Prabodhanm Weekly

Pages

Search

2023 മാർച്ച് 31

3295

1444 റമദാൻ 09

നോമ്പിന്റെ കർമശാസ്ത്രം

കെ. ഇൽയാസ് മൗലവി

റമദാന്‍ നോമ്പിന്റെ ഇസ്‌ലാമിക കർമശാസ്ത്ര വിധികള്‍ ലഘുവായി വിവരിക്കുകയാണ്. നോമ്പനുഷ്ഠിക്കുന്നവര്‍ക്കും നോമ്പിന്റെ സാമാന്യ വിധികള്‍ അറിയണമെന്നാഗ്രഹിക്കുന്നവര്‍ക്കും ഇത് പ്രയോജനപ്പെട്ടേക്കും.
പ്രായപൂര്‍ത്തിയും ബുദ്ധിസ്ഥിരതയും നോമ്പനുഷ്ഠിക്കാന്‍ കഴിവുമുള്ള എല്ലാ മുസ്‌ലിമിനും റമദാനില്‍ നോമ്പനുഷ്ഠിക്കല്‍ വ്യക്തിപരമായ നിര്‍ബന്ധ ബാധ്യതയാണ്. അമുസ്‌ലിംകള്‍, കുട്ടികള്‍, ചിത്തഭ്രമമുള്ളവര്‍, മാറാരോഗികള്‍ തുടങ്ങിയവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല.
കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ലെങ്കിലും അവരെ പരിശീലിപ്പിക്കാന്‍ നോെമ്പടുപ്പിക്കേണ്ടതാണ്. സ്വഹാബികള്‍ കുട്ടികളെ നോമ്പനുഷ്ഠിപ്പിച്ചിരുന്നതായും അവര്‍ വിശന്ന് കരയുമ്പോള്‍ കളിക്കോപ്പുകള്‍ കൊടുത്ത് സമാശ്വസിപ്പിച്ച് നിര്‍ത്തിയിരുന്നതായും ഹദീസുകളിലുണ്ട് (ബുഖാരി/1960 , മുസ്‌ലിം/1136).
നോമ്പിന്റെ റുക്നുകൾ 
(നിർബന്ധ ഘടകങ്ങൾ)
നിയ്യത്താണ് ഒന്നാമത്തേത്. നിയ്യത്തില്ലാതെ നോമ്പിന് സാധുതയില്ല. “ഈ റമദാനിലെ നാളത്തെ ഫര്‍ദ് നോമ്പ്  അല്ലാഹുവിനു വേണ്ടി അനുഷ്ഠിക്കാന്‍ ഞാന്‍ കരുതി" എന്നാണ് നിയ്യത്ത് ചെയ്യേണ്ടത്. നബി(സ) പറഞ്ഞു: "ഉദയത്തിനു മുമ്പ് നിയ്യത്ത് വെക്കാത്തവന് നോമ്പില്ല "(അബൂ ദാവൂദ്/2454, തുര്‍മുദി/730, നസാഇ/2333).
നിയ്യത്ത് മനസ്സിലാണ് വേണ്ടത്. എന്നാല്‍, ഉച്ചരിക്കല്‍ സുന്നത്തുണ്ട്. നിയ്യത്ത് രാത്രിയിലാവല്‍ നിബന്ധനയാണ്. സുന്നത്ത് നോമ്പില്‍ ഇതില്‍ വിട്ടുവീഴ്ചയുണ്ട്; നിയ്യത്ത് ഉച്ചക്ക് മുമ്പ് മതി.
റമദാനിന്റെ ഓരോ ദിവസത്തിനും പ്രത്യേകമായി നിയ്യത്ത് വെക്കേണ്ടതുണ്ട്. കാരണം, ഓരോന്നും പ്രത്യേകം ഇബാദത്തുകളാണ്. അതിനാല്‍, രാത്രിയില്‍ നിയ്യത്ത് മറന്നാല്‍ നോമ്പിന് സാധുതയില്ല.  റമദാനിലെ നോമ്പ് എന്നും നാളത്തേത് എന്നും കരുതല്‍ നിയ്യത്തിന്റെ പ്രധാന ഘടകമാണ്.
