Prabodhanm Weekly

Pages

Search

2023 മാർച്ച് 31

3295

1444 റമദാൻ 09

ഇസ്്ലാമോഫോബിയക്കെതിരായ പോരാട്ടം എവിടെ നിന്ന് തുടങ്ങും?

യാസീൻ അഖ്ത്വായ്

ഇസ്്ലാമോഫോബിയ അഥവാ ' ഇസ്്ലാം പേടി' എന്താണെന്ന് ആദ്യം മനസ്സിലാക്കിയിരിക്കണം. ഇസ്്ലാമിനോടും മുസ്്ലിംകളോടുമുള്ള മുൻവിധികൾ, വെറുപ്പ്, ഭയം ഇവയെല്ലാം ദ്യോതിപ്പിക്കുന്നതാണ് ഈ സംജ്ഞ. ഇംഗ്ലീഷ് ഭാഷയിൽ ഈ പ്രയോഗം കൂടുതൽ പ്രചാരം നേടുന്നത് 1997-ൽ ഇംഗ്ലണ്ടിലെ ഇടത് പക്ഷ ബൗദ്ധിക കേന്ദ്രമായ 'റണിമീഡ് ട്രസ്റ്റ്', ഇസ്്ലാമിനെതിരെയും മുസ്്ലിംകൾക്കെതിരെയും വെറുപ്പും ഭയവും ഉൽപാദിപ്പിക്കുന്നതിനെ കുറിക്കാൻ ആ വാക്ക് ഉപയോഗിച്ചതോടെയാണ്. അതിന്റെ പേരിൽ കടുത്ത വിമർശനങ്ങളാണ് ട്രസ്റ്റിന് നേരിടേണ്ടി വന്നത്.
 ഇസ്്ലാമോഫോബിയ പുതിയ പ്രയോഗമാണ്- ഇസ്്ലാം, ഫോബിയ എന്നീ രണ്ട് വാക്കുകൾ കൂടിച്ചേർന്നുണ്ടായത്. ഒരു കാര്യത്തെ യുക്തിസഹമല്ലാത്ത രീതിയിൽ ഭയക്കുകയാണ് ഫോബിയ കൊണ്ട് ഉദ്ദേശിക്കുന്നത്. ഭയക്കേണ്ടതിനെക്കാൾ കൂടുതലായി ഒന്നിനെ ഭയപ്പെട്ടുകൊണ്ടിരിക്കുക. സ്വീഡിഷ് സാമൂഹിക ശാസ്ത്രജ്ഞൻ മത്തിയാസ് ഗാർഡൽ (Mattias Gardell)  ഇസ്്ലാമോഫോബിയയെ നിർവചിക്കുന്നത് ഇപ്രകാരമാണ്: "ഇസ്്ലാമിനും മുസ്്ലിംകൾക്കുമെതിരെ മുൻവിധിയുടെതും ഭയത്തിന്റെതുമായ സാമൂഹിക നിർമിതി. ഇസ്്ലാമുമായും മുസ്്ലിംകളുമായും ബന്ധമുണ്ട് എന്ന കാരണത്താൽ വ്യക്തികളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളും അവർക്കെതിരിലുള്ള വിവേചനങ്ങളും അവരെ ഒറ്റപ്പെടുത്തലുമെല്ലാം ഇതിൽ ഉൾപ്പെടും."
ഇവിടെയൊക്കെ അന്തർധാരയായി വർത്തിക്കുന്നത് 'ഭയം' ആണ്. ഇതാണ് പലരെയും തെറ്റായ വഴിയിലൂടെ നടത്തിക്കുന്നത്. ഒരു വിഭാഗമാളുകൾക്ക് ഭയമുണ്ടാകുന്നു എന്നതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താൻ പറ്റില്ലല്ലോ. പലപ്പോഴും തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളായിരിക്കും ആ ഭയത്തിന് കാരണം. പക്ഷേ, ഇവിടെ നാം ഉയർത്തേണ്ട സുപ്രധാനമായ ഒരു ചോദ്യമുണ്ട്- ഇസ്്ലാമുമായോ മുസ്്ലിംകളുമായോ തങ്ങൾ ഇടപെട്ടതിന്റെ അനുഭവങ്ങളിൽ നിന്നാണോ ഈ ഭീതി ഉണ്ടായിട്ടുള്ളത്? അതോ ഈ ഇസ്്ലാം പേടി മാധ്യമ സൃഷ്ടിയാണോ?
