Prabodhanm Weekly

Pages

Search

2023 മാർച്ച് 31

3295

1444 റമദാൻ 09

സകാത്ത് ധനപൂജക്കെതിരെ ധാർമിക പ്രതിരോധം

പി.പി അബ്ദുർറഹ്്മാൻ പെരിങ്ങാടി

മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്്ലാമിന്റെ പഞ്ചസ്തംഭങ്ങൾ പരസ്പര ബന്ധിതവും പരസ്പര പൂരകവുമാണ്. തൃതീയ സ്തംഭമായ സകാത്ത്, മിച്ചധനത്തിന്റെ ഒരു വിഹിതം വ്യവസ്ഥാപിതമായും സംഘടിതമായും എട്ട് വിഭാഗം ആളുകള്‍ക്ക്  നല്‍കലാണ്. ഈ നിര്‍ബന്ധ ദാനം ഖുര്‍ആനില്‍ പ്രാധാന്യപൂര്‍വം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉണര്‍ത്തിയ കാര്യമാണ്. വിശുദ്ധ ഖുര്‍ആനില്‍ നമസ്കാരമെന്ന സുപ്രധാന അനുഷ്ഠാനത്തോട് ചേര്‍ത്തുകൊണ്ടാണ് സകാത്തിന്റെ കാര്യം ഊന്നിപ്പറഞ്ഞത്. പ്രത്യക്ഷത്തില്‍ നമസ്കാരം സ്രഷ്ടാവായ അല്ലാഹുവിനോടുള്ള ബാധ്യതയാണെങ്കില്‍ സകാത്ത് സമസൃഷ്ടികളോടുള്ള ബാധ്യതയാണ്. രണ്ടും ഒപ്പത്തിനൊപ്പം തുല്യ പ്രാധാന്യത്തോടെ നിർവഹിക്കേണ്ടതാണ്. ഭാഷാപരമായി സംസ്കരണം, വിശുദ്ധി എന്നീ അര്‍ഥങ്ങളാണ് സകാത്തിനുള്ളത്.
ഇസ്്ലാമിക സാമ്പത്തിക ദര്‍ശനവും പരിപാടികളുമെല്ലാം ഇസ്്ലാമിന്റെ പ്രപഞ്ച വീക്ഷണത്തിലധിഷ്ഠിതമാണ്. സകല പ്രപഞ്ചങ്ങളുടെയും അതിലെ അഖില വസ്തുക്കളുടെയും സ്രഷ്ടാവും നിയന്താവും പരിപാലകനും അല്ലാഹുവാണ്. ആകയാല്‍ വിഭവങ്ങളിന്മേലുള്ള പൂര്‍ണാര്‍ഥത്തിലുള്ള ഉടമാധികാരവും പരമാധികാരവും അവന് മാത്രമാണ്. അഖില പ്രപഞ്ചവും അതിലെ മുഴുവന്‍ ചരാചരങ്ങളും അല്ലാഹുവിന്റെ അലംഘനീയ വ്യവസ്ഥകള്‍ക്ക് വിധേയവുമാണ്.
