കൊടുത്തത് മാത്രമാണ് കൂടെയുണ്ടാവുക
'നിങ്ങളുടെ സമ്പത്താണോ, അനന്തരാവകാശികളുടെ സമ്പത്താണോ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത്?' ഇങ്ങനെയൊരു ചോദ്യം റസൂൽ (സ) അനുചരന്മാരോട് ഒരിക്കൽ ചോദിക്കുന്നുണ്ട്. അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. 'ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ഞങ്ങളുടെ സമ്പത്ത് തന്നെ' എന്ന് അവർ ഏകസ്വരത്തിൽ പറഞ്ഞു. ഈ ചോദ്യത്തിനുള്ള നമ്മുടെ ഉത്തരവും ഇതു തന്നെയായിരിക്കും. നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് നമ്മുടെ സമ്പത്ത് തന്നെ. അങ്ങനെയെങ്കിൽ ഏതാണ് നമ്മുടെ സമ്പത്ത്? അതിന്റെ ഉത്തരമാണ് തുടർന്ന് റസൂൽ (സ) സ്വഹാബികളുടെ ചിന്താ മണ്ഡലത്തിൽ ഇട്ടുകൊടുത്തത്: " ഒരാളുടെ സമ്പത്ത് എന്നാൽ അയാൾ ചെലവഴിച്ചു കഴിഞ്ഞ സമ്പത്താണ്. അയാൾ എടുത്തുവെച്ച സമ്പത്ത് അയാളുടെ അനന്തരാവകാശികളുടെ സമ്പത്താണ്."
റസൂലിന്റെ ഈ വാക്കുകൾ ആഴമേറിയ ആലോചനയിലേക്കാണ് സ്വഹാബികളെ കൂട്ടിക്കൊണ്ടുപോയത്. അഥവാ, നമ്മുടെ കൈയിൽ ഇപ്പോൾ അവശേഷിക്കുന്ന സമ്പത്ത് നമ്മുടെ സമ്പത്തല്ല. കാരണം, ഈ നിമിഷം നാം മരണപ്പെടുകയാണെങ്കിൽ ആ സമ്പത്ത് അനന്തരാവകാശികളുടേതായി മാറും. ഈ നിമിഷം വരെ നാം ചെലവഴിച്ചു കഴിഞ്ഞതാണ് നമ്മുടെ സമ്പത്ത്.
അപ്പോൾ നമ്മുടെ സമ്പത്ത് ഏതെന്ന് വ്യക്തമായി. എങ്കിൽ അടുത്ത ചോദ്യം: നമ്മുടെ സമ്പത്തിൽ നമുക്കു വേണ്ടി ബാക്കിയാവുന്നത് ഏതാണ് ? റസൂൽ (സ) തന്നെ പറയട്ടെ: "എന്റെ ധനം, എന്റെ ധനം എന്ന് മനുഷ്യൻ പറയുന്നു. അവന്റെ ധനം മൂന്ന് തരം മാത്രമാണ്: ഒന്നുകിൽ അവൻ കഴിച്ചത്; (കഴിച്ചതോടെ) അത് തീർന്നു. അല്ലെങ്കിൽ അവൻ ധരിച്ചത്; അത് പഴകി നുരുമ്പിച്ചു പോയി. അതുമല്ലെങ്കിൽ അല്ലാഹുവിന്റെ മാർഗത്തിൽ അവൻ കൊടുത്തത്; അത് അവന്റെ നിക്ഷേപമായി അവശേഷിച്ചു. ഈ മൂന്നെണ്ണമല്ലാത്ത മറ്റെല്ലാ സമ്പത്തും അവനിൽ നിന്ന് നീങ്ങും; ജനങ്ങൾക്കായി (അനന്തരാവകാശികൾക്ക്) വിട്ടേച്ച് പോകും".