തങ്ങളുടെ ജീവിതത്തിൽ ഒരിക്കൽ പോലും ഒരു മുസ്്ലിമിനെ കണ്ടുമുട്ടിയിട്ടില്ലാത്ത ദശലക്ഷക്കണക്കിനാളുകളുണ്ട് ലോകത്ത്. പക്ഷേ, ഈയാളുകളുടെ മനസ്സിലും ഇസ്്ലാമിനെക്കുറിച്ച ഒരു ചീത്ത ചിത്രം പതിഞ്ഞു കിടപ്പുണ്ട്. മുസ്്ലിംകളെക്കുറിച്ച് അവർ ധരിച്ചു വെച്ചിരിക്കുന്നത് ഇങ്ങനെയാണ്: "തങ്ങളുടെ തീവ്ര മതവിശ്വാസങ്ങൾ ഊട്ടിയുറപ്പിക്കാൻ ആരുടെയും രക്തം ചിന്താൻ മടിയില്ലാത്തവർ. കണ്ണിമ അനക്കാതെ പോലും അവർ നിർദയം തലയറുത്ത് കളയും. വന്യജന്തുക്കളെപ്പോലെ വിഹരിക്കുന്നവർ. വന്യമായി അവിടെയും ഇവിടെയും അവർ ബോംബുകളെറിയുന്നു. നിരപരാധികളെ കൊല്ലുന്നു." ഇസ്്ലാമിനെയും മുസ്്ലിംകളെയും കുറിച്ച കള്ള വാർത്തകളാണ് അവരുടെ മനസ്സിൽ ഇത്ര മോശമായ ഒരു പ്രതിഛായ സൃഷ്ടിക്കുന്നത്. ഈ പ്രതിഛായ യാഥാർഥ്യത്തിൽ നിന്ന് എത്രയോ അകലെയാണ് താനും. പക്ഷേ, 'ഭയം' സൃഷ്ടിക്കാൻ അത് മതിയാകുമല്ലോ. ഭയത്തിന് ഇരകളായ ഇവരല്ല ഇത്തരം തെറ്റായ ചിത്രങ്ങൾ പടച്ചുവിടുന്നത്. അപ്പണി ചെയ്യുന്നത് മറ്റൊരു വിഭാഗമാണ്. ഭയം പടച്ചുവിടുന്ന അവരാണ് എല്ലാറ്റിനും ഉത്തരവാദികൾ. അപ്പോൾ ഇസ്്ലാമിനെ ഭയക്കുന്ന ജനങ്ങൾ യഥാർഥത്തിൽ പേടി ഉൽപാദകരുടെ ഇരകളാണ് എന്ന് പറയേണ്ടിവരും. അവരെ ബോധവൽക്കരിക്കുകയാണ് വേണ്ടത്. ഇസ്്ലാമിന്റെ യഥാർഥ ചിത്രം അവരിലെത്തിക്കണം. നൂറ്റാണ്ടുകളായി എണ്ണമറ്റ സംസ്കാരങ്ങളുമായി സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും കഴിയുന്ന വിശ്വദർശനമാണിതെന്ന് അവരെ ബോധ്യപ്പെടുത്തണം.
പഠന കേന്ദ്രങ്ങളും രാഷ്ട്രീയ വൃത്തങ്ങളും മാധ്യമ സ്ഥാപനങ്ങളുമൊക്കെ വളരെ ബോധപൂർവം ഇസ്്ലാമോഫോബിയാ നിർമിതിയിൽ പങ്കാളികളാണ്. ഈ ഉൽപന്നത്തിന്റെ ഉപയോക്താക്കളും ഉപഭോക്താക്കളുമായ ബഹുജനത്തെ ഇരകൾ എന്ന് വിശേഷിപ്പിക്കാൻ കാരണമതാണ്. പലരും കരുതുന്നതു പോലെ ഇസ്്ലാമോഫോബിയയുടെ ആദ്യ ഇരകൾ മുസ്്ലിംകളല്ല; യഥാർഥ ഇസ്്ലാമിനെ അറിയാനും പരിചയപ്പെടാനും അവസരം നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങളാണ്. അവർ തീവ്രവാദത്തിനും ഭയത്തിനും എളുപ്പത്തിൽ അടിപ്പെട്ടു പോകുന്നു. തങ്ങൾക്ക് നിഷേധിക്കപ്പെടുന്നത് എന്ത് എന്നവർ തിരിച്ചറിയുന്നില്ല. ഇങ്ങനെ വെറുപ്പുൽപാദകരാൽ ഇരകളാക്കപ്പെട്ട, ഇസ്്ലാമിനെക്കുറിച്ച് അജ്ഞരായ ജനവിഭാഗങ്ങളാണ് ലോകത്തിന്റെ നാനാഭാഗങ്ങളിൽ മുസ്്ലിംകൾക്കെതിരെ അതിക്രമങ്ങൾ അഴിച്ചു വിടുന്നത്.
തനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന ഇസ്്ലാമോഫോബിയയെക്കുറിച്ചും വംശവെറിയെക്കുറിച്ചും ഒരു ഫ്രഞ്ച് സ്കൂളിലെ മുൻ അധ്യാപികയും നൈജീരിയൻ വംശജയുമായ നചാന്ദ (യഥാർഥ പേര് അവർ വെളിപ്പെടുത്തിയിട്ടില്ല) പറയുന്നുണ്ട്. അധികാരികളുടെ സമ്മർദവും സഹപ്രവർത്തകരുടെ കുത്തുവാക്കുകളും കാരണം തനിക്ക് അധ്യാപനവൃത്തി ഒഴിവാക്കേണ്ടി വന്നു എന്നവർ പരാതിപ്പെടുന്നു. ഇസ്്ലാം സ്വീകരിച്ചു ഹിജാബ് ധരിക്കാൻ തുടങ്ങിയതിന് ശേഷമാണ് ഇതെല്ലാം. ഇതുണ്ടാക്കിയ കടുത്ത മാനസിക പിരിമുറുക്കം കാരണമാണ് അധ്യാപന ജോലി ഉപേക്ഷിച്ച് അവർ സ്വന്തമായി ഒരു സംരംഭം ആരംഭിച്ചത്. ഹിജാബ് ധരിക്കാൻ തുടങ്ങിയതോടെ സ്കൂൾ അധികൃതരുടെയും സഹപ്രവർത്തകരുടെയും തന്നോടുള്ള  മനോഭാവം അപ്പടി മാറിയെന്ന് അവർ പറയുന്നു. ചിലപ്പോൾ സ്കൂൾ മാനേജർ നിസ്സാര കാരണങ്ങൾ പറഞ്ഞ് ക്ലാസിലേക്ക് കയറിവരും. അല്ലെങ്കിൽ എന്നെ ദൂരെ നിന്ന് നിരീക്ഷിക്കാനായി ആളെ ചുമതലപ്പെടുത്തും. ഇവിടെ സെക്യുലർ വിദ്യാഭ്യാസമാണ് അഭ്യസിപ്പിക്കുന്നതെന്നും ഇസ്്ലാമിക വേഷമണിഞ്ഞ് വന്ന് കുട്ടികളെ മത തീവ്രവാദം പഠിപ്പിക്കേണ്ടെന്നും അയാൾ വന്നു പറഞ്ഞുകൊണ്ടിരിക്കും.
ഫ്രാൻസിലെ 'ഈവോബ്' ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനമനുസരിച്ച്, 2019-ൽ മറ്റേതൊരു മതക്കാർക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത വ്യാപകമായ അതിക്രമങ്ങളാണ് ഫ്രഞ്ച് മുസ്്ലിംകൾക്ക് നേരിടേണ്ടി വന്നത്. ഇതിൽ 40 ശതമാനവും വംശവെറിയുടെ ഇരകളാണ്. ബാക്കിയുള്ളവർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും പോലീസ് സ്റ്റേഷനുകളിലും വിവേചനങ്ങൾ നേരിടുന്നവരാണ്. താമസ സ്ഥലം അന്വേഷിക്കേണ്ടിവരുമ്പോഴും വിവേചനങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. മുസ്്ലിം സ്ത്രീകളാണ് ഫ്രാൻസിൽ ഏറ്റവും കൂടുതൽ വിവേചനത്തിന് ഇരയാവുന്നവർ. വിവേചനത്തിന് ഇരകളാകുന്ന ഹിജാബിടാത്ത മുസ്്ലിം സ്ത്രീകൾ 44 ശതമാനമാണെങ്കിൽ ഹിജാബിട്ട അറുപത് ശതമാനം പേരും കടുത്ത വിവേചനങ്ങൾക്ക് ഇരകളാവുന്നു.
2001 സെപ്റ്റംബർ പതിനൊന്നിന് അമേരിക്കയിലുണ്ടായ ഭീകരാക്രമണമാണ് ഇസ്്ലാമോഫോബിയക്ക് ഏറ്റവും വലിയ ഇന്ധനമായത്. ശീതയുദ്ധത്തിന്റെ അവസാനത്തോടെ 'ചുവപ്പ് ഭീഷണി' ഇല്ലാതായെന്നും ഇനി 'പച്ച ഭീഷണി'യുടെ കാലമാണെന്നും പ്രചണ്ഡമായ പ്രചാരവേലകളുണ്ടായി. ഈ കടുത്ത ഇസ്്ലാമോഫോബിക് പ്രചാരണങ്ങൾ ലോകത്തെമ്പാടും തീവ്ര വലത് കക്ഷികളെ ശക്തിപ്പെടുത്തുകയും ചെയ്തു. 