മനുഷ്യൻ ഭൂമിയിൽ അല്ലാഹുവിന്റെ പ്രതിനിധി(ഖലീഫ)യാണ്. അടിമ (അബ്ദ്) ഉടമയെ (റബ്ബ്, ഇലാഹ്) പ്രതിനിധാനം ചെയ്യുമ്പോള്‍ ഈ വസ്തുത മറന്നുകൂടാത്തതാണ്.  സമ്പത്തുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ നടത്തിയ പ്രയോഗങ്ങള്‍ മേൽ പറഞ്ഞ പൊരുള്‍ തന്നെയാണ് ഉദ്ഘോഷിക്കുന്നത്. അല്ലാഹുവിന്റെ ഭൂമി (4:97,39:10  اَرۡضُ اللّٰهِ), അല്ലാഹുവിന്റെ സമ്പത്ത് (24:33 مَالِ ٱللَّه), അല്ലാഹുവിന്റെ ഔദാര്യം (62:10,73:20 فَضۡلِ اللّٰه ), അല്ലാഹുവിന്റെ വിഭവം (67:15, 2:60) എന്നെല്ലാമാണ് പ്രയോഗങ്ങൾ. ഈ വിഭവങ്ങളിന്മേല്‍ അല്ലാഹു മനുഷ്യരെ തന്റെ പ്രതിനിധികളാക്കിയിരിക്കുകയാണ്. തന്റെ ജീവധനാദികളില്‍ കഷ്ടനഷ്ടങ്ങള്‍ വരുമ്പോള്‍ സത്യവിശ്വാസി പറയുന്ന, പറയേണ്ട വാക്യം 'നമ്മളെല്ലാം അല്ലാഹുവിന്റെതാണ്; തീര്‍ച്ചയായും അവനിലേക്ക് തന്നെ മടങ്ങുന്നവരുമാണ്' (ഇന്നാ ലില്ലാഹി ..... 2:156) എന്നാണ്. ന്യായമായും മാന്യമായും എന്തെങ്കിലും ആസ്വദിക്കുകയോ അനുഭവിക്കുകയോ ചെയ്താല്‍ ഉടയോനായ അല്ലാഹുവിനെ ഉള്ളഴിഞ്ഞ് സ്തുതിച്ചു കൊണ്ട് 'അല്‍ഹംദു ല്ലില്ലാഹ്' എന്നു പറയുന്നതിലും താനനുഭവിച്ച / അനുഭവിക്കുന്ന വിഭവങ്ങള്‍ തന്റേതല്ല, മറിച്ച് അല്ലാഹുവിന്റേതാണെന്ന ബോധവും ബോധ്യവുമാണുള്ളത്.
ഭക്ഷിക്കുന്നതുള്‍പ്പെടെ പല ഘട്ടങ്ങളിലും 'ബിസ്മില്ലാഹി...' എന്നുച്ചരിക്കുന്നതിലും എല്ലാറ്റിന്റെയും ഉടമസ്ഥന്‍ അല്ലാഹു മാത്രമാണെന്ന ആശയമാണ് അന്തര്‍ലീനമായിട്ടുള്ളത്.
ഇസ്്ലാമിക ദൃഷ്ട്യാ വ്യക്തിക്കോ സമൂഹത്തിനോ സ്റ്റേറ്റിനോ സമ്പത്തില്‍ പൂർണാര്‍ഥത്തിലുള്ള ഉടമാവകാശമില്ല. സ്വശരീരത്തിലോ ജീവനിലോ ആത്മാവിലോ ആർക്കും പൂര്‍ണാര്‍ഥത്തിലുള്ള ഉടമാധികാരമില്ല. എന്നിരിക്കെ  ഒരാള്‍ തനിക്ക് ബാഹ്യമായ സംഗതികളുടെയും വസ്തുക്കളുടെയും പൂര്‍ണ ഉടമസ്ഥനാവുകയെന്നത് യുക്തിസഹമല്ല. സ്വയം തീരുമാനമനുസരിച്ച് ജനിച്ചവനല്ല മനുഷ്യന്‍. ജനിച്ചുവീഴുമ്പോള്‍ അവന്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. സ്വന്തം തീരുമാനമനുസരിച്ചല്ല അവന്‍ ഇഹലോക വാസം വെടിയുന്നത്. ഇവിടന്ന് പോകുമ്പോള്‍ അവന്‍ ഒന്നും കൊണ്ടുപോകുന്നുമില്ല (കഫന്‍പുടവക്ക് കീശ വെക്കാറില്ലല്ലോ). ജീവിതത്തിലെ പല കാര്യങ്ങളും അവന്റെ ഇംഗിതത്തിനോ നിയന്ത്രണത്തിനോ ഒട്ടും വിധേയമല്ലെന്നതും അനുഭവ സത്യം.