തിന്നതും ധരിച്ചതും എന്നതു കൊണ്ട് നബി (സ) ഉദ്ദേശിക്കുന്നത് ദുനിയാവിൽ നാം അനുഭവിക്കുന്ന എല്ലാവിധ സൗകര്യങ്ങളും സുഖങ്ങളുമാണ്. അനുഭവിക്കുന്നതോടെ അവയെല്ലാം തീർന്നുപോകും. നാഥന്റെ മാർഗത്തിൽ സകാത്തായും സ്വദഖയായും കൊടുത്തത് മാത്രമാണ് നമുക്കു വേണ്ടി ബാക്കിയാവുന്നത്. 'കൊടുത്തതാണ് ബാക്കിയാവുക'- എത്ര സുന്ദരമായ ആശയമാണിത്! ആഇശ(റ)ക്കും റസൂലി(സ)നുമിടയിൽ നടന്ന ഒരു സംഭാഷണം ഈ ആശയം നേർക്കുനേരെ പങ്കുവെക്കുന്നതാണ്. റസൂലിന്റെ വീട്ടിൽ ഒരു ആടിനെ അറുത്തു. ആഇശ (റ) ദാനധർമ പ്രിയയാണല്ലോ. കൊടുത്തുകൊണ്ടേയിരിക്കാൻ വല്ലാത്ത ഇഷ്ടമാണ് അവർക്ക്. ആടിനെ അറുത്തപ്പോൾ ആഇശ (റ) അത് വീതംവെച്ച് അയൽപക്കത്തുള്ളവർക്കെല്ലാം ദാനം ചെയ്തു. കൊടുക്കുന്ന ആവേശത്തിനിടയിൽ സ്വന്തം വീട്ടുകാർക്കു വേണ്ടി മാറ്റിവെക്കാൻ പോലും മറന്നിരിക്കണം. ഒടുവിൽ നോക്കിയപ്പോൾ തോളെല്ല് മാത്രം ബാക്കി. റസൂൽ തിരിച്ചുവന്നു. ആഇശ(റ)യുടെ സ്വഭാവം അറിയാമായിരുന്നതു കൊണ്ട് തന്നെ റസൂൽ ചോദിച്ചു: 'ബാക്കി എന്താണുള്ളത്?' 'തോളെല്ല് ഒഴികെ മറ്റൊന്നും ബാക്കിയില്ല' എന്നായിരുന്നു ആഇശ(റ)യുടെ മറുപടി. ഇത് കേട്ടപ്പോൾ നബി (സ) ആഇശയെ തിരുത്തി: 'തോളെല്ല് ഒഴികെയുള്ളതെല്ലാം ബാക്കിയായി.' അഥവാ, തിന്നുന്നതോടെ തീർന്നുപോകുന്നതാണ് അവിടെ അവശേഷിക്കുന്ന തോളെല്ല്. എന്നാൽ സ്വദഖയായി കൊടുത്ത ആടിന്റെ മറ്റു ഭാഗങ്ങളെല്ലാം എന്നെന്നും അവർക്കായി അവശേഷിക്കും.
കൊടുത്തത് ബാക്കിയാകും. ബാക്കിയായതിന് പിന്നീട് എന്ത് സംഭവിക്കും? ഒാരോ ദിവസവും അത് വളർന്നുകൊണ്ടേയിരിക്കും. ഏഴും എഴുപതും എഴുനൂറും അതിലധികവും ഇരട്ടിയായി അത് വികസിച്ചുകൊണ്ടേയിരിക്കും. നമ്മൾ വിചാരിക്കുന്നതിലും അപ്പുറം അത് വളരും. ഒരു ദിവസം ഒരാൾ പത്ത് രൂപ സ്വദഖ ചെയ്തു എന്ന് കരുതുക. നാളെ മഹ്ശറിൽ അല്ലാഹുവിന്റെ കോടതിയിൽ കർമങ്ങൾ പരിശോധിക്കപ്പെടുന്ന സന്ദർഭം. അയാളുടെ ഓരോ ദിവസത്തേയും കർമങ്ങൾ ഹാജരാക്കപ്പെടുന്നു. അന്ന് ചെയ്ത ആ സ്വദഖയും മുന്നിൽ വെക്കപ്പെടും. ആയിരക്കണക്കിന് രൂപയുണ്ടാകും അതിൽ. ആ ദിവസം അയാൾ വെറും പത്ത് രൂപയല്ലേ സ്വദഖ ചെയ്തിരുന്നത്. പക്ഷേ, കണക്കിൽ കാണിക്കുന്നതാകട്ടെ വലിയ തുകയാണ്! അന്ന് കൊടുത്ത