Prabodhanm Weekly

Pages

Search

2023 മാർച്ച് 31

3295

1444 റമദാൻ 09

ഇറാൻ- സുഊദി ഒത്തുതീർപ്പ് മുന്നിൽ കടമ്പകളേറെ

എഡിറ്റർ

ഇറാൻ- സുഊദി ബന്ധങ്ങളിൽ പുതിയ വഴിത്തിരിവ് എന്നാണ്, ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുള്ള പീക്കിങ്ങ് ഒത്തുതീർപ്പിനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. യഥാർഥത്തിലിത്, പതിറ്റാണ്ടുകളായി പശ്ചിമേഷ്യയെ കുത്തകയാക്കി വെച്ചിരിക്കുന്ന അമേരിക്കക്ക് ചെകിട്ടത്ത് കിട്ടിയ അടി പോലെയാണ് അനുഭവപ്പെട്ടിട്ടുണ്ടാവുക. തങ്ങളുമായി രണ്ടാം ശീതയുദ്ധത്തിന് കോപ്പ് കൂട്ടുന്ന അമേരിക്കക്കെതിരെ ചൈന പ്രയോഗിച്ച മാരക ശേഷിയുള്ള 'നയതന്ത്ര മിസൈൽ' എന്നും വിശേഷിപ്പിക്കാം. ഈ ഒത്തുതീർപ്പ് വിജയകരമായി മുന്നോട്ടു പോയാൽ മേഖലയിലെ അമേരിക്കൻ സ്വാധീനത്തിന് കാര്യമായ ക്ഷതമേൽക്കും.  അറബ് രാഷ്ട്രങ്ങളെ ഒപ്പം നിർത്തി ഇറാനെ അടിക്കാമെന്ന ഇസ്രായേലിന്റെ കണക്കു കൂട്ടലും തെറ്റും, ഒത്തുതീർപ്പിന് ചൈന തന്നെ വേദിയായി എന്നതും വളരെ പ്രധാനമാണ്. ഒമാനും ഇറാഖും കുറെ കാലമായി ഇരു രാജ്യങ്ങളും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിക്കുന്നു. 2021 ഏപ്രിൽ മുതൽ ബഗ്ദാദിൽ മാത്രം നടന്നത് അഞ്ച് ഒത്തുതീർപ്പ് ചർച്ചകളാണ്. ഒന്നും ഫലവത്തായില്ല. ചൈനയുടെ ഉദ്യമം പെട്ടെന്ന് വിജയിക്കുകയും ചെയ്തു. സുഊദി അറേബ്യ ചൈനയുടെ പക്ഷത്തേക്ക് ചായുന്നതിന്റെ സൂചനകൾ ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായത് മുതൽ കണ്ടു തുടങ്ങിയതാണ്. ബന്ധങ്ങൾ നേരെയാക്കാൻ കഴിഞ്ഞ ജൂലൈയിൽ ബൈഡൻ രിയാദ് സന്ദർശിച്ചിരുന്നുവെങ്കിലും തണുത്ത പ്രതികരണമായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സന്ദർശിച്ചപ്പോഴാകട്ടെ സുഊദിയിൽ നിന്ന് ഒരു പക്ഷേ, അദ്ദേഹം പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഉജ്ജ്വല വരവേൽപ്പ് ലഭിക്കുകയും ചെയ്തു. ഇതൊന്നും മനസ്സിലാക്കാതെയല്ല അമേരിക്ക, ഇറാനും സുഊദിയും തമ്മിൽ നയതന്ത്ര ബന്ധങ്ങൾ പുനരാരംഭിക്കുന്നതിനെ സ്വാഗതം ചെയ്തത്. 'കരാർ വ്യവസ്ഥകൾ ഇറാൻ പാലിക്കുമോ എന്ന കാര്യത്തിൽ തങ്ങൾക്ക് സംശയമുണ്ട്' എന്നും അമേരിക്ക പറഞ്ഞുവെക്കുന്നുണ്ട്. അതിൽ പ്രതീക്ഷ വെക്കാൻ അമേരിക്കക്ക് ന്യായമായ കാരണങ്ങളുമുണ്ട്. 2016 - ജനുവരിയിലാണ് തെഹ്റാനിലുള്ള തങ്ങളുടെ എംബസിയും മശ്ഹദിലുള്ള കോൺസുലേറ്റും ആക്രമിക്കപ്പെട്ടതിന്റെ പേരിൽ സുഊദി അറേബ്യ ഇറാനുമായി നയതന്ത്ര ബന്ധങ്ങൾ വിഛേദിച്ചത്. സുഊദിയിലെ ശീഈ നേതാവ് നമിർ അന്നമിറിന് വധശിക്ഷ നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു അതിക്രമങ്ങൾ.
യമനിൽ ആഭ്യന്തര യുദ്ധം എട്ട് വർഷം പിന്നിട്ടെങ്കിലും കാര്യമായ നേട്ടമൊന്നുമുണ്ടാക്കാൻ അതിൽ ഇടപെട്ട ഗൾഫ് രാഷ്ട്രങ്ങൾക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല, യമനിൽ നിന്ന് ഇറാൻ പിന്തുണക്കുന്ന ഹൂഥി വിഭാഗം തൊടുത്തുവിടുന്ന മിസൈലുകൾ രിയാദിന് സമീപവും എണ്ണ ഖനന മേഖലകളിലും വന്നു വീഴുന്നുമുണ്ട്. ഒത്തുതീർപ്പിലൂടെ ഇതിനൊരു ശമനമുണ്ടാകുമെന്ന് സുഊദി അറേബ്യ പ്രതീക്ഷിക്കുന്നുണ്ടാവും. ഇറാഖ്, സിറിയ, ലബ്നാൻ തുടങ്ങിയ അറബ് നാടുകളിലും ഇറാൻ നേതൃത്വം നൽകുന്ന പ്രോക്സി / ബിനാമി യുദ്ധങ്ങളാണ് നടക്കുന്നത്. ഇതിലൊക്കെ കാര്യമായി ക്ഷതമേൽക്കുന്നത് സുഊദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾക്കുമാണ്. ഇക്കാര്യത്തിൽ ഒത്തുതീർപ്പ് കരാർ എന്ത് പറയുന്നു എന്നു വ്യക്തമല്ല. ഒത്തുതീർപ്പ് പ്രഖ്യാപനം കഴിഞ്ഞ് ആഴ്ചകളായെങ്കിലും ആ വിഷയത്തിൽ ഇറാൻ നിലപാടുകൾ മാറ്റിയതായി കാണുന്നുമില്ല. കരാർ വ്യവസ്ഥകൾ പാലിക്കപ്പെടാൻ ഒരു പാട് കടമ്പകൾ കടക്കാനുണ്ടെന്നർഥം. ഇവയെ മറികടന്ന് മേഖലയിലെ ഈ രണ്ട് സുപ്രധാന ശക്‌തികളും ബന്ധങ്ങൾ സാധാരണ നിലയിലാക്കിയാൽ അതുണ്ടാക്കുന്ന രാഷ്ട്രീയ, സാമ്പത്തിക മാറ്റങ്ങൾ വളരെ ദൂരവ്യാപകമായിരിക്കുമെന്ന കാര്യത്തിൽ ആർക്കുമില്ല സംശയം.  l

Comments