2022-ൽ ഐക്യരാഷ്ട്ര പൊതുസഭ, മാർച്ച് പതിനഞ്ച് ഇസ്്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിക്കാനുള്ള പശ്ചാത്തലം ഇതാണ്. മുസ്്ലിംകൾക്കെതിരെയുള്ള ഹിംസയും വിവേചനവും വെറുപ്പുൽപാദനവും തടയാൻ പ്രായോഗിക നപടികൾ സ്വീകരിക്കുമെന്നും യു.എൻ പ്രമേയത്തിലുണ്ട്. പ്രമേയത്തെ പിന്തുണച്ചുകൊണ്ട് യു.എന്നിലെ തുർക്കിയ സ്ഥിരം പ്രതിനിധി സാദാത്ത് ഓനാൽ പറഞ്ഞു: "ഇസ്്ലാമോഫോബിയ പടർന്നു കൊണ്ടിരിക്കുന്ന യഥാർഥ ഭീഷണിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്്ലിംകൾ സാമൂഹിക, സാമ്പത്തിക മേഖലകളിൽ വലിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും അവർക്കെതിരെ പല തരം കുറ്റകൃത്യങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നു. പോപുലിസവും ധ്രുവീകരണവും ഇസ്്ലാമോഫോബിയയുമായി തോളോട് തോൾ ചേർന്നാണ് പോകുന്നത്. ഇവ മൂന്നുമാണ് മിക്ക നാടുകളിലെയും രാഷ്ടീയ വ്യവഹാരങ്ങളുടെ സ്വഭാവം നിർണയിക്കുന്നത്. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന അപര വിദ്വേഷവും വംശീയ വെറിയുമാണ് നമ്മുടെ ജനാധിപത്യ സംവിധാനം നേരിടുന്ന അടിസ്ഥാനപരമായ വെല്ലുവിളി."
  ഇസ്്ലാമോഫോബിയ ശക്തിപ്പെട്ട ശേഷം ആ വിഷയം പഠന വിധേയമാക്കുന്ന നിരവധി ആഗോള സമ്മേളനങ്ങൾ നടന്നുവരുന്നുണ്ട്. ഉദാഹരണത്തിന്, ഇസ്തംബൂൾ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇസ്്ലാം ആന്റ് ഗ്ളോബൽ അഫയേഴ്സ്, സ്വബാഹുദ്ദീൻ സഈം യൂനിവേഴ്സിറ്റിയിൽ 2018 മുതൽ ഈ വിഷയത്തിൽ വാർഷിക സെമിനാറുകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. ഈ വർഷം നടന്ന നാലാം സെമിനാറിൽ പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നായി 51 വിഷയാവതാരകർ ഉണ്ടായിരുന്നു. ഈ നാല് സെമിനാറുകളെയും സൂക്ഷ്മമായി പിന്തുടർന്ന ഞാൻ എത്തിച്ചേർന്ന നിഗമനം ഇതാണ്: ഇസ്്ലാമോഫോബിയയെ ചെറുക്കാൻ ആദ്യമായി വേണ്ടത് സ്വന്തമായ വ്യവഹാര നിർമിതി (ഇൻതാജുൽ ഖിത്വാബ്) ആണ്. പിന്നെ ആഴത്തിലുള്ള പഠനങ്ങൾ വന്നുകൊണ്ടേയിരിക്കണം. ഈ വിഷയത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്ന ബൗദ്ധിക- അക്കാദമിക കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കണം. ഏതൊരു നാട്ടിലെയും രാഷ്ട്രീയ - ചിന്താ പരിസരങ്ങളെ രൂപപ്പെടുത്തുന്ന ശക്തികളെ സമ്മർദത്തിലാക്കും വിധം ഒരു നെറ്റ്‌വർക്ക് രൂപപ്പെടണം. രേഖകളും ആർക്കൈവുകളും ആ നെറ്റ്്വർക്കിൽ ലഭ്യമായിരിക്കും.
