കുമാർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
ഭാര്യ: കാട്ടൂർ കൊളങ്ങാട്ടുപറമ്പിൽ നഫീസ.
മക്കൾ: ഫാത്തിമ ഫൗസിയ, ഫിറോസ്, ഫാരിദ, ഫാമിദ, ഫസീല, ഫാറൂഖ്, ഫജ്റുൽ ഇസ്‌ലാം.
മരുമക്കൾ: പരേതനായ അബ്ദുൽ മജീദ്, റഫീഖ് മന്നം, തനൂജ, സിദ്ദീഖ്, കെ.പി.ഒ റഹ്്മത്തുല്ല, ഗഫൂർ വാടാനപ്പള്ളി, മിനി, ശബ്ന. 
എം.എ കരീം

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും 
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

 

Comments