''നിങ്ങളുടെ നിലനിൽപിന്റെ നിദാനമായി അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചുതന്ന നിങ്ങളുടെ സമ്പത്തുകള്‍ നിങ്ങള്‍ അവിവേകികള്‍ക്ക് കൈവിട്ടു കൊടുക്കരുത് " (4:5) എന്ന ഖുർആനിക സൂക്തം നമ്മെ താഴെ വിവരിക്കുന്ന വസ്തുതകള്‍ ബോധ്യപ്പെടുത്തുന്നുണ്ട്:
1. അനാഥരുടെ സമ്പത്താണ് സൂക്തത്തിലെ പ്രതിപാദ്യ വിഷയമെങ്കിലും അനാഥ സമ്പത്തിനെ അവരുടെ സ്വത്ത് എന്ന് പറയാതെ ' നിങ്ങളുടെ സമ്പത്ത് ' എന്ന് പറഞ്ഞത് വളരെ ചിന്തനീയമാണ്. സമ്പത്തിന്റെ വ്യക്തിപരമായ ഉടമസ്ഥതയെ ഒരളവോളം അംഗീകരിക്കുന്നുണ്ടെങ്കിലും പ്രസ്തുത സമ്പത്തില്‍ സമൂഹത്തിന്റെ അവകാശത്തെ കൂടി ഇത് ഉള്‍ക്കൊള്ളുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെയാണ് വ്യക്തിക്ക് കൈവശാധികാരമുള്ള സമ്പത്ത് ധൂര്‍ത്തടിക്കുന്നതും ദുര്‍വ്യയം ചെയ്യുന്നതും ഇസ്്ലാം കഠിനമായി വെറുക്കുന്നത്. എന്റെ ധനം എന്റെ ഇഷ്ടം പോലെ വ്യയം ചെയ്യും എന്ന നിലപാടിനെ ഇസ്്ലാം ഒട്ടും അംഗീകരിക്കുന്നില്ല. നാളെ സമൂഹത്തിലെ വേറെ ചിലര്‍ക്ക് അനുഭവിക്കേണ്ട സമ്പത്ത് ഇന്ന് നീ ധൂര്‍ത്തടിക്കുകയോ നിരുത്തരവാദപരമായി കൈകാര്യം ചെയ്യുകയോ ചെയ്തുകൂടാ. അല്ലാഹുവിന്റെതാണ് സകല സമ്പത്തും. അത് മനുഷ്യര്‍ക്കെല്ലാവര്‍ക്കും എക്കാലത്തും ഉപകരിക്കാനുള്ളതാണ്. സമ്പത്തില്‍ സമൂഹത്തിനുള്ള അവകാശം ഇസ്്ലാം എല്ലാ നിലക്കും ഊന്നിപ്പറഞ്ഞിട്ടുണ്ട്. മിച്ചധനത്തില്‍നിന്ന് 2.5%, 5%, 10%, 20% എന്നിങ്ങനെ നല്‍കുന്നത് വ്യക്തിയുടെ ഔദാര്യമെന്ന നിലക്കല്ല; മറിച്ച് സമൂഹത്തിന് സമ്പത്തിന്റെ സാക്ഷാല്‍ ഉടമസ്ഥനായ അല്ലാഹു നിശ്ചയിച്ച അവകാശമെന്ന നിലക്കാണ്. ''തങ്ങളുടെ സമ്പത്തുകളില്‍ ചോദിച്ചു വരുന്നവനും, ഉപജീവന മാര്‍ഗം തടയപ്പെട്ടവനും നിണിതമായ അവകാശം നല്‍കുന്നവര്‍''(70:24,25). ഈ സൂക്തം പാവങ്ങളോടുള്ള ഔദാര്യമല്ല, മറിച്ച് അവകാശമാണെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നു.