ആ പത്ത് രൂപക്ക് പിന്നീട് എന്താണ് സംഭവിച്ചത് ? അത് റസൂലിനോട് ചോദിക്കാം. റസൂൽ ( സ) നമുക്കത് വിശദീകരിച്ചു തരും: " ഒരാൾ തന്റെ നല്ല സമ്പാദ്യത്തിൽ നിന്ന് ഒരു സ്വദഖ ചെയ്തു. നല്ല സമ്പാദ്യമല്ലാത്തത് അല്ലാഹു സ്വീകരിക്കുകയില്ല. അയാൾ ചെയ്ത സ്വദഖ ഒരു കാരക്കയാണെങ്കിൽ പോലും അല്ലാഹു തന്റെ വലതു കൈകൊണ്ട് അത് സ്വീകരിക്കും. എന്നിട്ട് അല്ലാഹുവിന്റെ ഉള്ളംകൈയിൽ കിടന്ന് പർവതത്തെക്കാൾ വലുതാകുന്നതുവരെ അത് വളർന്നുകൊണ്ടിരിക്കും. നിങ്ങളിൽ ഒരാൾ കുതിരക്കുട്ടിയെയോ ഒട്ടകക്കുട്ടിയെയോ വളർത്തി വലുതാക്കുന്നതുപോലെ". ഇന്ന് നാം ഒരു കാരക്കക്ക് സമാനമായ സ്വദഖ ചെയ്താൽ പർവതത്തെക്കാൾ വലുപ്പമുള്ള തുകയായി അത് നാളെ പരലോകത്ത് നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടുമെന്ന് ചുരുക്കം.
ഒരാൾ ഒരു ഒട്ടകം അല്ലാഹുവിന്റെ മാർഗത്തിൽ ദാനം ചെയ്തു. എഴുനൂറ് ഒട്ടകവുമായി പരലോകത്ത് അയാൾ രാജകീയമായി കടന്നുവരുന്ന രംഗം റസൂൽ (സ) വിവരിക്കുന്നുണ്ട്. അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിച്ച ധനം വളരുന്ന രീതി ഖുർആൻ അത്യാകർഷകമായ രീതിയിലാണ് വർണിക്കുന്നത്: 'ഒരാൾ ഒരു വിത്ത് നട്ടു. ആ വിത്തിൽ നിന്ന് ഏഴ് കതിർക്കുലകളുള്ള ചെടി മുളച്ചു. ഓരോ കതിർക്കുലയിലും നൂറ് ധാന്യങ്ങൾ. അതായത്, ഒരു ധാന്യം എഴുനൂറ് ധാന്യമായി വളർന്നിരിക്കുന്നു.' താൻ ഉദ്ദേശിക്കുന്നവർക്ക് അതിലും കൂടുതൽ ഇരട്ടിപ്പിച്ചു കൊടുക്കുമെന്ന് ശേഷം ആ ആയത്തിൽ അല്ലാഹു പറയുന്നു. എത്ര ഹൃദയസ്പർശിയായ ഉപമയാണിത്!
കൊടുത്തത് ബാക്കിയാകുമെന്നും ബാക്കിയായത് വളർന്നുകൊണ്ടിരിക്കും എന്നുമുള്ള ബോധ്യം സത്യവിശ്വാസിയുടെ മനസ്സിന്റെ ആഴങ്ങളിലുണ്ട്. മുസ്‌ലിം ഉമ്മത്തിന്റെ പ്രധാനപ്പെട്ടൊരു പ്രത്യേകതയായി ദാനധർമ ശീലം മാറിയതിന്റെ ഒരു കാരണം ഈ ബോധ്യമാണ്. മുസ്‌ലിം ആവാസമുണ്ടായിരുന്ന എല്ലാ കാലങ്ങളിലും സകല ദേശങ്ങളിലും ദാനധർമങ്ങളുടെ പുഴ നിലക്കാതെ പ്രവഹിച്ചിട്ടുണ്ട്. ഇന്നും അത് ഒഴുകിക്കൊണ്ടിരിക്കുന്നു. ഒരിക്കലും വറ്റാത്ത പുഴയാണത്. ഒഴുകിപ്പോകുന്ന സ്വദഖയുടെ നദികളെല്ലാം സ്വർഗമാകുന്ന കടലിൽ എത്തിച്ചേരുമെന്ന് സത്യവിശ്വാസികൾ മനസ്സിലാക്കുന്നു.