    നാലാം സെമിനാറിന്റെ തലക്കെട്ട് കൗതുകമുണർത്തുന്നതായിരുന്നു - 'മുസ്്ലിം നാടുകളിലെ ഇസ്്ലാമോഫോബിയ!' മുസ്്ലിംകൾക്ക് ഭൂരിപക്ഷമുള്ള നാടുകളിൽ നിന്നുള്ള ചില സംഘങ്ങളാണ് ഇസ്്ലാമിനെക്കുറിച്ചും മുസ്്ലിംകളെക്കുറിച്ചും പേടി സൃഷ്ടിക്കുന്നവരിൽ ഒരു പ്രധാന വിഭാഗം. ഉദാഹരണം തുർക്കിയ തന്നെ. ഇവിടെ ജനസംഖ്യയിൽ 99 ശതമാനവും മുസ്്ലിംകളാണ്. പക്ഷേ, ഇവിടത്തെ സെക്യുലർ വൃത്തങ്ങൾ എത്ര വലിയ തോതിലാണ് ഇസ്്ലാംപേടി ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുന്നത്! മുസ്്ലിം നാടുകളിലെ കൊളോണിയൽ അധിനിവേശത്തിനെതിരെ ഏറ്റവും ശക്തമായ ചെറുത്ത് നിൽപ്പ് നടത്തിയത് മുസ്്ലിംകളും അവരുടെ ആദർശമായ ഇസ്്ലാമും ആയിരുന്നല്ലോ. ഇസ്്ലാമിനെയും മുസ്്ലിംകളെയും ഭയപ്പെടേണ്ട ഒന്നായി ചിത്രീകരിച്ചുകൊണ്ടേ ആ ശക്തികൾക്ക് അവിടെ പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നുള്ളൂ.
    സെന്റർ ഫോർ ഇസ്്ലാം ആന്റ് ഗ്ളോബൽ അഫയേഴ്സിന്റെ മേധാവി സാമി അൽ അർയാൻ മുസ്്ലിം ലോകത്തെ ഇസ്്ലാമോഫോബിയ ഉൽപാദകരെ കൃത്യമായി നിർണയിച്ചിട്ടുണ്ട്. ഒന്ന്: ഇസ്്ലാമിനെ സ്വന്തം താൽപര്യങ്ങൾക്കു വേണ്ടി ദുരുപയോഗം ചെയ്യുന്ന ഏകാധിപതികളായ ഭരണാധികാരികൾ. രണ്ട്: നവ കൊളോണിയൽ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി അവിടങ്ങളിൽ നിലകൊള്ളുന്ന വിദേശികൾ, അവരുടെ സ്ഥാപനങ്ങൾ. മൂന്ന്: സാംസ്കാരിക- ചിന്താ മേഖലകളിൽ പിടിമുറുക്കിയ സെക്യുലർ ഉപരിവർഗം. നാല്:  മുസ്്ലിം രാജ്യങ്ങളിലെ ജുഡീഷ്യറി പോലുള്ള പൊതു സ്ഥാപനങ്ങൾ. നാല്: മാധ്യമങ്ങളും അക്കാദമിക സ്ഥാപനങ്ങളും രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും.
    ഇതിൽ ഓരോ മേഖലയും വെവ്വേറെയെടുത്ത് വിശദമായി തന്നെ പഠിക്കണം. ഇസ്്ലാം വരുന്നേ എന്ന് പേടിപ്പിച്ചുകൊണ്ടാണല്ലോ ഇന്നാടുകളിലെ ഏകാധിപതികൾ പാശ്ചാത്യ ഭരണകൂടങ്ങളുടെ അംഗീകാരം നേടിയെടുക്കുന്നത്. ഇവരും ഇവരുടെ ശിങ്കിടികളും നടത്തുന്ന ഇസ്്ലാമോഫോബിക്ക് പ്രൊപഗണ്ടയാണ് പാശ്ചാത്യ ദേശങ്ങളിൽ മുസ്്ലിംകൾക്കെതിരെ ഇത്രയധികം വെറുപ്പുൽപാദിപ്പിക്കുന്നത് എന്നും കാണാം. l
(തുർക്കിയയിലെ അക്കാദമിഷ്യനും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകൻ)

Comments