2. സമ്പത്ത് മനുഷ്യ ജീവിതത്തിന്റെ നിലനിൽപിന്റെ ആധാരമാണെന്ന് മേല്‍ സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ വ്യക്തിക്ക് ചില തത്ത്വങ്ങള്‍ക്ക് വിധേയമായി പ്രാതിനിധ്യാവകാശവും തദടിസ്ഥാനത്തിലുള്ള കൈകാര്യാധികാരവുമാണുള്ളത്. ഇസ്്ലാമിക സാമൂഹിക സംവിധാനത്തിന്റെ കണിശമായ മേല്‍നോട്ടത്തിന്‍ കീഴിലാണ് സ്വകാര്യ വ്യക്തിയുടെ കൈവശാവകാശമെന്ന് വ്യക്തം.
3. ഈ കൈവശാവകാശം (പ്രാതിനിധ്യാവകാശം) ഗുരുതരമാം വിധം ലംഘിക്കപ്പെടുമ്പോള്‍ ഉത്തരവാദപ്പെട്ടവരുടെ ഇടപെടൽ ഇസ്്ലാം ആവശ്യപ്പെടുന്നുണ്ട്. സമ്പത്തിന്റെ അവകാശി  അവിവേകിയോ വിഡ്ഢിയോ ആണെങ്കില്‍ അത് പാഴാക്കാനോ ദുരുപയോഗം ചെയ്യാനോ അനുവദിക്കരുത്.
ഇസ്്ലാമിക സാമ്പത്തിക ദര്‍ശനത്തിന്റെ മൂലതത്ത്വം ഇങ്ങനെ സംഗ്രഹിക്കാം: വ്യക്തിക്ക് സമ്പത്തിന്മേലുള്ള അവകാശം സർവതന്ത്ര സ്വതന്ത്രമോ നിരുപാധികമോ അല്ല. അത്യാവശ്യ ഘട്ടങ്ങളില്‍ ഉടയതമ്പുരാനായ അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ക്കനുസൃതമായി വ്യക്തിയുടെ ഉടമസ്ഥതയെ സമൂഹത്തിന് നിയന്ത്രിക്കാവുന്നതാണ്. ഈ തത്ത്വം സാമൂഹിക ജീവിയായ മനുഷ്യന്റെ ഭൂമിയിലെ സ്ഥാനത്തോടും ജീവിതവുമായി ബന്ധപ്പെട്ട പ്രകൃതി സത്യത്തോടും പ്രപഞ്ച ഘടനയോടും ചേര്‍ന്നു നിര്‍ക്കുന്ന താളപ്പൊരുത്തമുള്ള, പ്രയോജനപ്രദവും പ്രായോഗികവും സുഭദ്രവുമായ നിലപാടാണ്.
പ്രപഞ്ചത്തില്‍ എല്ലാം സമൃദ്ധവും സന്തുലിതവുമാണ്. ലോകത്ത് ദശലക്ഷക്കണക്കിന് ജീവജാലങ്ങളുണ്ട്. മനുഷ്യന്‍ ഈ ജീവജാലങ്ങളില്‍ പ്രമുഖനും കേന്ദ്ര സ്ഥാനീയനുമാണെങ്കിലും അവന്‍ ഭൂമുഖത്തെ ഏറ്റവും വലിയ ജീവിയല്ല. എണ്ണത്തില്‍ മനുഷ്യരെക്കാള്‍ വളരെക്കൂടുതലുണ്ട് മറ്റു പല ജീവികളും. ആയുസ്സിന്റെ കാര്യത്തിലും മനുഷ്യരെക്കാള്‍ ദീര്‍ഘായുസ്സുള്ള ഒട്ടേറെ ജന്തുക്കളുണ്ട്. ഇവക്ക് ജീവസന്ധാരണത്തിനോ നിലനിൽപിനോ ഭക്ഷ്യ വിഭവങ്ങളുടെ കമ്മിയോ ദൗര്‍ലഭ്യമോ കാണുന്നില്ല (ഖുർആൻ 29:60). ഭൂമുഖത്തെ സകല ജന്തുജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും ആഹാരാദി സകല വിഭവങ്ങളും സംവിധാനിച്ച് സംരക്ഷിക്കുന്നവന്‍ (റബ്ബ്, റസ്സാഖ്) അല്ലാഹു ആയിരിക്കെ, ഈ പ്രപഞ്ചം ഇതര ജന്തുജാലങ്ങള്‍ക്കെല്ലാം ആവശ്യാനുസൃതം തികയുന്നതും, മനുഷ്യന് മാത്രം എപ്പോഴും ദാരിദ്ര്യവും ക്ഷാമവും എന്ന സ്ഥിതിയായിരിക്കുക എന്ന് സംഭവ്യമല്ല എന്ന് ഖുർആൻ (11:6).
