Prabodhanm Weekly

Pages

Search

2023 മാർച്ച് 31

3295

1444 റമദാൻ 09

ആത്മശാന്തിയുടെ സുവര്‍ണ മാസം

വി.കെ ഹംസ അബ്ബാസ്

പകല്‍ വ്രതശുദ്ധിയുടെയും രാത്രി പ്രാര്‍ഥനാ മന്ത്രങ്ങളുടെയും അനുഗൃഹീത നിമിഷങ്ങളാല്‍ ധന്യമായ പരിശുദ്ധ റമദാന്‍ ആബാലവൃദ്ധം ജനങ്ങളുടെ ആത്മീയ ഉത്സവകാലമാണ്. ഗള്‍ഫ് നാടുകളിലും മറ്റും മതഭേദമില്ലാതെ പരിശുദ്ധ റമദാനിനെ ആദരിക്കുകയും മുസ്്‌ലിംകളോടൊപ്പം സഹോദര സമുദായാംഗങ്ങളില്‍പ്പെട്ട പലരും വ്രതമെടുക്കുകയും ചെയ്യാറുണ്ട്. മുസ്്‌ലിംകളുടെ അനുഷ്ഠാന കര്‍മങ്ങളില്‍ ആകൃഷ്ടരായവര്‍ അവയുടെ അകംപൊരുള്‍ പഠിക്കാന്‍ താല്‍പര്യപൂര്‍വം ശ്രമിക്കാറുമുണ്ട്.
ആത്മീയവും മാനസികവും ശാരീരികവുമായ വിശുദ്ധി വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസിക്ക് ലഭിക്കുന്നതോടൊപ്പം ധാര്‍മികവും സാംസ്‌കാരികവുമായ നവജാഗരണം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ വ്രതാനുഷ്ഠാനകാലം സഹായകമാവാറുണ്ട്. നന്മയും ധര്‍മവും കര്‍മവും കരുണയും സ്‌നേഹസാഹോദര്യവും സമൂഹത്തില്‍ വ്യാപിക്കാന്‍ റമദാന്‍ പോലെ സഹായകമായ മറ്റൊരു മാസമില്ല. ആദിമ മനുഷ്യന്‍ ആദം ദൈവാജ്ഞ പ്രകാരം വ്രതമെടുത്തിരുന്നു. പിന്നീട് വന്ന മുഴുവന്‍ പ്രവാചകന്മാരും ദൈവാജ്ഞ പാലിച്ച് വ്രതമെടുക്കുകയും തങ്ങളുടെ സമൂഹത്തോട് വ്രതാനുഷ്ഠാനത്തിന് കല്‍പിക്കുകയും ചെയ്തിരുന്നു. വേദഗ്രന്ഥങ്ങളിലൊക്കെ വ്രതാനുഷ്ഠാനത്തിന്റെ വൈവിധ്യമാര്‍ന്ന രൂപങ്ങള്‍ പരാമര്‍ശിക്കപ്പെട്ടതായും കാണാം.
ചാന്ദ്രമാസമായ റമദാന്‍ ഹിജ്‌റ വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ അവസാന മാസമാണ്. മുഹര്‍റം മാസത്തിലാണ് ഹിജ്‌റ വര്‍ഷം ആരംഭിക്കുന്നത്. യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളില്‍ ആദ്യത്തെ മാസമാണ് മുഹര്‍റം. ആദ്യപാദത്തിന്റെ അവസാന മാസമായ റബീഉല്‍ അവ്വല്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജനനവും മരണവും നടന്ന മാസമാണ്. എന്നാല്‍, അത് യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസമല്ല. മൂന്നാം പാദത്തിലെ ഒന്നാം മാസമായ റജബ് യുദ്ധം നിഷിദ്ധമായ മാസമാണ്. മാനവകുലത്തിന്റെ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയെക്കുറിച്ചും സ്വര്‍ഗ-നരകങ്ങളെക്കുറിച്ചും മുഖ്യ അനുഷ്ഠാന കര്‍മങ്ങളെക്കുറിച്ചും