കൊടുക്കുക എന്നത് നമ്മുടെ ശീലമായി മാറണം. ചിലർ ഇങ്ങനെ പറയാറുണ്ട്: 'കുറച്ചധികം സമ്പത്തൊക്കെ ഉണ്ടാക്കി ഒന്ന് സെറ്റാകണം. എന്നിട്ട് കുറേ സ്വദഖകൾ ചെയ്യണം'. കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഉണ്ടാകുന്നത് വരെ നീട്ടിവെക്കേണ്ട ഒന്നല്ല ഇസ്‌ലാമിക കാഴ്ചപ്പാടിൽ ദാനധർമം. എത്ര കൊടുക്കുന്നു എന്നതിനെക്കാൾ പ്രധാനം ഉള്ളതിൽ നിന്ന് കൊടുക്കുന്നുണ്ടോ എന്നതാണ്. നമുക്കുള്ളത് കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും അതിൽ നിന്ന് കൊടുക്കാനാണ് ഇസ്‌ലാം പ്രോൽസാഹിപ്പിക്കുന്നത്. റസൂൽ ധാരാളമായി സ്വദഖ ചെയ്തിരുന്ന വ്യക്തിയായിരുന്നല്ലോ. റസൂൽ സമ്പന്നനായിരുന്നോ? അടുപ്പ് പുകയാത്ത എത്രയെത്ര ദിനങ്ങളാണ് ആ ജീവിതത്തിൽ കടന്നുപോയത്! എന്നിട്ടും റസൂലിന്റെ ഗുണവിശേഷങ്ങളിൽ ഒന്നായിരുന്നു 'അജ്്വദ്; ഏറ്റവും ഔദാര്യവാൻ എന്നർഥം. ഉള്ളതിൽനിന്ന് സാധ്യമാകുന്നത്ര കൊടുക്കുക എന്നതായിരുന്നു റസൂലിന്റെ രീതി.
നാം ചെയ്യുന്ന കുഞ്ഞു കുഞ്ഞു സ്വദഖകൾ ചില ഘട്ടങ്ങളിൽ വമ്പൻ സ്വദഖയെ മറികടന്നെന്ന് വരാം. 'ഒരു ദിർഹം സ്വദഖ ഒരു ലക്ഷം ദിർഹം സ്വദഖയെക്കാൾ മുന്നിലെത്തിയിരിക്കുന്നു' എന്ന് ഒരിക്കൽ റസൂൽ പറയുകയുണ്ടായി. ഇതുകേട്ട സ്വഹാബികൾ അത്ഭുതപ്പെട്ടു. അതെങ്ങനെ സംഭവിക്കുമെന്ന് അവർ ചോദിച്ചു. റസൂൽ പറഞ്ഞു: "ഒരാളുടെ അടുത്ത് ആകെ രണ്ട് ദിർഹം ഉണ്ടായിരുന്നു. അതിലൊരു ദിർഹം അയാൾ സ്വദഖ ചെയ്തു. മറ്റൊരാൾ തന്റെ ധാരാളം സമ്പത്തിൽനിന്ന് ഒരു ലക്ഷം ദിർഹം എടുത്ത് സ്വദഖ ചെയ്തു".