പ്രത്യക്ഷത്തില്‍ പരിമിതമായ ഉപാധികളും സാധ്യതകളും മാത്രമുള്ള ജീവിവര്‍ഗങ്ങള്‍ക്ക് ഈ പ്രകൃതി സമ്പന്നവും സമൃദ്ധവുമാണ്. സമ്പൂര്‍ണമായ ഇസ്്ലാമിക വ്യവസ്ഥിതി ജന്തുക്കളുടെ നൈസര്‍ഗിക വാസനകളെ പോലെ കുറ്റമറ്റതും യുക്തിഭദ്രവും വളരെയേറെ പ്രയോജനപ്രദവുമായിരിക്കും. പ്രാണവായു പോലെ സമൃദ്ധവും പ്രകൃതി ജലം പോലെ സുലഭവും വെളിച്ചം പോലെ സുതാര്യവുമായിരിക്കും. ദൈവദത്തമായ ഇസ്്ലാമിക വ്യവസ്ഥിതി പ്രപഞ്ചം പോലെ അതീവ സുന്ദരവും ഉദ്ഗ്രഥിതവും പരസ്പര പൂരകവും അവിഭാജ്യവുമാണ്. ഇസ്്ലാമിന്റെ സുപ്രധാന ഭാഗമായ സകാത്ത് ഇസ്്ലാമിന്റെ മറ്റിതര അനുഷ്ഠാനങ്ങളുമായും ജീവിത ദര്‍ശനങ്ങളുമായും തത്ത്വനിര്‍ദേശങ്ങളുമായും ചേര്‍ന്നുനിൽക്കുമ്പോഴേ അതിന്റെ ബഹുമുഖമായ പൂര്‍ണ നന്മയും പ്രയോജനങ്ങളും പുലരുകയുള്ളൂ.
സകാത്ത് മര്യാദ പ്രകാരം കൃത്യമായി കൊടുത്തുവീട്ടാത്തവനെയാണ് വിശുദ്ധ ഖുര്‍ആന്‍ 'മുശ്്്രിക്ക്' എന്ന് ആക്ഷേപിക്കുന്നത്. ''സകാത്ത് നല്‍കാത്ത മുശ്്രിക്കുകള്‍(ബഹുദൈവാരാധകര്‍)ക്കാണ് മഹാനാശം. അവര്‍ പരലോകത്തെ നിഷേധിക്കുന്നവരുമാകുന്നു'' (41: 7). സമ്പത്തിനെപ്പറ്റി ശരിയായ കാഴ്്ചപ്പാടില്ലാത്തവര്‍ക്ക് വീക്ഷണ  വ്യതിയാനങ്ങള്‍ സംഭവിക്കും. അല്ലാഹുവാണ് സമ്പത്തിന്റെ ദാതാവും ഉടമസ്ഥനും. ആകയാല്‍ ഉടയവനായ അല്ലാഹു അനുശാസിച്ചാല്‍ നിശ്ചിത വിഹിതം അതിന്റെ അവകാശികള്‍ക്കെത്തിച്ചു കൊടുക്കണം. അപ്രകാരം ചെയ്യാതിരിക്കുന്നത് കടുത്ത ദൈവധിക്കാരവും നിഷേധവുമായിരിക്കും.  നമസ്കരിച്ചും മറ്റും അല്ലാഹുവിനെ ആരാധിക്കുകയും, സകാത്ത് നല്‍കാതെ സമ്പത്ത് കെട്ടിപ്പൂട്ടി സൂക്ഷിച്ചുകൊണ്ട് ധനപൂജ നടത്തുകയും ചെയ്താല്‍ പരമാര്‍ഥത്തില്‍ അയാള്‍ മുശ്്്രിക്ക് അഥവാ ബഹുദൈവാരാധകനായിത്തീരുന്നു.