അനുഭവസാക്ഷ്യങ്ങളിലൂടെ പഠിപ്പിക്കാന്‍ ആകാശാരോഹണത്തിലൂടെ പ്രവാചകനെ അല്ലാഹു അദൃശ്യ ശക്തിയാല്‍ സഞ്ചരിപ്പിച്ച 'മിഅ്‌റാജും' അതിന്റെ മുന്നോടിയായി നടന്ന 'ഇസ്‌റാഉം' (നിശാപ്രയാണം) ഈ മാസത്തിലാണ് നടന്നതെന്നാണ് പ്രബലമായ അഭിപ്രായം. ഹജ്ജ് മാസങ്ങളായ ദുല്‍ഖഅ്ദും ദുല്‍ഹജ്ജും യുദ്ധം നിഷിദ്ധമായ മാസങ്ങളാണ്. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും സത്യവിശ്വാസികള്‍ ദീര്‍ഘയാത്ര ചെയ്ത് ഹജ്ജിനായി വരികയും കര്‍മം നിര്‍വഹിച്ച ശേഷം തിരിച്ചുപോവുകയും ചെയ്യുന്ന മാസങ്ങളാണ് അവ രണ്ടും.
റമദാന്‍ യുദ്ധം നിഷിദ്ധമാക്കപ്പെടേണ്ട മാസമല്ലേ എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍, യുദ്ധം അനിവാര്യമായി വന്നപ്പോള്‍ ഇസ്്‌ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവമായ ബദ്്ർ യുദ്ധം നടന്നത് പരിശുദ്ധ റമദാനിലായിരുന്നു. മക്കയിലെ സത്യനിഷേധികള്‍ പ്രവാചക പട്ടണമായ മദീനയെ ആക്രമിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട വിവരമറിഞ്ഞ് യോദ്ധാക്കളെ ബദ്‌റിലേക്ക് പ്രതിരോധത്തിന് പ്രവാചകന്‍ അയച്ചതും സ്വയം നേതൃത്വം നല്‍കി യുദ്ധം നയിച്ചതും റമദാനിലായിരുന്നുവല്ലോ.
സഹനവും വിട്ടുവീഴ്ചയും ആത്മനിയന്ത്രണവും ഉള്‍ക്കൊള്ളുന്നതാണ് റമദാനിലെ വ്രതാനുഷ്ഠാനം. അതിലൂടെ സത്യവിശ്വാസികള്‍ക്ക് കൈവരുന്ന ത്യാഗസന്നദ്ധത ധര്‍മസംസ്ഥാപനത്തിനും നന്മയുടെ പ്രചാരണത്തിനും തിന്മയുടെ ഉഛാടനത്തിനും പ്രയോജനപ്പെടേണ്ടതുണ്ട്. വിശ്വാസിയെ പര്‍ണശാലകളിലെ താപസനും ജീവിത വൈരാഗിയുമാക്കാനല്ല, മറിച്ച് കര്‍മനിരതനും ധര്‍മനിഷ്ഠനും സമര സന്നദ്ധനുമാക്കാനാണ് ഇത്തരം അനുഷ്ഠാനങ്ങള്‍ കൊണ്ട് ഇസ്്‌ലാം ലക്ഷ്യം വെക്കുന്നത് എന്നര്‍ഥം.
ശരീരത്തിന്റെയും മനസ്സിന്റെയും വിശപ്പാണ് മനുഷ്യനെ പിശാചാക്കുന്നത്. ഒരു നിര്‍ണിത സമയം ഈ പൈദാഹ, കാമ, മോഹാദികളെ നിയന്ത്രിക്കാനുള്ള അതിമഹത്തായ പരിശീലനമാണ് വ്രതം. ഈ കര്‍മം പ്രകടനാത്മകമല്ലെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. പരിത്യാഗം വ്യക്തിനിഷ്ഠമാണ്. അന്ന-പാനീയങ്ങളുടെയും മൈഥുനാദികളുടെയും നിഷേധം രഹസ്യ സ്വഭാവമുള്ളതുമാണ്. അതിനാലാണ് ഇതര കര്‍മങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്രതിഫലത്തിന്റെ കാര്യത്തില്‍ വ്രതത്തിന് പ്രത്യേക സ്ഥാനം അല്ലാഹു