പ്രഭാതം മുതല്‍ അസ്തമയം വരെ നോമ്പ് മുറിക്കുന്ന കാര്യങ്ങള്‍ വർജിക്കലാണ് രണ്ടാമത്തേത്. സൂറത്തുല്‍ ബഖറയിലെ 187-ാം വചനം അത് പഠിപ്പിക്കുന്നുണ്ട്. നോമ്പിന്റെ തുടക്ക സമയത്തെക്കുറിച്ച് നബി(സ) സ്വഹാബത്തിനെ പഠിപ്പിച്ചു: "ഇബ്്നു ഉമ്മി മക്തൂം ബാങ്ക് കൊടുക്കുന്നത് വരെ നിങ്ങള്‍ തിന്നുക, കുടിക്കുക. പ്രഭാതം വിടരുമ്പോഴാണ് അദ്ദേഹം ബാങ്ക് വിളിച്ചിരുന്നത് " (ബുഖാരി/1918, മുസ്‌ലിം/1096). സൂര്യാസ്തമയമാണ് നോമ്പിന്റെ അവസാന സമയം.
നബി(സ) പറഞ്ഞു: "സൂര്യന്‍ അസ്തമിച്ചാല്‍ നോമ്പുകാരന്‍ നോമ്പുമുറിക്കണം " (ബുഖാരി/1954, മുസ്‌ലിം/1100).
വായിലൂടെ മാത്രമല്ല, ചെവി, മൂക്ക്, ജനനേന്ദ്രിയം, മലദ്വാരം എന്നിവയിലൂടെ സ്ഥൂലവസ്തുക്കള്‍ കടന്നാല്‍ നോമ്പുമുറിയും എന്നാണ് ശാഫിഈ മദ്ഹബ്. എന്നാൽ, വായിലൂടെയും മൂക്കിലൂടെയും സ്ഥൂലവസ്തുക്കള്‍ ഉള്ളിലേക്ക് കടന്നാൽ മാത്രമേ നോമ്പ് മുറിയുകയുള്ളൂ എന്നും മറ്റു ഫുഖഹാക്കള്‍ക്ക് അഭിപ്രായമുണ്ട്. അതേസമയം കണ്ണില്‍ മരുന്നൊഴിക്കുന്നതു കൊണ്ട് നോമ്പുമുറിയില്ല എന്ന വീക്ഷണമാണ് പ്രബലം. സ്ഥൂല വസ്തു പ്രവേശിച്ചാലേ നോമ്പു മുറിയൂ; ഗന്ധം പ്രശ്നമല്ല.
ഇഞ്ചക്്ഷൻ കൊണ്ട് നോമ്പു മുറിയുകയില്ല. പക്ഷേ, ക്ഷീണമകറ്റാന്‍ ഗ്ലൂക്കോസോ മറ്റോ കയറ്റി നോമ്പിനായി ശക്തി സംഭരിക്കാന്‍ പാടില്ല. ക്ഷീണമകറ്റാന്‍ തലയിലും ദേഹത്തും വെള്ളമൊഴിക്കുന്നത് തെറ്റല്ല. നോമ്പുകാരനായിരിക്കെ നബി(സ) തലയില്‍ വെള്ളമൊഴിച്ചിരുന്നുവെന്ന് ഹദീസിലുണ്ട്. ഇബ്്നു ഉമര്‍(റ) വസ്ത്രം നനച്ച് ദേഹത്തിടുകയും ചെയ്തിരുന്നു.
തലയില്‍ എണ്ണയിടുന്നതു പോലെ കണ്ണില്‍ സുറുമയിടുന്നതും നോമ്പിനെ ബാധിക്കില്ല (മുഗ്്നി/1, ഇബ്്നു ഖുദാമ 3/106, മുഗ്നിൽ ‍മുഹ്താജ്). അനസുബ്്നു മാലിക് നോമ്പുകാരനായിരിക്കെ സുറുമയിട്ടിരുന്നു (അബൂ ദാവൂദ്/2387). നബിയോടൊരാള്‍ ചോദിച്ചു: 'കണ്ണിനു സുഖമില്ല. ഞാന്‍ നോമ്പുകാരനുമാണ്. സുറുമയിടട്ടെ?' അവിടുന്ന് പറഞ്ഞു: ആവാം (തുര്‍മുദി/726). അകത്തേക്കിറക്കുന്നതു കൊണ്ട് മാത്രമല്ല, പുറത്തേക്കിറക്കുന്ന ചിലത് കൊണ്ടും നോമ്പ് നഷ്ടമാവും. ഉദാഹരണം, കരുതിക്കൂട്ടി ഛർദിക്കൽ.
മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ രക്തം പുറപ്പെടുകയോ മുറിവേറ്റ് രക്തം വരികയോ ചെയ്താല്‍ നോമ്പിന് കുഴപ്പമില്ല. എന്നാല്‍, മോണയില്‍ നിന്ന് വന്ന ഉമിനീരില്‍ കലര്‍ന്ന രക്തം ഉള്ളിലേക്കിറക്കാതെ തുപ്പിക്കളയേണ്ടതാണ്. എന്നുവച്ച് സദാ സമയവും തുപ്പിക്കൊണ്ട് നടക്കേണ്ട കാര്യവുമില്ല.
സ്്ഖലനമുണ്ടായില്ലെങ്കിലും ലൈംഗിക ബന്ധം കൊണ്ട് നോമ്പ് മുറിയും. കഠിന പ്രായശ്ചിത്തവും അതിന് നിര്‍ബന്ധമാണ്. ഒരു അടിമയെ മോചിപ്പിക്കുക, കഴിവില്ലെങ്കില്‍ തുടര്‍ച്ചായി അറുപത് നോമ്പു നോല്‍ക്കല്‍, അതിനും കഴിവില്ലെങ്കില്‍ അറുപത് സാധുക്കള്‍ക്ക് ഭക്ഷണം കൊടുക്കല്‍ എന്നിങ്ങനെയാണ് പ്രായശ്ചിത്തം.
ഇന്ദ്രിയസ്ഖലനമുണ്ടാക്കിയാല്‍ നോമ്പ് മുറിയും. എന്നാല്‍, സ്വപ്നസ്ഖലനം കൊണ്ട് മുറിയില്ല. മറയോടെയാണെങ്കിലും അല്ലെങ്കിലും ഭാര്യയെ ചുംബിക്കല്‍ തഹ്്രീമിന്റെ (ഹറാമിന്റെ വിധിയുള്ള) കറാഹത്താണ്. വികാരത്തോടെയാണെങ്കില്‍ ഹറാമുമാണ്. ഇമാം ബുഖാരി 2051-ാം ഹദീസില്‍ ഇത് പഠിപ്പിക്കുന്നുണ്ട്.
നോമ്പ് മുറിയുന്ന കാര്യങ്ങള്‍ അബദ്ധത്തിലോ മറന്നോ സംഭവിച്ചാല്‍ നോമ്പിന് കുഴപ്പമില്ല. പക്ഷേ, ഓര്‍മ വന്നയുടന്‍ അതില്‍ നിന്ന് പിന്‍മാറണം. നബി(സ) പറഞ്ഞു: നോമ്പുകാരന്‍ മറന്നു തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍ നോമ്പ് പൂര്‍ത്തിയാക്കട്ടെ. അല്ലാഹുവാണ് അവനെ തീറ്റിയതും കുടിപ്പിച്ചതും (ബുഖാരി/1933, മുസ്്ലിം/1155).
ആര്‍ത്തവം, പ്രസവരക്ത സ്രാവം എന്നിവ സ്വപ്രവൃ‍ത്തിയാലല്ലെങ്കിലും നോമ്പ് മുറിയാതിരിക്കില്ല. ശുദ്ധി നഷ്ടമാവുന്നതു കൊണ്ടാണ് ഇവരുടെ നോമ്പ് മുറിയുന്നത്. ആര്‍ത്തവം സ്വുബ്ഹിക്ക് മുമ്പ് നിലച്ചാല്‍ അവര്‍ നോമ്പ് നോല്‍ക്കണം. കുളിച്ചിരിക്കണമെന്നില്ല. വലിയ അശുദ്ധിയുള്ളവര്‍ കുളിക്കാതെ നോമ്പില്‍ പ്രവേശിക്കുന്നതിനും പ്രശ്നമില്ല. നിസ്കാരത്തിനും മറ്റും വേണ്ടി ഇവരെല്ലാം കുളിക്കുകയും വേണം. l

Comments