പള്ളിയില്‍ ചെന്ന് അല്ലാഹുവിനെ ആരാധിക്കുകയും കച്ചവട സ്ഥാപനത്തിലും വീട്ടിലുമെല്ലാം നിരന്തരം ധനപൂജ നടത്തുകയും ചെയ്യുമ്പോള്‍ അദ്ദേഹം അല്ലാഹുവിനെ കൂടാതെ, ഒരുവേള അല്ലാഹുവിനെക്കാളുപരി ധനപൂജ നടത്തുന്നുവെന്നതാണ് വസ്തുത (ധനപൂജ കുഫ്റും ശിർക്കുമാണെന്ന് സൂറ അൽ കഹ്ഫിലെ തോട്ടക്കാരന്റെ സംഭവം മനസ്സിലാക്കിത്തരുന്നുണ്ട്). ബഹുദൈവ വിശ്വാസത്തില്‍നിന്ന് ഉയിര്‍ക്കൊണ്ട നാഗരികതയിലെ ഭാഷയില്‍ പോലും ധനപൂജാ ശിര്‍ക്കിന്റെ പലവിധ അടയാളങ്ങള്‍ കാണാം. 'കോടീശ്വരന്‍' എന്ന പ്രയോഗം  ഉദാഹരണമാണ്. ഒരാള്‍ സമ്പന്നനായാല്‍ അയാളെ ലക്ഷ്മി ദേവി ധാരാളമായി പ്രസാദിച്ചുവെന്നാണ് വിശ്വാസം. ദീപാവലിയും ആയുധ പൂജയുമെല്ലാം ധനപൂജാ സംസ്കാരത്തിന്റെ ഭാഗം തന്നെ. 'trust in god and gold' എന്ന സ്വർണ വ്യാപാരിയുടെ പരസ്യവാചകവും 'പൊന്നുമോന്‍' എന്ന പ്രയോഗം പോലും ഒരു തരം ധനപൂജാ സംസ്കാരത്തിന്റെ സ്വാധീനമുള്ളതു തന്നെ. ശിര്‍ക്കില്‍നിന്ന് വിമുക്തനായ ശുദ്ധ ഏകദൈവ വിശ്വാസി പിന്നെ വിഗ്രഹ പൂജകനാവാനിടയില്ല. വിഗ്രഹ പൂജ അര്‍ഥശൂന്യവും അനര്‍ഥകരവുമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണല്ലോ അവന്‍ ഏക ദൈവ വിശ്വാസത്തിലെത്തുന്നത്. പക്ഷേ, അപ്പോഴും അവനെ ഗുരുതരമാംവിധം സദാ വേട്ടയാടുന്ന മഹാഭീഷണിയാണ് ധനപൂജാ സംസ്കാരവും തജ്ജന്യമായ പ്രവണതകളും. തന്റെ ആദര്‍ശത്തെ ഗ്രസിച്ചേക്കാനിടയുള്ള ധനപൂജാ സംസ്കാരത്തിനെതിരിലുള്ള ഫലപ്രദമായ പ്രതിരോധ നടപടിയാണ് സകാത്തും മറ്റിതര ദാനധർമങ്ങളും. തനിക്കൊരിക്കലും ധനപൂജയെന്ന മഹാര്‍ബുദത്തിന്റെ ലാഞ്ഛന പോലും ബാധിക്കുന്നില്ലെന്ന് നിതാന്ത ജാഗ്രതയോടെ ഉറപ്പുവരുത്താന്‍ സത്യവിശ്വാസി സദാ ബാധ്യസ്ഥനാണ്. അല്ലാത്ത പക്ഷം പരലോകത്ത്   കഠിനശിക്ഷ നേരിടേണ്ടി വരുമെന്ന (9: 34, 35) ബോധവും ഉണ്ടാകണം.