കല്‍പിച്ചരുളിയത്. പണക്കാരനും പട്ടിണിപ്പാവവും വ്രതമെടുക്കുമ്പോള്‍ അനുഭവിക്കുന്നത് ഒരേ വികാരമാണ്. അതിനാലാണ് നോമ്പ് മൃഷ്ടാന്നഭോജിയായ പണക്കാരനില്‍ മാത്രം പരിമിതപ്പെടുത്താതിരുന്നത്. പണക്കാരന്‍ തനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് ദൈവത്തെ നന്ദിപൂര്‍വം സ്മരിക്കുമ്പോള്‍, പട്ടിണിക്കാരന്‍ തന്റെ അവസ്ഥ ദൈവഹിതമാണെന്ന് അംഗീകരിച്ച് ജീവിതം നല്‍കിയ ദൈവത്തെ സ്തുതിക്കുന്നു. രണ്ടു പേരുടെയും വിശ്വാസത്തിന്റെ മാറ്റുരക്കലാണ് വ്രതാനുഷ്ഠാനം. രാത്രിക്ക് പകരം സൂര്യന്റെ ഉദയാസ്തമയങ്ങള്‍ നിര്‍ണയിച്ച് പകല്‍ നോമ്പെടുക്കാന്‍ കല്‍പിച്ചതിലൂടെ, മനുഷ്യന്‍ തന്റെ ജീവസന്ധാരണത്തിനായി വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന പകലിന്റെ കര്‍മമണ്ഡലവുമായി വ്രതത്തെ ബന്ധിപ്പിക്കുകയാണ് ചെയ്തത്. ഇത് വളരെ യുക്തിപൂര്‍വമാണ്. പകല്‍ പച്ചയായ  ജീവിത യാഥാര്‍ഥ്യങ്ങളുമായി പൊരുതി നോമ്പെടുക്കുന്നതിലൂടെ സിദ്ധിക്കുന്ന ആത്മീയവും മാനസികവുമായ ഊര്‍ജം, രാത്രിയുടെ യാമങ്ങളില്‍ വീടകങ്ങളിലും താമസ സ്ഥലങ്ങളിലും ഇരുളില്‍ വ്രതമെടുത്ത് കഴിയുന്നതിലൂടെ ലഭ്യമാവില്ല. നോമ്പ് മുറിക്കുമ്പോള്‍ സത്യവിശ്വാസി അനുഭവിക്കുന്ന അവാച്യമായ അനുഭൂതിയെയും നിര്‍വൃതിയെയും പറ്റി പ്രവാചകന്‍ പ്രതിവചിച്ചത് ആഹ്ലാദ നിമിഷങ്ങളെന്നാണ്. ദൈവത്തിന്റെ തിരുമുല്‍ക്കാഴ്ച പോലെ സന്തോഷകരമായിരിക്കും ഈ നിമിഷം എന്ന് പ്രവാചകന്‍ പഠിപ്പിച്ചു.
ലോകത്തിന്റെ ഏറ്റവും കിഴക്ക് കിടക്കുന്ന ഭൂപ്രദേശത്തിന്റെ വെണ്‍പുലരി തൊട്ട് തുടങ്ങുന്ന വ്രതാന്തരീക്ഷം ഏറ്റവും പടിഞ്ഞാറ് കിടക്കുന്ന ഭൂപ്രദേശത്ത് സൂര്യാസ്തമയത്തോടെ അവസാനിക്കുന്നത് പുതിയൊരു പ്രഭാതത്തിന്റെ വ്രതാരംഭം കുറിച്ചുകൊണ്ടാണ്. അഥവാ, ഈ പ്രക്രിയക്ക് ഇടവേളയില്ലെന്നര്‍ഥം. സൂര്യ-ചന്ദ്രന്മാരെയും രാപ്പകലുകളെയും പ്രപഞ്ചത്തെയും പ്രകൃതിയെയും ഒരു ചെപ്പില്‍ ഒതുക്കി മനുഷ്യകുലത്തിന്റെ ആത്മീയ പ്രതിനിധികളായ മുസ്്‌ലിം ലോകം നോമ്പെടുക്കുമ്പോള്‍ ദിവ്യമായ ഒരു സന്ദേശം ലോകത്തിന് നല്‍കുന്നു- നാം മനുഷ്യര്‍, നാമൊന്ന്. ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ, ഏക മാനവികതയുള്‍ക്കൊള്ളുന്ന, ഏക ലോകക്രമത്തിന്റെ ചരിത്രബന്ധിതമായ ക്രമാനുഗതികത്വം അനുശാസിക്കുന്ന ഒരു ദിവ്യസന്ദേശം. l

Comments