ഇവിടെ സംഭവിച്ചത് എന്താണ്? ഒരു ദരിദ്രനായ മനുഷ്യൻ. അയാളുടെ പക്കലുള്ളത് വെറും രണ്ടു ദിർഹം മാത്രം. അതിലൊരു ദിർഹം സ്വദഖ കൊടുത്തു. അഥവാ, സമ്പത്തിന്റെ പകുതി. രണ്ടാമത്തെ വ്യക്തിക്ക് വലിയ സമ്പാദ്യമുണ്ട്. അതിൽ ഒരു ചെറിയ ഭാഗം ദാനം നൽകി. സമ്പത്തിന്റെ പകുതി സ്വദഖ ചെയ്തതാണോ, സമ്പത്തിന്റെ ഒരു ഭാഗം സ്വദഖ ചെയ്തതാണോ മുന്നിലെത്തുക?
മരണം വന്നെത്തുന്നതിനു മുമ്പ്, കിട്ടിയ സമ്പത്തിൽനിന്ന് നാഥന്റെ മാർഗത്തിൽ ചെലവഴിക്കാൻ ഖുർആനിൽ അല്ലാഹു നിർദേശിക്കുന്നുണ്ട്. ചെലവഴിക്കാതെ അശ്രദ്ധനായി ജീവിച്ചവൻ മരണത്തെ മുഖാമുഖം കണ്ടുമുട്ടുന്ന സന്ദർഭത്തിൽ ഖേദത്തിൽ മുങ്ങിപ്പോകും. 'ഞാൻ ഓടി നടന്ന് കഷ്ടപ്പെട്ട് പലതും സമ്പാദിച്ചു, എന്നാൽ, ആ സമ്പത്തിൽനിന്ന് എനിക്കു വേണ്ടി ഞാൻ എന്താണ് ബാക്കിയാക്കിയത്' എന്ന് അയാൾ ചിന്തിച്ചു പോകുന്ന നിമിഷം. റൂഹ് പിടിക്കാൻ അസ്റാഈൽ മുമ്പിലെത്തുന്ന സന്ദർഭത്തിൽ അത്തരമാളുകൾ വിലപിക്കുന്ന രംഗം വിശുദ്ധ ഖുർആൻ പങ്കുവെക്കുന്നു: "എന്റെ നാഥാ, എനിക്ക് ഒരൽപം അവധി നീട്ടിത്തരാത്തതെന്ത്? എങ്കിൽ ഞാൻ സ്വദഖ ചെയ്യാം. സജ്ജനങ്ങളിൽ ഉൾപ്പെട്ടവനാകാം" (അൽ മുനാഫിഖൂൻ 10). ദാനധർമങ്ങൾ ചെയ്തിരുന്നെങ്കിൽ എന്നാണ് ജീവിതത്തിന്റെ അവസാന നിമിഷം ഒരാൾ സങ്കടത്തോടെ ആലോചിക്കുന്നത്. തീർന്നുപോകുന്ന കാര്യങ്ങൾക്കു വേണ്ടി തന്റെ സമ്പത്ത് ചെലവഴിച്ചു, തീരാത്ത പരലോക ജീവിതത്തിനു വേണ്ടി ഒന്നും ബാക്കിവെച്ചില്ല എന്ന തിരിച്ചറിവിൽ നിന്നുണ്ടാകുന്ന വിലാപമാണത്.
സ്വദഖയുടെ ചെറുതും വലുതുമായ പുഴകൾ സമൂഹത്തിൽ ഇനിയും ഒഴുകണം. കുറച്ച് സമ്പത്തുള്ളവർ കുറച്ച് സ്വദഖ ചെയ്യട്ടെ. കൂടുതലുള്ളവർ കൂടുതൽ കൊടുക്കട്ടെ. അല്ലാഹുവിന്റെ മാർഗത്തിൽ കൊടുക്കുന്നതെന്തും, ദുനിയാവിൽനിന്ന് പടിയിറങ്ങുമ്പോൾ നമ്മുടെ കൂടെ ഇറങ്ങിപ്പോരും. ഖബ്റിൽ വെളിച്ചമായും മഹ്ശറിൽ തണലായും സ്വിറാത്ത് പാലത്തിൽ വീഴാതെ കൈപിടിച്ചും സ്വർഗത്തിലേക്കുള്ള വഴികാട്ടിയായും അത് നമ്മുടെ കൂടെയുണ്ടാകും. l
Comments