ഇത്തരം കഠിന ശിക്ഷക്ക് പാത്രമാവാതിരിക്കാന്‍ സകാത്ത് കൃത്യമായും ഫലപ്രദമായും നല്‍കേണ്ടതുണ്ട്. ഇത് സമ്പന്നന്റെ ഔദാര്യമെന്ന നിലക്കല്ല; മറിച്ച് പാവങ്ങള്‍ക്ക് സമ്പത്തിന്റെ ഉടയോനും ദാതാവുമായ അല്ലാഹു നിശ്ചയിച്ച അവകാശമെന്ന (70:24,25) നിലക്കായിരിക്കണം. ഇതിലൂടെ പാവങ്ങളെ സഹായിക്കലല്ല പ്രഥമവും പ്രധാനവുമായി സംഭവിക്കുന്നത്; മറിച്ച് സമ്പത്ത് കൈവശം വെക്കുന്നവന്റെ സംസ്കരണമാണ്. സകാത്ത് എന്നത് അവിഹിതമായി ധനം വാരിക്കൂട്ടാനുള്ള അനുമതിയോ എങ്ങനെയെല്ലാമോ അവിഹിതമായി വാരിക്കൂട്ടിയ ധനം ശുദ്ധീകരിക്കാനുള്ള പരിപാടിയോ അല്ല; മറിച്ച് ആര്‍ത്തി, പരിധിയില്ലാത്ത ധനവാഞ്ഛ, ദുര, സ്വാർഥത, കുടിലത, ലുബ്ധ്, സങ്കുചിതത്വം, ക്രൂരത തുടങ്ങിയ പലവിധ ദുര്‍ഗുണങ്ങളില്‍നിന്ന് ശുദ്ധീകരിച്ച്, അവനില്‍ ദയ, സമസൃഷ്ടിബോധം, സ്നേഹം, ത്യാഗമനസ്കത, ദാനശീലം, ഔദാര്യ ബോധം, സാമൂഹിക ബോധം, പരക്ഷേമ തല്‍പരത തുടങ്ങിയ സദ്ഗുണങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണത്. അപ്പോഴാണ് ശുദ്ധീകരണം, സംസ്കരണം എന്നിങ്ങനെ സകാത്തിന്റെ പൊരുള്‍ പുലരുന്നതും ആ സംജ്ഞ അര്‍ഥപൂർണമാവുന്നതും. ''(നബിയേ), താങ്കള്‍ അവരുടെ ധനങ്ങളില്‍നിന്നും നിര്‍ബന്ധ ദാനം വസൂല്‍ ചെയ്ത് അവരെ ശുദ്ധീകരിക്കുകയും വളര്‍ത്തുകയും ചെയ്യുക''(9:103). 'അവരെ' എന്ന പ്രയോഗം വഴി സമ്പത്തിനെയല്ല മറിച്ച്, സകാത്ത് ദാതാവിന്റെ മനസ്സിനെയും വീക്ഷണത്തെയും ജീവിതത്തെയുമാണ് ശുദ്ധീകരിക്കുന്നതെന്നത് വളരെ വ്യക്തമാണ്. സകാത്ത് സമ്പത്തിന്റെ ശുദ്ധീകരണമാകുന്നത് ഉടയ തമ്പുരാനായ അല്ലാഹു നിര്‍ണയിച്ച അന്യരുടെ അവകാശം അവശേഷിച്ച സമ്പത്തില്‍ കൂടിക്കലരുമ്പോഴുള്ള അവിശുദ്ധാവസ്ഥയെ അത് തടയുന്നു എന്ന അര്‍ഥത്തില്‍ മാത്രമാണ്.
നമസ്കാരം, വ്രതം, ഹജ്ജ് തുടങ്ങിയ അനുഷ്ഠാനങ്ങളും മറ്റ് ആഘോഷങ്ങളും സംഘടിതമായിട്ടാണല്ലോ നിര്‍വഹിക്കാറുള്ളത്. അതുപോലെ സകാത്തും സംഘടിതമായിട്ടാണ്  നിര്‍വഹിക്കേണ്ടത്. സകാത്തിന്റെ എട്ട് അവകാശികളില്‍ ഒരു വിഭാഗം സകാത്ത് ശേഖരണ വിതരണ ഉദ്യോഗസ്ഥരാണെന്ന് 9:60-ല്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചകനു ശേഷമുള്ള ഇസ്്ലാമിക ഭരണകൂടവും മുന്‍കാല മുസ്്ലിം സമുദായവുമെല്ലാം അങ്ങനെ സംഘടിതമായിട്ടാണ് സകാത്ത് നല്‍കിയത്. അപ്പോഴേ സകാത്തിന്റെ ബഹുമുഖ നന്മ അനുഭവവേദ്യമാവുകയുള്ളൂ. സകാത്ത് അര്‍ഹരായ എല്ലാവര്‍ക്കും ജാതി-മത ഭേദമന്യേ വിശാലമായ കാഴ്ചപ്പാടോടെ നല്‍കാവുന്നതാണെന്നാണ് ഇസ്്ലാമിന്റെ വിശാല മാനവിക വീക്ഷണത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിലപാട്. മുസ്്ലിംകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും മുസ്്ലിംകളോട് നിരന്തരം കഠിന വിരോധം പുലര്‍ത്തുന്നവരെ ഒഴിവാക്കണമെന്നും മാത്രമാണ് കവിഞ്ഞാല്‍ പറയാവുന്ന പരിധി നിര്‍ണയം.
ഇസ്്ലാമിനെ പൂര്‍ണമായി ഉള്‍ക്കൊള്ളാത്തവര്‍ പോലും ഇസ്്ലാമിക് ബാങ്കിങിനെപ്പറ്റി വളരെ താല്‍പര്യപൂര്‍വം ചിന്തിക്കുകയും അത് നടപ്പാക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഇക്കാലത്ത് നല്ലൊരു Welfare Scheme എന്ന നിലക്ക് സകാത്ത് വ്യവസ്ഥ ജനകീയമായി പരിചയപ്പെടുത്തപ്പെടുകയും നടപ്പാക്കുകയും ചെയ്താല്‍ അതുണ്ടാക്കുന്ന സല്‍ഫലങ്ങള്‍ വളരെയേറെയാണ്. മുസ്്ലിം സമുദായം സകാത്ത് വ്യവസ്ഥ ഫലപ്രദമായി സാർവത്രികമായി നടപ്പാക്കിയാല്‍ ഇസ്്ലാമിന്റെ സാമൂഹിക - സാമ്പത്തിക ദര്‍ശനത്തിന്റെ നന്മകള്‍  ഗ്രഹിക്കാന്‍ അന്യര്‍ക്ക് അവസരം കിട്ടും.
സകാത്ത് എന്നത് ജനങ്ങളുടെ ദാരിദ്ര്യമകറ്റാനും അടിസ്ഥാന ജീവിതാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവക്കുമാണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. നാട്ടിന്റെ വികസന നിർമാണ പദ്ധതികള്‍ക്ക് സകാത്ത് ഉദ്ദേശിക്കപ്പെട്ടിട്ടില്ല.
സകാത്ത് കൊടുക്കാനുള്ള പ്രേരണ പരലോകത്ത് കിട്ടുന്ന മഹത്തായ പ്രതിഫലത്തെയും നരക ശിക്ഷയില്‍ നിന്നുള്ള വിമുക്തിയെയും കുറിച്ചുള്ള ചിന്തയായിരിക്കണം. ഇസ്്ലാമിക ഭരണകൂടം ഇല്ലാഞ്ഞിട്ടും കോടിക്കണക്കിന് മുസ്്ലിംകള്‍ സ്വമേധയാ സകാത്ത് കൊടുക്കുന്നത് പരലോക ചിന്തയാല്‍ പ്രചോദിതരായിട്ടു തന്നെയാണ്. l

Comments